1. കെ.എസ്.ആര്‍.ടി.സിക്ക് അന്ത്യകൂദാശ? (മാധ്യമം)
നാല്‍പത്തെട്ടു വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയെ നേരിടുകയാണ് കേരളത്തിലെ റോഡ് ഗതാഗതരംഗത്തെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സി. എണ്ണക്കമ്പനികള്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും ഡീസലിന് വിപണിവില ഈടാക്കിത്തുടങ്ങിയതോടെയാണ് ആദ്യമേ അബല, പോരാഞ്ഞ് ഗര്‍ഭിണിയും എന്ന പരുവത്തില്‍, സ്വതേ വരവിനേക്കാള്‍ എത്രയോ കൂടിയ ചെലവും ചുമന്നോടുന്ന ഈ പൊതുഗതാഗത കമ്പനി ഏതു നിമിഷവും ഓട്ടം നിലച്ച് നിശ്ചലമാവുന്ന സ്ഥിതിയിലെത്തിയത്.
2. അധ്യാപകരുടെ ഇടിയുന്ന വിശ്വാസ്യത (മാത്രുഭൂമി)
കുട്ടികളെ മാത്രമല്ല, അവരിലൂടെ സമൂഹത്തെത്തന്നെ പഠിപ്പിക്കുന്നവരാണ് അധ്യാപകര്‍. ഭാഷയും സാമൂഹികപാഠവും ചരിത്രവും ശാസ്ത്രവും എല്ലാം അവരിലൂടെയാണ് ഭാവിയിലേക്ക് ഒഴുകിപ്പോകുന്നത്. ആ പഠിപ്പ് പിഴച്ചാല്‍ സമൂഹം എവിടെയാണെത്തുക? നമ്മുടെ സ്‌കൂള്‍ സംവിധാനത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ അധ്യാപകസമൂഹത്തിന് കഴിയുന്നില്ലെന്ന് വിദ്യാഭ്യാസ പരിശീലനകേന്ദ്രമായ ഡയറ്റ് സംസ്ഥാനതലത്തില്‍ നടത്തിയ പുതിയപഠനം ഏവരെയും ആശങ്കാകുലരാക്കേണ്ടതുണ്ട്. ഒരുവിഭാഗം അധ്യാപകര്‍ അവരുടെ കര്‍ത്തവ്യനിര്‍വഹണത്തില്‍ ഉദാസീനത പുലര്‍ത്തുന്നുവെന്നും തൊഴില്‍പരമായ മികവ് കാട്ടുന്നില്ലെന്നും സമൂഹം കരുതുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.
ദേശീയപാത 47ല്‍ (ഇപ്പോള്‍ എന്‍എച്ച് 544) ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംക്ഷനുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള പദ്ധതികളില്‍ രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കേരളത്തിന് ഏറെ പ്രതീക്ഷ പകരുന്നു. ഇൌ നാലു ജംക്ഷനുകളിലെയും ഗതാഗതക്കുരുക്ക് ദേശീയപാതയ്ക്കാകെ വിലങ്ങിടുന്നതിനാല്‍ ഇതു കൊച്ചിയുടെ മാത്രം പ്രശ്നമായി ചുരുക്കിക്കാണാനാവില്ല.
