മുഖപ്രസംഗം March 19 - 2013
1. നമ്മെ ഭരിക്കേണ്ടവരുടെ ഭാഷ (മാധ്യമം)
സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഘടനയില്‍ യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ വരുത്തിയ മാറ്റങ്ങള്‍ എതിര്‍പ്പിനെ തുടര്‍ന്ന് തടഞ്ഞുവെച്ചിരിക്കുകയാണ്. മുന്‍കൂട്ടി വിശാലതലത്തില്‍ കൂടിയാലോചനകള്‍ നടക്കേണ്ടിയിരുന്ന വിഷയത്തില്‍ ഇങ്ങനെയൊരു എടുത്തുചാട്ടം എങ്ങനെ സംഭവിച്ചു എന്ന ചോദ്യമുണ്ട്. ഇനി ആവശ്യമായ തിരുത്തലുകളോടെ വിജ്ഞാപനമിറക്കാന്‍ സമയം ഏറെയില്ലെന്നിരിക്കെ തിടുക്കത്തില്‍ ഈ വര്‍ഷംതന്നെ മാറ്റങ്ങള്‍ വരുത്തുന്നത് ആശാസ്യമാണോ എന്ന സന്ദേഹവും ബാക്കിയാണ്. മാറ്റങ്ങളിലെ സദുദ്ദേശ്യങ്ങളെ സംശയിക്കുന്നതിലര്‍ഥമില്ലെങ്കിലും പരീക്ഷാഘടനയിലെ നിര്‍ദിഷ്ട പരിഷ്കാരങ്ങള്‍ പ്രയോഗത്തില്‍ പ്രാദേശിക ഭാഷകള്‍ക്കും അതു മുഖേന ഗ്രാമീണ മേഖലയില്‍നിന്നുള്ള പരീക്ഷാര്‍ഥികള്‍ക്കും പ്രതികൂലമാണെന്നത് വസ്തുതയാണ്.
നമ്മെ ഭരിക്കേണ്ടവരുടെ ഭാഷ
സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഘടനയില്‍ യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ വരുത്തിയ മാറ്റങ്ങള്‍ എതിര്‍പ്പിനെ തുടര്‍ന്ന് തടഞ്ഞുവെച്ചിരിക്കുകയാണ്. മുന്‍കൂട്ടി വിശാലതലത്തില്‍ കൂടിയാലോചനകള്‍ നടക്കേണ്ടിയിരുന്ന വിഷയത്തില്‍ ഇങ്ങനെയൊരു എടുത്തുചാട്ടം എങ്ങനെ സംഭവിച്ചു എന്ന ചോദ്യമുണ്ട്. ഇനി ആവശ്യമായ തിരുത്തലുകളോടെ വിജ്ഞാപനമിറക്കാന്‍ സമയം ഏറെയില്ലെന്നിരിക്കെ തിടുക്കത്തില്‍ ഈ വര്‍ഷംതന്നെ മാറ്റങ്ങള്‍ വരുത്തുന്നത് ആശാസ്യമാണോ എന്ന സന്ദേഹവും ബാക്കിയാണ്. മാറ്റങ്ങളിലെ സദുദ്ദേശ്യങ്ങളെ സംശയിക്കുന്നതിലര്‍ഥമില്ലെങ്കിലും പരീക്ഷാഘടനയിലെ നിര്‍ദിഷ്ട പരിഷ്കാരങ്ങള്‍ പ്രയോഗത്തില്‍ പ്രാദേശിക ഭാഷകള്‍ക്കും അതു മുഖേന ഗ്രാമീണ മേഖലയില്‍നിന്നുള്ള പരീക്ഷാര്‍ഥികള്‍ക്കും പ്രതികൂലമാണെന്നത് വസ്തുതയാണ്.
