Tuesday, March 5, 2013

മുഖപ്രസംഗം March 05 - 2013

മുഖപ്രസംഗം March 05 - 2013


1. വൈദ്യുതി: പ്രതിസന്ധിയെ അവസരമാക്കാം (മാധ്യമം )

പെട്രോളിനും ഡീസലിനും ഗ്യാസിനും വിലവര്‍ധിക്കുമ്പോള്‍ അത് ഒട്ടനേകം ചീത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെങ്കിലും ഒരു പ്രയോജനം അതിനുണ്ട് -സര്‍ക്കാറും ജനങ്ങളും ബദല്‍ ഊര്‍ജസ്രോതസ്സുകളെപ്പറ്റി ഗൗരവത്തോടെ ചിന്തിക്കും എന്നതാണത്. വലിയ ഊര്‍ജപ്രതിസന്ധിക്ക് മുന്നിലകപ്പെട്ട കേരളം ഇങ്ങനെ മറ്റു സാധ്യതകള്‍ പരീക്ഷിക്കുന്നുവെന്നത് വളരെ നല്ല കാര്യമാണ്. സംസ്ഥാന വൈദ്യുതി ബോര്‍ഡ് സൗരോര്‍ജ ഉല്‍പാദനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങി 500 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൗരവൈദ്യുതിശാലകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നു


2 . മദ്യനയം കുഴഞ്ഞുമറിയുന്നു (മാത്രുഭൂമി)

കേരളസമൂഹത്തിന്റെ പാതവക്കിലിരുന്ന് മദ്യത്തിനെതിരെയും മദ്യഷാപ്പുകള്‍ക്കെതിരെയും തുടരെ സമരം നടത്തിവരുന്നവരാണ് മദ്യ വിരുദ്ധ പ്രവര്‍ത്തകര്‍. അക്രമമുണ്ടാക്കാത്തതുകൊണ്ട് അവരുടെ സമരം പൊതുജന ശ്രദ്ധയില്‍ പൊതുവേ പെട്ടുവെന്നു വരില്ല. പാതയോരത്തെ സമരപ്പന്തലിനെ സമൂഹം കണ്ടില്ലെന്ന് നടിക്കുകയും ചെയ്‌തേക്കാം. ആ സമരങ്ങളുടെ ഫലമായി ജനങ്ങള്‍ക്ക് അവശ്യം വേണ്ടുന്ന ഒരധികാരം ഈയിടെ പുനഃസ്ഥാപിച്ച് കിട്ടുകയുണ്ടായി. തങ്ങളുടെ പ്രദേശത്ത് മദ്യഷാപ്പ് വേണമോ എന്ന് തീരുമാനിക്കാനുള്ള അവകാശമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്, അതുവഴി ആ പ്രദേശവാസികള്‍ക്ക് വീണ്ടും കിട്ടിയത്. പഞ്ചായത്തിരാജ് -നഗരപാലികാ ചട്ടങ്ങളില്‍ ഈ അവകാശം നേരത്തേ ഉണ്ടായിരുന്നെങ്കിലും പിന്നീടത് സര്‍ക്കാര്‍ എടുത്തുകളഞ്ഞു. എന്നാല്‍ ചട്ടം പുനഃസ്ഥാപിച്ചപ്പോള്‍ അതില്‍ പെട്ടെന്ന് ശ്രദ്ധയിപ്പെടാത്ത ഒരു പഴുത് കിടപ്പുണ്ടായിരുന്നു. മദ്യഷാപ്പുകള്‍ക്ക് അനുമതി നല്‍കാതിരിക്കാന്‍ എന്നതുപോലെ അനുമതി നല്‍കാനും ഈ അവകാശം ഉപയോഗിക്കാമല്ലോ. ഇപ്പോള്‍ അതാണ് സംഭവിച്ചിരിക്കുന്നത്. 





