Monday, March 25, 2013

മുഖപ്രസംഗം March 25 - 2013

മുഖപ്രസംഗം March 25 - 2013


1. രാഷ്ട്രം ജനതയോടും ജനാധിപത്യത്തോടും ചെയ്യുന്നത്  (മാധ്യമം)
ജനാധിപത്യത്തിന്‍െറ കാതലാണ് സുതാര്യത. പൗരന്മാരുടെ അറിയാനുള്ള അവകാശത്തിനു മറ തീര്‍ക്കുന്നത് ജനാധിപത്യ റിപ്പബ്ളിക്കിനു ചേര്‍ന്നതല്ല. എന്നാല്‍ , ഈ പ്രാഥമികമര്യാദ പാടേ അവഗണിച്ചാണ് ഏറെ നാളായി ഇന്ത്യയില്‍ ഭരണകൂടം മുന്നോട്ടുനീങ്ങുന്നത്. വിവരവിനിമയത്തിന്‍െറ വാതിലുകള്‍ ലോകം മലര്‍ക്കെ തുറന്നിടുമ്പോള്‍ വിവരാവകാശത്തെ ചിറകെട്ടി നിര്‍ത്താനുള്ള നീക്കത്തിന് സര്‍ക്കാര്‍തന്നെ മുന്‍കൈയെടുക്കുന്നു. ജനാധിപത്യത്തെ മുഖമുദ്രയായി സ്വീകരിക്കുമ്പോള്‍തന്നെ കാടന്‍ നിയമങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും അതിന്‍െറ ഘടകങ്ങളെ ഓരോന്നായി പ്രയോഗതലത്തില്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞയാഴ്ച നടന്ന രണ്ടു പ്രമാദസംഭവങ്ങള്‍ ജനാധിപത്യരാഷ്ട്രത്തിന്‍െറ ഈ പരിതോവസ്ഥയെ യഥാതഥം അനാവരണം ചെയ്യുന്നുണ്ട്.
2. എന്‍ഡോസള്‍ഫാന്‍: സഹായം വൈകരുത്   (മനോരമ)
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത പദ്ധതികളും സഹായ പ്രഖ്യാപനങ്ങളും ലക്ഷ്യപ്രാപ്തിയിലെത്താന്‍ വൈകുന്നതോടെ കാസര്‍കോട്  ഒരിക്കല്‍ കൂടി സമരവേദിയായിക്കഴിഞ്ഞു. ദുരിതബാധിതര്‍ക്കു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ ഒന്നൊഴിയാതെ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചുപറയുന്നുണ്ടെങ്കിലും ദുരിതബാധിതരില്‍ ആശങ്കയൊഴിയുന്നില്ല. 
3. കാരുണ്യത്തിന്റെ കുട നിവരട്ടെ  (മാത്രുഭൂമി)

ഒന്നര ദശകമായി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സമരപാതയിലാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് നരകജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരാണവര്‍. ദുരിതത്തില്‍നിന്ന് കരകയറാനുള്ള ആശ്വാസ പദ്ധതി കുറ്റമറ്റ രീതിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇരകള്‍ സമരവഴിയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചെന്ന വാര്‍ത്ത കാസര്‍കോട്ടെ ദുരിതബാധിതര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. വിഷമഴയേറ്റ് കരിഞ്ഞ ജന്മങ്ങള്‍ക്ക് അതൊരു പൂമഴയായിരുന്നു. എന്നാല്‍, അത് നടപ്പാക്കുന്നതിലുള്ള താമസം അവരെ വീണ്ടും സമരപാതയിലേക്ക് നയിച്ചിരിക്കുകയാണ്. രാസകീടനാശിനികളുടെ കൈയും കണക്കുമില്ലാത്ത ഉപയോഗമാണ് കാസര്‍കോടിന് ഈ ദുരന്തം സമ്മാനിച്ചത്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ മരണവാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. കണ്ണീരുണങ്ങാത്ത അമ്മമാരുടെ മുഖം ഭരണാധികാരികള്‍ ഓര്‍ക്കേണ്ടതുണ്ട്. വിഷം തളിക്കാന്‍ അനുമതി നല്‍കുകവഴി ഒരു നാടിനെ നരകതുല്യമാക്കിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. ഇത്തരം ദുരന്തങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടിയാണത്. 





