മുഖപ്രസംഗം March 09 - 2013
1. കാര്‍ഷിക കടാശ്വാസത്തിന്റെ ദുര്‍ഗതി (മാധ്യമം)
കടക്കെണിയിലായ കര്‍ഷകരുടെ ആത്മഹത്യാ നിരക്ക് ഭയാനകമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ഒന്നാം യു.പി.എ സര്‍ക്കാര്‍ 2008ല്‍ നടപ്പാക്കിയ കടാശ്വാസ പദ്ധതിയില്‍ വ്യാപകമായ ക്രമക്കേടുകളും തിരിമറിയും അരങ്ങേറിയതായി കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയത് പാര്‍ലമെന്‍റില്‍ വലിയ ഒച്ചപ്പാടിന് വഴിവെച്ചു. അര്‍ഹര്‍ക്ക് ആശ്വാസം നിഷേധിക്കപ്പെടുകയും അനര്‍ഹര്‍ക്ക് ലഭിക്കുകയും ചെയ്തതിന്‍െറ ഒട്ടേറെ ഉദാഹരണങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ട് അനാവരണം ചെയ്തത്. 52,000 കോടി രൂപ ചെറുകിട, ഇടത്തരം കൃഷിക്കാരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനാണ് സര്‍ക്കാര്‍ നീക്കിവെച്ചതെങ്കിലും വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ക്കാന്‍ തയാറായ വന്‍കിട കൃഷിക്കാര്‍ക്കാണ് 25 ശതമാനവും അനുവദിച്ചതെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു.
2. ഓര്‍മകള്‍ ഉണ്ടായിരിക്കണം (മാതൃഭൂമി)
മലയാളികളുടെ ചിന്തയിലും ഭാവനയിലും എന്നും വസന്തം വിരിയിക്കുന്ന ഭാഷയിലെ നിത്യവിസ്മയമാണ് ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം'. ഖസാക്കിലെ 'കൂമന്‍കാവ്' നമുക്കൊരു ദേശംതന്നെയാണ്. ഓരോ വായനയും ഓരോ സന്ദര്‍ശനത്തിന്റെ സവിശേഷാനുഭൂതികള്‍ പകരുന്ന ദേശം. അത് നമ്മുടെ സ്മൃതിവനങ്ങളുടെ ഭാഗമാണ്. ഒ.വി. വിജയന്‍ പഠിച്ച കോട്ടയ്ക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇതിഹാസകാരന്റെ സ്മരണയ്ക്ക് ഒരു സ്മൃതിവനം നിര്‍മിക്കുന്നു എന്നത് ഭാഷയെ സ്‌നേഹിക്കുന്ന ആര്‍ക്കും അഭിമാനമാക്കേണ്ടതാണ്. അതൊരു സാമൂഹികപാഠമാണ്. എന്നാല്‍, ആ പാഠത്തിനകത്തെ ഒ.വി. വിജയന്‍ശില്പത്തെ അജ്ഞാതരായ ചില സമൂഹവിരുദ്ധര്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നത് ഏത് മലയാളിയെയും ഞെട്ടിക്കുന്നതാണ്. അതൊരു നിസ്സാര സംഭവമല്ല. ശില്പത്തിന്റെ കണ്ണട തകര്‍ക്കുകയും കണ്ണ് തുരന്നെടുക്കുകയും ചെയ്തതില്‍ പ്രതീകാത്മകമായ ഒരു യുദ്ധപ്രഖ്യാപനമുണ്ട്. നമ്മുടെ സ്മൃതികളോടും ചരിത്രത്തോടുമുള്ള ഒരു ധിക്കാരമുണ്ട്. വ്യത്യസ്തമായ കാഴ്ചകള്‍ നമുക്ക് പകര്‍ന്നുതന്ന ഒരെഴുത്തുകാരന്റെ സ്മരണയോടുള്ള അനാദരവാണത്.
