Thursday, March 7, 2013

മുഖപ്രസംഗം March 07 - 2013

മുഖപ്രസംഗം March 07 - 2013


1. ലോകത്തിന് നഷ്ടപ്പെട്ട പോരാട്ടവീര്യം  (മാധ്യമം)

ഇച്ഛാശക്തിയുടെ കരുത്തുകൊണ്ട് ജീവിത ഔത്യങ്ങള്‍ കീഴടക്കുകയും പുരോഗമനചിന്ത വഴി ഒരു നാടിന്‍െറയും ജനതയുടെയും ശിരോലിഖിതം തിരുത്തിക്കുറിക്കുകയും ചെയ്ത വിപ്ളവകാരിയാണ് ബുധനാഴ്ച അന്തരിച്ച വെനിസ്വേല പ്രസിഡന്‍റ് ഊഗോ ചാവെസ്. സാധാരണക്കാരനായ ഒരു പട്ടാളക്കാരനായി ജീവിതമാരംഭിച്ച അദ്ദേഹം ബാഹ്യശത്രുക്കള്‍ മെനഞ്ഞ കുടിലതന്ത്രങ്ങള്‍ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിച്ചു എന്നു മാത്രമല്ല, സ്വരാജ്യം അകപ്പെട്ട ജീര്‍ണതകളെയും ഭരണകൂട ഭീകരതയെയും വിപാടനം ചെയ്യാന്‍ അതിസാഹസിക മാര്‍ഗങ്ങള്‍ പുണരുകയും ചെയ്തു.



2. വ്യവസ്ഥാപിതത്വത്തെ വെല്ലുവിളിച്ച ജനനായകന്‍  (മാത്രുഭൂമി)

സാമ്രാജ്യത്വത്തിന്റെ പടയോട്ടത്തിനെതിരെ കാവല്‍ ഭടനായി നിന്ന ഹ്യൂഗോ റഫയേല്‍ ചാവേസ് ചരിത്രത്തിലേക്കാണ് വിടവാങ്ങിയത്. അമേരിക്കന്‍ സാമ്രാജ്യത്വനയങ്ങള്‍ക്കും നിയോലിബറല്‍ വാദത്തിനും ഉദാരീകരണ സാമ്പത്തിക നയത്തിനുമെതിരെ ചാവേസ് ഉയര്‍ത്തിയ പ്രതിരോധത്തെയും നിന്ദിതരും പീഡിതരുമായ ജനവിഭാഗങ്ങള്‍ക്കുവേണ്ടി ചെയ്ത സേവനങ്ങളെയും ആദരവോടെയല്ലാതെ അനുസ്മരിക്കാനാവില്ല. സോഷ്യലിസ്റ്റ് വിപ്ലവങ്ങള്‍ പഴങ്കഥയാവുകയും പാശ്ചാത്യമുതലാളിത്തം എല്ലായിടവും ജയക്കൊടി നാട്ടുകയും ചെയ്യുന്ന സമകാലിക ആഗോള രാഷ്ട്രീയത്തില്‍ അവസാനത്തെ വിമോചകന്റെ പ്രതിച്ഛായയാണ് ചാവേസിനു ലഭിച്ചിരുന്നത്.


3. ചരിത്രമായി ഷാവേസ് (മനോരമ)

വെനസ്വേലയില്‍ മാത്രമല്ല, ലാറ്റിന്‍ അമേരിക്കയില്‍ പൊതുവില്‍ തന്നെ ഇനിയെന്ത് എന്ന ഉദ്വേഗം മുറ്റിനില്‍ക്കുന്ന ചോദ്യമാണു പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മരണത്താടെ ഉയര്‍ന്നിരിക്കുന്നത്. കാരണം, കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ ആ മേഖലയുടെ ചരിത്രത്തിലും രാഷ്ട്രീയത്തിലും ഇത്രയേറെ ആഴത്തില്‍ സ്വാധീനംചെലുത്തിയ മറ്റൊരു നേതാവില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമിക്കു മറ്റൊരു ഷാവേസാകാന്‍ കഴിയുമോ എന്ന സംശയവും നിലനില്‍ക്കുന്നു. 






