Saturday, March 16, 2013

മുഖപ്രസംഗം March 16 - 2013

മുഖപ്രസംഗം March 16 - 2013


1. ജനദ്രോഹകരമല്ലാത്ത ബജറ്റ്  (മാധ്യമം)
 ധനമന്ത്രി കെ.എം. മാണി കഴിഞ്ഞദിവസം സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച 2013-14 വര്‍ഷത്തെ ബജറ്റ് പൊതുവേ തെരഞ്ഞെടുപ്പുകൂടി മുന്നില്‍കണ്ടുള്ള ജനപ്രിയ ബജറ്റാണെന്ന വിമര്‍ശം അപ്രസക്തമല്ലെങ്കിലും അവശര്‍ക്കും സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും സാമാന്യമായി ആശ്വാസം നല്‍കുന്നതാണ് അതെന്ന് സമ്മതിക്കുന്നതാണ് ശരി. മദ്യം, സിഗരറ്റ്, ആഡംബര കാറുകള്‍ തുടങ്ങിയ അനാവശ്യമോ സുഖഭോഗത്തിനു മാത്രം ഉതകുന്നതോ ആയ വസ്തുക്കള്‍ക്കാണ് തീരുവ കൂട്ടാന്‍ ധനമന്ത്രി ശ്രദ്ധിച്ചിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരെ പ്രയാസപ്പെടുത്തുന്നവിധം ഭൂമി വാങ്ങി മൂന്നു മാസത്തിനകം മറിച്ചുവിറ്റാല്‍ ഇരട്ടി സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനുള്ള നിര്‍ദേശത്തോടൊപ്പം മുദ്രക്കടലാസ് വിലയില്‍ രണ്ടു ശതമാനം ഇളവ് ചെയ്യാനുള്ള തീരുമാനവും പൊതുവേ സ്വാഗതം ചെയ്യപ്പെടും.

2. പ്രാര്‍ഥനയോടെ പുനരര്‍പ്പണം (മലയാള മനോരമ)
ലോകമെങ്ങുമുള്ള മലയാളികള്‍ ഒന്നേകാല്‍ നൂറ്റാണ്ടായി 'മലയാള മനോരമയില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിനും സ്നേഹത്തിനും മുന്നില്‍ കൃതജ്ഞതയോടെ നില്‍ക്കുകയാണു ഞാനിപ്പോള്‍ കാലത്തിന്റെ അനന്തയാത്രയില്‍ 125 വര്‍ഷങ്ങള്‍ ഒരു ചെറുബിന്ദു മാത്രമാണെങ്കിലും, ഒരു പത്രസ്ഥാപനത്തിന് ഈ അവസരം നല്‍കുന്ന അഭിമാനവും ആഹ്ളാദവും വളരെ വലുതാണ്. ഞങ്ങളുടെ വഴികളില്‍ എന്നും വിളക്കായി നില്‍ക്കുന്ന പൂര്‍വികരെ ആദരവോടെ ഒാര്‍മിക്കാനും മുന്നിലുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചു ഞങ്ങളെ ഒാര്‍മിപ്പിക്കാന്‍ എന്നും ഒപ്പമുള്ള വായനക്കാരോടു ഹൃദയം നിറഞ്ഞ നന്ദി പറയാനുമുള്ളതാണ് ഈ ജൂബിലി വേള. 
3. നാളേക്കുള്ള നിക്ഷേപം  (മാത്രുഭൂമി)
രൂക്ഷമായ വരള്‍ച്ചയുടെയും സാമ്പത്തിക മാന്ദ്യത്തിന്റെയും നടുവില്‍ നിന്നുകൊണ്ട് എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ബജറ്റ് അവതരിപ്പിക്കുക ഒരു ധനമന്ത്രിക്ക് എളുപ്പമല്ല. അതിനാല്‍ തന്നെ തന്റെ പതിനൊന്നാമത്തെ ബജറ്റ് അവതരിപ്പിക്കുന്ന കെ.എം.മാണിക്കു മേല്‍ മുമ്പെങ്ങുമുണ്ടാവാത്തവിധം സമ്മര്‍ദങ്ങളുണ്ടായിരുന്നു. 'വികസനവും കരുതലു'മെന്ന സമീപനത്തിലൂന്നിനിന്നുകൊണ്ട് സംസ്ഥാനത്തിന്റെ സമഗ്രവളര്‍ച്ച ലക്ഷ്യമിടുന്ന ബജറ്റാണ് വെള്ളിയാഴ്ച അദ്ദേഹം അവതരിപ്പിച്ചതെന്ന് നിഷ്പക്ഷമതികള്‍ സമ്മതിക്കും. 2014 പൊതുതിരഞ്ഞെടുപ്പിന്റെ വര്‍ഷമായതുകൊണ്ട് വികസനയാത്രയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നയം സ്വീകരിക്കാന്‍ ധനമന്ത്രി പ്രത്യേകം ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും കാണാം.



