Sunday, March 10, 2013

മുഖപ്രസംഗം March 10 - 2013

മുഖപ്രസംഗം March 10 - 2013

1. ശ്രീലങ്കയിലെ തമിഴര്‍ക്ക് നീതി ഉറപ്പാക്കണം  (മാത്രുഭൂമി)

ശ്രീലങ്കയില്‍ കാല്‍നൂറ്റാണ്ടുകാലത്തെ വംശീയസംഘര്‍ഷത്തിന് 2009-ല്‍ തിരശ്ശീല വീണപ്പോള്‍ ലോകം നിശ്വാസമുതിര്‍ത്തിരുന്നു; ഇന്ത്യയും. തമിഴ് പുലികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ അന്ത്യത്തോടെയായിരുന്നു ഈ യുദ്ധവിരാമം. പുലികളെ അനുകൂലിക്കുന്നവരെ സംബന്ധിച്ചിടത്തോളം അസ്വീകാര്യമായിരുന്നിരിക്കാം ഈ അന്ത്യമെങ്കിലും അക്രമത്തിനും കൊലയ്ക്കും അവസാനമായതില്‍ സമാധാനകാംക്ഷികള്‍ ആശ്വസിച്ചു. യുദ്ധം അവസാനിച്ച 2009 മുതല്‍ 2013 വരെയുള്ള മൂന്നുനാല് കൊല്ലങ്ങള്‍, 26 കൊല്ലത്തെ പകയുടെ മുറിവുകള്‍ ഉണക്കാന്‍ പര്യാപ്തമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ശ്രീലങ്കയിലെ സിംഹളര്‍ക്കും തമിഴര്‍ക്കും പരസ്​പരമുള്ള അവിശ്വാസം അവസാനിക്കാനുള്ള കാലമായിട്ടില്ല. എങ്കില്‍പ്പോലും പരസ്​പരവിശ്വാസം വളര്‍ത്താന്‍ ശ്രമിക്കുകയും പകവീട്ടാന്‍ ശ്രമം നടക്കാതിരിക്കുകയും ചെയ്താലേ കാര്യങ്ങള്‍ സുഗമമാകൂ. 



2. ജാതകവശാല് (മാധ്യമം) വാര്‍ത്തകളിലെ വ്യക്തി 

ജാത്യാലുള്ളത് തൂത്താല്‍ പോവുമോ എന്നൊരു ചൊല്ലുണ്ട്. ചിലരുടെ തലവരയനുസരിച്ചിരിക്കും കാര്യങ്ങള്‍. ജാതകത്തിലൊക്കെ വിശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് അങ്ങനെയുള്ളവരുടെ ജീവിതം കാണുമ്പോഴാണ്. 1966 മേയ് 25ന് കീഴൂട്ട് തറവാട്ടില്‍ വന്ന് ജാതകമെഴുതിയ ഒരു ജ്യോത്സ്യന്‍ ഇങ്ങനെ കുറിച്ചു: ഇവന് 80 വയസ്സുവരെ ആയുസ്സുണ്ട്; സ്ത്രീകളുമായി ബന്ധപ്പെട്ട അപഖ്യാതി കേട്ടു മരിക്കും എന്ന്. അതിനര്‍ഥം 80ാം വയസ്സുവരെ അതു കേള്‍ക്കാന്‍ യോഗമുണ്ടെന്നാണ്




ശ്രീലങ്കയിലെ തമിഴര്‍ക്ക് നീതി ഉറപ്പാക്കണം  (മാത്രുഭൂമി)