രാഷ്ട്രം ജനതയോടും ജനാധിപത്യത്തോടും ചെയ്യുന്നത്  
രാഷ്ട്രം ജനതയോടും ജനാധിപത്യത്തോടും ചെയ്യുന്നത്
ജനാധിപത്യത്തിന്‍െറ കാതലാണ് സുതാര്യത. പൗരന്മാരുടെ അറിയാനുള്ള അവകാശത്തിനു മറ തീര്‍ക്കുന്നത് ജനാധിപത്യ റിപ്പബ്ളിക്കിനു ചേര്‍ന്നതല്ല. എന്നാല്‍, ഈ പ്രാഥമികമര്യാദ പാടേ അവഗണിച്ചാണ് ഏറെ നാളായി ഇന്ത്യയില്‍ ഭരണകൂടം മുന്നോട്ടുനീങ്ങുന്നത്. വിവരവിനിമയത്തിന്‍െറ വാതിലുകള്‍ ലോകം മലര്‍ക്കെ തുറന്നിടുമ്പോള്‍ വിവരാവകാശത്തെ ചിറകെട്ടി നിര്‍ത്താനുള്ള നീക്കത്തിന് സര്‍ക്കാര്‍തന്നെ മുന്‍കൈയെടുക്കുന്നു. ജനാധിപത്യത്തെ മുഖമുദ്രയായി സ്വീകരിക്കുമ്പോള്‍തന്നെ കാടന്‍ നിയമങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും അതിന്‍െറ ഘടകങ്ങളെ ഓരോന്നായി പ്രയോഗതലത്തില്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞയാഴ്ച നടന്ന രണ്ടു പ്രമാദസംഭവങ്ങള്‍ ജനാധിപത്യരാഷ്ട്രത്തിന്‍െറ ഈ പരിതോവസ്ഥയെ യഥാതഥം അനാവരണം ചെയ്യുന്നുണ്ട്.

പാവപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളെ മൃഗയാവിനോദമെന്നു പറയാവുന്ന തരത്തില്‍ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ നാവികരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്ന വിഷയത്തില്‍ കുറ്റകരമായ അമാന്തവും നട്ടെല്ലില്ലായ്മയുമാണ് കേന്ദ്രസര്‍ക്കാര്‍ കാണിച്ചത്. രാജ്യത്തിന്‍െറ പരമാധികാരത്തെയും സുരക്ഷയെയും വെല്ലുവിളിച്ച ഇറ്റാലിയന്‍ നാവികര്‍ക്കും അതിനെ അന്ധമായി പിന്തുണച്ച അവരുടെ ഭരണകൂടത്തിനും മുന്നില്‍ തോറ്റു തൊപ്പിയിടുകയായിരുന്നു രാഷ്ട്രനേതൃത്വം. ലഭ്യമായ സ്വാതന്ത്ര്യത്തിന്‍െറ പരിധിയില്‍നിന്ന് വാചാ പ്രതികരണങ്ങളുയര്‍ത്തുന്ന സ്വന്തം പൗരന്മാരെ പരമാധികാരത്തെ ചോദ്യംചെയ്ത രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലിടുന്ന ഭരണകൂടം നാട്ടുകാരെ കൊന്നു കൊലവിളിച്ച വിദേശിക്രിമിനലുകളെ അവരുടെ താളത്തിനു തുള്ളാന്‍ വിട്ടു. നാടിനെ പച്ചക്കു പറ്റിക്കാനൊരുങ്ങിയ അവരെ വരുതിയില്‍ നിര്‍ത്താന്‍ പരമോന്നത നീതിപീഠത്തിന്‍െറ ശക്തമായ ഇടപെടല്‍ വേണ്ടിവന്നു. നയതന്ത്രസമ്മര്‍ദമുയര്‍ത്തി അവരെ കൊണ്ടുവന്നപ്പോഴും ഇന്ത്യയെ നാണംകെടുത്താനുള്ള അവസരം ഇറ്റലി പാഴാക്കിയില്ല. തിരിച്ചുവരില്ലെന്നു ശഠിച്ച നാവികരെ കൊണ്ടുവരാന്‍ , അറസ്റ്റില്ലാത്ത വിചാരണയും വധശിക്ഷയില്ലാത്ത വിധിയും രേഖാമൂലം ഇന്ത്യ ഗാരന്‍റി നല്‍കിയെന്ന് അവര്‍ ലോകത്തോടു വിളിച്ചുപറഞ്ഞു. അപ്പോഴും ‘ഇടപാട്’ ഒന്നും നടന്നില്ലെന്ന് ഇന്ത്യന്‍ ഭരണകൂടം ആണയിട്ടുകൊണ്ടേയിരിക്കുന്നു. നയതന്ത്രദൗത്യം വെളിപ്പെടുത്താനാവില്ലെന്നു വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ് ഒഴിഞ്ഞുമാറുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ വിധിയെക്കുറിച്ച് സര്‍ക്കാറിന് ഒരു ഉറപ്പും നല്‍കാനാവില്ലെന്ന് നിയമമന്ത്രി അശ്വിനികുമാര്‍ പറയുന്നു. എന്നാല്‍ , ഇക്കാര്യത്തില്‍ രേഖാമൂലമുള്ള ഉറപ്പുണ്ടെന്ന് ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തൂര തറപ്പിച്ചുപറയുന്നു. കേരളസര്‍ക്കാറിനെയും കേന്ദ്രഗവണ്‍മെന്‍റിനെയും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ കണക്കറ്റ് അപഹസിക്കുന്നു.
ഈ വിവാദം കൊഴുക്കുന്നതിനിടെയാണ് ന്യൂദല്‍ഹിയില്‍ ഭീകരാക്രമണ ശ്രമം തകര്‍ത്ത വാര്‍ത്ത പൊട്ടിത്തെറിക്കുന്നത്. അഫ്സല്‍ഗുരുവിനെ തൂക്കിലേറ്റിയതിനു പ്രതികാരമായി ഹോളി ആഘോഷത്തിനിടെ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദിയെ എ.കെ-47 തോക്കും തിരകളും ഹാന്‍ഡ്ഗ്രനേഡുകളുമായി പിടികൂടിയെന്നും പാകിസ്താനില്‍ പരിശീലനം ലഭിച്ചയാളാണ് ഇതെന്നുമാണ് അറസ്റ്റിനു മുന്‍കൈയെടുത്ത ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ കമീഷണര്‍ എസ്.എന്‍. ശ്രീവാസ്തവ മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍ , ഈ കഥക്ക് ഒരുനാള്‍ ആയുസ്സുപോലും നല്‍കാതെ ജമ്മു-കശ്മീര്‍ പൊലീസ് തിരുത്തുമായി രംഗത്തുവന്നിരിക്കുകയാണ്.