ലോകത്തിന് നഷ്ടപ്പെട്ട പോരാട്ടവീര്യം  (മാധ്യമം)
ലോകത്തിന് നഷ്ടപ്പെട്ട പോരാട്ടവീര്യം
ഇച്ഛാശക്തിയുടെ കരുത്തുകൊണ്ട് ജീവിത ഔത്യങ്ങള്‍ കീഴടക്കുകയും പുരോഗമനചിന്ത വഴി ഒരു നാടിന്‍െറയും ജനതയുടെയും ശിരോലിഖിതം തിരുത്തിക്കുറിക്കുകയും ചെയ്ത വിപ്ളവകാരിയാണ് ബുധനാഴ്ച അന്തരിച്ച വെനിസ്വേല പ്രസിഡന്‍റ് ഊഗോ ചാവെസ്. സാധാരണക്കാരനായ ഒരു പട്ടാളക്കാരനായി ജീവിതമാരംഭിച്ച അദ്ദേഹം ബാഹ്യശത്രുക്കള്‍ മെനഞ്ഞ കുടിലതന്ത്രങ്ങള്‍ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിച്ചു എന്നു മാത്രമല്ല, സ്വരാജ്യം അകപ്പെട്ട ജീര്‍ണതകളെയും ഭരണകൂട ഭീകരതയെയും വിപാടനം ചെയ്യാന്‍ അതിസാഹസിക മാര്‍ഗങ്ങള്‍ പുണരുകയും ചെയ്തു. ആ ക്രാന്തദര്‍ശി കരഗതമാക്കിയ സാമൂഹികവും രാഷ്ട്രീയവുമായ വിപ്ളവത്തെ ലോകമൊന്നടങ്കം വിസ്മയത്തോടെയാണ് നോക്കിക്കണ്ടത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ നാലാം തവണയും വന്‍ ഭൂരിപക്ഷത്തോടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ചാവെസ് 14 വര്‍ഷത്തെ ഭരണംകൊണ്ട് സാമാന്യജനത്തിന്‍െറ ഹൃദയം കീഴടക്കിയാണ് കാലയവനികക്കു പിന്നില്‍ മറയുന്നത്. ആഗോള ഇടതുചേരിക്ക് നികത്താനാവാത്ത നഷ്ടമാണ് ഈ വിയോഗം വരുത്തിവെച്ചത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണകലവറയായ വെനിസ്വേല എന്ന ലാറ്റിനമേരിക്കന്‍ രാജ്യത്തെ അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശക്തികളുടെ സ്വാധീനവലയത്തില്‍പെടാതെ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പ്രകൃതിസമ്പത്ത് പാവപ്പെട്ട ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമാറ് വിനിയോഗിക്കാന്‍ ആര്‍ജവം കാണിച്ചതാണ് ഊഗോ ചാവെസിന്‍െറ നേതൃത്വത്തെ സ്വന്തം ജനതക്ക് പ്രിയങ്കരനാക്കുന്നത്. ലാറ്റിനമേരിക്കന്‍ വിപ്ളവകാരികളായ സൈമണ്‍ ബൊലിവറിന്‍െറയും ചെ ഗുവേരയുടെയും ഫിദല്‍ കാസ്ട്രോയുടെയും സോഷ്യലിസ്റ്റ്, ഇടതുപുരോഗമന ചിന്താധാരയെ നെഞ്ചിലേറ്റിയ ചാവെസിന് ആദ്യമായി പൊരുതേണ്ടിവന്നത് ഭരണകൂടത്തിന്‍െറയും സൈന്യത്തിന്‍െറയും അഴിമതികള്‍ക്കും കിരാത വാഴ്ചക്കുമെതിരെയായിരുന്നു. ഭരണകൂട ഭീകരതക്കെതിരെ പോരാടുന്നതിന് പട്ടാളത്തിനകത്ത് വെനിസ്വേലന്‍ പീപ്പ്ള്‍സ് ലിബറേഷന്‍ ആര്‍മി എന്ന രഹസ്യസേനാ വിഭാഗത്തെ സൃഷ്ടിച്ച് നടത്തിയ വിപ്ളവശ്രമങ്ങള്‍ ഫലംകണ്ടില്ലെങ്കിലും ദൃഢനിശ്ചയത്തോടെ അദ്ദേഹം സാഹസികവഴിയിലൂടെ സഞ്ചരിച്ചു. വ്യവസ്ഥിതി അടിമുടി മാറാതെ രാജ്യവും ജനങ്ങളും രക്ഷപ്പെടില്ല എന്ന തിരിച്ചറിവ് പുതിയ ചുവടുവെപ്പുകള്‍ക്ക് കരുത്തുപകര്‍ന്നു. എണ്ണയില്‍നിന്നുള്ള ഭീമമായ സമ്പത്ത് ഏതാനും സമ്പന്നരും ഭരണവര്‍ഗവും വിഹിതംവെച്ചെടുക്കുന്ന അനീതി കണ്ട് സഹികെട്ട് ‘ഓപറേഷന്‍ സമോറ’ എന്ന പട്ടാള അട്ടിമറി ശ്രമത്തിനുപോലും ഒരുവേള അദ്ദേഹം തുനിഞ്ഞു. ഒടുവില്‍ ജനാധിപത്യമാര്‍ഗത്തിലൂടെ രാജ്യത്തിന്‍െറ കടിഞ്ഞാണ്‍ കൈയില്‍ വന്നപ്പോഴാണ് കാതലായ മാറ്റങ്ങള്‍ക്ക് നാന്ദികുറിക്കാന്‍ ആത്മാര്‍ഥശ്രമങ്ങള്‍ നടത്തിയത്. എണ്ണവരുമാനത്തിന്‍െറ 45 ശതമാനം സാമാന്യജനത്തിന്‍െറ അഭ്യുന്നതിക്കായി അദ്ദേഹം മാറ്റിവെച്ചു. ദേശസാല്‍കൃത ഭക്ഷണശാലകളും പൊതു ഭവനപദ്ധതികളും സൗജന്യ ചികിത്സാലയങ്ങളും വിദ്യാലയങ്ങളും നാടുനീളെ സ്ഥാപിച്ചതോടെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ന്നു.