കെ.എസ്.ആര്‍.ടി.സിക്ക് അന്ത്യകൂദാശ? (മാധ്യമം)
നാല്‍പത്തെട്ടു വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയെ നേരിടുകയാണ് കേരളത്തിലെ റോഡ് ഗതാഗതരംഗത്തെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സി. എണ്ണക്കമ്പനികള്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും ഡീസലിന് വിപണിവില ഈടാക്കിത്തുടങ്ങിയതോടെയാണ് ആദ്യമേ അബല, പോരാഞ്ഞ് ഗര്‍ഭിണിയും എന്ന പരുവത്തില്‍, സ്വതേ വരവിനേക്കാള്‍ എത്രയോ കൂടിയ ചെലവും ചുമന്നോടുന്ന ഈ പൊതുഗതാഗത കമ്പനി ഏതു നിമിഷവും ഓട്ടം നിലച്ച് നിശ്ചലമാവുന്ന സ്ഥിതിയിലെത്തിയത്. പ്രതിമാസം 90 കോടി രൂപയുടെ നഷ്ടം സഹിച്ച് ഇനി ഒരുനിലക്കും മുന്നോട്ടുനീങ്ങാനാവാത്ത കെ.എസ്.ആര്‍.ടി.സി ആരും പൂട്ടേണ്ടതില്ല, സ്വയം പൂട്ടിപ്പോവും എന്നാണ് വകുപ്പുമന്ത്രി ആര്യാടന്‍ മുഹമ്മദ് ആവര്‍ത്തിച്ചു പറയുന്നത്. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം ജീവല്‍പ്രധാനമായ ഈ ഗതാഗതസംവിധാനത്തിന് പഴയതുപോലെ, വന്‍കിട കമ്പനികള്‍ക്ക് നല്‍കുന്ന വന്‍വില ഈടാക്കാതെ ഡീസല്‍ അനുവദിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടനും മറ്റു കേന്ദ്ര-സംസ്ഥാന മന്ത്രിമാരുമടങ്ങുന്ന സംഘം കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്ലിയെ സന്ദര്‍ശിച്ച് നിവേദനം നടത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. കെ.എസ്.ആര്‍.ടി.സിക്കു മാത്രമായി ഒരിളവും സാധ്യമല്ലെന്ന ഉറച്ച തീരുമാനം അറിയിക്കുകയായിരുന്നു വീരപ്പമൊയ്ലി. പകരം പ്രകൃതിവാതകം ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ ബസോടിക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടി അതിനാവശ്യമായ സംവിധാനമുണ്ടാക്കാന്‍ 100 കോടി രൂപയും ഓഫര്‍ ചെയ്തു. പ്രകൃതിവാതകം ഇറക്കുമതി ചെയ്ത് ബസുകള്‍ക്ക് നിറച്ചുകൊടുക്കാനുള്ള പദ്ധതി ഉടനെ ആരംഭിച്ചാല്‍തന്നെ രണ്ടു വര്‍ഷമെങ്കിലും വേണം അത് ലക്ഷ്യപ്രാപ്തിയിലെത്താന്‍. അതിനാവശ്യമായ ചെലവുകളുടെ വക്കുതൊടാന്‍പോലും 100 കോടി രൂപ തികയുകയുമില്ല. ബാക്കി പണം ആരുതരും? കാണെക്കാണെ വിലകൂടി വരുന്ന പ്രകൃതിവാതകവും രണ്ടു വര്‍ഷമാവുമ്പോഴേക്ക് ബദല്‍ മാര്‍ഗമല്ലാതാവും എന്നതാണ് മറ്റൊരു കാര്യം. ചുരുക്കത്തില്‍, കരയുന്ന കുഞ്ഞുങ്ങളെ മിഠായി കൊടുത്ത് ആശ്വസിപ്പിക്കുന്ന ലാഘവത്തോടെ സംസ്ഥാന സര്‍ക്കാറിനെയും ജനങ്ങളെയും കളിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ഇനിയെന്തു വേണമെന്ന് എല്ലാവരും ഗൗരവമായി ആലോചിച്ച് നിര്‍ണായക തീരുമാനമെടുക്കേണ്ട സമയമാണിപ്പോള്‍. പൊതുഗതാഗതം ലാഭം ലക്ഷ്യമാക്കിയ വ്യവസായമല്ല, അത് എന്തുവിലകൊടുത്തും നിലനിര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്യേണ്ട സേവനമാണ്. ആ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനോ ഒളിച്ചോടാനോ ഒരു സര്‍ക്കാറും ശ്രമിക്കരുത്; അതിന് ജനം അനുവദിക്കുകയുമരുത്. വളരെ ലാഘവബുദ്ധിയോടെ, പൂട്ടിപ്പോവും എന്നു പറയുന്നവരെയല്ല, പ്രതിസന്ധി എങ്ങനെയും മറികടന്ന് നടത്തിക്കൊണ്ടുപോവും എന്ന് നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരെ വേണം കെ.