Monday, March 4, 2013

മുഖപ്രസംഗം March 04 - 2013

മുഖപ്രസംഗം March 04 - 2013

1. ബംഗ്ളാദേശിലെ ജനാധിപത്യ കശാപ്പ്  (മാധ്യമം)


വൈരനിര്യാതന രാഷ്ട്രീയം 'കിഴക്കിന്റെ രോഗി'യായ ബംഗ്ളാദേശില്‍ ചോരക്കളികള്‍ക്ക് ഇടവരുത്തിയിരിക്കുന്നു. മാനുഷികമര്യാദകള്‍ കാറ്റില്‍ പറത്തി സായുധാധികാര ബലത്തില്‍ ജനക്കൂട്ടത്തെ ഇളക്കിവിട്ട് പ്രതിപക്ഷത്തെ അടിച്ചൊതുക്കാന്‍ ഭരണകൂടം നേരിട്ട് നേതൃത്വം നല്‍കുകയാണവിടെ. ഏറ്റവുമൊടുവില്‍ യുദ്ധ കുറ്റകൃത്യങ്ങള്‍ക്കെതിരെ രൂപവത്കരിക്കപ്പെട്ട ട്രൈബ്യൂണലിനെ ശൈഖ് ഹസീനയുടെ അവാമിലീഗ് ഗവണ്‍മെന്റ് രാഷ്ട്രീയ പകപോക്കലിനുള്ള ഉപകരണമാക്കി മാറ്റിയതാണ് രാജ്യത്തെ സ്ഫോടനാത്മകമാക്കിയിരിക്കുന്നത്. പ്രബല പ്രതിപക്ഷകക്ഷിയായ ജമാഅത്തെ ഇസ്ലാമിയുടെ നേതാവ് മൗലാന ദില്‍വര്‍ ഹുസൈന്‍ സഈദിയെ കൂടി തൂക്കിലേറ്റാന്‍ വ്യാഴാഴ്ച ട്രൈബ്യൂണല്‍ വിധിച്ചതാണ് പുതിയ പ്രകോപനം. പുതിയ സംഘര്‍ഷങ്ങളില്‍ അറുപതോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനംചെയ്ത് ജമാഅത്തെ ഇസ്ലാമിയും, അതിനെ ശക്തി ഉപയോഗിച്ചു നേരിടാന്‍ ഭരണകൂടവും ഉറച്ചതോടെ കാലുഷ്യം വഷളാവുകയേയുള്ളൂ.

2. കത്തിച്ചുകളയുന്ന ലക്ഷങ്ങള്‍ പൊട്ടിച്ചു കളയുന്ന ജീവിതങ്ങള്‍  (മാത്രുഭൂമി )

ഓരോ ഉത്സവകാലവും ഓരോ ദുരന്തസ്മരണകള്‍ മാത്രമാണ് ബാക്കിയാക്കുന്നതെങ്കില്‍ എന്തിന് അത്തരം ഉത്സവാഘോഷങ്ങള്‍ എന്ന് ചിന്തിക്കുവാന്‍ സമയമായി. പാലക്കാട് ചെര്‍ുപ്പുളശ്ശേരിക്കടുത്തുള്ള പന്നിയംകുറിശ്ശിയിലെ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറു ജീവനാണ് അപഹരിക്കപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പ് 2011 ഫിബ്രവരി ഒന്നിന് പാലക്കാട്ട് തന്നെയുള്ള ത്രാങ്ങാലിയിലെ വെടിക്കെട്ടപകടത്തില്‍ 13 പേരാണ് മരിച്ചത്. ഓരോ ദുരന്തവും അവശേഷിപ്പിക്കുന്നത് മരിച്ചവരുടെ എണ്ണക്കണക്കിനപ്പുറം സമൂഹദുരന്തം തന്നെയായിമാറുന്ന അംഗവൈകല്യം വന്നവരുടെയും അനാഥരാകുന്ന കുട്ടികളുടെയും ജീവിതാവസ്ഥകള്‍ കൂടിയാണ്.

