മുഖപ്രസംഗം March 26 - 2013
1. ഇന്ത്യ വളരുന്നു; ഇന്ത്യക്കാര്‍ തളരുന്നു (മാധ്യമം)
കഴിഞ്ഞയാഴ്ച പുറത്തുവന്ന ഐക്യരാഷ്ട്രസഭാ വികസന പരിപാടി (യു.എന്‍.ഡി.പി) റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇന്ത്യയുടെ വികസനമാതൃകയുടെ വൈകല്യത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. ആഗോളവികസന സൂചികകളില്‍ അതിസമ്പന്ന ‘വികസിത’ വടക്കന്‍ ബ്ളോക്കിന്‍െറ മേധാവിത്വം ചുരുങ്ങിവരുന്നതായാണ് കാണുന്നത്. വികസ്വര, തെക്കന്‍ രാജ്യങ്ങളും കൂട്ടായ്മകളും അതിവേഗം കുതിച്ചുയരുന്നു. എന്നാല്‍ , ഇതില്‍ സന്തോഷിക്കാനും ആഘോഷിക്കാനും വകയുണ്ടാകേണ്ടിയിരുന്ന നമ്മുടെ രാജ്യം, സാമ്പത്തിക വളര്‍ച്ചയുടെ ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും സാമ്പത്തിക-സാമൂഹിക നീതിയുടെ അളവുകളില്‍ കുത്തനെ താഴുന്നു എന്നതാണ് ദുഖകരമായ വൈരുധ്യം.
2. സെലക്ടര്‍മാര്‍ക്കും യുവനിരയ്ക്കും നന്ദി (മാത്രുഭൂമി)
ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിന് തോല്പിച്ച് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ഞായറാഴ്ച കുറിച്ചത് അതിന്റെ ടെസ്റ്റ് ചരിത്രത്തിലെ നാഴികക്കല്ല്. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ നാലിലും ഇന്ത്യ ജയിക്കുന്നത് ആദ്യമായിട്ടാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം കാലം ലോകറാങ്കിങ്ങിലെ ഒന്നാം സ്ഥാനം അലങ്കരിച്ച ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് വിജയമെന്നത് മാധുര്യമേറ്റും. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നാല് ടെസ്റ്റുകളിലും തോറ്റപ്പോഴുണ്ടായ നാണക്കേട് കഴുകിക്കളയാനും നമ്മുടെ ടീമിന് സാധിച്ചു.
3. ഇന്ത്യയുടെ സ്വന്തം സ്മാര്‍ട് ക്രിക്കറ്റ് (മനോരമ )
ഒത്തുപിടിച്ചാല്‍ ഏതു കൊമ്പനെയും മലര്‍ത്തിയടിക്കാമെന്ന് ടീം ഇന്ത്യ ക്രിക്കറ്റ് കളത്തില്‍ തെളിയിച്ചു. നായകന്‍ എം.എസ്. ധോണിയുടെ വാക്കുകള്‍ കടമെടുത്താല്‍, സ്മാര്‍ട് ക്രിക്കറ്റ് ആണ് ഒാസ്ട്രേലിയയ്ക്കെതിരെ ടീം പുറത്തെടുത്തത്. ആക്രമണോല്‍സുകത മുന്‍നിര്‍ത്തിയുള്ള കളിയുടെ കാലം കഴിഞ്ഞുവെന്നാണു ധോണിയുടെ പക്ഷം. എതിരാളിയുടെ മനസ്സുവായിച്ച് ബുദ്ധിപരമായ നീക്കങ്ങളിലൂടെ കളംപിടിക്കുന്ന സ്മാര്‍ട് കളിയാണു ഭാവിയില്‍ ചാംപ്യന്‍ ടീമിനാവശ്യമെന്നിരിക്കേ, അതുതന്നെയാണു ബോര്‍ഡര്‍ - ഗാവസ്കര്‍ ട്രോഫിയില്‍ മുത്തമിടാന്‍ ഇന്ത്യന്‍ ടീമിനെ സഹായിച്ചതും.