3. മികവിന്റെ സ്മാഷ്  (മനോരമ)
കേരള വോളിബോള്‍ വീണ്ടും ഉയരങ്ങളിലേക്കു കുതിക്കുന്നു. അടുത്തടുത്തു രണ്ടു ദേശീയ കിരീടവിജയങ്ങളുമായി പുരുഷന്മാരും ഒരു വിജയവും ഒരു രണ്ടാം സ്ഥാനവുമായി വനിതകളും നാടിന്റെ വോളിക്കരുത്തിനു തിലകം ചാര്‍ത്തുമ്പോള്‍ അഭിമാനിക്കാം: വോളിബോളില്‍ നാം പോയകാലങ്ങള്‍ തിരിച്ചുപിടിക്കുകയാണ്. നമ്മുടെ നാട്ടിന്‍പുറങ്ങള്‍ സ്നേഹത്തോടെ കൊണ്ടാടിയ ആഘോഷമായിരുന്നു വോളിബോള്‍. പിന്നെ, ക്രിക്കറ്റിന്റെയും മറ്റും വെള്ളിത്തിളക്കത്തില്‍ നാം വോളിബോളിനെ മറന്നു. അപ്പോഴും ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനും താരങ്ങളെ വാര്‍ത്തെടുക്കാനും ചിലരെങ്കിലും വിയര്‍പ്പൊഴുക്കുന്നുണ്ടായിരുന്നു. 



