Saturday, March 30, 2013

മുഖപ്രസംഗം March 29 - 2013

മുഖപ്രസംഗം March 29 - 2013

1. ഒരു നവോത്ഥാന പ്രസ്ഥാനത്തിന്‍െറ ഗതി  (മാധ്യമം)
കേരള സമൂഹ രൂപവത്കരണത്തില്‍ തന്നെ ശ്രദ്ധേയമായ പങ്കുവഹിച്ച നവോത്ഥാന സംരംഭമാണ് മുജാഹിദ് പ്രസ്ഥാനം എന്നറിയപ്പെടുന്ന മുസ്ലിം നവോത്ഥാന സംഘടന. കേരള മുസ്ലിം സമുദായ രൂപവത്കരണത്തിലും പരിഷ്കരണത്തിലും മുജാഹിദ് പ്രസ്ഥാനത്തിനുള്ള പങ്ക് ഏറ്റവും കടുത്ത എതിരാളികള്‍ക്കുപോലും നിഷേധിക്കാനാവാത്തതാണ്. ഇന്ന് കേരള മുസ്ലിംകളില്‍ കാണുന്ന വിദ്യാഭ്യാസ, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക ഉണര്‍വുകളിലെല്ലാം മുജാഹിദ് പ്രസ്ഥാനത്തിന്‍െറ കൈയൊപ്പ് പതിഞ്ഞുകിടപ്പുണ്ട്. അതിനാല്‍, കേരളസമൂഹ ചരിത്രവും മുസ്ലിം സമുദായ ചരിത്രവും മുജാഹിദുകളോട് ഏറെ കടപ്പെട്ടിരിക്കുന്നു.ആഗോളതലത്തില്‍ സലഫിസം എന്നറിയപ്പെടുന്ന മതധാരയുടെ ഭാഗമായാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം നിലകൊള്ളുന്നത്.
2. ആരോഗ്യകേരളത്തിന് ഒാര്‍മക്കുറിപ്പ് (മനോരമ)
ചുവന്ന രക്താണുക്കള്‍ കുറയുന്ന തലാസീമിയ രോഗം ബാധിച്ച എട്ടു വയസ്സുകാരിക്ക് എച്ച്ഐവി ബാധയുണ്ടായതില്‍ കേരളം ഞെട്ടിവിറച്ചുനില്‍ക്കുകയാണ്. വര്‍ഷങ്ങളായി രക്തം സ്വീകരിച്ചുവരുന്ന ഈ പെണ്‍കുട്ടിക്കു രക്തസ്വീകരണം വഴിയാകാം രോഗം പകര്‍ന്നതെന്നാണ് ആശങ്ക. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എച്ച്ഐവി ബാധ ഇല്ലെന്നു തെളിഞ്ഞിട്ടുമുണ്ട്. ഇതേക്കുറിച്ച് ആരോഗ്യവകുപ്പു സമഗ്രമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. രണ്ടര വയസ്സുമുതല്‍ രക്തം സ്വീകരിക്കുന്ന കുട്ടിക്ക് ഏതു ഘട്ടത്തില്‍, എങ്ങനെയാണു രോഗാണുബാധയുണ്ടായതെന്നു കണ്ടുപിടിക്കേണ്ടതുണ്ടെങ്കിലും ഈ ദുഃഖസംഭവം നമ്മുടെ ആരോഗ്യ പരിരക്ഷാ സംവിധാനത്തെയാകെ സംശയത്തിന്റെ നിഴലിലാക്കുന്നു.
ഒരു നവോത്ഥാന പ്രസ്ഥാനത്തിന്‍െറ ഗതി   
ഒരു നവോത്ഥാന പ്രസ്ഥാനത്തിന്‍െറ ഗതി
കേരള സമൂഹ രൂപവത്കരണത്തില്‍ തന്നെ ശ്രദ്ധേയമായ പങ്കുവഹിച്ച നവോത്ഥാന സംരംഭമാണ് മുജാഹിദ് പ്രസ്ഥാനം എന്നറിയപ്പെടുന്ന മുസ്ലിം നവോത്ഥാന സംഘടന. കേരള മുസ്ലിം സമുദായ രൂപവത്കരണത്തിലും പരിഷ്കരണത്തിലും മുജാഹിദ് പ്രസ്ഥാനത്തിനുള്ള പങ്ക് ഏറ്റവും കടുത്ത എതിരാളികള്‍ക്കുപോലും നിഷേധിക്കാനാവാത്തതാണ്. ഇന്ന് കേരള മുസ്ലിംകളില്‍ കാണുന്ന വിദ്യാഭ്യാസ, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക ഉണര്‍വുകളിലെല്ലാം മുജാഹിദ് പ്രസ്ഥാനത്തിന്‍െറ കൈയൊപ്പ് പതിഞ്ഞുകിടപ്പുണ്ട്. അതിനാല്‍, കേരളസമൂഹ ചരിത്രവും മുസ്ലിം സമുദായ ചരിത്രവും മുജാഹിദുകളോട് ഏറെ കടപ്പെട്ടിരിക്കുന്നു.
ആഗോളതലത്തില്‍ സലഫിസം എന്നറിയപ്പെടുന്ന മതധാരയുടെ ഭാഗമായാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം നിലകൊള്ളുന്നത്. പക്ഷേ, ആഗോള സലഫിസത്തില്‍നിന്ന് വ്യത്യസ്തമായി സ്വന്തമായൊരു ശൈലിയും ഉള്ളടക്കവും ആ പ്രസ്ഥാനം വികസിപ്പിച്ചിരുന്നു. ഈ നവോത്ഥാന ശൈലിയും ആഗോള സലഫിസ്റ്റ് രീതികളും തമ്മിലുള്ള സംഘര്‍ഷമാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് സംഘടനയെ നെടുകെ പിളര്‍ത്തിയ ഘടകങ്ങളിലൊന്ന്. നവോത്ഥാനത്തിന്‍െറ ഉത്തോലകമായി വര്‍ത്തിച്ച ആ പ്രസ്ഥാനത്തിന്‍െറ കേരളത്തിലെ ഇന്നത്തെ അവസ്ഥ ഒരേ സമയം വേദനാജനകവും കൗതുകകരവുമാണ്. വിശ്വാസപരവും കര്‍മപരവുമായ അന്ധവിശ്വാസങ്ങളില്‍നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ അത്യധ്വാനം ചെയ്ത അവരിലെ പ്രബലമായൊരു വിഭാഗം കേട്ടാല്‍ സ്തംഭിച്ചുപോകുന്ന തരത്തിലുള്ള അന്ധവിശ്വാസങ്ങളും പ്രതിലോമ ചിന്തകളുമാണ് ഇന്ന് മുന്നോട്ടുവെക്കുന്നത്. സാമൂഹിക, വൈയക്തിക ബന്ധങ്ങളില്‍ അങ്ങേയറ്റം കാര്‍ക്കശ്യവും സങ്കുചിതത്വവുമാണ് അവര്‍ പ്രബോധനം ചെയ്യുന്നത്. മതാന്തര സൗഹൃദത്തെ മാത്രമല്ല, മതത്തിനകത്തെ വ്യത്യസ്ത ധാരകള്‍ തമ്മിലുള്ള ഇഴയടുപ്പത്തെയും നിഷേധിക്കുന്നതാണ് അവരുടെ സമീപനം. ഇവരാകട്ടെ, മുജാഹിദ് പ്രസ്ഥാനത്തിലെ പ്രമുഖ ശക്തിയായി വികസിക്കുകയും ഔദ്യാഗിക നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്ന അവസ്ഥയിലേക്കു വളരുകയും ചെയ്തിട്ടുണ്ട്. മുമ്പുണ്ടായ പിളര്‍പ്പിനെക്കാള്‍ ആഘാതമേറിയതാണ് പുതിയ സംഭവവികാസങ്ങള്‍. അതേസമയം, ഈ തീവ്ര ആശയക്കാരെ സര്‍വ പിന്തുണയും നല്‍കി കയറൂരി വിട്ടത് ഔദ്യാഗിക നേതൃത്വം തന്നെയായിരുന്നു എന്ന വിമര്‍ശം നിലനില്‍ക്കുന്നുമുണ്ട്.
സാര്‍വദേശീയ തലത്തില്‍ നവസലഫിസം എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസത്തെയാണ് പുതുതലമുറ മുജാഹിദുകള്‍ പ്രതിനിധാനം ചെയ്യുന്നത്. ഇതാകട്ടെ, മൊറോക്കോ മുതല്‍ മലേഷ്യ വരെ മുസ്ലിം ലോകത്താകമാനം വമ്പിച്ച സാമൂഹിക പ്രശ്നവും ക്രമസമാധാന പ്രശ്നവുമായി വളര്‍ന്നുകഴിഞ്ഞ യാഥാര്‍ഥ്യമാണ്. സംഘടനാ ഘടനകള്‍ക്കപ്പുറത്ത് തീപ്പൊരി പ്രഭാഷകരുടെ വാഗ്വലയത്തിന് ചുറ്റും രൂപപ്പെടുന്ന അനുയായിവൃന്ദം എന്ന നിലയിലാണ് ഈ ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നത്. സാമൂഹികമായ ഉള്‍വലിയലും ശുദ്ധിവാദവുമാണ് ഇവരുടെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. എല്ലാ കാര്യങ്ങളിലുമുള്ള സങ്കുചിത വീക്ഷണങ്ങളും പ്രയോഗങ്ങളുമാണ് ഇവരുടെ മുഖമുദ്ര.
പ്രമാണമാത്ര ഇസ്ലാമാണ് സലഫിസത്തിന്‍െറ പ്രത്യേകത. അതായത്, സ്ഥലകാല സാഹചര്യങ്ങളെ പരിഗണിക്കാതെ തങ്ങള്‍ ശുദ്ധിപത്രം നല്‍കിയ പ്രമാണങ്ങളെ മാത്രം മനുഷ്യവ്യവഹാരങ്ങളുടെ കേന്ദ്രമായി പരിഗണിക്കുന്ന സമീപനശാസ്ത്രമാണത്. മറ്റൊരര്‍ഥത്തില്‍ കടുത്ത അക്ഷരപൂജയിലധിഷ്ഠിതമായ ഇസ്ലാമിനെയാണ് നവസലഫിസം പ്രതിനിധാനം ചെയ്യുന്നത്. ഇസ്ലാമിക ചിന്താ പ്രപഞ്ചത്തിലെ ഏറ്റവും യാഥാസ്ഥിതികവും തീവ്രവുമായ ധാരയായിട്ടാണ് അത് ഇന്ന് പരിഗണിക്കപ്പെടുന്നത്. പ്രമാണങ്ങളിലെ കടുംപിടിത്തം കാരണം, ഗ്രൂപ്പുകളായി പിളര്‍ന്നുകൊണ്ടേയിരിക്കുന്ന പ്രവണതയും ആഗോള സലഫിസത്തിനകത്ത് ദൃശ്യമാണ്.
മുജാഹിദ് പ്രസ്ഥാനത്തിലെ സംഘര്‍ഷങ്ങളും നവസലഫിസത്തിന്‍െറ ഉദയവും മുജാഹിദ് സംഘടനയുടെ കേവലമായ ആഭ്യന്തരപ്രശ്നമായി കാണാന്‍ പാടില്ല. കേരള സമൂഹ രൂപവത്കരണത്തില്‍ നിര്‍ണായക പങ്കുള്ള ഒരു പ്രസ്ഥാനത്തിനകത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ കേരള സമൂഹത്തിനാകമാനം ഉത്കണ്ഠ വേണ്ടതുണ്ട്. എന്നു മാത്രമല്ല, ഇപ്പോള്‍ ശക്തിപ്പെടുന്ന നവസലഫി ചിന്തകളും ഗ്രൂപ്പുകളും മുജാഹിദ് സംഘടനയെയോ മുസ്ലിം സമുദായത്തെയോ മാത്രം ബാധിക്കുന്ന പ്രശ്നവുമല്ല. അതിന്‍െറ ആഘാതങ്ങള്‍ സമൂഹത്തിലാകമാനമുണ്ടാവും. നമ്മുടെ സാമൂഹിക സംഘാടനത്തെയും സമുദായ ബന്ധങ്ങളെയും ലിംഗ സമീപനങ്ങളെയുമെല്ലാം നിഷേധാത്മകമായി ബാധിക്കാന്‍ പോവുന്ന യാഥാര്‍ഥ്യമാണത്. പരിഹരിക്കാന്‍ കഴിയാത്ത ഒട്ടേറെ പ്രതിസന്ധികളും മുറിവുകളും അത് സമൂഹശരീരത്തില്‍ സൃഷ്ടിക്കും. അല്‍ജീരിയ പോലുള്ള മുസ്ലിം രാജ്യങ്ങള്‍ അത്തരം ഒരുപാട് മുറിവുകളിലൂടെ കടന്നു പോയതാണ്. കേരളീയ സമൂഹത്തിന്‍െറ നാലിലൊന്ന് വരുന്ന ഒരു സമുദായത്തിലെ പ്രബലമായൊരു പ്രസ്ഥാനം തലകീഴായിനില്‍ക്കുന്ന അവസ്ഥ അതിനാല്‍ തന്നെ സാമൂഹികശാസ്ത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്. അത് സൃഷ്ടിക്കുന്ന സമസ്യകളെ എങ്ങനെ മറികടക്കുമെന്നതിനെക്കുറിച്ച് പണ്ഡിതരും ബുദ്ധിജീവികളും ഗൗരവത്തില്‍ ആലോചിക്കേണ്ടതുണ്ട്. ദീര്‍ഘവീക്ഷണമോ ദാര്‍ശനിക ഔത്യമോ കാണിക്കാത്ത ഒരുപറ്റം അത്യാവേശക്കാരുടെയും ആത്യന്തികവാദികളുടെയും പ്രഘോഷണങ്ങള്‍ക്ക് നമ്മുടെ മതങ്ങളെയും സമുദായങ്ങളെയും നാം വിട്ടുകൊടുക്കാന്‍ പാടില്ല.
മാധ്യമം 29-03-13

