മുഖപ്രസംഗം March 15 - 2013
1. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ സദാചാര പ്രതിസന്ധി (മാധ്യമം)
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ അംഗമായ കെ.ബി. ഗണേഷ്കുമാറിനെ ചുറ്റിപ്പറ്റി ഉയര്‍ന്നുവന്ന അപവാദങ്ങളും അതിനോട് പ്രതികരിച്ചുകൊണ്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് നടത്തിയ പരാമര്‍ശങ്ങളും സര്‍ക്കാറിന്‍െറ പ്രതിച്ഛായക്ക് വലിയ കോട്ടം സൃഷ്ടിച്ചുവെന്നത് സംശയരഹിതമായ കാര്യമാണ്. ഒരു മന്ത്രിസഭാംഗത്തെക്കുറിച്ച് സദാചാരവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിച്ചുവെന്നത് മാത്രമല്ല, അതേ മന്ത്രിസഭയുടെ ഭാഗമായ, കാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ് പദവിയിലിരിക്കുന്ന ഒരാള്‍തന്നെ ആ പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്നതാണ് കൂടുതല്‍ ഗുരുതരമായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും വാഗ്വാദങ്ങളും പലപ്പോഴും മാന്യതയുടെ സീമകള്‍ ലംഘിക്കുന്നതായിരുന്നു.
2. പ്രതീക്ഷയുടെ കാല്‍വെപ്പ് (മാത്രുഭൂമി)
വിശ്വാസത്തിന്റെ ലോകത്ത് പ്രതീക്ഷയുടെ വെളുത്ത പുക ഉയര്‍ത്തി പുതിയ മാര്‍പാപ്പ ഫ്രാന്‍സിസ് ഒന്നാമന്‍ സ്ഥാനമേറ്റിരിക്കയാണ്. 1227 വര്‍ഷത്തിനുശേഷം യൂറോപ്പിന് പുറത്തുനിന്ന് കത്തോലിക്കാസഭയ്ക്ക് ഒരു ആത്മീയാചാര്യന്‍ ഉണ്ടാകുന്നു എന്നതുമാത്രമല്ല ഈ സ്ഥാനാരോഹണത്തെ സവിശേഷമാക്കുന്നത്. അമ്പതുകളിലും അറുപതുകളിലും കത്തോലിക്കാസഭയെ മാത്രമല്ല, ലോകത്തെയാകെ പിടിച്ചുകുലുക്കിയ വിമോചന ദൈവശാസ്ത്രത്തിന്റെ നാട്ടില്‍നിന്ന് ആദ്യമായി ഒരു കര്‍ദിനാള്‍ വത്തിക്കാനിലെ പരമോന്നത പദവിയിലെത്തുന്നു എന്ന സവിശേഷതകൂടി ഇതിനുണ്ട്.
3. ശ്രീനഗറിലെ കൊലവിളി (മനോരമ)
മൂന്നാഴ്ചയ്ക്കിടയില്‍ രണ്ടാം തവണയും ആക്രമണം അഴിച്ചുവിട്ടു ഭീകരര്‍ ഇന്ത്യയ്ക്കെതിരായ വെല്ലുവിളി ആവര്‍ത്തിച്ചിരിക്കുകയാണ്. ഫെബ്രുവരി 21നു പതിനാറു പേരുടെ മരണത്തിനിടയാക്കിയ ഹൈദരാബാദ് ഇരട്ട സ്ഫോടനം സൃഷ്ടിച്ച നടുക്കം മാറുന്നതിനു മുന്‍പാണു ജമ്മു-കശ്മീരിലെ ശ്രീനഗറിലും ഭീകരാക്രമണമുണ്ടായിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ സദാചാര പ്രതിസന്ധി
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ അംഗമായ കെ.ബി. ഗണേഷ്കുമാറിനെ ചുറ്റിപ്പറ്റി ഉയര്‍ന്നുവന്ന അപവാദങ്ങളും അതിനോട് പ്രതികരിച്ചുകൊണ്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് നടത്തിയ പരാമര്‍ശങ്ങളും സര്‍ക്കാറിന്‍െറ പ്രതിച്ഛായക്ക് വലിയ കോട്ടം സൃഷ്ടിച്ചുവെന്നത് സംശയരഹിതമായ കാര്യമാണ്. ഒരു മന്ത്രിസഭാംഗത്തെക്കുറിച്ച് സദാചാരവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിച്ചുവെന്നത് മാത്രമല്ല, അതേ മന്ത്രിസഭയുടെ ഭാഗമായ, കാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ് പദവിയിലിരിക്കുന്ന ഒരാള്‍തന്നെ ആ പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്നതാണ് കൂടുതല്‍ ഗുരുതരമായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും വാഗ്വാദങ്ങളും പലപ്പോഴും മാന്യതയുടെ സീമകള്‍ ലംഘിക്കുന്നതായിരുന്നു. പ്രശ്നങ്ങള്‍ അവസാനിച്ചിരിക്കുന്നുവെന്ന് ഒരുവിധം വരുത്തിത്തീര്‍ക്കുക മാത്രമാണ് സര്‍ക്കാറിനെ നയിക്കുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ചെയ്തത്. ആകപ്പാടെ കലഹം നിറഞ്ഞൊരു കുടുംബവീട് എന്ന സര്‍ക്കാറിനെക്കുറിച്ച പ്രതീതി കൂടുതല്‍ ശക്തിപ്പെടുത്താനേ അദ്ദേഹത്തിന്‍െറ പരിഹാരശ്രമങ്ങള്‍ ഉപകരിച്ചിട്ടുള്ളൂ.
‘ഗണേഷ് പ്രശ്നം’ ഒരുവിധം അവസാനിച്ചുവെന്ന് കരുതിയിരിക്കവെയാണ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് വീണ്ടും വിവാദങ്ങളുടെ മാലപ്പടക്കത്തിന് തീകൊളുത്തിയിരിക്കുന്നത്. കേരള രാഷ്ട്രീയത്തിലെ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ പലരെക്കുറിച്ചും ഇതുപോലൊരു കോളത്തില്‍ എഴുതാന്‍പോലും സാധ്യമല്ലാത്ത അങ്ങേയറ്റം ആഭാസകരമായ പ്രയോഗങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. സാങ്കേതികമായി അതിന് അദ്ദേഹം മാപ്പ് പറഞ്ഞുവെന്നത് ശരി തന്നെ. അടുത്തിടെയായി അദ്ദേഹം നടത്തിയ രണ്ടാമത്തെ മാപ്പഭ്യര്‍ഥനയായിരിക്കും അത്. ചീഫ് വിപ്പ് പദവിയുടെ അര്‍ഥവും സ്ഥാനവും കളഞ്ഞുകുളിക്കുന്നതാണ് അദ്ദേഹത്തിന്‍െറ പരാമര്‍ശങ്ങള്‍. ഇതാകട്ടെ, ജോര്‍ജ് നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന പരാമര്‍ശങ്ങളുടെ തുടര്‍ച്ചയാണുതാനും. നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ രക്ഷകനായാണ് പലപ്പോഴും ജോര്‍ജ് അവതരിക്കുന്നത്. കുപ്രസിദ്ധമായ ‘നെയ്യാറ്റിന്‍കര ശെല്‍വരാജ് ഓപറേഷന്‍’ സംഘടിപ്പിച്ചത് അദ്ദേഹമായിരുന്നു. അതിനാല്‍തന്നെ, അദ്ദേഹത്തെ തിരുത്താനോ തള്ളിപ്പറയാനോ ഉമ്മന്‍ ചാണ്ടിക്ക് കഴിയില്ല. ആര്‍ക്കും പിടിച്ചാല്‍കിട്ടാത്ത ഒറ്റയാന്‍ എന്ന സ്ഥാനം ജോര്‍ജ് സ്വയം ആര്‍ജിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ഭരണവുമായി ബന്ധപ്പെട്ട പലരുടെയും സ്വകാര്യ ജീവിതങ്ങളും സ്വകാര്യ താല്‍പര്യങ്ങളുമെല്ലാം ഇത്തരം വിവാദങ്ങളുടെ പിറകിലുണ്ടാവാം. എന്നാല്‍, ഇവ സ്വകാര്യതയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് ഉത്തരവാദപ്പെട്ടവരുടെ ബാധ്യതയാണ്. അല്ലാതെ, അസഹ്യമായൊരു സാമൂഹിക നാറ്റമായി ഈ വിവാദങ്ങള്‍ വികസിക്കുമ്പോള്‍ അത് പൊതുപ്രശ്നമായി മാറും. ടെലിവിഷന്‍ തുറന്നാല്‍ ഇത്തരം അശ്ളീല വാക്കുകളും ആഭാസകരമായ പ്രയോഗങ്ങളുമായി രാഷ്ട്രീയ നേതാക്കള്‍ നിറഞ്ഞാടുന്നത് നമ്മുടെ കുട്ടികള്‍ കാണുന്നുണ്ട് എന്നെങ്കിലും ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം.