എസ്.ആര്‍.ടി.സിയുടെ ഭരണച്ചുമതല ഏല്‍പിക്കാന്‍. 6213 ബസുകളും 5551 ഷെഡ്യൂളുകളുമുള്ള ഈ സ്ഥാപനത്തിന്‍െറ നടത്തിപ്പിന് മന്ത്രിതലംമുതല്‍ താഴോട്ട് പ്രാപ്തിയും പ്രതിബദ്ധതയുമുള്ള ഒരു പ്രഗല്ഭ ടീമിനെ കണ്ടെത്തുകയാണ് ഒന്നാമതായി വേണ്ടത്. പാഴ്ച്ചെലവുകളും ധൂര്‍ത്തും ദുര്‍വ്യയവും ഒഴിവാക്കിയും 31345 സ്ഥിരം ജോലിക്കാരും 13043 എംപാനല്‍കാര്‍ ഉള്‍പ്പെടെയുള്ള താല്‍ക്കാലിക ജീവനക്കാരും അടങ്ങുന്ന തൊഴില്‍ശക്തിയെ പ്രവര്‍ത്തനക്ഷമമാക്കിയും എങ്ങനെ പരമാവധി നഷ്ടം കുറച്ച് സര്‍വീസ് തുടരാമെന്ന് ആ ടീം പരിശോധിക്കട്ടെ. ഇക്കാര്യത്തില്‍ തൊഴിലാളികളുടെതന്നെ നിര്‍ദേശങ്ങളും സഹകരണവും തേടുകയും വേണം. കാരണം അവരുടെ നിലനില്‍പിന്‍െറകൂടി പ്രശ്നമാണല്ലോ ഇത്. അങ്ങനെ വരുമ്പോള്‍ വേതന സേവന വ്യവസ്ഥകളിലും പെന്‍ഷന്‍ കാര്യത്തിലും ചില വീട്ടുവീഴ്ചകള്‍ക്ക് തൊഴിലാളികള്‍ തയാറാവേണ്ടിവരും. രാഷ്ട്രീയ പ്രചോദിതമായ പിടിവാശി ഉപേക്ഷിച്ചില്ലെങ്കില്‍ സ്ഥാപനംതന്നെ ശൂന്യതയില്‍ ലയിക്കാനാണ് പോവുന്നതെന്ന് അവര്‍ തിരിച്ചറിയണം.
അതോടൊപ്പം, സ്വകാര്യ പെട്രോള്‍ പമ്പുകളില്‍നിന്ന് എണ്ണനിറച്ച് ഭാരം ലഘൂകരിക്കാന്‍ എന്തുകൊണ്ട് സാധ്യമല്ല എന്ന് ഉത്തരവാദപ്പെട്ടവര്‍ വിശദീകരിക്കണം. മുന്‍ സി.എം.ഡിയും ഇപ്പോള്‍ എ.ഡി.ജി.പിയുമായ ടി.പി. സെന്‍കുമാര്‍ കോര്‍പറേഷന്‍െറ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ നിര്‍ദേശങ്ങളില്‍ അത് ഉള്‍പ്പെടുന്നുണ്ട്. തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ സ്വകാര്യ പമ്പുകളില്‍നിന്ന് ഇന്ധനമെടുപ്പ് ആരംഭിച്ചുകഴിഞ്ഞു. 14 ഡിപ്പോകളിലായി 1200 ബസുകള്‍ ഓടുന്ന ധര്‍മപുരി ഡിവിഷനിലാണ് അവരിത് പരീക്ഷിച്ചുതുടങ്ങിയിരിക്കുന്നത്. കേരളത്തിലെ മൊത്തം കെ.എസ്.ആര്‍.ടി.സി ബസുകളില്‍ തീരെ അനാദായകരമായ സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടതായിതന്നെ വരും. ഇപ്പോള്‍ നിര്‍മാണമാരംഭിച്ചതടക്കം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനുകളുടെ വികസനവും വിപുലീകരണവും കഴിയുംവേഗം പൂര്‍ത്തിയാക്കിയാല്‍ ബസ് കൂലിയിതര വരുമാനമാര്‍ഗങ്ങളിലൂടെയും സ്ഥാപനത്തിന് പിടിച്ചുനില്‍ക്കാനാവും. അതേയവസരത്തില്‍ സാമ്പത്തിക പരിഷ്കരണം എന്ന ഓമനപ്പേരിട്ട് യു.പി.എ സര്‍ക്കാര്‍ തിരുതകൃതിയായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നവഉദാരീകരണം സ്വകാര്യവത്കരണ പരിപാടികളാണ് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി മരണവക്ത്രത്തിലാവാന്‍ കാരണമെന്ന കാര്യം മറക്കരുത്. സാമാന്യ ജനത്തിന് എത്രതന്നെ ജീവല്‍പ്രധാനമാണെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ ഊര്‍ധ്വശ്വാസം വലിച്ച് തകര്‍ന്നടിഞ്ഞാലേ കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് ലാഭം കൊയ്യാന്‍ കളമൊരുങ്ങൂ എന്ന ദുഷ്ടചിന്ത തലപ്പത്തിരിക്കുന്നവരെ പിടികൂടിയോ എന്ന് ന്യായമായി സംശയിക്കേണ്ടിടത്തേക്കാണ് സംഭവങ്ങളുടെ ഗതി.
