Thursday, January 31, 2013

മുഖപ്രസംഗം January 31-01-2013

മുഖപ്രസംഗം January 31-01-2013


1. മനുഷ്യനും ആനയ്ക്കും സുരക്ഷ വേണം ( മാതൃഭൂമി)

ഉത്സവങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ആനകളെ ഉപയോഗിക്കുമ്പോള്‍ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അടുത്തകാലത്തുണ്ടായ ദുരന്തങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. എറണാകുളം ജില്ലയിലെ രായമംഗലം കൂട്ടുമഠം ക്ഷേത്രത്തില്‍ ഈയിടെ ആനയിടഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചു. ഉത്സവകാലത്ത് കേരളത്തില്‍ ആനയിടയുന്നത് സാധാരണമായിട്ടും വേണ്ടത്ര മുന്‍കരുതലുകളെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തത് അപലപനീയമാണ്. രായമംഗലത്ത് ഇടഞ്ഞ ആന ആക്രമണോത്സുകതയുള്ളതാണെന്നു പറയപ്പെടുന്നു. കാഴ്ചക്കുറവുള്ള അതിനെ എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതായും പറയുന്നു. സുരക്ഷിതത്വം, പരിപാലനം എന്നിവ സംബന്ധിച്ചുള്ള നിബന്ധനകള്‍ പാലിക്കാത്തതാണ് പലപ്പോഴും ആന ഇടയാനും ഇടഞ്ഞാല്‍ കൂടുതല്‍ ആളപായവും നാശനഷ്ടവും ഉണ്ടാകാനും കാരണമാകുന്നത്.

2. കേരളം കേള്‍ക്കണം, നെല്ലിന്റെ വിലാപം (മനോരമ)

സംസ്ഥാനത്തു നെല്ലുല്‍പാദനം കുത്തനെ ഇടിയുന്നുവെന്നും കൃഷിഭൂമിയുടെ വിസ്തൃതി കുറയുന്നുവെന്നുമുള്ള ലോക്കല്‍ ഫണ്ട് ഒാഡിറ്റ് റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ മണ്ണിലെ കണ്ണീര്‍വിളവു വീണുകിടക്കുന്നുണ്ട്. നെല്‍ക്കര്‍ഷകരെയും നെല്‍വയല്‍ സംരക്ഷണത്തെയും അര്‍ഹമായ വിധം പരിഗണിക്കാത്ത സംസ്ഥാനത്ത് നെല്ലുല്‍പാദനം കുത്തനെ ഇടിഞ്ഞതു ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ പരാശ്രയത്വം വര്‍ധിപ്പിച്ചിരിക്കുകയാണ്.

3. കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടത് ചൊട്ടുവിദ്യയല്ല (മാധ്യമം) 

ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസോ ഷെഡ്യൂളോ വെട്ടിക്കുറക്കാന്‍ അനുവദിക്കില്ലെന്ന് യു.ഡി.എഫ് നേതൃയോഗത്തിനുശേഷം കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ നടത്തിയ പ്രസ്താവനയില്‍നിന്നുതന്നെ സംസ്ഥാന സര്‍ക്കാറും മുന്നണി നേതൃത്വവും ഈ വിഷയത്തെ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതിനകം 1400 ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുകയും ദിനേന ഓരോ ജില്ലയിലും നിരവധി ബസുകള്‍ പുതുതായി കട്ടപ്പുറത്ത് കയറ്റുകയും ചെയ്യുന്നതിനിടയിലാണ് മുന്നണി കണ്‍വീനറുടെ ഈ വാചാടോപം. കെ.എസ്.ആര്‍.ടി.സി എന്ന പൊതുമേഖലാ സ്ഥാപനം എന്നെന്നേക്കുമായി അടച്ചുപൂട്ടണോ വേണ്ടേ എന്ന ഗൗരവമാര്‍ന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.



മനുഷ്യനും ആനയ്ക്കും സുരക്ഷ വേണം ( മാതൃഭൂമി)

