Thursday, March 21, 2013

മുഖപ്രസംഗം March 21 - 2013

മുഖപ്രസംഗം March 21 - 2013

1. പുതിയ നിയമത്തിന് സ്ത്രീകളെ രക്ഷിക്കാന്‍ കഴിയുമോ?  (മാധ്യമം)

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26ന് ദല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനിരയാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത ഇരുപത്തിമൂന്നുകാരിയുടെ നടുക്കുന്ന ജീവിതാനുഭവത്തിന്‍െറ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷക്കായി പാര്‍ലമെന്‍റ് സമഗ്രമായ ഒരു നിയമനിര്‍മാണത്തിന് മുന്നോട്ടുവന്നത് ചരിത്രസംഭവമാണ്. സ്ത്രീകള്‍ക്ക് എതിരായ ഇമ്മട്ടിലുള്ള അതിക്രമങ്ങള്‍ തടയാന്‍ കുറ്റവാളികള്‍ക്ക് കര്‍ക്കശ ശിക്ഷ നല്‍കണമെന്ന പൊതുവായ അഭിപ്രായത്തിന്‍െറ അടിസ്ഥാനത്തില്‍ ഫെബ്രുവരി മൂന്നിനു കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമായാണ് ചൊവ്വാഴ്ച ലോക്സഭ ക്രിമിനല്‍ ഭേദഗതി നിയമം (2013 ) പാസാക്കിയത്.
2. വലിയ പ്രത്യാശകളുടെ ഭക്ഷ്യസുരക്ഷ  (മനോരമ)
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും തിളക്കമാര്‍ന്ന പദ്ധതികളിലൊന്നായ ഭക്ഷ്യസുരക്ഷ യാഥാര്‍ഥ്യമാവാന്‍, ഒൌദ്യോഗിക ഭേദഗതികളോടെ പരിഷ്കരിച്ച ബില്‍ ഭക്ഷ്യമന്ത്രി കെ.വി. തോമസ് ഈയാഴ്ച ലോക്സഭയില്‍ കൊണ്ടുവരികയാണ്. ജനനം മുതല്‍ മരണം വരെ വ്യക്തിക്കു ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതാവും നിയമം.
3. കളിക്കാര്‍ക്ക് അച്ചടക്കം വേണം സംഘടനകള്‍ക്ക് സുതാര്യതയും മാതൃഭൂമി 
കായികതാരങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ഒരു രാജ്യത്തിന്റെ അംബാസഡര്‍മാരാണ്. പ്രതിബദ്ധതയും പ്രകടന മികവുംകൊണ്ട് നാട്ടുകാര്‍ക്കും യുവതലമുറയ്ക്കും മാതൃകയാവേണ്ടവര്‍. ദേശാഭിമാനം ഉയര്‍ത്തിപ്പിടിക്കേണ്ടവര്‍. ആ പാതയില്‍ നിന്ന് വ്യതിചലിക്കാന്‍ കളിക്കാര്‍ ശ്രമിക്കുമ്പോള്‍ അവരെ നേര്‍വഴിക്ക് കൊണ്ടുവരേണ്ടത് ബന്ധപ്പെട്ട കായിക സംഘടനകളുടെ കടമയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ പര്യടനത്തിലുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ ചിലര്‍ അനുസരണക്കേട് കാട്ടിയതിന് ടീം മാനേജ്‌മെന്റ് കൈക്കൊണ്ട നടപടികള്‍ ഇന്ത്യയിലെ ഏതാനും കായിക ഫെഡറേഷനുകളെ ചുറ്റിപ്പറ്റിയുയര്‍ന്ന സംഭവങ്ങളുമായി ചേര്‍ത്തുവായിക്കേണ്ടതാണ്.



