Saturday, March 30, 2013

മുഖപ്രസംഗം March 28 - 2013

മുഖപ്രസംഗം March 28 - 2013


1. കൂടുതല്‍ സങ്കീര്‍ണമാകുന്ന പാകിസ്താന്‍ രാഷ്ട്രീയം (മാധ്യമം)
രാജ്യം നിലവില്‍വന്നശേഷം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇതാദ്യമായി അഞ്ചുവര്‍ഷം തികച്ചെങ്കിലും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പോടെ രാഷ്ട്രീയാന്തരീക്ഷത്തിന് കൂടുതല്‍ തെളിമ കൈവരുമെന്ന് കരുതാവുന്ന തരത്തിലല്ല, പാകിസ്താനില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. പാക് രാഷ്ട്രീയത്തെ ഇതുവരെ കലുഷിതമാക്കിയ ഘടകങ്ങളില്‍നിന്ന് പൂര്‍ണമായി മുക്തമായില്ല എന്നു മാത്രമല്ല, കാറ്റുംകോളും നിറഞ്ഞതായിരിക്കും വരാനിരിക്കുന്ന ദിനങ്ങളെന്ന് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്, പുതിയ സംഭവവികാസങ്ങള്‍. മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുശര്‍റഫിന്‍െറ പ്രവാസം അവസാനിപ്പിച്ചുള്ള തിരിച്ചുവരവ് വാര്‍ത്താപ്രാധാന്യം നേടിയത് അദ്ദേഹത്തിന്‍െറ ആഗമനത്തോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ വാശിയേറിയതാവും എന്ന കണക്കുകൂട്ടലിന്‍െറ അടിസ്ഥാനത്തിലാവാന്‍ തരമില്ല.



