Sunday, March 3, 2013

മുഖപ്രസംഗം March 03 - 2013

മുഖപ്രസംഗം March 03 - 2013
1. ബംഗ്ലാദേശ് ഭൂതകാലത്തെ നേരിടുമ്പോള്‍ (മാത്രുഭൂമി)

രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് ബംഗ്ലാദേശില്‍ എത്തുകയാണ്. റെയില്‍വേ സഹമന്ത്രി അധീര്‍ രഞ്ജന്‍ ചൗധരിയും നാല് എം.പി.മാരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ബംഗ്ലാദേശുമായി ഊഷ്മളമായ ബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ , കലുഷമായ ഒരു ബംഗ്ലാദേശിലാണ് രാഷ്ട്രപതി എത്താന്‍പോകുന്നത്. ആ രാജ്യത്തെ ആഭ്യന്തരസാഹചര്യം മറ്റൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. നാലാമത്തെ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടി, ജമാഅത്തെ ഇസ്‌ലാമി രാജ്യത്തുടനീളം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കയാണ്. പാര്‍ട്ടിയുടെ നയരൂപകര്‍ത്താക്കളില്‍ ഒരാളായ ദെല്‍വര്‍ ഹുസൈന്‍ സെയ്യീദിന് യുദ്ധക്കുറ്റങ്ങള്‍ വിചാരണചെയ്യുന്ന ട്രൈബ്യൂണല്‍ ഇക്കഴിഞ്ഞ ദിവസം വധശിക്ഷവിധിച്ചത് അവിടെ അക്രമങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നു.


2. സംഗീതമൂര്‍ത്തി വാര്‍ ത്തകളിലെ വ്യക്തി (മാധ്യമം) - വെങ്കിടേശ്വര ദക്ഷിണാമൂര്‍ത്തി

കാട്ടിലെ പാഴ്മുളംതണ്ടു മതിയായിരുന്നു അയാഅമം ള്‍ക്ക് പാട്ടിന്‍െറ പാലാഴി തീര്‍ക്കാന്‍. ‘വാതില്‍പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകെ, അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍കളമധുരമാം കാലൊച്ച കേട്ടു’വെന്ന് കേള്‍ക്കുമ്പോള്‍ ആ ദിവ്യരാഗത്തിന്‍െറ ആഴമറിയുന്നു നമ്മള്‍. പാട്ടിലുള്ള പ്രണയികളുടെ അനുരാഗത്തിന്‍െറ ആഴം മാത്രമല്ല. ആ വരികളിലേക്കും വാക്കുകളിലേക്കും അയാള്‍ സന്നിവേശിപ്പിച്ച രാഗത്തിന്‍െറ അപാരമായ ആഴംകൂടി. സംഗീതലോകം ആദരവോടെ വിളിക്കുന്ന പേര് ‘സ്വാമി’.


ബംഗ്ലാദേശ് ഭൂതകാലത്തെ നേരിടുമ്പോള്‍ (മാത്രുഭൂമി)
Newspaper Edition
രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് ബംഗ്ലാദേശില്‍ എത്തുകയാണ്. റെയില്‍വേ സഹമന്ത്രി അധീര്‍ രഞ്ജന്‍ ചൗധരിയും നാല് എം.പി.മാരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ബംഗ്ലാദേശുമായി ഊഷ്മളമായ ബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ , കലുഷമായ ഒരു ബംഗ്ലാദേശിലാണ് രാഷ്ട്രപതി എത്താന്‍പോകുന്നത്. ആ രാജ്യത്തെ ആഭ്യന്തരസാഹചര്യം മറ്റൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. നാലാമത്തെ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടി, ജമാഅത്തെ ഇസ്‌ലാമി രാജ്യത്തുടനീളം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കയാണ്. പാര്‍ട്ടിയുടെ നയരൂപകര്‍ത്താക്കളില്‍ ഒരാളായ ദെല്‍വര്‍ ഹുസൈന്‍ സെയ്യീദിന് യുദ്ധക്കുറ്റങ്ങള്‍ വിചാരണചെയ്യുന്ന ട്രൈബ്യൂണല്‍ ഇക്കഴിഞ്ഞ ദിവസം വധശിക്ഷവിധിച്ചത് അവിടെ അക്രമങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നു. ബോംബുകളും മറ്റ് വെടിക്കോപ്പുകളുമായി നടന്ന അക്രമങ്ങളില്‍ 50-ഓളം പേര്‍ ഇതിനകം കൊല്ലപ്പെട്ടു. എങ്കിലും രാഷ്ട്രപതിയുടെ സന്ദര്‍ശനം റദ്ദാക്കാന്‍തക്കവണ്ണമുള്ള സാഹചര്യം അവിടെയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. 

