Saturday, March 2, 2013

മുഖപ്രസംഗം March 01 - 2013

മുഖപ്രസംഗം March 01 - 2013

1. മാന്ദ്യകാലവും തെരഞ്ഞെടുപ്പ് കാലവും (മാധ്യമം)

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെയും അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെയും ഒരേസമയം അഭിസംബോധന ചെയ്യാന്‍ പാടുപെടുന്ന ബജറ്റാണ് ധനമന്ത്രി പി. ചിദംബരം ഇന്നലെ അവതരിപ്പിച്ചത്. ഇക്കാര്യത്തില്‍ അദ്ദേഹം പാതിയെങ്കിലും വിജയിച്ചിരിക്കുന്നുവെന്നു പറയാം. സാമ്പത്തിക വിദഗ്ധന്‍െറ പ്രഫഷനല്‍ സമീപനവും രാഷ്ട്രീയക്കാരന്‍െറ ജനപ്രിയ രീതികളും സമന്വയിപ്പിക്കാനുള്ള ശ്രമമാണ് ബജറ്റിന്‍െറ പൊതുമുഖം.

2. ബജറ്റിലുള്ളത് പ്രതീക്ഷ മാത്രം   (മാതൃഭൂമി)

യു.പി.എ. സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് പൊതുവെ കരുതിയിരുന്നതുപോലെ ജനപ്രിയബജറ്റല്ല. ഈ സര്‍ക്കാറിന്റെ കാലാവധി തീര്‍ത്ത് 2014 ല്‍ കോണ്‍ഗ്രസ് മുന്നണി തിരഞ്ഞെടുപ്പ് നേരിടേണ്ടി വരുന്നതിനാല്‍ ജനങ്ങളെ സുഖിപ്പിക്കുന്ന ബജറ്റായിരിക്കും ധനമന്ത്രി ചിദംബരം അവതരിപ്പിക്കുക എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ സാധാരണക്കാരെ ബാധിക്കുന്ന ആദായനികുതി നിരക്കുകളിലോ സ്ലാബുകളിലോ പോലും മാറ്റം വരുത്താന്‍ ബജറ്റില്‍ ശ്രമമില്ല. നികുതിയിളവു പരിധി ഉയര്‍ത്തിയേക്കുമെന്ന് കരുതിയവരും നിരാശരാണ്. എന്നാല്‍ കുത്തനെ താഴോട്ടുപോയിക്കൊണ്ടിരിക്കുന്ന വളര്‍ച്ചനിരക്ക്, ഉയര്‍ന്ന ധനക്കമ്മി, പണപ്പെരുപ്പം എന്നിവ കണക്കിലെടുക്കുമ്പോള്‍ ധനമന്ത്രിക്ക് പരിമിതികളേറെയാണ്. ജനപ്രിയ ബജറ്റിനു പകരം പ്രായോഗിക ബജറ്റാണ് ചിദംബരം അവതരിപ്പിച്ചത്. 

3. വനിതകള്‍ക്ക്; കര്‍ഷകര്‍ക്കും (മനോരമ)

തികച്ചും പ്രതികൂലമായ നിലപാടുതറയില്‍ നിന്നുകൊണ്ടു പരമാവധി ജനപ്രിയവും നികുതിഭാരം കുറഞ്ഞതും വികസനോന്മുഖവുമായ ബജറ്റ് അവതരിപ്പിക്കാനാണ് കേന്ദ്ര ധനമന്ത്രി പി. ചിദംബരം ശ്രമിച്ചിരിക്കുന്നത്. ധനകാര്യക്കമ്മിയും കറന്റ് അക്കൌണ്ട് കമ്മിയും വളരെയേറെ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത ചെലവുചുരുക്കലിനു നിര്‍ബന്ധിതനായിരിക്കുന്നുവെന്നു ബജറ്റിന്റെ ആമുഖത്തില്‍ തന്നെ ധനമന്ത്രി ജാമ്യമെടുത്തെങ്കിലും പ്രതീക്ഷിച്ചതിനെക്കാളേറെ ഉദാരനാവാന്‍ അദ്ദേഹം ശ്രമിച്ചുവെന്നു കാണാം. 




