Sunday, March 17, 2013

മുഖപ്രസംഗം March 17 - 2013

മുഖപ്രസംഗം March 17 - 2013

1. മാതൃഭാഷകളെ ഹനിച്ചുകൊണ്ടുള്ള പരിഷ്‌കാരം വേണ്ട  (മാത്രുഭൂമി)

ദേശീയതയെ ഒരു മഹാനദിയോട് ഉപമിക്കാമെങ്കില്‍ പരസ്​പരം ലയിച്ചുചേര്‍ന്ന് ആ പ്രവാഹത്തെ രൂപപ്പെടുത്തുന്ന പോഷകനദികളാണ് തദ്ദേശീയ ഭാഷകളും സംസ്‌കൃതികളും. വ്യത്യസ്ത രുചികള്‍ പുലര്‍ത്തുന്ന തദ്ദേശീയ സംസ്‌കാരങ്ങളുടെ ആകെത്തുകയാണ് ദേശീയത. ഭാരതീയ ദേശീയതയും അങ്ങനെത്തന്നെ. അതില്‍ മുഖ്യമായ ചിലതും അനുബന്ധമായ മറ്റു ചിലതുമില്ല. ഭാഷകളുടെ കാര്യവും ഭിന്നമല്ല. ഇന്ത്യയിലെ ഓരോ ഭാഷയ്ക്കും അവ സംസാരിക്കുന്ന ജനതയ്ക്കും തനതായ വ്യക്തിത്വങ്ങളുണ്ട്. ഇന്ത്യയുടെ ശക്തിയായ ഈ സാംസ്‌കാരിക വൈവിധ്യത്തെ ചോദ്യംചെയ്യുന്നതാണ് സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന പരിഷ്‌കാരം. ഇംഗ്ലീഷിനും ഹിന്ദിക്കും മേല്‍ക്കോയ്മ നല്‍കുന്ന ഈ പരിഷ്‌കരണ നടപടിക്കെതിരെ ഉയരുന്ന പ്രതിഷേധത്തിന്റെ അലയടിയാണ് വെള്ളിയാഴ്ച ലോക്‌സഭയില്‍ കണ്ടത്. തങ്ങളുടെ മാതൃഭാഷകളില്‍ സംസാരിച്ചും സഭ ബഹിഷ്‌കരിച്ചും ജനപ്രതിനിധികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് യു.പി.എസ്.സി.യുടെ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ട്.


2. അധിക്ഷിപ്തന്‍ (വാര്‍ത്തകളിലെ വ്യകതി) മാധ്യമം 

എന്‍െറ നാവിലെ വാക്കുകളും എന്‍െറ ഹൃദയത്തിലെ ധ്യാനവും നിന്‍െറ സമക്ഷം സ്വീകാര്യമാവണേ എന്ന് എത്ര തവണ പ്രാര്‍ഥിച്ചിട്ടുണ്ട്. എന്നിട്ടും എന്‍െറ നാവുകള്‍ പിഴച്ചുപോവുന്നല്ലോ. തെറിയല്ലാതൊന്നും നാവില്‍ വരുന്നില്ലല്ലോ. പി.സി. ജോര്‍ജിന്‍െറ പ്രസംഗവും ന്യൂജനറേഷന്‍ സിനിമയും കുട്ടികളെ കാണിക്കരുതെന്ന് കേരളനാട്ടിലെ രക്ഷിതാക്കള്‍ തീരുമാനമെടുത്തുവല്ലോ. രണ്ടിലും ഒരുപോലെ ആദിദ്രാവിഡപദങ്ങള്‍ വിളയാടുന്നതുകൊണ്ട് മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി കൊടുക്കാന്‍ ഇനിയെന്തിന് അമാന്തിക്കണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സദാചാരവാദികള്‍ വാളെടുത്ത് ഉറഞ്ഞുതുള്ളുന്നത്. അവര്‍ക്കു മുന്നില്‍ ഞാനൊരു കീടം. മനുഷ്യനേ അല്ല. മനുഷ്യരാല്‍ അധിക്ഷിപ്തന്‍. ജനത്താല്‍ നിന്ദിതന്‍. അവരെന്‍െറ നേരെ കൊഞ്ഞനംകുത്തുന്നു. ചീഫ് വിപ്പായ എന്നെ ‘ചീഫ് വിഴുപ്പ്’ എന്നു വിളിക്കുന്നു. ഈ വിഴുപ്പ് ഇനിയും ചുമക്കണോ എന്ന് അവരൊന്നടങ്കം തലതല്ലി കേഴുന്നു.