പുതിയ നിയമത്തിന് സ്ത്രീകളെ രക്ഷിക്കാന്‍ കഴിയുമോ?   
പുതിയ നിയമത്തിന് സ്ത്രീകളെ രക്ഷിക്കാന്‍ കഴിയുമോ?
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26ന് ദല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനിരയാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത ഇരുപത്തിമൂന്നുകാരിയുടെ നടുക്കുന്ന ജീവിതാനുഭവത്തിന്‍െറ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷക്കായി പാര്‍ലമെന്‍റ് സമഗ്രമായ ഒരു നിയമനിര്‍മാണത്തിന് മുന്നോട്ടുവന്നത് ചരിത്രസംഭവമാണ്. സ്ത്രീകള്‍ക്ക് എതിരായ ഇമ്മട്ടിലുള്ള അതിക്രമങ്ങള്‍ തടയാന്‍ കുറ്റവാളികള്‍ക്ക് കര്‍ക്കശ ശിക്ഷ നല്‍കണമെന്ന പൊതുവായ അഭിപ്രായത്തിന്‍െറ അടിസ്ഥാനത്തില്‍ ഫെബ്രുവരി മൂന്നിനു കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമായാണ് ചൊവ്വാഴ്ച ലോക്സഭ ക്രിമിനല്‍ ഭേദഗതി നിയമം (2013 ) പാസാക്കിയത്. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളുടെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍ പുനര്‍നിര്‍വചിക്കുകയും ശിക്ഷ കൂടുതല്‍ കര്‍ക്കശമാക്കുകയും ചെയ്തതാണ് ഇതിന്‍െറ പ്രത്യേകത. ഇതനുസരിച്ച് ബലാത്സംഗം ആവര്‍ത്തിച്ചാല്‍ വധശിക്ഷയോ മരണംവരെ കഠിനതടവോ നല്‍കാന്‍ നിയമം അനുശാസിക്കുന്നു. മാനഭംഗക്കുറ്റത്തിന് ചുരുങ്ങിയത് ഏഴു വര്‍ഷത്തെ കഠിനതടവാണ് പുതിയ നിയമത്തിലുള്ളത്. കൂട്ട മാനഭംഗമാണെങ്കില്‍ പ്രതികള്‍ക്ക് ഇരുപതു വര്‍ഷത്തെ തടവും. പൂവാലശല്യം മേലില്‍ ജാമ്യമില്ലാ കുറ്റമായിരിക്കും. സ്ത്രീകളെ ശല്യം ചെയ്യുന്ന ഇത്തരക്കാര്‍ക്ക് അഞ്ചു വര്‍ഷംവരെ തടവ് പ്രതീക്ഷിക്കാം. പ്രേമാഭ്യര്‍ഥന നിരസിക്കുന്ന ഘട്ടത്തില്‍ പ്രതികാരവാഞ്ഛയോടെ സ്ത്രീകളുടെ ദേഹത്ത് ആസിഡൊഴിച്ച് മുഖം വികൃതമാക്കുന്ന കൊടുംക്രൂരത കടുത്ത ശിക്ഷയായി ഗണിച്ചത് സ്വാഗതാര്‍ഹമാണ്. ഇക്കൂട്ടര്‍ക്ക് 10 വര്‍ഷം മുതല്‍ ജീവപര്യന്തംവരെ ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്. ആസിഡ് ആക്രമണശ്രമത്തിനുപോലും അഞ്ചു വര്‍ഷത്തെ തടവ് പ്രതീക്ഷിക്കാം. ജോലിസ്ഥലത്തും യാത്രയിലും പൊതുനിരത്തിലും സ്ത്രീകളോട് കാമക്കണ്ണോടെ മാത്രം പെരുമാറുന്നവര്‍ ഇനി സൂക്ഷിച്ചാല്‍ അവര്‍ക്ക് നല്ലത്. ലൈംഗിക താല്‍പര്യത്തോടെയുള്ള സ്പര്‍ശം, ലൈംഗിക ആഗ്രഹം പ്രകടിപ്പിക്കല്‍, അശ്ളീലച്ചുവയുള്ള സംസാരം, തുറിച്ചുനോട്ടം, ഒളിഞ്ഞുനോട്ടം, പിന്നാലെ നടത്തം തുടങ്ങിയ സ്വഭാവവൈകൃതങ്ങള്‍ക്ക് മൂന്നു വര്‍ഷംവരെ ശിക്ഷ കാത്തിരിക്കുന്നുണ്ട്. ലൈംഗികാതിക്രമങ്ങളുടെ ഇരകള്‍ക്ക് അടിയന്തര ചികിത്സക്ക് വീഴ്ചവരുത്തുന്നതും ഒരു വര്‍ഷത്തെ തടവ് ലഭിക്കുന്ന കുറ്റമായാണ് ഇനി ഗണിക്കുക. ലൈംഗിക വ്യാപാരത്തിലേര്‍പ്പെട്ടവര്‍ക്കുള്ള ശിക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. മാനഭംഗക്കേസ് ശ്രദ്ധയില്‍പെട്ടിട്ടും എഫ്.