മുഖപ്രസംഗം March 30 - 2013
1. സൗദിയിലെ തൊഴില്‍പ്രശ്നം: വേണ്ടത് ക്രിയാത്മക നീക്കം (മാധ്യമം)
ഗള്‍ഫ്പ്രവാസം അരനൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ സൗദി അറേബ്യയില്‍ പുതിയൊരു തൊഴില്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന റിപ്പോര്‍ട്ട് നാടിന്‍െറ ഉറക്കം കെടുത്തുന്നത് സ്വാഭാവികം. അനധികൃത തൊഴില്‍ സമ്പ്രദായത്തിന് അറുതിവരുത്താനും വിദേശികള്‍ സ്വന്തമാക്കിവെച്ച മേഖലയിലേക്ക് കൂടി സ്വദേശികളെ ആകര്‍ഷിക്കാനും കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ സ്വാഭാവികമായും ഇന്ത്യക്കാരടക്കമുള്ളവര്‍ക്കാണ് വിനയായിരിക്കുന്നത്. 2011 നവംബറില്‍ നടപ്പാക്കിത്തുടങ്ങിയ ‘നിതാഖാത്’ എന്ന തൊഴില്‍ പദ്ധതി കര്‍ക്കശമായി നടപ്പാക്കാനുള്ള നീക്കമാണ് ആശങ്ക പരത്തുന്നത്.
സൗദിയിലെ തൊഴില്‍പ്രശ്നം: വേണ്ടത് ക്രിയാത്മക നീക്കം
ഗള്‍ഫ്പ്രവാസം അരനൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ സൗദി അറേബ്യയില്‍ പുതിയൊരു തൊഴില്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന റിപ്പോര്‍ട്ട് നാടിന്‍െറ ഉറക്കം കെടുത്തുന്നത് സ്വാഭാവികം. അനധികൃത തൊഴില്‍ സമ്പ്രദായത്തിന് അറുതിവരുത്താനും വിദേശികള്‍ സ്വന്തമാക്കിവെച്ച മേഖലയിലേക്ക് കൂടി സ്വദേശികളെ ആകര്‍ഷിക്കാനും കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ സ്വാഭാവികമായും ഇന്ത്യക്കാരടക്കമുള്ളവര്‍ക്കാണ് വിനയായിരിക്കുന്നത്. 2011 നവംബറില്‍ നടപ്പാക്കിത്തുടങ്ങിയ ‘നിതാഖാത്’ എന്ന തൊഴില്‍ പദ്ധതി കര്‍ക്കശമായി നടപ്പാക്കാനുള്ള നീക്കമാണ് ആശങ്ക പരത്തുന്നത്. സ്വദേശിവത്കരണം ഊര്‍ജിതപ്പെടുത്താനും അനഭിലഷണീയ തൊഴില്‍ പ്രവണതകള്‍ വിപാടനം ചെയ്യാനും കൊണ്ടുവന്ന ‘നിതാഖാത്’ വ്യവസ്ഥകള്‍ ഫലത്തില്‍ പ്രവാസികളുടെ കഴുത്തിനാണ് പിടിക്കുന്നത്. തൊഴില്‍മേഖല വ്യവസ്ഥാപിതമാക്കാനുള്ള സൗദി അധികൃതരുടെ നീക്കങ്ങള്‍ സ്വദേശികളുടെ പേരില്‍ ചെറുകിട ബിസിനസുകള്‍ നടത്തിപ്പോരുന്ന വിദേശികളെയും ‘ഫ്രീവിസ’യുടെ പ്രലോഭനത്തില്‍പ്പെട്ട് ജീവസന്ധാരണത്തിനിറങ്ങിയ സാധാരണക്കാരെയും വിഷമവൃത്തത്തിലാക്കിയിരിക്കയാണ്. രണ്ടരലക്ഷം ചെറുകിട ബിസിനസ് സംരംഭങ്ങളെ ലക്ഷ്യമിട്ട് തൊഴില്‍-ആഭ്യന്തര മന്ത്രാലയങ്ങള്‍ തുടങ്ങിവെച്ച പരിശോധനകളും റെയ്ഡും നിര്‍ബാധം തുടരുകയാണെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമാവാനാണ് സാധ്യത. മലയാളികളില്‍ വലിയൊരു വിഭാഗം തൊഴിലിലേര്‍പ്പെട്ട ബക്കാലകളും (പലവ്യഞ്ജന കട) ബൂഫിയകളും (സ്നാക് ഷോപ്പ്), സൂപ്പര്‍മാര്‍ക്കറ്റുകളും മേലില്‍ സൗദി പൗരന്മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കണമെന്നും ‘ബിനാമി’ ഇടപാട് ഇനി അനുവദിക്കില്ലെന്നുമുള്ള അധികൃതരുടെ ഉറച്ച നിലപാട് വലിയൊരു വിഭാഗം മലയാളികളുടെ ജോലിയും സമ്പാദ്യവും നഷ്ടപ്പെടാന്‍ വഴിവെച്ചേക്കാം. ചെറുകിട മേഖലയില്‍നിന്ന് മാത്രം പ്രതിവര്‍ഷം 140 ബില്യന്‍ സൗദി റിയാല്‍ പുറംരാജ്യങ്ങളിലേക്ക് ഒഴുകുന്നുണ്ടെന്നും അതിനു തടയിടാന്‍ തൊഴില്‍നിയമം കര്‍ക്കശമാക്കുകയേ നിര്‍വാഹമുള്ളൂവെന്നും മന്ത്രാലയ വക്താവ് കഴിഞ്ഞദിവസം വെളിപ്പെടുത്തുകയുണ്ടായി.