ആഗോളവേദിയില്‍ ചാവെസിന്‍െറ ശബ്ദം എന്നും മുതലാളിത്ത ചേരിയെ കിടിലംകൊള്ളിച്ച ഇടിമുഴക്കമായിരുന്നു. ആശാപാശം നഷ്ടപ്പെട്ട മൂന്നാം ലോകത്തിന്‍െറ അമരക്കാരനായി നിലകൊണ്ട അദ്ദേഹം വന്‍ശക്തികളുടെ നയപരിപാടികളെ ഉച്ചൈസ്തരം എതിര്‍ത്തപ്പോള്‍ അത് ആവേശം പകര്‍ന്നത് കോളനിവത്കരണത്തിന്‍െറയും സാമ്രാജ്യത്വ ചൂഷണത്തിന്‍െറയും ഇരകളായ ജനതകള്‍ക്കാണ്. അഫ്ഗാനിസ്താനിലേക്കും ഇറാഖിലേക്കും സൈനിക കടന്നാക്രമണം നടത്താന്‍ ആജ്ഞ നല്‍കിയ മുന്‍ യു.എസ് പ്രസിഡന്‍റ് ജോര്‍ജ് ഡബ്ള്യു. ബുഷിനെ യു.എന്‍ പൊതുവേദിയില്‍വെച്ച് നാശകാരിയായ പിശാച് എന്ന് വിശേഷിപ്പിക്കാന്‍ ആര്‍ജവം കാണിച്ച ചാവെസ് തുടക്കം മുതല്‍ക്കേ വാഷിങ്ടണ്‍ ഭരണകൂടത്തിന്‍െറ കണ്ണിലെ കരടായിരുന്നു. ജനാധിപത്യ മാര്‍ഗത്തില്‍ അധികാരത്തിലേറിയ ശേഷവും വന്‍ശക്തികളുടെ പരോക്ഷ പിന്തുണയോടെ അദ്ദേഹത്തിനെതിരെ അരങ്ങേറിയ അട്ടിമറിശ്രമങ്ങള്‍ പരാജയപ്പെടുത്തിയത് ആ വ്യക്തിത്വത്തിന്‍െറ അതിജീവന കരുത്തും ജനപിന്തുണയുംകൊണ്ടു മാത്രമാണ്. പടിഞ്ഞാറ് ‘തിന്മകളുടെ അച്ചുതണ്ടായി’ മുദ്രകുത്തി ശത്രുപക്ഷത്തു നിര്‍ത്തിയ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഖദ്ദാഫിയുമായും ഇറാന്‍ ഭരണകൂടവുമായും ഉറ്റചങ്ങാത്തം പുലര്‍ത്തിയ ചാവെസ് പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ എണ്ണ നല്‍കിയാണ് ചൈനയുമായുള്ള സൗഹൃദം സുദൃഢമാക്കിയത്.
21ാം നൂറ്റാണ്ടിലും ജനാധിപത്യ സോഷ്യലിസം എന്ന ആശയത്തിന് പ്രസക്തിയുണ്ടെന്ന് കര്‍മപഥത്തിലൂടെ സമര്‍ഥിച്ച ചാവെസ് മുതലാളിത്ത ലോകക്രമത്തിന് അര്‍ഥവത്തായ ബദല്‍ സാധ്യമാണെന്ന് കാലഘട്ടത്തെ പഠിപ്പിച്ച അപൂര്‍വ നേതാവാണ്. കോര്‍പറേറ്റ് ഭീമന്മാരുടെയും അവരെ താങ്ങിനിര്‍ത്തുന്ന മുതലാളിത്ത മാധ്യമലോബിയുടെയും സ്വാധീനവലയത്തില്‍നിന്ന് മുക്തമായ ഒരു വ്യവസ്ഥിതിക്ക് മനുഷ്യത്വത്തിന്‍െറയും പൗരാവകാശത്തിന്‍െറയും ഉജ്ജ്വല മാതൃകകളാവാന്‍ കഴിയുമെന്ന് അദ്ദേഹത്തിന് ലോകത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. അയല്‍രാജ്യമായ ബൊളീവിയയും ക്യൂബയുമൊക്കെ ഉറ്റമിത്രം നഷ്ടപ്പെട്ട തീരാദു$ഖത്തിലാണിന്ന്. വെനിസ്വേലയുടെ ഭാവിയെക്കുറിച്ച് ലോകം കടുത്ത ഉത്കണ്ഠ പങ്കുവെക്കുന്നത് ചാവെസിനുശേഷം ആ രാജ്യം എങ്ങോട്ട് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാത്തതുകൊണ്ടാണ്. പ്രകൃതിസമ്പത്തുകൊണ്ട് അനുഗൃഹീതമായ ഇതുപോലൊരു രാജ്യത്ത് വന്‍ശക്തികള്‍ കയറിക്കളിക്കാന്‍ പഴുതു തേടും എന്നു മാത്രമല്ല വിധ്വംസകശക്തികളെ വളര്‍ത്തി രാജ്യത്തിന്‍െറ ഭാവിയെതന്നെ അവതാളത്തിലാക്കാന്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തുകയും ചെയ്യും എന്നതിന് എണ്ണമറ്റ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഊഗോ ചാവെസ് സ്വന്തം ജനതക്ക് കൈമാറിയ പോരാട്ടവീര്യത്തിന് അത്തരം കുത്സിത നീക്കങ്ങളെ ചെറുത്തുതോല്‍പിക്കാനുള്ള കരുത്തുണ്ടോ എന്നതിന് കാലമാണ് മറുപടി നല്‍കേണ്ടത്.