എന്‍െറ നാവുകൊണ്ട് ഞാന്‍ പാപം ചെയ്കയില്ല. എന്നാലും എന്‍െറ മുന്നില്‍ ദുഷ്ടരുള്ള കാലത്തോളം എന്‍െറ നാവിന് കടിഞ്ഞാണിടാന്‍ എനിക്കാകയില്ല. പലപ്പോഴും ഞാന്‍ മൂകനായി മിണ്ടാതിരുന്നു. എന്‍െറ ശാന്തതകൊണ്ട് ഫലമുണ്ടായില്ല.




മാതൃഭാഷകളെ ഹനിച്ചുകൊണ്ടുള്ള പരിഷ്‌കാരം വേണ്ട  

Newspaper Edition
ദേശീയതയെ ഒരു മഹാനദിയോട് ഉപമിക്കാമെങ്കില്‍ പരസ്​പരം ലയിച്ചുചേര്‍ന്ന് ആ പ്രവാഹത്തെ രൂപപ്പെടുത്തുന്ന പോഷകനദികളാണ് തദ്ദേശീയ ഭാഷകളും സംസ്‌കൃതികളും. വ്യത്യസ്ത രുചികള്‍ പുലര്‍ത്തുന്ന തദ്ദേശീയ സംസ്‌കാരങ്ങളുടെ ആകെത്തുകയാണ് ദേശീയത. ഭാരതീയ ദേശീയതയും അങ്ങനെത്തന്നെ. അതില്‍ മുഖ്യമായ ചിലതും അനുബന്ധമായ മറ്റു ചിലതുമില്ല. ഭാഷകളുടെ കാര്യവും ഭിന്നമല്ല. ഇന്ത്യയിലെ ഓരോ ഭാഷയ്ക്കും അവ സംസാരിക്കുന്ന ജനതയ്ക്കും തനതായ വ്യക്തിത്വങ്ങളുണ്ട്. ഇന്ത്യയുടെ ശക്തിയായ ഈ സാംസ്‌കാരിക വൈവിധ്യത്തെ ചോദ്യംചെയ്യുന്നതാണ് സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന പരിഷ്‌കാരം. ഇംഗ്ലീഷിനും ഹിന്ദിക്കും മേല്‍ക്കോയ്മ നല്‍കുന്ന ഈ പരിഷ്‌കരണ നടപടിക്കെതിരെ ഉയരുന്ന പ്രതിഷേധത്തിന്റെ അലയടിയാണ് വെള്ളിയാഴ്ച ലോക്‌സഭയില്‍ കണ്ടത്. തങ്ങളുടെ മാതൃഭാഷകളില്‍ സംസാരിച്ചും സഭ ബഹിഷ്‌കരിച്ചും ജനപ്രതിനിധികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് യു.പി.എസ്.സി.യുടെ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ട്. ഹിന്ദിയൊഴിച്ചുള്ള ഇന്ത്യന്‍ ഭാഷകളെ അരികുകളിലേക്ക് മാറ്റിനിര്‍ത്തുന്ന യു.പി.എസ്.സി.യുടെ ഉത്തരവ് യഥാര്‍ഥത്തില്‍ പൂര്‍ണമായി ഉപേക്ഷിക്കേണ്ടതാണ്. മാതൃഭാഷാവകാശത്തിന് ഒരു പോറല്‍പോലുമേല്‍ക്കാതെ വേണം പുതിയ വ്യവസ്ഥകള്‍ ഉണ്ടാക്കേണ്ടത്.