3. ഡല്‍ഹിയെ ഒാര്‍ത്ത് കേഴുക നാം (മനോരമ )

ജനാധിപത്യ ഭാരതത്തിനു മുഴുവന്‍ മാതൃകയാകേണ്ടതും ലോകത്തിനുമുന്നില്‍ നമ്മുടെ കുലീനമായ മുദ്രാമുഖം പ്രദര്‍ശിപ്പിക്കേണ്ടതുമായ നഗരമാണ് ഡല്‍ഹി. ഭരണത്തിന്റെ കേന്ദ്രബിന്ദുവും സുരക്ഷാക്രമീകരണങ്ങളുടെ വന്‍ സന്നാഹങ്ങള്‍ സദാ സജ്ജവുമായ നമ്മുടെ കിരീടനഗരത്തിലാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അരക്ഷിതരായിരിക്കുന്നത് എന്നതു രാജ്യത്തിനുമുഴുവന്‍ നാണക്കേടുതന്നെ




ബംഗ്ളാദേശിലെ ജനാധിപത്യ കശാപ്പ്  (മാധ്യമം)
ബംഗ്ളാദേശിലെ ജനാധിപത്യ കശാപ്പ്

വൈരനിര്യാതന രാഷ്ട്രീയം 'കിഴക്കിന്റെ രോഗി'യായ ബംഗ്ളാദേശില്‍ ചോരക്കളികള്‍ക്ക് ഇടവരുത്തിയിരിക്കുന്നു. മാനുഷികമര്യാദകള്‍ കാറ്റില്‍ പറത്തി സായുധാധികാര ബലത്തില്‍ ജനക്കൂട്ടത്തെ ഇളക്കിവിട്ട് പ്രതിപക്ഷത്തെ അടിച്ചൊതുക്കാന്‍ ഭരണകൂടം നേരിട്ട് നേതൃത്വം നല്‍കുകയാണവിടെ. ഏറ്റവുമൊടുവില്‍ യുദ്ധ കുറ്റകൃത്യങ്ങള്‍ക്കെതിരെ രൂപവത്കരിക്കപ്പെട്ട ട്രൈബ്യൂണലിനെ ശൈഖ് ഹസീനയുടെ അവാമിലീഗ് ഗവണ്‍മെന്റ് രാഷ്ട്രീയ പകപോക്കലിനുള്ള ഉപകരണമാക്കി മാറ്റിയതാണ് രാജ്യത്തെ സ്ഫോടനാത്മകമാക്കിയിരിക്കുന്നത്. പ്രബല പ്രതിപക്ഷകക്ഷിയായ ജമാഅത്തെ ഇസ്ലാമിയുടെ നേതാവ് മൗലാന ദില്‍വര്‍ ഹുസൈന്‍ സഈദിയെ കൂടി തൂക്കിലേറ്റാന്‍ വ്യാഴാഴ്ച ട്രൈബ്യൂണല്‍ വിധിച്ചതാണ് പുതിയ പ്രകോപനം. പുതിയ സംഘര്‍ഷങ്ങളില്‍ അറുപതോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനംചെയ്ത് ജമാഅത്തെ ഇസ്ലാമിയും, അതിനെ ശക്തി ഉപയോഗിച്ചു നേരിടാന്‍ ഭരണകൂടവും ഉറച്ചതോടെ കാലുഷ്യം വഷളാവുകയേയുള്ളൂ.
ഈ വര്‍ഷാവസാനം നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഭരണകക്ഷിയായ ശൈഖ് ഹസീന നയിക്കുന്ന അവാമിലീഗ്, ചരിത്രത്തെ തലകീഴായി നിര്‍ത്തി പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാന്‍ നടത്തുന്ന കരുനീക്കങ്ങളാണ് സ്ഥിതി ഈ നിലയിലെത്തിച്ചത്. 1971ല്‍ പാകിസ്താന്‍ വിഭജിച്ച് ബംഗ്ളാദേശ് രൂപംകൊള്ളുന്ന കാലത്ത് പാക്സൈന്യത്തിന്റെ കൂടെ ബംഗ്ളാ ജനതക്കെതിരെ അതിക്രമങ്ങള്‍ ചെയ്തവരെയും പിന്തുണച്ചവരെയും വിചാരണചെയ്ത് ശിക്ഷിക്കുമെന്ന് 2008ലെ തെരഞ്ഞെടുപ്പില്‍ അവാമി ലീഗ് വാഗ്ദാനം നല്‍കിയിരുന്നു. അതനുസരിച്ച് രൂപംകൊടുത്ത ട്രൈബ്യൂണല്‍ പ്രബല പ്രതിപക്ഷകക്ഷിയായ ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കള്‍ക്ക് തകൃതിയായി തൂക്കുമരം വിധിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. യുദ്ധക്കുറ്റവാളികളെ തൂക്കിലേറ്റാന്‍ മുറവിളികൂട്ടി സ്വന്തം പാര്‍ട്ടിക്കാരെയും മതവിരുദ്ധ ശക്തികളെയും ഇളക്കിവിട്ട് പശ്ചിമേഷ്യ മോഡലില്‍ ശാഹ്ബാഗ് സ്ക്വയറിനു രൂപംകൊടുക്കുകയും അതേസമയം, കുറ്റവിചാരണ ട്രൈബ്യൂണലിനെക്കൊണ്ട് വിധി ചുട്ടെടുപ്പിക്കുകയും ചെയ്യുകയാണ് ഹസീന. ഇതിനെതിരായ എതിര്‍ശബ്ദങ്ങളെ ഒട്ടും പൊറുപ്പിക്കില്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞ ഫെബ്രുവരി 15ന് ബംഗ്ളാദേശിലെ രാഷ്ട്രീയവെറിയുടെ പിന്നാമ്പുറ കഥകള്‍ പുറത്തുവിട്ട 'ദ ഇക്കണോമിസ്റ്റ്' പത്രത്തിന്റെ ലക്കങ്ങള്‍ ഒന്നിച്ച് ഭരണകൂടം പിടിച്ചെടുത്ത് നശിപ്പിച്ചത്.
1971 ഡിസംബര്‍ 16ന് ബംഗ്ളാദേശ് യുദ്ധത്തില്‍ പരാജയപ്പെട്ട് കീഴടങ്ങിയ 93,000 പാക്സൈനികരെ യുദ്ധത്തടവുകാരായി പിടിച്ചു. ഇതില്‍ 195 പേര്‍ക്കെതിരെ യുദ്ധക്കുറ്റകൃത്യം ചുമത്തി. 1973 ജൂലൈ 19ന് ബംഗ്ളാ പാര്‍ലമെന്റ് ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ നിയമം പാസാക്കി. നാലുനാള്‍ മുമ്പ് യുദ്ധക്കുറ്റവാളികള്‍ക്ക് മൗലികാവകാശം പോലും നിഷേധിക്കുന്ന തരത്തില്‍ ഭരണഘടന ഭേദഗതി ചെയ്തു. എന്നാല്‍, 1972ല്‍ കിഴക്കന്‍ പാകിസ്താനെ ബംഗ്ളാദേശ് ആയി വേറിട്ടുപോകാന്‍ സഹായിച്ച ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ച ഷിംല കരാറില്‍ യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനും ധാരണയായിരുന്നു. അതിന്റെ ചുവടുപിടിച്ച് 1974 ഏപ്രില്‍ ഒമ്പതിന് ബംഗ്ളാദേശും പാകിസ്താനും ഇന്ത്യയും ന്യൂദല്‍ഹിയില്‍, ബംഗ്ളാദേശ് പിടിച്ച 195 പാക് യുദ്ധക്കുറ്റവാളികളെ വിചാരണയൊന്നും കൂടാതെ വിട്ടയക്കാന്‍ ധാരണയായി. സൈനികരെ പാകിസ്താനു തിരിച്ചു നല്‍കിയതോടെ യുദ്ധക്കുറ്റവിചാരണ ഇല്ലാതായി. എന്നിരിക്കെ, 1973ലെ പഴയ നിയമം ഇപ്പോള്‍ പുനഃസ്ഥാപിച്ച നടപടി രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം തള്ളാനാവില്ല. പ്രസ്തുത നിയമമനുസരിച്ച് സൈന്യത്തിന്റെ ഭാഗമോ പോഷകഘടകമോ സഹായികളോ ആയി കുറ്റകൃത്യം ചെയ്തവരെയാണ് പിടികൂടുക. ഈ വകുപ്പ് ഉപയോഗിച്ച് അല്‍ബദ്ര്‍, അശ്ശംസ്, റസാകാര്‍ തുടങ്ങിയ പേരുകളില്‍ യുദ്ധക്കാലത്തെ കുപ്രസിദ്ധ സായുധസംഘങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇപ്പോഴത്തെ നീക്കം. എന്നാല്‍, ജമാഅത്ത് ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തീര്‍ത്തുപറയുന്നു. മുസ്ലിംലീഗ്, ജംഇയ്യത്് ഉലമായെ ഇസ്ലാം, ചൈനാ അനുകൂല കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവരെപ്പോലെ പാകിസ്താന്‍ വിഭജനത്തെ തങ്ങള്‍ എതിര്‍ത്തിരുന്നുവെന്നും എന്നാല്‍, അന്നത്തെ പാക് ഭരണകൂടം കൊണ്ടു നടന്ന അക്രമിസംഘങ്ങളില്‍ ഭാഗഭാക്കായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
1973ലെ നിയമം പാസാക്കിയ ശേഷം നാളിതുവരെ തങ്ങളുടെ മേല്‍ ഇത്തരമൊരു ആരോപണമുയര്‍ത്തിയിട്ടില്ല. ജനാധിപത്യ പുനഃസ്ഥാപനയജ്ഞത്തില്‍ 80കളിലും 90കളിലും ശൈഖ് ഹസീനയും അവാമി ലീഗും ജമാഅത്തിനൊപ്പം നിന്നു പൊരുതിയതാണ്. 1991ല്‍ 18 എം.പിമാരുള്ള ജമാഅത്തിനെ മൂന്നു മന്ത്രിസ്ഥാനം കാണിച്ച് മന്ത്രിസഭയിലേക്കു ക്ഷണിച്ചതാണ് ശൈഖ് ഹസീന. ഹസീന മന്ത്രിസഭകളില്‍ 23 യുദ്ധക്കുറ്റവാളികള്‍ മന്ത്രിമാരായിരുന്നതായും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നുണ്ട്. ബംഗ്ളാദേശ് രൂപവത്കരണശേഷം രാജ്യത്തെ ജനാധിപത്യസാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും കഴിഞ്ഞ മന്ത്രിസഭയില്‍ രണ്ടു മന്ത്രിപദം അലങ്കരിക്കുകയും ചെയ്ത കക്ഷിയെ 36 കൊല്ലത്തിനുശേഷം യുദ്ധക്കുറ്റത്തിന്റെ പേരില്‍ വേട്ടയാടുന്നത് ബംഗ്ളാദേശിനെ സ്വേച്ഛാധിപത്യത്തിലേക്കു തള്ളിവിടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആശങ്ക നിഷ്പക്ഷ രാഷ്ട്രീയനിരീക്ഷകരെല്ലാം ശരിവെക്കുന്നു. ലോകത്ത് വധശിക്ഷക്കെതിരെ പൊതുവികാരമുയരുന്ന കാലത്ത് ട്രൈബ്യൂണല്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ച അബ്ദുല്‍ഖാദിര്‍ മുല്ലയെ തൂക്കിക്കൊല്ലാന്‍ ആവശ്യപ്പെട്ട് ശാഹ്ബാഗില്‍ ജനക്കൂട്ടത്തെ സംഘടിപ്പിച്ചു ഭരണകൂടം. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍മന്ത്രി മുതീഉര്‍റഹ്മാന്‍ അടക്കമുള്ള നേതാക്കളെ തൂക്കിലിടാന്‍ ഭരണകൂടം ട്രൈബ്യൂണലില്‍ സമ്മര്‍ദമുണ്ടാക്കുന്നതിന്റെ കഥകളാണ് 'ദ ഇക്കണോമിസ്റ്റ്' പുറത്തുവിട്ടത്. മതവിരുദ്ധ രോഗം ബാധിച്ച തീവ്രമതേതരവാദികളുടെയും അവരുടെ വരുതിയിലുള്ള മാധ്യമങ്ങളുടെയും പിന്‍ബലത്തോടെ ഈ സ്വേച്ഛാധിപത്യവാഴ്ചയെ മഹത്ത്വവത്കരിക്കുകയാണ് ഭരണകൂടം. എന്നാല്‍, മതേതരത്വത്തിന് എത്രമേല്‍ ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമാകാന്‍ കഴിയുമെന്ന് ഹസീനയുടെ ബംഗ്ളാ സ്വേച്ഛാവാഴ്ച പരിഷ്കൃതലോകത്തിനു കാണിച്ചുതരുന്നു.