വ്യവസ്ഥാപിതത്വത്തെ വെല്ലുവിളിച്ച ജനനായകന്‍  (മാത്രുഭൂമി)


സാമ്രാജ്യത്വത്തിന്റെ പടയോട്ടത്തിനെതിരെ കാവല്‍ ഭടനായി നിന്ന ഹ്യൂഗോ റഫയേല്‍ ചാവേസ് ചരിത്രത്തിലേക്കാണ് വിടവാങ്ങിയത്. അമേരിക്കന്‍ സാമ്രാജ്യത്വനയങ്ങള്‍ക്കും നിയോലിബറല്‍ വാദത്തിനും ഉദാരീകരണ സാമ്പത്തിക നയത്തിനുമെതിരെ ചാവേസ് ഉയര്‍ത്തിയ പ്രതിരോധത്തെയും നിന്ദിതരും പീഡിതരുമായ ജനവിഭാഗങ്ങള്‍ക്കുവേണ്ടി ചെയ്ത സേവനങ്ങളെയും ആദരവോടെയല്ലാതെ അനുസ്മരിക്കാനാവില്ല. സോഷ്യലിസ്റ്റ് വിപ്ലവങ്ങള്‍ പഴങ്കഥയാവുകയും പാശ്ചാത്യമുതലാളിത്തം എല്ലായിടവും ജയക്കൊടി നാട്ടുകയും ചെയ്യുന്ന സമകാലിക ആഗോള രാഷ്ട്രീയത്തില്‍ അവസാനത്തെ വിമോചകന്റെ പ്രതിച്ഛായയാണ് ചാവേസിനു ലഭിച്ചിരുന്നത്. ചാവേസിന്റെ മരണംകൊണ്ടുള്ള നഷ്ടം വെനസ്വേലയ്‌ക്കോ ലാറ്റിനമേരിക്കയ്‌ക്കോ മാത്രമല്ല ലോകമെങ്ങുമുള്ള സാമ്രാജ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കു കൂടിയാണ്. എണ്ണയുടെ രാഷ്ട്രീയം ലോകക്രമം തന്നെ മാറ്റിമറിക്കുകയും എണ്ണനിക്ഷേപമുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ ഏതുവിധത്തിലെങ്കിലും അട്ടിമറിക്കപ്പെടുകയും യുദ്ധങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് ലോകത്തെ ഏറ്റവും എണ്ണസമ്പന്നമായ രാജ്യങ്ങളിലൊന്നായ വെനസ്വേലയെ പ്രസിഡന്റ് ചാവേസ് സുരക്ഷിതമായി നിര്‍ത്തിയത് ചെറിയകാര്യമല്ല. അമേരിക്കന്‍ നയങ്ങളെ രൂക്ഷമായി എതിര്‍ത്തും അമേരിക്കയ്ക്ക് അപ്രിയരായ ക്യൂബയോടും ഇറാനോടും കൈകോര്‍ത്തും ലാറ്റിനമേരിക്കന്‍ ജനതയുടെ ഐക്യം സ്വപ്നംകണ്ടും തീവ്രമായി ജീവിച്ച ചാവേസ് നമ്മുടെ കാലത്തെ യഥാര്‍ഥ നായകരിലൊരാളായിരുന്നു.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ സ്​പാനിഷ് കോളനി വാഴ്ചയില്‍ നിന്നും മോചിപ്പിച്ച സിമോണ്‍ ബോളിവാറുടെ ജന്മദേശമായ വെനസ്വേലയില്‍ പില്‍ക്കാലത്ത് ഏകാധിപത്യങ്ങളാണ് നടപ്പായിരുന്നത്. ഗോത്രജനങ്ങളെയും ഭൂരിപക്ഷം വരുന്ന ദരിദ്രരെയും അവഗണിച്ച മുതലാളിത്താനുകൂല ഭരണകൂടങ്ങളുടെ വാഴ്ചയ്ക്ക് അറുതിവരുത്തിക്കൊണ്ടാണ് ചാവേസ് അധികാരത്തിലെത്തിയത്. ബോളിവാറുടെ ആശയങ്ങള്‍ മുന്‍നിര്‍ത്തി ചാവേസ് രൂപപ്പെടുത്തിയ 21-ാം നൂറ്റാണ്ടിലെ സോഷ്യലിസം എന്ന ഇടതുപക്ഷ പ്രത്യയശാസ്ത്രം ജനാധിപത്യത്തെക്കുറിച്ചുള്ള പുതിയൊരു സങ്കല്പമായിരുന്നു. രണ്ടാം ലോകയുദ്ധാനന്തരമുണ്ടായ സോഷ്യലിസ്റ്റ്, മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് രാഷ്ട്രീയ, സാമ്പത്തിക മാതൃകകള്‍ പ്രയോജനരഹിതമാണെന്നു വാദിച്ച ചാവേസ് ബദല്‍ പ്രത്യയ ശാസ്ത്രമാണ് തേടിയത്. അമേരിക്കന്‍ മാതൃകയിലുള്ള പ്രാതിനിധ്യ ജനാധിപത്യം ദരിദ്ര ഭൂരിപക്ഷത്തെയല്ല, സമ്പന്ന ന്യൂനപക്ഷത്തെയാണ് സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പങ്കാളിത്ത ജനാധിപത്യം അഥവാ നേരിട്ടുള്ള ജനാധിപത്യമാണ് ചാവേസ് സ്വീകരിച്ച ബദല്‍. വെനസ്വേലയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാതിരുന്ന ഹിതപരിശോധന നടത്തി 1999-ല്‍ പുതിയ ഭരണഘടന ഏര്‍പ്പെടുത്തിയ ചാവേസ് സാമൂഹിക പുരോഗതിക്കുവേണ്ട ഒട്ടേറെ നടപടികളാണ് രാജ്യത്ത് നടപ്പാക്കിയത്.

