Tuesday, March 12, 2013

മുഖപ്രസംഗം March 12 - 2013


മുഖപ്രസംഗം March 12 - 2013

1. നീതി അകലെ ആകരുതെങ്കില്‍ (മാധ്യമം)

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് മകളുടെ വിവാഹകര്‍മത്തിനെത്താനും പിതാവിനെ സന്ദര്‍ശിക്കാനും കോടതി ജാമ്യം അനുവദിച്ചത് ആശ്വാസകരമാണ്. എന്നാല്‍, ജാമ്യം നിഷേധിക്കാന്‍ മുമ്പ് പലതവണ വിജയകരമായി നടന്ന ശ്രമങ്ങളും, ഇത്തവണപോലും നാട്ടിലെത്തുന്നത് വൈകിപ്പിക്കാന്‍ നടന്ന നീക്കങ്ങളും സൂചിപ്പിക്കുന്നത്, അണിയറയില്‍ കാര്യങ്ങള്‍ പഴയപടിതന്നെ എന്നാണ്.  നീതി അകലെയാണെന്ന അദ്ദേഹത്തിന്‍െറ പ്രസ്താവനയെ അതിരുവിട്ട ആരോപണമെന്നതിനേക്കാള്‍ , അന്യായങ്ങള്‍ക്കിരയായ ഒരാളുടെ സങ്കടഹരജിയായി കേള്‍ക്കുന്നതാണ് മനുഷ്യത്വം -നീതിയും.



2. കളിയരങ്ങിലെ നിത്യ വിസ്മയം (മനോരമ)
 
കഥകളിയരങ്ങില്‍ നിറഞ്ഞാടിയവര്‍ പലരുണ്ട്. പക്ഷേ, അരങ്ങിലെ അധികാരിയായി ഒരാളേ ഉണ്ടായിരുന്നുള്ളൂ; വിടപറഞ്ഞ കലാമണ്ഡലം രാമന്‍കുട്ടി നായരാശാന്‍. കളിയരങ്ങു ഭരിക്കുന്നതു പൊന്നാനിപ്പാട്ടുകാരനാണെന്നാണു വയ്പ്. പക്ഷേ, രാമന്‍കുട്ടിയാശാന്‍ അരങ്ങിലെത്തിയാല്‍ കഥമാറും. അരങ്ങിനു മൊത്തത്തിലൊരു ചിട്ടവരും. എല്ലാവരും ആദരപൂര്‍വം ഒതുങ്ങിനില്‍ക്കും. ആ വരവിനു തന്നെയുണ്ടൊരു ഗൌരവം. ആശാന്‍ അണിയറയില്‍ വന്നാല്‍ അവിടെയും വരും ഇൌ ചിട്ടയും ഗൌരവവും. 

3.  പരിഹാരം അഴിച്ചുപണി മാത്രം (മാത്രുഭൂമി )

1965-ല്‍ കെ.എസ്. ആര്‍ .ടി.സി.യായി പരിണമിക്കുന്നതിന് മുമ്പുള്ള സ്റ്റേറ്റ് മോട്ടോര്‍ സര്‍വീസിന്റെ കാലവും കൂടി കണക്കിലെടുത്താല്‍ നമ്മുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജനകീയ യാത്രാസംവിധാനത്തിന് ഇപ്പോള്‍ 75 വയസ്സായി. കൃത്യമായി പറഞ്ഞാല്‍ 1938 ഫിബ്രവരി 20-ന് ശ്രീചിത്തിരതിരുന്നാള്‍ ആ സംവിധാനം സ്വയമൊരു യാത്രക്കാരനായിക്കൊണ്ട് തുടക്കമിട്ടതാണെന്ന് കെ.എസ്.ആര്‍ .ടി.സി.യുടെ വെബ്‌സൈറ്റ് അഭിമാനപൂര്‍വം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേരളം ചുമക്കുന്ന കെ.എസ്.ആര്‍.ടി.സി. എന്ന ഭാരം ഇപ്പോള്‍ മലയാളികളെയാകെ വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.ഒറ്റനോട്ടത്തില്‍ തന്നെ കെ.എസ്.ആര്‍.ടി.സി. നല്‍കുന്ന ചിത്രം കേരളത്തിലെ തലയില്‍ കെട്ടിവെച്ചിട്ടുള്ള ഒരുഅമിതഭാരത്തിന്റേതാണ്. എത്ര കോടികള്‍ കിട്ടിയാലും മതിയാകാത്ത ഒരു സാമ്രാജ്യമാണത്. 