മാന്ദ്യകാലവും തെരഞ്ഞെടുപ്പ് കാലവും (മാധ്യമം)

മാന്ദ്യകാലവും തെരഞ്ഞെടുപ്പ് കാലവും
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെയും അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെയും ഒരേസമയം അഭിസംബോധന ചെയ്യാന്‍ പാടുപെടുന്ന ബജറ്റാണ് ധനമന്ത്രി പി. ചിദംബരം ഇന്നലെ അവതരിപ്പിച്ചത്. ഇക്കാര്യത്തില്‍ അദ്ദേഹം പാതിയെങ്കിലും വിജയിച്ചിരിക്കുന്നുവെന്നു പറയാം. സാമ്പത്തിക വിദഗ്ധന്‍െറ പ്രഫഷനല്‍ സമീപനവും രാഷ്ട്രീയക്കാരന്‍െറ ജനപ്രിയ രീതികളും സമന്വയിപ്പിക്കാനുള്ള ശ്രമമാണ് ബജറ്റിന്‍െറ പൊതുമുഖം.
ചിദംബരം തന്നെ പറഞ്ഞതുപോലെ, സ്ത്രീകള്‍, യുവാക്കള്‍, ദരിദ്രര്‍ എന്നിവരെ നേരിട്ട് അഭിസംബോധന ചെയ്യുന്ന ജനപ്രിയ ഐറ്റങ്ങള്‍ ബജറ്റില്‍ വേണ്ടതുപോലെയുണ്ട്. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരം കോടി രൂപ നീക്കിവെച്ചിരിക്കുന്നു.  ‘നിര്‍ഭയനിധി’ എന്ന് പേരിട്ട ഈ ഫണ്ടിന്‍െറ ഘടന, പദ്ധതി രൂപവത്കരണം, വിനിയോഗം എന്നിവ വനിത, ശിശുക്ഷേമ വകുപ്പുകള്‍ ചേര്‍ന്ന് കാണും. വമ്പിച്ച യുവജനസഞ്ചയമാണ് നമ്മുടെ നാടിന്‍െറ ഏറ്റവും വലിയ ശക്തി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഘടകവും അതുതന്നെ. 10 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നല്‍കാനുള്ള പദ്ധതി ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. ഇതിനുമുണ്ട് ആയിരം കോടി.  വിദ്യാഭ്യാസ മേഖലക്കുള്ള ബജറ്റ് വകയിരുത്തലില്‍ 17 ശതമാനത്തിന്‍െറ വര്‍ധനയാണ് വരുത്തിയത്. ഇത് സ്വാഗതാര്‍ഹമായ നടപടി തന്നെ. എന്നാല്‍, രാജ്യത്തിന്‍െറ ആവശ്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ തുലോം കുറവുമാണ്.  വകുപ്പുമന്ത്രി പല്ലം രാജു തന്നെ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തില്‍ വരാനിരിക്കെ വിദ്യാഭ്യാസ വിഹിതം ഇനിയും വര്‍ധിക്കേണ്ടതുണ്ട്. പ്രതിരോധമന്ത്രാലയത്തിന്‍െറ വിഹിതത്തില്‍ 14 ശതമാനമാണ് വര്‍ധന. ഇതേക്കുറിച്ച് പുനരാലോചന നടത്താന്‍ രാജ്യം ഇതുവരെ പാകപ്പെട്ടിട്ടില്ല എന്നതാണ് സത്യം.
 ദരിദ്ര വിഭാഗങ്ങള്‍ക്ക് വിവിധ മേഖലകളില്‍ നല്‍കിവന്നിരുന്ന സബ്സിഡി പണമായി അവരുടെ കൈയില്‍ നേരിട്ട് എത്തിക്കുന്ന പദ്ധതി നടപ്പുസാമ്പത്തിക വര്‍ഷത്തില്‍തന്നെ കേന്ദ്രം തുടങ്ങിവെച്ചതാണ്. അത് രാജ്യമെങ്ങും പൂര്‍ണമായും നടപ്പാക്കാന്‍ പുതിയ ബജറ്റ് പദ്ധതിയിടുന്നു. ‘നിങ്ങളുടെ പണം നിങ്ങളുടെ  കൈയില്‍’ എന്ന പേരിട്ട് വിളിക്കുന്ന ആ പദ്ധതി, മറ്റൊരര്‍ഥത്തില്‍ പാവങ്ങളെ കൈയിലെടുക്കുന്നതുതന്നെയാണ്. സാധാരണക്കാരെ ബാധിക്കുന്ന പുതിയ നികുതി നിര്‍ദേശങ്ങളൊന്നുമില്ല എന്നത്, പ്രത്യക്ഷത്തില്‍ ജനങ്ങളെ ആകര്‍ഷിക്കാവുന്ന സമീപനം തന്നെയാണ്. ബജറ്റിന്‍െറ മികവായി യു.പി.