മുഖപ്രസംഗം March 20 - 2013
1. മനുഷ്യാവകാശ പ്രതിബദ്ധതയോ രാഷ്ട്രീയ മുതലെടുപ്പോ? (മാധ്യമം)
ഇരുപത്താറു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിനൊടുവില്‍ 2009 മേയിനു മുമ്പുള്ള അഞ്ചു മാസങ്ങളില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ സേന എല്‍.ടി.ടി.ഇയെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതി അന്തിമവിജയത്തിലെത്തിക്കാനുള്ള വ്യഗ്രതയില്‍ 40,000 സിവിലിയന്മാരെ കൂട്ടക്കൊല ചെയ്ത സംഭവം ഐക്യരാഷ്ട്രസഭ യഥാസമയം പുറത്തുവിട്ടിരുന്നതാണ്. തമിഴ്പുലി നായകന്‍ വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെടുകയും അയാളുടെ വിമോചനപ്പട നിശ്ശേഷം കഥാവശേഷമാവുകയും ചെയ്ത ശേഷവും വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ശ്രീലങ്കയിലെ ഉത്തരമേഖലയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് രാഷ്ട്രാന്തരീയതലത്തില്‍ വന്‍ പ്രതിഷേധത്തിന് തീകൊളുത്തിയപ്പോഴാണ് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്രസഭ അംഗീകരിച്ചതും അതിനനുകൂലമായി ഇന്ത്യ വോട്ട് ചെയ്തതും.
2. വിണ്ട മണ്ണില്‍നിന്ന് വരണ്ട വിലാപം (മനോരമ)
വറ്റിപ്പോയ ജലസ്രോതസ്സ്, വിണ്ടുകീറിയ മണ്ണ്, ഉണങ്ങിത്തീര്‍ന്ന പച്ചപ്പ്, പൊള്ളുന്ന മനസ്സ്... ഒരു വലിയ വറച്ചട്ടിയാണിപ്പോള്‍ കേരളം. സംസ്ഥാന രൂപവല്‍ക്കരണത്തിനു (1956) ശേഷമുള്ള ഏറ്റവും കടുത്ത വരള്‍ച്ചയിലൂടെയാണു കേരളം കടന്നുപോകുന്നതെന്നു സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലത്തോടെ കേന്ദ്രസംഘത്തെ സര്‍ക്കാര്‍ ധരിപ്പിച്ചിരിക്കുകയാണ്. ഈ കൊടുംവരള്‍ച്ച മൂലം ഇതുവരെ 7888 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു സര്‍ക്കാരിന്റെ കണക്ക്.
3. ഡി.എം.കെ.യുടെ വഴികള്‍ (മാതൃഭൂമി)
ശ്രീലങ്കയിലെ തമിഴ് വംശജരുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍, യു.പി.എ. ഗവണ്‍മെന്റില്‍നിന്ന് പിന്മാറാനുള്ള ഡി.എം.കെ.യുടെ നീക്കം തീര്‍ത്തും അപ്രതീക്ഷിതമാണെന്ന് പറഞ്ഞുകൂടാ. ശ്രീലങ്കയിലെ യുദ്ധത്തിന്റെ അന്തിമഘട്ടത്തിലും യുദ്ധത്തിനുശേഷവും അവിടത്തെ തമിഴ്‌വംശജര്‍ അനുഭവിക്കുന്ന ദുഃസ്ഥിതി തമിഴ്‌നാട്ടിലും വൈകാരികമായ കോളിളക്കങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. യുദ്ധത്തിന്റെ അന്ത്യഘട്ടത്തില്‍ സാധാരണക്കാരായ തമിഴര്‍ക്ക് നേരിടേണ്ടിവന്ന വമ്പിച്ച ക്ലേശങ്ങളുടെയും ശ്രീലങ്കാ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളുടെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അടുത്തിടെ കൂടുതലായി പുറത്തുവന്നിട്ടുണ്ട്. ഈ സന്ദര്‍ഭത്തിലാണ് യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കയെ സംബന്ധിച്ച പ്രമേയം വരുന്നത്. കൗണ്‍സിലില്‍, ശ്രീലങ്ക നടത്തിയ 'യുദ്ധക്കുറ്റങ്ങളെയും വംശഹത്യ'യെയും അപലപിക്കുന്ന തരത്തില്‍ ഇന്ത്യ പ്രമേയത്തില്‍ ഭേദഗതികള്‍ കൊണ്ടുവരണമെന്ന് ഡി.എം.കെ. ആഗ്രഹിക്കുന്നു.