ഇന്ത്യ വളരുന്നു; ഇന്ത്യക്കാര്‍ തളരുന്നു
കഴിഞ്ഞയാഴ്ച പുറത്തുവന്ന ഐക്യരാഷ്ട്രസഭാ വികസന പരിപാടി (യു.എന്‍.ഡി.പി) റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇന്ത്യയുടെ വികസനമാതൃകയുടെ വൈകല്യത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. ആഗോളവികസന സൂചികകളില്‍ അതിസമ്പന്ന ‘വികസിത’ വടക്കന്‍ ബ്ളോക്കിന്‍െറ മേധാവിത്വം ചുരുങ്ങിവരുന്നതായാണ് കാണുന്നത്. വികസ്വര, തെക്കന്‍ രാജ്യങ്ങളും കൂട്ടായ്മകളും അതിവേഗം കുതിച്ചുയരുന്നു. എന്നാല്‍ , ഇതില്‍ സന്തോഷിക്കാനും ആഘോഷിക്കാനും വകയുണ്ടാകേണ്ടിയിരുന്ന നമ്മുടെ രാജ്യം, സാമ്പത്തിക വളര്‍ച്ചയുടെ ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും സാമ്പത്തിക-സാമൂഹിക നീതിയുടെ അളവുകളില്‍ കുത്തനെ താഴുന്നു എന്നതാണ് ദുഖകരമായ വൈരുധ്യം. യു.എന്‍.ഡി.പിയുടെ 2013ലെ മനുഷ്യവികസന റിപ്പോര്‍ട്ട്, 130 വികസ്വര രാജ്യങ്ങളുള്‍ക്കൊള്ളുന്ന ആഗോള തെക്കന്‍ ബ്ളോക്കിന്‍െറ വളര്‍ന്നുവരുന്ന ആധിപത്യത്തിന്‍െറ സാക്ഷ്യപത്രം കൂടിയാണ്. പടിഞ്ഞാറന്‍ , വടക്കന്‍ , വികസിത രാജ്യങ്ങളെന്നു വിശേഷിപ്പിക്കപ്പെട്ടുവന്നവയെ അപേക്ഷിച്ച് ഈ തെക്കന്‍ രാഷ്ട്രങ്ങള്‍ അതിവേഗമാണ് മുന്നേറുന്നത്. വേഗത്തില്‍ മാത്രമല്ല, വ്യാപ്തിയിലും ഈ മുന്നേറ്റം അഭൂതപൂര്‍വമാണെന്ന് യു.എന്‍.ഡി.പി എടുത്തുപറയുന്നു. ലോകസാമ്പത്തിക ഉല്‍പാദനത്തില്‍ തെക്കന്‍ രാജ്യങ്ങളുടെ പങ്ക് 1980ല്‍ 33 ശതമാനമായിരുന്നത് 2010ല്‍ 45 ശതമാനമായി. ആഗോള ചരക്കുവ്യാപാരത്തിലേത് 25 ശതമാനത്തില്‍നിന്ന് 47 ശതമാനമായും ഉയര്‍ന്നു. യു.എന്‍.ഡി.പി പ്രത്യേകമായി ഊന്നിപ്പറയുന്ന ഒരു വസ്തുതയുണ്ട്: ഈ സാമ്പത്തിക വളര്‍ച്ചയുടെ ചാലകം ഏതെങ്കിലും ‘വടക്കന്‍ ’ സഹായമല്ല, മറിച്ച് തെക്കന്‍രാജ്യങ്ങള്‍ക്കിടയിലെതന്നെ പരസ്പര സഹകരണവും പങ്കാളിത്തവുമാണ് എന്ന്. ‘സമ്പന്ന’ രാഷ്ട്രങ്ങളെ ആശ്രയിക്കാതെയാണ് ഈ പുരോഗതി എന്നര്‍ഥം. 2020ഓടെ ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ മൂന്ന് രാജ്യങ്ങളുടെ മൊത്തം ഉല്‍പാദനം ആറ് ‘സമ്പന്ന’രാജ്യങ്ങളുടേതിനെ (യു.എസ്, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നിവയുടേതിനെ) കടത്തിവെട്ടും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൊണ്ട് ഇന്ത്യയുടെയും ചൈനയുടെയും പ്രതിശീര്‍ഷവരുമാനം ഇരട്ടിച്ചിട്ടുണ്ട്.
എന്നാല്‍ , ഈ ദ്രുതവളര്‍ച്ചയുടെ വര്‍ത്തമാനത്തില്‍ നിരാശ പടര്‍ത്തുന്നതാണ് ഇന്ത്യയുടെ മനുഷ്യവികസന സൂചിക (എച്ച്.ഡി.ഐ). ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം തുടങ്ങിയ മേഖലകളില്‍ രാജ്യനിവാസികള്‍ കൈവരിക്കുന്ന നേട്ടങ്ങളുടെ കണക്കാണ് ഈ സൂചിക. ലിംഗനീതി, പരമദാരിദ്ര്യം, അസമത്വങ്ങള്‍ തുടങ്ങിയവയും ഇക്കൊല്ലത്തെ എച്ച്.ഡി.ഐയില്‍ പരിഗണിച്ചിട്ടുണ്ട്. രാജ്യം സാമ്പത്തികമായി എത്ര പുരോഗമിച്ചാലും ആ നേട്ടം എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാകാതിരിക്കുകയും ഏതാനും ചിലര്‍ ശതകോടീശ്വരന്മാരായിക്കൊണ്ടിരിക്കെതന്നെ അനേകകോടി മനുഷ്യര്‍ പട്ടിണിക്കാരും രോഗികളും തിരസ്കൃതരുമായി മാറുകയും ചെയ്യുമ്പോള്‍ അത് എച്ച്.ഡി.ഐ സൂചികയെ താഴോട്ട് വലിക്കും. അതുകൊണ്ടുതന്നെ, വളര്‍ച്ച നിരക്കില്‍ മുന്‍നിര രാജ്യങ്ങളിലൊന്നായ ഇന്ത്യ എച്ച്.ഡി.ഐയില്‍ 136ാം സ്ഥാനത്താണുള്ളത്: 187 രാജ്യങ്ങളില്‍ നമുക്ക് പിന്നാലെ 51 രാജ്യങ്ങള്‍ മാത്രമേ ഉള്ളൂ. 2005ല്‍ നമ്മുടെ സ്ഥാനം 128 ആയിരുന്നു; മനുഷ്യവികസന സൂചികയില്‍ നാം പിറകോട്ടു പോയിക്കൊണ്ടേയിരിക്കുകയാണ്. 2012ലെ അവസ്ഥ വെച്ചുപറഞ്ഞാല്‍, യുദ്ധവും മറ്റു കെടുതികളും മൂലം തകര്‍ന്നടിഞ്ഞ ഇറാഖിനേക്കാള്‍ അഞ്ചു റാങ്ക് താഴെയാണ് ഇന്ത്യ. ലിംഗസമത്വത്തില്‍ നാം 146ല്‍ 132ാം സ്ഥാനത്താണ്: പാകിസ്താന്‍െറയും ബംഗ്ളാദേശിന്‍െറയും നേപ്പാളിന്‍െറയും വളരെ പിന്നില്‍. ദരിദ്രരുടെ തോതിലും (54 ശതമാനം) നമ്മേക്കാള്‍ ഭേദമാണ് നേപ്പാളും പാകിസ്താനും. മനുഷ്യവികസനരംഗത്ത് അതിവേഗം നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലും (ബംഗ്ളാദേശ്, ചിലി, ഘാന, ഇന്തോനേഷ്യ, മലേഷ്യ, മെക്സികോ, മൊറിഷ്യസ്, റുവാണ്ട, തെക്കന്‍ കൊറിയ, വിയറ്റ്നാം) ഇന്ത്യ ഇല്ല. ഇവിടത്തെ പ്രതീക്ഷിതായുസ്സ് (65.2 വര്‍ഷം) ചൈന, ബ്രസീല്‍ എന്നിവയിലേതിലും എട്ടുവര്‍ഷം കുറവാണ്. തെക്കനേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടത്തില്‍ എച്ച്.ഡി.ഐ വളര്‍ച്ചനിരക്ക് ഏറ്റവും കുറവ് നമ്മുടേതുതന്നെ: അഫ്ഗാനിസ്താന്‍ 3.9 ശതമാനം, പാകിസ്താന്‍ 1.7 ശതമാനം, ഇന്ത്യ 1.5 ഉം.
