Tuesday, March 12, 2013

മുഖപ്രസംഗം March 11 - 2013

മുഖപ്രസംഗം March 11 - 2013



1. കിടപ്പാടത്തിനുള്ള അവകാശം (മാധ്യമം)

ജനസംഖ്യാനുപാതികമായി രാജ്യത്ത് 18.78 ദശലക്ഷം വീടുകളുടെ കുറവുണ്ടെന്നു ഭവന, നഗര ദാരിദ്ര്യനിര്‍മാര്‍ജന മന്ത്രി അജയ് മാക്കന്‍ രാജ്യസഭയില്‍ പ്രസ്താവിച്ചിരിക്കുന്നു. 14.99 ദശലക്ഷം പേര്‍ ഇരിക്കപ്പൊറുതിയില്ലാത്ത വീടുകളിലാണെങ്കില്‍ ഇനിയൊരു 5,30,000 കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ ഇടം തന്നെയില്ലെന്ന് മന്ത്രി പറയുന്നു. 2001 ലെ സെന്‍സസ് വെച്ചുനോക്കുമ്പോള്‍ ഭവനലഭ്യതയില്‍ കാര്യമായ പുരോഗതി മന്ത്രി അവകാശപ്പെടുമ്പോഴും പൗരന്‍െറ സുരക്ഷിതത്വത്തിന്‍െറയും സ്വാഭിമാനത്തിന്‍െറയും പ്രതീകമായി ഭരണഘടന പറഞ്ഞ തലചായ്ക്കാനുള്ള അവകാശം ദശലക്ഷങ്ങള്‍ക്ക് ഇപ്പോഴും നിഷേധിക്കപ്പെട്ടു തന്നെയാണുള്ളത്. സെന്‍സസില്‍ പരിഗണിക്കപ്പെടാനുള്ള പ്രാഥമികയോഗ്യത ഒക്കാത്ത കടത്തിണ്ണകളും പാതയോരങ്ങളും പാര്‍പ്പിടമാക്കിയ പരസഹസ്രങ്ങള്‍ ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല എന്നുമോര്‍ക്കണം.


2. അരുവിപ്പുറത്തിന്റെ പ്രകാശധാര (മനോരമ)

നാം കേട്ടിട്ടുള്ള പല വിപ്ളവങ്ങളും രക്തരൂഷിതങ്ങളാണ്. എന്നാല്‍ , നമ്മള്‍ മലയാളികള്‍ അനുഭവിച്ചിട്ടുള്ള ഏറ്റവും ഉദാത്തമായ സാമൂഹികവിപ്ളവം വളരെ നിശ്ശബ്ദമായി ഒരു പുലര്‍കാലത്ത്, ഒരു നദിക്കരയില്‍ ഉദിച്ചതാണ്. കേരളം കണ്ടിട്ടുള്ള ഏറ്റവും മഹാനായ യോഗിയും സാമൂഹിക വിപ്ളവകാരിയുമായ ഒരു ഗുരു അതിനു വിത്തു പാകി - അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരു; ഇന്നേക്കു 125 വര്‍ഷം മുന്‍പ്. 

3. വേണ്ടത് ജീവന്റെ വിലയറിയുന്ന പരിശോധന (മാതൃഭൂമി)

ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന നിയമം പ്രാബല്യത്തിലുള്ള നാടാണ് നമ്മുടേത്. നിയമം അനുസരിക്കാന്‍ വാഹനമോടിക്കുന്നവര്‍ക്കും അത് നടപ്പാക്കാന്‍ പോലീസിനും ഉത്തരവാദിത്വമുണ്ട്. എന്നാല്‍, നമ്മുടെ നാട്ടില്‍ ഇന്ന് ലംഘിക്കപ്പെടുന്ന ഏറ്റവും വലിയ കുറ്റം ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നതാണെന്ന മട്ടില്‍ പോലീസിന്റെ ഹെല്‍മറ്റ്‌വേട്ട ഇരുചക്രവാഹനയാത്രക്കാരുടെ ജീവനെടുക്കുന്ന നിലയിലേക്ക് വളരുന്ന അവസ്ഥ ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും ആശാസ്യമല്ല. കോഴിക്കോട് തിരുവണ്ണൂര്‍ ബൈപ്പാസില്‍ പോലീസ് വാഹനപരിശോധനയ്ക്കിടയില്‍ രണ്ട് യുവാക്കള്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിനടിയില്‍പ്പെട്ട് മരിക്കാനിടയായത് തീര്‍ത്തും വേദനാജനകമായ സംഭവമാണ്. 