തീവ്രവാദികള്‍ക്ക് കീഴടങ്ങി സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാന്‍ ഗവണ്‍മെന്‍റ് ഒരുക്കിയ പുനരധിവാസ പദ്ധതിയനുസരിച്ച് പാകിസ്താനില്‍നിന്നു മടങ്ങിവരുന്നവരുടെ കൂട്ടത്തില്‍നിന്നാണ് ലിയാഖത്ത് ഷായെ പിടികൂടിയതെന്നാണ് കശ്മീര്‍ പൊലീസ് ഭാഷ്യം. പാകിസ്താനില്‍ 3974 കശ്മീര്‍ തീവ്രവാദികളുണ്ടെന്നും അവരില്‍ 1089 പേര്‍ കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല മാര്‍ച്ച് 11ന് നിയമസഭയില്‍ പ്രസ്താവിച്ചതാണ്. 2010ലെ പുനരധിവാസ നയമനുസരിച്ച് 2011 ഫെബ്രുവരി അഞ്ചിന് ലിയാഖത്ത് കീഴടങ്ങാന്‍ അപേക്ഷ നല്‍കി. മാര്‍ച്ച് ഏഴിന് വില്ലേജ് സര്‍പഞ്ചിന്‍െറ കൂടെ ലിയാഖത്തിന്‍െറ ഭാര്യ പൊലീസ്, സേന, ഇന്‍റലിജന്‍സ് വിഭാഗങ്ങളെയെല്ലാം സമീപിച്ച് ഭര്‍ത്താവ് തിരിച്ചുവരുന്ന വിവരം കൈമാറി. ഇങ്ങനെ പാകിസ്താനില്‍നിന്നു നേപ്പാള്‍ വഴി പുറപ്പെട്ട സംഘത്തില്‍നിന്ന് ലിയാഖത്ത് ദല്‍ഹിയില്‍ അറസ്റ്റിലാകുകയും മറ്റുള്ളവര്‍ കശ്മീരില്‍ ജന്മനാട്ടിലെത്തുകയും ചെയ്തു എന്നാണ് കശ്മീരിലെ വിവിധ സ്രോതസ്സുകള്‍ പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല കേസ് ദേശീയ അന്വേഷണ ഏജന്‍സിക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടത്. ലിയാഖത്തിന്‍െറ അറസ്റ്റിലെ അന്യായം ചുണ്ടിക്കാണിക്കപ്പെട്ടതോടെ വെറുംകൈയില്‍ പിടികൂടിയ ‘ഭീകര’ന്‍െറ കൂട്ടാളി തങ്ങിയ മുറിയില്‍നിന്നു കണ്ടെടുത്തതായി പറയുന്ന ആയുധങ്ങളും മറ്റും എങ്ങനെയെത്തി എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. ഭീകരാക്രമണക്കേസുകള്‍ കെട്ടിച്ചമയ്ക്കുന്നുവെന്ന് പലവുരു ആരോപണമുയര്‍ന്ന ദല്‍ഹി പൊലീസിന്‍െറ ഭീകരകഥകളിലെ സ്ഥിരം ചേരുവകളാണ് ഇത്തവണയും പിടികൂടിയത്. രാജ്യത്ത് രാഷ്ട്രീയവിവാദങ്ങള്‍ തലപൊക്കുമ്പോഴുണ്ടാകുന്ന അസ്വാഭാവിക ഭീകരാക്രമണങ്ങളുടെ സന്ദര്‍ഭം ഇവിടെ ഒത്തുവന്നതും ദുരൂഹതയേറ്റുന്നു. അഫ്സല്‍ഗുരുവും കീഴടങ്ങി നല്ല നടപ്പില്‍ നീങ്ങുമ്പോള്‍ ഭീകരാക്രമണത്തിനു പിടിയിലാവുകയായിരുന്നുവല്ലോ. പുതിയ ‘ഭീകരാക്രമണ’ത്തെക്കുറിച്ച് ദല്‍ഹി പറയുന്നതും ശ്രീനഗര്‍ തിരുത്തുന്നതും തമ്മിലുള്ള പൊരുത്തക്കേട് ഗുരുതരമാണ്.
ഇങ്ങനെയൊക്കെ, സംഭവിച്ച ദുരന്തങ്ങള്‍ക്ക് ഉത്തരവാദികളായ വിദേശ അതിക്രമികളെ വിരുന്നൂട്ടുന്നതിനും ഇല്ലാക്കഥയുടെ പേരില്‍ സ്വന്തം പൗരന്മാരെ വേട്ടയാടുന്നതിനുമുള്ള ന്യായമൊന്നും ചോദിക്കരുതെന്നും ചോദിച്ചാലും മറുപടിക്ക് തങ്ങള്‍ ബാധ്യസ്ഥരല്ലെന്നുമാണ് നാടു വാഴുന്നവരുടെ നിലപാട്. നിരപരാധരായ നാട്ടുകാരെ കൊല ചെയ്തവര്‍ക്കെതിരെ നേരാംവണ്ണമുള്ള നടപടികള്‍ക്ക് അറച്ചുനില്‍ക്കുകയും സ്വന്തം മണ്ണിന്‍െറ മക്കളെ യക്ഷിവേട്ടക്കിരയാക്കാന്‍ തിണ്ണമിടുക്ക് കാണിക്കുകയും ചെയ്യുന്ന ഈ അന്തസ്സാരശൂന്യതയെ ജനാധിപത്യ പരമാധികാരത്തിന്‍െറ പേരില്‍ ജനത്തിനു മേല്‍ അടിച്ചേല്‍പിക്കുന്നതാണ് ഹാ, കഷ്ടം!