സിവില്‍ സര്‍വീസിന്റെ ഗുണനിലവാരം ഉയര്‍ത്തുക, വിദേശകാര്യ സര്‍വീസ് ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്ന പുതിയ ഓഫീസര്‍മാരുടെ ഇംഗ്ലീഷ് ഭാഷാശേഷിയും നിലവാരവും വര്‍ധിപ്പിക്കുക തുടങ്ങിയ വിശാല ലക്ഷ്യങ്ങളാണ് പരീക്ഷാ സമ്പ്രദായ പരിഷ്‌കരണത്തിനു പിന്നില്‍ ഉണ്ടായിരുന്നത്. തദ്ദേശീയ ഭാഷകളില്‍ മാത്രം പരീക്ഷയെഴുതി ഉയര്‍ന്ന റാങ്ക് നേടിയ പല സിവില്‍ സര്‍വീസുകാര്‍ക്കും ഇംഗ്ലീഷില്‍ ശരാശരി നിലവാരംപോലുമില്ലാത്തത് ഭരണപരമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതും ഇതിന് കാരണമായി പറയപ്പെടുന്നു. സിവില്‍സര്‍വീസ് ഓഫീസര്‍മാര്‍ തങ്ങള്‍ ജോലിചെയ്യുന്ന സംസ്ഥാനത്തെ ഭാഷ പഠിക്കണമെന്ന വ്യവസ്ഥയുള്ളപ്പോഴാണ് പരീക്ഷ ഇംഗ്ലീഷിലും ഹിന്ദിയിലും മതിയെന്ന് കല്പനയുണ്ടായത്. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മേല്‍ക്കോയ്മ പതിച്ചുനല്കുന്ന ഈ ഉത്തരവിനെതിരെ ആദ്യം പ്രതിഷേധിച്ചത് കേന്ദ്രസര്‍ക്കാറിന് കത്തെഴുതിക്കൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണ്. ഒന്നാംഭാഷയായി മലയാളത്തെ പ്രഖ്യാപിക്കുന്നതില്‍പ്പോലും മടിച്ചുനിന്ന കേരളത്തില്‍ നിന്ന് ഔദ്യോഗികമായി ഒരുതരം എതിര്‍പ്പുമുണ്ടായില്ല എന്നതാണ് ഖേദകരം. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിക്കുവേണ്ടി കേരളം ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും ഇതാണ് സ്ഥിതി.