കോളനിവാഴ്ചക്കാരും പിന്നീടുവന്ന ഭരണകൂടങ്ങളും അവഗണിച്ചിരുന്ന അമേരിന്ത്യന്‍ ആദിമജനതയുടെയും ആഫ്രിക്കന്‍ അടിമകളുടെ പിന്മുറക്കാരുടെയും യഥാര്‍ഥ വിമോചകന്‍ കൂടിയായിരുന്നു ചാവേസ്. ആ തദ്ദേശീയ ജനവിഭാഗങ്ങള്‍ക്ക് ''സ്വന്തം വംശീയ-സാംസ്‌കാരിക സ്വത്വം, ലോക വീക്ഷണം, മൂല്യങ്ങള്‍, ആത്മീയത, ആരാധനാരീതികള്‍ എന്നിവ നിലനിര്‍ത്താന്‍ ജന്മാവകാശമുണ്ട്'' എന്ന് ഭരണഘടനാപരമായി വ്യവസ്ഥചെയ്ത ചാവേസ് യൂറോപ്യന്‍ സാംസ്‌കാരിക കടന്നുകയറ്റത്തെയാണ് പ്രതിരോധിച്ചത്. സ്ത്രീകളുടെ വീട്ടുജോലിയെ ഉത്പാദനക്ഷമമായ സാമ്പത്തിക പ്രവര്‍ത്തനമായി അംഗീകരിച്ച ലോകത്തെ വളരെക്കുറച്ചു രാജ്യങ്ങളിലൊന്നും ചാവേസിന്റെ വെനസ്വേലയാണ്. ക്യൂബയിലെ ഫിദെല്‍ കാസ്‌ട്രോയുമായി സാഹോദര്യം പുലര്‍ത്തി തന്റെ നിലപാട് വ്യക്തമാക്കിയതും പരസ്യമായ സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിച്ചതും അദ്ദേഹത്തെ അമേരിക്കയ്ക്ക് അസ്വീകാര്യനാക്കി. എണ്ണപ്പണത്തില്‍ നിന്നുള്ള ഒരു പങ്ക് മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ സഹായിക്കാന്‍ നീക്കിവെച്ച ചാവേസ് അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്.)യുടെ ചൂഷണത്തില്‍നിന്ന് അകന്നുനില്‍ക്കാന്‍ 2009-ല്‍ അര്‍ജന്റീന, ബ്രസീല്‍, ബൊളീവിയ എന്നിവിടങ്ങളിലെ ഭരണാധിപന്മാരുമായി ചേര്‍ന്ന് 'ബാങ്ക് ഓഫ് ദ സൗത്ത്' രൂപപ്പെടുത്തി. ആഗോളീകരണത്തിന്റെ മുറുക്കിപ്പിടിത്തത്തിനെതിരെ ചാവേസ് ഉയര്‍ത്തിയ വെല്ലുവിളിയും ചെറുത്തുനില്പുമായിരുന്നു 'തെക്കിന്റെ ബാങ്ക്'.

