Thursday, March 14, 2013

മുഖപ്രസംഗം March 14 - 2013

മുഖപ്രസംഗം March 14 - 2013

1. ആയുധ ഇറക്കുമതിയില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനം (മാധ്യമം)

ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന ഖ്യാതി ഇന്ത്യ നേടിയെടുത്തിരിക്കുന്നു. അടുത്ത കാലം വരെ ചൈനക്കായിരുന്നു ഈ സ്ഥാനം. ലോകത്തിലെ മൊത്തം ആയുധ ഇടപാടിന്‍െറ പത്തു ശതമാനം ഇന്ത്യയുടെ കണക്കിലാണിപ്പോള്‍. ഇവ്വിഷയകമായി കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ലോക്സഭയില്‍ നിരത്തിയ വിവരങ്ങള്‍ ജനാധിപത്യസമൂഹത്തിന്‍െറ സത്വര ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. 2009 ഏപ്രിലിന് ശേഷം അമേരിക്ക, റഷ്യ, ഇസ്രായേല്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്നായി 78,175കോടി രൂപയുടെ ആയുധങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2012 ഏപ്രിലിനും 2013 ഫെബ്രുവരിക്കുമിടയില്‍ മാത്രം 25,126.10 കോടി രൂപയുടെ ആയുധങ്ങളാണത്രെ നാം വാങ്ങിക്കൂട്ടിയത്. ആയുധ ബസാറില്‍ നാം എന്തുമാത്രം ആക്രാന്തം കാട്ടുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ ഇറക്കുമതിക്കായി ഖജനാവില്‍നിന്ന് ഊറ്റുന്ന കോടികളുടെ കണക്ക് പരിശോധിച്ചാല്‍ മതി.
2. പ്രത്യാശയിലേക്ക് പുതിയ പാപ്പ (മനോരമ)

വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍നിന്നുയര്‍ന്ന വെളുത്ത പുക ലോകത്തിനു സമ്മാനിക്കുന്നത് പുത്തന്‍ പ്രത്യാശകളുടെ ശുഭ്രതയാണ്. 120 കോടി കത്തോലിക്കാ വിശ്വാസികളുടെ പരമാചാര്യനും വത്തിക്കാന്‍ രാഷ്ട്രത്തിന്റെ തലവനുമായി ഫ്രാന്‍സിസ് മാര്‍പാപ്പ  നിയോഗിക്കപ്പെടുമ്പോള്‍ ധന്യമാകുന്നത് ആഗോള കത്തോലിക്കാ സഭ മാത്രമല്ല, ഈ ലോകത്തിന്റെയാകെ ധാര്‍മിക മനസ്സുകൂടിയാണ്. 