കൂടുതല്‍ സങ്കീര്‍ണമാകുന്ന പാകിസ്താന്‍ രാഷ്ട്രീയം  
കൂടുതല്‍ സങ്കീര്‍ണമാകുന്ന പാകിസ്താന്‍ രാഷ്ട്രീയം
രാജ്യം നിലവില്‍വന്നശേഷം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇതാദ്യമായി അഞ്ചുവര്‍ഷം തികച്ചെങ്കിലും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പോടെ രാഷ്ട്രീയാന്തരീക്ഷത്തിന് കൂടുതല്‍ തെളിമ കൈവരുമെന്ന് കരുതാവുന്ന തരത്തിലല്ല, പാകിസ്താനില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. പാക് രാഷ്ട്രീയത്തെ ഇതുവരെ കലുഷിതമാക്കിയ ഘടകങ്ങളില്‍നിന്ന് പൂര്‍ണമായി മുക്തമായില്ല എന്നു മാത്രമല്ല, കാറ്റുംകോളും നിറഞ്ഞതായിരിക്കും വരാനിരിക്കുന്ന ദിനങ്ങളെന്ന് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്, പുതിയ സംഭവവികാസങ്ങള്‍. മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുശര്‍റഫിന്‍െറ പ്രവാസം അവസാനിപ്പിച്ചുള്ള തിരിച്ചുവരവ് വാര്‍ത്താപ്രാധാന്യം നേടിയത് അദ്ദേഹത്തിന്‍െറ ആഗമനത്തോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ വാശിയേറിയതാവും എന്ന കണക്കുകൂട്ടലിന്‍െറ അടിസ്ഥാനത്തിലാവാന്‍ തരമില്ല. അന്നാട്ടിലെ ജനങ്ങളുടെ നാഡിമിടിപ്പ് മനസ്സിലാക്കിയവരാരും മുന്‍ സൈനിക മേധാവിയുടെ സാന്നിധ്യം പാകിസ്താന്‍െറ ഭാവി പുതിയ ദിശയിലേക്ക് തിരിച്ചുവിടാന്‍ പര്യാപ്തമാവുമെന്ന് കരുതുന്നുണ്ടാവില്ല. ജനപിന്തുണ അശേഷം ബാക്കിവെച്ചല്ല ഒരു ദശകത്തോളം ഭരണം കൈയാളിയ ശേഷം അദ്ദേഹം നാലു വര്‍ഷം മുമ്പ് നാടുവിട്ടത്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുടെ വധക്കേസിലടക്കം നിരവധി അറസ്റ്റ് വാറന്‍റ് അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. താലിബാനടക്കമുള്ള തീവ്രവാദി വിഭാഗങ്ങള്‍ ഭീഷണിയുമായി രംഗത്തുണ്ട്. ഇത് തന്‍െറ രാജ്യമാണെന്നും അതിനെ രക്ഷിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞാണ് മുന്‍ പട്ടാളമേധാവി മടങ്ങിയെത്തിയിരിക്കുന്നത്. എന്നാല്‍, ലോക മീഡിയ കൊട്ടിഘോഷിച്ച ഈ മടക്കയാത്രയോട് പാക് ജനത കടുത്ത നിസ്സംഗതയാണ് കാട്ടിയതെന്നും കറാച്ചി വിമാനത്താവളത്തില്‍ മുശര്‍റഫിനെ സ്വീകരിക്കാന്‍ ആയിരത്തോളം പാര്‍ട്ടി അണികള്‍ മാത്രമാണുണ്ടായിരുന്നതെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം തട്ടിക്കൂട്ടിയ ഓള്‍ പാകിസ്താന്‍ മുസ്ലിം ലീഗിന് പാക് രാഷ്ട്രീയത്തില്‍ ജനകീയാടിത്തറ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് നിഷ്പക്ഷമതികള്‍ വിലയിരുത്തുന്നത്.
ഒരു പതിറ്റാണ്ടുകാലം പര്‍വേസ് മുശര്‍റഫിന്‍െറ പിന്നില്‍നിന്ന് ചരടുവലിച്ച അമേരിക്കയടക്കമുള്ള ബാഹ്യശക്തികള്‍ രചിച്ച തിരക്കഥ അനുസരിച്ചാണോ രാജ്യരക്ഷക വേഷത്തിലുള്ള ഇപ്പോഴത്തെ പുറപ്പാടെന്ന് സംശയിക്കുന്നവരുണ്ട്. ബാഹ്യശക്തികള്‍ ഇറങ്ങിക്കളിക്കുന്ന കാലമാണ് തെരഞ്ഞെടുപ്പ് സീസണ്‍. മുന്‍ പ്രസിഡന്‍റ് സിയാഉല്‍ ഹഖും മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുമൊക്കെ കൊല്ലപ്പെട്ടത് തെരഞ്ഞെടുപ്പിന്‍െറ പടിവാതില്‍ക്കല്‍ വെച്ചാണ്. എന്തും സംഭവിക്കാന്‍മാത്രം വംശീയവും വിഭാഗീയവുമായ ചേരിതിരിവും അരാജകത്വവും കൊടികുത്തി വാഴുകയാണ് ആ രാജ്യത്തിപ്പോള്‍. ആത്യന്തിക ശക്തികള്‍ സര്‍വസന്നാഹങ്ങളുമായി കൂട്ടക്കൊലയും ചാവേറാക്രമണങ്ങളും ഒരു ഭാഗത്തൂടെ നടത്തുമ്പോള്‍ മറുഭാഗത്ത് യു.