തദ്ദേശീയ ഭാഷയില്‍ സിവില്‍സര്‍വീസ് മെയിന്‍ പരീക്ഷ (ഒന്നാം പേപ്പറിന്റെ രണ്ടാംഭാഗമായ ഇംഗ്ലീഷ് ഒഴികെ) എഴുതണമെങ്കില്‍ ആ ഭാഷയില്‍ത്തന്നെ ബിരുദപഠനം നടത്തിയിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. എന്നാല്‍, ഹിന്ദിയില്‍ പരീക്ഷയെഴുതാന്‍ ഇത് ബാധകമല്ല. ഹിന്ദി ഔദ്യോഗിക ഭാഷയും മലയാളവും തമിഴും തെലുങ്കും ഗുജറാത്തിയും ബംഗാളിയുമൊക്കെ 'പ്രാദേശിക' ഭാഷകളുമായിത്തീരുകയാണ് യു.പി.എസ്.സി.യുടെ കണ്ണില്‍. ഹിന്ദി സംസാരിക്കുന്നവരും ഇംഗ്ലീഷ് മാധ്യമത്തില്‍ പഠിച്ചവരും മാത്രം സിവില്‍ സര്‍വീസില്‍ നിറയാന്‍ ഇത് ഇടയാക്കുമെന്നതില്‍ സംശയമില്ല. ഹിന്ദിമേല്‍ക്കോയ്മ ഒഴിവാക്കാന്‍ വേണ്ടിയാണ് തദ്ദേശീയ ഭാഷകളില്‍ പരീക്ഷയെഴുതാമെന്ന വ്യവസ്ഥ നേരത്തേതന്നെ ഉണ്ടായതുപോലും. തദ്ദേശീയ സംസ്‌കാരങ്ങളുടെ മാതൃഭാഷാവകാശത്തെ ലംഘിക്കുന്ന വ്യവസ്ഥകള്‍ യു.പി.എസ്.സി.യുടെ ഉത്തരവില്‍ ഒളിഞ്ഞിരിപ്പുണ്ട്. തദ്ദേശീയ ഭാഷ ഐച്ഛികവിഷയമായി പരീക്ഷയെഴുതാന്‍ തീരുമാനിക്കുന്നയാള്‍ ആ ഭാഷ ബിരുദത്തിന് ഐച്ഛികമായി പഠിച്ചിരിക്കണമെന്നാണ് ഒരു വ്യവസ്ഥ. ഭാഷയൊഴികെയുള്ള വിഷയങ്ങള്‍ക്ക് ഇത് ബാധകവുമല്ല. സ്വതന്ത്രമായ വ്യക്തിത്വവും പ്രാചീനതയും സാഹിത്യസമ്പത്തുമുള്ള കോടിക്കണക്കിനാളുകള്‍ സംസാരിക്കുന്ന ഇന്ത്യന്‍ തദ്ദേശീയ ഭാഷകളോടുള്ള കടുത്ത വിവേചനമാണിത്. ഭരണഘടനാ തത്ത്വങ്ങളാണ് ഇതിലൂടെ ലംഘിക്കപ്പെടുന്നത്. തൊട്ടയല്‍പക്കത്തെ ബംഗ്ലാദേശില്‍ നടന്ന രക്തരൂഷിതമായ ഒരു സമരത്തെ മുന്‍നിര്‍ത്തി ഐക്യരാഷ്ട്രസഭ ലോകമാതൃഭാഷാദിനംപോലും ആചരിക്കുന്ന ലോകത്താണ് ഈ മാതൃഭാഷാ തിരസ്‌കാരം നടക്കുന്നത്.


മലയാളത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ തീരുമാനിക്കുന്ന മാതൃഭാഷാഭിമാനിയായ വിദ്യാര്‍ഥിക്ക് അവസരം നഷ്ടമാക്കുന്ന ഈ നയത്തിനെതിരെ കേരളത്തിലും പ്രതിഷേധമുയര്‍ന്നേ പറ്റൂ. മാതൃഭാഷകളെ ഹനിച്ചുകൊണ്ടല്ല ഭരണതന്ത്രജ്ഞരെ വാര്‍ത്തെടുക്കേണ്ടത്. മാതൃഭാഷകള്‍ മാത്രമറിയുന്ന ജനകോടികളെയാണ് അവര്‍ക്ക് സേവിക്കാനുള്ളത്. ഈ വാസ്തവമാണ് യു.പി.എസ്.സി.ക്ക് മനസ്സിലാകാതെ പോയത്.