ജനദ്രോഹകരമല്ലാത്ത ബജറ്റ്  

ജനദ്രോഹകരമല്ലാത്ത ബജറ്റ്
ധനമന്ത്രി കെ.എം. മാണി കഴിഞ്ഞദിവസം സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച 2013-14 വര്‍ഷത്തെ ബജറ്റ് പൊതുവേ തെരഞ്ഞെടുപ്പുകൂടി മുന്നില്‍കണ്ടുള്ള ജനപ്രിയ ബജറ്റാണെന്ന വിമര്‍ശം അപ്രസക്തമല്ലെങ്കിലും അവശര്‍ക്കും സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും സാമാന്യമായി ആശ്വാസം നല്‍കുന്നതാണ് അതെന്ന് സമ്മതിക്കുന്നതാണ് ശരി. മദ്യം, സിഗരറ്റ്, ആഡംബര കാറുകള്‍ തുടങ്ങിയ അനാവശ്യമോ സുഖഭോഗത്തിനു മാത്രം ഉതകുന്നതോ ആയ വസ്തുക്കള്‍ക്കാണ് തീരുവ കൂട്ടാന്‍ ധനമന്ത്രി ശ്രദ്ധിച്ചിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരെ പ്രയാസപ്പെടുത്തുന്നവിധം ഭൂമി വാങ്ങി മൂന്നു മാസത്തിനകം മറിച്ചുവിറ്റാല്‍ ഇരട്ടി സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനുള്ള നിര്‍ദേശത്തോടൊപ്പം മുദ്രക്കടലാസ് വിലയില്‍ രണ്ടു ശതമാനം ഇളവ് ചെയ്യാനുള്ള തീരുമാനവും പൊതുവേ സ്വാഗതം ചെയ്യപ്പെടും. മറിച്ചുവില്‍പനക്കാര്‍ കച്ചവടം ഉറപ്പിച്ച് മൂന്നു മാസംവരെ രജിസ്ട്രേഷന് കാത്തിരുന്നാല്‍ അവര്‍ക്ക് അധിക ബാധ്യതയില്‍നിന്ന് രക്ഷപ്പെടുകയുമാവാം.