നീതി അകലെ ആകരുതെങ്കില്‍ (മാധ്യമം)
നീതി അകലെ ആകരുതെങ്കില്‍
പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് മകളുടെ വിവാഹകര്‍മത്തിനെത്താനും പിതാവിനെ സന്ദര്‍ശിക്കാനും കോടതി ജാമ്യം അനുവദിച്ചത് ആശ്വാസകരമാണ്. എന്നാല്‍, ജാമ്യം നിഷേധിക്കാന്‍ മുമ്പ് പലതവണ വിജയകരമായി നടന്ന ശ്രമങ്ങളും, ഇത്തവണപോലും നാട്ടിലെത്തുന്നത് വൈകിപ്പിക്കാന്‍ നടന്ന നീക്കങ്ങളും സൂചിപ്പിക്കുന്നത്, അണിയറയില്‍ കാര്യങ്ങള്‍ പഴയപടിതന്നെ എന്നാണ്.
നിയമപരമായി കൊടുക്കാതിരിക്കാന്‍ സാധ്യമല്ലാത്ത അവസ്ഥയിലാണ് ജാമ്യം ഇക്കുറി നല്‍കേണ്ടിവന്നത്. കടുത്ത നിയന്ത്രണങ്ങളോടെയാണ് കുറച്ചുദിവസത്തെ ജാമ്യം അദ്ദേഹത്തിന് നല്‍കിയത്. വിവാഹം നടത്തിക്കൊടുക്കെ മഅ്ദനി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി ചിലര്‍ ആക്ഷേപമുയര്‍ത്തുന്നുണ്ട്. ജാമ്യവ്യവസ്ഥ മഅ്ദനി ലംഘിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരിക്കുന്നു. നീതിയുടെ കിരണം ഇപ്പോഴും അകലെയാണെന്ന് മഅ്ദനി പറഞ്ഞു. അത് അദ്ദേഹത്തിന്‍െറ അനുഭവം. പ്രതികരണങ്ങളില്‍ അമിതാവേശം അരുതെന്ന് അദ്ദേഹം അനുയായികളെ ഓര്‍മിപ്പിച്ചു. താന്‍ കുറെ വര്‍ഷംമുമ്പ് നടത്തിയ പ്രസംഗങ്ങളിലെ പരുക്കന്‍ വാക്കുകളെച്ചൊല്ലി ഖേദിച്ചിട്ടുണ്ട്; ജനങ്ങളോടു മാപ്പു ചോദിച്ചിട്ടുണ്ട്. എന്നോ ചെയ്ത പ്രഭാഷണങ്ങളിലെ വാക്കെടുത്താണ് പിന്നീടും തന്നെ പീഡിപ്പിക്കുന്നത്. താന്‍ മാത്രമല്ല, നിരപരാധികളായ വേറെയും കുറെയാളുകള്‍ ജയിലുകളിലുണ്ട്. താനേതായാലും ദുഖിതനല്ല; എല്ലാം ദൈവിക പരീക്ഷണമെന്ന നിലക്ക് സമചിത്തതയോടെ സ്വീകരിക്കുന്നു... മഅ്ദനിയുടെ വാക്കുകള്‍ പ്രകോപനപരമാണോയെന്ന് ആവശ്യമെങ്കില്‍ കോടതിതന്നെ പരിശോധിച്ചു കൊള്ളട്ടെ. എന്നാല്‍ , നീതി അകലെയാണെന്ന അദ്ദേഹത്തിന്‍െറ പ്രസ്താവനയെ അതിരുവിട്ട ആരോപണമെന്നതിനേക്കാള്‍ , അന്യായങ്ങള്‍ക്കിരയായ ഒരാളുടെ സങ്കടഹരജിയായി കേള്‍ക്കുന്നതാണ് മനുഷ്യത്വം -നീതിയും. ജുഡീഷ്യല്‍ നടപടിക്രമങ്ങളിലെ കാലവിളംബത്തിന്‍െറയും പൊലീസ് അടക്കമുള്ള ഭരണകൂട ഉപകരണങ്ങളുടെ പക്ഷപാതിത്വത്തിന്‍െറയും ഇരകളായി എത്രയോ നിരപരാധികളടക്കം ആയിരങ്ങള്‍ ജയിലുകളില്‍ വര്‍ഷങ്ങളായി കഴിയുന്നുണ്ടെന്നത്, വിരമിച്ചവരും അല്ലാത്തവരുമായ ഉന്നത ജഡ്ജിമാരടക്കം ചൂണ്ടിക്കാട്ടുന്ന വസ്തുതയാണ്.