പട്ടിണി, ദാരിദ്ര്യം, ശിശുമരണം, നിരക്ഷരത, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ഇല്ലാതാക്കാന്‍ 2000-ല്‍ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച 'സഹസ്രാബ്ദലക്ഷ്യങ്ങള്‍' എന്ന എട്ടിന വികസന പരിപാടിയില്‍ ഏതാണ്ടെല്ലാം പൂര്‍ത്തിയാക്കിയ വളരെ കുറച്ചുരാജ്യങ്ങളിലൊന്നാണ് വെനസ്വേല. അധികാരത്തെ ചൂഷണത്തിനും സ്വാര്‍ഥത്തിനും ആഡംബരത്തിനും മാത്രമുപയോഗിക്കുന്ന ഭരണാധികാരികള്‍ക്കിടയില്‍ ചാവേസിനെ ജനകീയ നായകനാക്കിയതും സാമ്രാജ്യത്വവിരുദ്ധ ചേരിക്ക് പ്രിയങ്കരനാക്കിയതും അദ്ദേഹത്തിന്റെ നിര്‍ഭയമായ നിലപാടുകളാണ്, സ്വന്തം ജനതയുടെ കണ്ണീരൊപ്പുക എന്ന ഏകലക്ഷ്യത്തിലൂന്നിയ ധീര നിലപാടുകള്‍.