ബംഗ്ലാദേശ് വീണ്ടുമൊരു ധ്രുവീകരണത്തിന്റെ പ്രവണതയാണ് ഇപ്പോള്‍ കാണിക്കുന്നത്. രാജ്യത്തെ പ്രതിലോമശക്തികള്‍, മതമൗലികത എന്നിവ ഒരു ഭാഗത്തും മതേതരചിന്ത പുലര്‍ത്തുന്നവരും നിഷ്പക്ഷമതികളുമായ യുവതലമുറ മറുഭാഗത്തും നിലയുറപ്പിക്കുകയാണ്. ബംഗ്ലാദേശിന്റെ പിറവിമുതല്‍ ഇതുവരെയുള്ള ചരിത്രം നിരീക്ഷിച്ചാല്‍ യുവാക്കളുടെ ആവേശത്തിന്റെ വേലിയേറ്റങ്ങള്‍ പല നിര്‍ണായകമാറ്റങ്ങള്‍ക്കും അവിടെ നാന്ദികുറിച്ചിട്ടുണ്ട്. ഫിബ്രവരി അഞ്ചുമുതല്‍ ഇതുവരെ ധാക്കയിലെ ഷാബാഗ് സ്‌ക്വയറില്‍ പ്രതിദിനമെന്നോണം ഒത്തുചേരുന്ന യുവതലമുറ പുതിയ മറ്റൊരു അണിചേരലാകുകയാണ്. ഫേസ്ബുക്കിലൂടെയും മറ്റ് സൗഹൃദക്കൂട്ടായ്മകളിലൂടെയും പങ്കുവെക്കുന്ന പൊതുരോഷത്തിന്റെ, പൊതു ആവശ്യങ്ങളുടെ, പുതിയ പ്രസ്ഥാനമാണ് ഡിസംബറില്‍ ഡല്‍ഹിയില്‍ എന്നപോലെ, അവിടെ ഇപ്പോള്‍ രൂപംകൊള്ളുന്നത്. 

1971-ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരകാലത്ത് മനുഷ്യത്വഹീനമായ കുറ്റകൃത്യങ്ങള്‍ നടത്തിയ അബ്ദുള്‍ഖാദര്‍ മൊല്ല തൂക്കുകയറില്‍നിന്ന് രക്ഷപ്പെട്ടതിനെതിരെയാണ് യുവാക്കള്‍ നേതൃത്വംനല്‍കിയ പ്രസ്ഥാനം ആദ്യം പ്രതികരിച്ചത്. 2008-ല്‍ അധികാരമേറിയ അവാമി ലീഗിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു യുദ്ധക്കുറ്റ ട്രൈബ്യൂണല്‍. ബംഗ്ലാദേശ് പിറവിയുടെ കാലത്ത്, ഒമ്പതുമാസത്തോളം പാക്‌സൈന്യത്തിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശിലെ പാകിസ്താന്‍ അനുകൂലികളുടെ സഹായത്തോടെ ഒട്ടേറെ ഹീനകൃത്യങ്ങള്‍ അവിടെ നടന്നിരുന്നു. കൊല, ബലാത്സംഗങ്ങള്‍, ക്ഷേത്രങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഈ കുറ്റങ്ങള്‍ നടന്നിട്ട് നാലുപതിറ്റാണ്ടിലേറെയായി എന്നത് കുറ്റങ്ങളുടെ വലിപ്പം കുറയ്ക്കുന്നില്ല; പ്രത്യേകിച്ച് കുറ്റവാളികള്‍ ഉത്തരവാദപ്പെട്ട പാര്‍ട്ടികളുടെ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍. മൗലാനാ അബുള്‍കലാം ആസാദ് എന്ന ജമാഅത്തെ ഇസ്‌ലാമി നേതാവിനാണ് ട്രൈബ്യൂണല്‍ ആദ്യം വധശിക്ഷ വിധിച്ചത്. നിരവധി കൊലപാതക-ബലാത്സംഗക്കേസുകളില്‍ പ്രതിയായിരുന്നെങ്കിലും ഏഴുകേസുകളിലാണ് അദ്ദേഹം