അതേസമയം, ജനങ്ങളില്‍ മതദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിച്ചവര്‍ നിയമത്തിന്‍െറ പിടിയില്‍നിന്ന് രക്ഷപ്പെടുന്നതും നാം കാണുന്നു. ഈ ജനുവരിയില്‍ മഹാരാഷ്ട്രയിലെ ഭോക്കര്‍ പട്ടണത്തില്‍ അത്യന്തം പ്രകോപനപരമായ ഒരു പ്രസംഗം വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ ചെയ്തു. വര്‍ഗീയ വിഷം വമിച്ചതിന് ആന്ധ്രയിലെ അക്ബര്‍ ഉവൈസിയെ അല്‍പംമുമ്പ് അറസ്റ്റ് ചെയ്ത് കേസെടുത്ത കാര്യം പലരും എടുത്തുകാട്ടിയതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ തൊഗാഡിയക്കെതിരെ കേസെടുത്തു. എന്നാല്‍ , അദ്ദേഹത്തെ അറസ്റ്റ് ചെയ്തില്ല. പൊലീസാണ് അത് ചെയ്യേണ്ടതെന്ന് സര്‍ക്കാറും സര്‍ക്കാറിന്‍െറ രാഷ്ട്രീയ തീരുമാനം ആവശ്യമാണെന്ന് പൊലീസും പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ഹൈദരാബാദില്‍വെച്ചു നടത്തിയ വര്‍ഗീയ പ്രകോപനത്തിന്‍െറ പേരില്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഈ ജനുവരിയില്‍ തൊഗാഡിയക്കെതിരെ കേസെടുത്തു. അതിനുമുമ്പ് ജമ്മു-കശ്മീരിലെ രജൗരിയില്‍വെച്ചു നടത്തിയ മറ്റൊരു മുസ്ലിംവിരുദ്ധ പ്രസംഗം വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ചു. അതിന്‍െറ പേരിലും അദ്ദേഹത്തിനെതിരെ കേസുണ്ട്. അതിനുമുമ്പ്, മുസ്ലിംകളെയും ക്രിസ്ത്യാനികളെയും രാജ്യം തുരത്തേണ്ട രാഹു-കേതുക്കളായി വിശേഷിപ്പിച്ചിരുന്നു തൊഗാഡിയ. ഗുജറാത്ത് വംശഹത്യയെ അശോക് സിംഗാള്‍ ‘വിജയകരമായ പരീക്ഷണ’മെന്ന് പുകഴ്ത്തി. ഇത്തരം പ്രകോപന പ്രസംഗങ്ങള്‍ക്കെതിരെ ചിലപ്പോള്‍ കേസെടുത്തെങ്കിലായി എന്നല്ലാതെ അറസ്റ്റൊന്നും നടക്കുന്നില്ല. ഇനി ഇത്തരം കേസുകളുടെ തന്നെ കാര്യമോ? ബാബരി ധ്വംസനക്കേസില്‍ കൊടും വര്‍ഗീയത പറഞ്ഞവര്‍വരെ പിന്നീട് കേസില്‍നിന്ന് രക്ഷപ്പെട്ടു. ബി.ജെ.