സദാചാരത്തെക്കുറിച്ച് ഗൗരവത്തില്‍ സംസാരിക്കുകയും സ്വയം ബ്രഹ്മചര്യം സ്വീകരിക്കുകയും ചെയ്ത നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പടത്തിന് താഴെയിരുന്നുകൊണ്ടാണ് ഇവര്‍ ഇത്തരം വൃത്തികേടുകള്‍ വിളിച്ചുപറയുന്നത്. സമൂഹത്തിന് മാതൃകയാവേണ്ടവരാണ് രാഷ്ട്രീയ നേതാക്കള്‍ എന്നാണ് വെപ്പ്. നിലവിലെ യു.ഡി.എഫ് മന്ത്രിസഭയിലെ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടികള്‍ മുന്നില്‍വെച്ച് ഇക്കാര്യത്തെക്കുറിച്ച് നമുക്കെന്തു പറയാന്‍ കഴിയും?
അതിനാല്‍, ഈ അറപ്പുളവാക്കുന്ന ഏര്‍പ്പാട് നിര്‍ത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു. വാക്കിലും പ്രവൃത്തിയിലും സദാചാരം കാത്തുസൂക്ഷിക്കാന്‍ സമൂഹത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് ബാധ്യതയുണ്ട്. ഇനി, സ്വകാര്യജീവിതത്തില്‍ അത് സൂക്ഷിക്കാന്‍ കഴിയാത്തവര്‍ വൃത്തികേടുകള്‍ വിളിച്ചുപറഞ്ഞ് സാമൂഹിക ആരോഗ്യത്തെ ദുഷിപ്പിക്കുന്നതില്‍നിന്ന് ദയവായി വിട്ടുനില്‍ക്കണം. സര്‍ക്കാറിന്‍െറ പ്രതിച്ഛായയെ തകര്‍ക്കാന്‍ പുറത്തുനിന്ന് ആരും ശ്രമിക്കേണ്ടതില്ലാത്തവിധം, അകത്തുള്ളവര്‍തന്നെ ആ പണി വേണ്ടതുപോലെ എടുക്കുന്നുണ്ട്. മുഖ്യമന്ത്രി ഈ സാഹചര്യത്തെ ശരിയാംവണ്ണം മനസ്സിലാക്കുന്നുണ്ടോ ആവോ?