എന്‍ഡോസള്‍ഫാന്‍: സഹായം വൈകരുത്    

malmanoramalogo
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത പദ്ധതികളും സഹായ പ്രഖ്യാപനങ്ങളും ലക്ഷ്യപ്രാപ്തിയിലെത്താന്‍ വൈകുന്നതോടെ കാസര്‍കോട്  ഒരിക്കല്‍ കൂടി സമരവേദിയായിക്കഴിഞ്ഞു. ദുരിതബാധിതര്‍ക്കു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ ഒന്നൊഴിയാതെ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചുപറയുന്നുണ്ടെങ്കിലും ദുരിതബാധിതരില്‍ ആശങ്കയൊഴിയുന്നില്ല. 


പ്ളാന്റേഷന്‍ കോര്‍പറേഷന്റെ കാസര്‍കോട്ടെ കശുമാവിന്‍തോട്ടങ്ങളില്‍ ഹെലികോപ്റ്ററില്‍നിന്ന് 1977 മുതല്‍ 24 വര്‍ഷത്തോളം എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ ഇരകളാണ് അവിടെ ഇതിനകം മരിച്ചവരും ഇപ്പോള്‍ മരിച്ചുജീവിക്കുന്നവരും.  നിലവില്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ തയാറാക്കിയ പട്ടികയനുസരിച്ച് 4182 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചതനുസരിച്ച്, മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കും പൂര്‍ണമായി കിടപ്പിലായവര്‍ക്കും അഞ്ചു ലക്ഷവും ഭാഗികമായി കിടപ്പിലായവര്‍ക്കു മൂന്നു ലക്ഷവും വീതം നല്‍കാനാണു മന്ത്രിസഭാ തീരുമാനം. ഇതനുസരിച്ച്, ഇക്കഴിഞ്ഞ ജനുവരി വരെ 1602 പേര്‍ക്കായി 20 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞതായി സര്‍ക്കാര്‍ പറയുന്നു.

രണ്ടാം ഘട്ടമായി 1318 പേരുടെ പട്ടിക സൂക്ഷ്മപരിശോധനയിലാണ്. മരണമടഞ്ഞ 400 പേരുടെ ആശ്രിതര്‍ക്ക് ആദ്യ ഗഡു എന്ന നിലയില്‍ ഒന്നര ലക്ഷം രൂപ വീതം ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. മനോദൌര്‍ബല്യമുള്ളവര്‍ക്കും അഞ്ചു ലക്ഷം വീതം ധനസഹായം നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തു എന്നതും ശ്രദ്ധേയമാണ്. എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖലയിലെ 1184 പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവില്‍ പരാമര്‍ശിക്കാത്തവരാണ് ഇവര്‍. 

അഞ്ചു വര്‍ഷത്തിനുള്ളില്‍ ധനസഹായ വിതരണം പൂര്‍ത്തിയാക്കിയ ശേഷം പെന്‍ഷന്‍ ഒഴികെയുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാനുള്ള ആദ്യ ഉത്തരവ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനവും ആശ്വാസകരമാണ്. കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളിലുള്ളവര്‍ക്കു പുറമെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെന്നു വിദഗ്ധ സമിതി കണ്ടെത്തുന്നവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നു ദുരിതമേഖലയില്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ക്ക് ബജറ്റില്‍ 15 കോടി വകയിരുത്തിയിട്ടുമുണ്ട്. 

എന്നാല്‍ , എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ക്കു പ്രായോഗിക തലത്തില്‍ വേണ്ടത്ര വേഗമില്ലെന്നതു യാഥാര്‍ഥ്യമാണ്. ഇൌ മാസം 31നുമുന്‍പ് ദുരിതബാധിത പട്ടികയിലുള്ള 4182 പേര്‍ക്കും ആദ്യ ഗഡു ധനസഹായം നല്‍കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷനു നല്‍കിയ ഉറപ്പു പാലിക്കാന്‍ സര്‍ക്കാരിനു കഴിയുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ധനസഹായം നല്‍കാന്‍ മാത്രം 214 കോടി രൂപ വേണ്ടിവരുമെന്നിരിക്കേ ബജറ്റില്‍ ഇതിനായി പ്രത്യേക വിഹിതം നീക്കിവച്ചിട്ടില്ല. കൂടുതല്‍ തുക കണ്ടെത്തുന്ന കാര്യത്തിലും തീരുമാനമുണ്ടാകണം. ധനസഹായത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നതിനുള്ള പ്രത്യേക മെഡിക്കല്‍ ക്യാംപുകള്‍ തുടരേണ്ടതുണ്ട്. ആരോഗ്യവകുപ്പ് 2011 ഡിസംബറിലാണ് അവസാനമായി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചത്. ദുരിതബാധിതര്‍ക്കു ചികില്‍സാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന ആശുപത്രികളുടെ നവീകരണം, രോഗികളുടെ വീടുകളിലേക്കു ചികില്‍സയ്ക്കായി എത്തുന്ന മൊബൈല്‍ ആശുപത്രി യൂണിറ്റ്, പഠനസൌകര്യങ്ങള്‍ക്കുള്ള പദ്ധതികള്‍ എന്നിവയുടെയെല്ലാം കാര്യക്ഷമത വര്‍ധിപ്പിക്കുകയും വേണം. 