അധിക്ഷിപ്തന്‍ (വാര്‍ത്തകളിലെ വ്യകതി) മാധ്യമം 
അധിക്ഷിപ്തന്‍
എന്‍െറ നാവിലെ വാക്കുകളും എന്‍െറ ഹൃദയത്തിലെ ധ്യാനവും നിന്‍െറ സമക്ഷം സ്വീകാര്യമാവണേ എന്ന് എത്ര തവണ പ്രാര്‍ഥിച്ചിട്ടുണ്ട്. എന്നിട്ടും എന്‍െറ നാവുകള്‍ പിഴച്ചുപോവുന്നല്ലോ. തെറിയല്ലാതൊന്നും നാവില്‍ വരുന്നില്ലല്ലോ. പി.സി. ജോര്‍ജിന്‍െറ പ്രസംഗവും ന്യൂജനറേഷന്‍ സിനിമയും കുട്ടികളെ കാണിക്കരുതെന്ന് കേരളനാട്ടിലെ രക്ഷിതാക്കള്‍ തീരുമാനമെടുത്തുവല്ലോ. രണ്ടിലും ഒരുപോലെ ആദിദ്രാവിഡപദങ്ങള്‍ വിളയാടുന്നതുകൊണ്ട് മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി കൊടുക്കാന്‍ ഇനിയെന്തിന് അമാന്തിക്കണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സദാചാരവാദികള്‍ വാളെടുത്ത് ഉറഞ്ഞുതുള്ളുന്നത്. അവര്‍ക്കു മുന്നില്‍ ഞാനൊരു കീടം. മനുഷ്യനേ അല്ല. മനുഷ്യരാല്‍ അധിക്ഷിപ്തന്‍. ജനത്താല്‍ നിന്ദിതന്‍. അവരെന്‍െറ നേരെ കൊഞ്ഞനംകുത്തുന്നു. ചീഫ് വിപ്പായ എന്നെ ‘ചീഫ് വിഴുപ്പ്’ എന്നു വിളിക്കുന്നു. ഈ വിഴുപ്പ് ഇനിയും ചുമക്കണോ എന്ന് അവരൊന്നടങ്കം തലതല്ലി കേഴുന്നു.
എന്‍െറ നാവുകൊണ്ട് ഞാന്‍ പാപം ചെയ്കയില്ല. എന്നാലും എന്‍െറ മുന്നില്‍ ദുഷ്ടരുള്ള കാലത്തോളം എന്‍െറ നാവിന് കടിഞ്ഞാണിടാന്‍ എനിക്കാകയില്ല. പലപ്പോഴും ഞാന്‍ മൂകനായി മിണ്ടാതിരുന്നു. എന്‍െറ ശാന്തതകൊണ്ട് ഫലമുണ്ടായില്ല. എന്‍െറ വിഷമം വളര്‍ന്നു വഷളായി. എന്‍െറ ഉള്ളില്‍ ഹൃദയം ചൂടുപിടിച്ചു. ഞാന്‍ ധ്യാനിച്ചപ്പോള്‍ തീയാളി. അപ്പോള്‍ ഞാന്‍ നാവെടുത്തു, സംസാരിച്ചു. തിന്മകള്‍ കാണുമ്പോള്‍ എന്‍െറ നാവ് കടവായില്‍ പറ്റിപ്പിടിച്ചിരിക്കയില്ല. മണ്‍പാത്രത്തുണ്ടുപോലെ എന്‍െറ അണ്ണാക്ക് വരണ്ടുപോവുകയില്ല. ഞാന്‍ പ്രതികരിക്കും. മരണത്തിന്‍െറ നിഴല്‍വീണ താഴ്വാരത്തിലൂടെ സഞ്ചരിച്ചാലും ഞാനൊരു അനര്‍ഥവും ഭയപ്പെടുന്നില്ല. മന്ത്രിസഭയിലൊരാള്‍ക്ക് കാമുകിയുടെ ഭര്‍ത്താവിന്‍െറ അടികൊണ്ടാല്‍ ഞാന്‍ അടങ്ങിയിരിക്കയില്ല. സംസ്ഥാന മന്ത്രിസഭയിലെ നിഷ്കളങ്കരായ മറ്റ് അംഗങ്ങള്‍ സംശയത്തിന്‍െറ മുള്‍മുനയില്‍ നില്‍ക്കാതിരിക്കാനാണ് അടികൊണ്ട മന്ത്രിയുടെ പേര് പുറത്തുവിട്ടത്. അവന്‍ ശരീരം കൊണ്ട് പാപം ചെയ്താല്‍ എനിക്കത് കണ്ടുനിന്ന് പൊറുക്കാവതല്ല. എന്‍െറ യൗവനത്തിലെ പാപങ്ങള്‍ വിളിച്ചുപറഞ്ഞ വന്ദ്യവയോധികയുടെ തലക്കു കുഴപ്പമുണ്ടെന്ന് വിളിച്ചുപറഞ്ഞത് എന്‍െറ പിഴ. എന്‍െറ നാക്കിന്‍െറ പിഴ. അതു ഞാന്‍ തിരുത്തിയല്ലോ. അതിനിടെ ഓര്‍ക്കാതിരുന്ന ഒരു ഭൂതകാലം വെറുതെ വന്ന് വേട്ടയാടിപ്പോയി. തൊടുപുഴ മലങ്കരത്തോട്ടം കോളനിയിലെ അച്ചാമ്മയും എട്ടുവയസ്സുകാരി മകളും ചേര്‍ന്ന് മകള്‍ക്കു ചെലവിനുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി തള്ളിക്കളഞ്ഞതാണല്ലോ. എന്നിട്ടും എന്‍െറ മേല്‍ ഭൂതകാലത്തിന്‍െറ വിഴുപ്പുകേറ്റാന്‍ വരുന്ന ദുര്‍വൃത്തരോട് നീചമായ ഭാഷയില്‍ സംസാരിക്കുന്നതാണ് ഉചിതമെന്ന് ഞാന്‍ കരുതുന്നു. ഹീനവും നീചവുമായ ഭാഷയും വാക്കുകളും എന്നില്‍ സുലഭമല്ലോ. തെറിപ്പദങ്ങളുടെ ശബ്ദതാരാവലി എഴുതാന്‍ ഞാന്‍ സര്‍വഥാ യോഗ്യനല്ലോ. എന്‍െറ തെറിവചനങ്ങളാല്‍ അഭിഷിക്തരായ ടി.വി. തോമസും ഗൗരിയമ്മയും ചരിത്രത്തില്‍ എന്നും ഓര്‍ക്കപ്പെടും. തെറികൊണ്ട് ചരിത്രമെഴുതിയവന്‍ എന്ന ബഹുമതി കേരളത്തിന്‍െറ രാഷ്ട്രീയചരിത്രത്തില്‍ എനിക്ക് നല്‍കപ്പെടും. മുമ്പൊരു താണ ജാതിക്കാരന്‍ മുന്‍ മന്ത്രിയെ പൊട്ടനെന്ന് വിളിച്ചുകൊണ്ടാണ് ചരിത്രമെഴുത്തില്‍ സജീവമായത്.
പി.ജെ. ജോസഫിനെതിരെ വിമാനവിവാദവും എസ്.എം.എസ് വിവാദവും പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിനൊക്കെ പിന്നില്‍ ഈയുള്ളവനാണെന്ന് പറഞ്ഞവര്‍ ഏറെ. വിവരങ്ങള്‍ ശേഖരിച്ച് ബ്ളാക് മെയില്‍ ചെയ്ത് വിനാശം ആസൂത്രണം ചെയ്യുന്നവനെന്ന് പേരുകിട്ടി. ഗണേഷ്കുമാറായാലും പി.ജെ. ജോസഫായാലും പാപങ്ങള്‍ ചെയ്യുന്നതു കണ്ടാല്‍ ഞാന്‍ പൊറുക്കുകയില്ല. എന്‍െറ നാവ് മൂര്‍ച്ചയേറിയ ക്ഷൗരക്കത്തിപോലെയാണ്. അത് അടങ്ങിയിരിക്കുകയില്ല. അന്യരുടെ അപഥസഞ്ചാരങ്ങളെല്ലാം ഗ്രഹിച്ചറിയുന്ന അപൂര്‍വസിദ്ധി ഈയുള്ളവന് സ്വായത്തം. സ്വന്തം മന്ത്രിസഭയിലുള്ളവര്‍ വഴിപിഴച്ചുപോവുന്നതുകണ്ടാല്‍ അത് നാട്ടുകാരെ അറിയിച്ച് അവരെ ഒതുക്കുക എന്ന പുണ്യപ്രവൃത്തിയില്‍ വ്യാപൃതനായിരിക്കുന്നതിനാല്‍ ജനപദങ്ങള്‍ എന്നെ സ്തുതിക്കുമെന്നതില്‍ തര്‍ക്കമില്ല.