കിടപ്പാടത്തിനുള്ള അവകാശം (മാധ്യമം)

കിടപ്പാടത്തിനുള്ള അവകാശം
ജനസംഖ്യാനുപാതികമായി രാജ്യത്ത് 18.78 ദശലക്ഷം വീടുകളുടെ കുറവുണ്ടെന്നു ഭവന, നഗര ദാരിദ്ര്യനിര്‍മാര്‍ജന മന്ത്രി അജയ് മാക്കന്‍ രാജ്യസഭയില്‍ പ്രസ്താവിച്ചിരിക്കുന്നു. 14.99 ദശലക്ഷം പേര്‍ ഇരിക്കപ്പൊറുതിയില്ലാത്ത വീടുകളിലാണെങ്കില്‍ ഇനിയൊരു 5,30,000 കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ ഇടം തന്നെയില്ലെന്ന് മന്ത്രി പറയുന്നു. 2001 ലെ സെന്‍സസ് വെച്ചുനോക്കുമ്പോള്‍ ഭവനലഭ്യതയില്‍ കാര്യമായ പുരോഗതി മന്ത്രി അവകാശപ്പെടുമ്പോഴും പൗരന്‍െറ സുരക്ഷിതത്വത്തിന്‍െറയും സ്വാഭിമാനത്തിന്‍െറയും പ്രതീകമായി ഭരണഘടന പറഞ്ഞ തലചായ്ക്കാനുള്ള അവകാശം ദശലക്ഷങ്ങള്‍ക്ക് ഇപ്പോഴും നിഷേധിക്കപ്പെട്ടു തന്നെയാണുള്ളത്. സെന്‍സസില്‍ പരിഗണിക്കപ്പെടാനുള്ള പ്രാഥമികയോഗ്യത ഒക്കാത്ത കടത്തിണ്ണകളും പാതയോരങ്ങളും പാര്‍പ്പിടമാക്കിയ പരസഹസ്രങ്ങള്‍ ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല എന്നുമോര്‍ക്കണം.
ഈ പശ്ചാത്തലത്തില്‍ വേണം പുരയിടം ദരിദ്രരുടെ അവകാശമാക്കി കേന്ദ്ര ഭരണകൂടം തയാറാക്കുന്ന ബില്‍ കാണാന്‍. തലചായ്ക്കാനുള്ള സ്വന്തമിടം വ്യക്തിയുടെ അന്തസ്സ് ഉറപ്പുവരുത്തുന്ന മൗലികാവകാശവും പ്രാഥമിക മനുഷ്യാവകാശവുമാണെന്ന് സുപ്രീംകോടതി പലവുരു വ്യക്തമാക്കിയതാണ്. അന്തിയുറങ്ങാന്‍ കൂരയും അടുക്കള കൃഷി, കോഴി/ആട് വളര്‍ത്തല്‍ തുടങ്ങി പരിമിത ജീവസന്ധാരണത്തിനുമായി പത്തു സെന്‍റ് ഭൂമിയെങ്കിലും ഓരോ പൗരനും ഉണ്ടായിരിക്കണമെന്നാണ് ഗവണ്‍മെന്‍റിന്‍െറ കണക്ക്. ഭൗതികവിഭവ വിതരണം രാജ്യത്തെ എല്ലാവര്‍ക്കും എത്തിക്കാനും അന്തസ്സിലും സ്വാശ്രയത്വത്തിലും അവസരസമത്വം സൃഷ്ടിക്കാനും ഭരണഘടനാപരമായ അധികാരം നല്‍കുന്ന ബില്ലാണ് കേന്ദ്രത്തിന്‍െറ പരിഗണനയില്‍. ജില്ല, സംസ്ഥാന ഭരണകൂടങ്ങളുടെ ആസൂത്രണത്തോടെ നിശ്ചിത കാലയളവിനുള്ളില്‍ നാട്ടിന്‍പുറത്ത് ജീവിക്കുന്നവര്‍ക്ക് പത്തു സെന്‍റ് ഭൂമി തരപ്പെടുത്താനാണ് ദേശീയ പുരയിടാവകാശ ബില്‍ 2013 വിഭാവന ചെയ്യുന്നത്. 