കാര്‍ഷിക കടാശ്വാസത്തിന്റെ ദുര്‍ഗതി (മാധ്യമം)
കടക്കെണിയിലായ കര്‍ഷകരുടെ ആത്മഹത്യാ നിരക്ക് ഭയാനകമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ഒന്നാം യു.പി.എ സര്‍ക്കാര്‍ 2008ല്‍ നടപ്പാക്കിയ കടാശ്വാസ പദ്ധതിയില്‍ വ്യാപകമായ ക്രമക്കേടുകളും തിരിമറിയും അരങ്ങേറിയതായി കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയത് പാര്‍ലമെന്‍റില്‍ വലിയ ഒച്ചപ്പാടിന് വഴിവെച്ചു. അര്‍ഹര്‍ക്ക് ആശ്വാസം നിഷേധിക്കപ്പെടുകയും അനര്‍ഹര്‍ക്ക് ലഭിക്കുകയും ചെയ്തതിന്‍െറ ഒട്ടേറെ ഉദാഹരണങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ട് അനാവരണം ചെയ്തത്. 52,000 കോടി രൂപ ചെറുകിട, ഇടത്തരം കൃഷിക്കാരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനാണ് സര്‍ക്കാര്‍ നീക്കിവെച്ചതെങ്കിലും വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ക്കാന്‍ തയാറായ വന്‍കിട കൃഷിക്കാര്‍ക്കാണ് 25 ശതമാനവും അനുവദിച്ചതെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു. പരിശോധിച്ച 80,229 കേസുകളില്‍ 6822 വായ്പകള്‍ എഴുതിത്തള്ളിയതും അനര്‍ഹര്‍ക്കാണെന്ന് വ്യക്തമായി. ഇതിന്മേല്‍ കടിച്ചുതൂങ്ങിയാണ് സി.എ.ജി റിപ്പോര്‍ട്ട് സമഗ്രമല്ലെന്നും പരിശോധനാ വിധേയമായിട്ടില്ലാത്ത വായ്പാ സംഭവങ്ങളൊക്കെ നേരാംവണ്ണമാണെന്നും കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ വാദിക്കുന്നത്. എന്നാല്‍ , പവാറിന്‍െറ കണക്കുപ്രകാരം 3.7 കോടി ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്. അവയൊക്കെയും സൂക്ഷ്മമായി പരിശോധിച്ചിട്ടില്ല എന്നതുകൊണ്ട് എല്ലാം അര്‍ഹര്‍ക്കും ക്രമാനുസൃതവുമായിരുന്നെന്ന് എങ്ങനെ അവകാശപ്പെടാനാവും? പരിശോധിച്ചതില്‍ ക്രമക്കേടിന്‍െറ അനുപാതം 22 ശതമാനമാണ് എന്നിരിക്കെ എല്ലാം ഓഡിറ്റിന് വിധേയമാക്കിയിരുന്നെങ്കില്‍ അതിഭീമമായ ദുര്‍വിനിയോഗത്തിന്‍െറ ചിത്രമാണ് ലഭിക്കുകയെന്ന് വ്യക്തം. കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ ആനുകൂല്യം കാര്‍ഷികേതര വായ്പകള്‍ക്ക് നല്‍കല്‍, യോഗ്യരായ അപേക്ഷകര്‍ക്ക് സഹായം നിഷേധിക്കല്‍, ചിലര്‍ക്ക് അര്‍ഹിക്കുന്ന തുകയേക്കാള്‍ കൂടുതല്‍ അനുവദിക്കല്‍ തുടങ്ങിയ ക്രമക്കേടുകളാണ് വ്യാപകമായി പുറത്തുവന്നിരിക്കുന്നത്. ഇതൊന്നും ക്രമക്കേടല്ലെന്ന് സര്‍ക്കാര്‍ പറയുന്നുമില്ല. ലോക്സഭയില്‍ ഒച്ചപ്പാടായപ്പോള്‍ ക്രമക്കേട് തെളിഞ്ഞാല്‍ കര്‍ശന നടപടിയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉറപ്പുനല്‍കേണ്ടിവന്നുവെങ്കിലും അന്വേഷണത്തിനോ നടപടിക്കോ പാക്കേജ് ഒന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. വന്‍ ക്രമക്കേടുകളില്‍ കേരളത്തിനും അര്‍ഹമായ പങ്ക് ലഭിച്ചിട്ടുണ്ടെന്ന് ന്യായമായും അഭിമാനിക്കാം! അര്‍ഹമായ തുകയേക്കാള്‍ 90 ലക്ഷം രൂപ വായ്പയെടുത്ത കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. കടം പൂര്‍ണമായി എഴുതിത്തള്ളിയ വകയില്‍ 1.17 കോടി രൂപ കേരളത്തില്‍ അധികം ചെലവഴിച്ചു. കാര്‍ഷികേതര വായ്പകള്‍ എഴുതിത്തള്ളാന്‍ 18 ലക്ഷം രൂപ നീക്കിവെച്ച സംഭവവുമുണ്ടായി.