വൈദ്യുതി: പ്രതിസന്ധിയെ അവസരമാക്കാം (മാധ്യമം )
വൈദ്യുതി: പ്രതിസന്ധിയെ അവസരമാക്കാം
പെട്രോളിനും ഡീസലിനും ഗ്യാസിനും വിലവര്‍ധിക്കുമ്പോള്‍ അത് ഒട്ടനേകം ചീത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെങ്കിലും ഒരു പ്രയോജനം അതിനുണ്ട് -സര്‍ക്കാറും ജനങ്ങളും ബദല്‍ ഊര്‍ജസ്രോതസ്സുകളെപ്പറ്റി ഗൗരവത്തോടെ ചിന്തിക്കും എന്നതാണത്. വലിയ ഊര്‍ജപ്രതിസന്ധിക്ക് മുന്നിലകപ്പെട്ട കേരളം ഇങ്ങനെ മറ്റു സാധ്യതകള്‍ പരീക്ഷിക്കുന്നുവെന്നത് വളരെ നല്ല കാര്യമാണ്. സംസ്ഥാന വൈദ്യുതി ബോര്‍ഡ് സൗരോര്‍ജ ഉല്‍പാദനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങി 500 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൗരവൈദ്യുതിശാലകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. വൈദ്യുതി ചാര്‍ജ് അടക്കുന്നതില്‍ വീഴ്ചവരുത്തുന്ന ഇത്തരം സ്ഥാപനങ്ങളില്‍നിന്ന് കിട്ടുന്ന സൗരവൈദ്യുതി സംസ്ഥാന ഗ്രിഡിലേക്ക് എടുക്കും; പ്ളാന്‍റ് സ്ഥാപിക്കാന്‍ മുന്നോട്ടുവരുന്ന ഏജന്‍സികള്‍ക്ക് വാര്‍ഷിക ഗഡുക്കളായി പണം നല്‍കും. ഇത് പ്രയോഗതലത്തില്‍ വരാന്‍ അല്‍പം കാലവിളംബം വരാമെങ്കിലും ബദല്‍ സമ്പ്രദായത്തിലേക്കുള്ള ചുവടുമാറ്റത്തിന്‍െറ തുടക്കമെന്ന നിലക്ക് അതിന്‍െറ പ്രാധാന്യം വ്യക്തമാണ്. ജലവൈദ്യുത പദ്ധതികള്‍ പല കാരണങ്ങളാല്‍ അപര്യാപ്തമായിക്കഴിഞ്ഞിരിക്കുന്നു. കാറ്റ്, സൂര്യന്‍, തിരമാല തുടങ്ങിയ ബദല്‍ ഊര്‍ജസ്രോതസ്സുകളെപ്പറ്റി ശാസ്ത്രജ്ഞര്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് പറയാന്‍ തുടങ്ങിയതാണെങ്കിലും നമ്മെ ഏറെക്കാലമായി ആവേശിച്ച ‘തല്‍സ്ഥിതി മനോഭാവ’വും രാഷ്ട്രീയ നേതൃത്വങ്ങളുടെ ഭാവനയില്ലായ്മയും പുതിയ പരീക്ഷണങ്ങളില്‍നിന്ന് നമ്മെ പിന്തിരിപ്പിക്കുകയായിരുന്നു. ബദല്‍ രീതികളില്‍ താരതമ്യേന ചെലവുകുറഞ്ഞതും പ്രായോഗികമായി കൂടുതല്‍ എളുപ്പമായതുമാണ് സൗരോര്‍ജ പദ്ധതിയെന്നത്രേ വിലയിരുത്തല്‍.
കെട്ടിടങ്ങളില്‍ സൗരോര്‍ജപാനലുകള്‍ വ്യാപകമായി സ്ഥാപിക്കുകവഴി സംസ്ഥാനത്തിന്‍െറ വൈദ്യുതി ആവശ്യം വലിയ ഒരളവോളം നിര്‍വഹിക്കാനാവുമെന്ന് പഠനങ്ങള്‍ പറയുന്നു. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായിരുന്നു. ഇക്കൊല്ലത്തെ ബജറ്റില്‍ പദ്ധതി കൂടുതല്‍ വ്യക്തതയോടെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. കേരളത്തില്‍ പത്തു ലക്ഷത്തോളം വീടുകളിലെങ്കിലും സൗരോര്‍ജ പ്ളാന്‍റുകള്‍ സ്ഥാപിക്കാന്‍ കഴിയും. ഒരു കിലോവാട്ട് ശേഷിയുള്ള സൗരവൈദ്യുതി സംവിധാനങ്ങള്‍ ഇത്രയും വീടുകള്‍ക്കുമീതെ സ്ഥാപിച്ചാല്‍ ആയിരം മെഗാവാട്ട് വൈദ്യുതി ലഭിക്കും. ഈ ദിശയിലേക്കുള്ള ചിന്തയും പ്രവര്‍ത്തനവും തുടങ്ങി എന്നതുതന്നെ ശുഭസൂചകമാണ്. സര്‍ക്കാര്‍ ഏജന്‍സിയായ ‘അനെര്‍ട്ട്’ രംഗത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ 10,000 വീടുകളില്‍ സോളര്‍ പാനലുകള്‍ സ്ഥാപിക്കുന്ന ബൃഹത്തായ സംവിധാനത്തിന് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. ഒരു കിലോവാട്ടിന്‍െറ സൗരപാനല്‍, ഒരു കിലോവാട്ട് ഇന്‍വര്‍ട്ടര്‍, 600 ആംപിയര്‍ മണിക്കൂര്‍ ശേഷിയുള്ള ബാറ്ററി എന്നിവയടങ്ങുന്ന മൊത്തം പ്ളാന്‍റിന് അഞ്ചു വര്‍ഷം വാറന്‍റിയുണ്ട്; സൗരപാനലുകള്‍ക്ക് 25 വര്‍ഷം വാറന്‍റിയും. അംഗീകൃത കമ്പനികള്‍ വഴിയാണ് പദ്ധതി നടപ്പാക്കുക. ഇത് എത്രയും വേഗം നടപ്പില്‍ വരുത്തുന്നതിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നത് നന്നായിരിക്കും. സൗരോര്‍ജ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിന് നികുതിയിളവുകള്‍ അടക്കമുള്ള നടപടികള്‍ ഉടനെത്തന്നെ സ്വീകരിക്കേണ്ടതുണ്ട്. സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയാല്‍ സൗരവൈദ്യുതി പദ്ധതിയില്‍ അണിചേരാന്‍ കൂടുതല്‍ ഉപഭോക്താക്കള്‍ തയാറാവും.
സംസ്ഥാനത്തിന്‍െറ മൊത്തം വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാന്‍, മൊത്തം ഭൂവിസ്തൃതിയുടെ അരശതമാനം സൗരപദ്ധതികള്‍ക്കായി ഉപയോഗിച്ചാല്‍ മതിയാകും എന്നൊരു കണക്കുണ്ട്. വ്യക്തതയും പ്രായോഗികതയും ഒത്തിണങ്ങിയ ഒരു സൗരോര്‍ജനയം ഇക്കാര്യത്തില്‍ സഹായകരമാകും. തമിഴ്നാട്ടിന് അത്തരമൊന്നുണ്ട്. നല്ലൊരു ബദല്‍രീതി എന്നതു മാത്രമല്ല സൗരവൈദ്യുതി പദ്ധതിയുടെ പ്രാധാന്യം. ജലവൈദ്യുതി, താപവൈദ്യുതി, ഇപ്പോള്‍ ആണവവൈദ്യുതി തുടങ്ങിയ സംവിധാനങ്ങള്‍ അടിസ്ഥാനപരമായിത്തന്നെ വന്‍കിട പദ്ധതികളാണ് -വന്‍കിട പദ്ധതികളാകട്ടെ മലിനീകരണവും കുടിയൊഴിപ്പിക്കല്‍ പോലുള്ള സാമൂഹിക അന്യായങ്ങളും കൂടി ഉണ്ടാക്കുന്നുണ്ട്. അതേസമയം, ‘ചെറുതാണ് മനോഹരം’ എന്ന തത്ത്വത്തിന്‍െറ പ്രയോഗമായി, തീര്‍ത്തും വികേന്ദ്രീകൃത രീതിയില്‍ നടപ്പാക്കാവുന്നതാണ് സൗരവൈദ്യുതി പദ്ധതി. കേന്ദ്രസര്‍ക്കാറില്‍നിന്നുള്ള സഹായവും ഇതിന് ലഭ്യമാകും. രാജ്യത്ത് ഇപ്പോള്‍ പത്തു ലക്ഷം വീടുകളില്‍ സൗരവൈദ്യുതി ഉപയോഗിക്കുന്നുണ്ട്; പത്തു വര്‍ഷത്തിനകം രണ്ടു കോടി വീടുകളില്‍ ഈ സംവിധാനമെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ഏതാനും മാസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ബദല്‍ ഊര്‍ജമേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട് -പ്രത്യേകിച്ച് സൗരോര്‍ജ ഉപകരണങ്ങളുടെ ചെലവുകുറച്ചു കൊണ്ടുവരുന്നതിനും ശേഷി വര്‍ധിപ്പിക്കുന്നതിനും. സൗരവൈദ്യുതിരംഗത്ത് ഗവേഷണ-വികസന പദ്ധതികള്‍ക്ക് പൂര്‍ണ സാമ്പത്തിക, സാങ്കേതിക സഹായം ലഭ്യമാക്കാന്‍ പാര്‍ലമെന്‍റ് സമിതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതിക്കമ്മി എന്ന ഇന്നത്തെ പ്രശ്നം വലിയൊരു അവസരമാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാറിനും വൈദ്യുതി ബോര്‍ഡിനും സാധിക്കട്ടെ.


