മുഖപ്രസംഗം March 27 - 2013
1. പ്രത്യേക കോടതികള്‍ വേണം; ഒപ്പം കരിനിയമ ഭേദഗതിയും (മാധ്യമം)
ഭീകരാക്രമണ കേസുകളില്‍ പ്രതികളാക്കപ്പെട്ട് അനിശ്ചിതമായി ജയിലില്‍ കഴിയുന്ന മുസ്ലിം യുവാക്കളെ വേഗത്തില്‍ വിചാരണ ചെയ്ത് ശിക്ഷിക്കുകയോ നിരപരാധികളാണെന്ന് തെളിഞ്ഞാല്‍ വിട്ടയക്കുകയോ ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന ന്യൂനപക്ഷ മന്ത്രാലയത്തിന്‍െറ ശിപാര്‍ശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചത് ചിരകാലമായി ന്യൂനപക്ഷ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉന്നയിച്ചുവരുന്ന മാനവിക പ്രശ്നത്തിന്‍െറ പരിഹാരത്തിലേക്കുള്ള ക്രിയാത്മക ചുവടുവെപ്പെന്ന നിലയില്‍ സ്വാഗതാര്‍ഹമാണ്.
പ്രത്യേക കോടതികള്‍ വേണം; ഒപ്പം കരിനിയമ ഭേദഗതിയും
ഭീകരാക്രമണ കേസുകളില്‍ പ്രതികളാക്കപ്പെട്ട് അനിശ്ചിതമായി ജയിലില്‍ കഴിയുന്ന മുസ്ലിം യുവാക്കളെ വേഗത്തില്‍ വിചാരണ ചെയ്ത് ശിക്ഷിക്കുകയോ നിരപരാധികളാണെന്ന് തെളിഞ്ഞാല്‍ വിട്ടയക്കുകയോ ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന ന്യൂനപക്ഷ മന്ത്രാലയത്തിന്‍െറ ശിപാര്‍ശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചത് ചിരകാലമായി ന്യൂനപക്ഷ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉന്നയിച്ചുവരുന്ന മാനവിക പ്രശ്നത്തിന്‍െറ പരിഹാരത്തിലേക്കുള്ള ക്രിയാത്മക ചുവടുവെപ്പെന്ന നിലയില്‍ സ്വാഗതാര്‍ഹമാണ്. ആദ്യം ടാഡയും പിന്നെ പോട്ടയും ഒടുവില്‍ യു.എ.പി.എയും പ്രയോഗിച്ച് രാജ്യത്ത് തീവ്രവാദ, ഭീകര മുദ്രകുത്തി കരാഗൃഹത്തില്‍ അടക്കപ്പെട്ട പതിനായിരങ്ങളില്‍ ഏറിയ പങ്കും മുസ്ലിം ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരാണെന്നത് അനിഷേധ്യമാണ്. മൊത്തം ജനസംഖ്യയില്‍ മുസ്ലിംകളുടെ അനുപാതം 14 ശതമാനമാണെങ്കിലും ജയില്‍പുള്ളികളില്‍ അവരുടെ സംഖ്യ 33 ശതമാനം വരും! മുസ്ലിംകളെല്ലാം തീവ്രവാദികള്‍ അല്ലായിരിക്കാം, എന്നാല്‍ തീവ്രവാദികളെല്ലാം മുസ്ലിംകളാണ് എന്ന അത്യന്തം അബദ്ധജടിലവും അപകടകരവുമായ മുന്‍വിധി സര്‍ക്കാറിനെയും അന്വേഷണ ഏജന്‍സികളെയും സുരക്ഷാസേനയെയും സ്വാധീനിച്ചതിന്‍െറ ഫലമാവാം എവിടെ എപ്പോള്‍ സ്ഫോടനമോ ഭീകരകൃത്യങ്ങളോ നടന്നാലും യഥാര്‍ഥമോ സാങ്കല്‍പികമോ ആയ തീവ്രവാദി സംഘടനകളുടെ പേരെടുത്തു പെരുമാറി മുസ്ലിംയുവാക്കളെ പിടികൂടി കുറ്റപത്രംപോലും സമര്‍പ്പിക്കാതെയും ജാമ്യമനുവദിക്കാതെയും വര്‍ഷങ്ങളോളം തടവില്‍ പാര്‍പ്പിക്കുകയെന്നത് സാധാരണ സംഭവമായി മാറിയത്. ടാഡ, പോട്ട, എന്നീ കുപ്രസിദ്ധ കരിനിയമങ്ങള്‍ക്കെതിരെ വ്യാപകമായ ജനരോഷവും പ്രതിഷേധവും ഉയര്‍ന്നപ്പോള്‍ അവ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായ സര്‍ക്കാര്‍ 1967ലെ യു.