കുറ്റംചെയ്തതായി തെളിഞ്ഞത്. പിന്നീട് അബ്ദുള്‍ ഖാദര്‍ മൊല്ലയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടു. ഈ വിധിക്കെതിരെ അദ്ദേഹത്തിനും വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് യുവാക്കളുടെ നേതൃത്വത്തില്‍ ജനക്കൂട്ടം ഷാബാഗ് ചത്വരം കൈയടക്കിയത്. 

ഷാബാഗ് ചത്വരത്തിലെ ജനക്കൂട്ടം ആവശ്യപ്പെടുന്നത് മതമൗലിക സംഘടനകള്‍ നിരോധിക്കണമെന്നാണ്. '71-ലെ വംശഹത്യ, ബലാത്സംഗം, കൊള്ള, തീവെപ്പ് തുടങ്ങി മനുഷ്യരാശിക്കെതിരായ എല്ലാ കുറ്റങ്ങള്‍ക്കും കടുത്തശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അവരുടെ ആവശ്യം ന്യായമാണ്. എന്നാല്‍, ഒരു ട്രൈബ്യൂണലിന്റെ വിധി അംഗീകരിക്കപ്പെടുകയുംമറ്റൊരുവിധിയെ എതിര്‍ക്കുകയും ചെയ്യുന്നതില്‍ ഒരു പക്വതയില്ലായ്മയുണ്ട്. എതിരാളികളെ ശക്തിപ്പെടുത്താനേ അത് ഉപകരിക്കൂ. 
താരതമ്യേന ഹ്രസ്വമായ ചരിത്രത്തിനിടെ, 41 കൊല്ലം ഒരു രാജ്യത്തിന്റെ ആയുസ്സില്‍ അത്രവലിയ കാലമല്ല. ബംഗ്ലാദേശ് പല നാടകീയതകള്‍ക്കും വേദിയായിരുന്നു. ജനാധിപത്യം സ്ഥാപിച്ചതും പട്ടാളഭരണം അതിനെ കടപുഴക്കിയതും വീണ്ടും ജനാധിപത്യം വിജയിച്ചതും ലോകംകണ്ടു. ഇപ്പോള്‍ മതേതരമൂല്യങ്ങളില്‍ അടിയുറച്ച ജനാധിപത്യത്തിനുവേണ്ടിയുള്ള മറ്റൊരു പോരാട്ടമാണ് നടക്കുന്നത്. ബംഗ്ലാദേശിന്റെ അഭ്യുദയകാംക്ഷിയായി എന്നും നിലനില്‍ക്കുന്ന അയല്‍രാജ്യമാണ് ഇന്ത്യ. ബംഗ്ലാദേശിന്റെ പിറവിയെ പിന്തുണച്ചെങ്കിലും അവിടത്തെ രാഷ്ട്രീയത്തില്‍ ഇന്ത്യ കൈകടത്തിയിട്ടില്ല. ഷേഖ് ഹസീനയോടെന്നവണ്ണം ഖാലിദ സിയയോടും അവര്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യ സൗഹൃദം കാണിച്ചിട്ടുണ്ട്. കലാപങ്ങളിലേക്കും കുരുതികളിലേക്കും ആ രാജ്യം വഴുതാതിരിക്കട്ടെ എന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതേസമയം, അവിടത്തെ മതേതര ജനാധിപത്യശക്തികള്‍ വിജയം കൈവരിക്കുന്നത് ആത്യന്തികമായി ആ രാജ്യത്തിന്റെ നന്മയ്ക്ക് ഉതകുമെന്നതില്‍ സംശയമില്ലതാനും. സ്വാഭാവികമായ ഒരു പരിണാമത്തിലേക്കുള്ള ഗതിയായിരിക്കും അത്. അക്രമംകൊണ്ട് അതിന്റെ വഴിതടയാന്‍ ആര്‍ക്കും കഴിയുകയുമില്ല.