1950 കളിലും അറുപതുകളിലുമായി കേരളം, പശ്ചിമ ബംഗാള്‍, ജമ്മു-കശ്മീര്‍ സംസ്ഥാനങ്ങള്‍ ഭൂപരിഷ്കരണം നടപ്പിലാക്കിയപ്പോഴും കേരളം ലക്ഷം വീട് പദ്ധതിയും പിറകെ മാറിവന്ന മുന്നണി സര്‍ക്കാറുകള്‍ വിവിധ ഭവനദാന പദ്ധതികളും നടപ്പിലാക്കി പാവപ്പെട്ടവരുടെ പുനരധിവാസത്തിനു വേണ്ടി ശ്രമിച്ചപ്പോഴും ഇന്ത്യയുടെ സിംഹഭാഗവും വന്‍കിട ഭൂവുടമകളുടെ കൈപ്പിടിയില്‍നിന്നു മുക്തമായില്ല. അവിടം കൊണ്ടും മതിയാക്കാതെ കാടും മേടും വെട്ടിപ്പിടിച്ച് ആദിമവാസികളെ കൂട്ടമായി കുടിയൊഴിപ്പിക്കുന്നതിലെത്തി കാര്യങ്ങള്‍. സമ്പന്നരുടെ വാണിജ്യതാല്‍പര്യങ്ങള്‍ക്ക് ഭരണകൂടത്തിന്‍െറ ഒത്താശയോടെ വികസനപദ്ധതികളുടെ പേരില്‍ ഈ കുടിയൊഴിപ്പിക്കലുകള്‍ക്ക് ഔദ്യാഗിക പരിവേഷവും കിട്ടി. ആറന്മുള വിമാനത്താവള വികസനം മുതല്‍ ഒഡിഷയിലെ പോസ്കോ സമരം വരെയുള്ള ഉദാഹരണങ്ങള്‍ തന്നെയുണ്ട് പരശ്ശതം. കൃഷിഭൂമി കാര്‍ഷികേതരമായ വ്യവസായ, വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത് ഭവന-ഭൂരഹിതരുടെ എണ്ണം ഭീമമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ഇപ്പോള്‍ ഭരണകൂടം തന്നെ സമ്മതിക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കുന്ന വിഷയത്തില്‍ എവിടെയൊക്കെയാണ് പിഴച്ചതെന്ന് പുതിയ ബില്ലിന്‍െറ കരടില്‍ പറയുന്നുണ്ട്. കൂരയും കിടപ്പാടവും നഷ്ടപ്പെട്ടവരുടെ അമര്‍ഷവും സങ്കടവും പ്രതിഷേധമായി രൂപപ്പെട്ടതും അതിനെ തീവ്രവാദികളും ശിഥിലീകരണ ശക്തികളുമൊക്കെ എങ്ങനെ ഉപയോഗിച്ചു എന്നതും ഇന്ത്യ കണ്ടറിഞ്ഞ സത്യമാണ്. ആന്ധ്രയിലും ബിഹാറിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മാവോവാദമെന്നും നക്സലിസമെന്നും ഔദ്യാഗിക മെഷിനറി പേരിട്ടു വിളിക്കുന്ന അതിവാദങ്ങള്‍ക്കു പിറകിലെ മുഖ്യവിഷയം ഭൂവിതരണത്തിലെ കടുത്ത വിവേചനമാണെന്നു ഇപ്പോള്‍ എല്ലാവരും സമ്മതിക്കുന്നുണ്ട്.