ഇന്ത്യ വളരുന്നുണ്ടെങ്കിലും ഇന്ത്യക്കാര്‍ വളരുന്നില്ല എന്ന് ചുരുക്കം. സാമ്പത്തികരംഗത്ത് രാജ്യം വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നു. ചില ദരിദ്രരാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന സഹായത്തെ യു.എന്‍.ഡി.പി റിപ്പോര്‍ട്ട് ശ്ളാഘിക്കുന്നുമുണ്ട്. എന്നാല്‍ , ഇന്ത്യന്‍ ജനതക്ക് സാമൂഹിക ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ നമ്മുടെ നയങ്ങള്‍ പരാജയമാണ്. വളര്‍ച്ചക്കുവേണ്ടിയുള്ള വളര്‍ച്ചയോ ഏതാനും ധനികസ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള വളര്‍ച്ചയോ ആണ് നമ്മുടേത്- ജനങ്ങള്‍ക്കുവേണ്ടിയുള്ളതല്ല. വളര്‍ച്ച ജനങ്ങളിലേക്ക് പകരാന്‍ കഴിയുമ്പോള്‍ മാത്രമാണ് വികസനം സാര്‍ഥകമാവുക. എല്ലാ വിഭാഗങ്ങള്‍ക്കും പങ്ക് ലഭിക്കുന്നതാവണം വളര്‍ച്ച. എല്ലാ സമൂഹങ്ങള്‍ക്കും നീതി ലഭ്യമാകണം. സ്ത്രീകള്‍ക്ക് നിര്‍ഭയത്വവും പരിരക്ഷയും ലഭ്യമാകണം. എന്നാല്‍, ജനങ്ങളെ മുന്നില്‍ക്കണ്ടുള്ള ആസൂത്രണത്തില്‍നിന്ന് നാം പിറകോട്ടടിച്ചിരിക്കുന്നു. കമ്പോളമാണ് പരമാധികാരി-ജനാധിപത്യ സര്‍ക്കാര്‍ കമ്പോളത്തിന് സൗകര്യങ്ങളൊരുക്കുന്ന ഏജന്‍സി മാത്രമായിരിക്കുന്നു. പൊതുജനാരോഗ്യം, ഭക്ഷ്യലഭ്യത, പാര്‍പ്പിടലഭ്യത, വിദ്യാഭ്യാസ-തൊഴില്‍ അവസരങ്ങള്‍ എന്നിവയില്‍ ജനതാല്‍പര്യങ്ങളല്ല പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ സബ്സിഡികള്‍ വെട്ടിക്കുറക്കപ്പെടുന്നു. അതോടൊപ്പം സമ്പന്നര്‍ക്കുള്ള നികുതിയിളവുകള്‍ കുതിച്ചുയരുന്നു. (വര്‍ഷംപ്രതി അഞ്ചുലക്ഷം കോടി രൂപയെങ്കിലും നികുതിയൊഴിവെന്ന പേരില്‍ കേന്ദ്രം എഴുതിത്തള്ളുന്നുണ്ട്.) കൂറ്റന്‍ പദ്ധതികളുടെ പേരില്‍ പാവങ്ങള്‍ കുടിയിറക്കപ്പെടുന്നു. ഭൂമി വന്‍തോതില്‍ സ്വകാര്യ കുത്തകകള്‍ക്ക് നല്‍കുന്നു, പീഡനം നിത്യവാര്‍ത്തയാകുമ്പോള്‍ വി.വി.ഐ.പികള്‍ക്ക് സുരക്ഷയൊരുക്കാന്‍ കോടികള്‍ ചെലവിടുന്നു. നമുക്ക് പണമുണ്ട് -പക്ഷേ, സാമ്പത്തിക നീതിയില്ല. പദ്ധതികളും വ്യവസായങ്ങളുമുണ്ട്- പക്ഷേ, തൊഴിലവസരങ്ങളില്ല. രാജ്യരക്ഷക്ക് വന്‍ബജറ്റ് നീക്കിയിരിപ്പുണ്ട്-പക്ഷേ, നാട്ടുകാര്‍ക്ക് രക്ഷയില്ല.
ഒരു വീണ്ടുവിചാരം അടിയന്തരമായി വേണ്ടതുണ്ട്. ജനങ്ങള്‍ക്കുവേണ്ടിയുള്ള ഭരണം, ജനങ്ങള്‍ക്കുവേണ്ടിയുള്ള വികസനവും ആസൂത്രണവും, ജനങ്ങളെ ഉദ്ദേശിച്ചുള്ള പുരോഗതി- ഇതൊക്കെയാണ് നമുക്കാവശ്യമായിരിക്കുന്നത്. യു.എന്‍ മനുഷ്യവികസന റിപ്പോര്‍ട്ടും മനുഷ്യവികസന സൂചികയും നമുക്കൊരു പുനര്‍വിചിന്തനത്തിന് അവസരം നല്‍കുന്നു.