മനുഷ്യാവകാശ പ്രതിബദ്ധതയോ രാഷ്ട്രീയ മുതലെടുപ്പോ?
ഇരുപത്താറു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിനൊടുവില്‍ 2009 മേയിനു മുമ്പുള്ള അഞ്ചു മാസങ്ങളില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ സേന എല്‍.ടി.ടി.ഇയെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതി അന്തിമവിജയത്തിലെത്തിക്കാനുള്ള വ്യഗ്രതയില്‍ 40,000 സിവിലിയന്മാരെ കൂട്ടക്കൊല ചെയ്ത സംഭവം ഐക്യരാഷ്ട്രസഭ യഥാസമയം പുറത്തുവിട്ടിരുന്നതാണ്. തമിഴ്പുലി നായകന്‍ വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെടുകയും അയാളുടെ വിമോചനപ്പട നിശ്ശേഷം കഥാവശേഷമാവുകയും ചെയ്ത ശേഷവും വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ശ്രീലങ്കയിലെ ഉത്തരമേഖലയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് രാഷ്ട്രാന്തരീയതലത്തില്‍ വന്‍ പ്രതിഷേധത്തിന് തീകൊളുത്തിയപ്പോഴാണ് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്രസഭ അംഗീകരിച്ചതും അതിനനുകൂലമായി ഇന്ത്യ വോട്ട് ചെയ്തതും. പക്ഷേ, പ്രമേയം മാനിക്കാന്‍ ശ്രീലങ്കയിലെ മഹിന്ദ രാജപക്സെ സര്‍ക്കാര്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സില്‍ വിഷയം വീണ്ടും പരിഗണിക്കാനായി സമ്മേളിച്ചിരിക്കുന്നത്. 2009ലെ കൂട്ടക്കൊലയെയും, പിന്നെയും തുടര്‍ന്ന അത്യാചാരങ്ങളെയും കുറിച്ച് അന്വേഷിക്കാന്‍ ശ്രീലങ്കയോട് ആവശ്യപ്പെടുന്ന അമേരിക്കയുടെ പ്രമേയമാണ് കൗണ്‍സില്‍ പരിഗണിക്കുന്നത്. ഈയാഴ്ച പ്രമേയം വോട്ടിനിടുമ്പോള്‍ ഇന്ത്യ എന്തു നിലപാട് സ്വീകരിക്കണമെന്നതിനെച്ചൊല്ലി കഴിഞ്ഞ കുറെ ദിവസങ്ങളായി തമിഴ്നാട്ടില്‍ നടക്കുന്ന വിവാദവും പ്രതിഷേധവും മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കെ യു.പി.എ സര്‍ക്കാറിനെത്തന്നെ പ്രതിസന്ധിയിലാക്കിക്കൊണ്ട് ഡി.എം.കെ പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നു. പുറത്തുനിന്നുപോലും സര്‍ക്കാറിനെ പിന്തുണക്കുന്ന പ്രശ്നമില്ലെന്ന് അറിയിച്ച ഡി.എം.കെ സുപ്രീമോ കരുണാനിധി പക്ഷേ, അമേരിക്കന്‍ പ്രമേയത്തിന്മേല്‍ കര്‍ക്കശ ഭേദഗതിക്ക് ഇന്ത്യ തയാറായാല്‍ നിലപാട് പുനപരിശോധിക്കാമെന്നും പറയുന്നു.