Newspaper Edition
ശ്രീലങ്കയില്‍ കാല്‍നൂറ്റാണ്ടുകാലത്തെ വംശീയസംഘര്‍ഷത്തിന് 2009-ല്‍ തിരശ്ശീല വീണപ്പോള്‍ ലോകം നിശ്വാസമുതിര്‍ത്തിരുന്നു; ഇന്ത്യയും. തമിഴ് പുലികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ അന്ത്യത്തോടെയായിരുന്നു ഈ യുദ്ധവിരാമം. പുലികളെ അനുകൂലിക്കുന്നവരെ സംബന്ധിച്ചിടത്തോളം അസ്വീകാര്യമായിരുന്നിരിക്കാം ഈ അന്ത്യമെങ്കിലും അക്രമത്തിനും കൊലയ്ക്കും അവസാനമായതില്‍ സമാധാനകാംക്ഷികള്‍ ആശ്വസിച്ചു. യുദ്ധം അവസാനിച്ച 2009 മുതല്‍ 2013 വരെയുള്ള മൂന്നുനാല് കൊല്ലങ്ങള്‍, 26 കൊല്ലത്തെ പകയുടെ മുറിവുകള്‍ ഉണക്കാന്‍ പര്യാപ്തമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ശ്രീലങ്കയിലെ സിംഹളര്‍ക്കും തമിഴര്‍ക്കും പരസ്​പരമുള്ള അവിശ്വാസം അവസാനിക്കാനുള്ള കാലമായിട്ടില്ല. എങ്കില്‍പ്പോലും പരസ്​പരവിശ്വാസം വളര്‍ത്താന്‍ ശ്രമിക്കുകയും പകവീട്ടാന്‍ ശ്രമം നടക്കാതിരിക്കുകയും ചെയ്താലേ കാര്യങ്ങള്‍ സുഗമമാകൂ. 

യുദ്ധത്തിന്റെ ഒടുവില്‍ ശ്രീലങ്കന്‍ സൈന്യം, അതിനിടയില്‍പ്പെട്ട, സാധാരണക്കാരായ തമിഴരോട് കടുത്ത ക്രൂരതകാട്ടി എന്ന ആരോപണം. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അന്നേ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് ബ്രിട്ടീഷ് ടെലിവിഷന്‍ സ്റ്റേഷനായ ചാനല്‍-4ന് വേണ്ടി കാലം മെക്‌റെ സംവിധാനം ചെയ്ത ഡോക്യുമെന്റി പുറത്തുവിട്ട വിവരങ്ങളും ദൃശ്യങ്ങളും സര്‍വരെയും ഞെട്ടിക്കുന്നതായിരുന്നു. യു.എന്‍. മനുഷ്യാവകാശസമിതി യോഗം ചേരുന്ന ജനീവയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി. 

പുലിനേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകന്‍ ബാലചന്ദ്രന്റെ ചില ചിത്രങ്ങള്‍ ആരുടെയും ഹൃദയം നോവിപ്പിക്കും. ഈ പന്ത്രണ്ടുകാരന്‍ ബിസ്‌കറ്റ് തിന്നുന്നതും അതിനുശേഷം വെടിയുണ്ടകളേറ്റ് മരിച്ചുകിടക്കുന്നതുമായദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടിരുന്നു. തങ്ങള്‍ കീഴടക്കിയ തമിഴരോട് കിരാതത്വം കാട്ടിയില്ല എന്ന ലങ്കയുടെ അവകാശവാദത്തിനേറ്റ അടിയായിരുന്നു ഇത്. പ്രഭാകരനെ ഉന്മൂലനംചെയ്യുന്നതിന് നടത്തിയ വെടിവെപ്പില്‍ കുട്ടി പെടുകയായിരുന്നു എന്ന ലങ്കയുടെ വാദമാണ് പൊളിഞ്ഞത്. അതായത്, ലങ്കയുടെ കസ്റ്റഡിയില്‍ കഴിഞ്ഞ കുട്ടിയെ നിഷ്‌കരുണം വെടിവെച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് സംശയിക്കപ്പെടുന്നത്. ശ്രീലങ്കാ പ്രസിഡന്റ് മഹിന്ദ രാജപകെ്‌സ ഇത് നിഷേധിച്ചിട്ടുണ്ട്. യു.എന്നിന്റെ മനുഷ്യാവകാശസമിതിയില്‍ ശ്രീലങ്കയ്‌ക്കെതിരായി മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചുള്ള പ്രമേയം വരുന്നതിന് തൊട്ടുമുമ്പാണ് ഈ ചിത്രങ്ങള്‍ വെളിച്ചം കാണുന്നത് . ശ്രീലങ്ക യുദ്ധക്കുറ്റങ്ങള്‍ ചെയ്‌തെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശസമിതി വിധിയെഴുതിയാല്‍, അത് ശരിയല്ലെന്നുപറയാന്‍ കഴിയുകയില്ല. 