ചരിത്രമായി ഷാവേസ് (മനോരമ)

വെനസ്വേലയില്‍ മാത്രമല്ല, ലാറ്റിന്‍ അമേരിക്കയില്‍ പൊതുവില്‍ തന്നെ ഇനിയെന്ത് എന്ന ഉദ്വേഗം മുറ്റിനില്‍ക്കുന്ന ചോദ്യമാണു പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മരണത്താടെ ഉയര്‍ന്നിരിക്കുന്നത്. കാരണം, കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ ആ മേഖലയുടെ ചരിത്രത്തിലും രാഷ്ട്രീയത്തിലും ഇത്രയേറെ ആഴത്തില്‍ സ്വാധീനംചെലുത്തിയ മറ്റൊരു നേതാവില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമിക്കു മറ്റൊരു ഷാവേസാകാന്‍ കഴിയുമോ എന്ന സംശയവും നിലനില്‍ക്കുന്നു. 

പോരാളിയായിരുന്നു ഷാവേസ്. മുന്‍സൈനികനായ അദ്ദേഹം സ്വന്തം നാട്ടിലെ രാഷ്ട്രീയ പ്രതിയോഗികളോടെന്ന പോലെ ലാറ്റിന്‍ അമേരിക്കയിലെ യുഎസ് ഇടപെടലുകള്‍ക്കെതിരെയും നിരന്തരം പോരാടി. ഒന്നര വര്‍ഷമായി അര്‍ബുദരോഗത്തോടും മല്ലിടുകയായിരുന്നു. അതിനിടയില്‍ തന്നെയാണ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ നാലാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും. പക്ഷേ, വീണ്ടും ആശുപത്രിയിലായതിനാല്‍ ഇത്തവണ സ്ഥാനമേറ്റെടുക്കാനായില്ല. 

തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ വടക്കേ അറ്റത്തുകിടക്കുന്ന വെനസ്വേല സമീപകാലത്തു ലാറ്റിന്‍ അമേരിക്കയിലെ മറ്റേതു രാജ്യത്തെക്കാളും ശ്രദ്ധയാകര്‍ഷിച്ചതിനു കാരണം തന്നെ ഷാവേസായിരുന്നു. ക്യൂബയിലെ ഫിദല്‍ കാസ്ട്രോ കഴിഞ്ഞാല്‍ ആ മേഖലയിലെ ഏറ്റവും വ്യക്തിപ്രഭാവമുള്ള നേതാവായി അദ്ദേഹം. കാസ്ട്രോയെപ്പോലെ യുഎസ് ഭരണകൂടവുമായുള്ള ഏറ്റുമുട്ടല്‍ ലാറ്റിന്‍ അമേരിക്കയില്‍ മാത്രമല്ല, ലോകത്തിന്റെ മറ്റു പലഭാഗങ്ങളിലും ഷാവേസിനെ വര്‍ധിച്ചുവരുന്ന യുഎസ് വിരുദ്ധതയുടെ പ്രതീകവുമാക്കി. പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്പെയിനിന്റെ ആധിപത്യത്തില്‍ നിന്നു വെനസ്വേലയെ മോചിപ്പിക്കുകയും ലാറ്റിന്‍ അമേരിക്കയില്‍ ഉടനീളം സാമ്രാജ്യത്വവിരുദ്ധ തരംഗം സൃഷ്ടിക്കുകയും ചെയ്ത സൈമണ്‍ ബൊളിവറായിരുന്നു ഷാവേസിന്റെ ആരാധനാമൂര്‍ത്തി. 

ദാരിദ്യ്രനിര്‍മാര്‍ജനം, ഭൂവിതരണം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, തൊഴിലവസരങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വെനസ്വേലയ്ക്ക് ഏറെ മുന്നേറാന്‍ കഴിഞ്ഞതിനു കാരണം ആ രാജ്യത്തിന്റെ എണ്ണസമ്പത്തു മാത്രമല്ല, അതു പൊതുജന ക്ഷേമത്തിനു വേണ്ടി ഉപയോഗിക്കാന്‍ ഷാവേസ് കാണിച്ച തന്റേടവും ദൃഢനിശ്ചയവുമാണ്. അതാണു കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിനു വിജയം നേടിക്കൊടുത്തതും. അതേസമയം, ഏകാധിപതി, അമേരിക്കയുമായുള്ള അനാവശ്യമായ സംഘര്‍ഷങ്ങളില്‍ അഭിരമിക്കുന്നയാള്‍ തുടങ്ങിയ ആരോപണങ്ങള്‍ക്കും അദ്ദേഹം പാത്രമായി.  