ഈ പ്രശ്നങ്ങളെയൊക്കെ നിര്‍ദിഷ്ട ബില്‍ അഭിസംബോധന ചെയ്യുന്നു. നാട്ടിന്‍പുറങ്ങളില്‍ ജീവിക്കുന്ന മുഴുവന്‍ പൗരന്മാര്‍ക്കും ഭൂമി ലഭ്യമാക്കാന്‍ പ്രാദേശിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍തന്നെ മുന്‍കൈയെടുക്കണമെന്നും ഭൂമി ഏറ്റെടുപ്പിന് കൃത്യവും കണിശവുമായ നിബന്ധനകളും നിയന്ത്രണങ്ങളും വേണമെന്നും പുരയിടാവകാശ ബില്ലില്‍ പറയുന്നുണ്ട്. ഭൂബാങ്കിനു സമാനമായ സംവിധാനമൊരുക്കി ഗ്രാമസഭയുടെ സഹായത്തോടെ അവശതയനുഭവിക്കുന്ന കുടുംബനായകത്വം വഹിക്കേണ്ടി വരുന്ന സ്ത്രീകള്‍, അംഗവൈകല്യമുള്ളവര്‍, പ്രായാധിക്യം ബാധിച്ചവര്‍ എന്നിവര്‍ക്കും പട്ടികജാതി-വര്‍ഗവിഭാഗങ്ങള്‍ക്കും നാടോടികള്‍ക്കും ഭൂവിതരണത്തില്‍ മുന്‍ഗണന നല്‍കണമെന്നും നിര്‍ദേശിക്കുന്നു.
മണ്ണും മനുഷ്യനും ഒരുപോലെ പ്രസക്തമാണെന്ന യാഥാര്‍ഥ്യം ലോകം മുഴുക്കെ ഉള്‍ക്കൊണ്ടു കഴിഞ്ഞ കാലമാണിത്. ആസ്ട്രേലിയയിലെ എണ്ണം പറഞ്ഞ സമ്പുഷ്ട യുറേനിയം കേന്ദ്രങ്ങളിലൊന്നായ കൂങ്കറയിലെ ഖനനം അവിടത്തെ ഗോത്രവര്‍ഗത്തിന്‍െറ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഭരണകൂടം വേണ്ടെന്നുവെച്ചത് ഈയടുത്ത നാളുകളിലാണ്. എന്നാല്‍, ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ വനാവകാശ നിയമത്തിലെ ജനഹിതം മാനിക്കുന്ന വകുപ്പുകളെല്ലാം അവഗണിച്ച് വന്‍കിട കുത്തകകള്‍ക്കു ഭൂമി ഏറ്റെടുത്തു നല്‍കുകയാണ് സര്‍ക്കാര്‍. കൂടങ്കുളത്തും ജയ്താപൂരിലും നിയാംഗിരിയിലും സിംഗൂരിലുമൊക്കെ പല തരത്തില്‍ പൊങ്ങിവന്നത് ഇതിനെതിരായ പ്രതിഷേധങ്ങളായിരുന്നല്ലോ. ഈ പ്രതിഷേധങ്ങളോട് പ്രത്യക്ഷത്തില്‍ പുറം തിരിഞ്ഞു നില്‍ക്കുമ്പോഴും ഭൂവിതരണത്തിലെ അപാകമെന്ന അതിഗുരുതരമായ പ്രശ്നം ഭരണകൂടം ഗൗരവത്തിലെടുത്തതിന്‍െറയും സത്വരപരിഹാരം അനിവാര്യമാണെന്നു തിരിച്ചറിഞ്ഞതിന്‍െറയും ശുഭലക്ഷണമായി വേണം പുതിയ ബില്ലിനെ കാണാന്‍. അതിന് അക്ഷരം പ്രതി കര്‍മാവിഷ്കാരം നല്‍കാന്‍ കഴിഞ്ഞാല്‍ കൂരയും കിടപ്പാടവും നഷ്ടപ്പെട്ട പതിനായിരങ്ങളോടു ഭരണകൂടത്തിനു ചെയ്യാവുന്ന ഉചിതമായ പ്രായശ്ചിത്തമാവും അത്.