ഇതിനുമുമ്പ് ഗള്‍ഫ് യുദ്ധകാലത്താണ് കേരളത്തിലെ പതിനായിരക്കണക്കിന് കുടുംബങ്ങളില്‍നിന്ന് അസ്വാസ്ഥ്യത്തിന്‍െറ നെടുവീര്‍പ്പുകള്‍ ഇതുപോലെ ഉയര്‍ന്നത്. സദ്ദാം ഹുസൈന്‍ കുവൈത്ത് ആക്രമിക്കുകയും ഒന്നാം ഗള്‍ഫ് യുദ്ധം മേഖലയെ സ്ഫോടനാത്മകമാക്കുകയും ചെയ്ത ഘട്ടത്തില്‍ പ്രവാസികളില്‍ വലിയൊരു വിഭാഗത്തിന് നാട്ടിലേക്ക് വിമാനം കയറേണ്ടിവന്നു. ആ കൂട്ട മടക്കയാത്ര സംസ്ഥാനത്തിന്‍െറ സമ്പദ്മേഖലയിലും സാമൂഹിക പരിസരങ്ങളിലും സൃഷ്ടിച്ച ആഘാതം ഇന്നും ആരും മറന്നിട്ടില്ല. വിദേശ പണത്തിന്‍െറ ഒഴുക്ക് കുറയുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും ചെയ്തതോടെ കേരളം മൊത്തത്തില്‍ അഭൂതപൂര്‍വമായ മാന്ദ്യത്തിലേക്ക് അന്ന് വഴുതിവീഴുകയുണ്ടായി. സൗദി സര്‍ക്കാര്‍ , നിതാഖാത് പരിഷ്കാരം ഇക്കാണുന്ന ആവേശത്തോടെ നടപ്പാക്കുകയും തൊഴില്‍ നഷ്ടപ്പെടുന്ന വിദേശികളെ നാടുകടത്തുകയും ചെയ്യുന്ന അവസ്ഥ സംജാതമാവുകയാണെങ്കില്‍ മറ്റൊരു കൂട്ടപലായനത്തിന്‍െറ സംഭ്രാന്തി കാണേണ്ടി വന്നേക്കാം. മരുക്കാട്ടില്‍ ജീവിതം ഹോമിച്ച്, കഴിഞ്ഞ അരനൂറ്റാണ്ടായി, കുറേ പച്ച മനുഷ്യര്‍ നാടിന്‍െറ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുകയായിരുന്നുവല്ലോ. 30 ലക്ഷത്തിലേറെ വരുന്ന ഗള്‍ഫ് മലയാളികള്‍ പ്രതിവര്‍ഷം 5500 കോടി രൂപയാണ് കേരളത്തിലേക്ക് ഒഴുക്കുന്നതെന്നാണ് ഒരു പഠനം പറയുന്നത്. കേരളത്തിന്‍െറ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 31 ശതമാനം വരുമത്രേ ഇത്. ഗള്‍ഫില്‍നിന്നുള്ള പണത്തിന്‍െറ ഒഴുക്കില്‍ സംഭവിക്കുന്ന ചെറിയ വ്യതിയാനം പോലും നമ്മുടെ സമ്പദ്ഘടനയെയും സാമൂഹിക-സേവന തുറകളെയും പ്രതികൂലമായി ബാധിക്കുമെന്നതാണ് സത്യം.