പി നേതാവും മേനക ഗാന്ധിയുടെ മകനുമായ വരുണ്‍ഗാന്ധി 2009ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടക്ക് നടത്തിയ രണ്ട് പ്രസംഗങ്ങളുടെ പേരില്‍ എടുത്ത രണ്ടു കേസുകളും തള്ളപ്പെട്ടത് ഈയിടെയാണ്. അദ്ദേഹത്തിന്‍െറ വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്; പ്രസംഗങ്ങളുടെ ‘നിലവാരം’ കാരണം ബി.ജെ.പിപോലും ഒരു ഘട്ടത്തില്‍ അവയില്‍നിന്ന് അകലം പാലിച്ചു; ബി.ജെ.പി വക്താവ് അതിനെ തള്ളിപ്പറഞ്ഞു. മായാവതി സര്‍ക്കാര്‍ വരുണിനെ അറസ്റ്റ്ചെയ്ത് കേസെടുത്തു. എന്നാല്‍ , അഖിലേഷ് യാദവ് സര്‍ക്കാറിനു കീഴില്‍ പ്രോസിക്യൂഷന്‍തന്നെ കേസ് ദുര്‍ബലപ്പെടുത്തുന്നതാണ് പിന്നീട് കണ്ടത്. ഒരു ഘട്ടത്തില്‍ കേസ് പിന്‍വലിക്കാന്‍വരെ ശ്രമമുണ്ടായെങ്കിലും വ്യാപകമായ പ്രതിഷേധം കാരണം നടന്നില്ല.
വരുണിന്‍െറ പ്രസംഗം തെളിവായി കാണിക്കാന്‍ അദ്ദേഹത്തിന്‍െറ ശബ്ദസാമ്പിള്‍ വേണ്ടിയിരുന്നു. അത് നല്‍കാന്‍ അദ്ദേഹം തയാറായില്ല; പ്രോസിക്യൂഷന്‍ നിര്‍ബന്ധിച്ചുമില്ല. സര്‍ക്കാര്‍ ഇങ്ങനെ പിന്‍വലിഞ്ഞതോടെ 18 സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറി. വരുണ്‍ ശബ്ദസാമ്പിള്‍ നല്‍കാന്‍ തയാറാകാത്ത കാര്യം കോടതിയെ പ്രോസിക്യൂട്ടര്‍ അറിയിക്കുകപോലും ചെയ്തില്ല. അതേസമയം, ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഒരു ഹരജി പ്രോസിക്യൂഷന്‍െറ താല്‍പര്യമില്ലായ്മ കാരണം കോടതി അവഗണിക്കുകയും ചെയ്തു. നീതികേടിനെപ്പറ്റിപറഞ്ഞതിന് മഅ്ദനിക്കെതിരെ രോഷംകൊള്ളുന്ന ബി.ജെ.പി, ഇത്തരം വിദ്വേഷ പ്രചാരണങ്ങളെപ്പറ്റിയും അവയുടെ കാര്യത്തില്‍ നീതിന്യായരംഗത്തുള്ള നിസ്സംഗതയെപ്പറ്റിയും മൗനംപാലിക്കുന്നു. നീതിക്കും നിയമത്തിനും രണ്ടു താപ്പാണെന്ന ആക്ഷേപത്തെ ശരിവെക്കുകയല്ലേ അവര്‍ ചെയ്യുന്നത്? നമ്മുടെ രാജ്യത്തെ നാണം കെടുത്തുന്നതും രാജ്യവാസികളെ തമ്മില്‍ തല്ലിച്ച് ദ്രോഹിക്കുന്നതും ആരാണ്?