കാര്‍ഷിക, ക്ഷേമ മേഖലകള്‍ക്കാണ് ബജറ്റില്‍ ഏറെ ഊന്നല്‍ നല്‍കിയിരിക്കുന്നതെങ്കിലും 2011-12 വര്‍ഷത്തില്‍ കാര്‍ഷിക രംഗത്ത് 1.6 ശതമാനത്തിന്‍െറ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടിയിരിക്കെ, കാര്യമായ വീണ്ടെടുപ്പിന് കാര്‍ഷിക മേഖലയെ പ്രാപ്തമാക്കുന്നതല്ല കെ.എം. മാണി ആ മേഖലക്ക് അനുവദിച്ച വിവിധ ആനുകൂല്യങ്ങള്‍. ഒരു ഹെക്ടര്‍വരെ മാത്രം ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ക്ക് സഹകരണ ബാങ്കുകള്‍ മുഖേന നബാര്‍ഡ് കാര്‍ഷിക വായ്പയുടെ പലിശ കുടിശ്ശിക എഴുതിത്തള്ളും, അത്രയും ഭൂമിയുള്ള കര്‍ഷകര്‍ക്ക് ഇനിമുതല്‍ പലിശരഹിത വായ്പകള്‍ അനുവദിക്കും, കമ്പനികളല്ലാത്ത കാര്‍ഷിക നികുതിദായകരെ കാര്‍ഷികാദായ നികുതിയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കും, ജില്ലയില്‍ ഓരോ മാതൃകാ ഹൈടെക് ഗ്രാമങ്ങള്‍ ഏര്‍പ്പെടുത്തും, നെല്ലുസംഭരണത്തിന് ഇനിമുതല്‍ തത്സമയം വില നല്‍കും, തെങ്ങില്‍നിന്ന് നീര ഉല്‍പാദിപ്പിക്കുന്ന പദ്ധതി 10 ജില്ലകളില്‍ നടപ്പാക്കും തുടങ്ങി കര്‍ഷകര്‍ക്കും കൃഷിക്കും പ്രോത്സാഹജനകമായ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, നാലിലൊന്നായി ചുരുങ്ങിയ നെല്‍വയലുകള്‍പോലും ഉല്‍പാദനക്ഷമമല്ലാതായിത്തീര്‍ന്ന സാഹചര്യം മാറ്റിയെടുക്കാന്‍ ഒരു പദ്ധതിയുമില്ല. ഉല്‍പാദന-വിളവെടുപ്പ് ചെലവുകള്‍ കുത്തനെ വര്‍ധിച്ചിരിക്കെ, വിലയിടിവ് രൂക്ഷമായ നാളികേരകൃഷിയും അനാദായകരമായിത്തീര്‍ന്ന പ്രതിസന്ധിക്കും പരിഹാര നിര്‍ദേശങ്ങള്‍ ബജറ്റിലില്ല.
സാമ്പത്തിക സര്‍വേയില്‍ വെളിപ്പെട്ട മറ്റൊരു വസ്തുത തൊഴിലില്ലായ്മയില്‍ കേരളം ഇന്ത്യയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നു എന്നതാണ്. എന്നാല്‍, ഗൗരവതരമായ തൊഴിലില്ലായ്മാപ്രശ്നം ഉടനടി പരിഹരിക്കാനുള്ള പോംവഴിയൊന്നും ധനമന്ത്രി നിര്‍ദേശിച്ചിട്ടില്ല. വ്യവസായവത്കരണത്തിന് കാര്യമായ പദ്ധതികളും ബജറ്റിലില്ല. എന്നാല്‍, തൊഴില്‍ പരിശീലിപ്പിക്കാനും തൊഴിലധിഷ്ഠിത കോഴ്സുകള്‍ ഫലപ്രദമാക്കാനും കുറച്ച് പണം നീക്കിവെച്ചിട്ടുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങളുടെ അനുസ്യൂതമായ വിലവര്‍ധനയും കാര്‍ഷികോല്‍പാദനത്തിന്‍െറ അനുക്രമമായ കമ്മിയും മറ്റും മൂലം രൂക്ഷമായിക്കൊണ്ടേ വരുന്ന വിലക്കയറ്റം ഫലപ്രദമായി നേരിടാനുള്ള പദ്ധതികളും ബജറ്റില്‍ കാണാനില്ല. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ 50 എണ്ണം കൂടി വര്‍ധിപ്പിക്കും, താലൂക്ക് ആസ്ഥാനങ്ങളില്‍ 20 രൂപക്ക് ഊണ് നല്‍കുന്ന ‘തൃപ്തി’ ഹോട്ടല്‍ ശൃംഖല സ്ഥാപിക്കും എന്നു തുടങ്ങിയ ചില ചൊട്ടുവിദ്യകള്‍കൊണ്ട് കടലില്‍ കായം കലക്കിയ പ്രയോജനമേ ഉണ്ടാകൂ. ഊര്‍ധ്വന്‍ വലിച്ചുകൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഓക്സിജന്‍ നല്‍കാന്‍ 100 കോടി നീക്കിവെച്ചിട്ടുണ്ടെങ്കിലും പ്രശ്നത്തിന്‍െറ വക്കുതൊടാന്‍ അത് പര്യാപ്തമല്ലെന്ന് വ്യക്തം. ദൂരക്കാഴ്ചയോടെ ഈ പൊതുമേഖലാ സ്ഥാപനത്തെ അഴിച്ചുപണിയാനുള്ള ദൃഢനിശ്ചയം സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കാത്തത് അത് സ്വാഭാവിക മരണമടഞ്ഞുകൊള്ളട്ടെ എന്ന് മനസ്സില്‍ കരുതിയതുകൊണ്ടാവുമോ?
ക്ഷേമപദ്ധതികളുടെ പ്രളയംതന്നെയുണ്ട് കെ.എം. മാണിയുടെ 11ാം ബജറ്റില്‍. മൂന്നു ലക്ഷത്തില്‍ താഴെ വരുമാനമുള്ള വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ്, പത്രപ്രവര്‍ത്തകര്‍ക്കുള്ള ഭവനവായ്പാ സബ്സിഡി ഒരു ലക്ഷം, അവരുടെ പെന്‍ഷന്‍ 7000 രൂപ, പത്രജീവനക്കാരുടെ പെന്‍ഷന്‍ 4000 രൂപ എന്നിവക്കു പുറമേ, എല്ലാ വിഭാഗം അവശര്‍ക്കും പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു, അനാഥശാലകളുടെ ഗ്രാന്‍റ് കൂട്ടി, നിര്‍ധനര്‍ക്ക് നാലു ലക്ഷം രൂപവരെ ഭവനവായ്പ തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങള്‍ ബജറ്റിനെ ജനപ്രിയമാക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായ റെയില്‍വേ, റോഡ് വികസനത്തിലും ബജറ്റ് ശ്രദ്ധയൂന്നിയിട്ടുണ്ട്. പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍ക്ക് മുന്തിയ പരിഗണന നല്‍കിയത് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയുടെ പ്രായോഗിക പരിഹാരം കണക്കിലെടുത്താണ്. 2013 ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ പെന്‍ഷന്‍ പ്രായം 60 ആക്കുന്നതിനുള്ള തീരുമാനം ബുദ്ധിപൂര്‍വകമായി എന്ന് സമ്മതിക്കണം. നിലവിലെ ജീവനക്കാര്‍ക്കത് ബാധകമാക്കാത്തത് യുവജന-വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം ഭയന്നാവണം. മലബാര്‍ മേഖലയോടുള്ള ചിരകാലാവഗണനക്ക് ഈ ബജറ്റും അപവാദമല്ലെന്നതു കൊണ്ട് സംസ്ഥാനത്തിന്‍െറ സമതുലിത വികസനം അപ്രാപ്യമായി തുടരുന്നു.
മദ്യാസക്തിക്കെതിരെ ബോധവത്കരിക്കാനും സര്‍ക്കാര്‍ ആശുപത്രികളോടനുബന്ധിച്ച് ഡിഅഡിക്ഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കാനും പതിവില്‍ കവിഞ്ഞ സംഖ്യ വകയിരുത്തിയെങ്കിലും മദ്യത്തില്‍നിന്നുള്ള വരുമാനം തന്നെയാണ് സര്‍ക്കാറിന്‍െറ മുഖ്യസ്രോതസ്സ് എന്നതുകൊണ്ട് കൂടുതല്‍ ഫലപ്രദമായ മദ്യവര്‍ജന-നിരോധ പരിപാടികള്‍ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ ഭയാനകമായി പെരുകാനും സ്ത്രീപീഡനം നിയന്ത്രണാതീതമാകാനുമുള്ള മൗലിക കാരണം അതിനാല്‍തന്നെ മാറ്റമില്ലാതെ അവശേഷിക്കും. ‘നമ്മുടെ ബന്ധു നമ്മള്‍ തന്നെയാണ്, നമ്മുടെ ശത്രുവും നമ്മള്‍ തന്നെ’യെന്ന ഗീതാശ്ളോകം ഉദ്ധരിച്ചാണ് ധനമന്ത്രി തന്‍െറ പതിവിലധികം നീണ്ട ബജറ്റ് പ്രസംഗം ഉപസംഹരിച്ചത്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ ബാധകമാണീ തത്ത്വോപദേശം എന്നോര്‍മയിലിരിക്കട്ടെ.