മദ്യനയം കുഴഞ്ഞുമറിയുന്നു (മാത്രുഭൂമി)

Newspaper Edition
കേരളസമൂഹത്തിന്റെ പാതവക്കിലിരുന്ന് മദ്യത്തിനെതിരെയും മദ്യഷാപ്പുകള്‍ക്കെതിരെയും തുടരെ സമരം നടത്തിവരുന്നവരാണ് മദ്യ വിരുദ്ധ പ്രവര്‍ത്തകര്‍. അക്രമമുണ്ടാക്കാത്തതുകൊണ്ട് അവരുടെ സമരം പൊതുജന ശ്രദ്ധയില്‍ പൊതുവേ പെട്ടുവെന്നു വരില്ല. പാതയോരത്തെ സമരപ്പന്തലിനെ സമൂഹം കണ്ടില്ലെന്ന് നടിക്കുകയും ചെയ്‌തേക്കാം. ആ സമരങ്ങളുടെ ഫലമായി ജനങ്ങള്‍ക്ക് അവശ്യം വേണ്ടുന്ന ഒരധികാരം ഈയിടെ പുനഃസ്ഥാപിച്ച് കിട്ടുകയുണ്ടായി. തങ്ങളുടെ പ്രദേശത്ത് മദ്യഷാപ്പ് വേണമോ എന്ന് തീരുമാനിക്കാനുള്ള അവകാശമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്, അതുവഴി ആ പ്രദേശവാസികള്‍ക്ക് വീണ്ടും കിട്ടിയത്. പഞ്ചായത്തിരാജ് -നഗരപാലികാ ചട്ടങ്ങളില്‍ ഈ അവകാശം നേരത്തേ ഉണ്ടായിരുന്നെങ്കിലും പിന്നീടത് സര്‍ക്കാര്‍ എടുത്തുകളഞ്ഞു. എന്നാല്‍ ചട്ടം പുനഃസ്ഥാപിച്ചപ്പോള്‍ അതില്‍ പെട്ടെന്ന് ശ്രദ്ധയിപ്പെടാത്ത ഒരു പഴുത് കിടപ്പുണ്ടായിരുന്നു. മദ്യഷാപ്പുകള്‍ക്ക് അനുമതി നല്‍കാതിരിക്കാന്‍ എന്നതുപോലെ അനുമതി നല്‍കാനും ഈ അവകാശം ഉപയോഗിക്കാമല്ലോ. ഇപ്പോള്‍ അതാണ് സംഭവിച്ചിരിക്കുന്നത്. കോഴിക്കോട് നഗരപ്രദേശത്ത്, ഹോട്ടലുകളോടനുബന്ധിച്ച് രണ്ട് ബാറുകള്‍കൂടി തുടങ്ങാന്‍ നഗരസഭ അനുമതി നല്‍കാന്‍ നടത്തിയ നീക്കം പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നു. ഇത്തരം നടപടി മറ്റിടങ്ങളിലും ഉണ്ടാവാം. അത് പുതിയ സമരങ്ങള്‍ക്ക് തുടക്കമാവുകയും ചെയ്‌തേക്കാം.

നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം വന്നുവെങ്കിലും തര്‍ക്കത്തെത്തുടര്‍ന്നും കൗണ്‍സിലിന് പുറത്തുണ്ടായ എതിര്‍പ്പിനെത്തുടര്‍ന്നും അത് തത്കാലം മാറ്റിവെച്ചിരിക്കുകയാണ്. എല്ലാ പാര്‍ട്ടിക്കാരും അടങ്ങുന്ന സ്ഥിരം സമിതി അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ഇത് അജന്‍ഡയില്‍ വിഷയമായി എത്തിയത്. അതില്‍ നിയമത്തിനെതിരായി എന്തെങ്കിലും ഉണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല. തങ്ങള്‍ക്കുള്ള അധികാരം പ്രയോഗിക്കുക മാത്രമാണല്ലോ കൗണ്‍സിലര്‍മാര്‍ ചെയ്തിരിക്കുന്നത്. ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യവും പുതിയതല്ല. എത്രയോ ബാറുകള്‍ പ്രവര്‍ത്തിക്കുന്നു. മദ്യഷാപ്പുകള്‍ വേണമോ വേണ്ടയോ എന്ന് നിശ്ചയിക്കാനുള്ള വിവേചനാധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുമ്പോള്‍ ജനാഭിപ്രായം കണക്കിലെടുത്ത് പെരുമാറാനുള്ള അധികാരമാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. അതിന്റെ ഊന്നല്‍, കേരളത്തെപ്പോലെ മദ്യത്തിന്റെ വിപത്ത് നേരിടുന്ന ഒരിടത്ത്, കൂടുതല്‍ മദ്യഷാപ്പുകള്‍ വരുന്നത് തടയുക എന്നതുതന്നെയായിരിക്കും. മദ്യഷാപ്പുകള്‍ യഥേഷ്ടം അനുവദിക്കുന്നതിനുള്ളതാണ് ആ അധികാരമെങ്കില്‍ നിയമം വെറും തമാശനാടകമാവുകയാണ് ചെയ്യുക. അതേസമയം, വാണിജ്യ - വ്യാപാര സ്ഥാപനങ്ങള്‍ മാത്രമുള്ള ഒരു നഗരപ്രദേശത്തും ജനങ്ങള്‍ താമസിക്കുന്ന ഒരു പ്രദേശത്തും മദ്യഷാപ്പുകള്‍ അനുവദിക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ വ്യത്യസ്തമാവാം. തദ്ദേശ സ്ഥാപനങ്ങള്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചതു കൊണ്ടുമാത്രം ബാറുകള്‍ തുടങ്ങാനാവണമെന്നില്ല. അത് തീര്‍ച്ചയായും സര്‍ക്കാറിന്റെ നയത്തെ ആശ്രയിച്ചിരിക്കുന്നു.