അരുവിപ്പുറത്തിന്റെ പ്രകാശധാര 

നവോത്ഥാനത്തിന്റെ കേളികൊട്ട് ഉയര്‍ന്നിട്ട് 125 വര്‍ഷം   
malmanoramalogo
നാം കേട്ടിട്ടുള്ള പല വിപ്ളവങ്ങളും രക്തരൂഷിതങ്ങളാണ്. എന്നാല്‍, നമ്മള്‍ മലയാളികള്‍ അനുഭവിച്ചിട്ടുള്ള ഏറ്റവും ഉദാത്തമായ സാമൂഹികവിപ്ളവം വളരെ നിശ്ശബ്ദമായി ഒരു പുലര്‍കാലത്ത്, ഒരു നദിക്കരയില്‍ ഉദിച്ചതാണ്. കേരളം കണ്ടിട്ടുള്ള ഏറ്റവും മഹാനായ യോഗിയും സാമൂഹിക വിപ്ളവകാരിയുമായ ഒരു ഗുരു അതിനു വിത്തു പാകി - അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരു; ഇന്നേക്കു 125 വര്‍ഷം മുന്‍പ്. 

അതു കേവലം ഒരു വിഗ്രഹപ്രതിഷ്ഠ ആയിരുന്നില്ലെന്നു നമ്മള്‍ മലയാളികള്‍ ഗുരു പകര്‍ന്നുതന്ന അറിവുകളുടെ ഓരത്തു നിന്ന് ഇന്നു തിരിച്ചറിയുന്നു. കഴിഞ്ഞ ഒന്നേകാല്‍ നൂറ്റാണ്ടിനിടയില്‍ നാം ആര്‍ജിച്ച സാമൂഹിക മുന്നേറ്റങ്ങള്‍ ഗുരു പാകിയ ഈ വിത്തില്‍നിന്നു പൊട്ടിമുളച്ചു പന്തലിച്ചതാണ്. ഗുരുദേവന്‍ അരുവിപ്പുറത്ത് നെയ്യാറില്‍നിന്ന് അന്നു പുലര്‍ച്ചയ്ക്കു മുങ്ങിയെടുത്ത ശില, കേരള സാമൂഹിക നവോത്ഥാനത്തിന്റെ ആധാരശിലയായിരുന്നു എന്നു നാം ആരാധനാപൂര്‍വം തിരിച്ചറിയുന്നു. 

മറ്റു പല പ്രദേശങ്ങളെയുംപോലെ, അക്കാലം കേരളത്തിന്റെ മനസ്സ് ആചാരങ്ങളിലും വിശ്വാസങ്ങളിലുമുള്ള അന്ധതയാല്‍ ജടിലമായിരുന്നു. കൊടികുത്തിനിന്ന ജാതിബോധത്താല്‍ സമൂഹം ഉച്ചനീചത്വത്തിന്റെ പടുകുഴിയില്‍ ചിതറിപ്പോയ കാലം. ആ കാലത്താണ് യുവയോഗിയായ ശ്രീനാരായണഗുരു തന്റെ ആധ്യാത്മികാന്വേഷണങ്ങളുടെ തപസ്സിലേക്കു തിരിയുന്നത്. 

നമുക്കിന്നും അറിയാത്ത ഏകാന്തമായ ആത്മീയാന്വേഷണങ്ങളുടെ ഒടുവിലാണ് ഗുരു അരുവിപ്പുറത്തെ നദിക്കരയില്‍ ധ്യാനനിമഗ്നനായി എത്തുന്നത്.

ആ ധ്യാനങ്ങളുടെ തെളിമയില്‍ ഗുരു ചുറ്റുമുള്ള ലോകത്തെ ദര്‍ശിച്ചു; അറിവിന്റെ വെളിച്ചത്തിലേക്കു ജനതയെ ക്ഷണിച്ചു. ആ അറിവുകളാല്‍ കേരളീയസമൂഹം അനുഗ്രഹിക്കപ്പെടുകയായിരുന്നു. സാമൂഹിക ജീവിതത്തിലും ഈശ്വരവിശ്വാസത്തിലും ആരാധനാ സമ്പ്രദായങ്ങളിലും വിജ്ഞാന സമ്പാദനത്തിലും രാഷ്ട്രീയചിന്തകളിലുമൊക്കെ കേരളം നേടിയ മേല്‍ക്കൈകള്‍ ഗുരുസന്ദേശങ്ങളുടെ ജ്വാലയില്‍ ഊതിക്കാച്ചിയെടുത്തതാണ്. അരുവിപ്പുറത്തെ പ്രതിഷ്ഠ ഒരു പ്രതീകമായിരുന്നു. അവിടെ ഗുരു കുറിച്ചിട്ട വിശ്വോത്തരസന്ദേശം കേരളത്തിന്റെ മനസ്സിനെ ഇന്നും സ്വയം വിമര്‍ശനത്തിലൂടെ ശുദ്ധീകരിക്കാനുള്ള മരുന്നാണ് - ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്! 

ആധ്യാത്മികാന്വേഷണങ്ങളിലൂടെ ഗുരു കേരളസമൂഹപരിണാമങ്ങളുടെ വഴി കണ്ടെത്തുകയായിരുന്നു. അതിന്റെ പ്രതീകംകൂടിയാണ് അരുവിപ്പുറം. ഒരു സന്യാസിയെന്ന നിലയില്‍ അറിവിന്റെ ജ്വാലയുമായി സ്വന്തം ജനതയ്ക്കിടയിലേക്ക് ഇറങ്ങുകയായിരുന്നു ഗുരു. ആദ്യത്തെ മഠം ഗുരു അവിടെ സ്ഥാപിച്ചു. ശിഷ്യപരമ്പരയ്ക്ക് അവിടെ തുടക്കമിട്ടു. അരുവിപ്പുറത്ത് ആദ്യത്തെ വിദ്യാലയവും സ്ഥാപിച്ചു. ഒരുപക്ഷേ, പള്ളിക്കൂടത്തിനുള്ള അലങ്കാരമായാണ് ഗുരു പ്രതിഷ്ഠ നടത്തിയതും ക്ഷേത്രം സ്ഥാപിച്ചതുമെന്നു പറയാം. തന്റെ ധ്യാനങ്ങളിലൂടെയും പൊരുളന്വേഷണങ്ങളിലൂടെയും ഗുരു കേരളത്തിന്റെ മാനസികഘടനയെ സൂക്ഷ്മമായി പഠിക്കുകയായിരുന്നു. 