യുദ്ധാനന്തരം ശ്രീലങ്കയില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടന്നെന്ന് ഐക്യരാഷ്ട്രസഭയില്‍ 2012-ല്‍ വന്ന പ്രമേയവും ചൂണ്ടിക്കാട്ടിയിരുന്നു . ഈ പ്രമേയത്തെ എതിരിടാന്‍ ശ്രീലങ്ക കുറച്ചൊന്നുമല്ല യത്‌നിച്ചത്. 47 അംഗ മനുഷ്യാവകാശസമിതിയില്‍ പ്രമേയം വോട്ടിനിടുംമുമ്പേ, പ്രമേയത്തിന്റെ സ്വരം തെല്ലൊന്ന് മയപ്പെടുത്താന്‍ അന്ന് ശ്രമിച്ചത് ഇന്ത്യകൂടിയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 'ഞാണിന്മേല്‍കളി'യാണ് ഇത്. സുഹൃദ്‌രാജ്യമായ ശ്രീലങ്കയുടെ അപ്രീതി ആര്‍ജിക്കാന്‍ നമുക്ക് താത്പര്യമില്ല. ആ രാജ്യത്ത് 'ഇടപെടല്‍' നടത്തുക നമ്മുടെ തത്ത്വങ്ങള്‍ക്ക് എതിരാണ്. തീവ്രവാദത്തെയും ഭീകരതയെയും നാം എതിര്‍ക്കുന്നതുകൊണ്ട് പ്രഭാകരന്റെ പ്രസ്ഥാനത്തെ നാം ഒരിക്കലും ന്യായീകരിക്കുകയില്ല. അതേസമയം, നമ്മുടെ രാജ്യത്തെ തമിഴരുടെ വ്രണപ്പെടുന്ന വികാരം ഉള്‍ക്കൊള്ളാന്‍ നാം ബാധ്യസ്ഥരുമാണ്. അന്ന് ഒടുവില്‍ പ്രമേയം പാസാകുകതന്നെ ചെയ്തു. കാര്യങ്ങള്‍ മെച്ചപ്പെട്ടുവോ ? ഇല്ലതന്നെ.

ഇത്തവണയും ലങ്കയിലെ മനുഷ്യാവകാശ ലംഘനത്തിനെതിരായി അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തിന്റെ കാര്യത്തില്‍ എന്തുനിലപാട് എടുക്കണമെന്നത് ഇന്ത്യയെ ചിന്തിപ്പിക്കുകയാണ്. ലങ്കയ്‌ക്കെതിരെ നില്‍ക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് തമിഴ്‌നാട്ടിലെ രണ്ടുപാര്‍ട്ടികളും - ഡി.എം.കെ.യും എ.ഐ.എ.ഡി.എം.കെ.യും -ആവശ്യപ്പെടുന്നു. ശ്രീലങ്കാസര്‍ക്കാര്‍ ആ രാജ്യത്തെ തമിഴ്‌നേതൃത്വവുമായി സംസാരിച്ച് കാര്യങ്ങളില്‍ രഞ്ജിപ്പുണ്ടാക്കണമെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടത്. ലങ്കയില്‍ തുല്യപൗരന്‍മാരായി മാന്യതയോടെയും ആത്മാഭിമാനത്തോടെയും തമിഴര്‍ക്ക് ജീവിക്കാന്‍ കഴിയുന്നെന്ന് ശ്രീലങ്കാസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ആഗ്രഹിക്കുന്നതും അനുരഞ്ജനത്തിന്റെ ഈ വഴിയാണ്. പരസ്​പരം വെറുത്ത, വെടിവെച്ചുവീഴ്ത്തിയ, ഭൂതകാലം സിംഹളരും തമിഴരും മറക്കണം. യുദ്ധാനന്തരം, സമാധാനം പുലര്‍ത്താന്‍ ലങ്കതന്നെ തയ്യാറാക്കിയ എല്‍.എല്‍.ആര്‍.സി. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശുഷ്‌കാന്തി കാണിക്കണം. ഒപ്പം, വേലുപ്പിള്ള പ്രഭാകരന്റെ 12-കാരനായ മകന് യഥാര്‍ഥത്തില്‍ എന്തുസംഭവിച്ചു എന്നത് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന് വിധേയമാക്കണം. അതിക്രൂരമായ ഒരു പകപോക്കലായിരുന്നു ഇതെങ്കില്‍ ഇതിന്റെ ഉത്തരവാദിത്വം ചുമത്തപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം. അല്ലെങ്കില്‍, തമിഴരുടെ വരുംതലമുറകളെയും ഈ ചിത്രം വേട്ടയാടിക്കൊണ്ടിരിക്കും. പകയുടെ പുതിയ കനലുകളില്‍ പുകയൂതുകയായിരിക്കും അത്.