ഐ.ആര്‍ തയാറാക്കാന്‍ വിമുഖത കാട്ടുന്നത് ഇതാദ്യമായി ശിക്ഷാര്‍ഹമാക്കിയിരിക്കയാണ്.
ദല്‍ഹി പെണ്‍കുട്ടിയുടെ ദാരുണാനുഭവം സൃഷ്ടിച്ച ധാര്‍മിക രോഷവും സ്ത്രീജനത്തിന്‍െറ വ്യാപകമായ പ്രതിഷേധവും കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോള്‍ ബലാത്സംഗത്തിന് വധശിക്ഷതന്നെ നല്‍കണം എന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. വൈകാരികാന്തരീക്ഷത്തിന് അല്‍പം അയവുവരുകയും വിഷയത്തിന്‍െറ നാനാവശങ്ങള്‍ വിവിധതലങ്ങളില്‍ ചര്‍ച്ചക്കു വരുകയും ചെയ്തപ്പോള്‍ കടുത്ത ശിക്ഷകൊണ്ടു മാത്രം സ്ത്രീകള്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും ഇത്തരം നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നുമുള്ള കാഴ്ചപ്പാടുകള്‍ക്കും ഇടം കിട്ടി. ഈ വിഷയത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നപ്പോള്‍ ഉഭയസമ്മതത്തോടെയുള്ള ലൈംഗികവേഴ്ചയുടെ പ്രായത്തെ ക്കുറിച്ചാണ് രൂക്ഷമായ തര്‍ക്കം നിലനിന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഉഭയസമ്മതത്തിനുള്ള പ്രായം 16 എന്നത് 18 ആക്കണമെന്ന് ബി.ജെ.പി ശക്തമായി വാദിച്ചു. പിന്തുണക്കാന്‍ ഉണ്ടായിരുന്നത് ലോഹിയൈറ്റ് പാര്‍ട്ടികളായിരുന്നു. വിവാഹപൂര്‍വ ബന്ധത്തിന് പുതിയ തലമുറക്ക് പ്രോത്സാഹനം നല്‍കുന്ന വ്യവസ്ഥ കുടുംബബന്ധം ശിഥിലമാക്കുമെന്നും വിവാഹം എന്ന സാമൂഹിക സ്ഥാപനത്തിന്‍െറ നിലനില്‍പ് അവതാളത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. അതേസമയം, ഉഭയസമ്മതത്തോടെയുള്ളതാണെങ്കിലും വിവാഹബാഹ്യബന്ധത്തെ നിയമപരമായി വിലക്കണമെന്ന അഭിപ്രായവും പൊന്തിവരുകയുണ്ടായി. കഴിഞ്ഞദിവസം പാര്‍ലമെന്‍റില്‍ ബില്‍ ചര്‍ച്ചക്കു വന്നപ്പോള്‍ അംഗങ്ങള്‍ എടുത്തുകാട്ടിയ വലിയ പോരായ്മ കുറ്റങ്ങളുടെ നിര്‍വചനങ്ങളിലെ അവ്യക്തതകളും ദുരുപയോഗ സാധ്യതകളുമാണ്. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ യാഥാര്‍ഥ്യബോധത്തോടെയോ മൂല്യവിചാരത്തോടെയോ സംസാരിക്കുന്നവരെ യാഥാസ്ഥിതികരായോ പഴഞ്ചന്മാരായോ മുദ്രകുത്തുന്നതാണ് നാട്ടുനടപ്പ്. വ്യക്തിവൈരാഗ്യം തീര്‍ക്കാനും രാഷ്ട്രീയ പ്രതിയോഗിയെ വകവരുത്താനും ഈവക നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ മുന്‍കരുതലുകള്‍ ഉണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. ഈവക വിഷയങ്ങളില്‍ ഭരണ-രാഷ്ട്രീയ നേതൃത്വത്തിന് എന്തുമാത്രം ജാഗ്രതയും സാമൂഹിക പ്രതിബദ്ധതയുമുണ്ട് എന്നതിന്‍െറ നിദാനമായിരുന്നു ലോക്സഭയില്‍ ഈ ബില്ലിന്മേലുള്ള ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പങ്കെടുത്ത ശുഷ്കമായ സഭാതലം. അറുപതു കോടി സ്ത്രീകളുടെ ഭാവി സുരക്ഷിതമാക്കാന്‍ നിയമനിര്‍മാണം നടത്തുമ്പോള്‍ 168 അംഗങ്ങള്‍ മാത്രമാണത്രെ വോട്ടെടുപ്പിനുണ്ടായിരുന്നത്. മൂന്നില്‍രണ്ടു ഭാഗം അംഗങ്ങള്‍ക്കും ഇത്തരം വിഷയങ്ങളില്‍ അശേഷം താല്‍പര്യമില്ല എന്നു സാരം.
ദല്‍ഹി പെണ്‍കുട്ടി അടക്കമുള്ള സ്ത്രീജനം ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരുന്നത് നിയമപുസ്തകത്തില്‍ അവ തടയാന്‍ നിയമമില്ലാത്തതുകൊണ്ടായിരുന്നില്ല. മറിച്ച്, സ്ത്രീകള്‍ പുരുഷന്മാരുടെ കാമപൂര്‍ത്തീകരണത്തിനുള്ള ഉപകരണം മാത്രമാണെന്ന വിനാശകരമായ കാഴ്ചപ്പാട് പുരുഷഹൃദയത്തില്‍ രൂഢമൂലമാകാനുള്ള സാഹചര്യം നാം സൃഷ്ടിച്ചുകൊടുത്തതുകൊണ്ടാണ്. എവിടെയും സ്ത്രീ വില്‍പനച്ചരക്കാണ്. മുതലാളിത്ത സമ്പദ്ഘടനയില്‍ അവളുടെ മേനിയഴകാണ് വിപണിവിജയത്തിന്‍െറ ആധാരശില. സ്ത്രീ ഉടലുകളുടെ ഉത്സവച്ചന്തയാണ് നമ്മുടെ സിനിമകളും ദൃശ്യകലാവിഷ്കാരങ്ങളും. സ്ത്രീകളില്‍നിന്ന് പ്രലോഭനത്തിന്‍െറ വേഷവും ഭാഷയും ശൈലിയുമാണ് കൗമാരപ്രായക്കാരെപ്പോലും മാടിവിളിക്കുന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ കൈമാറപ്പെടുന്ന സന്ദേശങ്ങള്‍ കൗമാരത്തിന്‍െറ കവനകൗതുകങ്ങളുടേതു മാത്രമല്ല, കാമാതുരമായ യൗവനങ്ങളുടെ കടിഞ്ഞാണില്ലാത്ത ലൈംഗികാഭിനിവേശങ്ങളുടേതുമാണ്. പോരാത്തതിന് ഒരു മഹത്തായ രാജ്യത്തിന്‍െറ സ്വബോധം കെടുത്താന്‍ മദ്യവും മയക്കുമരുന്നും നിര്‍ലോഭം ഒഴുക്കാന്‍ ഭരണകൂടം സദാ പ്രതിജ്ഞാബദ്ധമാണുതാനും. തിന്മകളുടെയും ദുഷിപ്പിന്‍െറയും അന്തരീക്ഷം ഇമ്മട്ടില്‍ സജ്ജീകരിച്ചുവെച്ച് സല്‍സ്വഭാവികളായ പൗരന്മാരെ വാര്‍ത്തെടുക്കണമെന്ന് വേദമോതുന്നതിലെ വൈരുധ്യം എടുത്തുകാട്ടുമ്പോഴേ പ്രശ്നങ്ങളുടെ മര്‍മം എവിടെയാണെന്ന് തിരിച്ചറിയാനാവൂ. സദാചാരബോധവും ധാര്‍മികമൂല്യങ്ങളില്‍ വിശ്വാസവുമുള്ള ഒരു സമൂഹത്തിനേ സ്ത്രീകളെ രക്ഷിക്കാന്‍ കഴിയൂ. കര്‍ക്കശ ശിക്ഷയെക്കുറിച്ചുള്ള ഭയം തെറ്റില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ഒരു പരിധിവരെ സഹായിക്കും എന്നുമാത്രം.