പ്രാര്‍ഥനയോടെ പുനരര്‍പ്പണം  
mmonline_logo
ലോകമെങ്ങുമുള്ള മലയാളികള്‍ ഒന്നേകാല്‍ നൂറ്റാണ്ടായി 'മലയാള മനോരമയില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിനും സ്നേഹത്തിനും മുന്നില്‍ കൃതജ്ഞതയോടെ നില്‍ക്കുകയാണു ഞാനിപ്പോള്‍ കാലത്തിന്റെ അനന്തയാത്രയില്‍ 125 വര്‍ഷങ്ങള്‍ ഒരു ചെറുബിന്ദു മാത്രമാണെങ്കിലും, ഒരു പത്രസ്ഥാപനത്തിന് ഈ അവസരം നല്‍കുന്ന അഭിമാനവും ആഹ്ളാദവും വളരെ വലുതാണ്. ഞങ്ങളുടെ വഴികളില്‍ എന്നും വിളക്കായി നില്‍ക്കുന്ന പൂര്‍വികരെ ആദരവോടെ ഒാര്‍മിക്കാനും മുന്നിലുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചു ഞങ്ങളെ ഒാര്‍മിപ്പിക്കാന്‍ എന്നും ഒപ്പമുള്ള വായനക്കാരോടു ഹൃദയം നിറഞ്ഞ നന്ദി പറയാനുമുള്ളതാണ് ഈ ജൂബിലി വേള. 