അധ്യാപകരുടെ ഇടിയുന്ന വിശ്വാസ്യത (മാത്രുഭൂമി)
കുട്ടികളെ മാത്രമല്ല, അവരിലൂടെ സമൂഹത്തെത്തന്നെ പഠിപ്പിക്കുന്നവരാണ് അധ്യാപകര്‍. ഭാഷയും സാമൂഹികപാഠവും ചരിത്രവും ശാസ്ത്രവും എല്ലാം അവരിലൂടെയാണ് ഭാവിയിലേക്ക് ഒഴുകിപ്പോകുന്നത്. ആ പഠിപ്പ് പിഴച്ചാല്‍ സമൂഹം എവിടെയാണെത്തുക? നമ്മുടെ സ്‌കൂള്‍ സംവിധാനത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ അധ്യാപകസമൂഹത്തിന് കഴിയുന്നില്ലെന്ന് വിദ്യാഭ്യാസ പരിശീലനകേന്ദ്രമായ ഡയറ്റ് സംസ്ഥാനതലത്തില്‍ നടത്തിയ പുതിയപഠനം ഏവരെയും ആശങ്കാകുലരാക്കേണ്ടതുണ്ട്. കേരളത്തിലെ ആദായകരമല്ലാത്ത വിദ്യാലയങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് ഈ കണ്ടെത്തല്‍. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍ എന്നീ ജില്ലകളിലായി 50 വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് നടന്ന ഈ പഠനം കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസരംഗം എത്തിച്ചേര്‍ന്നിരിക്കുന്ന ഒട്ടേറെ വിപത്തുകളെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നു.
പഠനം കുറ്റപ്പെടുത്തുന്നത്, മുഴുവന്‍ അധ്യാപകസമൂഹത്തെയുമല്ല. എന്നാല്‍ , ഒരുവിഭാഗം അധ്യാപകര്‍ അവരുടെ കര്‍ത്തവ്യനിര്‍വഹണത്തില്‍ ഉദാസീനത പുലര്‍ത്തുന്നുവെന്നും തൊഴില്‍പരമായ മികവ് കാട്ടുന്നില്ലെന്നും സമൂഹം കരുതുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. പഠനത്തിലെ ഏറ്റവും ഞെട്ടിക്കുന്ന വസ്തുത എല്ലാതരക്കാരും പഠിക്കുന്ന ഒരിടമല്ലാതായി നമ്മുടെ വിദ്യാലയങ്ങള്‍ മാറി എന്ന വസ്തുതയാണ്. അനാദായകരം എന്നുവിളിക്കപ്പെടുന്ന വിദ്യാലയങ്ങളില്‍ പഠിക്കുന്നവരില്‍ 95 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. സമ്പന്നവിഭാഗം കുട്ടികളെ അണ്‍എയ്ഡഡ് മേഖലയിലേക്ക് വിടുമ്പോള്‍ മധ്യവര്‍ഗം ഇതിനെ അനുകരിക്കുന്നു.