ഉത്സവങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ആനകളെ ഉപയോഗിക്കുമ്പോള്‍ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അടുത്തകാലത്തുണ്ടായ ദുരന്തങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. എറണാകുളം ജില്ലയിലെ രായമംഗലം കൂട്ടുമഠം ക്ഷേത്രത്തില്‍ ഈയിടെ ആനയിടഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചു. ഉത്സവകാലത്ത് കേരളത്തില്‍ ആനയിടയുന്നത് സാധാരണമായിട്ടും വേണ്ടത്ര മുന്‍കരുതലുകളെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തത് അപലപനീയമാണ്. രായമംഗലത്ത് ഇടഞ്ഞ ആന ആക്രമണോത്സുകതയുള്ളതാണെന്നു പറയപ്പെടുന്നു. കാഴ്ചക്കുറവുള്ള അതിനെ എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതായും പറയുന്നു. സുരക്ഷിതത്വം, പരിപാലനം എന്നിവ സംബന്ധിച്ചുള്ള നിബന്ധനകള്‍ പാലിക്കാത്തതാണ് പലപ്പോഴും ആന ഇടയാനും ഇടഞ്ഞാല്‍ കൂടുതല്‍ ആളപായവും നാശനഷ്ടവും ഉണ്ടാകാനും കാരണമാകുന്നത്.

ചില ആന ഉടമകളും പാപ്പാന്മാരും ആഘോഷ സം ഘാടകരും ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാറില്ല. കരാറുകാരുടെ അത്യാഗ്രഹമാണ് പലപ്പോഴും കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് ഇടയാക്കുന്നത്. രായമംഗലത്ത് ഇടഞ്ഞ ആനയെ ഏതാനും ദിവസങ്ങളായി വിശ്രമമില്ലാതെ വിവിധ ക്ഷേത്രങ്ങളില്‍ എഴുന്നള്ളിച്ചു വരികയായിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്. വിശ്രമമില്ലാതെയുള്ള കഠിനജോലിയും വേണ്ടത്ര ഭക്ഷണമോ വെള്ളമോ കിട്ടാത്ത സ്ഥിതിയും ആനകളെ അസ്വസ്ഥരാക്കും. വേനല്‍ച്ചൂടില്‍ ആനയ്ക്ക് ആശ്വാസം പകരാനുള്ള സംവിധാനങ്ങള്‍ പലേടത്തും ഉണ്ടാകാറില്ല. ഈ സാഹചര്യത്തില്‍, ആനകളുടെയും മനുഷ്യരുടെയും രക്ഷയെ കരുതിയാണ് സര്‍ക്കാറും നീതിപീഠങ്ങളും നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. ദൗര്‍ഭാഗ്യവശാല്‍, അവ പാലിക്കുന്നതിനല്ല, ലംഘിക്കുന്നതിനാണ് ബന്ധപ്പെട്ടവരില്‍ പലരും കൂടുതല്‍ താത്പര്യം കാണിക്കുന്നത്. വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തിടത്ത് ആളുകള്‍ക്ക് തൊട്ടടുത്ത് ആനകളെ അണിനിരത്തി ആഘോഷങ്ങള്‍ നടത്തുന്നത് കേരളത്തില്‍ പലേടത്തും കാണാം. സുരക്ഷിതത്വം സംബന്ധിച്ചുള്ള പ്രാഥമിക വ്യവസ്ഥകളെങ്കിലും ഇത്തരം സ്ഥലങ്ങളില്‍ പാലിക്കുന്നുണ്ടോ എന്ന് പലപ്പോഴും പരിശോധിക്കാറില്ല.പാപ്പാന്മാരുടെ അശ്രദ്ധ, മദ്യപാനം തുടങ്ങിയവ കാരണം ആനകളും ആളുകളും അപകടത്തില്‍പ്പെടുന്നതും കേരളത്തില്‍ പതിവാണ് . ഇണക്കം കുറയുന്ന മദക്കാലത്തുപോലും ആനകളെ ആഘോഷങ്ങള്‍ക്ക് കൊണ്ടുപോകുന്നവരുണ്ട്. വിലക്കുള്ള ആനകളെ പേരുമാറ്റി മറ്റു പ്രദേശങ്ങളില്‍ പരിപാടിക്കു കൊണ്ടുപോകുന്നതായും പരാതി ഉയര്‍ന്നിരുന്നു.