സൗദിയിലെ പുതിയ പ്രതിസന്ധി എത്ര ഇന്ത്യക്കാരെ ബാധിക്കുമെന്നോ പ്രവാസികള്‍ അത് എപ്രകാരമാവും തരണം ചെയ്യാന്‍ പോകുന്നതെന്നോ ആര്‍ക്കും വ്യക്തമായ ധാരണയില്ല. മറുനാടന്‍ തൊഴിലാളികളില്‍ വലിയൊരു വിഭാഗത്തെ പറഞ്ഞയച്ചാല്‍ തകരുന്നത് സൗദി സമ്പദ് വ്യവസ്ഥ തന്നെയായിരിക്കും. ആഭ്യന്തര തൊഴില്‍ മേഖലയാവട്ടെ ഇതുവരെ പക്വതയാര്‍ജിച്ചിട്ടുമില്ല. നിയമം കര്‍ശനമാക്കുന്നത് വിദേശികളെ തുരത്താനല്ല; മറിച്ച് തൊഴില്‍മേഖല വ്യവസ്ഥാപിതമാക്കാനാണ്. നിയമവിരുദ്ധമായി ജോലിയിലേര്‍പ്പെടുന്നവരേ ഭയപ്പെടേണ്ടതുള്ളൂ. മാത്രമല്ല, ഇത് ഇന്ത്യക്കാരെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. 120ലേറെ രാജ്യങ്ങളില്‍നിന്നുള്ള 85 ലക്ഷത്തോളം തൊഴിലാളികള്‍ സൗദിയില്‍ ജോലി ചെയ്തുവരുന്നുണ്ടെന്നാണ് കണക്ക്. സൗദിയുടെ നിര്‍മാണ-വികസന മേഖലയില്‍ വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിക്കുന്ന ഏറ്റവും വലിയ തൊഴില്‍ സേനയാണ് ഇന്ത്യയുടേത്. ആ നിലയില്‍, പുതിയ തൊഴില്‍പ്രതിസന്ധിയെ അതീവ ഗൗരവത്തോടെ അഭിമുഖീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് ബാധ്യതയുണ്ട്. ഒരു രാജ്യം അവരുടെ പൗരന്മാരുടെ ഭാവി മുന്‍നിര്‍ത്തി, തൊഴില്‍മേഖല ചിട്ടപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ അതിനെതിരെ നീങ്ങാന്‍ നമുക്ക് അവകാശമില്ല. അതേസമയം, നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്ക് ജോലിയും സമ്പാദ്യങ്ങളും നഷ്ടപ്പെടുന്ന വിഷമസന്ധിയില്‍ അവരെ രക്ഷപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്താനും. അതല്ലാതെ, കടലിനക്കരെ എല്ലാം ഭദ്രമാണെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഇവിടെയിരുന്ന് വാചാടോപം നടത്തിയത് കൊണ്ടായില്ല. ഉദ്യോഗതലത്തില്‍ പരിഹരിക്കപ്പെടാവുന്ന പ്രതിസന്ധിയല്ല ഇത്. സമര്‍ഥമായ ചില ചുവടുവെപ്പുകളാണ് ഇപ്പോള്‍ അനിവാര്യമായി വന്നിരിക്കുന്നത്. അവിടത്തെ സ്ഥിതിഗതികള്‍ വസ്തുനിഷ്ഠമായി പഠിക്കുകയാണ് ആദ്യം വേണ്ടത്. മന്ത്രിതല സംഘം ഇതിനായി ആ രാജ്യം സന്ദര്‍ശിക്കുന്നതിനെ കുറിച്ച് ആലോചിക്കട്ടെ. സൗദി ഭരണാധികാരികളുടെ മുന്നില്‍ ഇന്ത്യക്കാരുടെ പ്രയാസങ്ങള്‍ യഥാവിധി അവതരിപ്പിക്കാന്‍ അവസരമുണ്ടായാല്‍ അതുകേള്‍ക്കാന്‍ അവര്‍ വിശാലമനസ്കത കാട്ടാതിരിക്കില്ല. സൗദിയിലേക്ക് ഇന്ത്യക്കാര്‍ ഒഴുകാന്‍ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ടായിട്ടും നമുക്ക് ഇതുവരെ ഒരു തൊഴില്‍ കരാര്‍ ഒപ്പുവെക്കാന്‍ കഴിയാത്തതിന്‍െറ പ്രയാസങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളിലാണ് അനുഭവഗോചരമാവുക.
No comments:
Post a Comment