സെലക്ടര്‍മാര്‍ക്കും യുവനിരയ്ക്കും നന്ദി
ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിന് തോല്പിച്ച് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ഞായറാഴ്ച കുറിച്ചത് അതിന്റെ ടെസ്റ്റ് ചരിത്രത്തിലെ നാഴികക്കല്ല്. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ നാലിലും ഇന്ത്യ ജയിക്കുന്നത് ആദ്യമായിട്ടാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം കാലം ലോകറാങ്കിങ്ങിലെ ഒന്നാം സ്ഥാനം അലങ്കരിച്ച ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് വിജയമെന്നത് മാധുര്യമേറ്റും. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നാല് ടെസ്റ്റുകളിലും തോറ്റപ്പോഴുണ്ടായ നാണക്കേട് കഴുകിക്കളയാനും നമ്മുടെ ടീമിന് സാധിച്ചു. എട്ട് പതിറ്റാണ്ട് ചരിത്രമുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിന് ഓസ്‌ട്രേലിയയ്‌ക്കെതിരെ മുമ്പൊരിക്കലും രണ്ട് മത്സരങ്ങളിലധികം ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ റെക്കോഡ്‌നേട്ടത്തിന് ടീം നന്ദി പറയേണ്ടത് യുവനിരയോട്. അഭിമാനാര്‍ഹമായ വിജയം കൈവരിച്ച മഹേന്ദ്രസിങ് ധോനിയുടെ ടീം ഇന്ത്യക്കും അതിന് പശ്ചാത്തലമൊരുക്കിയവര്‍ക്കും അഭിവാദ്യമര്‍പ്പിക്കാം.
രണ്ട് ഇരട്ടസെഞ്ച്വറികളടക്കം ആറ് സെഞ്ച്വറികള്‍. അഞ്ച് അഞ്ചുവിക്കറ്റ് പ്രകടനങ്ങള്‍ . അഞ്ച് സെഞ്ച്വറി കൂട്ടുകെട്ടുകള്‍. നാലുവട്ടം അഞ്ചുവിക്കറ്റ് നേടിയ ഓഫ്സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍, ഒരു അഞ്ചുവിക്കറ്റ് നേട്ടമുള്‍പ്പെടെ 24 വിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജ, രണ്ട് സെഞ്ച്വറികളടക്കം 430 റണ്‍സെടുത്ത ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മുരളി വിജയ്, ടെസ്റ്റിലെ ഏറ്റവും വേഗമാര്‍ന്ന അരങ്ങേറ്റ സെഞ്ച്വറിക്കുടമയായ ശിഖര്‍ ധവാന്‍ , ഒന്നാം ടെസ്റ്റില്‍ കന്നി ഡബിള്‍ സെഞ്ച്വറി നേടി മത്സരഫലം ടീമിനനുകൂലമാക്കിയ ധോനി, പരിക്കിനെ വകവെക്കാതെ ഇരട്ടസെഞ്ച്വറി നേടിയ ചേതേശ്വര്‍ പുജാര... ഇവരാണ് ടീം ഇന്ത്യയുടെ അവിശ്വസനീയ നേട്ടത്തിന് കാരണക്കാര്‍.