ആയുധ ഇറക്കുമതിയില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനം  
ആയുധ ഇറക്കുമതിയില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനം
ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന ഖ്യാതി ഇന്ത്യ നേടിയെടുത്തിരിക്കുന്നു. അടുത്ത കാലം വരെ ചൈനക്കായിരുന്നു ഈ സ്ഥാനം. ലോകത്തിലെ മൊത്തം ആയുധ ഇടപാടിന്‍െറ പത്തു ശതമാനം ഇന്ത്യയുടെ കണക്കിലാണിപ്പോള്‍. ഇവ്വിഷയകമായി കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ലോക്സഭയില്‍ നിരത്തിയ വിവരങ്ങള്‍ ജനാധിപത്യസമൂഹത്തിന്‍െറ സത്വര ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. 2009 ഏപ്രിലിന് ശേഷം അമേരിക്ക, റഷ്യ, ഇസ്രായേല്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്നായി 78,175കോടി രൂപയുടെ ആയുധങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2012 ഏപ്രിലിനും 2013 ഫെബ്രുവരിക്കുമിടയില്‍ മാത്രം 25,126.10 കോടി രൂപയുടെ ആയുധങ്ങളാണത്രെ നാം വാങ്ങിക്കൂട്ടിയത്. ആയുധ ബസാറില്‍ നാം എന്തുമാത്രം ആക്രാന്തം കാട്ടുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ ഇറക്കുമതിക്കായി ഖജനാവില്‍നിന്ന് ഊറ്റുന്ന കോടികളുടെ കണക്ക് പരിശോധിച്ചാല്‍ മതി. 2009-10 കാലയളവില്‍ 13,411.91 കോടി ചെലവിട്ട സ്ഥാനത്ത് അടുത്ത വര്‍ഷം 15,443.01 കോടിയാണ് വേണ്ടിവന്നത്. 2011-12 കാലയളവില്‍ അത് 24,193.83കോടിയായി കുത്തനെ ഉയര്‍ന്നു. ആയുധമിറക്കുമതിയില്‍ ഇന്ത്യ കാണിക്കുന്ന ഈ ആവേശം അന്താരാഷ്ട്ര ആയുധവ്യാപാരികര്‍ക്ക് വന്‍പ്രതീക്ഷ നല്‍കുന്നുണ്ടാവണം.
1999ലെ കാര്‍ഗില്‍ സംഘര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആയുധച്ചന്തയില്‍ നീന്തിത്തുടിക്കാന്‍ ഇന്ത്യ രണ്ടും കല്‍പിച്ചിറങ്ങിയതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ആയുധ വിഭൂഷിതരാവാന്‍ അടുത്ത കാലത്തൊന്നും യുദ്ധത്തിന്‍െറ അന്തരീക്ഷം മേഖലയില്‍ ഉറഞ്ഞുകൂടിയതായി ആര്‍ക്കും ചൂണ്ടിക്കാട്ടാന്‍ കഴിയില്ല. ലോകരാജ്യങ്ങള്‍ പൊതുവെ ആയുധങ്ങളുടെമേലുള്ള ആശ്രിതത്വം പരമാവധി കുറച്ച് നയതന്ത്രത്തിന്‍െറയും വാണിജ്യത്തിന്‍െറയും മൃദുല മാര്‍ഗങ്ങളിലൂടെ പരസ്പരബന്ധം ഊഷ്മളമാക്കാന്‍ പോംവഴികള്‍ ആരായുന്ന തിരക്കിലാണ്. അതിനിടയിലാണ് ആയുധക്കച്ചവടക്കാരുടെ ലാഭേച്ഛവിരിച്ച വലയില്‍ നാം വീണുകൊണ്ടിരിക്കുന്നത്. ആയുധക്കച്ചവടത്തില്‍ ദല്ലാള്‍പണി ചെയ്തു കോടികള്‍ വാരിക്കൂട്ടുന്ന ഇടനിലക്കാരുടെയും കമീഷന്‍ വഴി കീശ വീര്‍പ്പിക്കുന്ന രാഷ്ട്രീയ മേലാളന്മാരുടെയും അത്യാര്‍ത്തിക്കു മുന്നിലാണ് ഒരു രാജ്യത്തിന്‍െറ വിശാല താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുന്നത്. സൈന്യത്തിന്‍െറ നവീകരണം ആവശ്യമില്ലെന്ന് ആരും വാദിക്കാനിടയില്ല. എന്നാല്‍, അത്യാധുനിക ആയുധങ്ങള്‍ കൊണ്ടുമാത്രം കെട്ടിപ്പടുക്കാന്‍ കഴിയുന്നതല്ല ഒരു രാഷ്ട്രത്തിന്‍െറ പ്രതിരോധവും ജനതയുടെ സമാധാനവും. ഒരു വേള ചൈനയായിരുന്നു വിദേശരാജ്യങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ അത്യാധുനിക ആയുധങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നത്. ഇറക്കുമതി കുറക്കാന്‍ തീരുമാനിച്ച ആ രാജ്യം ആയുധക്കയറ്റുമതിയില്‍ ഗണ്യമായ പുരോഗതി കൈവരിച്ച് ഇന്ന് ലോകത്തിലെ തന്നെ ആറാമത്തെ രാജ്യം എന്ന പദവി നേടിയെടുത്തിട്ടുണ്ട്. അഞ്ചുവര്‍ഷം കൊണ്ട് 95ശതമാനം വര്‍ധനയാണ് ഈ രംഗത്ത് ആ രാജ്യം കരഗതമാക്കിയത്. ഇന്ത്യയാവട്ടെ, ആയുധനിര്‍മാണ രംഗത്ത് വലിയ ചുവടുവെപ്പുകള്‍ക്കൊന്നും തുനിയാതെ എഴുപത് ശതമാനം പരാശ്രയത്വത്തില്‍തന്നെ തുടരുകയാണ്. അടുത്ത കാലത്ത് ഇറ്റലിയില്‍നിന്നുള്ള ഹെലികോപ്ടര്‍ ഇടപാടില്‍ കോഴ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരികൊണ്ടപ്പോള്‍, ഇത്തരത്തിലുളള അഴിമതി തടയാന്‍ ഏകപോംവഴി ആയുധങ്ങള്‍ തദ്ദേശീയമായി വികസിപ്പിക്കുകയും ഉല്‍പാദിപ്പിക്കുയും ചെയ്യുകയാണെന്ന് എ.