എയും കോണ്‍ഗ്രസും ഇത് പ്രചരിപ്പിക്കുകയും ചെയ്യും. എന്നാല്‍, ബജറ്റിലെ നികുതി നിര്‍ദേശങ്ങളല്ല ഇക്കാലത്ത് വിലക്കയറ്റത്തെ സ്വാധീനിക്കുന്നത് എന്നതിനാല്‍, ഇപ്പറയുന്നതില്‍ ഒരര്‍ഥവുമില്ല. ചരക്കുകൂലി വര്‍ധിപ്പിച്ചുകൊണ്ടുള്ള റെയില്‍വേ ബജറ്റ് രണ്ടു ദിവസം മുമ്പ് മാത്രമാണ് അവതരിപ്പിച്ചത്. വിലക്കയറ്റത്തെ നിര്‍ണയിക്കുന്ന മറ്റൊരു ഘടകമാണ് ഇന്ധന വില. ഇന്ധനവില നിയന്ത്രിക്കുന്നതിന്‍െറ അധികാരം കമ്പനികള്‍ക്കുതന്നെ നല്‍കുകവഴി, കമ്പോളത്തെ നിര്‍ണയിക്കുന്നതില്‍ ഭരണകൂടത്തിനുള്ള പങ്ക് കുറയുകയാണ്. അങ്ങനെ പരിശോധിക്കുമ്പോള്‍ പുതിയ നികുതി നിര്‍ദേശങ്ങളില്ല എന്നത് മികവായി എടുത്തുപറയാന്‍ കഴിയില്ല.
സാധാരണക്കാര്‍ക്ക് പരിക്കില്ല എന്ന പ്രതീതി വരുത്തുന്നതോടൊപ്പം മധ്യ, ഉപരിവര്‍ഗത്തെ പ്രകോപിപ്പിക്കുന്ന നടപടികളും ബജറ്റിലില്ല. മൊബൈല്‍ ഫോണ്‍, ആഡംബര വാഹനങ്ങള്‍, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുടെ നികുതി വര്‍ധിപ്പിച്ചത് പൊതുവെ അസ്വീകാര്യമാവുകയില്ല. ആദായനികുതി സ്ളാബുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. അതേസമയം, രണ്ടു ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 2000 രൂപ നികുതി ഇളവുനല്‍കി മധ്യവര്‍ഗത്തെ ഒന്നു തലോടാനും ചിദംബരം മറന്നില്ല.
തെരഞ്ഞെടുപ്പും രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഈ വശങ്ങളുള്ളതോടൊപ്പംതന്നെ, സാമ്പത്തികമാന്ദ്യം എന്ന ഭീകര യാഥാര്‍ഥ്യത്തെയും അഭിമുഖീകരിക്കേണ്ടതുമുണ്ട്. വളര്‍ച്ചനിരക്ക് എട്ടു ശതമാനമാക്കുക, സാമ്പത്തിക കമ്മി 4.8 ശതമാനത്തില്‍ പിടിച്ചുനിര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ വെച്ചാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഉല്‍പാദനമേഖലയെ ത്വരിതപ്പെടുത്താന്‍ അടിസ്ഥാന വികസനമേഖലക്ക് നല്ല ഊന്നല്‍ നല്‍കിയിട്ടുണ്ട്. 100 കോടിവരെ വരുന്ന, ഉല്‍പാദന മേഖലയിലെ വിദേശ നിക്ഷേപങ്ങള്‍ക്ക് 15 ശതമാനം നികുതിയിളവ് നല്‍കിയതും ദിശാപൂര്‍ണമാണ്. ഒരേസമയം, നിക്ഷേപം ത്വരിതപ്പെടുത്തുകയും ഉല്‍പാദന പ്രക്രിയയില്‍ നിര്‍ണായക ശക്തിയായ യുവാക്കളുടെ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുകയെന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും വികസനത്തിലെ സന്തുലിതത്വം എന്ന ആശയത്തെ ബജറ്റ് എത്രത്തോളം ഉള്‍ക്കൊള്ളുന്നുവെന്നത് സംശയാസ്പദമാണ്. പണം ഒരു ന്യൂനപക്ഷത്തില്‍ ഒതുങ്ങാതെ, ചലിക്കുന്ന അവസ്ഥയുണ്ടാവുമ്പോഴാണ് സമ്പദ്രംഗം ചടുലമാവുന്നത്.  ദാരിദ്ര്യരേഖക്കു താഴെയുള്ളവര്‍ക്ക് സബ്സിഡിത്തുക പണമായി നല്‍കിയതുകൊണ്ടു മാത്രം അത് സാധ്യമാവില്ല. വികസനത്തിന്‍െറ മുന്‍ഗണനകളിലെ മാറ്റത്തിലൂടെയേ അത് സാധ്യമാവൂ. അതാകട്ടെ, ഒരു ബജറ്റ് പ്രഖ്യാപനത്തിലൂടെ നടക്കുന്നതുമല്ല. രാഷ്ട്രീയവും നയപരവുമായ തീരുമാനത്തിലൂടെ മാത്രം സാധിക്കുന്നതാണ്.
ബജറ്റിലുള്ളത് പ്രതീക്ഷ മാത്രം   (മാതൃഭൂമി)