കത്തിച്ചുകളയുന്ന ലക്ഷങ്ങള്‍ പൊട്ടിച്ചു കളയുന്ന ജീവിതങ്ങള്‍  (മാത്രുഭൂമി )

Newspaper Edition
ഓരോ ഉത്സവകാലവും ഓരോ ദുരന്തസ്മരണകള്‍ മാത്രമാണ് ബാക്കിയാക്കുന്നതെങ്കില്‍ എന്തിന് അത്തരം ഉത്സവാഘോഷങ്ങള്‍ എന്ന് ചിന്തിക്കുവാന്‍ സമയമായി. പാലക്കാട് ചെര്‍ുപ്പുളശ്ശേരിക്കടുത്തുള്ള പന്നിയംകുറിശ്ശിയിലെ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറു ജീവനാണ് അപഹരിക്കപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പ് 2011 ഫിബ്രവരി ഒന്നിന് പാലക്കാട്ട് തന്നെയുള്ള ത്രാങ്ങാലിയിലെ വെടിക്കെട്ടപകടത്തില്‍ 13 പേരാണ് മരിച്ചത്. ഓരോ ദുരന്തവും അവശേഷിപ്പിക്കുന്നത് മരിച്ചവരുടെ എണ്ണക്കണക്കിനപ്പുറം സമൂഹദുരന്തം തന്നെയായിമാറുന്ന അംഗവൈകല്യം വന്നവരുടെയും അനാഥരാകുന്ന കുട്ടികളുടെയും ജീവിതാവസ്ഥകള്‍ കൂടിയാണ്.

ഓരോ വെടിക്കെട്ടപകടവും സമൂഹ മനസ്സിലേക്ക് കൊണ്ടുവരുന്ന ചിത്രങ്ങള്‍ സമാനമാണ്. പൂര്‍ണമായും കത്തിക്കരിഞ്ഞുകിടക്കുന്ന പടക്കനിര്‍മാണശാല, ചിതറിത്തെറിച്ച് തിരിച്ചറിയാനാവാതെ പോകുന്ന ശരീരാവശിഷ്ടങ്ങള്‍, അഗ്‌നിരക്ഷാസേനയ്ക്ക് കുതിച്ചെത്താനാവാത്തത്ര അകലത്തുള്ള അപകടശാലയെക്കുറിച്ചുള്ള വഴിവിവര ണങ്ങള്‍, അനുമതിയുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലായ്മ, നിരോധിക്കപ്പെട്ട രാസവസ്തുക്കള്‍ ഉപയോഗിച്ചിരുന്നുവെന്നോ അനുവദിക്കപ്പെട്ടതിനേക്കാളേറെ വെടിക്കോപ്പുകള്‍ സംഭരിച്ചിരുന്നോ എന്നതിനെക്കുറിച്ചെല്ലാമുള്ള യാതൊരു സുതാര്യതയുമില്ലാത്ത വിവരങ്ങള്‍. ഏറ്റവും പ്രധാനമായി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെട്ടിട്ടില്ലെന്നതിന്റെ വ്യക്തമായ സൂചനകള്‍. പതിവുപോലെ ദുരന്തത്തിനുശേഷമുള്ള സര്‍ക്കാര്‍ അന്വേഷണ പ്രഖ്യാപനങ്ങളും ധനസഹായ പ്രഖ്യാപനങ്ങളുമെല്ലാം ഇത്തവണയും ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും തന്നെ വെടിക്കെട്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിന് അറുതിവരുത്തുന്നില്ല.