ഭീമമായ ക്രമക്കേടും ദുര്‍വിനിയോഗവും അഴിമതിയും കൂടാതെ ഒരൊറ്റ പദ്ധതിയും രാജ്യത്ത് നടപ്പാക്കാനാവില്ല എന്നുറപ്പിക്കാന്‍ ഇനി ആരെയും കാത്തിരിക്കേണ്ടതില്ല. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ്, സിവില്‍ ഏവിയേഷന്‍, ഖനനം, ഒടുവില്‍ പ്രതിരോധം എന്നീ രംഗങ്ങളിലെല്ലാം ഭീകരമായ അഴിമതികള്‍ നടന്നതായി വെളിപ്പെട്ട പശ്ചാത്തലത്തില്‍ ജനമനസ്സുകള്‍ മരവിച്ചുകിടക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോ രാഷ്ട്രീയ പാര്‍ട്ടികളോ മുന്നണികളോ ആരും ഈ ചക്കരക്കുടത്തില്‍ കൈയിട്ട് വാരാത്തവരായില്ല എന്ന് ജനങ്ങള്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാണ്. അതിലേക്കാണ് ഇപ്പോള്‍ കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ വന്‍ ദുര്‍വിനിയോഗവും കടന്നുവന്നിരിക്കുന്നത്. കൃഷിനാശവും വിളകളുടെ വിലയിടിവും മൂലം കാര്‍ഷികോല്‍പാദനം കുറയുകയും ഭക്ഷ്യസുരക്ഷ അപകടപ്പെടുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്ത സന്ദര്‍ഭത്തിലാണ് തിരിച്ചടവ് സാധിക്കാതെ കടക്കെണിയില്‍ കര്‍ഷകരുടെ ജീവന്‍ ഹോമിക്കപ്പെടുന്ന ദുരന്തങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അവശേഷിക്കുന്ന കൃഷിക്കാരെയും അതുവഴി കാര്‍ഷിക വ്യവസ്ഥയെയും രക്ഷിക്കാനാണ് കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകളെ പ്രാപ്തമാക്കുന്നതിന് 52,000 കോടി പൊതുഖജനാവില്‍നിന്ന് നീക്കിവെക്കാന്‍ സര്‍ക്കാര്‍ തയാറായത്; ലോക്സഭാ തെരഞ്ഞെടുപ്പുകൂടി മുന്നില്‍ കണ്ടുള്ള പരിപാടിയായിരുന്നു ഇതെന്ന് ദോഷൈകദൃക്കുകള്‍ക്ക് പറയാമെങ്കിലും.
ഇത്രയും ഭീമമായ തുക ആത്മഹത്യാ മുനമ്പില്‍ ചെന്നുനില്‍ക്കുന്ന കൃഷിക്കാരുടെ ആശ്വാസത്തിന് അനുവദിക്കുമ്പോള്‍ അതിന്‍െറ പ്രയോജനം അര്‍ഹര്‍ക്ക് മാത്രം ലഭിക്കുന്നു എന്നുറപ്പുവരുത്തേണ്ട ചുമതല സര്‍ക്കാറിനും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും ബാങ്കുകള്‍ക്കുമുണ്ട്. അത് നേരാംവണ്ണം നിറവേറ്റപ്പെട്ടില്ലെന്നാണ് സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വായ്പയെടുത്ത കര്‍ഷകരെന്ന് അവകാശപ്പെട്ട പലരും കൃഷിക്കാരേ ആയിരുന്നില്ല. കൃഷിക്കാരായി അറിയപ്പെട്ടവര്‍തന്നെ കൃഷിയാവശ്യങ്ങള്‍ക്കല്ല വായ്പയെടുത്തത്. കൃഷിക്കുവേണ്ടിയെടുത്ത വായ്പകള്‍പോലും ഉപയോഗിച്ചത് മറ്റാവശ്യങ്ങള്‍ക്കാണ്. ഇതിനൊക്കെ അധികൃതരും ബാങ്കുകളും കൂട്ടുനില്‍ക്കുകയോ ദുസ്വാധീനങ്ങള്‍ക്ക് വിധേയമാവുകയോ ക്രമരഹിതമാണെന്നറിഞ്ഞിട്ടും കണ്ണടക്കുകയോ ചെയ്തു. കാട്ടിലെ മരം, തേവരുടെ ആന... എന്ന മനോഭാവത്തോടെ പൊതുഖജനാവിലെ ചോര്‍ച്ചയുടെ നേരെ എല്ലാവരും കണ്ണടച്ചു. ഇതാണ് സംഭവിച്ചത്, എപ്പോഴും സംഭവിക്കുന്നതും. ശീഘ്രഗതിയില്‍ കുറ്റമറ്റ അന്വേഷണവും തുടര്‍നടപടികളും ഉണ്ടായാല്‍ ഇതാവര്‍ത്തിക്കാതിരിക്കാനെങ്കിലും വഴിതെളിയുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ അങ്ങനെ പ്രതീക്ഷിക്കാന്‍ വകയൊന്നുമില്ലെന്നതാണ് സങ്കടകരം.