ഇപ്പോള്‍ നോക്കൂ, ദ്രോഹബുദ്ധിക്കാരായ സാക്ഷികള്‍ എഴുന്നേറ്റുനിന്ന് നന്മക്കു പകരം എനിക്കു തിന്മ തരുന്നു. അതും എന്‍െറ പാളയത്തില്‍തന്നെയുള്ളവര്‍. മാണിഗ്രൂപ്പില്‍തന്നെ എനിക്കെതിരായ പടയൊരുക്കത്തിന്‍െറ പെരുമ്പറ മുഴങ്ങുന്നു. കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ് എന്‍െറ പണികളെ മൂന്നാംകിട പണിയെന്നു വിളിക്കുന്നു. കേരളത്തിലെ പൊതുസമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും എന്തുകൊണ്ട് തനിക്കെതിരേ സംസാരിക്കുന്നുവെന്ന് ജോര്‍ജ് തിരിച്ചറിയണമെന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് പറയുന്നത്. നോക്കൂ, ദേശത്തെ സൗമ്യശീലനായ എനിക്കെതിരെ അവര്‍ വ്യാജവചനങ്ങള്‍ ചമയ്ക്കുന്നു. പരിചിതരായ അധമന്മാര്‍ ഇടവിടാതെ എന്നെ ദുഷിക്കുന്നു. എന്‍െറ നേരെ പല്ലിറുമ്മുന്നു. നാടുനീളെ തെറിയഭിഷേകവുമായി നടക്കുന്ന പി.സി. ജോര്‍ജിനെ മുന്നണിയോ പാര്‍ട്ടിയോ കടിഞ്ഞാണിട്ടില്ലെങ്കില്‍ പൊതുജനങ്ങള്‍ താമസിയാതെ ചങ്ങലക്കിടുമെന്ന് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്‍റുമായ ബാബുപോള്‍ പറയുന്നു. വി എസ്. സുനില്‍കുമാര്‍ എം.എല്‍.എ എനിക്കെതിരെ ചെരിപ്പോങ്ങി. എനിക്കെതിരെ അനര്‍ഥം ഒരുക്കുന്നവര്‍ കാറ്റില്‍പെട്ട പതിരുപോലെയാവട്ടെ. അവര്‍ പിന്തിരിഞ്ഞ് അമ്പരക്കട്ടെ. നിനച്ചിരിക്കാതെ നാശം അവര്‍ക്കുമേല്‍ നിപതിക്കട്ടെ. അവര്‍ വെച്ച ഒളിവലയില്‍ അവര്‍തന്നെ കുടുങ്ങട്ടെ. ഞാന്‍ നന്മ പ്രവര്‍ത്തിക്കുന്നതുകൊണ്ട് എന്‍െറ പ്രതിയോഗികളായവര്‍ എന്‍െറ നന്മക്കു പകരം തിന്മ നല്‍കുന്നു. അവര്‍ എന്‍െറ പാദങ്ങള്‍ക്കു വലവിരിക്കുന്നു. എന്‍െറ പാതയില്‍ ചതിക്കുഴി കുത്തുന്നു. ശത്രുവിന്‍െറ ആരവത്താല്‍, ദുഷ്ടരുടെ മര്‍ദനത്താല്‍ ഞാന്‍ പരിഭ്രാന്തനായിരിക്കുന്നു.