മലയാളത്തിലേക്കു പതിയെ ഇതളുകള്‍ വിടര്‍ന്ന്, ഒന്നേകാല്‍ നൂറ്റാണ്ടു പിന്നിടുന്ന എളിയ സ്വപ്നമാണു മനോരമ. തിരുവല്ലയില്‍നിന്നു വള്ളത്തില്‍ വേമ്പനാട്ടുകായല്‍ പിന്നിട്ടു കൊച്ചിയിലെത്തി പത്രപ്രവര്‍ത്തനം തുടങ്ങിവച്ച സാഹസിക പ്രതിഭാശാലി കണ്ടത്തില്‍ വറുഗീസ് മാപ്പിളയ്ക്കു പക്ഷേ, അതു വളരെ വലിയ സ്വപ്നമായിരുന്നു. 1888 മാര്‍ച്ച് 14-നാണ് വറുഗീസ് മാപ്പിള ഇന്ത്യയില്‍ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് പബ്ളിഷിങ് കമ്പനി കോട്ടയത്തു സ്ഥാപിക്കുന്നത്. ഇംഗണ്ടില്‍നിന്നു കൊണ്ടുവന്ന ചെറിയ ഹോപ്കിന്‍സന്‍ ആന്‍ഡ് കോപ് പ്രസിലാണു മനോരമയുടെ ആദ്യപ്രതി അച്ചടിച്ചത്. ഞങ്ങളുടെ പൂര്‍വികരുടെ സ്വപ്നത്തിന്റെയും സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും നിത്യപ്രതീകമായി ആ ഹാന്‍ഡ് പ്രസ് ഇന്നും മനോരമയിലുണ്ട്; വിനീതവും ലളിതവുമായ ആ തുടക്കവും പത്രത്തിന്റെ വലിയ ഉത്തരവാദിത്തവും ഞങ്ങളെ നിരന്തരം ഒാര്‍മിപ്പിക്കാന്‍.   

നൂറുനൂറു പ്രശ്നങ്ങളുടെ കഷ്ടപാതയിലൂടെ നടന്നെത്തി ഇരുപതാം നൂറ്റാണ്ടിനെ അതിജീവിക്കാനായതിനു ഞങ്ങള്‍ സര്‍വേശ്വരനു നന്ദി പറയുന്നു. ജനങ്ങള്‍ക്കു വേണ്ടിയും സനാതനമൂല്യങ്ങള്‍ക്കു വേണ്ടിയും നില്‍ക്കണമെന്നാണു മനോരമയുടെ അമരത്തിരുന്ന പൂര്‍വികര്‍ ഞങ്ങള്‍ക്കു പറഞ്ഞുതന്നത്. ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റായി എന്നും മനോരമയെ കാണണമെന്നും അവര്‍ പറഞ്ഞുതന്നു. ആ വിശ്വാസപ്രമാണം അതേപടി കാത്തു പരിപാലിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണു ലോകമെങ്ങുമുള്ള മലയാളികള്‍ തലമുറകളായി മനോരമയെ ഹൃദയത്തിലേറ്റുന്നതെന്നു ഞങ്ങള്‍ കരുതുന്നു. നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയതുകൊണ്ട് ഒന്‍പതുവര്‍ഷം നിശബ്ദമാക്കപ്പെട്ടു മനോരമ. അതുകൊണ്ടുതന്നെ, നമ്മുടെ രാജ്യം സ്വാതന്ത്യ്രം നേടിയ വലിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍പോലും അവസരം നിഷേധിക്കപ്പെട്ടു. എന്നിട്ടും, അച്ചടിയുടെ സ്വാതന്ത്യ്രത്തിലേക്കു മനോരമയ്ക്കു തിരിച്ചുവരവുണ്ടായത് ഈ നാടിന്റെയാകെ കൈത്താങ്ങു കൊണ്ടാണ്. ഇങ്ങനെയൊരു തിരിച്ചുവരവ് പത്രലോകത്തുതന്നെ ആദ്യമായിരുന്നു. ഒാരോ വിഷമഘട്ടത്തിലും ഒപ്പംനിന്നവരോടെല്ലാം തീരാത്ത നന്ദി പറയുമ്പോഴേ മനോരമയുടെ ഈ ജൂബിലിക്കു നിറവും മിഴിവുമുണ്ടാകൂ എന്നു ഞങ്ങള്‍ തിരിച്ചറിയുന്നു.
വിദേശത്തു രണ്ടു കേന്ദ്രങ്ങളുള്‍പ്പെടെ 18 സ്ഥലങ്ങളില്‍നിന്നു പ്രസിദ്ധീകരിക്കുന്ന മനോരമയുടെ ഇപ്പോഴത്തെ പ്രചാരം 21.29 ലക്ഷവും (ഒാഡിറ്റ് ബ്യൂറോ ഒാഫ് സര്‍ക്കുലേഷന്‍സ്) വായനക്കാര്‍ 97.52 ലക്ഷവും (ഇന്ത്യന്‍ റീഡര്‍ഷിപ് സര്‍വേ) ആണ്. അഞ്ഞൂറില്‍ താഴെ കോപ്പികളുമായി പത്രം ആരംഭിച്ച കണ്ടത്തില്‍ വറുഗീസ് മാപ്പിളയും തുടര്‍ന്നു പത്രാധിപന്മാരായ കെ.സി. മാമ്മന്‍ മാപ്പിളയും കെ.എം. ചെറിയാനും കെ.എം. മാത്യുവും പിന്തുടര്‍ന്ന മൂല്യവത്തായ പത്രധര്‍മത്തിന്റെ ഫലശ്രുതിയാണു മനോരമയില്‍ ഇന്നു കാണുന്നതെല്ലാം.