കെ ആന്‍റണി അഭിപ്രായപ്പെടുകയുണ്ടായി. രാഷ്ട്രീയ-ഭരണനേതൃത്വത്തിന്‍െറ ഇച്ഛാശക്തിയില്ലായ്മമൂലം സ്വാതന്ത്ര്യലബ്ധിയുടെ ആറര ദശകം കഴിഞ്ഞിട്ടും ആവശ്യമായ ആയുധ സാമഗ്രികള്‍ നിര്‍മിക്കാനാവശ്യമായ സാങ്കേതിക വിദ്യ നേടുന്നതില്‍ നാം ലക്ഷ്യം കാണാതെ പോയി.
രാജ്യത്തിന്‍െറ സുരക്ഷ പരമപ്രധാനമാണെന്ന കാര്യം അവിതര്‍ക്കിതമാണ്. പ്രതിരോധ മേഖലക്ക് ഓരോ വര്‍ഷവും ബജറ്റില്‍ കൂടുതല്‍ തുക നീക്കിവെക്കുന്നതിനോട് ആരും വിയോജിപ്പ് പ്രകടിപ്പിക്കാറുമില്ല. ധനമന്ത്രി പി. ചിദംബരം 2012-13 വര്‍ഷത്തേക്ക് പ്രതിരോധ മേഖലക്കായി 203,672 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. മുന്‍വര്‍ഷം ഇത് 193,407കോടിയായിരുന്നു. അഞ്ചുശതമാനത്തിന്‍െറ ഈ വര്‍ധനപോലും അപര്യാപ്തമാണെന്ന് വാദിക്കുന്നവരുണ്ട്. ചൈന സൈന്യത്തിന്‍െറ നവീകരണത്തിനു കല്‍പിക്കുന്ന മുന്‍ഗണനയാണ് ഇക്കൂട്ടര്‍ എടുത്തുകാട്ടുന്നത്. സമഗ്രാധിപത്യം വാഴുന്ന ഒരു രാജ്യം ആയുധമുഷ്കിലും സൈനിക കരുത്തിലും മാത്രം ഊന്നല്‍ നല്‍കുമ്പോള്‍ ഇന്ത്യപോലൊരു ജനാധിപത്യശക്തി ആയുധബലത്തില്‍ മാത്രം വിശ്വസിക്കുന്നത് നേരായ ചിന്തയാവില്ല. സാമൂഹിക സേവന തുറകളില്‍നിന്ന് ഭരണകൂടം പിന്മാറുകയും ജനക്ഷേമ പദ്ധതികള്‍ സര്‍ക്കാറിന്‍െറ അജണ്ടകളില്‍നിന്ന് ഒഴിവാക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. അപ്പോഴും പ്രതിരോധമേഖലയെ പുഷ്ടിപ്പെടുത്തുന്ന കാര്യത്തില്‍ ഒരുതരത്തിലുള്ള പിശുക്കും നാം കാട്ടാറില്ല. എന്നിട്ടും നമ്മുടെ സൈനിക സന്നാഹങ്ങള്‍ തൃപ്തികരമല്ലെന്നും ആയുധ സാമഗ്രികള്‍ കാലഹരണപ്പെട്ടതാണെന്നുമുള്ള വിലാപം മുന്‍ സൈനിക മേധാവി ജനറല്‍ വി.കെ സിങ്ങിനെപ്പോലുള്ളവരില്‍നിന്ന് കേള്‍ക്കേണ്ടിവന്നത് ആയുധസംഭരണത്തിലും ഗുണനിലവാരം ഉറപ്പാക്കുന്നതിലും സംഭവിക്കുന്ന ഗുരുതരമായ പാളിച്ചകള്‍ കൊണ്ടാണ്. ഇവിടെയാണ് ആയുധക്കച്ചവടത്തിന്‍െറ പിന്നില്‍ അരങ്ങേറുന്ന വന്‍ അഴിമതിയുടെയും കമീഷന്‍െറയും ഞെട്ടിക്കുന്ന കഥകള്‍ കടന്നുവരുന്നത്.
വന്‍ശക്തി രാഷ്ട്രങ്ങള്‍ തങ്ങളുടെ സമ്പദ് വ്യവസ്ഥക്ക് കാര്യമായ പോറലേല്‍ക്കാതെ നിലനിര്‍ത്തുന്നതും ആയുധ വ്യാപാരികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതും ഇന്ത്യ പോലുള്ള മൂന്നാംലോക രാഷ്ട്രങ്ങളില്‍ അവരുടെ നിലവാരം കുറഞ്ഞ ഉല്‍പന്നങ്ങള്‍ ഡമ്പ് ചെയ്താണ്. ഇന്ത്യ-പാക് ബന്ധത്തെ ഇന്നത്തെനിലയില്‍ സംഘര്‍ഷഭരിതമായി തുടര്‍ന്നുകൊണ്ടുപോകാന്‍ അണിയറയില്‍ കരുനീക്കങ്ങള്‍ നടത്തുന്നതുതന്നെ ആയുധലോബിയാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടാറുണ്ട്. ഇറാനെ പൊതുശത്രുവാക്കി നിര്‍ത്തി സൗദി അറേബ്യയടക്കമുള്ള ജി.സി.സി രാജ്യങ്ങളിലേക്ക് ആയുധമൊഴുക്കുന്ന അമേരിക്കയുടെ കുത്സിതനീക്കങ്ങള്‍ പലവട്ടം തുറന്നുകാട്ടപ്പെട്ടതാണ്. അഹിംസയുടെ ആദര്‍ശം ഉയര്‍ത്തിപ്പിടിച്ച് സ്വാതന്ത്ര്യം നേടിയെടുത്ത മഹത്തായ ഒരു രാജ്യം ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടുകാരായി മാറിയതിനു പിന്നിലെ വൈരുധ്യം നമ്മുടെ സകല മൂല്യവിചാരങ്ങളെയും തൂത്തുവാരുന്നുണ്ടെന്ന്് നാമറിയാതെ പോവുന്നത് വേദനാജനകമാണ്.
മാധ്യമം 14-03-13