കേരളത്തില്‍ ആഘോഷങ്ങള്‍, വിശേഷിച്ച് ക്ഷേത്രോത്സവങ്ങള്‍ക്ക് പഴയകാലം മുതല്‍ ആനകളെ ഉപയോഗിച്ചുവരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട പല ചടങ്ങുകള്‍ക്കും ആനകള്‍ വേണം. ഉത്സവങ്ങളുടെ പൊലിമയും ദൃശ്യഭംഗിയും മറ്റും വിലയിരുത്തപ്പെടുന്നതും ആനകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ്. ഇക്കാര്യത്തില്‍ അടുത്തകാലത്തായി പല ക്ഷേത്രങ്ങളും കൂടുതല്‍ താത്പര്യം കാണിച്ചുതുടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ആനകളുടെ ജോലിഭാരം വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്ത് ഉത്സവകാലമാണ്. ക്ഷേത്രങ്ങളില്‍ നിന്ന് ക്ഷേത്രങ്ങളിലേക്ക് വിശ്രമമില്ലാതെ നീങ്ങുകയാണ് പല ആനകളും. ജനത്തിരക്കും സ്ഥലപരിമിതിയും കാരണം ആനകള്‍ക്ക് ഞെങ്ങിഞെരുങ്ങി നില്‍ക്കേണ്ട സ്ഥിതിയാണ് പലേടത്തും ഉണ്ടാകാറുള്ളത്. ആപത്കരമായ ഈ സാഹചര്യത്തില്‍ ഉത്സവ നടത്തിപ്പുകാരും ആന ഉടമകളും പാപ്പാന്മാരും കരാറുകാരുമെല്ലാം സുരക്ഷിതത്വനിബന്ധനകള്‍ പാലിക്കുന്നുണ്ടെന്നുറപ്പാക്കാന്‍ അധികൃതര്‍ക്ക് കഴിയണം. ആഘോഷങ്ങള്‍ സുരക്ഷയെ അവഗണിച്ചുകൊണ്ടാവരുത്. ജനങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിച്ചേ മതിയാകൂ.

കേരളം കേള്‍ക്കണം, നെല്ലിന്റെ വിലാപം (മനോരമ)
സംസ്ഥാനത്തു നെല്ലുല്‍പാദനം കുത്തനെ ഇടിയുന്നുവെന്നും കൃഷിഭൂമിയുടെ വിസ്തൃതി കുറയുന്നുവെന്നുമുള്ള ലോക്കല്‍ ഫണ്ട് ഒാഡിറ്റ് റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ മണ്ണിലെ കണ്ണീര്‍വിളവു വീണുകിടക്കുന്നുണ്ട്.

നെല്‍ക്കര്‍ഷകരെയും നെല്‍വയല്‍ സംരക്ഷണത്തെയും അര്‍ഹമായ വിധം പരിഗണിക്കാത്ത സംസ്ഥാനത്ത് നെല്ലുല്‍പാദനം കുത്തനെ ഇടിഞ്ഞതു ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ പരാശ്രയത്വം വര്‍ധിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തു നെല്ലുല്‍പാദനം ഏറ്റവുമധികം ഉണ്ടായത് 1970-71ല്‍ ആണ്; 8.85 ലക്ഷം ഹെക്ടറില്‍ നിന്നു 13.65 ലക്ഷം ടണ്‍ നെല്ല്. അന്നത്തെ ജനസംഖ്യ 2.13 കോടിയായിരുന്നു. ലോക്കല്‍ ഫണ്ട് ഒാഡിറ്റ് റിപ്പോര്‍ട്ടനുസരിച്ചു 2010-11ല്‍ സംസ്ഥാനത്തു വയലെന്നു പറയാവുന്ന ഭൂമി നാലിലൊന്നായി കുറഞ്ഞ് 2.13 ലക്ഷം ഹെക്ടര്‍ മാത്രമായി; ഉല്‍പാദനം 5.22 ലക്ഷം ടണ്‍ മാത്രവും.

പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഉല്‍പാദനമാണ് ഇത്. അരി പ്രധാന ആഹാരമായ 3.33 കോടി കേരളീയരുടെ ഭക്ഷ്യസുരക്ഷ എത്രകണ്ട് അപകടത്തിലാണെന്നത് ആസൂത്രകരുടെയും രാഷ്ട്രീയക്കാരുടെയും പ്രധാന ആലോചനാവിഷയമാകാന്‍ ഇനിയും വൈകിക്കൂടാ. 

പറമ്പും പാടവും നിറഞ്ഞ കേരളത്തില്‍ നെല്‍പ്പാടങ്ങള്‍ വേണ്ടത്ര തോതില്‍ സംരക്ഷിക്കപ്പെടുന്നില്ല. നെല്‍വയല്‍ - തണ്ണീര്‍ത്തട നിയമം ലംഘിച്ചും പഴുതുകള്‍ മുതലെടുത്തും പാടങ്ങള്‍ ഇതര ആവശ്യങ്ങള്‍ക്കായി മാറ്റിയതാണു കൃഷിഭൂമിയുടെ വിസ്തീര്‍ണം കുറയാനുള്ള കാരണം. അവശേഷിക്കുന്ന നെല്‍വയലുകള്‍ പോലും നികത്തപ്പെടാവുന്ന സാഹചര്യമാണു നിലനില്‍ക്കുന്നതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ നെല്ലറകളെന്നു കരുതിപ്പോരുന്ന കുട്ടനാട് മേഖല ഉള്‍പ്പെടുന്ന ആലപ്പുഴ, പാലക്കാട് ജില്ലകളിലാണു വന്‍തോതില്‍ പാടം നികത്തുന്നതെന്ന് ഒാഡിറ്റ് വിഭാഗം കണ്ടെത്തി.