മാറുന്ന ലോകത്തിനും വായനാസമൂഹത്തിനും വേണ്ടി സ്വയം നവീകരിക്കുമ്പോഴും അതു മനോരമ മുറുകെപ്പിടിക്കുന്ന പരമ്പരാഗത മൂല്യങ്ങളെ മറന്നുകൊണ്ടാവരുത് എന്നു ഞങ്ങള്‍ സ്വയം ഒാര്‍മിപ്പിക്കുന്നു. മതനിരപേക്ഷതയിലും ജനാധിപത്യത്തിലുമൂന്നിയ മനോരമയുടെ അഭിജാത പത്രപ്രവര്‍ത്തനം എന്നും സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള പോരാട്ടം തന്നെയാവും. പുലയരുടെ വിദ്യാഭ്യാസത്തിനുവേണ്ടി മനോരമയുടെ ആദ്യ മുഖപ്രസംഗം എഴുതിയ കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ നിസ്വാര്‍ഥവും ഭയരഹിതവുമായ ആ പേന മഷിവറ്റാതെ ഞങ്ങളോടൊപ്പം എന്നുമുണ്ടാവുകയും ചെയ്യും. സാങ്കേതികവിദ്യ മാധ്യമരംഗത്തു വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുമ്പോഴും വിശ്വാസ്യതയും മികവും തന്നെയാണ് എല്ലാറ്റിനും മുഖമുദ്രയാവേണ്ടതെന്നു ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. 

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സാന്നിധ്യത്തില്‍ ഇന്നു ശതോത്തര രജത ജൂബിലിക്കു തുടക്കംകുറിക്കുമ്പോള്‍ പുനരര്‍പ്പണത്തിന്റെ പ്രതിജ്ഞയാണു ഞങ്ങളുടെ ഒാരോരുത്തരുടെയും മനസ്സില്‍. പത്രസുഹൃത്തുക്കളോടുള്ള ഹൃദയൈക്യവും സമൂഹത്തോടുള്ള വലിയ ഉത്തരവാദിത്തവും കൊണ്ടെഴുതിയ ആ പ്രതിജ്ഞ പ്രിയ മലയാളത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു. പിന്നിടുന്ന 125 വര്‍ഷങ്ങളുടെ അനുഭവങ്ങള്‍ നല്‍കുന്ന പാഠങ്ങളുടെ മുന്നില്‍ വിനയാന്വിതനായി നിന്ന്, മലയാള മനോരമയുടെ ഇനിയുള്ള ഒാരോ കാല്‍വയ്പിലും അനുഗ്രഹങ്ങള്‍ ചൊരിയണമേ എന്നു ജഗദീശ്വരനോടു പ്രാര്‍ഥിച്ചുകൊണ്ട്,
മാമ്മന്‍ മാത്യു, ചീഫ് എഡിറ്റര്‍ മലയാള മനോരമ 16-03-13

നാളേക്കുള്ള നിക്ഷേപം   

Newspaper Edition
രൂക്ഷമായ വരള്‍ച്ചയുടെയും സാമ്പത്തിക മാന്ദ്യത്തിന്റെയും നടുവില്‍ നിന്നുകൊണ്ട് എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ബജറ്റ് അവതരിപ്പിക്കുക ഒരു ധനമന്ത്രിക്ക് എളുപ്പമല്ല. അതിനാല്‍ തന്നെ തന്റെ പതിനൊന്നാമത്തെ ബജറ്റ് അവതരിപ്പിക്കുന്ന കെ.എം.മാണിക്കു മേല്‍ മുമ്പെങ്ങുമുണ്ടാവാത്തവിധം സമ്മര്‍ദങ്ങളുണ്ടായിരുന്നു. 'വികസനവും കരുതലു'മെന്ന സമീപനത്തിലൂന്നിനിന്നുകൊണ്ട് സംസ്ഥാനത്തിന്റെ സമഗ്രവളര്‍ച്ച ലക്ഷ്യമിടുന്ന ബജറ്റാണ് വെള്ളിയാഴ്ച അദ്ദേഹം അവതരിപ്പിച്ചതെന്ന് നിഷ്പക്ഷമതികള്‍ സമ്മതിക്കും. 2014 പൊതുതിരഞ്ഞെടുപ്പിന്റെ വര്‍ഷമായതുകൊണ്ട് വികസനയാത്രയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നയം സ്വീകരിക്കാന്‍ ധനമന്ത്രി പ്രത്യേകം ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും കാണാം.