പുതിയ ബാറുകള്‍ അനുവദിക്കേണ്ടെന്നാണ് തീരുമാനമെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ ഒരു കേസില്‍ ഇപ്പോള്‍ അറിയിച്ചിരിക്കയാണ്. മുമ്പത്തേതില്‍ നിന്ന് ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് 2011-'12-ലെ മദ്യനയത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഇതനുസരിച്ച് 2012 -'13 മുതല്‍ ഫോര്‍ സ്റ്റാര്‍ - ഫൈവ് സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്കേ പുതുതായി ലൈസന്‍സ് നല്‍കൂ എന്നാണ് തീരുമാനം. 2013-'14 മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമായും ഈ സൗകര്യം പരിമിതപ്പെടുത്തും. ദൂരപരിധി, കൈവശം വെക്കാവുന്ന മദ്യത്തിന്റെ അളവ്, കുടി തുടങ്ങാനുള്ള ഏറ്റവും ചുരുങ്ങിയ പ്രായം എന്നിവയും പരിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ സ്റ്റാര്‍ പദവി സംബന്ധിച്ച നിബന്ധനയാണ് തര്‍ക്കത്തിന് വഴിവെച്ചത്. അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ഹൈക്കോടതി ഇതില്‍ അപാകമുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. ഈ വിഷയമാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ മുന്നിലുള്ളത്. വ്യാജ മദ്യം വില്‍ക്കുന്നതും കുടിക്കുന്നതും തടയുക എന്ന ഉദ്ദേശ്യത്തോടെ സര്‍ക്കാര്‍തന്നെ മദ്യം വില്‍ക്കുകയും അനേകം മദ്യശാലകള്‍ വഴി അത് വില്‍ക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരിക്കേ, പുതിയ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാതിരുന്നതു കൊണ്ടുമാത്രം മദ്യോപഭോഗം കുറയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി. മദ്യോപഭോഗം സംബന്ധിച്ച് കേരളം നേരിടുന്ന ബുദ്ധിമുട്ടുകളുടെ മര്‍മത്തില്‍ തൊടുന്നതാണ് ഈ നിരീക്ഷണം. പക്ഷേ, സര്‍ക്കാറിന് അത്രയെങ്കിലും ചെയ്യേണ്ടിവരില്ലേ?

മദ്യം സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഒരു കമ്മീഷനെ നിയോഗിച്ചിരിക്കയാണ്. നമ്മുടെ അയല്‍സംസ്ഥാനങ്ങളിലെ വില്പനയുടെയും ഉപഭോഗത്തിന്റെയും രീതികള്‍ കമ്മീഷന്‍ പഠിക്കുന്നുണ്ടോ എന്നറിയില്ല. അത് ചെയ്യുന്നത് നന്നാവും. നിയമങ്ങളും ചട്ടങ്ങളുംകൊണ്ട് മാത്രം കാര്യമില്ല. എല്ലാ രംഗത്തുമെന്നതുപോലെ അടിസ്ഥാനപരമായി സത്യസന്ധതയില്ലായ്മതന്നെയാണ് നമ്മുടെ പ്രശ്‌നം

മികവിന്റെ സ്മാഷ്  (മനോരമ)
malmanoramalogo
കേരള വോളിബോള്‍ വീണ്ടും ഉയരങ്ങളിലേക്കു കുതിക്കുന്നു. അടുത്തടുത്തു രണ്ടു ദേശീയ കിരീടവിജയങ്ങളുമായി പുരുഷന്മാരും ഒരു വിജയവും ഒരു രണ്ടാം സ്ഥാനവുമായി വനിതകളും നാടിന്റെ വോളിക്കരുത്തിനു തിലകം ചാര്‍ത്തുമ്പോള്‍ അഭിമാനിക്കാം: വോളിബോളില്‍ നാം പോയകാലങ്ങള്‍ തിരിച്ചുപിടിക്കുകയാണ്. നമ്മുടെ നാട്ടിന്‍പുറങ്ങള്‍ സ്നേഹത്തോടെ കൊണ്ടാടിയ ആഘോഷമായിരുന്നു വോളിബോള്‍. പിന്നെ, ക്രിക്കറ്റിന്റെയും മറ്റും വെള്ളിത്തിളക്കത്തില്‍ നാം വോളിബോളിനെ മറന്നു. അപ്പോഴും ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനും താരങ്ങളെ വാര്‍ത്തെടുക്കാനും ചിലരെങ്കിലും വിയര്‍പ്പൊഴുക്കുന്നുണ്ടായിരുന്നു. ആ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ കിരീടങ്ങള്‍. 