ഓര്‍മകള്‍ ഉണ്ടായിരിക്കണം (മാതൃഭൂമി)
മലയാളികളുടെ ചിന്തയിലും ഭാവനയിലും എന്നും വസന്തം വിരിയിക്കുന്ന ഭാഷയിലെ നിത്യവിസ്മയമാണ് ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം'. ഖസാക്കിലെ 'കൂമന്‍കാവ്' നമുക്കൊരു ദേശംതന്നെയാണ്. ഓരോ വായനയും ഓരോ സന്ദര്‍ശനത്തിന്റെ സവിശേഷാനുഭൂതികള്‍ പകരുന്ന ദേശം. അത് നമ്മുടെ സ്മൃതിവനങ്ങളുടെ ഭാഗമാണ്. ഒ.വി. വിജയന്‍ പഠിച്ച കോട്ടയ്ക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇതിഹാസകാരന്റെ സ്മരണയ്ക്ക് ഒരു സ്മൃതിവനം നിര്‍മിക്കുന്നു എന്നത് ഭാഷയെ സ്‌നേഹിക്കുന്ന ആര്‍ക്കും അഭിമാനമാക്കേണ്ടതാണ്. അതൊരു സാമൂഹികപാഠമാണ്. എന്നാല്‍, ആ പാഠത്തിനകത്തെ ഒ.വി. വിജയന്‍ശില്പത്തെ അജ്ഞാതരായ ചില സമൂഹവിരുദ്ധര്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നത് ഏത് മലയാളിയെയും ഞെട്ടിക്കുന്നതാണ്. അതൊരു നിസ്സാര സംഭവമല്ല. ശില്പത്തിന്റെ കണ്ണട തകര്‍ക്കുകയും കണ്ണ് തുരന്നെടുക്കുകയും ചെയ്തതില്‍ പ്രതീകാത്മകമായ ഒരു യുദ്ധപ്രഖ്യാപനമുണ്ട്. നമ്മുടെ സ്മൃതികളോടും ചരിത്രത്തോടുമുള്ള ഒരു ധിക്കാരമുണ്ട്. വ്യത്യസ്തമായ കാഴ്ചകള്‍ നമുക്ക് പകര്‍ന്നുതന്ന ഒരെഴുത്തുകാരന്റെ സ്മരണയോടുള്ള അനാദരവാണത്.