സംഗീതമൂര്‍ത്തി വാര്‍ ത്തകളിലെ വ്യക്തി (മാധ്യമം)
വെങ്കിടേശ്വര ദക്ഷിണാമൂര്‍ത്തി

സംഗീതമൂര്‍ത്തി
കാട്ടിലെ പാഴ്മുളംതണ്ടു മതിയായിരുന്നു അയാഅമം ള്‍ക്ക് പാട്ടിന്‍െറ പാലാഴി തീര്‍ക്കാന്‍. ‘വാതില്‍പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകെ, അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍കളമധുരമാം കാലൊച്ച കേട്ടു’വെന്ന് കേള്‍ക്കുമ്പോള്‍ ആ ദിവ്യരാഗത്തിന്‍െറ ആഴമറിയുന്നു നമ്മള്‍. പാട്ടിലുള്ള പ്രണയികളുടെ അനുരാഗത്തിന്‍െറ ആഴം മാത്രമല്ല. ആ വരികളിലേക്കും വാക്കുകളിലേക്കും അയാള്‍ സന്നിവേശിപ്പിച്ച രാഗത്തിന്‍െറ അപാരമായ ആഴംകൂടി. സംഗീതലോകം ആദരവോടെ വിളിക്കുന്ന പേര് ‘സ്വാമി’. ഋഷിതുല്യമായ ജീവിതം. ശാസ്ത്രീയസംഗീതത്തെ സാധാരണക്കാരനുകൂടി ആസ്വാദ്യമാക്കാന്‍ ചലച്ചിത്രസംഗീതത്തില്‍ വിസ്മയകരമായ സര്‍ഗാത്മക പരിവര്‍ത്തനങ്ങള്‍ നടത്തിയ സംഗീതമാന്ത്രികന്‍. 94ാം വയസ്സിലും സംഗീതം ജീവിതമാക്കി കഴിയുന്ന വെങ്കിടേശ്വര ദക്ഷിണാമൂര്‍ത്തിക്കാണ് സംസ്ഥാന സര്‍ക്കാറിന്‍െറ സ്വാതി തിരുനാള്‍ പുരസ്കാരം.
ആറടിയോളം ഉയരം. നീണ്ടുമെലിഞ്ഞ ശരീരം. മുണ്ടും ജുബ്ബയും വേഷം. വിശാലമായ നെറ്റിത്തടത്തില്‍ നീട്ടിവരച്ച ഭസ്മക്കുറി. കഴുത്തില്‍ കറുത്ത ചരടില്‍ കോര്‍ത്ത രുദ്രാക്ഷം. ‘ശീതാതപാദികളെ ജയിച്ച ചിരതപസ്വി’യുടെ രൂപം. ഹാര്‍മോണിയം വായിക്കാനറിയില്ല. പെട്ടി പഠിച്ചിട്ടില്ല. ഒരു സംഗീത ഉപകരണവും വായിക്കാനറിയില്ല. ‘തൊണ്ടയാണ് എന്‍െറ ഹാര്‍മോണിയം’ എന്നു പറയും സ്വാമി. സര്‍വേശ്വരന്‍ അതിന് ഒരു തകരാറും വരുത്തിയിട്ടില്ലെന്ന് സമാധാനപ്പെടും. വിനയമാണ് പ്രകൃതം. മലയാള ചലച്ചിത്രസംഗീതത്തിനൊപ്പം ജീവിച്ച സംഗീതജ്ഞനാണ്. ഇപ്പോഴും സംഗീതസാഗരത്തിന്‍െറ തീരത്ത് കൈക്കുടന്ന വെള്ളവുമായി നില്‍ക്കുന്ന വിദ്യാര്‍ഥി മാത്രമാണെന്ന് സ്വാമി. സംഗീതം ഈശ്വരനാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ട് ആ സംഗീതസാധനകളെല്ലാം പ്രാര്‍ഥനകളാവുന്നു. ആ പ്രാര്‍ഥനകളില്‍നിന്ന് കേരളമെന്നും മൂളുന്ന ഈണങ്ങള്‍ നമുക്കു കിട്ടുന്നു. അതിലൂടെ ക്ളാസിക്കല്‍ സംഗീതത്തിന്‍െറ ആഴവും പരപ്പും നാം അനുഭവിച്ചറിയുന്നു.