Newspaper Edition
യു.പി.എ. സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് പൊതുവെ കരുതിയിരുന്നതുപോലെ ജനപ്രിയബജറ്റല്ല. ഈ സര്‍ക്കാറിന്റെ കാലാവധി തീര്‍ത്ത് 2014 ല്‍ കോണ്‍ഗ്രസ് മുന്നണി തിരഞ്ഞെടുപ്പ് നേരിടേണ്ടി വരുന്നതിനാല്‍ ജനങ്ങളെ സുഖിപ്പിക്കുന്ന ബജറ്റായിരിക്കും ധനമന്ത്രി ചിദംബരം അവതരിപ്പിക്കുക എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ സാധാരണക്കാരെ ബാധിക്കുന്ന ആദായനികുതി നിരക്കുകളിലോ സ്ലാബുകളിലോ പോലും മാറ്റം വരുത്താന്‍ ബജറ്റില്‍ ശ്രമമില്ല. നികുതിയിളവു പരിധി ഉയര്‍ത്തിയേക്കുമെന്ന് കരുതിയവരും നിരാശരാണ്. എന്നാല്‍ കുത്തനെ താഴോട്ടുപോയിക്കൊണ്ടിരിക്കുന്ന വളര്‍ച്ചനിരക്ക്, ഉയര്‍ന്ന ധനക്കമ്മി, പണപ്പെരുപ്പം എന്നിവ കണക്കിലെടുക്കുമ്പോള്‍ ധനമന്ത്രിക്ക് പരിമിതികളേറെയാണ്. ജനപ്രിയ ബജറ്റിനു പകരം പ്രായോഗിക ബജറ്റാണ് ചിദംബരം അവതരിപ്പിച്ചത്. ആദായനികുതിയുടെ കാര്യത്തില്‍ സാധാരണ ശമ്പളവരുമാനക്കാരുടെ ഭാരം ലഘൂകരിക്കാന്‍ എന്തെങ്കിലും ശ്രമം ധനമന്ത്രി നടത്തേണ്ടിയിരുന്നു. കഴിഞ്ഞവര്‍ഷം പ്രണബ് മുഖര്‍ജി 20,000 രൂപകൂടി കൂട്ടിയതു പ്രകാരം രണ്ടുലക്ഷമാണ് ഇപ്പോഴത്തെ ഇളവുപരിധി. ശമ്പളവരുമാനക്കാരല്ലാത്തവരില്‍ നിന്ന് നികുതി പിരിക്കുന്നതില്‍ കുറച്ചു ജാഗ്രത കാട്ടിയാല്‍ ഈ സൗകര്യം ചെയ്തുകൊടുക്കാമായിരുന്നു. ആകെ ചെയ്തത് രണ്ട് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലുള്ളവര്‍ക്ക് 2000 രൂപയുടെ ആനുകൂല്യമാണ്. പ്രതിവര്‍ഷ വരുമാനം ഒരുകോടിയില്‍ കൂടുതലുള്ളവര്‍ക്ക് 10 ശതമാനം സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയതുവഴി വരുമാനം കണ്ടെത്താന്‍ മന്ത്രി ശ്രമം നടത്തിയിട്ടുണ്ട്. ആഡംബര വാഹനങ്ങളുടെ ഇറക്കുമതി തീരുവയിലും വര്‍ധന വരുത്തി വിഭവസമാഹരണത്തിന് ശ്രമിച്ചിട്ടുണ്ട്.