എസ് സൈന്യം തൊടുത്തുവിടുന്ന ആളില്ലാ വിമാനങ്ങള്‍ സിവിലിയന്മാരുടെ പോലും ജീവനെടുത്തുകൊണ്ടിരിക്കുന്നു. അമേരിക്കക്കും നാറ്റോ സൈനിക സഖ്യത്തിനും ഇമ്മട്ടില്‍ രാജ്യത്ത് ഇറങ്ങിക്കളിക്കാന്‍ പരവതാനി വിരിച്ചുകൊടുത്തത് സാക്ഷാല്‍ മുശര്‍റഫായിരുന്നു. ജോര്‍ജ് ഡബ്ള്യു. ബുഷിന്‍െറ നേതൃത്വത്തില്‍ ഭീകരവിരുദ്ധ യുദ്ധം എന്ന പേരില്‍ അഫ്ഗാനിസ്താനിലും ഇറാഖിലും മറ്റും മനുഷ്യവേട്ടക്കിറങ്ങിയപ്പോള്‍ അതിന് സര്‍വ പിന്തുണയും പ്രഖ്യാപിച്ചയാളായിരുന്നു മുശര്‍റഫ്. തങ്ങളുടെ അജണ്ടയോട് ഈ പട്ടാളമേധാവി പ്രദര്‍ശിപ്പിച്ച ആവേശം തങ്ങളെ അതിശയിപ്പിച്ചിട്ടുണ്ടെന്ന് അന്നത്തെ യു.എസ് വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് ആത്മകഥയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പി.പി.പി ഭരണം രാജ്യത്തിന് പുതിയൊരു ദിശാബോധം നല്‍കുകയോ തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടുത്തുകയോ ചെയ്തിട്ടില്ലെങ്കിലും ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് ജീവന്‍വെച്ചിട്ടുണ്ട് എന്ന യാഥാര്‍ഥ്യം അംഗീകരിച്ചേ പറ്റൂ. സൈന്യത്തിന് ഭരണഘടന അട്ടിമറിക്കാനുള്ള പഴുത് ഇല്ലാതാക്കിയതും പ്രസിഡന്‍റിന്‍െറ അധികാരങ്ങള്‍ക്ക് കടിഞ്ഞാണിട്ടതും പ്രധാനമന്ത്രിയുടെ എക്സിക്യൂട്ടിവ് പരമാധികാരം പുന$സ്ഥാപിച്ചതും എടുത്തുപറയേണ്ട നേട്ടം തന്നെ. പ്രവിശ്യാ ഭരണകൂടങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയതിലൂടെ വംശീയവും പ്രാദേശികവുമായ അസംതൃപ്തി താരതമ്യേന കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതേസമയം, സാമ്പത്തിക മേഖലയില്‍ പുതിയ ഉണര്‍വോ വിദേശനയത്തില്‍ ആരോഗ്യകരമായ മാറ്റങ്ങളോ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. ആര്‍ക്കും ഇറങ്ങിക്കളിക്കാന്‍ പറ്റിയ ഗോദയാണ് പാക് രാഷ്ട്രീയം എന്ന കണക്കുകൂട്ടല്‍ തന്നെയാവണം മുശര്‍റഫിനെപോലുള്ളവര്‍ക്ക് ഭാഗ്യപരീക്ഷണത്തിനിറങ്ങാന്‍ ധൈര്യം പകരുന്നത്. ഏറ്റവുമൊടുവിലായി, പി.പി.പി പ്രസിഡന്‍റും ബേനസീറിന്‍െറ പുത്രനുമായ ബിലാവല്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുനിന്ന് ലണ്ടനിലേക്ക് ഒളിച്ചോടി എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പിതാവുമായുള്ള അഭിപ്രായഭിന്നതയാണ് കാരണമെന്ന് അഭ്യൂഹമുണ്ട്. സുരക്ഷാകാരണങ്ങളാലാണ് മാറിനില്‍ക്കുന്നതെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്. മാതാവിന്‍െറ ജീവിതദുരന്തം ആ യുവാവിന് ചില തിരിച്ചറിവുകള്‍ നല്‍കുന്നുണ്ടാവണം. സാമൂഹികമായ പുതുക്കിപ്പണിയലിനോ രാഷ്ട്രീയമായ പുനര്‍വിചിന്തനത്തിനോ ഒരിക്കലും സന്നദ്ധമാവാതെ തെരഞ്ഞെടുപ്പുകള്‍ നടത്തിയതുകൊണ്ട് മാത്രം ‘ഖാഇദെ അഅ്സം’ സ്വപ്നംകണ്ട ‘പുണ്യഭൂമി’ പണിയാന്‍ സാധ്യമല്ലെന്ന തിരിച്ചറിവുള്ളവര്‍ അവിടെയുണ്ടോ?

No comments:

Post a Comment