ജയ്പൂരിലെ സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍, ദേശീയ വോളിയില്‍ കേരളം പുരുഷകിരീടം നേടിയിട്ട് ഒന്നരമാസം കഴിഞ്ഞതേയുള്ളൂ. വനിതകള്‍ കലാശപ്പോരാട്ടത്തില്‍ റയില്‍വേയോടു തോറ്റെങ്കിലും റയില്‍വേയുടെ കരുത്തും മലയാളി താരങ്ങളായിരുന്നു എന്നതു വിസ്മരിച്ചുകൂടാ. തൊട്ടുപിന്നാലെയിതാ, പത്തനംതിട്ട ആതിഥ്യമരുളിയ ഫെഡറേഷന്‍ കപ്പില്‍ ഇരട്ടവിജയം. ദേശീയ വോളിയുടെ തനിയാവര്‍ത്തനമായി മാറിയ പുരുഷവിഭാഗം ഫൈനലില്‍ തമിഴ്നാടിനെ മറികടന്നാണു നാം ചാംപ്യന്മാരായത്; വനിതകളില്‍ കന്നിക്കിരീടം നേടിയതാകട്ടെ, ആന്ധ്രയെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്തെറിഞ്ഞുകൊണ്ടും. പുരുഷ വിഭാഗത്തില്‍ ടോം ജോസഫും വനിതാ വിഭാഗത്തില്‍ എന്‍.പി. ബിജിനയും ടൂര്‍ണമെന്റിന്റെ താരങ്ങളായതും അതിമധുരമായി.

വോളിബോള്‍ ഒരു വികാരമായി കൊണ്ടുനടക്കുന്ന കേരളത്തിന്റെ മല്‍സരചരിത്രം പക്ഷേ, വോളി കിരീടങ്ങളാല്‍ ഏറെയൊന്നും അനുഗൃഹീതമല്ല. ദേശീയ വോളിബോളിന്റെ ആറു പതിറ്റാണ്ടിലേറെ നീളുന്ന ചരിത്രപുസ്തകത്തില്‍ കേരള പുരുഷന്മാര്‍ കിരീടം നേടിയതു നാലുതവണ മാത്രം. താരങ്ങള്‍ക്കു വേണ്ട പിന്തുണ നല്‍കുന്നതിലാണു പലപ്പോഴും നാം പിന്നിലായത്. പപ്പനും ജിമ്മി ജോര്‍ജും സിറില്‍ സി. വള്ളൂരും ഉദയകുമാറും എസ്. ഗോപിനാഥും ഏലമ്മയും സാലി ജോസഫും ജയ്സമ്മയും സലോമിയും അടക്കമുള്ള താരങ്ങള്‍ കോര്‍ട്ടില്‍ ഇടിമുഴക്കം തീര്‍ത്ത ഒരു കാലം കായികപ്രേമികളുടെ മനസ്സില്‍ ഇപ്പോഴും പെരുമ്പറ മുഴക്കുന്നുണ്ട്. എന്നിട്ടും കിരീടജയങ്ങളുടെ കണക്കില്‍ വിരലെണ്ണത്തിലൊതുങ്ങിയ നാം ഇപ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണെന്നു വേണം കരുതാന്‍. സമീപകാലവിജയങ്ങളുടെ പൊന്‍തിളക്കങ്ങള്‍ നമ്മുടെ വോളിബോള്‍ സംസ്കാരത്തെ തിരിച്ചുപിടിക്കാന്‍ വഴിതെളിക്കും എന്നുറപ്പ്. 