ജാതകവശാല് (മാധ്യമം)
ജാതകവശാല്‍...
ജാത്യാലുള്ളത് തൂത്താല്‍ പോവുമോ എന്നൊരു ചൊല്ലുണ്ട്. ചിലരുടെ തലവരയനുസരിച്ചിരിക്കും കാര്യങ്ങള്‍. ജാതകത്തിലൊക്കെ വിശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് അങ്ങനെയുള്ളവരുടെ ജീവിതം കാണുമ്പോഴാണ്. 1966 മേയ് 25ന് കീഴൂട്ട് തറവാട്ടില്‍ വന്ന് ജാതകമെഴുതിയ ഒരു ജ്യോത്സ്യന്‍ ഇങ്ങനെ കുറിച്ചു: ഇവന് 80 വയസ്സുവരെ ആയുസ്സുണ്ട്; സ്ത്രീകളുമായി ബന്ധപ്പെട്ട അപഖ്യാതി കേട്ടു മരിക്കും എന്ന്. അതിനര്‍ഥം 80ാം വയസ്സുവരെ അതു കേള്‍ക്കാന്‍ യോഗമുണ്ടെന്നാണ്. ജാതകവിധിയില്‍നിന്ന് ഒളിച്ചോടുക എന്നത് ഭീരുക്കള്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമാണ്. അതിന് കെ.ബി. ഗണേഷ്കുമാറിനെ കിട്ടില്ല. പത്തറുപതു പടങ്ങളില്‍ വില്ലന്‍വേഷം കെട്ടിയാടിയ ആളാണ്. ആ തന്‍േറടവും താന്‍പോരിമയും ജീവിതത്തിലുമുണ്ട്. വിടാതെ പിന്തുടരുന്ന ജാതകവിധിയോര്‍ത്ത് അദ്ദേഹത്തോട് സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല. ഒരു വ്യക്തിയുടെ ജാതകത്തില്‍ ഓരോ ഗ്രഹങ്ങള്‍ അതിനു യോജിച്ച ഫലങ്ങള്‍ അതതു ദശാപഹാര കാലങ്ങളിലായി അനുഭവിക്കാന്‍ ഇടവരുത്തുന്നു എന്നാണ് ജ്യോതിഷം പറയുന്നത്. ഗ്രഹങ്ങള്‍ ഈ പാവം മനുഷ്യനെ ദ്രോഹിക്കുന്നതിന്‍െറ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കാമുകീവിവാദം.