സാമൂഹിക നവോന്നതിക്കായി ജനതയെ സജ്ജരാക്കാനുള്ള നിശ്ശബ്ദവിപ്ളവത്തിന് അരുവിപ്പുറത്തെ പ്രഭാതം സാക്ഷിയായി. പിന്നീടു ഗുരുവിന്റെ ദാര്‍ശനികപാതയില്‍ വിവിധ ചിന്താസരണികളില്‍പ്പെട്ട പ്രഗത്ഭരായ ശിഷ്യന്‍മാര്‍ അണിനിരന്നു. അവരുടെയൊക്കെ വഴികളിലൂടെ കേരളം നടന്നപ്പോള്‍ നക്ഷത്രങ്ങള്‍പോലെ ഗുരുദര്‍ശനങ്ങള്‍ വഴികാട്ടി. അരുവിപ്പുറത്തെ മതില്‍ക്കെട്ടിനുള്ളിലെ പ്ളാവിനു ചുവട്ടിലാണ് ഗുരുവിന്റെ അധ്യക്ഷതയില്‍ എസ്എന്‍ഡിപി യോഗത്തിനു രൂപം നല്‍കാനായി ആദ്യത്തെ യോഗം ചേര്‍ന്നത്. 

അവിടത്തെ മഠം സ്ഥാപിച്ചശേഷം ഗുരു കേരളത്തില്‍ അങ്ങോളമിങ്ങോളം പല ആധ്യാത്മിക കേന്ദ്രങ്ങള്‍ കെട്ടിപ്പടുത്തു. അവയൊക്കെ ഒരുവിധത്തില്‍ സ്വന്തം ജനതയുടെ എല്ലാ മേഖലകളിലുമുള്ള പുരോഗതിക്കായുള്ള ഗവേഷണകേന്ദ്രങ്ങളായാണു ഗുരു വിഭാവനചെയ്തത്. ഭേദങ്ങളും ദ്വേഷങ്ങളുമല്ല, സമഭാവനയും സാഹോദര്യവുമാണ് ഒരു ജനത ആലിംഗനം ചെയ്യേണ്ട മന്ത്രങ്ങളെന്നു  ഗുരു നിരന്തരമായി സന്ദേശം നല്‍കി. അതിന്റെ തുടക്കമായിരുന്നു അരുവിപ്പുറം.

വേണ്ടത് ജീവന്റെ വിലയറിയുന്ന പരിശോധന


Newspaper Edition
ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന നിയമം പ്രാബല്യത്തിലുള്ള നാടാണ് നമ്മുടേത്. നിയമം അനുസരിക്കാന്‍ വാഹനമോടിക്കുന്നവര്‍ക്കും അത് നടപ്പാക്കാന്‍ പോലീസിനും ഉത്തരവാദിത്വമുണ്ട്. എന്നാല്‍, നമ്മുടെ നാട്ടില്‍ ഇന്ന് ലംഘിക്കപ്പെടുന്ന ഏറ്റവും വലിയ കുറ്റം ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നതാണെന്ന മട്ടില്‍ പോലീസിന്റെ ഹെല്‍മറ്റ്‌വേട്ട ഇരുചക്രവാഹനയാത്രക്കാരുടെ ജീവനെടുക്കുന്ന നിലയിലേക്ക് വളരുന്ന അവസ്ഥ ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും ആശാസ്യമല്ല. കോഴിക്കോട് തിരുവണ്ണൂര്‍ ബൈപ്പാസില്‍ പോലീസ് വാഹനപരിശോധനയ്ക്കിടയില്‍ രണ്ട് യുവാക്കള്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിനടിയില്‍പ്പെട്ട് മരിക്കാനിടയായത് തീര്‍ത്തും വേദനാജനകമായ സംഭവമാണ്. നിയമം നടപ്പാക്കുന്നതില്‍ പോലീസ് പാലിക്കേണ്ട സര്‍ക്കാര്‍ നിര്‍ദേശങ്ങളുടെ ലംഘനം ഈ അപകടമരണത്തിന് വഴിയൊരുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