മൂന്നു തലത്തിലാണ് പ്രാദേശിക ഭാഷകള്‍ക്ക് പരീക്ഷയില്‍ ഇടമുണ്ടായിരുന്നത്: യോഗ്യതാനിര്‍ണയ (ക്വാളിഫൈയിങ്) പേപ്പറായിട്ട്, മെയിന്‍ പരീക്ഷയുടെ മാധ്യമമായിട്ട്, ഓപ്ഷനല്‍ പേപ്പര്‍ എന്ന നിലക്ക്. ഇതില്‍ ആദ്യത്തേത് എടുത്തുകളഞ്ഞിരിക്കുന്നു -അതിന്‍െറ സ്ഥാനത്ത് നിര്‍ബന്ധമായും എഴുതേണ്ട ഇംഗ്ളീഷ് പേപ്പറാണുള്ളത്; അതുതന്നെ വെറും യോഗ്യതാ നിര്‍ണയത്തിനു മാത്രമല്ലതാനും. മൊത്തം മാര്‍ക്കില്‍ അതിനു കിട്ടുന്നതുകൂടി ചേര്‍ക്കും. രണ്ടാമതായി, 25 പരീക്ഷാര്‍ഥികളെങ്കിലും ഉണ്ടെങ്കിലേ ഒരു പ്രാദേശികഭാഷ മാധ്യമമാക്കി പരീക്ഷയെഴുതാനാവൂ. ഓപ്ഷനല്‍ എന്ന മൂന്നാമത്തെ ഇടവും ചെറുതായിരിക്കുന്നു: ബിരുദപഠനത്തിന് പ്രാദേശികഭാഷ മുഖ്യവിഷയമാക്കിയിട്ടുള്ളവര്‍ക്കേ ആ ഭാഷ ഓപ്ഷനല്‍ ആയി എടുക്കാനാവൂ.
പ്രശ്നം ലോക്സഭയില്‍ ഉന്നയിച്ചവരടക്കം അതിന്‍െറ മര്‍മം തൊട്ടിട്ടില്ലെന്നതാണ് വസ്തുത. ഇംഗ്ളീഷിന് നല്‍കുന്ന അമിതപ്രാധാന്യത്തെച്ചൊല്ലിയായിരുന്നു ബഹളം. അത് വിഷയത്തിന്‍െറ ഒരു വശം മാത്രമേ ആകുന്നുള്ളൂ. പ്രാദേശികഭാഷകള്‍ നേരിടുന്ന അവഗണന അത്രതന്നെ പ്രധാനമാണ്. ഒട്ടും അപ്രധാനമല്ലാത്ത മൂന്നാമത്തെ വശം എം. കരുണാനിധിയെപ്പോലുള്ള ഒറ്റപ്പെട്ട വല്ലവരും പരാമര്‍ശിച്ചതും മറ്റെല്ലാവരും കണ്ടില്ലെന്നു നടിച്ചതുമായ ഒന്നാണ്: അംഗീകൃത പ്രാദേശിക ഭാഷകളെ അപേക്ഷിച്ച് ഹിന്ദിക്ക് കല്‍പിക്കപ്പെടുന്ന സവിശേഷ സ്ഥാനവും ഇത് പരീക്ഷാര്‍ഥികള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന വമ്പിച്ച അസമത്വവും അവസരങ്ങളിലെ ഉച്ചനീചത്വവുമാണത്. ഇതില്‍ ഇംഗ്ളീഷിന് നല്‍കുന്ന സ്ഥാനം സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. രാജ്യത്തിന്‍െറ ഭരണനിര്‍വഹണ മേഖലയുടെ പ്രധാന സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇംഗ്ളീഷ് അറിയുന്നവരും ആ ഭാഷയില്‍ ആശയവിനിമയം നടത്താന്‍ കഴിവുള്ളവരും ആകണമെന്നത് അവരുടെ സേവനം ലഭിക്കാന്‍ അവകാശമുള്ള ജനങ്ങളുടെയും രാജ്യത്തിന്‍െറയും താല്‍പര്യമാണ്. ആഗോളീകരണത്തിന്‍േറതായ കാലത്ത് ഇംഗ്ളീഷിലെ പ്രാവീണ്യക്കുറവ് നമ്മുടെ ഭാവിസാധ്യതകളെയാണ് വെട്ടിച്ചുരുക്കുക. മാത്രമല്ല, ഇംഗ്ളീഷ് ഇവിടെ വന്നത് അധിനിവേശ ഭാഷയായിക്കൊണ്ടാണെങ്കിലും സ്വാതന്ത്ര്യത്തിന്‍െറ ആറു പതിറ്റാണ്ടു പിന്നിട്ടിരിക്കെ ഇന്ന് അത് ഇന്ത്യയുടെ തനത് ഭാഷകളിലൊന്നുതന്നെയാണ്. മാതൃഭാഷ എന്ന പദവി അതിനില്ലെന്നത് കുറവല്ല: ഭാഷാവൈജാത്യം ഏറെയുള്ള നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും തുല്യമായ അടുപ്പമോ അകലമോ ഉള്ള ഒരു പൊതുഭാഷ എന്ന പ്രത്യേകത അതിനുണ്ടാവുന്നത് അങ്ങനെയാണ്. തീര്‍ച്ചയായും ഇന്ത്യക്ക് ഏറ്റവും അനായാസം ബന്ധഭാഷയായി ഉപയുക്തമാകുന്ന ഭാഷയും ഇംഗ്ളീഷ് തന്നെ. ഇക്കാരണങ്ങളാല്‍ സിവില്‍ സര്‍വീസില്‍ ഇംഗ്ളീഷ് പരിജ്ഞാനം അനിവാര്യമാണ്. എന്നാല്‍, ഇത് റാങ്കിങ്ങിനുള്ള മാനദണ്ഡങ്ങളില്‍പെടുത്താതെ യോഗ്യതാ നിര്‍ണയത്തിനു മാത്രമാക്കുകയും ആവശ്യമായ പ്രാവീണ്യം പരീക്ഷ ജയിക്കുന്നവര്‍ക്കുള്ള പരിശീലനത്തിന്‍െറ ഘട്ടത്തില്‍ നല്‍കുകയും ചെയ്യുന്നതാവും കരണീയം.
പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാനുള്ള അവസരം എടുത്തുകളഞ്ഞത് ന്യായമല്ല. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പറഞ്ഞ എല്ലാ ഭാഷകളും ഇന്ത്യയുടെ ദേശീയ ഭാഷകള്‍ തന്നെ ആണെന്നിരിക്കെ ഇന്ത്യയുടെ ഭരണചക്രം തിരിക്കേണ്ടവര്‍ക്ക് സ്വന്തം ഭാഷ വിട്ട് ഇംഗ്ളീഷിനെയോ ഹിന്ദിയെയോ മാത്രം ആശ്രയിച്ച് പരീക്ഷ ജയിക്കേണ്ടിവരരുത്. മെയിന്‍ പരീക്ഷ മലയാളത്തിലെഴുതണമെങ്കില്‍, ‘സി സാറ്റ്’ (പ്രാഥമിക പരീക്ഷ) എഴുതി ജയിച്ചവരില്‍ നിര്‍ദിഷ്ട മാനദണ്ഡങ്ങളുള്ള 25 പേര്‍ അപേക്ഷ കൊടുത്തിരിക്കണം; അല്ലെങ്കില്‍ ഇംഗ്ളീഷിലോ ഹിന്ദിയിലോ എഴുതണം. ഹിന്ദി ഭാഷക്കാര്‍ക്ക് ഇവിടെ പ്രത്യേകാവകാശവും ലഭിക്കുന്നു. ഹിന്ദിക്ക് നല്‍കുന്ന പ്രാമുഖ്യം അതേപടി എല്ലാ അംഗീകൃത ഇന്ത്യന്‍ ഭാഷകള്‍ക്കും നല്‍കുകയാണ് നീതി. എന്നാല്‍, 2011ല്‍ പ്രാഥമിക പരീക്ഷ ‘സി സാറ്റ്’ എന്ന പേരില്‍ പുതുക്കിയപ്പോഴടക്കം ചോദ്യങ്ങളെല്ലാം ഇംഗ്ളീഷിലും ഹിന്ദിയിലും മാത്രമാണ്; ഇത് പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടാന്‍ അന്ന് ആരുമുണ്ടായില്ല. ഇന്ന് ഹിന്ദിക്കു മുകളില്‍ ഇംഗ്ളീഷിന് (ന്യായമായ) സ്ഥാനം നല്‍കുമ്പോള്‍ ബഹളംവെക്കുന്നവര്‍ അന്ന് ഉച്ചനീചത്വത്തെപ്പറ്റി വേവലാതിപ്പെട്ടില്ല. ഏതായാലും സര്‍ക്കാര്‍ ഇപ്പോള്‍ പ്രശ്നം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇംഗ്ളീഷിനെ പൊതുഭാഷയും ആഭ്യന്തര-ആഗോള ബന്ധഭാഷയുമായും ഹിന്ദിയടക്കമുള്ള ഇതര ഇന്ത്യന്‍ ഭാഷകളെ മണ്ണിനോട് ചേര്‍ന്ന പ്രാദേശിക ഭാഷകളായും പരിഗണിക്കുന്ന ഒരു സമീപനമാണ് പുതിയ കാലത്തിന് ചേരുക. ഹിന്ദി അറിയുന്നവരേക്കാള്‍ എന്തെങ്കിലും നിലക്ക് അയോഗ്യരല്ല മലയാളമോ തമിഴോ ബംഗാളിയോ അറിയുന്നവര്‍.
No comments:
Post a Comment