ഒരു കുടുംബത്തിലെ മൂന്നു തലമുറക്ക് സംഗീതം നല്‍കിയിട്ടുണ്ട്. അഗസ്റ്റിന്‍ ജോസഫ്. ആദ്യചിത്രമായ ‘നല്ല തങ്ക’യില്‍ പാടി. അദ്ദേഹത്തിന്‍െറ മകന്‍ കെ.ജെ. യേശുദാസ്. മകന്‍ വിജയ്. യേശുദാസിന്‍െറ മകനെക്കൊണ്ട് പാടിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. ‘ഇടനാഴിയിലൊരു കാലൊച്ച’യില്‍ ആ ഏഴു വയസ്സുകാരനെക്കൊണ്ട് പാടിച്ചപ്പോള്‍ ആ ആഗ്രഹവും സഫലമായി. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ വിരലുകള്‍ ആ നെറുകയില്‍ പതിഞ്ഞതിന്‍െറ ഗുരുകാരുണ്യം വിജയ് യേശുദാസിന് തുണയായി. മികച്ച ഗായകനുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ പുരസ്കാരം രണ്ടു തവണ വിജയ് നേടുകയും ചെയ്തു. സ്വാമി ഏറ്റവുമൊടുവിലായി സംഗീതസംവിധാനം നിര്‍വഹിച്ചത് 2008ല്‍. തന്‍െറ 90ാം വയസ്സില്‍ ‘മിഴികള്‍ സാക്ഷി’ എന്ന ചിത്രത്തിനുവേണ്ടി നാലു ഗാനങ്ങള്‍ ഒരുക്കി.
1919 ഡിസംബര്‍ 22ന് ബാങ്ക് ഉദ്യോഗസ്ഥനായ വെങ്കിടേശ്വരന്‍െറയും സംഗീതമറിയാവുന്ന പാര്‍വതിയമ്മാളിന്‍െറയും ഏഴുമക്കളില്‍ മൂത്തവനായി ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള മഠത്തില്‍ ജനനം. 14 വയസ്സുവരെ അവിടെയായിരുന്നു താമസം. സംഗീതവിദുഷിയായ അമ്മ അനിയത്തിയെ പാടിയുറക്കുന്ന വര്‍ണങ്ങളും കീര്‍ത്തനങ്ങളും കേട്ട് കടന്നുപോയ ബാല്യം. പിന്നീട് അമ്മയുടെ ശിക്ഷണത്തില്‍ ഏഴാംവയസ്സു മുതല്‍ ഹൃദിസ്ഥമാക്കിയത് ഇരുപതോളം ത്യാഗരാജകൃതികള്‍. പിന്നീട് മൂന്നുവര്‍ഷം തിരുവനന്തപുരത്തെ വെങ്കിടാചലം പോറ്റിയില്‍നിന്ന് സംഗീതം അഭ്യസിച്ചു. തിരുവനന്തപുരത്തായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ഉത്തരം അറിയാത്തതിനാല്‍ പരീക്ഷാ പേപ്പറില്‍ തനിക്കറിയാവുന്ന ഒന്നുരണ്ടു വര്‍ണങ്ങള്‍ ഭംഗിയായി എഴുതിവെച്ചു. അങ്ങനെ പത്താംക്ളാസില്‍ തോറ്റു. അതോടെ പഠനവും അവസാനിപ്പിച്ചു. പത്താംക്ളാസില്‍ തോറ്റപ്പോള്‍ അറിയാവുന്ന വര്‍ണങ്ങള്‍കൊണ്ട് ജീവിക്കാമെന്ന് തീരുമാനിച്ചു. വൈക്കത്തപ്പന്‍െറ മുന്നില്‍ മൂന്നരക്കൊല്ലം ഭജനമിരുന്ന് നിര്‍മാല്യം തൊഴുതു. ദിവസം 18 മണിക്കൂര്‍ നിരന്തരം പാടി. അമ്പലപ്പുഴ ക്ഷേത്രത്തിലാണ് 13ാം വയസ്സില്‍ ആദ്യമായി കച്ചേരി നടത്തുന്നത്. പൊതുവേദിയിലെ ആ കച്ചേരിയില്‍നിന്നാണ് സംഗീതജ്ഞനായുള്ള ഉയര്‍ച്ച തുടങ്ങിയത്.