മാറ്റങ്ങള്‍ വേണമെന്ന സന്ദീപ് പാട്ടീല്‍ ചെയര്‍മാനായ പുതിയ ടീം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ബോധപൂര്‍വമായ ശ്രമമാണ് ടീമിന്റെ പുത്തനുണര്‍വിന് വഴിവെച്ചത്. പഴയകാല പ്രകടനങ്ങളുടെ മേനിയില്‍ നിലനില്ക്കാന്‍ ശ്രമിച്ചവരെയും താന്‍പോരിമക്കാരെയും ഘട്ടംഘട്ടമായി ഒഴിവാക്കി. പ്രതിഭാധനരായ യുവതാരങ്ങള്‍ക്ക് അവസരം നല്‍കി. ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ്, ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ് തുടങ്ങിയവര്‍ പുറത്ത്. രാഹുല്‍ ദ്രാവിഡും വി.വി.എസ്. ലക്ഷ്മണും വിരമിച്ചു. വിരാട് കോലിയും പുജാരയും മുരളിയും ജഡേജയും ധവാനും ഭുവനേശ്വര്‍ കുമാറും ടീം ഇന്ത്യയുടെ അവിഭാജ്യഘടകങ്ങളായി. ധോനിയുടെകീഴില്‍ പരിചയസമ്പന്നര്‍ക്കൊപ്പം യുവനിര നന്നായി ഇഴുകിച്ചേര്‍ന്നു. കൂട്ടായ്മയില്‍ ആനന്ദം കാണുന്നവരുടെ സംഘമായി ടീം ഇന്ത്യ മാറി. പുതുതായി ഇടംകണ്ടവര്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നതോടെ വിജയവഴിയാണ് തുറന്നുവന്നത്. ഇനി വേണ്ടത് നാട്ടിലും വിദേശത്തും വിജയപരമ്പരകള്‍. വിവിധ സാഹചര്യങ്ങളില്‍ കളിച്ചുവിജയിക്കാന്‍ പറ്റിയ പിച്ചുകള്‍ നാട്ടിലൊരുക്കിയാലേ അതിന് സാധിക്കൂ. സ്പിന്നിന് പ്രാമുഖ്യമുള്ള ആക്രമണനിരയ്ക്ക് കണക്കായി നാട്ടിലെ പിച്ചുകള്‍ മുഴുവന്‍ മാറ്റിയാല്‍ വിദേശ പര്യടനങ്ങളില്‍ തിരിച്ചടിയുണ്ടാവും. അനുഭവങ്ങള്‍ പഠിപ്പിക്കുന്നത് അതാണ്. 'സ്‌പോര്‍ട്ടിങ് പിച്ചുകള്‍' ഒരുക്കുക. അതില്‍ കളിച്ച് കഴിവ് തെളിയിക്കുന്നവര്‍ ഏതുസാഹചര്യത്തിലും തിളങ്ങുന്നവരാവും.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ , അനില്‍ കുംബ്ലെ, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ്... തുടങ്ങിയ പ്രഗല്ഭര്‍ അരങ്ങുവാണ കാലമാണല്ലോ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണയുഗം. രണ്ടുവര്‍ഷം മുമ്പ് ടെസ്റ്റ് ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനവുമായി ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെട്ട ധോനിയുടെ ഇന്ത്യന്‍ സംഘം അവിടെ നാല് കളികളിലും തോറ്റ്, പ്രഥമസ്ഥാനം അടിയറവെച്ച് മടങ്ങിയത് ആരാധകമനസ്സില്‍ നിന്ന് മാഞ്ഞിട്ടുണ്ടാവില്ല. ഇതിന്റെ അനുരണനങ്ങള്‍ പിന്നാലെ വന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ദൃശ്യമായി. അവിടെയും നാല് ടെസ്റ്റുകളില്‍ നാലും തോറ്റു. വിദേശത്ത് തുടരെ എട്ടു തോല്‍വിയോടെ ലോകറാങ്കിങ്ങില്‍ പിന്നാമ്പുറത്തായി ടീം ഇന്ത്യ. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനും നായകനുമെതിരെ കടുത്ത വിമര്‍ശമുയര്‍ന്നു. കഴിഞ്ഞവര്‍ഷം പര്യടനത്തിനുവന്ന അലസ്റ്റര്‍ കുക്കിന്റെ ഇംഗ്ലണ്ട് ഒന്നിനെതിരെ രണ്ട് ടെസ്റ്റുകള്‍ ജയിച്ച്, 28 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയില്‍ നിന്ന് പരമ്പരയുമായി മടങ്ങിയപ്പോള്‍ മാറ്റത്തിനുവേണ്ടിയുള്ള മുറവിളി ഉച്ചത്തിലായി. മാറിച്ചിന്തിക്കാനും മാറ്റങ്ങള്‍ കൊണ്ടുവരാനും ക്രിക്കറ്റ് നേതൃത്വം തയ്യാറായതിന്റെ ഫലമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ റെക്കോഡ് നേട്ടം