കളിയരങ്ങിലെ നിത്യ വിസ്മയം (മനോരമ)
 
malmanoramalogo
കഥകളിയരങ്ങില്‍ നിറഞ്ഞാടിയവര്‍ പലരുണ്ട്. പക്ഷേ, അരങ്ങിലെ അധികാരിയായി ഒരാളേ ഉണ്ടായിരുന്നുള്ളൂ; വിടപറഞ്ഞ കലാമണ്ഡലം രാമന്‍കുട്ടി നായരാശാന്‍. കളിയരങ്ങു ഭരിക്കുന്നതു പൊന്നാനിപ്പാട്ടുകാരനാണെന്നാണു വയ്പ്. പക്ഷേ, രാമന്‍കുട്ടിയാശാന്‍ അരങ്ങിലെത്തിയാല്‍ കഥമാറും. അരങ്ങിനു മൊത്തത്തിലൊരു ചിട്ടവരും. എല്ലാവരും ആദരപൂര്‍വം ഒതുങ്ങിനില്‍ക്കും. ആ വരവിനു തന്നെയുണ്ടൊരു ഗൌരവം. ആശാന്‍ അണിയറയില്‍ വന്നാല്‍ അവിടെയും വരും ഇൌ ചിട്ടയും ഗൌരവവും. ഇതൊന്നും അരങ്ങിലെ നിറവിന്റെ മാത്രം പ്രതിഫലനമായിരുന്നില്ല. കഥകളിയെ കഥകളിയായിത്തന്നെ നിലനിര്‍ത്താന്‍ അദ്ദേഹം കാണിച്ച കൃത്യനിഷ്ഠയ്ക്കും നിശ്ചയദാര്‍ഢ്യത്തിനും ഉള്ള അംഗീകാരമായിരുന്നു. കല്ലുവഴിച്ചിട്ടയുടെ വക്താവായ അദ്ദേഹം അതില്‍ വെള്ളം ചേര്‍ക്കുന്നതിനെ ഒട്ടും അംഗീകരിച്ചിരുന്നില്ല.


ചൊല്ലിയാട്ടത്തിന്റെ ചിട്ടയും വെടിപ്പും മുദ്രക്കൈകളുടെ വടിവും സൌന്ദര്യവും കലാശങ്ങളുടെ ചടുലതയും താളനിബദ്ധതയും എല്ലാം ചേര്‍ന്ന തികഞ്ഞ ശാസ്ത്രീയ സ്വഭാവം ഒരു തരത്തിലും കഥകളിയെ വിട്ടുപോകരുതെന്ന് ആഗ്രഹിച്ച അദ്ദേഹം അക്കാര്യത്തില്‍ കടുത്ത നിര്‍ബന്ധബുദ്ധി പുലര്‍ത്തിപ്പോന്നു. കാലികമായ പരിഷ്കാരങ്ങള്‍ വരുമ്പോഴും കഥകളിയുടെ അടിത്തറയ്ക്കു കാര്യമായ കേടു സംഭവിക്കാതെ നിലനിന്നത് ആശാനെപ്പോലുള്ളവര്‍ ശക്തമായി അമരം പിടിച്ചതുകൊണ്ടുകൂടിയാണ്. മുദ്രകളുടെ ഭംഗിയും ചലനങ്ങളുടെ സൌന്ദര്യവും ആസ്വദിക്കണമെങ്കില്‍ രാമന്‍കുട്ടിയാശാന്‍ പതിഞ്ഞ പദം ആടുന്നതു കാണണം.

കുലഗുരുവായ ഇട്ടിരാരിശ മേനോന്‍ തുടങ്ങിവച്ച കല്ലുവഴിച്ചിട്ടയെ പില്‍ക്കാലത്ത് ഊട്ടിവളര്‍ത്തിയ പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍ ആശാനില്‍ നിന്നാണു രാമന്‍കുട്ടിയാശാന്‍ കഥകളി അഭ്യസിക്കുന്നത്. ആ ചിട്ടയുടെ പൂര്‍ണ പുരുഷാവതാരമായി പിന്നീടു വളര്‍ന്നുപന്തലിച്ചത് രാമന്‍കുട്ടി നായരാശാന്‍ തന്നെയാണെന്നു പറയാം. ആശാന്റെ ഏതു വേഷവും പകര്‍ന്നുതരുന്ന അനുഭവവും മറ്റൊന്നല്ല. കോട്ടയം കഥകളിലെയും മറ്റും ചൊല്ലിയാട്ട പ്രധാനമായ വേഷങ്ങള്‍ എന്നും രാമന്‍കുട്ടി നായരാശാന്റെ മാസ്റ്റര്‍ പീസ് ആയിരുന്നു. പച്ച, കത്തി, വെള്ളത്താടി വേഷങ്ങള്‍ക്കൊപ്പം പരശുരാമന്‍, ദുര്‍വാസാവ് തുടങ്ങിയ മിനുക്കു വേഷങ്ങളിലും അദ്ദേഹം ശോഭിച്ചു. വീര, ഹാസ്യ രസപ്രധാനമായ വേഷങ്ങളിലാണു കൂടുതല്‍ ശോഭിച്ചത്.