പ്രതീക്ഷയുടെ കാല്‍വെപ്പ്
വിശ്വാസത്തിന്റെ ലോകത്ത് പ്രതീക്ഷയുടെ വെളുത്ത പുക ഉയര്‍ത്തി പുതിയ മാര്‍പാപ്പ ഫ്രാന്‍സിസ് ഒന്നാമന്‍ സ്ഥാനമേറ്റിരിക്കയാണ്. 1227 വര്‍ഷത്തിനുശേഷം യൂറോപ്പിന് പുറത്തുനിന്ന് കത്തോലിക്കാസഭയ്ക്ക് ഒരു ആത്മീയാചാര്യന്‍ ഉണ്ടാകുന്നു എന്നതുമാത്രമല്ല ഈ സ്ഥാനാരോഹണത്തെ സവിശേഷമാക്കുന്നത്. അമ്പതുകളിലും അറുപതുകളിലും കത്തോലിക്കാസഭയെ മാത്രമല്ല, ലോകത്തെയാകെ പിടിച്ചുകുലുക്കിയ വിമോചന ദൈവശാസ്ത്രത്തിന്റെ നാട്ടില്‍നിന്ന് ആദ്യമായി ഒരു കര്‍ദിനാള്‍ വത്തിക്കാനിലെ പരമോന്നത പദവിയിലെത്തുന്നു എന്ന സവിശേഷതകൂടി ഇതിനുണ്ട്.
എന്നും നിന്ദിതരുടെയും പീഡിതരുടെയും പക്ഷത്തായിരുന്ന ക്രിസ്തുവിന്റെ പിന്‍ഗാമികളായി വന്നവര്‍ ഇന്ന് ആരുടെ പക്ഷത്താണ് എന്ന ചോദ്യമുയര്‍ത്തിക്കൊണ്ടാണ് വിമോചനത്തിന്റെ ദൈവശാസ്ത്രം അര്‍ജന്റീനയടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഒരു തരംഗമായി പടര്‍ന്നത്. പുതിയ മാര്‍പാപ്പ ഒരിക്കലും ആ പക്ഷത്ത് അണിനിരന്നിട്ടില്ലെങ്കിലും അതുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടുള്ള ഒരു ജീവിതമായിരുന്നു അര്‍ജന്റീനയില്‍ അദ്ദേഹം നയിച്ചിരുന്നത്. വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങളി'ലെ മെത്രാനെ അനുസ്മരിപ്പിക്കുംവിധം ബിഷപ്പുമാരുടെ വസതി ഉപേക്ഷിച്ച് ബ്യൂണസ് ഐറിസിലെ ഒരു ചെറിയഫ്‌ളാറ്റില്‍ സ്വന്തമായി ഭക്ഷണം പാചകംചെയ്തായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. കൂടാതെ യാത്ര ചെയ്യാനായി അദ്ദേഹം ബസ്സുപോലെയുള്ള പൊതുവാഹനങ്ങളാണ് തിരഞ്ഞെടുക്കാറ് . ആഗോളവത്കരണത്തിന്റെ വിപത്തുകള്‍ക്കെതിരെയും സമ്പത്തിന്റെ അസന്തുലിതമായ വിഭജനം പട്ടിണിപ്പാവങ്ങളെ സൃഷ്ടിക്കുന്നതിനെതിരെയും നിലപാടെടുക്കാന്‍ അദ്ദേഹം ഒരിക്കലും മടിച്ചുനിന്നിട്ടുമില്ല.
പൗരോഹിത്യ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ന് ലോകവ്യാപകമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെട്ടുവരികയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ ഒരുലക്ഷം വൈദികര്‍ കുപ്പായം ഉപേക്ഷിച്ചിട്ടുണ്ടെന്ന വര്‍ത്തമാനം കുറച്ചൊന്നുമല്ല വിശ്വാസികളെ ഉലച്ചിട്ടുള്ളത്. ലോകത്തെ 120 കോടി വരുന്ന കത്തോലിക്കാ വിശ്വാസികളുടെ ആത്മീയവും ഭൗതികവുമായ ജീവിതത്തെ മാത്രമല്ല, പുതിയ ലോകസാഹചര്യങ്ങളില്‍ നിന്ന് ഉയിര്‍കൊള്ളുന്ന അസ്തിത്വ പ്രശ്‌നങ്ങളെയും മാര്‍പാപ്പയുടെ തീരുമാനങ്ങളും നിലപാടുകളും സ്വാധീനിക്കാം. വത്തിക്കാന്റെ തലവനായിവരുന്നതാരാണെന്ന് ലോകം ഉറ്റുനോക്കാനിടയായ സാഹചര്യവും ഇതുതന്നെ.