ത്രാങ്ങാലി ദുരന്തത്തിനുശേഷം സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച കെ. ജയകുമാര്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിന് എന്തു സംഭവിച്ചു എന്നുമാത്രം നോക്കിയാല്‍മതി കാര്യങ്ങള്‍ അറിയാത്തതല്ല പ്രശ്‌നപരിഹാരത്തിന് തടസ്സം എന്നറിയാന്‍. കര്‍ക്കശമായ നിയമവ്യവസ്ഥകള്‍ ഉണ്ടെങ്കിലും അത് പാലിക്കാന്‍ വെടിക്കെട്ട് നിര്‍മാണ ശാലകളുടെ ഉടമകള്‍ തയ്യാറല്ലാത്തതാണ് പ്രധാനപ്രശ്‌നമെന്നായിരുന്നു ജയകുമാര്‍ കമ്മീഷന്റെ കണ്ടെത്തല്‍. ഉത്സവകാലം തുടങ്ങുന്നതിന് മുമ്പുതന്നെ വെടിക്കെട്ടുശാലകളില്‍ കൃത്യമായ പരിശോധനകള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്. ഇതൊന്നും പുതിയ കാര്യങ്ങളല്ല. നിയമവിധേയമായി നടത്തേണ്ട എന്തു വ്യവസായത്തിലും ഏറ്റവും അടിസ്ഥാനമായി പാലിക്കേണ്ട കാര്യങ്ങള്‍ മാത്രമാണ്. പടക്കവും വെടിമരുന്നും രാസവസ്തുക്കളുമുള്‍പ്പെടെ സൂക്ഷിക്കാന്‍ നിയമപ്രകാരം അനുമതിയുള്ളത് 15 കിലോ മാത്രമാണ്. എന്നാല്‍ മേഴത്തൂരില്‍ ഏഴുപേരുടെ മരണത്തിനിടയാക്കിയ പടക്കശാലയുടെ പരിസരത്തുനിന്ന് കണ്ടെടുത്തത് മൂന്നുടണ്‍ സ്‌ഫോടകവസ്തുക്കളാണ്. 

ഉത്സവങ്ങള്‍ പണ്ടും ഇവിടെ ഉണ്ടായിട്ടുണ്ട്. അതിലൊന്നും മഹാദുരന്തങ്ങള്‍ പതിയിരുന്നിട്ടില്ല. എന്നാല്‍ ഉത്സവങ്ങള്‍ വന്‍വെടിക്കെട്ട് കിടമത്സരങ്ങള്‍ക്കുള്ള വേദികൂടിയായി മാറിത്തുടങ്ങിയതോടെയാണ് ഈ രംഗത്തേക്ക് പല അനാശാസ്യപ്രവണതകളും കയറിക്കൂടിയത്. ഈ കിടമത്സരമാണ് പടക്കോപ്പ് കമ്പോളത്തിന്റെ വളര്‍ച്ചയ്ക്കുള്ള വഴിയൊരുക്കിയത്. വര്‍ഷംതോറും കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍ നിമിഷനേരത്തിന്റെ കാഴ്ചസുഖത്തിന്റെയോ അനുഭൂതിയുടെയോ പേരില്‍ കത്തിച്ചുകളയുന്ന ലക്ഷങ്ങളെക്കുറിച്ചുള്ള ഒരു ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയാല്‍ ഇതിന്റെ ഒരു നഗ്‌നചിത്രം കിട്ടും.

മേല്പറഞ്ഞ കിടമത്സരം അനാരോഗ്യകരമായ പലതിനും കാരണമാകുന്നു. 15 കിലോ വെടിമരുന്നിന് അനുമതിയുള്ളിടത്ത് മൂന്നുടണ്‍ എത്തിച്ചേരുന്ന നിയമവിരുദ്ധ നീക്കം അങ്ങനെയാണുണ്ടാകുന്നത്. കുറഞ്ഞസമയത്തിനുള്ളില്‍ കൂടുതല്‍ ലാഭം എന്ന ചിന്ത ഇതില്‍ ഇടകലരുന്നതോടെ കത്തിച്ചുകളയുന്ന ലക്ഷങ്ങള്‍ക്ക് ഇരയാകാന്‍ പൊട്ടിച്ചുകളയുന്ന ജീവിതങ്ങള്‍ നിര്‍മിക്കപ്പെടുകയും ചെയ്യുന്നു. പടക്കനിര്‍മാണശാലകള്‍ക്കു മാത്രമല്ല വന്‍തോതില്‍ പടക്കങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതികള്‍ നല്‍കാനുമുള്ള മാനദണ്ഡങ്ങളും അടിമുടി പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.