വലിയ പ്രത്യാശകളുടെ ഭക്ഷ്യസുരക്ഷ   

malmanoramalogo
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും തിളക്കമാര്‍ന്ന പദ്ധതികളിലൊന്നായ ഭക്ഷ്യസുരക്ഷ യാഥാര്‍ഥ്യമാവാന്‍, ഒൌദ്യോഗിക ഭേദഗതികളോടെ പരിഷ്കരിച്ച ബില്‍ ഭക്ഷ്യമന്ത്രി കെ.വി. തോമസ് ഈയാഴ്ച ലോക്സഭയില്‍ കൊണ്ടുവരികയാണ്. ജനനം മുതല്‍ മരണം വരെ വ്യക്തിക്കു ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതാവും നിയമം. 

രാജ്യത്തെ ജനങ്ങളില്‍ അര്‍ഹരായ 80 കോടിപ്പേര്‍ക്കും വളരെക്കുറഞ്ഞ നിരക്കില്‍ ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കാനുള്ള ഭക്ഷ്യസുരക്ഷാ പദ്ധതി kകൂടുതല്‍ ജനപ്രിയമാക്കാനുള്ള ഭേദഗതികള്‍ക്കു കഴിഞ്ഞ ദിവസമാണു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ലോക്സഭയില്‍ 2011 ഡിസംബറില്‍ അവതരിപ്പിച്ച ബില്ലിനു പാര്‍ലമെന്ററി സ്ഥിരംസമിതിയും ദേശീയ ഉപദേശക കൌണ്‍സിലും നിര്‍ദേശിച്ച പരിഷ്കാരങ്ങള്‍ ഭേദഗതികളായി ഉള്‍പ്പെടുത്തിയതാണു ബില്‍. വിദ്യാഭ്യാസം, വിവരാവകാശം, തൊഴില്‍ എന്നിവയിലെ പൌരാവകാശം ഉറപ്പാക്കിയ യുപിഎ സര്‍ക്കാര്‍ ആ പട്ടികയിലേക്കു പുതിയൊരു നിയമംകൂടി ചേര്‍ക്കുകയാണ്. 

ഇങ്ങനെയൊരു സുരക്ഷാപദ്ധതി നടപ്പാക്കുന്നതിനു രാജ്യത്തെ ഭക്ഷ്യശേഖരം സഹായകമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഗോഡൌണുകളില്‍ കുന്നുകൂടിയ ഭക്ഷ്യസാധനങ്ങളില്‍ ഒരു വലിയ പങ്കു കെട്ടിക്കിടന്നു ചീത്തയാകുമ്പോള്‍, നിര്‍ധനരായ ഒരുവിഭാഗം ജനങ്ങള്‍ ഭക്ഷണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കിയേ തീരൂ. അതോടൊപ്പം, ദുര്‍ബലവിഭാഗങ്ങളുടെ ഭക്ഷണത്തിലെ പോഷകാഹാരക്കുറവിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താനും നിര്‍ദിഷ്ട ഭക്ഷ്യസുരക്ഷാ പദ്ധതി ശ്രമിക്കുന്നു. സ്ത്രീകള്‍ക്കു ഗര്‍ഭകാലത്തും പ്രസവശേഷവും സൌജന്യ ഭക്ഷണവും ധനസഹായവും നല്‍കാനുള്ള പദ്ധതിയും സാമൂഹികക്ഷേമം ഉറപ്പാക്കുന്ന മറ്റൊരു മാതൃകാനടപടി തന്നെ. 