പ്രത്യാശയിലേക്ക് പുതിയ പാപ്പ
mmonline_logo
വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍നിന്നുയര്‍ന്ന വെളുത്ത പുക ലോകത്തിനു സമ്മാനിക്കുന്നത് പുത്തന്‍ പ്രത്യാശകളുടെ ശുഭ്രതയാണ്. 120 കോടി കത്തോലിക്കാ വിശ്വാസികളുടെ പരമാചാര്യനും വത്തിക്കാന്‍ രാഷ്ട്രത്തിന്റെ തലവനുമായി ഫ്രാന്‍സിസ് മാര്‍പാപ്പ  നിയോഗിക്കപ്പെടുമ്പോള്‍ ധന്യമാകുന്നത് ആഗോള കത്തോലിക്കാ സഭ മാത്രമല്ല, ഈ ലോകത്തിന്റെയാകെ ധാര്‍മിക മനസ്സുകൂടിയാണ്.

ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രത്തിന്റെ തലവനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയ്ക്കു മുന്നില്‍ ലോകം മുഴുവന്‍ കണ്ണും കാതും തുറന്നുവച്ചതിന്റെ പൊരുള്‍ വ്യക്തമാണ്. വത്തിക്കാന്‍ എന്ന സ്വതന്ത്ര രാഷ്ട്രത്തിന്റെ ഈ തലവന്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു വെളിച്ചമാവേണ്ട ധാര്‍മിക ദര്‍ശനങ്ങളുടെ പ്രതീകം കൂടിയാണ്. മാര്‍പാപ്പയുടെ ശബ്ദം പ്രത്യയശാസ്ത്രങ്ങളുടെ അതിരുകളില്ലാതെ ലോകം ശ്രദ്ധിക്കുമ്പോള്‍ അതിലൂടെ മാറ്റൊലിക്കൊള്ളുന്നതു ലോകമനഃസാക്ഷിയുടെ ശബ്ദം തന്നെയാവുന്നു. അതില്‍ മുഴങ്ങുന്നതാവട്ടെ, മാനവികതയുടെയും നീതിയുടെയും സമാധാനത്തിന്റെയും ശാശ്വത പാഠങ്ങളും.