നമ്മുടെ ഉത്സവങ്ങള്‍ വെടിമരുന്നു കത്തിച്ചുകളയുന്നതിന്റെ ആഘോഷമായി മാറിവരുന്ന അവസ്ഥയില്‍ നിന്നുള്ള ഒരു മാറിച്ചിന്തിക്കല്‍ ഇവിടെ അനിവാര്യമാണ്. നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ ശ്രദ്ധവെച്ചുപുലര്‍ത്തുമ്പോള്‍ത്തന്നെ ഉത്സവങ്ങള്‍ വഴിയൊരുക്കുന്ന അനാവശ്യ കിടമത്സരങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ സമൂഹം തയ്യാറാവുക കൂടി ചെയ്താലേ വെടിക്കെട്ട് ദുരന്തങ്ങള്‍പോലുള്ള മനുഷ്യനിര്‍മിത ദുരന്തങ്ങളെ തുടച്ചുനീക്കാനാവൂ. പന്നിയംകുറിശ്ശിയില്‍ ആറ് ജീവന് വിലപറഞ്ഞ ദുരന്തം പഠിപ്പിക്കേണ്ട പാഠം അതാണ്.


ഡല്‍ഹിയെ ഒാര്‍ത്ത് കേഴുക നാം (മനോരമ)

ജനാധിപത്യ ഭാരതത്തിനു മുഴുവന്‍ മാതൃകയാകേണ്ടതും ലോകത്തിനുമുന്നില്‍ നമ്മുടെ കുലീനമായ മുദ്രാമുഖം പ്രദര്‍ശിപ്പിക്കേണ്ടതുമായ നഗരമാണ് ഡല്‍ഹി. ഭരണത്തിന്റെ കേന്ദ്രബിന്ദുവും സുരക്ഷാക്രമീകരണങ്ങളുടെ വന്‍ സന്നാഹങ്ങള്‍ സദാ സജ്ജവുമായ നമ്മുടെ കിരീടനഗരത്തിലാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അരക്ഷിതരായിരിക്കുന്നത് എന്നതു രാജ്യത്തിനുമുഴുവന്‍ നാണക്കേടുതന്നെ.

അറുപത്തിയഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യന്‍ സ്ത്രീക്ക് സ്വാതന്ത്യ്രത്തിന്റെ അഭിമാനവും അവകാശവും മുഴുവനായി ലഭിച്ചില്ല എന്നതിന് തലസ്ഥാന നഗരിയില്‍നിന്നുതന്നെയാണ് തുടര്‍ച്ചയായി ദുരന്തസാക്ഷ്യങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അപമാനിക്കപ്പെടുന്ന പെണ്‍മയുടെ കറുത്ത പേരേടുപട്ടികയില്‍ ഏറ്റവുമൊടുവില്‍ എത്തിച്ചേര്‍ന്നത് ഒരു ഏഴു വയസ്സുകാരിയാണ്.

ന്യൂഡല്‍ഹിയിലെ മംഗോള്‍പുരി സ്കൂള്‍ വളപ്പില്‍ പട്ടാപ്പകലാണ് ഈ രണ്ടാം ക്ളാസുകാരി മാനഭംഗത്തിനിരയായത്. ഡല്‍ഹിയില്‍തന്നെ മണ്ടാവ്ലിയിലെ സ്കൂളില്‍നിന്നു തട്ടിക്കൊണ്ടുപോയ ഏഴു വയസ്സുകാരനെയും അഞ്ചു വയസ്സുള്ള സഹോദരിയെയും മരിച്ചനിലയില്‍ കണ്ടെത്തിയത് ഇതിനു തൊട്ടുപിന്നാലെയാണ്.