പൊതുവിതരണത്തിന് ഇപ്പോഴുള്ള സബ്സിഡിയുള്‍പ്പെടെ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാന്‍ പ്രതിവര്‍ഷം 1.25 ലക്ഷം കോടി രൂപ ചെലവാകുമെന്നാണു വിലയിരുത്തല്‍. പൊതുവിതരണ സബ്സിഡിയില്‍ പ്രതിവര്‍ഷം 20,000 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്നു കണക്കാക്കപ്പെടുന്നു. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു കാരണം സബ്സിഡി പെരുപ്പമാണെന്ന് അംഗീകരിച്ചു ധനമന്ത്രാലയം അതു ചുരുക്കാന്‍ നടപടി സ്വീകരിക്കുമ്പോഴാണ്, ജനക്ഷേമത്തെ മുന്‍നിര്‍ത്തി ഈ അധികബാധ്യത ഏറ്റെടുക്കുന്നത്. ആ നിലയ്ക്ക്, ധാന്യസംഭരണം മുതല്‍ പൊതുവിതരണ ശൃംഖല വഴിയുള്ള റേഷന്‍ വിതരണം വരെയുള്ള തലങ്ങളില്‍ പഴുതുകള്‍ അടയ്ക്കാനുള്ള നടപടികള്‍ കുറ്റമറ്റതാക്കിയേ തീരൂ.

ഭക്ഷ്യസുരക്ഷാ ബില്‍ നിര്‍ദേശിച്ചിരിക്കുന്ന വിലനിരക്കുകളില്‍ ഇപ്പോള്‍ തന്നെ പല സംസ്ഥാനങ്ങളും അരിയും ഗോതമ്പും ദുര്‍ബലവിഭാഗങ്ങള്‍ക്കു വിതരണം ചെയ്യുന്നുണ്ട്; ചിലയിടങ്ങളില്‍ അതിനെക്കാള്‍ കുറഞ്ഞ വിലയ്ക്കും. എന്നാല്‍, സൌജന്യ നിരക്കിലെ അരിയും ഗോതമ്പും ഗുണഭോക്താക്കള്‍ക്കു പലപ്പോഴും കിട്ടിയെന്നു വരില്ല. ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവരില്‍ 70 ശതമാനത്തിനും റേഷന്‍ ഗോതമ്പു ലഭ്യമല്ലെന്നു ചൂണ്ടിക്കാട്ടിയതു ധന മന്ത്രാലയത്തില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. കൌശിക് ബസു തന്നെ. ഒന്നുകില്‍ റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ പോകുന്നു. അതല്ലെങ്കില്‍, റേഷന്‍ മുഴുവന്‍ വാങ്ങാനുള്ള പണം നിര്‍ധനര്‍ക്കുണ്ടാവില്ല.

രാജ്യത്തു പട്ടിണിമരണമുണ്ടാവില്ലെന്ന് ഉറപ്പാക്കാനും അഗതികള്‍ക്കും അശരണര്‍ക്കും സൌജന്യഭക്ഷണം നല്‍കാനും വ്യവസ്ഥചെയ്യുന്ന ഭക്ഷ്യസുരക്ഷാ ബില്ലുമായി മുന്നോട്ടുപോയി അത് യാഥാര്‍ഥ്യമാക്കുന്ന കാര്യത്തില്‍ ഭക്ഷ്യമന്ത്രി കെ.വി. തോമസ് കാണിക്കുന്ന നിശ്ചയദാര്‍ഢ്യവും കര്‍ത്തവ്യബോധവും എടുത്തുപറയേണ്ടതു തന്നെ. അതേസമയം, രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ ക്ഷേമപദ്ധതിയായ ഭക്ഷ്യസുരക്ഷയുടെ സുരക്ഷ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കാര്യശേഷിയെ ആശ്രയിച്ചിരിക്കുന്നു എന്നതില്‍ സംശയമില്ല. ബില്‍ പാസായി ഒരുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കണമെന്നാണു വ്യവസ്ഥ. 

കള്ള റേഷന്‍ കാര്‍ഡുകള്‍ തടയാനും കരിഞ്ചന്ത ഒഴിവാക്കാനും പൊതുവിതരണ സമ്പ്രദായം കേന്ദ്രസര്‍ക്കാരിന്റെ ആധാര്‍ പദ്ധതിയുമായി ബന്ധപ്പെടുത്തിയത് ഉചിതമായ നടപടി തന്നെ. അതോടൊപ്പം, രാജ്യത്ത് അരി, ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ ഉല്‍പാദനം ഉയര്‍ത്തുവാനായി കാര്‍ഷികമേഖലയ്ക്ക് ഉത്തേജനം നല്‍കേണ്ടതുമുണ്ട്. പൊതുവിതരണത്തിനു ഭക്ഷ്യസാധനങ്ങള്‍ വന്‍തോതില്‍ സംഭരിക്കുമ്പോള്‍, പൊതുവിപണിയില്‍ ഇവയുടെ വില വര്‍ധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.