ശ്രീലങ്കയില്‍ തമിഴ്പുലികളുടെ വിഘടനവാദത്തെയും സ്വതന്ത്ര തമിഴ് ഈഴം സ്ഥാപിക്കാനുള്ള അവരുടെ പോരാട്ടത്തെയും പിന്തുണക്കാതിരുന്നവര്‍പോലും ലങ്കന്‍ സേന നടത്തിയ സിവിലിയന്‍ കൂട്ടക്കൊലയെയോ പിന്നീട് തുടര്‍ന്ന അത്യാചാരങ്ങളെയോ അനുകൂലിക്കുന്നില്ല. അതുപോലെ, ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷത്തിന് തുല്യപൗരാവകാശങ്ങള്‍ ഉറപ്പുവരുത്തുമെന്നും താറുമാറായ അവരുടെ ആവാസമേഖല പുനര്‍നിര്‍മിക്കുമെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കുമെന്നും രാജപക്സെ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കപ്പെടാത്തതിലും അന്താരാഷ്ട്ര സമൂഹത്തിനും ഇന്ത്യന്‍ ജനതക്കും പ്രതിഷേധവും ഉത്കണ്ഠയുമുണ്ട്. ഈ പശ്ചാത്തലത്തില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രശ്നം ഗൗരവമായി ചര്‍ച്ചചെയ്യേണ്ടതും വാക്കുപാലിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടേണ്ടതുംതന്നെയാണ്. തദ്വിഷയകമായി ശക്തമായ പ്രമേയംതന്നെ ഏകകണ്ഠമായി പാസാക്കപ്പെടുകയും വേണം.
എന്നാല്‍ , ഇതിന്‍െറ പേരില്‍ തമിഴ്നാട്ടില്‍ പൊട്ടിപ്പുറപ്പെട്ട വന്‍ പ്രക്ഷോഭവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതമായി അടച്ചിടുന്നതില്‍ കലാശിച്ച വിദ്യാര്‍ഥി സമരവും ഒടുവില്‍ ഡി.എം.കെ ഉയര്‍ത്തിയ ഭീഷണിയും ശുദ്ധമനുഷ്യാവകാശ താല്‍പര്യമോ ശ്രീലങ്കന്‍ തമിഴ് വംശജരോടുള്ള ഐക്യദാര്‍ഢ്യമോ ആണെന്ന് സമ്മതിക്കാന്‍ സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ല. തമിഴ് ജനതയുടെ വികാരം പരമാവധി തീപ്പിടിപ്പിച്ച് 2014ലെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള തന്ത്രമാണ് കോലാഹലങ്ങള്‍ക്കു പിന്നില്‍ പ്രത്യക്ഷത്തില്‍തന്നെ തെളിഞ്ഞുകാണുന്നത്. നേരത്തേയും ഈ വികാരങ്ങള്‍ അണപൊട്ടിയൊഴുകിയപ്പോള്‍ 1987ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി ശ്രീലങ്കന്‍ പ്രസിഡന്‍റ് ജയവര്‍ധനെയുമായി സമാധാന പുനസ്ഥാപന കരാറില്‍ ഒപ്പിട്ടതും തുടര്‍ന്ന് ഇന്ത്യന്‍ സമാധാനപാലനസേന ലങ്കയിലെത്തിയതും വിസ്മരിക്കാന്‍ സമയമായിട്ടില്ല. 1990ല്‍ ദൗത്യം പരാജയപ്പെട്ടപ്പോള്‍ ഇന്ത്യന്‍ സേന തിരിച്ചുപോരുകയായിരുന്നു. എന്നാല്‍, 1991ല്‍ എല്‍.ടി.ടി.ഇയുടെ ഗൂഢപദ്ധതിയിലൂടെ രാജീവ്ഗാന്ധി ക്രൂരമായി വധിക്കപ്പെട്ടതാണ് ഇതിന് രാജ്യം കൊടുക്കേണ്ടിവന്ന വില. വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പിന്‍െറ കാഹളധ്വനി മുഴങ്ങവെ, വേലുപ്പിള്ള പ്രഭാകരന്‍െറ 12കാരനായ മകന്‍ ലങ്കന്‍ സൈന്യത്തിന്‍െറ ക്രൂരഹത്യക്ക് വിധേയനായ ചരിത്രനിമിഷം അനാവരണം ചെയ്യപ്പെട്ടപ്പോഴുള്ള വൈകാരികാന്തരീക്ഷത്തില്‍ , അതിഭീമമായ അഴിമതിയാരോപണങ്ങളില്‍ മുങ്ങി പ്രതിച്ഛായ തീര്‍ത്തും തകര്‍ന്ന ഡി.