എന്‍ഡോസള്‍ഫാന്‍ വിനാശം വിതച്ചവരില്‍നിന്നുതന്നെ നഷ്ടപരിഹാരം ഇൌടാക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്നും കാസര്‍കോട് നിരാഹാര സമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആവശ്യപ്പെടുന്നുണ്ട്. നയപരമായ തീരുമാനമെടുക്കേണ്ട വിഷയമാണിത്. വിഷമഴയില്‍ ജീവിതം നഷ്ടപ്പെട്ടവര്‍ തെരുവില്‍ ഇറങ്ങേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുക തന്നെ വേണം. 

പ്രഖ്യാപനങ്ങള്‍ വഴിതെറ്റാതെയും ഉറപ്പുകള്‍ ലംഘിക്കപ്പെടാതെയും എന്‍ഡോസള്‍ഫാന്‍ ഇരകളെ ദുരിതക്കയത്തില്‍ നിന്നു കരകയറ്റേണ്ടതു ബന്ധപ്പെട്ടവരുടെ കടമയാണ്. പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങുകയും  തുടര്‍നടപടികള്‍ക്കു കാലതാമസം വരാതെ നോക്കുകയും ചെയ്താലേ പതിറ്റാണ്ടുകള്‍ പിന്നിടുന്ന ദുരിതങ്ങള്‍ക്ക് അറുതിയാവൂ. ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ ഇക്കാര്യങ്ങളില്‍ തീരുമാനമുണ്ടാകാന്‍ കാത്തിരിക്കുകയാണ് ഒരു നാട്.

കാരുണ്യത്തിന്റെ കുട നിവരട്ടെ 


Newspaper Edition
ഒന്നര ദശകമായി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സമരപാതയിലാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് നരകജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരാണവര്‍. ദുരിതത്തില്‍നിന്ന് കരകയറാനുള്ള ആശ്വാസ പദ്ധതി കുറ്റമറ്റ രീതിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇരകള്‍ സമരവഴിയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചെന്ന വാര്‍ത്ത കാസര്‍കോട്ടെ ദുരിതബാധിതര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. വിഷമഴയേറ്റ് കരിഞ്ഞ ജന്മങ്ങള്‍ക്ക് അതൊരു പൂമഴയായിരുന്നു. എന്നാല്‍ , അത് നടപ്പാക്കുന്നതിലുള്ള താമസം അവരെ വീണ്ടും സമരപാതയിലേക്ക് നയിച്ചിരിക്കുകയാണ്. രാസകീടനാശിനികളുടെ കൈയും കണക്കുമില്ലാത്ത ഉപയോഗമാണ് കാസര്‍കോടിന് ഈ ദുരന്തം സമ്മാനിച്ചത്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ മരണവാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. കണ്ണീരുണങ്ങാത്ത അമ്മമാരുടെ മുഖം ഭരണാധികാരികള്‍ ഓര്‍ക്കേണ്ടതുണ്ട്. വിഷം തളിക്കാന്‍ അനുമതി നല്‍കുകവഴി ഒരു നാടിനെ നരകതുല്യമാക്കിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. ഇത്തരം ദുരന്തങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടിയാണത്. ഉന്നതങ്ങളിലെടുക്കുന്ന തീരുമാനങ്ങള്‍ ഉള്‍നാടുകളിലെ കുടിലുകളില്‍ നടപ്പാകുന്നുവെന്നും ഉറപ്പാക്കേണ്ടതുണ്ട്. അതിന് ഇരകളോട് പ്രതിബദ്ധതയുള്ള സാമൂഹിക മനസ്സ് വളര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.