മാറിമാറിവന്ന യുഎസ് ഭരണകൂടങ്ങള്‍ ക്യൂബയെപ്പോലെ വെനസ്വേലയെയും ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി. ക്യൂബയും വെനസ്വേലയും തമ്മിലുള്ള സുദൃഢബന്ധത്തിനാണ് അതു വഴിയൊരുക്കിയത്. സോവിയറ്റ് യൂണിയന്റെ പതനത്തോടെ സഹായിക്കാന്‍ ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ ക്യൂബയെ തകര്‍ച്ചയില്‍ നിന്നു രക്ഷപ്പെടുത്തിയതു ഷാവേസായിരുന്നു. അര്‍ബുദം ബാധിച്ചപ്പോള്‍ ചികില്‍സയ്ക്കുവേണ്ടി പാശ്ചാത്യരാജ്യങ്ങളിലേക്കൊന്നും പോകാതെ ക്യൂബയിലെ ഡോക്ടര്‍മാരുടെ കൈകളിലാണ് അദ്ദേഹം വിശ്വാസം അര്‍പ്പിച്ചതും. 

ലാറ്റിന്‍ അമേരിക്കയിലുടനീളം യുഎസ് വിരുദ്ധശക്തികളെ ഒന്നിപ്പിക്കാന്‍ ഷാവേസ് മുന്‍കയ്യെടുത്തപ്പോള്‍ ഷാവേസിനെ അട്ടിമറിക്കാന്‍ അമേരിക്ക ശ്രമിച്ചതായും ആരോപണമുണ്ടായി. 2002ല്‍ വെനസ്വേലയില്‍ നടന്ന അലസിപ്പോയ പട്ടാളവിപ്ളത്തിന്റെ പിന്നില്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് ആണെന്നാണു ഷാവേസ് കുറ്റപ്പെടുത്തിയത്. 2006ല്‍ യുഎന്‍ പൊതുസഭയില്‍ ചെയ്ത പ്രസംഗത്തില്‍ അദ്ദേഹം ബുഷിനെ ‘ചെകുത്താന്‍” എന്നു വിളിക്കുകയും ചെയ്തു.  

ലാറ്റിന്‍ അമേരിക്കയ്ക്കു പുറത്തും ഷാവേസിന്റെ ഉറ്റസുഹൃത്തുക്കള്‍ കടുത്ത യുഎസ് വിരോധികളായിരുന്നു. ഉദാഹരണം: ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനിജാദ്, സിറിയന്‍ പ്രസിന്റ് ബഷാര്‍ അല്‍ അസദ്, ഇറാഖിലെ സദ്ദാം ഹുസൈന്‍, ലിബിയയിലെ മുഅമ്മര്‍ ഖദ്ദാഫി. ബ്രസീല്‍, അര്‍ജന്റീന, പാരഗ്വായ്, ഇക്വഡോര്‍, ബൊളീവിയ തുടങ്ങിയ മറ്റു ചില തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും ഇടതുപക്ഷ നേതാക്കള്‍ അധികാരത്തിലെത്തുന്നതു കാണാനും ഷാവേസിനു കഴിഞ്ഞു.   

ഇതിനെല്ലാമിടയിലും വെനസ്വേലയില്‍ ശക്തമായ ഒരു രണ്ടാംനിര ഉയര്‍ന്നുവന്നില്ലെന്നതു ഷാവേസിന്റെ വീഴ്ചയായിട്ടാണു കരുതപ്പെടുന്നത്. പിന്‍ഗാമിയായി ഷാവേസ് നിര്‍ദേശിച്ച വൈസ് പ്രസിഡന്റ് നിക്കൊളാസ് മദുറോയെപ്പറ്റി നാട്ടുകാരില്‍ പലരും അറിഞ്ഞതു തന്നെ രണ്ടുമാസം മുന്‍പ് അതു സംബന്ധിച്ചു ഷാവേസ് നടത്തിയ പ്രഖ്യാപനത്തോടെയാണ്. 30 ദിവസത്തിനകം നടക്കുന്ന പുതിയ തിരഞ്ഞെടുപ്പില്‍ മദുറോ ജയിക്കുമോ? ജയിച്ചാല്‍ തന്നെ മറ്റൊരു ഷാവേസാകാന്‍ അദ്ദേഹത്തിനു കഴിയുമോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ കാത്തുനില്‍ക്കുന്നവര്‍ ഏറെയാണ്.

No comments:

Post a Comment