2010-11 വര്‍ഷത്തിനു ശേഷം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച താഴോട്ടാണ്; 2012-13 ല്‍ അഞ്ച് ശതമാനമാണ് വളര്‍ച്ച. തികച്ചും ഭീതിദമാണ് ഈ അവസ്ഥ. ബജറ്റിന്റെ തലേന്ന് അവതരിപ്പിച്ച സാമ്പത്തിക സര്‍വേപ്രകാരം 2013-14 ല്‍ ഇത് 6.5 ആവുമെന്ന് പറയുന്നുണ്ട്. പഴയ വളര്‍ച്ചനിരക്ക് തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നാണ് ധനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചത്.ഈ വര്‍ഷം പ്രതീക്ഷിച്ച ധനക്കമ്മി 5.3 ശതമാനമാണെങ്കിലും 5.2 ശതമാനമാക്കി നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്നും അടുത്ത വര്‍ഷം 4.8 ശതമാനമായിരിക്കുമെന്നും 2016-17 ഓടെ മൂന്ന് ശതമാനത്തില്‍ നിര്‍ത്താന്‍ കഴിയുമെന്നുമൊക്കെ മന്ത്രി പറയുന്നുണ്ടെങ്കിലും ഈ കണക്കുകള്‍ കൊണ്ടുള്ള കളികളില്‍ സാധാരണക്കാരന് താത്പര്യമില്ല. വിദേശത്തുനിന്ന് സ്വര്‍ണം കൊണ്ടുവരുമ്പോള്‍ പുരുഷന്മാര്‍ക്ക് 50,000 രൂപയും സ്ത്രീകള്‍ക്ക് ഒരുലക്ഷം രൂപയും കസ്റ്റംസ് തീരുവയില്‍ ഇളവുണ്ട്. ഇതിന്റെയും വനിതകള്‍ക്കായി തുടങ്ങുമെന്ന് പറയുന്ന ബാങ്കിന്റെയും ഉദ്ദേശ്യം അവ്യക്തമാണ്. അതേസമയം സ്ത്രീകളുടെ സുരക്ഷയ്ക്കായി തുടങ്ങുമെന്ന് പറയുന്ന 'നിര്‍ഭയ' പദ്ധതിക്ക് അര്‍ഥമുണ്ട്. ഏതെങ്കിലും സംസ്ഥാനത്തോട് ബജറ്റില്‍ വിവേചനം കാണിച്ചുവെന്ന് പറയാനാവില്ല. മുന്‍വര്‍ഷങ്ങളില്‍ കേരളത്തിലെ വെറ്ററിനറി സര്‍വകലാശാലയ്ക്കും കാര്‍ഷിക സര്‍വകലാശാലയ്ക്കും 100 കോടി രൂപവീതം കിട്ടിയെങ്കിലും ഇത്തവണ കേരളത്തിന് അങ്ങനെ ഒന്നും ലഭിച്ചില്ല. അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ഗുവാഹാട്ടിയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയ്ക്കാണ് 100 കോടി വീതം ലഭിച്ചത്.