ഇന്ത്യയുടെ സ്വന്തം സ്മാര്‍ട് ക്രിക്കറ്റ്
ഒത്തുപിടിച്ചാല്‍ ഏതു കൊമ്പനെയും മലര്‍ത്തിയടിക്കാമെന്ന് ടീം ഇന്ത്യ ക്രിക്കറ്റ് കളത്തില്‍ തെളിയിച്ചു. നായകന്‍ എം.എസ്. ധോണിയുടെ വാക്കുകള്‍ കടമെടുത്താല്‍, സ്മാര്‍ട് ക്രിക്കറ്റ് ആണ് ഒാസ്ട്രേലിയയ്ക്കെതിരെ ടീം പുറത്തെടുത്തത്. ആക്രമണോല്‍സുകത മുന്‍നിര്‍ത്തിയുള്ള കളിയുടെ കാലം കഴിഞ്ഞുവെന്നാണു ധോണിയുടെ പക്ഷം. എതിരാളിയുടെ മനസ്സുവായിച്ച് ബുദ്ധിപരമായ നീക്കങ്ങളിലൂടെ കളംപിടിക്കുന്ന സ്മാര്‍ട് കളിയാണു ഭാവിയില്‍ ചാംപ്യന്‍ ടീമിനാവശ്യമെന്നിരിക്കേ, അതുതന്നെയാണു ബോര്‍ഡര്‍ - ഗാവസ്കര്‍ ട്രോഫിയില്‍ മുത്തമിടാന്‍ ഇന്ത്യന്‍ ടീമിനെ സഹായിച്ചതും.
'മിസ്റ്റര്‍ കൂള്‍ നായകന്‍ എം.എസ്. ധോണിയും കൂട്ടരും കളിയുടെ എല്ലാ മേഖലകളിലും ഒാസീസിനെ ബഹുദൂരം പിന്നിലാക്കി സ്വന്തമാക്കിയതു ചരിത്രവിജയമാണ്. ടീമിന്റെ 81 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ നാലു മല്‍സരങ്ങള്‍ തുടര്‍ച്ചയായി വിജയിക്കുന്നത്. ചരിത്രവിജയം ഒാസ്ട്രേലിയയ്ക്കെതിരെയാകുമ്പോള്‍ നേട്ടത്തിനു ശോഭയേറുന്നു. ഒാസ്ട്രേലിയ 43 വര്‍ഷത്തിനുശേഷം ആദ്യമായാണു നാലു ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിത കരങ്ങളുടെ കൂട്ടായ്മയിലാണെന്നു വ്യക്തമാക്കുന്നതായിരുന്നു നാലു മല്‍സര പരമ്പര. ആത്മവിശ്വാസമുള്ള ഒരുപിടി യുവതാരങ്ങളുടെ പോരാട്ടവീര്യം പരമ്പരയില്‍ കണ്ടു. ചേതേശ്വര്‍ പുജാര, മുരളി വിജയ്, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, പ്രഗ്യാന്‍ ഒാജ, ഭുവനേശ്വര്‍ കുമാര്‍ എന്നീ യുവതാരങ്ങള്‍ തങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി വാഗ്ദാനങ്ങളാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു. സൌരവ് ഗാംഗുലി, അനില്‍ കുംബ്ളെ, രാഹുല്‍ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ്‍ എന്നീ മഹാരഥന്മാരൊഴിഞ്ഞ സ്ഥാനങ്ങളിലേക്കെത്തിയ യുവനിര രാജ്യാന്തര ക്രിക്കറ്റിന്റെ സമ്മര്‍ദങ്ങള്‍ താങ്ങാനുള്ള കെല്‍പ് കൈവരിച്ചിരിക്കുന്നു. ള്‍
അടുത്ത മാസം 40 വയസ്സുതികയുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇനി എത്രനാള്‍ കളത്തിലുണ്ടാകുമെന്നു പറയാനാവില്ല. സച്ചിന്‍ എന്ന വന്‍മരം ഒഴിയുമ്പോഴുള്ള വിടവുനികത്തുക എളുപ്പമല്ലെങ്കിലും മാസ്റ്റര്‍ ബ്ളാസ്റ്ററുടെ അസാന്നിധ്യത്തില്‍ ടീമിനെ മുന്നോട്ടുനയിക്കാനുള്ള ആത്മവിശ്വാസവും പോരാട്ടവീര്യവും യുവനിര ഒരു പരിധിയോളം ആര്‍ജിച്ചുകഴിഞ്ഞതായിവേണം കരുതാന്‍.