ആരോഗ്യകേരളത്തിന് ഒാര്‍മക്കുറിപ്പ്
malmanoramalogo
ചുവന്ന രക്താണുക്കള്‍ കുറയുന്ന തലാസീമിയ രോഗം ബാധിച്ച എട്ടു വയസ്സുകാരിക്ക് എച്ച്ഐവി ബാധയുണ്ടായതില്‍ കേരളം ഞെട്ടിവിറച്ചുനില്‍ക്കുകയാണ്. വര്‍ഷങ്ങളായി രക്തം സ്വീകരിച്ചുവരുന്ന ഈ പെണ്‍കുട്ടിക്കു രക്തസ്വീകരണം വഴിയാകാം രോഗം പകര്‍ന്നതെന്നാണ് ആശങ്ക. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എച്ച്ഐവി ബാധ ഇല്ലെന്നു തെളിഞ്ഞിട്ടുമുണ്ട്. ഇതേക്കുറിച്ച് ആരോഗ്യവകുപ്പു സമഗ്രമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. രണ്ടര വയസ്സുമുതല്‍ രക്തം സ്വീകരിക്കുന്ന കുട്ടിക്ക് ഏതു ഘട്ടത്തില്‍ , എങ്ങനെയാണു രോഗാണുബാധയുണ്ടായതെന്നു കണ്ടുപിടിക്കേണ്ടതുണ്ടെങ്കിലും ഈ ദുഃഖസംഭവം നമ്മുടെ ആരോഗ്യ പരിരക്ഷാ സംവിധാനത്തെയാകെ സംശയത്തിന്റെ നിഴലിലാക്കുന്നു.