എ.പി.എ നാലഞ്ച് തവണ ഭേദഗതിചെയ്ത് പൂര്‍വാധികം കര്‍ക്കശമാക്കിയപ്പോള്‍ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉള്ള പാര്‍ട്ടികളൊന്നും അതിന്‍െറ വിനാശകരമായ ദുര്‍വിനിയോഗത്തെപ്പറ്റി ഒന്നും ഉരിയാടുകയുണ്ടായില്ല. കേന്ദ്ര-സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങള്‍ക്കും അവയുടെ കീഴിലെ അന്വേഷണ ഏജന്‍സികള്‍ക്കും പൊലീസിനും നിരപരാധികളായ യുവാക്കളെ വെറും സംശയത്തിന്‍െറയോ വ്യാജാരോപണങ്ങളുടെയോ പേരില്‍ പിടികൂടാന്‍ ഇത് ഒന്നാംതരം അവസരമൊരുക്കി. മാധ്യമങ്ങളാകട്ടെ, ഭരണകൂട ഭീകരതയുടെ കുഴലൂത്തുകാരുമായി.
വീണ്ടും ഒരു ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ ആരവം ഉയരവെ പതിവിന്‍പടി ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാന്‍ വല്ലതും ചെയ്തേപറ്റൂ എന്ന ഉള്‍വിളികൊണ്ടാവണം മതേതരമെന്നവകാശപ്പെടുന്ന പാര്‍ട്ടികള്‍ക്ക് നിരപരാധികളായ മുസ്ലിം തടവുകാരെ ഓര്‍മവന്നത്. ആദ്യം അവരുടെ പ്രശ്നം ഉയര്‍ത്തി രാഷ്ട്രപതിയെ ചെന്നുകണ്ടത് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍െറ നേതൃത്വത്തില്‍ സി.പി.എം പ്രതിനിധി സംഘമാണ്. പിന്നെ വന്നൂ സി.പി.ഐ കേന്ദ്ര കമ്മിറ്റിയുടെ പ്രമേയം. പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളനത്തില്‍ പ്രശ്നം ഉന്നയിക്കാന്‍ സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയും ഇടതുപാര്‍ട്ടികളും മത്സരിച്ചു. അതിനിടെതന്നെയാണ് റഹ്മാന്‍ഖാന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്‍െറ ചുമതലയേറ്റശേഷം പ്രത്യേക കോടതി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെക്ക് കത്തെഴുതിയത്. നിരപരാധികളെന്നുകണ്ട് വിട്ടയക്കപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും അവരെ പുനരധിവസിപ്പിക്കണമെന്നും മന്ത്രി റഹ്മാന്‍ഖാന്‍ ആഭ്യന്തരമന്ത്രിയോടാവശ്യപ്പെട്ടിരുന്നു. ഈ കത്തിനോടാണിപ്പോള്‍ ഷിന്‍ഡെ അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യന്‍ മുസ്ലിം സംഘടനകളുടെ പൊതുവേദിയായ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് മുമ്പുതന്നെ, വിചാരണയോ ജാമ്യമോ ഇല്ലാതെ അനിശ്ചിതകാലം ഇരുമ്പഴികളെണ്ണുന്ന ഹതഭാഗ്യരുടെ ദൈന്യതയിലേക്ക് സര്‍ക്കാറിന്‍െറ ശ്രദ്ധക്ഷണിച്ചിരുന്നതാണ്. പൊതു തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കുന്ന സന്ദര്‍ഭത്തിലെങ്കിലും സര്‍ക്കാര്‍ കണ്ണുതുറന്നുവെങ്കില്‍ അത്രക്കാശ്വാസകരം എന്ന് പറയാം. പക്ഷേ, പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള പ്രായോഗിക നടപടികളെക്കുറിച്ചൊന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചിട്ടില്ല. അതെപ്പോള്‍ യാഥാര്‍ഥ്യമാവും എന്നും വ്യക്തമാക്കിയിട്ടില്ല. അതിനുമുമ്പുതന്നെ ഒരു പ്രത്യേക മതസ്ഥര്‍ക്ക് മാത്രമായി കോടതികള്‍ ഏര്‍പ്പെടുത്തുന്നതിലെ മതേതരത്വലംഘനം ചിലര്‍ പ്രശ്നമാക്കിക്കഴിഞ്ഞു. ഭീകരത വിരുദ്ധ നിയമങ്ങള്‍ പ്രയോഗിച്ച് അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരും -അവര്‍ മുസ്ലിംകളോ മാവോയിസ്റ്റുകളോ ഹിന്ദുത്വവാദികളോ ആരായാലും- നിര്‍ദിഷ്ട കോടതികളുടെ പരിധിയില്‍ വരുന്നതാണ് നീതിപൂര്‍വകവുമായ പരിഹാരം. അതോടൊപ്പം തീവ്രവാദ, ഭീകര മുദ്രകുത്തപ്പെട്ടവര്‍ക്ക് വേണ്ടി കേസ് വാദിക്കാന്‍ വിദഗ്ധരായ അഭിഭാഷകര്‍ തയാറാവാത്തതോ അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കുന്നതോ ആയ പ്രവണത അടുത്തകാലത്തായി ശക്തിപ്പെട്ടുവരുന്നു. ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കാത്ത ഈ സമീപനം അവസാനിപ്പിച്ചേ തീരൂ. രാജ്യത്തെ എല്ലാ പൗരന്മാരും ജുഡീഷ്യറിയുടെ കണ്ണില്‍ തുല്യരാണ്; കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധികളുമാണ് എന്ന പ്രാഥമിക നൈതികതത്ത്വം കണിശമായി പാലിക്കപ്പെട്ടേ മതിയാവൂ. ഇവ്വിധം അതിവേഗ കോടതികള്‍ സ്ഥാപിച്ച് നിലവിലെ കരുതല്‍ തടവുകാര്‍ക്ക് നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കിയാലും മൗലിക പ്രശ്നം അവശേഷിക്കുകതന്നെചെയ്യും, നിരപരാധികള്‍ ഭരണകൂട ഭീകരതയുടെ ഇരകളാക്കപ്പെടാന്‍ ഉപകരണമായിത്തീര്‍ന്ന യു.എ.പി.എ എന്ന കരിനിയമം അപ്പടി നിലനിന്നാല്‍. അതിനാല്‍, പ്രസ്തുത നിയമം മനുഷ്യാവകാശങ്ങള്‍ക്കും നീതിക്കും ചേര്‍ന്നവിധം ഭേദഗതിയെങ്കിലും ചെയ്യാന്‍ സര്‍ക്കാര്‍ തയാറാവേണ്ടിയിരിക്കുന്നു. ഇതിനുവേണ്ടിയാണ് എല്ലാ കോണില്‍നിന്നും ശബ്ദമുയരേണ്ടതും.
No comments:
Post a Comment