കഴിഞ്ഞ ഏപ്രില്‍ 20 മുതല്‍ ആഗസ്ത് 25 വരെ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി 128 ദിവസം റിലേ നിരാഹാരം നടത്തിയിരുന്നു. ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ മന്ത്രിതല സമിതി പഠിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് ആ സമരം താത്കാലികമായി പിന്‍വലിച്ചത്. മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാര്‍ മടിക്കുകയാണെന്ന് ആരോപിച്ചാണ് മുന്നണി വീണ്ടും നിരാഹാരസമരം തുടങ്ങിയിരിക്കുന്നത്. നിരാഹാരസമരം തിങ്കളാഴ്ച മുപ്പത്തിയാറ് ദിവസം പിന്നിടുകയാണ്. അത് നാടിന്റെ ഞരമ്പുകളിലേക്ക് പടര്‍ന്നിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വേദന സ്വന്തം വേദനയായി കണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ എത്തി സമരത്തില്‍ കണ്ണിചേരുകയാണ്.പുനരധിവാസ പദ്ധതികള്‍ അഞ്ച് വര്‍ഷംകൊണ്ട് നിര്‍ത്താനുള്ള നീക്കം പിന്‍വലിക്കുക, ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെല്ലാം ചികിത്സയും സഹായവും നല്‍കുക, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വെക്കുന്നത്. ദുരിത ബാധിതര്‍ക്കാവശ്യമായ ചികിത്സാ സംവിധാനം ജില്ലയില്‍ത്തന്നെ ഒരുക്കുക, നഷ്ടപരിഹാരം നല്‍കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും ട്രിബ്യൂണല്‍ സ്ഥാപിക്കുക, ജൈവ പുനഃസ്ഥാപനം നടപ്പാക്കുക, ജൈവ കാര്‍ഷിക നയം നടപ്പാക്കുക, പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കുക, ദുരിതബാധിതരുടെ കടബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളും സമരമുന്നണി ഉന്നയിക്കുന്നുണ്ട്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഗോഡൗണുകളിലെ എന്‍ഡോസള്‍ഫാന്‍ നീക്കി നിര്‍വീര്യമാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.

ജില്ലാ ഭരണകൂടം തയ്യാറാക്കിയ ദുരിതബാധിതരുടെ പട്ടികയില്‍ 4182 പേരാണ് ഉള്ളത്. കഴിഞ്ഞ ആഗസ്തിലും ഡിസംബറിലും നടത്തിയ രണ്ട് മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്നായി 1318 പേരുടെ പ്രാഥമിക പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. മരിച്ചതിന് തുല്യം ജിവിക്കുന്നവരുടെയും കണക്കുപുസ്തകം തുറക്കേണ്ടതുണ്ട്. പല പട്ടികയിലും ഉള്‍പ്പെടാത്ത അനേകം പേര്‍ ഇന്നും കാസര്‍കോട്ടെ കുന്നുകള്‍ക്കിടയില്‍ ആരാലും തിരിഞ്ഞു നോക്കപ്പെടാതുണ്ട്.ദുരിതബാധിതരായി മരിച്ചവരുടെ ആശ്രിതര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നല്‍കണം. 2011 വരെ ജില്ലയില്‍ ദുരിത ബാധിതരായി മരിച്ചത് 734 പേരാണ്. ആശ്രിതര്‍ക്ക് 
സഹായധനം നല്‍കാന്‍ 38 കോടി രൂപയാണ് വേണ്ടത്. ഇതില്‍ നിന്ന് 17.87 കോടി രൂപയാണ് സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് ലഭിച്ചത്. 

ശുപാര്‍ശകളും പ്രഖ്യാപനങ്ങളും കൊണ്ട് ഉണക്കിയെടുക്കാവുന്നതല്ല കാസര്‍കോടിന്റെ മുറിവുകള്‍ . താത്കാലികാശ്വാസങ്ങള്‍ക്കൊപ്പം ഇരകളുടെ പുനരധിവാസത്തിന് ദീര്‍ഘദൃഷ്ടിയോടെ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനുള്ള ആത്മാര്‍ഥമായ സമീപനം ഉണ്ടാകേണ്ടതുണ്ട്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെയും അവരുടെ വേദന അറിയുന്നവരുടെയും കണ്ണും കാതും തിങ്കളാഴ്ച അനന്തപുരിയിലേക്കായിരിക്കും. സമരം അവസാനിപ്പിക്കാന്‍ ഇരകളുടെ പക്ഷത്തുനിന്നുള്ള തീരുമാനങ്ങളാണ് നാട് പ്രതീക്ഷിക്കുന്നത്.


No comments:

Post a Comment