വൈക്കത്തുനിന്ന് മദ്രാസില്‍ എത്തിയ മൂര്‍ത്തി അവിടെ വസന്തകോകിലത്തിനും പി. ലീലക്കും സംഗീതാധ്യാപകനായി. വെറുതെ പാടിക്കൊണ്ടിരിക്കുന്ന നേരത്താണ് അഭയദേവ്, അഗസ്റ്റിന്‍ ജോസഫ്, കോശി എന്നിവരുടെ വരവ്. ‘നല്ല തങ്ക’ക്ക് ഗാനങ്ങള്‍ ചെയ്യണം എന്നതായിരുന്നു അവരുടെ ആവശ്യം. അങ്ങനെ 1950ല്‍ കെ ആന്‍ഡ് കെ പ്രൊഡക്ഷന്‍സിന്‍െറ ‘നല്ല തങ്ക’യിലൂടെ ചലച്ചിത്രരംഗത്ത് എത്തി. ‘ശംഭോ ഞാന്‍ കാണ്‍മതെന്താണിദം അടയുകയോ ഓമല്‍കവാടങ്ങളിദം’ എന്നാരംഭിക്കുന്ന വിരുത്തമാണ് ആദ്യമായി സിനിമക്കുവേണ്ടി ചിട്ടപ്പെടുത്തിയത്. അന്നു തുറന്നിട്ടതാണ് ശുദ്ധസംഗീതത്തിന്‍െറ ഓമല്‍കവാടങ്ങള്‍. അത് പിന്നീടൊരിക്കലും അടഞ്ഞിട്ടില്ല. തമിഴ്, ഹിന്ദി ചലച്ചിത്രഗാനങ്ങളുടെ സ്വാധീനവലയത്തില്‍പെട്ട മലയാള ചലച്ചിത്രസംഗീതത്തെ തന്‍െറ സര്‍ഗശക്തിയാല്‍ മലയാളീകരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രിക, നവലോകം, അമ്മ, ആശാദീപം, സ്നേഹസീമ തുടങ്ങിയ ചിത്രങ്ങള്‍കൂടി പുറത്തുവന്നപ്പോള്‍ ദക്ഷിണാമൂര്‍ത്തി ഈ രംഗത്ത് ചിരപ്രതിഷ്ഠ നേടി.