വത്തിക്കാന്‍, എന്ന ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാര രാഷ്ട്രത്തിന്റെ തലവന്‍കൂടിയാണ് മാര്‍പാപ്പ. അദ്ദേഹത്തിന്റെ നിലപാടുകള്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം സംബന്ധിച്ചുള്ളതായാലും വിശ്വാസികളുടെ ആത്മീയവും ഭൗതികവുമായ ജീവിതം സംബന്ധിച്ചുള്ള തായാലും സുപ്രധാനമാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ കാള്‍മാര്‍ക്‌സിന്റെ ഭാഷയില്‍ കമ്യൂണിസം എന്ന ഭൂതം ലോകത്തെ ബാധിച്ചതുമുതല്‍ സഭയ്ക്ക് എന്നും വെല്ലുവിളി ഉയര്‍ത്തിയിരുന്നു. കമ്യൂണിസ്റ്റ് ചിന്താഗതികള്‍ വിമോചനത്തിന്റെ ദൈവശാസ്ത്രത്തിന്റെ രൂപത്തില്‍ സഭാപുരോഹിതരെ ആവേശിച്ച അര്‍ജന്റീനയില്‍നിന്നാണ് മതപരമായ അതിജീവനത്തിന്റെ പാഠങ്ങള്‍ കര്‍ദിനാള്‍ ബെര്‍ഗോളിയോ പഠിച്ചത്. ഈശോ സഭയില്‍നിന്ന് മാര്‍പാപ്പയാകുന്ന ആദ്യ വ്യക്തികൂടിയാണ് അദ്ദേഹം.
ഇന്ന് കഴിഞ്ഞ നൂറ്റാണ്ടുപോലെ കമ്യൂണിസം സഭയ്ക്ക് ഒരു വെല്ലുവിളിയല്ല. എന്നാല്‍, വിശ്വാസത്തിന് സംഭവിച്ചിട്ടുള്ള ഇടിവ് വെല്ലുവിളിതന്നെയാണ്. സമൂഹത്തിലെ നിലയും സ്വന്തം ജീവിതവും സംബന്ധിച്ച് സ്ത്രീകളില്‍ ഉണര്‍ന്നുവന്നിട്ടുള്ള അവബോധം സാമൂഹ്യബന്ധങ്ങളില്‍ ഒരു അഴിച്ചുപണിയല്‍ ആവശ്യപ്പെടുന്നുണ്ട്. സ്ത്രീപുരോഹിതര്‍ വേണമെന്ന വാദമുഖങ്ങള്‍ ക്രിസ്തീയവിശ്വാസികള്‍ക്കിടയില്‍നിന്നുതന്നെ ഉയര്‍ന്നുവരുന്ന സാഹചര്യമാണുള്ളത്. ഇതിനോടൊന്നും മുഖംതിരിച്ചിരിക്കാന്‍ മാര്‍പാപ്പയ്ക്ക് കഴിയില്ല. തത്ത്വചിന്താ അധ്യാപകന്‍കൂടിയായ കര്‍ദിനാള്‍ ബെര്‍ഗോളിയോ നേരിടുന്ന മറ്റൊരു പ്രശ്‌നം ലോകവ്യാപകമായി ഉയര്‍ന്നുവരുന്ന സ്വോച്ഛാധിപത്യങ്ങള്‍ക്കെതിരെയുള്ള മുന്നേറ്റങ്ങളില്‍ സഭ ഏതുപക്ഷത്ത് നില്‍ക്കുമെന്നതാണ്. നിന്ദിതരുടെയും പീഡിതരുടെയും പക്ഷത്ത് നില്‍ക്കാന്‍ സഭ തയ്യാറായാല്‍ ചരിത്രം ഏറ്റവുംവലിയ മാറ്റങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ. സമ്പത്ത് വര്‍ധിച്ചുവരുമ്പോള്‍ തന്നെ ദുരിതങ്ങളും അക്രമങ്ങളും അടിച്ചമര്‍ത്തുകലും കൊണ്ട് വേദനയനുഭവിക്കുന്ന ലോകത്തിന്, അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും ആശ്വാസമാകുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.