കഴിഞ്ഞ ഡിസംബര്‍ പതിനാറിന് നഗരമധ്യത്തില്‍, ഒാടുന്ന ബസ്സില്‍ കൂട്ടമാനഭംഗത്തിനിരയായി പിന്നീടു മരണമടഞ്ഞ പെണ്‍കുട്ടിയുടെ ദുരന്തത്തെച്ചൊല്ലിയുണ്ടായ പ്രതിഷേധത്തിന്റെ അലയൊലികള്‍ സ്ത്രീസുരക്ഷയ്ക്കുവേണ്ടിയുള്ള നിതാന്തജാഗ്രതയിലേക്ക് ഉണരാന്‍ കാരണമായി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള ക്രിമിനല്‍ നിയമഭേദഗതി ബില്ലിന് അന്തിമരൂപം നല്‍കാനൊരുങ്ങുകയാണു സര്‍ക്കാര്‍. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റ് ചരിത്രത്തിലാദ്യമായി സ്ത്രീപക്ഷമാവുകയും ചെയ്തു. പക്ഷേ, നിയമത്തിനും സുരക്ഷാക്രമീകരണങ്ങള്‍ക്കും ബജറ്റ് വാഗ്ദാനങ്ങള്‍ക്കുമൊന്നും തടഞ്ഞുനിറുത്താവുന്നതല്ല പെണ്‍മയുടെ നേര്‍ക്കുയരുന്ന നഖമുനകള്‍ എന്നു വീണ്ടും വീണ്ടും തലസ്ഥാനനഗരം നമ്മെ ഒാര്‍മിപ്പിക്കുന്നു.

ഡല്‍ഹി നഗരത്തിന്റെ സുരക്ഷയില്‍ സുപ്രീം കോടതി ആശങ്കപ്പെട്ടതു കഴിഞ്ഞ ജനുവരിയിലാണ്. സുരക്ഷാബോധം പുനഃസ്ഥാപിക്കാനുള്ള നടപടിയുണ്ടാകണമെന്നു പറഞ്ഞ കോടതി, ഡിസംബര്‍ പതിനാറിലെ കൂട്ട മാനഭംഗം ഒറ്റപ്പെട്ട സംഭവമല്ലെന്നും വനിതകള്‍ക്കു മാന്യമായി ജോലി ചെയ്യാനും ജീവിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്നുകൂടി പറയുകയുണ്ടായി. ഡല്‍ഹി സ്ത്രീകള്‍ക്കു സുരക്ഷിതമല്ലെന്നു പതിനാലു വര്‍ഷത്തിലേറെയായി ഡല്‍ഹി സംസ്ഥാനം ഭരിക്കുന്ന വനിതാ മുഖ്യമന്ത്രി ഷീല ദീക്ഷിത് പോലും അഭിപ്രായപ്പെട്ടു.

രാജ്യത്തു സ്ത്രീകള്‍ ഏറ്റവുമധികം സുരക്ഷാ പ്രശ്നം നേരിടുന്ന മെട്രോ നഗരം ഡല്‍ഹിയാണെന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ കുറച്ചൊന്നുമല്ല. ഡല്‍ഹിയില്‍ ഒരുലക്ഷം സ്ത്രീകളില്‍ 24 പേര്‍ മാനഭംഗത്തിനിരയാകുന്നുവെന്നു 2011ല്‍ ഐക്യരാഷ്ട്ര സംഘടന നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. നഗരങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ ഈയിടെ നടത്തിയ സര്‍വേയില്‍ 84% പേരും ഡല്‍ഹി നഗരം തങ്ങള്‍ക്കു സുരക്ഷിതമല്ലെന്നു വിലയിരുത്തുകയുണ്ടായി. രാജ്യത്തു സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറവുള്ള സംസ്ഥാനം ഡല്‍ഹിയാണ്; 1000 പുരുഷന്മാര്‍ക്ക് 866 സ്ത്രീകള്‍ മാത്രം. എണ്ണത്തില്‍ മാത്രമല്ല, സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ തന്നെയുണ്ട് ഈ അനുപാതവ്യത്യാസം.

മാറേണ്ടത് മനസ്സാണ്; സ്ത്രീയെ അപമാനിക്കുന്നതില്‍ രസംകൊള്ളുന്ന പുരുഷന്റെയും അതിന് അനുകൂല അന്തരീക്ഷമുണ്ടാക്കുന്ന ഈ നഗരത്തിന്റെയും.
മനോരമ 04-03-13


No comments:

Post a Comment