ജാതിമതവിഭാഗങ്ങള്‍ സ്വന്തം വിദ്യാലയങ്ങള്‍ തുടങ്ങി സമുദായാംഗങ്ങളെ ആ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് സമൂഹത്തില്‍ വിഭാഗീയതയ്ക്ക് കാരണമാകുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. വിദ്യാലയങ്ങള്‍ പൊതു ഇടമല്ലാതായി മാറുന്നു. ഈ പുതിയ വിഭജനം സമ്പത്തിന്റെയും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള ചേരിതിരിവുകള്‍ക്കാണ് വഴിയൊരുക്കുക. അധ്യാപകജോലി വിലപേശി നേടാവുന്ന ഒന്നായി മാറിയതും ആ പ്രവൃത്തിയുടെ മഹത്ത്വത്തിന് ഇടിവുതട്ടിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളും അധ്യാപകരും തമ്മിലുള്ള ബന്ധത്തെ മാത്രമല്ല ഇത് വഷളാക്കിയിട്ടുള്ളത്. സമൂഹത്തെ മനസ്സിലാക്കാന്‍ സഹായിക്കേണ്ട വിദ്യാഭ്യാസം എന്ന പ്രക്രിയയുടെ സംവാദാത്മകതയെയും ഇത് സാരമായി ബാധിച്ചിട്ടുണ്ടെന്ന് കാണാവുന്നതാണ്.
ഒന്നാമത് വലിയ തുക കൊടുത്ത് തൊഴില്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുന്ന ഒരുവിഭാഗം അധ്യാപകരുടെ പ്രാഥമിക പരിഗണന പഠിപ്പിക്കുക എന്നതിനെക്കാളേറെ ആ തുക തിരിച്ചുപിടിക്കാനുള്ള മറ്റുപണികള്‍കൂടി കണ്ടെത്തുക എന്നതുകൂടിയായി മാറിയിട്ടുണ്ട്. അധ്യാപകര്‍ അക്കാദമിക ഇതര ജോലികളില്‍ വ്യാപൃതരാകുന്നത് പഠനതലത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാണെന്ന് ഡയറ്റ് പഠനവും ചൂണ്ടിക്കാട്ടുന്നുണ്ട്. പഠിപ്പിക്കാനുള്ള മതിയായ യോഗ്യതയില്ലാത്തവര്‍കൂടി പലവഴികളിലൂടെയും അധ്യാപകരായി കയറിക്കൂടുന്നതും അധ്യാപക-വിദ്യാര്‍ഥി ബന്ധത്തെയും പഠനനിലവാരത്തെയും സാരമായി ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സ്ഥിരം നിയമനങ്ങള്‍ കുറഞ്ഞുവന്നതോടെ ചുരുങ്ങിയ ശമ്പളത്തിന് പണിയെടുക്കാന്‍ നിര്‍ബന്ധിതരാകുന്ന താത്കാലിക ജീവനക്കാരുടെ സമൂഹം പെരുകിവരുന്നതും വിദ്യാഭ്യാസസമ്പ്രദായത്തെ തകര്‍ക്കാനിടയാക്കിയിട്ടുണ്ട്.
അധ്യാപകസമൂഹത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുകയെന്നത് ആ വിഭാഗത്തിന്റെ മാത്രം കാര്യമല്ല. ആരോഗ്യമുള്ള ഒരു പൊതുബോധത്തിന്റെ വളര്‍ച്ചയ്ക്ക് നമുക്ക് ഉയര്‍ന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരു അധ്യാപകസമൂഹം ഉണ്ടായേ പറ്റൂ. സര്‍ക്കാറിന്റെ മാത്രമല്ല, പൊതുസമൂഹത്തിന്റെകൂടി ഉത്തരവാദിത്വമാണത്. വിദ്യാഭ്യാസത്തെ ആദായകരമെന്നും അനാദായകരമെന്നും തരംതിരിക്കുന്ന ഇപ്പോഴത്തെ അപായകരമായ വ്യവസ്ഥ തുടര്‍ന്നാല്‍ അത് പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമ്പൂര്‍ണനാശത്തിലേക്കേ ചെന്നെത്തൂ. വിദ്യയെ കച്ചവടം വിഴുങ്ങുന്നിടത്ത് ലാഭംമാത്രമേ നോട്ടമുണ്ടാകൂ. മൂല്യം അവിടെ പിന്തള്ളപ്പെടും, ആത്മാവില്ലാതാകും. അധ്യാപകസമൂഹത്തിന്റെ വിശ്വാസ്യത ഏതുനിലയ്ക്കും വീണ്ടെടുക്കുകയെന്നത് പൊതുസമൂഹത്തിന്റെ അടിന്തയര കര്‍ത്തവ്യമാണ്. സര്‍ക്കാര്‍ ഇതില്‍ അടിയന്തരമായി ഇടപെട്ടേ പറ്റൂ.