എം.കെ അതിജീവനതന്ത്രം പയറ്റാന്‍ തീവ്രയത്നം നടത്തുന്നതാണ് നാമിപ്പോള്‍ കാണുന്നത്. ശ്രീലങ്കന്‍ തമിഴരുടെ ഉന്മൂലനം നടന്നിട്ടുണ്ടെന്നും രാജപക്സെ സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്ന പ്രമേയം ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കണമെന്നാണ് ഡി.എം.കെ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അതേസമയം, കേന്ദ്ര മന്ത്രിമാരുടെ രാജിയോ ഡി.എം.കെ പിന്തുണ പിന്‍വലിക്കുന്ന തീരുമാനമോ രാഷ്ട്രപതിയെ പാര്‍ട്ടി ഇതുവരെ അറിയിച്ചിട്ടില്ലെന്ന വസ്തുത, കരുണാനിധിയുടെ മനസ്സിലിരിപ്പ് പരമാവധി വിലപേശലും രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കലുമാണെന്ന ധാരണയെ ശക്തിപ്പെടുത്തുന്നു. സ്വാഭാവികമായും മുഖ്യപ്രതിയോഗി ജയലളിതയും വെറുതെ ഇരിക്കുന്നില്ല. ഇന്ത്യ ശക്തവും ചരിത്രപരവും ധീരവുമായ നിലപാടെടുക്കണമെന്നും യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സമ്മേളനത്തില്‍ അമേരിക്കന്‍ പ്രമേയത്തെ പിന്താങ്ങുക മാത്രമല്ല ശക്തമായ ഭേദഗതികള്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പുരട്ച്ചി തലൈവിയും രംഗത്തുണ്ട്. പക്ഷേ, തല്‍ക്കാലത്തെ രാഷ്ട്രീയ പ്രതിസന്ധി എങ്ങനെയും അതിജീവിക്കാന്‍ തന്ത്രം മെനയുന്ന യു.പി.എ നേതൃത്വത്തിന് പോകാവുന്നതിന് സാരമായ പരിമിതികളുണ്ട്. ഒരയല്‍രാജ്യത്തിന്‍െറ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിലെ ലക്ഷ്മണരേഖ, സിംഹള ബുദ്ധിസ്റ്റ് ഭൂരിപക്ഷത്തെ അതൃപ്തിപ്പെടുത്താനാവാത്ത ശ്രീലങ്കന്‍ സര്‍ക്കാര്‍ വിപത്സന്ധിയില്‍ ചൈനയുടെയും പാകിസ്താന്‍െറയും സഹായം തേടാനുള്ള സാധ്യത എന്നീ കാര്യങ്ങളൊക്കെ കണക്കിലെടുത്തേ മന്‍മോഹന്‍ സിങ് സര്‍ക്കാറിന് തീരുമാനമെടുക്കാനാവൂ. വിവേകം വികാരങ്ങള്‍ക്ക് വഴിമാറുന്നത് ഗുരുതര ഭവിഷ്യത്തുകള്‍ക്കിടവരുത്തും എന്നതിന് മുന്‍ ശ്രീലങ്കന്‍ അനുഭവങ്ങള്‍തന്നെ മതിയായ തെളിവ് നല്‍കുന്നു.
വിണ്ട മണ്ണില്‍നിന്ന് വരണ്ട വിലാപം
വറ്റിപ്പോയ ജലസ്രോതസ്സ്, വിണ്ടുകീറിയ മണ്ണ്, ഉണങ്ങിത്തീര്‍ന്ന പച്ചപ്പ്, പൊള്ളുന്ന മനസ്സ്... ഒരു വലിയ വറച്ചട്ടിയാണിപ്പോള്‍ കേരളം. സംസ്ഥാന രൂപവല്‍ക്കരണത്തിനു (1956) ശേഷമുള്ള ഏറ്റവും കടുത്ത വരള്‍ച്ചയിലൂടെയാണു കേരളം കടന്നുപോകുന്നതെന്നു സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലത്തോടെ കേന്ദ്രസംഘത്തെ സര്‍ക്കാര്‍ ധരിപ്പിച്ചിരിക്കുകയാണ്. ഈ കൊടുംവരള്‍ച്ച മൂലം ഇതുവരെ 7888 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു സര്‍ക്കാരിന്റെ കണക്ക്.