വെണ്ണയേക്കാള്‍ മാര്‍ദവമുള്ളതായിരുന്നു എന്‍െറ വചനങ്ങള്‍. എണ്ണയേക്കാള്‍ മയമുള്ളവയായിരുന്നു എന്‍െറ വാക്കുകള്‍. തിന്മ കാണുമ്പോള്‍ അവ ഉറയില്‍നിന്ന് ഊരിയ വാളുപോലെ തെറികളായി മാറും. ഒളികാമറയുമായി വന്നവര്‍ ആ വാക്കുകള്‍ വായുവിലൂടെ സംപ്രേഷണം ചെയ്ത് നാട്ടുകാരുടെ ചെവിയിലെത്തിക്കുമെന്ന് വിചാരിച്ചതല്ല. കുടുംബത്തില്‍ പിറന്നവരാരും ചെയ്യാത്ത കാര്യമാണ് ചാനല്‍ ചെയ്തത്. ചാനലിനെതിരെ മാനനഷ്ടക്കേസ് കൊടുത്തപ്പോള്‍ അവര്‍ ആസൂത്രണം ചെയ്തതാണിത്. ചാനലിന്‍െറ ലൈസന്‍സ് റദ്ദാക്കാനും അടച്ചുപൂട്ടിക്കാനും മുന്നിട്ടിറങ്ങും. 10 കോടിയാണ് ഈയുള്ളവന്‍െറ മാനത്തിന്‍െറ വില. ആ പണം വാങ്ങിച്ച് 100 നിര്‍ധന യുവതികളുടെ കല്യാണം നടത്തും. ഇത്രയേറെ നീചഭാഷയും കാടന്‍സംസ്കാരവും വെച്ചുപുലര്‍ത്തിയിട്ടും മാനത്തിന്‍െറ വിലയിടിഞ്ഞിട്ടില്ല. ആത്മാഭിമാനം ഉള്ളവനാകയാല്‍ നിന്ദയില്‍നിന്നും തുപ്പലില്‍നിന്നും ഞാന്‍ മുഖം മറയ്ക്കില്ല.
ഗണേശനുവേണ്ടി പണിപ്പെട്ടു കുത്തിയ ചതിക്കുഴിയില്‍ വീഴുമോ എന്ന പേടി തെല്ലും ഇല്ലാതില്ല. അവനെ രാജിവെപ്പിക്കാന്‍ നടന്നതു വെറുതെയായി. ഇനി സമ്മര്‍ദം കൂടി രാജിവെക്കേണ്ടിവരുമോ എന്ന പേടി പെട്ടെന്നൊന്നും വിട്ടൊഴിയുന്നില്ല. മുഖ്യമന്ത്രി പറഞ്ഞാലും ചീഫ് വിപ്പിന്‍െറ കസേര വിട്ട് ഒഴിയുകയില്ല. ദുരിതദിനത്തില്‍ അഭയകേന്ദ്രമാവുന്നു മാണിസാര്‍. മാണിസാര്‍ പറഞ്ഞാലേ രാജിവെക്കൂ. അതുവരെ ദുര്‍ഗന്ധം വമിക്കുന്ന ഈ വിഴുപ്പുഭാണ്ഡം ചുമക്കാനുള്ള ആരോഗ്യം കേരളമക്കള്‍ക്ക് ഉണ്ടാവണേ എന്നാണ് ഈയുള്ളവന്‍െറ വിനീതമായ പ്രാര്‍ഥന. പറയാത്ത തെറികള്‍ കെട്ടിക്കിടന്ന് കയ്ക്കുന്ന നാവുകൊണ്ട് എല്ലാവര്‍ക്കും സ്തുതി.

No comments:

Post a Comment