രജോഗുണ പ്രധാനമായ കത്തിവേഷങ്ങള്‍ക്കു സൌന്ദര്യത്തെക്കാന്‍ പ്രധാനമാണു ഗൌരവം. അതു വേണ്ടുവോളമുണ്ടായിരുന്നു ആശാന്റെ വേഷങ്ങള്‍ക്ക്. ജീവിതത്തില്‍ ഒരു നിഷ്ഠപോലെ പുലര്‍ത്തിപ്പോന്ന അഭിജാതമായ ഗൌരവസ്വഭാവം അരങ്ങത്തും കൈവിടാറില്ല. കത്തിവേഷം തീര്‍ന്ന് അരങ്ങത്തേക്കു വരുന്ന അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കാന്‍ തന്നെ ശങ്ക തോന്നും. ഏറെ ആരാധകര്‍ ഹനുമാന്‍ വേഷങ്ങള്‍ക്ക് ആയിരുന്നെങ്കിലും കത്തിവേഷങ്ങളാണ് ആശാന്റെ പേരിനൊപ്പം എന്നും കളിക്കമ്പക്കാരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്. കത്തിവേഷങ്ങളുടെ വരവ് അറിയിക്കുന്ന പാടിരാഗം കേട്ടാല്‍ ഒാര്‍മവരുന്നതു രാമന്‍കുട്ടി നായരാശാനെയാണ്. ആ രാഗത്തിനു തന്നെയുണ്ട് ഒരു ഗൌരവ ഭാവം. ആറാം തമ്പുരാന്‍ പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ വാക്കുകളില്‍ 'കലാമണ്ഡലം രാമന്‍കുട്ടി നായര്‍ അരങ്ങത്തുനിന്നു തിരിച്ച് അണിയറയിലേക്കു പോകുമ്പോഴത്തെ നിലയും ഗൌരവവും മറ്റുപലരും അരങ്ങത്തേക്കു വരുന്നതു കാണുമ്പോള്‍ പോലും തോന്നാറില്ല.

രാമന്‍കുട്ടി നായരാശാന്‍ ഇനി ഇല്ലെന്ന സത്യം ഉള്‍ക്കൊള്ളാന്‍ കളിക്കമ്പക്കാര്‍ക്ക് അത്ര എളുപ്പമല്ല. പാടിരാഗം കേള്‍ക്കുമ്പോള്‍ തിരശ്ശീലയ്ക്കപ്പുറം രാമന്‍കുട്ടിയാശാന്റെ കത്തിവേഷം തിരനോട്ടത്തിനൊരുങ്ങി നില്‍പ്പുണ്ടെന്നേ തോന്നൂ. അരങ്ങിലും ആരാധക മനസ്സിലും അത്രമാത്രം ലയിച്ചുചേര്‍ന്നിരിക്കുന്നു ആശാന്‍.


പരിഹാരം അഴിച്ചുപണി മാത്രം (മാത്രുഭൂമി )