വരുന്ന ഏപ്രില്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തുമെന്ന സുപ്രധാനമായ ബജറ്റ് പ്രഖ്യാപനത്തിന് സമ്മിശ്ര പ്രതികരണമാണ് കിട്ടിവരുന്നത്. യുവജന സംഘടനകളുടെ കടുത്ത പ്രതിഷേധം കണക്കിലെടുത്താണ് നിലവില്‍ സര്‍വീസിലുള്ളവരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്താത്തതെന്ന് ന്യായമായും ഊഹിക്കാം. വരും ദിവസങ്ങളില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ വലിയ വിവാദമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമങ്ങളുണ്ടാകുമ്പോള്‍ ബജറ്റിലെ കാതലായ മറ്റ് നിര്‍ദേശങ്ങള്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് ആശാസ്യമല്ല.

പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ ജനങ്ങളെ, പ്രത്യേകിച്ചും യുവാക്കളെ പ്രാപ്തരാക്കാനുതകുന്ന ഒട്ടേറെ പദ്ധതികള്‍ കെ.എം. മാണിയുടെ ബജറ്റിലുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുക, സുസ്ഥിരവികസനം ഉറപ്പാക്കുക, ജനജീവിതത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുക തുടങ്ങിയ സാമ്പ്രദായിക സമീപനങ്ങള്‍ കൈവിടാതെ തന്നെ ആധുനീകരണത്തിന് ഊന്നല്‍ നല്‍കുന്ന ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ചിതറിക്കിടപ്പുണ്ട്. നമ്മുടെ യുവജനങ്ങളുടെ കര്‍മശേഷിയെ പരിപോഷിപ്പിക്കാനും അവരെ സാങ്കേതിക മികവുള്ളവരാക്കാനും ധനമന്ത്രി ശ്രദ്ധവെച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷം കൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാന്‍ പര്യാപ്തമായ സുസ്ഥിര തൊഴില്‍ വികസന പദ്ധതിയനുസരിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്ലേസ്‌മെന്റ് സെല്ലുകളും തൊഴിലന്വേഷകരുടെ മത്സരക്ഷമത വര്‍ധിപ്പിക്കുന്ന കരിയര്‍ ഡെവലപ്‌മെന്റ് മിഷനും ചെറുകിട വ്യവസായ സംരംഭങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിന് പ്രോത്സാഹനമായി തൊഴിലൊന്നിന് പതിനായിരം രൂപവെച്ച് സ്റ്റാര്‍ട്ട് അപ് സബ്‌സിഡികള്‍, ഗവേഷണത്തിനും കണ്ടുപിടിത്തങ്ങള്‍ക്കും പ്രഖ്യാപിച്ചിട്ടുള്ള പ്രോത്സാഹനവുമൊക്കെ നമ്മുടെ യുവശേഷിയെ പ്രചോദിപ്പിക്കുമെന്നതില്‍ സംശയമില്ല.

സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ മെച്ചപ്പെട്ട വര്‍ധന പ്രഖ്യാപിച്ച ധനമന്ത്രി സ്ത്രീരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കിയിരിക്കുന്നു. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി മംഗല്യനിധിയും മൂന്നുലക്ഷംവരെ വാര്‍ഷികവരുമാനമുള്ള വിധവകളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് ഫീസിളവും നല്‍കും. സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കാനും വിദ്യാഭ്യാസ വായ്പാ പലിശയിളവ് ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ക്കും അനുവദിക്കാനുമുള്ള നിര്‍ദേശങ്ങളും സ്വാഗതാര്‍ഹമാണ്.

ആരോഗ്യസുരക്ഷാ പദ്ധതിയുടെ ആനുകൂല്യം മൂന്നുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കുകൂടി നല്‍കാനുള്ള നിര്‍ദേശവും ഇടത്തരക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ്. സംസ്ഥാനത്തെ നിര്‍മാണമേഖലയിലും കാര്‍ഷിക- വ്യാവസായിക മേഖലകളിലും വര്‍ധിച്ചുവരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം പരിഗണിച്ച് അവര്‍ക്കായി നൈറ്റ് ഷെല്‍ട്ടര്‍ പദ്ധതിയും ചികിത്സാ സൗകര്യവും ഉറപ്പാക്കുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമാണ്.

സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിലും ചെലവിലും 20 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടെങ്കിലും വ്യവസായ രംഗത്തെ നിക്ഷേപം 14 ശതമാനത്തില്‍ താഴെയാണെന്നത് അവഗണിക്കാനാവില്ല. തൊഴില്‍ സംരംഭകത്വ വികസനം കൊണ്ട് മാത്രം ഈ മേഖലയില്‍ എത്രത്തോളം മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നതും ചിന്തിക്കേണ്ട വിഷയമാണ്. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയോ, അഭാവമോ ആണ് വ്യവസായ നിക്ഷേപകരെ കേരളത്തില്‍ നിന്ന് അകറ്റുന്നത്. ഗതാഗതം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥ നീക്കാന്‍ പുതിയ ബജറ്റിലും വേണ്ടത്ര ഊന്നല്‍ കിട്ടാതെ പോയത് വിമര്‍ശിക്കപ്പെടുന്നത് അതുകൊണ്ടാണ്.

കൊച്ചി മെട്രോ, ഹൈസ്​പീഡ് റെയില്‍ കോറിഡോര്‍, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, തിരുവനന്തപുരം- കോഴിക്കോട് മോണോറെയില്‍, മൊബിലിറ്റി ഹബ്ബുകള്‍ തുടങ്ങിയവയ്ക്കായി 846 കോടിയാണ് ബജറ്റ് വിഹിതം. വൈദ്യുതി പ്രസരണശൃംഖല മെച്ചപ്പെടുത്താനും മറ്റുമായി 50 കോടി രൂപ മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. നമ്മുടെ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായ കെ.എസ്.ആര്‍.ടി.സി. വന്‍പ്രതിസന്ധിയിലായിട്ടും പ്രതീക്ഷിച്ച ബജറ്റ് പിന്തുണ കിട്ടാതെ പോയി.

1400 കോടി രൂപയുടെ സൗജന്യങ്ങളും ഇളവുകളും പ്രഖ്യാപിച്ച ധനമന്ത്രിക്ക് പുതിയ നികുതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ഒട്ടേറെ പരിമിതികളുണ്ടായിരുന്നു. മദ്യത്തിന്റെയും സിഗരറ്റിന്റെയും ആഡംബര വസ്തുക്കളുടെയും നികുതി കൂട്ടിയതിനെ പൊതുസമൂഹം എതിര്‍ക്കില്ലെങ്കിലും എല്ലാ വസ്തുക്കളുടെയും വാറ്റ് നിരക്ക്, ഒരു ശതമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം വിലക്കയറ്റത്തിന് കാരണമാകും. രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സിവില്‍ സപ്ലൈസിന് 100 കോടി നീക്കിവച്ചത് തീരെ അപര്യാപ്തമാണ്.
കെ.എം.മാണിയുടെ ബജറ്റിനെ പരിസ്ഥിതി സൗഹൃദം എന്ന് വിളിക്കാമെന്ന് തോന്നുന്നു. പ്ലാസ്റ്റിക്ക് സംസ്‌കരണത്തിനും ഉറവിട മാലിന്യസംസ്‌കരണത്തിനും സൈക്കിള്‍-കാല്‍നട പ്രോത്സാഹനത്തിനും പ്രകൃതിവാതക ശ്മശാനങ്ങള്‍ക്കും സൗരോര്‍ജ പദ്ധതികള്‍ക്കും നല്‍കുന്ന പ്രോത്സാഹനം തീര്‍ച്ചയായും കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടാനുള്ള ഉറച്ച കാല്‍വെപ്പാണ്.

പദ്ധതി നിര്‍ദേശങ്ങളില്ലാത്തതോ വിഭവദാരിദ്ര്യമോ അല്ല, പദ്ധതി നിര്‍വഹണത്തിലെ മെല്ലെപ്പോക്കും അഴിമതിയുമൊക്കെയാണ് വികസനമുരടിപ്പിന് കാരണമെന്നത് സര്‍ക്കാര്‍ ഒടുവില്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാല്‍ പദ്ധതി നിര്‍വഹണ കാര്യക്ഷമതയും വേഗവും വര്‍ധിപ്പിക്കാനുദ്ദേശിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രൂപം കൊടുക്കുന്ന മോണിറ്ററിങ് കമ്മിറ്റിയെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.


No comments:

Post a Comment