മഴ ചതിച്ചതോടെ സംസ്ഥാനം വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ച്, അതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക വായ്പകള്‍ക്കു മൊറട്ടോറിയം ഉള്‍പ്പെടെ ചില ആശ്വാസ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ സ്വീകരിച്ചിരുന്നു. കേരളത്തിലെ വരള്‍ച്ചാസ്ഥിതിവിശേഷം വിലയിരുത്താനെത്തിയ ഉന്നതതല കേന്ദ്രസംഘം കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദാരമായ സഹായം ലഭിക്കേണ്ടതുണ്ട്. എന്നാല്‍തന്നെയും, ജലദൌര്‍ലഭ്യവുമായി ബന്ധപ്പെട്ട ഗുരുതരപ്രശ്നങ്ങള്‍ക്കുള്ള അടിസ്ഥാന പരിഹാരം ബാക്കിനില്‍ക്കും. സ്ഥായിയായ ജലസംരക്ഷണ പരിപാടികളാണു സര്‍ക്കാര്‍ ആവിഷ്കരിക്കേണ്ടത്.
താളംതെറ്റിയ കാലവര്‍ഷത്തിന്റെയും തുലാവര്‍ഷത്തിന്റെയും കണക്കുകള്‍ കാണിച്ച്, കാലാവസ്ഥാവ്യതിയാനമാണു വില്ലനെന്നു സ്ഥാപിക്കാമെങ്കിലും കടുത്ത ജലദാരിദ്യ്രം ഒരു നല്ലപരിധിവരെ നാം വരുത്തിവച്ചതല്ലേ? കാലാവസ്ഥാ മാറ്റങ്ങള്‍ തുടര്‍ന്നും സംഭവിക്കുമെന്നിരിക്കേ, കുടിവെള്ളവും കൃഷിക്കാവശ്യമായ വെള്ളവും ഏതൊരവസ്ഥയിലും നാടെങ്ങും എത്തിക്കാനുള്ള സ്ഥിരപദ്ധതികളാണ് ആവശ്യം.
കഴിഞ്ഞദിവസം സംസ്ഥാന ബജറ്റിന്റെ മുന്നോടിയായി നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക അവലോകനത്തില്‍ ജലദൌര്‍ലഭ്യത്തിന്റെയും പരിസ്ഥിതി മലിനീകരണത്തിന്റെയും ഭയാനകചിത്രം വരച്ചുകാട്ടിയിട്ടുണ്ട്. ജലസംരക്ഷണം, മാലിന്യനിര്‍മാര്‍ജനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ കേരളം വളരെ പിന്നിലായിപ്പോയെന്നു സര്‍വേ കുറ്റപ്പെടുത്തുന്നു. നീര്‍ത്തടങ്ങളും നദികളും അവഗണിക്കപ്പെട്ടതു പ്രശ്നം കൂടുതല്‍ രൂക്ഷമാക്കിക്കഴിഞ്ഞു. കുടിവെള്ളത്തില്‍ പലയിടത്തും ലോഹങ്ങളുടെ സാന്നിധ്യം അപകടകരമായി ഉയര്‍ന്നുനില്‍ക്കുന്നതു തന്നെ ജലമലിനീകരണത്തിന്റെ രൂക്ഷത വിളിച്ചുപറയുന്നു. കൃഷിയാവശ്യത്തിന്റെ 50 ശതമാനവും നിറവേറ്റുന്നതു ഭൂഗര്‍ഭജലമാണ്. ഉപരിതല ജലശേഖരം വറ്റിവരളുമ്പോള്‍ ഭൂഗര്‍ഭ ജലവ്യാപനത്തിന്റെ രീതികളിലും വ്യത്യാസമുണ്ടാകുന്നു. യഥേഷ്ടം കനാലുകളും തടയണകളും നിര്‍മിച്ചു കൃഷിക്കാവശ്യമുള്ള വെള്ളം വേണ്ടത്ര എത്തിക്കാന്‍ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. വൈദ്യുതിദൌര്‍ലഭ്യമാകട്ടെ, ഒാരോ വര്‍ഷവും രൂക്ഷമാകുകയുമാണ്.