കളിക്കാര്‍ക്ക് അച്ചടക്കം വേണം സംഘടനകള്‍ക്ക് സുതാര്യതയും 


Newspaper Edition
കായികതാരങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ഒരു രാജ്യത്തിന്റെ അംബാസഡര്‍മാരാണ്. പ്രതിബദ്ധതയും പ്രകടന മികവുംകൊണ്ട് നാട്ടുകാര്‍ക്കും യുവതലമുറയ്ക്കും മാതൃകയാവേണ്ടവര്‍. ദേശാഭിമാനം ഉയര്‍ത്തിപ്പിടിക്കേണ്ടവര്‍. ആ പാതയില്‍ നിന്ന് വ്യതിചലിക്കാന്‍ കളിക്കാര്‍ ശ്രമിക്കുമ്പോള്‍ അവരെ നേര്‍വഴിക്ക് കൊണ്ടുവരേണ്ടത് ബന്ധപ്പെട്ട കായിക സംഘടനകളുടെ കടമയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ പര്യടനത്തിലുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ ചിലര്‍ അനുസരണക്കേട് കാട്ടിയതിന് ടീം മാനേജ്‌മെന്റ് കൈക്കൊണ്ട നടപടികള്‍ ഇന്ത്യയിലെ ഏതാനും കായിക ഫെഡറേഷനുകളെ ചുറ്റിപ്പറ്റിയുയര്‍ന്ന സംഭവങ്ങളുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. ഓസ്‌ട്രേലിയന്‍ ടീം നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ടെണ്ണവും തോറ്റു നിലേ്ക്ക, ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന കോച്ചിന്റെ ആവശ്യം അനുസരിക്കാതിരുന്ന വൈസ് ക്യാപ്റ്റനടക്കം നാല് കളിക്കാരെ അടുത്ത മത്സരത്തില്‍ നിന്ന് പുറത്താക്കി. അച്ചടക്ക കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നുള്ള സന്ദേശം. കളിക്കാര്‍ പിന്നീട് കുറ്റം ഏറ്റുപറഞ്ഞു. ടീമിന് കൂറും പ്രഖ്യാപിച്ചു. മൂന്നാം ടെസ്റ്റിലും തോറ്റെങ്കിലും പ്രമുഖരില്ലാതെ പ്രതീക്ഷാനിര്‍ഭരമായ കളി ടീം കാഴ്ചവെച്ചുവെന്നോര്‍ക്കണം. ദക്ഷിണാഫ്രിക്കാ ലോകകപ്പ് (2010) ഫുട്‌ബോളിനെത്തിയ ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിലെ ക്യാപ്റ്റനടക്കം അഞ്ച് കളിക്കാര്‍ക്കെതിരെ അച്ചടക്ക ലംഘനത്തിന് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ കടുത്ത നടപടിയെടുത്തതും കണ്‍മുന്നിലുണ്ട്.