വിദ്യാഭ്യാസ മേഖലയ്ക്കുള്ള മൊത്തം വിഹിതം 17 ശതമാനത്തോളം വര്‍ധിപ്പിച്ച് 65,000 കോടി രൂപയാക്കിയതിന്റെ പ്രയോജനം എല്ലാ സംസ്ഥാനങ്ങള്‍ക്കുമുണ്ടാകും. കേരളത്തില്‍ തെങ്ങുകൃഷി വ്യാപനത്തിനായി 75 കോടി, കൊച്ചി മെട്രോയ്ക്ക് 130 കോടി, ഫാക്റ്റിന് 211 കോടി എന്നിങ്ങനെ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം ആവശ്യത്തിനനുസൃതമല്ല. കൊച്ചി മെട്രോയ്ക്ക് ആവശ്യപ്പെട്ടത് 294 കോടിയായിരുന്നു. ഉയര്‍ന്ന ധനക്കമ്മി കണക്കിലെടുത്ത് ചെലവ് ചുരുക്കുക മാത്രമാണ് തന്റെ മുന്നിലുള്ള വഴിയെന്ന് ധനമന്ത്രി പറയുന്നുണ്ട്. അതുകൊണ്ടുതന്നെ നാനാവിധ പദ്ധതികള്‍ക്കായി തോന്നിയ രീതിയില്‍ നീക്കിയിരുപ്പ് നടത്താന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. അതുകൊണ്ട് ഇത് വികസനോന്മുഖമായ ബജറ്റ് എന്ന് പറയാനാവില്ല. വാര്‍ഷിക ബജറ്റിന്റെ പ്രസക്തി തന്നെ നഷ്ടമായിക്കൊണ്ടിരിക്കുന്ന കാലത്താണ് പലതരം പദ്ധതികളുടെ പ്രഖ്യാപനം. പണ്ടൊക്കെ ഒരുവര്‍ഷത്തെ പ്രതീക്ഷിക്കുന്ന വരവ്‌ചെലവ് കണക്കുകള്‍ ബജറ്റില്‍ അവതരിപ്പിച്ചിരുന്നതില്‍ നിന്ന് കാര്യമായ മാറ്റം വരാറില്ല. ഇപ്പോള്‍ അതല്ല സ്ഥിതി. ബജറ്റില്‍ പറഞ്ഞില്ലെങ്കിലും പല പരിഷ്‌കാരങ്ങളും നയതീരുമാനങ്ങളും സര്‍ക്കാര്‍ കൈക്കൊള്ളുകയും നടപ്പാക്കുകയും ചെയ്യുന്നതിനാല്‍ ബജറ്റിന് വലിയ പ്രാധാന്യമോ പ്രസക്തിയോ ഇല്ല.

വനിതകള്‍ക്ക്; കര്‍ഷകര്‍ക്കും (മനോരമ)
malmanoramalogoതികച്ചും പ്രതികൂലമായ നിലപാടുതറയില്‍ നിന്നുകൊണ്ടു പരമാവധി ജനപ്രിയവും നികുതിഭാരം കുറഞ്ഞതും വികസനോന്മുഖവുമായ ബജറ്റ് അവതരിപ്പിക്കാനാണ് കേന്ദ്ര ധനമന്ത്രി പി. ചിദംബരം ശ്രമിച്ചിരിക്കുന്നത്. ധനകാര്യക്കമ്മിയും കറന്റ് അക്കൌണ്ട് കമ്മിയും വളരെയേറെ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത ചെലവുചുരുക്കലിനു നിര്‍ബന്ധിതനായിരിക്കുന്നുവെന്നു ബജറ്റിന്റെ ആമുഖത്തില്‍ തന്നെ ധനമന്ത്രി ജാമ്യമെടുത്തെങ്കിലും പ്രതീക്ഷിച്ചതിനെക്കാളേറെ ഉദാരനാവാന്‍ അദ്ദേഹം ശ്രമിച്ചുവെന്നു കാണാം. 2014 തിരഞ്ഞെടുപ്പു വര്‍ഷമായിരിക്കേ വോട്ടും കയ്യടിയും നേടാനുള്ള ശ്രമങ്ങളൊന്നും ഉണ്ടായതുമില്ല.