രക്തം സ്വീകരിച്ചതിന്റെ പേരില്‍ ഒന്നേകാല്‍ വയസ്സുള്ള പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധയുണ്ടായെന്നു 2005ല്‍ കേരളത്തില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ എല്ലാ രക്തബാങ്കുകളിലും പരിശോധന കുറ്റമറ്റതാക്കാന്‍ നടപടി സ്വീകരിക്കുമെന്നു സര്‍ക്കാര്‍ അന്നു പ്രഖ്യാപിക്കുകയും ചെയ്തു. അക്കാര്യത്തില്‍ എത്രത്തോളം മുന്നേറാനായി എന്ന ആത്മപരിശോധനയ്ക്കു കൂടി ഇപ്പോഴത്തെ സംഭവം കാരണമാകണം. തലാസീമിയ ബാധിച്ചതിനെത്തുടര്‍ന്നു രാജസ്ഥാനിലെ ജോധ്പൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തം സ്വീകരിച്ച 20 കുട്ടികള്‍ക്കു രണ്ടു വര്‍ഷംമുന്‍പ് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി ബാധ കണ്ടെത്തിയിരുന്നു. മൂന്നു കുട്ടികളില്‍ എച്ച്ഐവിയും 17 കുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് വൈറസുമാണു കണ്ടെത്തിയത്. അതിനു രണ്ടുവര്‍ഷം മുന്‍പും ആ ആശുപത്രിയില്‍ സമാന സംഭവമുണ്ടായി. 