ഒളിമ്പിക് ചട്ടലംഘനത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി.) ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ പുറത്താക്കിയിരിക്കയാണല്ലോ. ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ രാജ്യാന്തര മത്സരങ്ങളില്‍ ത്രിവര്‍ണപതാകയ്ക്ക് കീഴില്‍ നമ്മുടെ താരങ്ങള്‍ക്ക് മത്സരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇതിനിടെ ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷനും അഖിലേന്ത്യ ടെന്നീസ് അസോസിയേഷനും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും വിവാദങ്ങളില്‍ കുരുങ്ങി. ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷന്‍, അന്താരാഷ്ട്ര അമേച്വര്‍ ബോക്‌സിങ് അസോസിയേഷന്റെ സസ്‌പെന്‍ഷന്‍ നേരിടുന്ന സമയത്താണ് നമ്മുടെ രണ്ട് ബോക്‌സര്‍മാര്‍- ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവ് വിജേന്ദര്‍ സിങ്ങും ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ മെഡല്‍ നേടിയിട്ടുള്ള രാം സിങ്ങും- മയക്കുമരുന്ന് വിവാദത്തില്‍ പ്പെട്ടത്. ഒരാള്‍ എത്ര വലിയ താരമായാലും വഞ്ചന കാട്ടിയാല്‍ കനത്ത വില നലേ്കണ്ടിവരും. വിശ്വോത്തര സൈക്ലിങ് താരം ലാന്‍സ് ആംസ്‌ട്രോങ്ങിന്റെ അനുഭവംതന്നെ ഏറ്റവും നല്ല ഉദാഹരണം. മാരകമായ കാന്‍സറിനെ അതിജീവിച്ച് സൈക്ലിങ്ങില്‍ അതുല്യമായ നേട്ടങ്ങള്‍ കൊയ്തുകൂട്ടി, ലോകമെമ്പാടുമുള്ള കാന്‍സര്‍ രോഗികളുടെ വഴികാട്ടിയായ താരം, ഈ നേട്ടങ്ങളെല്ലാം ഉത്തേജകമരുന്നിന്റെ കരുത്തിലാണെന്ന് സമ്മതിക്കേണ്ടിവന്നപ്പോള്‍ വിശ്വോത്തര വഞ്ചകനായി.

അഖിലേന്ത്യാ ടെന്നീസ് അസോസിയേഷന്റെ ഏകപക്ഷീയ നിലപാടുകള്‍ ലണ്ടന്‍ ഒളിമ്പിക്‌സ് വേളയില്‍ വലിയ വിവാദമായിരുന്നല്ലോ. അസോസിയേഷനും കളിക്കാരും ധാരണയോടെ നീങ്ങിയിരുന്നെങ്കില്‍ ഒഴിവാക്കാവുന്ന സംഭവമായിരുന്നു ഇത്. ലിയാന്‍ഡര്‍ പേസ്, മഹേഷ് ഭൂപതി, സോംദേവ് ദേവ് വര്‍മന്‍... ഇവരില്‍ ആര് കേമന്‍ എന്നതിനല്ല പ്രസക്തി, രാജ്യതാത്പര്യത്തിനാണ്. അത് സംരക്ഷിക്കാന്‍ അസോസിയേഷനോ കളിക്കാര്‍ക്കോ കഴിഞ്ഞില്ല. ഇവരുടെ വിഴുപ്പലക്കലില്‍ രാജ്യത്തിന്റെ മുഖമാണ് വികൃതമായത്. തൊട്ടുപിന്നാലെ ഡേവിസ് കപ്പ് വേദിയിലും അസോസിയേഷനും കളിക്കാരും തമ്മിലുള്ള തര്‍ക്കം തലപൊക്കുകയും ദേശാഭിമാനം ബലികഴിക്കപ്പെടുകയും ചെയ്തു. വമ്പന്‍ ക്ലബ്ബുകളുടെ സ്വാധീനം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ എത്രത്തോളം കൂച്ചുവിലങ്ങിടുന്നുവെന്നതിന് മോഹന്‍ബഗാന്‍ സംഭവം ദൃഷ്ടാന്തമാകുന്നു. ഡിസംബറില്‍, ഈസ്റ്റ്ബംഗാളുമായുള്ള 'ഐ' ലീഗ് മത്സരത്തില്‍ രണ്ടാം പകുതി കളിക്കാതെ ചട്ടലംഘനം നടത്തിയ ബഗാന് 2015 വരെ ഫെഡറേഷന്‍ അയോഗ്യത കല്പിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി നല്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അപ്പീലില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. അയോഗ്യതയ്ക്കുപകരം രണ്ടുകോടി രൂപ പിഴയടച്ചാല്‍ മതിയെന്ന് ഫെഡറേഷന്‍ സമ്മതിച്ചു. അച്ചടക്കമുണ്ടാക്കാന്‍ ബാധ്യസ്ഥരായഅസോസിയേഷന്‍ ആര്‍ജവം കാട്ടാതിരുന്നാല്‍ ഗെയിമിന്റെ ഭാവി എന്താവും? ഫുട്‌ബോളില്‍ മാത്രമല്ല, മറ്റ് കളികളിലും സ്ഥിതി വ്യത്യസ്തമല്ല.

No comments:

Post a Comment