Newspaper Edition
1965-ല്‍ കെ.എസ്.ആര്‍.ടി.സി.യായി പരിണമിക്കുന്നതിന് മുമ്പുള്ള സ്റ്റേറ്റ് മോട്ടോര്‍ സര്‍വീസിന്റെ കാലവും കൂടി കണക്കിലെടുത്താല്‍ നമ്മുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജനകീയ യാത്രാസംവിധാനത്തിന് ഇപ്പോള്‍ 75 വയസ്സായി. കൃത്യമായി പറഞ്ഞാല്‍ 1938 ഫിബ്രവരി 20-ന് ശ്രീചിത്തിരതിരുന്നാള്‍ ആ സംവിധാനം സ്വയമൊരു യാത്രക്കാരനായിക്കൊണ്ട് തുടക്കമിട്ടതാണെന്ന് കെ.എസ്.ആര്‍.ടി.സി.യുടെ വെബ്‌സൈറ്റ് അഭിമാനപൂര്‍വം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേരളം ചുമക്കുന്ന കെ.എസ്.ആര്‍.ടി.സി. എന്ന ഭാരം ഇപ്പോള്‍ മലയാളികളെയാകെ വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.ഒറ്റനോട്ടത്തില്‍ തന്നെ കെ.എസ്.ആര്‍.ടി.സി. നല്‍കുന്ന ചിത്രം കേരളത്തിലെ തലയില്‍ കെട്ടിവെച്ചിട്ടുള്ള ഒരുഅമിതഭാരത്തിന്റേതാണ്. എത്ര കോടികള്‍ കിട്ടിയാലും മതിയാകാത്ത ഒരു സാമ്രാജ്യമാണത്. പ്രതിമാസ നഷ്ടം 90 കോടി രൂപയാണതിന്റേത്. ഗുരുതരമായ പ്രതിസന്ധിയില്‍ നിന്നുള്ള തത്കാലരക്ഷയ്ക്ക് 384 കോടി ഉടന്‍ വേണമെന്നാണ് കെ.എസ്.ആര്‍.ടി.സി. സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.


1320 കോടിയോളം കടമെടുത്താണ് ആ സ്ഥാപനം നില്‍ക്കുന്നതുതന്നെ. പ്രതിമാസം പെന്‍ഷന്‍ കൊടുക്കാന്‍ മാത്രം 34 കോടി വേണം. 36,536 പെന്‍ഷന്‍കാരുണ്ട്. ഇതില്‍ 8,000 പേര്‍ക്ക് അത് കൊടുക്കാന്‍ പോലുമായിട്ടില്ല. 40,000 ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുകയും വേണം. കേന്ദ്രസഹായമില്ലാതെ ഒരു നിലയ്ക്കും മുന്നോട്ടുപോകാനാകില്ലെന്നാണ് ട്രാസ്‌പോര്‍ട്ട് മന്ത്രിയുടെ നിലപാടെങ്കില്‍ അത് ഇനി ഒരു നിലയ്ക്കും പ്രതീക്ഷിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു. ഒരു സ്ഥാപനമെന്ന നിലയ്ക്ക് ഒരുപാട് വൈകല്യങ്ങളും പേറിയാണ് കെ.എസ്.ആര്‍.ടി.സി. ഓടിക്കൊണ്ടിരിക്കു ന്നത്. ഡീസലിന്റെ വിലവര്‍ധനയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെങ്കിലും സ്ഥാപനത്തിന്റെ ആരോഗ്യസ്ഥിതി എത്രയോ കാലമായി മോശമാണ്. എന്നാല്‍ രക്ഷിക്കാന്‍ കഴിയാത്തവിധത്തിലുള്ള ഒരുസ്ഥിതിയില്‍ ഇപ്പോഴും അകപ്പെട്ടിട്ടില്ലെന്ന് 'പ്രതിസന്ധിയുടെ ലാസ്റ്റ്‌ബെല്‍ ' എന്ന തലക്കെട്ടില്‍ 'മാതൃഭൂമി' പ്രസിദ്ധീകരിച്ച വാര്‍ത്താപരമ്പര വ്യക്തമാക്കുന്നു. രക്ഷാനടപടികള്‍ കൈക്കൊള്ളാന്‍ അധികാരികളും ജീവനക്കാരും തയ്യാറുണ്ടോ എന്നതാണ് അറിയാനിരിക്കുന്നത്. ശമ്പളവും പെന്‍ഷനും കടം വാങ്ങിയതിന്റെ പലിശയും കൊടുത്തു തീര്‍ക്കാന്‍ വേണ്ടി മാത്രം കറന്നെടുക്കപ്പെടുന്ന ഒരു സ്ഥാപനമായി കെ.എസ്.ആര്‍.ടി.സി. മാറിത്തീര്‍ന്നത് ഒരു സുപ്രഭാതത്തിലല്ല. പൊതുമേഖലയെന്നത് അതിനെ ചൂഷണം ചെയ്യുന്നവരുടെ ഒരഭയകേന്ദ്രമാക്കി മാറ്റിയെടുത്ത നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങള്‍ക്കും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്കും ഇതില്‍ തുല്യപങ്കാളിത്തമാണുള്ളത്.