എത്രയുംവേഗം കുരുക്കഴിയട്ടെ (മനോരമ)
ദേശീയപാത 47ല്‍ (ഇപ്പോള്‍ എന്‍എച്ച് 544) ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംക്ഷനുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള പദ്ധതികളില്‍ രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കേരളത്തിന് ഏറെ പ്രതീക്ഷ പകരുന്നു. ഇൌ നാലു ജംക്ഷനുകളിലെയും ഗതാഗതക്കുരുക്ക് ദേശീയപാതയ്ക്കാകെ വിലങ്ങിടുന്നതിനാല്‍ ഇതു കൊച്ചിയുടെ മാത്രം പ്രശ്നമായി ചുരുക്കിക്കാണാനാവില്ല.
കൊച്ചിയിലെ നാലു ജംക്ഷനുകളിലെയും ഗതാഗതക്കുരുക്കഴിക്കാന്‍ വഴിതേടി 'മലയാള മനോരമ സംഘടിപ്പിച്ച 'ഉയരട്ടെ പാലങ്ങള്‍, കുതിക്കട്ടെ കൊച്ചി ആശയക്കൂട്ടായ്മയില്‍ സര്‍ക്കാരിനു വേണ്ടി പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞാണു തീരുമാനം അറിയിച്ചത്. ഇതിനു പണം കണ്ടെത്താനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍.
എന്‍എച്ച് അതോറിറ്റി നിര്‍ദേശിച്ചിരിക്കുന്നതു പോലെ നാലു ജംക്ഷനുകളില്‍ വെവ്വേറെ ഫ്ളൈഒാവര്‍ നിര്‍മിക്കുകയോ അതല്ലെങ്കില്‍ കുണ്ടന്നൂര്‍ മുതല്‍ ഇടപ്പള്ളി വരെ ഒറ്റ മേല്‍പ്പാത (എലിവേറ്റഡ് ഹൈവേ) നിര്‍മിക്കുകയോ ആവാം. നിലവിലുള്ള ദേശീയപാതയ്ക്കു പകരമായി അരൂരില്‍ നിന്ന് ഇടപ്പള്ളിയിലേക്കു പുതിയൊരു ബൈപാസിനുള്ള സാധ്യതയും പരിഗണിക്കും. ഇൌ മൂന്നു നിര്‍ദേശങ്ങളില്‍ ഏതു വേണമെന്ന്, സര്‍ക്കാര്‍ നിയോഗിക്കുന്ന ഏജന്‍സി രണ്ടു മാസത്തിനുള്ളില്‍ തീരുമാനിക്കും.
സ്വകാര്യ ഏജന്‍സിയെക്കൊണ്ടു ഫ്ളൈഒാവറുകള്‍ നിര്‍മിപ്പിക്കുക എന്ന എന്‍എച്ച് അതോറിറ്റിയുടെ നയം നടപ്പാക്കുകയാണെങ്കില്‍ ചെറുവാഹനങ്ങള്‍ക്കു പത്തു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 85 രൂപ ടോള്‍ നല്‍കേണ്ടി വരും. ടോളിനെതിരെയുള്ള ജനവികാരം മനസ്സിലാക്കിയാണു സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിച്ചു കരാറുകാരനു വര്‍ഷാവര്‍ഷം പണം നല്‍കുന്ന രീതിയാണു സംസ്ഥാനം നടപ്പാക്കുക. ജനങ്ങളുടെ ഭാരം സര്‍ക്കാര്‍ വഹിക്കുക എന്നതു കേരളത്തെ സംബന്ധിച്ചു സ്വാഗതാര്‍ഹമായ നിര്‍ദേശമാണ്.