സിനിമാസംഗീതത്തെ ശാസ്ത്രീയസംഗീതവുമായി കൂട്ടിയിണക്കുന്നതില്‍ അസാമാന്യമായ വൈദഗ്ധ്യം സ്വാമി പ്രദര്‍ശിപ്പിച്ചു. ഒരേ രാഗത്തില്‍ ഒന്നിനോട് സാമ്യം വരാത്ത രീതിയില്‍ സ്വാമി അനവധി ഗാനങ്ങള്‍ തീര്‍ത്തു. കര്‍ണാടക സംഗീതത്തെ ലളിതരൂപത്തില്‍ അവതരിപ്പിച്ച് ശ്രോതാക്കളില്‍ താല്‍പര്യം ജനിപ്പിക്കുന്ന വിദ്യ സ്വാമിക്കു മാത്രം അറിയാവുന്ന ഒന്നാണ്. ശാസ്ത്രീയസംഗീതത്തെ ചലച്ചിത്രസംഗീതവുമായി സമന്വയിപ്പിക്കുന്നതില്‍ പിന്നീട് വന്ന സംഗീതസംവിധായകരെല്ലാം സ്വാമിയുടെ കാല്‍പാടുകള്‍ പിന്തുടരുകയായിരുന്നു. ഹൃദയസരസ്സിലെ പ്രണയപുഷ്പമേ, ഉത്തരാ സ്വയംവരം കഥകളി കാണുവാന്‍, മനോഹരി നിന്‍ മനോരഥത്തില്‍, പൊന്‍വെയില്‍ മണിക്കച്ച അഴിഞ്ഞുവീണു, കാര്‍കൂന്തല്‍കെട്ടിലെന്തിനു വാസനത്തൈലം, കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി, നിന്‍െറ മിഴിയില്‍ നീലോല്‍പലം, സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗകുമാരികളല്ലോ, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, ഇന്നലെ നീയൊരു സുന്ദരരാഗമായ്, സന്ധ്യക്കെന്തിനു സിന്ദൂരം, ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു തുടങ്ങി മലയാളമുള്ളിടത്തോളം കാലം നിലനില്‍ക്കുന്ന പാട്ടുകള്‍ അദ്ദേഹം തീര്‍ത്തു.
സങ്കീര്‍ണമായ സാഹിത്യത്തെ ലളിതസംഗീതമാക്കുന്ന വിദ്യയും സ്വാമിക്കു മാത്രം അറിയാവുന്നതാണ്.  ജി. ശങ്കരക്കുറുപ്പിന്‍െറ ‘ശ്രാന്തമംബരം’ എന്ന കവിത ‘അഭയം’ എന്ന ചിത്രത്തിനുവേണ്ടി ലളിതസംഗീതത്തില്‍ അദ്ദേഹം ചിട്ടപ്പെടുത്തി. ആ ഗാനം പുറത്തുവന്നപ്പോള്‍ ഇരിങ്ങാലക്കുടയിലെ ഒരു ചടങ്ങില്‍ വെച്ച് ജി സ്വാമിയെ കണ്ടു. ‘സ്വാമി എന്‍െറ കവിതയുടെ ഘനം കുറച്ച് പഞ്ഞിപോലെയാക്കി തീര്‍ത്തല്ലോ’ എന്നായിരുന്നു ശങ്കരക്കുറുപ്പിന്‍െറ പ്രതികരണം. ആ വാക്കുകളെ സ്വാമി വലിയ ഒരു ബഹുമതിയായി കണ്ടു. ചലച്ചിത്രസംഗീതത്തിലും സ്വാമി അതുതന്നെയാണ് ചെയ്തത്. സാധാരണക്കാരനെ സംഗീതത്തോട് അടുപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതൊന്നുമല്ല. 78 വയസ്സിനുള്ളില്‍ 130ഓളം ചിത്രങ്ങള്‍ക്ക് ഈണം പകര്‍ന്നു. ഏതാണ്ട് ആയിരത്തില്‍പരം ഗാനങ്ങള്‍ പിറന്നു.
ഭാര്യ കല്യാണി. ഒരു മകനും രണ്ടു പെണ്‍മക്കളുമുണ്ട്. വെങ്കിടേശ്വരന്‍, വിജയ, ഗോമതി. മൂന്നുപേരും മൂന്നിടത്ത്. അവര്‍ക്കും സംഗീതവുമായി ബന്ധമുണ്ടെങ്കിലും ആരും തൊഴിലായി എടുത്തിട്ടില്ല. ചെറുമക്കള്‍ പാടിയ ഏതാനും ഭക്തിഗാനക്കാസറ്റുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

No comments:

Post a Comment