പ്രോല്‍സാഹനവും പിന്തുണയും നല്‍കി യുവാക്കളെ മുന്നോട്ടുനയിക്കുന്ന ധോണിയുടെ നായകമികവാണ് ഇന്ത്യന്‍ ടീമിന്റെ നട്ടെല്ല്. കഴിഞ്ഞ വര്‍ഷാവസാനം സ്വന്തം മണ്ണില്‍ ഇംഗണ്ടിനോടു ടെസ്റ്റ് പരമ്പര തോറ്റതിനെത്തുടര്‍ന്നു തന്റെ രക്തത്തിനായി മുറവിളി കൂട്ടിയവരുടെ നാവടപ്പിക്കുന്ന പ്രകടനമാണ് ഒാസീസിനെതിരെ ധോണി പുറത്തെടുത്തത്. മികച്ച ടീം കൂടെയുള്ളപ്പോള്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്താന്‍ നായകന് ഒട്ടേറെ അവസരങ്ങളുണ്ട്. അത്തരം അവസരങ്ങള്‍ സമര്‍ഥമായി ഉപയോഗിക്കുന്നതിലാണു നായകന്റെ വിജയം. ഇക്കാര്യത്തില്‍ ധോണിക്കു നൂറില്‍നൂറു മാര്‍ക്ക് നല്‍കാതെവയ്യ. ഒാസീസിനെ കുരുക്കാന്‍ ഇന്ത്യ സ്പിന്‍ പിച്ചുകള്‍ ഒരുക്കിയെന്ന ആക്ഷേപത്തില്‍ കഴമ്പില്ല. നാലു ടെസ്റ്റിലും ടോസ് നേടിയ ഒാസീസിനെ പിച്ച് ചതിച്ചുവെന്നു പറയുന്നതിലും അര്‍ഥമില്ല.
ക്രിക്കറ്റ് ഭൂപടത്തില്‍ വിജയക്കൊടി പാറിച്ച ഒാസ്ട്രേലിയയ്ക്കു താങ്ങാവുന്നതിനുമപ്പുറമാണ് ഇന്ത്യയിലെ സമ്പൂര്‍ണ പരമ്പര നഷ്ടം. ടീമംഗങ്ങള്‍ തമ്മിലുള്ള പടലപിണക്കവും യുവനിരയുടെ പരിചയക്കുറവും ആത്മവിശ്വാസമില്ലായ്മയും കംഗാരുക്കള്‍ക്കു തിരിച്ചടിയായി. സമീപകാലത്തെ ഏറ്റവും ദുര്‍ബലമായ മധ്യനിരയും ബോളിങ് സന്നാഹവുമായാണ് ഒാസീസ് ഇന്ത്യയിലെത്തിയത്. ഒരുകാലത്തു ക്രിക്കറ്റ് ലോകം അടക്കിവാണ വെസ്റ്റ് ഇന്‍ഡീസിനു സംഭവിച്ചതുപോലെ, ഒാസീസ് പ്രതാപവും മങ്ങുന്നുവെന്നു ചിന്തിക്കുന്ന ക്രിക്കറ്റ് പണ്ഡിതര്‍ ഒട്ടേറെയാണ്.
ലോക ക്രിക്കറ്റില്‍ ഏറ്റവും മികച്ച യുവനിരയുള്ള ടീമുകളിലൊന്നാണ് ഇപ്പോള്‍ ഇന്ത്യ. ടെസ്റ്റില്‍ ടീം ഇന്ത്യയ്ക്ക് ഇനി നീണ്ട ഇടവേളയാണ്. ഈ വര്‍ഷാവസാനം ദക്ഷിണാഫ്രിക്കയിലാണു ടീമിന്റെ അടുത്ത പരമ്പര. വിദേശമണ്ണില്‍ അടിതെറ്റുന്ന ടീം എന്ന ചീത്തപ്പേരു മായ്ക്കുകയാണ് ഇനി ആവശ്യം. ലോകക്രിക്കറ്റില്‍ അജയ്യരായി വിരാജിച്ച ഒാസീസിനെ മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിന്റെ കരുത്തില്‍ കൂടുതല്‍ ഉയരങ്ങളിലേക്കു ടീമിനെ നയിക്കാന്‍ യുവനിരയ്ക്കു കഴിയട്ടെ.
No comments:
Post a Comment