ഇക്കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍ ഒരുനിമിഷം പോലും അലംഭാവം പാടില്ല. ദേശീയപാതയിലാണു പദ്ധതി നടപ്പാക്കേണ്ടത് എന്നതിനാല്‍ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ദേശീയപാതാ അതോറിറ്റിയുമായി ചര്‍ച്ചചെയ്ത് ആശയവ്യക്തത കൈവരുത്തണം. മെട്രോ റയില്‍ നിര്‍മാണം ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ തുടങ്ങാനിരിക്കേ ഇടപ്പള്ളി ഫ്ളൈഒാവറിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവുക തന്നെവേണം. ഇടപ്പള്ളിയില്‍ ഏഴുനിര ഫ്ളൈഒാവറാണു ദേശീയപാതാ അതോറിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. നാലുനിര ഫ്ളൈഒാവര്‍ മതിയെന്നും അതു നിര്‍മിക്കാന്‍ തയാറാണെന്നും ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) അറിയിച്ചിട്ടുണ്ട്. മെട്രോ നിര്‍മാണത്തിന്റെ അടിയന്തരസ്വഭാവം പരിഗണിച്ചാണു ഡിഎംആര്‍സിയുടെ നിര്‍ദേശമെങ്കിലും ഭാവി വികസനം കൂടി കണക്കിലെടുത്താവണം തീരുമാനം.
കുണ്ടന്നൂരില്‍ നിന്ന് ഇടപ്പള്ളി വരെ ഒന്‍പതു കിലോമീറ്റര്‍ മാത്രമാണു ദൂരം; ഇടപ്പള്ളിയില്‍ നിന്നു തൃശൂര്‍ വരെ 74 കിലോമീറ്ററും. 74 കിലോമീറ്റര്‍ ദൂരം 70 മിനിറ്റ് കൊണ്ടു വാഹനങ്ങള്‍ക്ക് ഒാടിയെത്താമെങ്കില്‍ ഇടപ്പള്ളി മുതല്‍ കുണ്ടന്നൂര്‍ വരെയുള്ള ഒന്‍പതു കിലോമീറ്റര്‍ കടന്നുകിട്ടാന്‍ ഇപ്പോള്‍ വേണ്ടത് ഏകദേശം 40 മിനിറ്റാണ്.
കൊച്ചി നഗരത്തില്‍ ഇപ്പോള്‍ വാഹനങ്ങളുടെ ശരാശരി വേഗം മണിക്കൂറില്‍ 40 കിലോമീറ്ററാണെങ്കില്‍ നാലോ അഞ്ചോ വര്‍ഷം കൊണ്ട് ഇതു മണിക്കൂറില്‍ പത്തു കിലോമീറ്ററായി ചുരുങ്ങുമെന്നു പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു. നാലു ജംക്ഷനുകളില്‍ മാത്രം ഒരുമാസം കത്തിത്തീരുന്ന ഇന്ധനത്തിന്റെ വില 30 ലക്ഷംരൂപ വരും. അഞ്ചുവര്‍ഷത്തിനുള്ളില്‍ കൊച്ചിയില്‍ റജിസ്റ്റര്‍ ചെയ്തത് 1.29 ലക്ഷം വാഹനങ്ങളാണ്. ഇടപ്പള്ളി - കുണ്ടന്നൂര്‍ നാലുവരിപ്പാതയില്‍ ദിവസം പരമാവധി ഉള്‍ക്കൊള്ളാവുന്ന വാഹനങ്ങളുടെ എണ്ണം 30,000 - 35,000 ആണെന്നിരിക്കേ, ഇതുവഴി ഇപ്പോള്‍ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം 60,000 ആണ്.
കൊച്ചി നഗരത്തില്‍ ഒാരോ ദിവസവും വന്നുപോകുന്നവരില്‍ 37 ശതമാനവും അയല്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. അതിനാല്‍, കൊച്ചി നഗരത്തെ രക്ഷിക്കാനുള്ളൊരു നടപടിയായി മാത്രം ഇതിനെ കാണാന്‍ പാടില്ല. കൊച്ചി നഗരം നിശ്ചലമാകാതിരിക്കേണ്ടതു സംസ്ഥാനത്തിന്റെയാകെ ആവശ്യമായി കണ്ടു സര്‍ക്കാര്‍ എത്രയുംവേഗം തീരുമാനമെടുത്ത് സമയബന്ധിതമായി മുന്നോട്ടുപോവുക തന്നെ വേണം.
No comments:
Post a Comment