വനിതകള്‍ക്കും യുവാക്കള്‍ക്കും ദരിദ്രജനവിഭാഗങ്ങള്‍ക്കും അസംഘടിത തൊഴിലാളികള്‍ക്കും പ്രത്യേകം ഊന്നല്‍നല്‍കുന്ന ബജറ്റ് പ്രത്യക്ഷ, പരോക്ഷ, സേവന നികുതികളുടെ കാര്യത്തില്‍ വലിയ പരീക്ഷണങ്ങള്‍ക്കൊന്നും മുതിര്‍ന്നിട്ടില്ല. സേവന നികുതിയുടെ വ്യാപ്തി വര്‍ധിപ്പിച്ചതും കൂടുതല്‍ വരുമാനമുണ്ടാക്കാവുന്ന ചില ഉല്‍പന്നങ്ങള്‍ക്കുമേല്‍ നികുതി കൂട്ടിയതും മാത്രമാണ് അധികഭാരമുണ്ടാക്കുന്നത്. ഭവന നിര്‍മാണത്തിനും സമ്പാദ്യശീലം വളര്‍ത്തുന്നതിനും ചില നികുതി ഇളവുകള്‍ അനുവദിക്കുന്ന ബജറ്റ് ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കു തലോടല്‍ നല്‍കുന്നുമുണ്ട്.

രാജ്യത്ത് ആദ്യമായി വനിതകള്‍ക്കു മാത്രമായി പൊതുമേഖnലാ ബാങ്ക് തുടങ്ങുമെന്ന പ്രഖ്യാപനത്തിലൂടെ വനിതാക്ഷേമം മുന്‍നിര്‍ത്തി വലിയൊരു ചുവടുവയ്പാണു കേന്ദ്രസര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. വനിതകളുടെ സുരക്ഷയ്ക്കായി നിര്‍ഭയ നിധി തുടങ്ങുമെന്ന പ്രഖ്യാപനവും ഇതേ വഴിക്കുള്ളതാണ്. ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തെ തുടര്‍ന്നു കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഒാര്‍മയ്ക്ക് അടിവരയിടുന്ന ഫണ്ടിന് 1000 കോടി രൂപയാണു നീക്കിവച്ചിട്ടുള്ളത്.

ചെന്നൈ - ബാംഗൂര്‍, ബാംഗൂര്‍ - മുംബൈ വ്യവസായ ഇടനാഴി, യുവജനങ്ങള്‍ക്കുള്ള നൈപുണ്യ പരിശീലന പദ്ധതി, ശുദ്ധജല വിതരണത്തിനു പുതിയ നടപടികള്‍, ന്യൂനപക്ഷങ്ങള്‍ക്കു കൂടുതല്‍ വിഹിതം, ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിക്കു 10,000 കോടിരൂപ തുടങ്ങിയവയും ബജറ്റിനെ സ്വാഗതാര്‍ഹമാക്കുന്നു.

കേരളത്തിനായി ഇക്കുറി ബജറ്റില്‍ ചില പ്രഖ്യാപനങ്ങളുണ്ട്. രോഗം വന്ന തെങ്ങുകള്‍ വെട്ടിമാറ്റി പുതിയവ നടാനുള്ള പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുന്നു. കേരളത്തില്‍ നാളികേര കൃഷി പുനരുജ്ജീവിപ്പിക്കാന്‍ 75 കോടി രൂപയുടെ അധികസഹായമാണു കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചത്. കൈത്തറിക്കും കയറിനും പ്രത്യേക പദ്ധതികളുമുണ്ട്. കൊച്ചി മെട്രോ, എഫ്എസിടി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, കൊച്ചി ഷിപ്യാര്‍ഡ് തുടങ്ങിയവയ്ക്കു വിഹിതം അനുവദിച്ചതും കേരളത്തിനുള്ള ഹസ്തദാനം തന്നെ. ക്ഷീരമേഖലയ്ക്കു നല്‍കുന്ന സഹായത്തിലും നമുക്കു പ്രതീക്ഷയുണ്ട്.