ഹെല്‍മറ്റ് പരിശോധനയുടെ പേരില്‍ ഇരുചക്രവാഹനക്കാരെ ഉപദ്രവിക്കരുതെന്ന് മുന്‍പ് അപകടങ്ങളുണ്ടായ സന്ദര്‍ഭങ്ങളിലൊക്കെത്തന്നെ സര്‍ക്കാര്‍ കര്‍ക്കശനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണ്. വാഹനപരിശോധനയ്ക്കിടയില്‍ നിര്‍ത്താതെപോയ ബൈക്കിനെ പിന്തുടരാന്‍ പോലീസ് നടത്തിയശ്രമമാണ് അപകടത്തിലേക്ക് വഴിവെച്ചത്. ബൈക്ക്‌യാത്രക്കാരെ പിന്തുടര്‍ന്ന പോലീസ് അവരെ പിടിക്കാന്‍ നടത്തിയ ശ്രമമാണ് കെ.എസ്.ആര്‍.ടി.സി. ബസ്സുമായി കൂട്ടിയിടിക്കാനിടയാക്കിയതെന്ന് നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വളരെ പെട്ടെന്നുതന്നെ ഒരു ബഹുജനപ്രക്ഷോഭം രൂപംകൊള്ളാന്‍ ഇത് ഇടയാക്കുകയുണ്ടായി. സംഭവത്തെത്തുടര്‍ന്ന് റോഡ് ഉപരോധിച്ച നാട്ടുകാരെ പോലീസുകാര്‍ കൈകാര്യം ചെയ്ത രീതിയും പ്രശ്‌നത്തെ വഷളാക്കാന്‍മാത്രമാണ് സഹായിച്ചത്. മണിക്കൂറുകള്‍നീണ്ട ഗതാഗതസ്തംഭനവും സംഘര്‍ഷവും മാത്രമായിരുന്നു ഇതിന്റെ അനന്തരഫലം. രോഷാകുലരായ ജനത്തിനുനേരേ പലവട്ടം ലാത്തിച്ചാര്‍ജ് നടത്താനും ടിയര്‍ഗ്യാസ് പ്രയോഗിക്കാനും പോലീസ് മുതിര്‍ന്നുവെന്നതുതന്നെ രണ്ട് യുവാക്കളുടെ ദാരുണമരണത്തിലേക്ക് നയിച്ച സംഭവവികാസങ്ങളുടെ മുറിപ്പാടിനെ കൂട്ടാന്‍ മാത്രമാണ് ഉപകരിച്ചത്. 

മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനാണ് പോലീസ് നിന്നതെന്നും അല്ലാതെ ഹെല്‍മറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ട് പിടിക്കാനല്ല എന്നുമാണ് സംഭവത്തെക്കുറിച്ചുള്ള പോലീസ്ഭാഷ്യം. എന്നാല്‍, നഗരത്തിലെ സ്ഥിരം കാഴ്ചയായ ഒളിവില്‍ മറഞ്ഞുനിന്നുള്ള പോലീസിന്റെ ഹെല്‍മറ്റ്‌വേട്ടയുടെ ദുരനുഭവമുള്ള ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഇക്കാര്യത്തില്‍ ന്യായമായ പരാതികളുണ്ട്. കാരണം ഒരു നഗരത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട പല നിയമലംഘനങ്ങളോടും കുറ്റകൃത്യങ്ങളോടും പുറംതിരിക്കുന്ന, അതെല്ലാം കണ്ടില്ലെന്ന് നടിക്കുന്ന നമ്മുടെ നിയമസംവിധാനം താരതമ്യേന നിസ്സാരമായ ഹെല്‍മറ്റ്‌വേട്ടയ്ക്കുവേണ്ടി ചെലവിടുന്ന ഊര്‍ജം ആരെയും അമ്പരപ്പിക്കാന്‍ പോന്നതാണ്. നിയമം നടപ്പാക്കുന്ന ഒരു സമൂഹമല്ല ഇതെന്ന ധാരണയാണ് ഇത് പൊതുസമൂഹത്തിലുണ്ടാക്കുന്നത്.