ജാതകത്തില്‍ പറഞ്ഞതിന് വിരുദ്ധമായി ജീവിക്കാന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പെണ്‍വിഷയത്തില്‍ അപഖ്യാതികള്‍ വേണ്ടുവോളം കേട്ടിട്ടുണ്ട്. കല്യാണത്തിനു മുമ്പ് യാമിനി തങ്കച്ചി പഠിച്ചിരുന്ന കോളജില്‍ ‘ഈ പെണ്‍കുട്ടിയെ രക്ഷിക്കൂ’ എന്ന് എഴുതിവെച്ചവരുണ്ട്. ആദ്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആറു ഭാര്യമാരുണ്ടെന്ന് പുസ്തകത്തില്‍ അച്ചടിച്ചിറക്കിയിരുന്നു സി.പി.ഐക്കാര്‍. ജാതകവിധിപ്രകാരമുള്ള ഞരമ്പുരോഗത്തിന് ജീവിക്കുന്ന തെളിവായി കൊയിലാണ്ടി കോടതിയില്‍ ഒരു റാഡോ വാച്ച് ഉണ്ട്. നഗരസഭ വനിതാ കൗണ്‍സിലറെയും ബന്ധുവായ പെണ്‍കുട്ടിയെയും കണ്ടപ്പോള്‍ ജന്മനിയോഗം ഈ പാവപ്പെട്ടവനില്‍ ഇരച്ചുകയറുകയായിരുന്നു. ജാതകവശാല്‍ ആ യുവതികളെ പിന്തുടര്‍ന്നപ്പോള്‍ ജാതകവശാല്‍ കൈയേറ്റം ചെയ്യണമെന്നു തോന്നി. കൊയിലാണ്ടിയിലെ ഗുരുകുലം ബീച്ചിലെ കടലോരവാസികള്‍ ഗണേഷ്കുമാറിന്‍െറ ജാതകം വായിച്ചിരുന്നില്ല. വായിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും സഹതാപം തോന്നി അവര്‍ വിട്ടയച്ചേനെ. അന്ന് അടിപിടിക്കിടെ നഷ്ടമായ റാഡോ വാച്ച് ആണ് തൊണ്ടിമുതലായി കോടതിയില്‍വെച്ചിരിക്കുന്നത്. കേസ് ഒത്തുതീര്‍പ്പായപ്പോള്‍ അത് കൈപ്പറ്റണമെന്ന് അറിയിപ്പ് അയച്ചിട്ടും വാച്ച് വാങ്ങിയിട്ടില്ല. നിഷ്കളങ്കനായ ഒരു യുവാവിനെ ജന്മാന്തരങ്ങളോളം പിന്തുടരുന്ന അജ്ഞേയമായ നിയോഗങ്ങളുടെ ഭൗതികപ്രതീകമായ വാച്ച് ലേലത്തില്‍ വാങ്ങുന്നവര്‍ അതിന്‍െറ മൂല്യം തിരിച്ചറിഞ്ഞ് കാഴ്ചബംഗ്ളാവുകളില്‍ എത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
ജാതകത്തില്‍ പറഞ്ഞിട്ടില്ലാത്ത പ്രശ്നം ഇപ്പോള്‍ ഉയരുന്നുണ്ട്. നിഷ്കളങ്കനായ ഈ മനുഷ്യന്‍ ഗാര്‍ഹികാതിക്രമത്തിന്‍െറ പേരില്‍ പഴികേള്‍ക്കും എന്ന് ജാതകത്തില്‍ പറഞ്ഞിട്ടില്ല. ഭര്‍ത്താവ് മര്‍ദിച്ചുവെന്നാണ് യാമിനി തങ്കച്ചിയുടെ പരാതി. മര്‍ദിക്കുന്നതിന് ഗണ്‍മാനും സാക്ഷിയായിരുന്നത്രെ. സര്‍ക്കാര്‍വക കെട്ടിടത്തില്‍ മന്ത്രി ഭാര്യയെ മര്‍ദിച്ചിട്ടുണ്ടെങ്കില്‍ അതിന് ഗാര്‍ഹികപീഡന നിരോധ നിയമം അനുസരിച്ച് കേസ് എടുക്കുക തന്നെ വേണം. പി.