കേന്ദ്ര സര്‍ക്കാര്‍ വന്‍കിട ഡീസല്‍ ഉപഭോക്താക്കളുടെ പട്ടികയില്‍ കെ.എസ്.ടി.സി.യെ കൂടി ഉള്‍പ്പെടുത്തിയതുകൊണ്ട് ഡീസലിന് അധികവില നല്‍കി വാങ്ങേണ്ടിവരുന്നതുകൊണ്ടുള്ള പ്രതിസന്ധി എരിതീയില്‍ എണ്ണ ഒഴിച്ചതുപോലെയായി എന്നുമാത്രം. 50.80 രൂപയ്ക്ക് സാധാരണ ഉപഭോക്താവിന് കിട്ടുന്ന ഡീസലിന് കെ.എസ്.ആര്‍.ടി.സി.ക്ക് 63.70 രൂപ നല്‍കണം. 13 രൂപ കൂടുതല്‍. കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം ഇത് എട്ടുകോടിയുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സി.ക്ക് ഉണ്ടാക്കിയത്. വരുമാനത്തില്‍ അത്രയും കുറവുണ്ടായെന്നാണര്‍ഥം. പൊതുമേഖലാസ്ഥാപനമെന്ന നിലയ്ക്ക് ലാഭം മാത്രം നോക്കി പ്രവര്‍ത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് പരിമിതികളുണ്ട് എന്നത് വസ്തുതയാണ്. ജനങ്ങളുടെ ആവശ്യാര്‍ഥം ലാഭകരമല്ലാത്ത റൂട്ടുകളില്‍ ബസ്സോടിക്കേണ്ടിവന്നേക്കാം. എന്നാല്‍ ഈ പരിമിതിക്കുള്ളില്‍നിന്നുകൊണ്ടുതന്നെ, സ്ഥാപനം, കനത്ത നഷ്ടം വരാത്ത രീതിയില്‍ നടത്തികൊണ്ടുപോകുക എന്നത് അസാധ്യമല്ല.
എന്തിന് വെള്ളാനകളുടെ സാമ്രാജ്യമായി മാറിയ ഒരു സ്ഥാപനത്തെ ചുമന്നുകൊണ്ടുനടക്കണം എന്ന ചോദ്യം ഭാവി കേരളമല്ല വര്‍ത്തമാനകേരളം തന്നെ ഉന്നയിച്ചുതുടങ്ങിയിരിക്കുന്നു. വിത്തുകള്‍ മനുഷ്യരായാലും പക്ഷികളായാലും സംഭരിച്ചുവെക്കുന്നത് ക്ഷാമകാലത്തേക്കും വരും കാലത്തേക്കുമുള്ള കരുതലായാണ്. അതിനെ കുത്തിത്തിന്നുന്നത് ആരായാലും അത് വംശനാശത്തിലേക്കാണ് വഴിവെക്കുക. കെ.എസ്.ആര്‍.ടി.സി.യെ വംശനാശത്തില്‍ നിന്ന് രക്ഷിക്കാന്‍ സമ്പൂര്‍ണമായൊരു അഴിച്ചുപണി മാത്രമാണ് പരിഹാരം. ഇപ്പോഴുള്ളത് കാലഹരണപ്പെട്ട ഒരു സംവിധാനമാണ്. ഇനിയും വെച്ചുകൊണ്ടിരുന്നാല്‍ നമ്മുടെ ആനവണ്ടികള്‍ കാഴ്ചബംഗ്ലാവുകളിലേക്കെത്താന്‍ ഏറെ നാള്‍ കാത്തിരിക്കേണ്ടിവരില്ല.

No comments:

Post a Comment