ശ്രീനഗറിലെ കൊലവിളി
മൂന്നാഴ്ചയ്ക്കിടയില്‍ രണ്ടാം തവണയും ആക്രമണം അഴിച്ചുവിട്ടു ഭീകരര്‍ ഇന്ത്യയ്ക്കെതിരായ വെല്ലുവിളി ആവര്‍ത്തിച്ചിരിക്കുകയാണ്. ഫെബ്രുവരി 21നു പതിനാറു പേരുടെ മരണത്തിനിടയാക്കിയ ഹൈദരാബാദ് ഇരട്ട സ്ഫോടനം സൃഷ്ടിച്ച നടുക്കം മാറുന്നതിനു മുന്‍പാണു ജമ്മു-കശ്മീരിലെ ശ്രീനഗറിലും ഭീകരാക്രമണമുണ്ടായിരിക്കുന്നത്.
കേന്ദ്ര റിസര്‍വ് പൊലീസ് സേനയുടെ (സിആര്‍പിഎഫ്) ക്യാംപിനു നേരെ നടന്ന ഈ ആക്രമണത്തില്‍ അഞ്ചു ജവാന്മാര്‍ മരിക്കുകയും മറ്റു പലര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു. രണ്ടു ഭീകരര്‍ സിആര്‍പിഎഫിന്റെ വെടിയേറ്റുമരിച്ചു. ഇത്തരം ആക്രമണങ്ങളില്‍ നിന്ന് ഏതാണ്ടു മൂന്നുവര്‍ഷമായി ജമ്മു-കശ്മീര്‍ വിമുക്തമായിരുന്ന പശ്ചാത്തലത്തില്‍ ഈ സംഭവം ആ സംസ്ഥാനത്തിന്റെ സുരക്ഷയെപ്പറ്റി ആശങ്കകളുണര്‍ത്തുന്നു. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ കശ്മീര്‍ സ്വദേശി അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിനെ തുടര്‍ന്ന് ഒരുമാസമായി ജമ്മു-കശ്മീരിലെ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണ്. അതിനിടയിലാണു ശ്രീനഗറില്‍ കനത്ത കാവലുള്ള ബെമിന പ്രദേശത്തുണ്ടായ ഈ ആക്രമണം.
സിആര്‍പിഎഫ് ക്യാംപിനോട് അനുബന്ധിച്ചുള്ള സ്കൂളിലെ ഗ്രൌണ്ടില്‍ രാവിലെ കുട്ടികള്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കേ ഭീകരര്‍ കാറിലെത്തി കുട്ടികള്‍ക്കിടയിലൂടെ നീങ്ങി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഭാഗ്യവശാല്‍ കുട്ടികള്‍ക്കാര്‍ക്കും അപകടമുണ്ടായില്ല. അഫ്സല്‍ ഗുരുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കാത്തതില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ പണിമുടക്കിയതിനാല്‍ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. കനത്ത കാവലുള്ള സ്ഥലത്തു കൈബോംബുകളും യന്ത്രത്തോക്കുകളുമായി അക്രമികള്‍ക്ക് ഇത്ര അനായാസമായി എത്താനായതെങ്ങനെ എന്ന ചോദ്യം അധികൃതരെ കുഴക്കുകയാണ്.