സംസ്‌കാരം എന്ന് കേള്‍ക്കുമ്പോള്‍ തോക്കെടുക്കാനാണ് തോന്നുന്നത് എന്ന നാസിസ്തുതിക്ക് നമ്മുടെ നാട്ടിലും അനന്തരാവകാശികള്‍ ഉണ്ടാകുന്നതിന്റെ തെളിവാണ് ഒ.വി. വിജയന്റെ ശില്പത്തിനുനേരേ നടന്ന ആക്രമണം. നേരത്തേ ശില്പനിര്‍മാണത്തിന് നഗരസഭയില്‍നിന്ന് അനുമതി വാങ്ങിയില്ലെന്നതിനെച്ചൊല്ലി നഗരസഭ അതിനെതിരെ രംഗത്തുവന്നിരുന്നു. ഫിബ്രവരി 26-ന് നടക്കേണ്ടിയിരുന്ന ഉദ്ഘാടനം നടക്കാതെ പോയത് അങ്ങനെയാണ്. അനുമതിയില്ലാതെ നിര്‍മിച്ച ശില്പം പൊളിച്ചുമാറ്റണമെന്ന നഗരസഭയുടെ ആവശ്യമാണ് വിഷയത്തെ വിവാദത്തിലേക്ക് നയിച്ചത്. എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ.യുടെ മധ്യസ്ഥതയില്‍ ഇക്കാര്യം ഒത്തുതീര്‍പ്പായതോടെയാണ് ശില്പത്തിന് അനുമതിനല്‍കാന്‍ ഇക്കഴിഞ്ഞ ഫിബ്രവരി 28-ന് നഗരസഭാസമിതി തീരുമാനമെടുത്തത്. എന്നാല്‍, വിവാദത്തെത്തുടര്‍ന്ന് ചാക്കുകൊണ്ട് മൂടിവെച്ച നിലയിലായിരുന്ന ശില്പം വ്യാഴാഴ്ച ഉച്ചയോടെയാണ് തകര്‍ത്ത നിലയിലാണുള്ളതെന്ന് രാജാസ് സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തിയത്. വിവാദകാലത്തെ അവധി ദിവസങ്ങളിലോ രാത്രിയിലോ ആകാം ശില്പം തകര്‍ക്കപ്പെട്ടതെന്നാണ് നിഗമനം. ശില്പത്തിന് നഗരസഭ അനുമതി നല്‍കി ഒരാഴ്ചയ്ക്കുള്ളിലാണ് ഇത് നടന്നത്.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചല്ല സ്മൃതിവനം രാജാസ്‌സ്‌കൂള്‍ നിര്‍മിച്ചത്. വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ഥികളടക്കമുള്ളവരുടെ മുന്‍കൈയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ രണ്ടുലക്ഷം രൂപയോളം സമാഹരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അല്ലാതെ ഒ.വി. വിജയന്റെ പേരില്‍ വിജയന്‍ പഠിച്ച രാജാസ് സ്‌കൂളില്‍ ഒരു സ്മൃതിവനമുണ്ടാക്കാന്‍ നഗരസഭ തീരുമാനമെടുത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ചല്ല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇക്കാര്യത്തിന് സ്‌കൂള്‍ അധികൃതര്‍ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങിയില്ലെന്നതാണ് നഗരസഭ ഉന്നയിച്ചിരുന്ന പ്രശ്‌നം.
വിഗ്രഹങ്ങളും ശില്പങ്ങളും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഒ.വി. വിജയന്റെ ശില്പത്തിനെതിരെ അക്രമമഴിച്ചുവിട്ടത് ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. അഫ്ഗാനിസ്താനില്‍ താലിബാന്‍കാര്‍ തകര്‍ത്ത ബുദ്ധപ്രതിമ ആരും തകര്‍ത്തതല്ലെന്നും അഫ്ഗാനിസ്താനിലെ മനുഷ്യാവസ്ഥകണ്ട് നാണക്കേടുകൊണ്ട് ബുദ്ധന്‍ സ്വയം തകര്‍ന്നുവീണതാണെന്നുമുള്ള സന്ദേശം ലോകത്തിന് നല്‍കിയ ഇറാന്‍ സംവിധായികയായ ഹന്ന മക്മല്‍ ബഫിന്റെ 'നാണക്കേടിനാല്‍ തകര്‍ന്ന ബുദ്ധന്‍' എന്ന സിനിമ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണ്. ഓര്‍മകള്‍ ഇല്ലാതാവുന്ന ഒരു സമൂഹം ചെയ്തുകൂട്ടാനിടയുള്ള വിപത്തുകളിലേക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഒ.വി. വിജയന്‍ എഴുത്തിന്റെ ഒരായുഷ്‌കാലംകൊണ്ട് ചെയ്തത്. നാണംകെടുത്തുന്ന വിവാദത്താല്‍ മനംനൊന്ത് സ്വയം തകര്‍ന്നുവീണതാണ് സ്മൃതിവനത്തിലെ ഒ.വി. വിജയന്‍ ശില്പം എന്ന് ഇതിഹാസകാരന്റെ കൃതികളുടെ സ്പന്ദനം നമ്മോട് പറയുന്നുണ്ട്. അതൊന്നുകൂടി ഓര്‍മപ്പെടുത്തുന്നു: ഓര്‍മകള്‍ ഉണ്ടായിരിക്കണം.
No comments:
Post a Comment