ഇത്രയേറെ നദികളും ജലാശയങ്ങളുമുള്ള കേരളം ജലസംരക്ഷണ പരിപാടികള്‍ ഫലപ്രദമായി ആവിഷ്കരിച്ചിരുന്നെങ്കില്‍ ഇത്തരത്തില്‍ രൂക്ഷമായ വരള്‍ച്ച നേരിടേണ്ടിവരുമായിരുന്നില്ല. ജനസാന്ദ്രതയേറിയ സംസ്ഥാനത്തു ഭൂരിപക്ഷം ജനങ്ങളും ജലസ്രോതസ്സുകള്‍ക്കു സമീപമാണു താമസിക്കുന്നത്. അതുപക്ഷേ, ജലസ്രോതസ്സുകള്‍ അതിവേഗം മാലിന്യനിക്ഷേപത്തിനുള്ള ചവറ്റുകുട്ടകളായി മാറിയതിനുള്ള കാരണമാകുന്നില്ല. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനു തദ്ദേശസ്ഥാപനങ്ങള്‍ വേണ്ടത്ര പണം ലഭ്യമാക്കിയിട്ടും ഫലപ്രാപ്തി ഉണ്ടാകുന്നുമില്ല. നമ്മുടെ ജലസാക്ഷരതയില്‍നിന്നേ ഇനിയെങ്കിലും കേരളത്തിനു സമൃദ്ധമായ ജലവരം ലഭിക്കുകയുള്ളൂ.
ഭാഗ്യവശാല്‍ ഭക്ഷ്യദൌര്‍ലഭ്യം നമ്മെ അലട്ടാറായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ ധാന്യശേഖരത്തില്‍ വേണ്ടത്ര സ്റ്റോക്കുണ്ടെന്നതാണ് ആശ്വാസം. എന്നാല്‍, വരള്‍ച്ചയെത്തുടര്‍ന്നു കാര്‍ഷികമേഖലയിലുണ്ടായ മാന്ദ്യം ഒരു നല്ല വിഭാഗത്തിന്റെ വരുമാനത്തെ ബാധിക്കും. ജലമാലിന്യംമൂലം സമൂഹം രോഗഗ്രസ്തമാകുന്നുമുണ്ട്. ശുദ്ധജലം എന്ന മൌലികാവകാശം നിഷേധിക്കപ്പെടുന്നതിലും മോശമായ ഒരു സ്ഥിതിവിശേഷം മറ്റെന്താണ്?
സ്വാതന്ത്യ്രാനന്തരം നമ്മുടെ സര്‍ക്കാരുകള്‍ ഏറെ തുക ജലസേചനമേഖലയിലും കുടിവെള്ള വിതരണത്തിനും ചെലവഴിച്ചെങ്കിലും പദ്ധതികളിലേറെയും പാഴായിപ്പോയില്ലേ? സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും കുത്തക തന്നെയായ കുടിവെള്ള വിതരണത്തില്‍ പുതിയ ആശയങ്ങളും വന്‍ നിക്ഷേപവും കടന്നുവരേണ്ടതല്ലേ? നീര്‍ത്തടങ്ങളും നദികളും സംരക്ഷിക്കുന്നതിലുള്ള ഉദാസീനത മാറ്റിയെടുക്കാന്‍ ഭാവനാപൂര്‍ണമായ പദ്ധതികളുണ്ടാകുകയും നിര്‍വഹണത്തില്‍ കര്‍മകുശലത പ്രകടിപ്പിക്കുകയും വേണം. കാലാവസ്ഥാവ്യതിയാനങ്ങളെ ചെറുക്കാന്‍ നമുക്കാവില്ലെങ്കിലും വറച്ചട്ടിക്കടിയിലെ തീച്ചൂടു കുറയ്ക്കാനെങ്കിലും നാം ഒത്തുചേര്‍ന്നു വിചാരിച്ചാല്‍ കഴിയുമെന്നു തീര്‍ച്ച.