നികുതിയില്ലാതെ വിദേശത്തുനിന്നു കൊണ്ടുവരാവുന്ന സ്വര്‍ണത്തിന്റെ പരിധി ഉയര്‍ത്തിയത് ആശ്വാസമാകുന്നു. പുരുഷനു 10,000 രൂപവരെയും സ്ത്രീക്ക് 20,000 രൂപവരെയുമുള്ള സ്വര്‍ണം പരമാവധി കൊണ്ടുവരാം എന്നതായിരുന്നു നിലവില്‍ വ്യവസ്ഥ. ഒരു പവന്‍ സ്വര്‍ണത്തിനുപോലും ഇതിലേറെ വിലയുണ്ടെന്നിരിക്കേ, ഈ പരിധി ഉയര്‍ത്തണമെന്നു പ്രവാസി മലയാളികളടക്കമുള്ളവര്‍ ആവശ്യപ്പെട്ടുവരികയായിരുന്നു.

ഈ സാഹചര്യത്തിലാണു പുരുഷനു കൊണ്ടുവരാവുന്നത് 50,000 രൂപയുടെയും സ്ത്രീക്ക് ഒരുലക്ഷം രൂപയുടെയും സ്വര്‍ണമാക്കി ഉയര്‍ത്തിയത്. ഒരുവര്‍ഷത്തിലേറെയായി വിദേശത്തു താമസിക്കുന്നവര്‍ക്കും ഇന്ത്യയിലേക്കു താമസം മാറ്റുന്നവര്‍ക്കുമാണ് ഇളവ്.

കാര്‍ഷിക വായ്പാപദ്ധതി നടപ്പാക്കുന്നതിനുള്ള ഇളവുകള്‍ സ്വകാര്യമേഖലാ ബാങ്കുകള്‍ക്കും ബാധകമാക്കി. ഇതോടെ ഈ ബാങ്കുകളില്‍ നിന്നുകൂടി ഇനി കുറഞ്ഞ പലിശയ്ക്കു കൃഷിവായ്പ ലഭിക്കും. ഓഹരിവിപണിക്കു വലിയ പ്രതീക്ഷകളായിരുന്നുവെങ്കിലും ധനമന്ത്രി കാര്യമായൊന്നും നല്‍കാത്തതിനാല്‍ വിപണിയില്‍ ഇന്നലെ വന്‍തകര്‍ച്ചയാണു കണ്ടത്. എന്നാല്‍, ഇതിനെ പെട്ടെന്നുള്ള പ്രതികരണമായി കണ്ടാല്‍ മതിയെന്നാണു വിദഗ്ധാഭിപ്രായം. ബജറ്റിന്റെ നല്ലവശങ്ങള്‍ വിപണി വിലമതിക്കാനാണു സാധ്യത.

രാജ്യത്തെ ഉലയ്ക്കുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ബജറ്റില്‍ ഗൌരവമുള്ള ശ്രമങ്ങള്‍ ഉണ്ടായില്ല. ധനക്കമ്മി 4.8 ശതമാനമായി കുറയ്ക്കാമെന്ന പ്രതീക്ഷ എത്രത്തോളം യാഥാര്‍ഥ്യമാവും എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതുപോലെ തന്നെ, 6.1% വളര്‍ച്ചനിരക്കില്‍ എത്തുമോ എന്നതും കണ്ടറിയണം.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് എന്ന നിലയില്‍ പി. ചിദംബരത്തിന്റെ വാഗ്ദാനങ്ങള്‍ എത്രവേഗം പ്രവൃത്തിപഥത്തിലെത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും രാജ്യത്തിന്റെ ഇനിയുള്ള കുതിപ്പ്.

മനോരമ 01-03-13


No comments:

Post a Comment