അക്രമികള്‍ ആരെന്ന ചോദ്യവും സ്വാഭാവികമായും ഉയര്‍ന്നു. നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ എന്നാണു കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ് ബുധനാഴ്ച മറുപടി നല്‍കിയത്. അക്രമികള്‍ പാക്ക് ബന്ധമുള്ളവരാണെന്ന് ഇന്നലെ പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും പറഞ്ഞു. എന്നാല്‍, അവര്‍ പാക്കിസ്ഥാന്‍കാരാണെന്നു പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. കഴിഞ്ഞമാസത്തെ ഹൈദരാബാദ് സ്ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദി സംഘടനയാണെന്ന് ആരോപിക്കപ്പെട്ടിരുന്നുവെങ്കിലും അതിനു വ്യക്തമായ തെളിവുകണ്ടെത്താന്‍ ഹൈദരാബാദ് പൊലീസിനും ദേശീയ കുറ്റാന്വേഷണ ഏജന്‍സിക്കും (എന്‍ഐഎ) ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ മുജാഹിദീന്റെ നേതാക്കളെന്നു കരുതപ്പെടുന്ന റിയാസ് ഭട്കല്‍, ഇഖ്ബാല്‍ ഭട്കല്‍ എന്നീ രണ്ടു സഹോദരന്മാരെയാണ് എന്‍ഐഎ തിരയുന്നതെങ്കിലും അവര്‍ പാക്കിസ്ഥാനില്‍ അഭയംപ്രാപിച്ചിരിക്കുകയാണത്രേ.
മുംബൈ ഭീകരാക്രമണക്കേസിലെ പാക്കിസ്ഥാന്‍കാരനായ പ്രതി അജ്മല്‍ കസബിനെയും പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സല്‍ ഗുരുവിനെയും തൂക്കിക്കൊന്നതിന്റെ പശ്ചാത്തലത്തിലാണു ഹൈദരാബാദ്, ശ്രീനഗര്‍ സംഭവത്തെ പലരും നോക്കിക്കാണുന്നത്. ഈ രണ്ടു സംഭവങ്ങള്‍ക്കും പകരംവീട്ടുമെന്നു പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബ ഭീഷണിപ്പെടുത്തിയിരുന്നു. അതിനെ തുടര്‍ന്നു രാജ്യത്തെ വന്‍നഗരങ്ങളിലെല്ലാം അതീവ ജാഗ്രത പുലര്‍ത്തണമെന്നു കേന്ദ്ര ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കുകയുമുണ്ടായി. എന്നിട്ടും, ഹൈദരാബാദിലെ തിരക്കേറിയ രണ്ടു സ്ഥലങ്ങളില്‍ ഭീകരര്‍ ബോംബ് വയ്ക്കുന്നതു തടയുന്നതില്‍ സുരക്ഷാ - ഇന്റലിജന്‍സ് സംവിധാനങ്ങള്‍ പരാജയപ്പെടുകയാണു ചെയ്തത്. സമാനമായ വീഴ്ചയാണു ശ്രീനഗറിലും സംഭവിച്ചിരിക്കുന്നത്.
ശ്രീനഗര്‍ സംഭവത്തിന്റെ പശ്ചാത്തലം വ്യത്യസ്തമാണ്. അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊന്നതും ആ വിവരം നേരത്തേ ബന്ധുക്കളെ അറിയിക്കാതിരുന്നതും മൃതദേഹം അവര്‍ക്കു വിട്ടുകൊടുക്കാതിരിക്കുന്നതും കാരണം ഒരുമാസമായി അവിടത്തെ അന്തരീക്ഷം ഒട്ടും ശാന്തമല്ല. ആ സന്ദര്‍ഭത്തില്‍ നിന്നു മുതലെടുക്കാനാണു ഭീകരര്‍ ഇപ്പോള്‍ ശ്രമം നടത്തിയിരിക്കുന്നത്.
ഹൈദരാബാദിലെയും ശ്രീനഗറിലെയും ആക്രമണങ്ങള്‍ക്കു പിന്നിലുള്ളവരെ എത്രയുംവേഗം കണ്ടെത്തി നിയമത്തിന്റെ മുന്‍പിലെത്തിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണു കേന്ദ്ര ഗവണ്‍മെന്റിനുള്ളത്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വേണം. അതേസമയം, ജമ്മു-കശ്മീരിലെ സ്ഥിതിഗതികളുടെ സവിശേഷ പശ്ചാത്തലത്തില്‍ ജനങ്ങളുടെ അപ്രീതി സമ്പാദിക്കാതിരിക്കാനും അധികൃതര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
No comments:
Post a Comment