ജെ. കുര്യനെപ്പോലെയോ പി.കെ. കുഞ്ഞാലിക്കുട്ടിയെപ്പോലെയോ പി.ജെ. ജോസഫിനെപ്പോലെയോ ഭാഗ്യവാനല്ല ഗണേഷ്കുമാര്‍. അവര്‍ക്ക് ഭാര്യമാരില്‍നിന്ന് കിട്ടുന്ന പിന്തുണ യാമിനിയില്‍നിന്ന് ഗണേഷിനു കിട്ടുന്നില്ല. നോക്കൂ, അക്കാര്യത്തില്‍പോലും ജാതകം ഈ ഹതഭാഗ്യനെ തുണച്ചിട്ടില്ല. ഭാഗ്യഭാവമായ ഒമ്പതാമിടത്ത് പാപഗ്രഹങ്ങള്‍ നില്‍ക്കുകയും, ഒമ്പതാം ഭാവാധിപന്‍ ബലഹീനനായി 6-8-12 എന്നീ ഭാവങ്ങളില്‍ ഏതിലെങ്കിലും ഒന്നില്‍ സ്ഥിതിയും ചെയ്താല്‍ ജാതകന്‍ ഭാഗ്യഹീനനായി ഭവിക്കും. അതാണ് ഗണേഷിന് സംഭവിച്ചത്. അനന്തമജ്ഞാതമവര്‍ണനീയമായ ഈ പ്രപഞ്ചത്തിന്‍െറ ഏതെല്ലാമോ കോണുകളിലിരുന്ന് ഗ്രഹങ്ങള്‍ ഈ നിഷ്കളങ്കയുവാവിനെ ദ്രോഹിക്കുന്നത് കാണുമ്പോള്‍ ആര്‍ക്കായാലും സങ്കടം വരും. അഭിശപ്തമായ പൊതുജീവിതം വെച്ച് അദ്ദേഹത്തിന്‍െറ നിര്‍ഭാഗ്യജാതകം വായിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും ആ വേദന തന്നെ.
ഒമ്പതാം ഭാവാധിപന്‍ ശുഭഗ്രഹമായും ഭാവത്തില്‍ ശുഭഗ്രഹസ്ഥിതിയും, കാരകനായ വ്യാഴം ശുഭഗ്രഹത്തോടു ചേര്‍ന്നും നിന്നാല്‍ ജാതകന് പിതൃസുഖം ലഭിക്കും. ഒമ്പതാം ഭാവാധിപനോ, കാരകനോ, ലഗ്നാധിപനേക്കാള്‍ ബലവും ശുഭന്മാരുടെ ദൃഷ്ടിയും ഉണ്ടായിരുന്നാല്‍ ആ ജാതകന്‍ പിതാവിന്‍െറ ഇഷ്ടത്തിനൊത്ത് ജീവിക്കുന്നവനായിരിക്കും. പിതാവ് ജനിച്ച കൂറിന്‍െറ പത്താമത്തെ രാശിയില്‍ ജനിച്ചാല്‍ പിതാവിനെപ്പോലെ ഗുണമുള്ളവനായിരിക്കും. പിതാവ് ജനിച്ച കൂറില്‍ ജനിച്ച ജാതകന് പിതൃധനം ലഭിക്കും. പിതൃജനനചന്ദ്രന്‍െറ ആറാം രാശിയിലോ അഷ്ടമരാശിയിലോ ജനിക്കുന്ന പുത്രന്‍ പിതാവിനോട് ശത്രുതയില്‍ പെരുമാറും. അങ്ങനെ ആറാം രാശിയിലോ അഷ്ടമരാശിയിലോ ആവണം ഗണേഷ് കുമാര്‍ ജനിച്ചത്. അതുകൊണ്ട് പിതാവും പുത്രനും ശത്രുതയില്‍ പെരുമാറുന്നു. മകനെതിരെ പെണ്‍വിഷയമുയര്‍ത്തി വിവാദമുണ്ടാക്കാന്‍ ആലുവ വൈ.എം.സി.