ധാര്‍മികതയുടെ കാവലാള്‍മാരായ മാര്‍പാപ്പമാരുടെ മഹനീയമായ അനുസ്യൂതിയിലാണു കാലത്തിലൂടെയുള്ള കത്തോലിക്കാ സഭയുടെ സഞ്ചാരം. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്കുശേഷം കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോഗിയോ  പുതിയ പാപ്പയാവുന്നതാവട്ടെ, ലോകസമൂഹം തന്നെ ഒട്ടേറെ വെല്ലുവിളികളും പ്രശ്നങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ദശാസന്ധിയിലും. അതുകൊണ്ടുതന്നെ പ്രശ്നവിഷയങ്ങളെക്കുറിച്ചുള്ള  മാര്‍പാപ്പയുടെ പ്രതികരണമെന്തെന്ന് അറിയാന്‍ ലോകം കാതോര്‍ക്കുമെന്നു തീര്‍ച്ച. ആ ശബ്ദം ലോകഗതിയെത്തന്നെ നിര്‍ണായകമായി സ്വാധീനിക്കുമെന്നതു ചരിത്രം നല്‍കുന്ന പാഠമാണ്.

പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ക്കു മുന്‍പിലും വിശ്വാസദീപം പ്രോജ്വലിപ്പിക്കാനുള്ള ഉത്തരവാദിത്തമാണു പുതിയ പാപ്പ ഏറ്റെടുക്കുന്നത്. വിശുദ്ധ പത്രോസിന്റെ പുതിയ പിന്‍ഗാമിക്കു സഭയുടെ പരമ്പരാഗത മൂല്യങ്ങളില്‍നിന്നു വ്യതിചലിക്കാനാവില്ല; അതേസമയം മാറിവരുന്ന ലോകസാഹചര്യങ്ങളോടു പ്രായോഗികമായി പ്രതികരിക്കാതിരിക്കാനുമാവില്ല. ക്രൈസ്തവ ജനസംഖ്യയുടെ വലിയൊരു ഭാഗം ഉള്‍ക്കൊള്ളുന്ന പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും അതിഭൌതികതയുടെയും ഉപഭോഗ സംസ്കാരത്തിന്റെയും ഭീഷണികള്‍ ഉയരുന്നതിനെതിരെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്നെ പലതവണ മുന്നറിയിപ്പു നല്‍കിയിരുന്നു. വിശ്വാസ ജീവിതത്തിലും സനാതനമൂല്യങ്ങളിലും ചോര്‍ച്ചയുളവാക്കുന്ന പുതിയ പ്രവണതകളെ പുതിയ പാപ്പ അഭിസംബോധന ചെയ്യാതിരിക്കില്ല.

ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രമാണെങ്കിലും വത്തിക്കാനെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രസക്തമായ നയതന്ത്രസാന്നിധ്യമായി നിലനിര്‍ത്തുക എന്ന ദൌത്യം രാഷ്ട്രത്തലവനെന്ന നിലയില്‍ മാര്‍പാപ്പയില്‍ നിക്ഷിപ്തമാണ്. അനാരോഗ്യം വകവയ്ക്കാതെ ക്യൂബയടക്കമുള്ള രാജ്യങ്ങളില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തുകയും പുതിയ ബന്ധങ്ങള്‍ക്കു തുടക്കമിടുകയും ചെയ്തിരുന്നു. സാര്‍വത്രിക വിശ്വാസത്തിന്റെ പാറയില്‍ സ്ഥാപിതമായ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ആരൂഢനാകുന്ന മാര്‍പാപ്പയ്ക്ക് ലോകമെമ്പാടുമുള്ള സ്വീകാര്യത നയതന്ത്രത്തിനുപരിയായ ധാര്‍മികശക്തി കൂടിയാണെന്നത് ഇത്തരം ദൌത്യങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു.

ആധുനിക കാലത്തിന്റെ ആവശ്യങ്ങളെയും അനിവാര്യതകളെയും പുതിയ പാപ്പ എങ്ങനെ വിലയിരുത്തുന്നുവെന്നും അവയോട് എങ്ങനെ പ്രതികരിക്കുന്നുവെന്നും ഇനിയുള്ള നാളുകളില്‍ ലോകം കാതോര്‍ക്കും. നന്മയില്‍ വിശ്വസിക്കുന്ന സമസ്ത ജനവിഭാഗങ്ങളും അദ്ദേഹത്തിന്റെ ധാര്‍മിക ശബ്ദത്തില്‍ തങ്ങളുടെ മനഃസാക്ഷിയുടെ ശബ്ദം തിരിച്ചറിയാതിരിക്കില്ല. കേരളത്തിലെ ലക്ഷക്കണക്കിനു വിശ്വാസികള്‍ക്കൊപ്പം ഞങ്ങളും പുതിയ പാപ്പയ്ക്കു പ്രാര്‍ഥനാപൂര്‍വം ആശംസകള്‍ നേരുന്നു.
മനോരമ 14-03-13

No comments:

Post a Comment