വിജയങ്ങളുടെ ആഹ്ലാദത്തില്‍, സ്തുതി പാടി കടമ തീര്‍ക്കുന്ന അധികാരികള്‍ വോളിബോള്‍ താരങ്ങളെ അംഗീകരിക്കുക എന്ന മാന്യമായ പാഠം മറക്കരുത്. ഉത്തരേന്ത്യയിലെ അതിശൈത്യം മുതല്‍ ഇന്‍ഡോര്‍ കോര്‍ട്ടുകളിലെ പരിചയക്കുറവു വരെ പ്രതിസന്ധികളായിട്ടും പോരാട്ടവീര്യം മാത്രം കൈമുതലാക്കിയാണു ദേശീയ വോളിയില്‍ പുരുഷ - വനിതാ ടീമുകള്‍ ഇക്കുറി നേട്ടം കൊയ്തത്. എന്നാല്‍, അവരോടു നാം ചെയ്തതോ? അഞ്ചു ഡിഗ്രി തണുപ്പില്‍ കളിച്ചു കിരീടം നേടിയ ടീമിനു നല്‍കിയത് 150 രൂപയുടെ ദിനബത്തയായിരുന്നു. കിരീടവുമായി തിരിച്ചുവരാന്‍ ട്രെയിനില്‍ ഒരുക്കിയത് സെക്കന്‍ഡ് ക്ളാസ് സ്ളീപ്പര്‍ യാത്രയും. ഇത്തരം നാണക്കേടുകള്‍ സഹിച്ചും ഈ താരങ്ങള്‍ കേരള വോളിയെ ഉയരങ്ങളിലെത്തിക്കാന്‍ പൊരുതുന്നു എന്നതിലാണു മഹത്വം.

വോളിബോള്‍ ആവേശത്തെ ഇന്നു നിലനിര്‍ത്തുന്നത് അക്കാദമികളും സായ് പോലെയുള്ള പരിശീലന കേന്ദ്രങ്ങളും കെഎസ്ഇബി പോലെയുള്ള സ്ഥാപനങ്ങളുമാണ്. വോളിബോളിനെ നെഞ്ചേറ്റുന്ന ഗ്രാമങ്ങളില്‍ നിന്നുയരുന്ന ആവേശങ്ങള്‍ക്കും നമ്മുടെ വോളി ടൂര്‍ണമെന്റുകളിലേക്ക് ഒഴുകിയെത്തുന്ന കളിക്കമ്പക്കാര്‍ക്കും ഈ നേട്ടത്തില്‍ പങ്കുണ്ട്. 

കേരള കായികമേഖല കുതിപ്പിന്റെ പാതയിലൂടെയാണു മുന്നേറുന്നത്. സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനലില്‍ സര്‍വീസസിനോടു പരാജയപ്പെട്ടെങ്കിലും കേരളം അവസാന ശ്വാസംവരെയും പോരാടി. മലയാളിക്കരുത്തില്‍ സര്‍വീസസ് വിജയം നേടുമ്പോഴും കേരള ഫുട്ബോള്‍ തലയുയര്‍ത്തി തന്നെയാണു നില്‍ക്കുന്നത്. രാജ്യത്തെ എണ്ണംപറഞ്ഞ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ സെമിയിലെത്തി നമ്മുടെ താരങ്ങള്‍ ചരിത്രമെഴുതിയതും ദിവസങ്ങള്‍ക്കു മുന്‍പാണ്. ഇറ്റാവയില്‍ ദേശീയ സ്കൂള്‍ ഗെയിംസില്‍ കേരളം തുടര്‍ച്ചയായി പതിനാറാം തവണയും ജേതാക്കളായതിന്റെ ആവേശം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 

ഇപ്പോള്‍ നമ്മുടെ കായികരംഗത്തുണ്ടായ ഉണര്‍വു നിലനിര്‍ത്താന്‍ താരങ്ങള്‍ക്കു മികച്ച പരിശീലന സൌകര്യങ്ങളൊരുക്കാനും ആവോളം പ്രോല്‍സാഹനം നല്‍കാനും സര്‍ക്കാരും കായികസംഘടനകളും മുന്‍കയ്യെടുക്കണം.


No comments:

Post a Comment