കേരളത്തില്‍ ഇപ്പോഴുണ്ടായ സംഭവത്തിലും രക്തപരിശോധനയിലെ വീഴ്ചയ്ക്ക് അധികൃതര്‍ക്കു വിശദീകരണമുണ്ട്. ശരീരത്തില്‍ പ്രവേശിക്കുന്ന എച്ച്ഐവി പ്രകടമാകണമെങ്കില്‍ ഏതാനും ആഴ്ചകളെടുക്കും. 'വിന്‍ഡോ പീരിയഡ് എന്നു വിളിക്കുന്ന ഈ കാലയളവില്‍ ശേഖരിക്കുന്ന രക്തം സാധാരണ പരിശോധനയില്‍ എച്ച്ഐവി ബാധയുള്ളതാണെന്നു തിരിച്ചറിയാന്‍ കഴിയില്ല. ഈ ഘട്ടത്തിലെ അപകടം ഒഴിവാക്കാന്‍ പുതിയ ടെസ്റ്റുകള്‍ ലഭ്യമാണെങ്കിലും അതു സംസ്ഥാനത്തെ മിക്ക രക്തബാങ്കുകളിലും ഇല്ല. എലീസ ടെസ്റ്റിലൂടെ തിരിച്ചറിയാന്‍ കഴിയാത്ത വിന്‍ഡോ പീരിയഡില്‍ രക്തത്തിലൂടെ രോഗാണുബാധ ഉണ്ടാകാന്‍ അപൂര്‍വമായെങ്കിലും സാധ്യത ഉണ്ടെന്ന് ആരോഗ്യവിദഗ്ധരും പറയുന്നുണ്ട്. ഇതു തിരിച്ചറിയാനുള്ള പരിശോധന വളരെ ചെലവേറിയതാണ്. ഇന്ത്യയില്‍ രക്തപരിശോധനയുടെ ഭാഗമായി ഇതു നിഷ്കര്‍ഷിച്ചിട്ടില്ലെന്നും പറയുന്നു. 
എന്നാല്‍ , പുതിയ പരിശോധനാ കിറ്റുകള്‍ ഉപയോഗിക്കുന്ന തിരുവനന്തപുരത്തെ റീജനല്‍ ക്യാന്‍സര്‍ സെന്റര്‍, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയയിടങ്ങളില്‍ ഈ കാലയളവ് 15 ദിവസമായി കുറയ്ക്കാനായിട്ടുണ്ട്. രക്തദാനം കൂടുതല്‍ സുരക്ഷിതമാക്കുന്ന ന്യൂക്ളിക് ആസിഡ് ടെസ്റ്റിങ് (നാറ്റ്) സംസ്ഥാനത്ത് ആദ്യമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കൊച്ചി ബ്ളഡ് ബാങ്കില്‍ കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങി. എച്ച്ഐവി 1, 2, ഹെപ്പറ്റൈറ്റിസ് സി വൈറസുകള്‍ ഏഴു ദിവസത്തിനകം ന്യൂക്ളിക് ആസിഡ് പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയുമെന്നതു വലിയ കാര്യമാണ്. 

രക്തം കുത്തിവയ്ക്കല്‍ നൂറു ശതമാനവും സുരക്ഷിതമാക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ക്കു പോലും കഴിയുന്നില്ലെന്നു പറഞ്ഞ് നാം സമൂഹത്തിന്റെ സുരക്ഷ അവഗണിച്ചുകൂടാ. കേരളത്തിലെ രക്തബാങ്കുകള്‍ ആധുനികവല്‍ക്കരിക്കാനും അവ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ആരോഗ്യവകുപ്പിനു കഴിഞ്ഞേതീരൂ.

ചില രക്തദാനക്കാരെങ്കിലും സത്യസന്ധത പാലിക്കാറില്ലെന്നതും മറ്റൊരു വിപത്താണ്. ഈ സാഹചര്യത്തില്‍ സ്വമേധയാ രക്തദാനം എന്ന സ്നേഹവിപ്ളവത്തിനു മാത്രമേ സുരക്ഷ ഉറപ്പാക്കാനാവൂ. പൂര്‍ണ ആരോഗ്യമുള്ളവരെ രക്തദാനത്തിനു പ്രേരിപ്പിക്കുന്നതിനായി നാടുണര്‍ത്തല്‍ നടത്തുക എന്നതാണു സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ദൌത്യം. ഏതെല്ലാം അവസ്ഥയില്‍ രക്തം കൊടുക്കാമെന്നും കൊടുക്കാന്‍ പാടില്ലെന്നും സമൂഹത്തെ ബോധ്യപ്പെടുത്തണം. 

യഥാര്‍ഥ കാരണം കണ്ടെത്തുകയും അത് ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയുമാണ്, സ്വയമറിയാതെ എച്ച്ഐവി ബാധ ഏറ്റുവാങ്ങേണ്ടിവന്ന ആ എട്ടു വയസ്സുകാരിയോട് ആരോഗ്യകേരളം ചെയ്യേണ്ട പ്രായശ്ചിത്തം.
മനോരമ 29-03-13

No comments:

Post a Comment