ശരിയാണ്, മദ്യപിച്ച് വാഹനമോടിക്കുന്നതും ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നതും കുറ്റം തന്നെയാണ്. പോലീസിന് അത് തടയേണ്ടതുമുണ്ട്. എന്നാല്‍, കൊടും കുറ്റവാളികളെപ്പോലെ ഇവരെ പതിയിരുന്ന് പിടിക്കുന്നതും ക്വാട്ട തികയ്ക്കാന്‍വേണ്ടി ഇവരെ കൈകാര്യം ചെയ്യുന്നതുമായ ഇപ്പോഴത്തെ രീതിയിലാണ് മാറ്റംവരേണ്ടത്. റോഡുകളില്‍ ഏറ്റവും വലിയ ദുരന്തങ്ങള്‍ പണിയുകയും വന്‍ അപകടങ്ങള്‍ വരുത്തിവെക്കുകയുംചെയ്യുന്ന ബസ്സുകളുടെയും ടിപ്പര്‍ ലോറികളുടെയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന മത്സരയോട്ടം തടയാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഓവര്‍ടേക്കിങ്ങിലൂടെ സ്ഥിരം ഗതാഗതസ്തംഭനം സൃഷ്ടിച്ചുകൊണ്ട് കുതിച്ചുപായുന്ന വാഹനങ്ങള്‍ ഏതുനഗരത്തിനും ഒരു തലവേദനയാണ്. ഇക്കാര്യങ്ങളില്‍ നമ്മുടെ റോഡുകളില്‍ നീതി നടപ്പാക്കുന്ന ഒരു നിയമവ്യവസ്ഥയുണ്ടെന്ന് തോന്നിക്കാന്‍ ഇക്കാലമത്രയായിട്ടും പോലീസിന് കഴിഞ്ഞെന്ന് വിചാരിക്കാനാവില്ല, വാഹനാപകടങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ നല്‍കുന്ന ചിത്രം പരിശോധിച്ചാല്‍.

വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കയാണ്. 2002-ല്‍ 2,792 പേര്‍ മരിച്ചിടത്ത് 2012-ല്‍ അത് 4,286 പേരുടെ ജീവനാണ് അപഹരിച്ചത്. ഈ കാലയളവില്‍ വാഹനങ്ങളുടെ എണ്ണം 31.11 ലക്ഷത്തില്‍നിന്ന് 75.30 ലക്ഷമായി ഉയര്‍ന്നു. ഡ്രൈവിങ് ലൈസന്‍സ് എടുത്തവരുടെ എണ്ണം 74.60 ലക്ഷമാണ്. ഇതിന് അനുപൂരകമായി നമ്മുടെ റോഡ്‌സംവിധാനം മെച്ചപ്പെട്ടിട്ടുമില്ല. റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ഗതാഗതക്കുരുക്കുകളാണ്. കുരുക്കുകള്‍ തട്ടിനീക്കി കുതിക്കുമ്പോഴാണ് അപകടങ്ങളിലേറെയും സംഭവിക്കുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിയമലംഘനം നടത്തുന്നവരെ പിടികൂടാനുള്ള സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതുവഴി നമ്മുടെ റോഡുകളെ കൊലയറകളാക്കി മാറ്റുന്ന അമിതവേഗക്കാരെയും വാഹനക്കുരുക്കുകള്‍ നിര്‍മിക്കുന്നവരെയും വളരെ എളുപ്പം നിയമത്തിനുമുന്നില്‍ കൊണ്ടുവരാനാവും. വളരെ എളുപ്പത്തില്‍ ഒരു കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ചെയ്യാവുന്ന കാര്യങ്ങളാണ് ഹെല്‍മറ്റ്‌വേട്ടയിലേക്ക് പോലീസ് ചുരുക്കിക്കളയുന്നത്. അത് പോലീസ് നിയമം നടപ്പാക്കുന്നുവെന്ന പ്രതീതി മാത്രമാണ് സൃഷ്ടിക്കുന്നത്. നമ്മുടെ റോഡുകള്‍ നിയമം പാലിക്കപ്പെടുന്ന ഒരു ഇടമാണെന്ന ബോധം ജനങ്ങള്‍ക്ക് ഉണ്ടാക്കിയെങ്കില്‍മാത്രമേ വാഹനമോടിക്കുന്നവര്‍ക്കും അത് പിന്തുടരാന്‍ തോന്നുകയുള്ളൂ.തെരുവുകളെ രക്തപങ്കിലമാക്കാന്‍ ആര്‍ക്കും അവകാശമില്ല. വാഹനമോടിക്കുന്നവര്‍ക്കും അവിടെ നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്ന പോലീസിനും ഇതില്‍ തുല്യപങ്കാളിത്തമാണുള്ളത്. ജീവന്റെ വിലയറിയുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുക തന്നെയാണ് പ്രധാനം. ജീവന്റെ വിലയറിയുന്ന നിയമപാലനമെന്നത് അതിന്റെ മുന്‍ഉപാധിയാണ്. 


No comments:

Post a Comment