ഡി.എം.കെ.യുടെ വഴികള്‍
ശ്രീലങ്കയിലെ തമിഴ് വംശജരുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍, യു.പി.എ. ഗവണ്‍മെന്റില്‍നിന്ന് പിന്മാറാനുള്ള ഡി.എം.കെ.യുടെ നീക്കം തീര്‍ത്തും അപ്രതീക്ഷിതമാണെന്ന് പറഞ്ഞുകൂടാ. ശ്രീലങ്കയിലെ യുദ്ധത്തിന്റെ അന്തിമഘട്ടത്തിലും യുദ്ധത്തിനുശേഷവും അവിടത്തെ തമിഴ്‌വംശജര്‍ അനുഭവിക്കുന്ന ദുഃസ്ഥിതി തമിഴ്‌നാട്ടിലും വൈകാരികമായ കോളിളക്കങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. യുദ്ധത്തിന്റെ അന്ത്യഘട്ടത്തില്‍ സാധാരണക്കാരായ തമിഴര്‍ക്ക് നേരിടേണ്ടിവന്ന വമ്പിച്ച ക്ലേശങ്ങളുടെയും ശ്രീലങ്കാ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളുടെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അടുത്തിടെ കൂടുതലായി പുറത്തുവന്നിട്ടുണ്ട്. ഈ സന്ദര്‍ഭത്തിലാണ് യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കയെ സംബന്ധിച്ച പ്രമേയം വരുന്നത്. കൗണ്‍സിലില്‍, ശ്രീലങ്ക നടത്തിയ 'യുദ്ധക്കുറ്റങ്ങളെയും വംശഹത്യ'യെയും അപലപിക്കുന്ന തരത്തില്‍ ഇന്ത്യ പ്രമേയത്തില്‍ ഭേദഗതികള്‍ കൊണ്ടുവരണമെന്ന് ഡി.എം.കെ. ആഗ്രഹിക്കുന്നു.പാര്‍ലമെന്റ് ഇതുസംബന്ധിച്ച് പ്രമേയം പാസാക്കണമെന്നും അവര്‍ താത്പര്യപ്പെടുന്നു. തമിഴരുടെ കാര്യങ്ങള്‍ തങ്ങള്‍ വേണ്ടത്ര ഗൗനിക്കുന്നില്ല എന്ന ഒരു തോന്നല്‍ ഉണ്ടാക്കിയെടുക്കാന്‍ സ്വാഭാവികമായും ഏതൊരു തമിഴ് പാര്‍ട്ടിയെയുംപോലെ, അവരും ആഗ്രഹിക്കുന്നില്ല.
ഡി.എം.കെ. ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അതേപടി നിറവേറ്റിക്കൊടുക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന് ബുദ്ധിമുട്ടാണെങ്കിലും ആ ആവശ്യങ്ങള്‍ക്കുപിറകില്‍ ചില യാഥാര്‍ഥ്യങ്ങള്‍ കിടപ്പുണ്ടെന്ന വസ്തുത നിഷേധിക്കാനാവില്ല. യുദ്ധത്തിന്റെ ഒടുവില്‍ നാല്പതിനായിരത്തോളം സാധാരണക്കാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് യു.എന്‍. അന്വേഷകര്‍തന്നെ കണ്ടെത്തിയത്. ശ്രീലങ്കാ സൈന്യം ബോധപൂര്‍വം ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. യുദ്ധത്തിനു ശേഷവും മനുഷ്യാവകാശലംഘനങ്ങള്‍ അവിടെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എന്‍. മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ നവനീതം പിള്ള, അന്താരാഷ്ട്രതലത്തില്‍ സ്വതന്ത്രമായ ഒരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ശ്രീലങ്ക തന്നെ ഒരു കമ്മീഷനെ നിയമിക്കുകയും ആ കമ്മീഷന്‍ അവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതുകഴിഞ്ഞ് ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ഒരു കര്‍മപരിപാടിയും ആവിഷ്‌കരിച്ചിരുന്നു. ഇതൊന്നും എവിടെയും എത്തിയിട്ടില്ലെന്നാണ് മനസ്സിലാക്കേണ്ടത്. യുദ്ധക്കുറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നിഷേധിക്കുകയാണ് ശ്രീലങ്കയുടെ പതിവ്. കുറ്റവാളികള്‍ ആരാണെന്ന് കണ്ടെത്തുകയും അവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യാതെ രണ്ട് സമൂഹങ്ങള്‍ തമ്മില്‍ അനുരഞ്ജനം സാധ്യമാവുന്നത് എങ്ങനെ? ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ തീര്‍ച്ചയായും താത്പര്യമുണ്ടാവണം. ശ്രീലങ്കയിലെ തമിഴരുടെ സ്ഥിതി നമ്മുടെ രാജ്യത്തെയും ബാധിക്കുന്നതാണ്. അതുകൊണ്ട് മനുഷ്യാവകാശലംഘനങ്ങള്‍ സംബന്ധിച് സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടക്കുകതന്നെ വേണം. വിശ്വസനീയമായ രീതിയില്‍ ശ്രീലങ്കയ്ക്കുതന്നെ ഇത് നടത്തുകയാവാം. തങ്ങളുടെ തെറ്റ് തിരുത്താന്‍ രാഷ്ട്രങ്ങള്‍ തന്നെ ഇങ്ങനെ മുന്നിട്ടിറങ്ങിയതിന്റെ ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്. തീവ്രവാദപ്രസ്ഥാനങ്ങള്‍ വീണ്ടും തലപൊക്കാതിരിക്കാന്‍ അതേ വഴിയുള്ളൂ.
മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കയെ തീര്‍ത്തും ഒറ്റപ്പെടുത്തുന്ന രീതിയില്‍ ഒരു നിലപാട് സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് വിഷമമുണ്ട്. നമ്മുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായി ശ്രീലങ്കയെ മറ്റു രാജ്യങ്ങളുമായി പക്ഷംചേരാന്‍ പ്രേരിപ്പിക്കുകയാവും അവരെ ഒറ്റപ്പെടുത്തുന്ന സമീപനത്തിന്റെ ഫലം എന്ന് ഇന്ത്യ ആശങ്കിക്കുന്നുണ്ടാവണം. മറ്റു രാജ്യങ്ങള്‍ ഈ അവസരം തീര്‍ച്ചയായും ഉപയോഗപ്പെടുത്തും. അങ്ങനെ വരുന്നത് തമിഴ് വംശജര്‍ക്കും തമിഴ്‌നാടിനും തന്നെയായിരിക്കും ദോഷംചെയ്യുക. കരടുപ്രമേയം, ഇന്ത്യയുടെ ഇടപെടല്‍കാരണം കാര്യമായി ഭേദഗതി ചെയ്തിട്ടുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പെട്ടെന്ന് ഒരു നടപടിക്ക് കരുണാനിധിയെ പ്രേരിപ്പിച്ചതും ഇതു തന്നെയാവണം. ഡി.എം.കെ.യ്ക്ക് ഇക്കാര്യം സംബന്ധിച്ച് അധികം ആലോചിച്ചുനില്‍ക്കാനാവില്ല. സ്‌പെക്ട്രം ഇടപാടില്‍ തങ്ങളുടെ മന്ത്രി കുടുങ്ങയതിനാല്‍ വിട്ടുപോകുന്നതുപോലെയല്ലല്ലോ ഇത്. ഇതിന്റെ പേരില്‍ രാഷ്ട്രീയലാഭം കൊയ്യാം എന്ന അവരുടെ പ്രതീക്ഷ അസ്ഥാനത്തല്ല. അതേസമയം, തമിഴ് വികാരത്തിന് തീകൊളുത്തുന്നതിന് തമിഴ് കക്ഷികള്‍ പരസ്പരം മത്സരിക്കുന്ന സ്ഥിതി രാജ്യത്തിന് ഒട്ടും ഗുണംചെയ്യില്ല.
യു.പി.എ. സര്‍ക്കാറിന്റെ നിലനില്പിന് ഡി.എം.കെ.യുടെ പിന്മാറ്റം തത്കാലം ഭീഷണിയുയര്‍ത്തുന്നില്ല. ഇപ്പോള്‍ അകപ്പെട്ട സ്ഥിതിയില്‍നിന്ന് പുറത്തുകടക്കുന്നതിനുള്ള വഴികള്‍ തിരയാന്‍ സര്‍ക്കാറിന് അതുമൂലം സമയം ലഭിച്ചിട്ടുണ്ട്. അത്തരം ചില നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുമുണ്ട്. സര്‍ക്കാര്‍ പിടിച്ചു നിന്നാലും തൃണമൂലിനു പിന്നാലെ ഒരു കക്ഷികൂടി വിട്ടുപോകുന്നത്, പുറത്തുനിന്നുള്ള പിന്തുണയെന്ന ഓക്‌സിജന്‍ ശ്വസിക്കുന്ന, അതിന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചിരിക്കുന്നു.
No comments:
Post a Comment