എയില്‍ കരുനീക്കം നടത്തിയത് അച്ഛന്‍ തന്നെ. ‘അച്ഛനാണത്രേ അച്ഛന്‍’ എന്ന് ഏതോ സിനിമയില്‍ സലിം കുമാര്‍ പറഞ്ഞ ഡയലോഗ് ഗണേഷ് കുമാര്‍ എത്രതവണ മനസ്സിലുരുവിട്ടുകാണും! ഒമ്പതാം ഭാവാധിപനോ, കാരകനോ, ലഗ്നാധിപനേക്കാള്‍ ബലവും ശുഭന്മാരുടെ ദൃഷ്ടിയും ഇല്ലാതിരിക്കുന്നതുകൊണ്ടാണ് ഗണേഷ്കുമാറിന് പിതാവിന്‍െറ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാന്‍ കഴിയാത്തത്. പാര്‍ട്ടിക്കാരെ കിട്ടാവുന്ന സ്ഥാനങ്ങളിലൊക്കെ കുടിയിരുത്തണമെന്നും മകന്‍ പാര്‍ട്ടിക്കു വിധേയനായി നില്‍ക്കണമെന്നുമാണ് പിതാവിന്‍െറ ഇഷ്ടം. ഗണേഷ് കുമാറിനും മറിച്ചാവാന്‍ തരമില്ല. അച്ഛന്‍െറ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോവുമെന്നും അച്ഛനുമായി ഒരു പ്രശ്നവുമില്ലെന്നുമാണ് ഇന്നലെ ഗണേഷ് പറഞ്ഞത്. പക്ഷേ,ഒമ്പതാം ഭാവാധിപനോ, കാരകനോ, ലഗ്നാധിപനേക്കാള്‍ ബലവും ശുഭന്മാരുടെ ദൃഷ്ടിയും ഇല്ലാത്ത സ്ഥിതിക്ക് ഏതുനിമിഷവും പിതാവിന്‍െറ ഇഷ്ടത്തിന് എതിരെ നില്‍ക്കാനുള്ള സാധ്യതയും ജാതകവശാല്‍ തള്ളിക്കളയാനാവില്ല. ഇരുവരുടെയും ജാതകം വായിച്ചിരുന്നെങ്കില്‍ ഗണേഷിന്‍െറ പേഴ്സനല്‍ സ്റ്റാഫ് പ്രദീപ്കുമാറിന് പിള്ളയുടെ തല്ല് വാങ്ങിവെക്കേണ്ടിവരുമായിരുന്നില്ല.
പത്താം ഭാവാധിപന് ബലഹാനിയും പാപഗ്രഹബന്ധവുമുണ്ടായിരുന്നാല്‍ ജാതകന്‍ ചെയ്യുന്ന എല്ലാ കര്‍മങ്ങള്‍ക്കും ഹാനി ഉണ്ടാകുമെന്ന് ഉറപ്പാണ്. 34ാം വയസ്സില്‍ ഗതാഗതമന്ത്രിയായപ്പോള്‍ ഭരണമികവിന്‍െറ ഉദാഹരണമായ കര്‍മങ്ങള്‍ എത്ര ചെയ്തു. വല്ല കാര്യവുമുണ്ടായോ? ചെയ്യുന്ന കര്‍മങ്ങള്‍ക്കെല്ലാം ഹാനി വരുന്നത് ജാതകവിധിയല്ലാതെ മറ്റെന്താണ്? പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ പോയത് നല്ല കര്‍മമല്ലേ? അതുണ്ടാക്കിയ കര്‍മഹാനി കണ്ടോ? വനം കൈയേറ്റക്കാര്‍ക്കുവേണ്ടി സംസാരിക്കുന്ന പി.സി. ജോര്‍ജിന്‍െറ കണ്ണിലെ കരടായി എന്നതാണ് ആ കര്‍മത്തിന്‍െറ ദോഷഫലം. പെണ്‍വിഷയത്തിലൊരു പേരുദോഷം കൂടി കേള്‍ക്കാന്‍ പത്താം ഭാവാധിപനും പി.സി. ജോര്‍ജും കാരണമായി എന്നുപറഞ്ഞാല്‍ മതിയല്ലോ.
ഗുളികന്‍ ആറ്, പതിനൊന്ന് സ്ഥാനങ്ങളിലൊഴികെ എവിടെനിന്നാലും ദോഷം വരുത്തും. ഗുളികസ്തോത്രജപവും വ്യാഴപ്രീതിയും നടത്തി ദോഷപരിഹാരം നേടാവുന്നതാണ്. കൂടാതെ ഗുളികന്‍െറ പിതാവായ ശനീശ്വരനെ പ്രീതിപ്പെടുത്തുന്നതും ഉചിതം തന്നെ. സ്വന്തം പിതാവിനെ പ്രീതിപ്പെടുത്തുന്ന പതിവില്ലാത്ത ഗണേഷ് അതിനു മുതിരുമോ?

No comments:

Post a Comment