ഭൂമാഫിയയുടെ ആര്‍ത്തിക്കു കൂട്ടുനില്‍ക്കുന്നതു രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗവുമാണെന്നാണ് ആക്ഷേപം. വ്യാപകമായ നെല്‍വയല്‍ നികത്തല്‍ പരിസ്ഥിതിയെയും രൂക്ഷമായി ബാധിച്ചുകഴിഞ്ഞു. ജലസ്രോതസ്സുകള്‍ വറ്റിയതോടെ കേരളം കടുത്ത ജലക്ഷാമത്തിലായി. നെല്‍വയലുകള്‍ സംരക്ഷിക്കാനും തണ്ണീര്‍ത്തടങ്ങള്‍ നിലനിര്‍ത്താനും ആത്മാര്‍ഥമായ ശ്രമം ഉണ്ടായില്ലെങ്കില്‍ പത്തായം ചുടുന്ന അനുഭവമായിരിക്കും കേരളത്തിന്റേത്. 

കൃഷിയിറക്കാതെ തരിശായി കിടക്കുന്ന പാടങ്ങള്‍ ഭരണകൂടവും ജനങ്ങളും ഒത്തുപിടിച്ചാല്‍ നന്നാക്കിയെടുക്കാവുന്നതേയുള്ളൂ. പാടങ്ങള്‍ ഉപയോഗശൂന്യമായതിന്റെ കാരണം വിലയിരുത്തി ഇവ കൃഷിക്ക് ഉപയുക്തമാക്കുകയാണു വേണ്ടത്. തരിശുനിലങ്ങള്‍ മുഴുവന്‍ കൃഷിയിറക്കണം. ഒരു പൂവു ചെയ്യുന്നിടത്തു രണ്ടും രണ്ടു ചെയ്യുന്നിടത്തു മൂന്നുമാക്കി കൃഷിയുടെ വിസ്തൃതിയും ഉല്‍പാദനവും രണ്ടോ മൂന്നോ ഇരട്ടിയാക്കാം. വിളമേനി (ഉല്‍പാദനശേഷി) ഹെക്ടറിനു 2.3 ടണ്‍ എന്നതു നാലു ടണ്ണായി കൂട്ടുകയും വേണം.

പാടശേഖര അടിസ്ഥാനത്തില്‍ മാത്രമേ നെല്‍ക്കൃഷി ശാസ്ത്രീയമായും ലാഭകരമായും ചെയ്യാന്‍ പറ്റുകയുള്ളൂ. യന്ത്രവല്‍ക്കരണമടക്കം കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ സഫലമാക്കാനും ഗ്രൂപ്പ് ഫാമിങ് അനിവാര്യം തന്നെ. തൊഴിലാളികളും യന്ത്രങ്ങളും യഥാസമയം ലഭ്യമാക്കാനും ജലസേചനം കാര്യക്ഷമമാക്കാനും ഒാരോ പാടശേഖരത്തിനും പ്രത്യേക കൃഷി കലണ്ടര്‍ മുന്‍കൂട്ടി തയാറാക്കണം.

യന്ത്രങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് ഇനി നെല്‍ക്കൃഷി പ്രായോഗികമല്ല. ആദ്യപടിയായി കുട്ടനാട്, പാലക്കാട് മേഖലയിലും തൃശൂര്‍ കോള്‍ മേഖലയിലും കാര്‍ഷികയന്ത്ര സേവനകേന്ദ്രങ്ങള്‍ സ്ഥാപിക്കണം. ക്രമേണ ഒാരോ ജില്ലയിലും ഒാരോ കേന്ദ്രം വരട്ടെ. സിവില്‍ സപ്ലൈസ് കോര്‍പറേഷനെക്കൂടാതെ, സഹകരണ ബാങ്കുകളെയും ഉള്‍പ്പെടുത്തി നെല്ലുസംഭരണം ശക്തമാക്കുകയും വേണം.


കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടത് ചൊട്ടുവിദ്യയല്ല (മാധ്യമം) 
കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടത് ചൊട്ടുവിദ്യയല്ല

ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസോ ഷെഡ്യൂളോ വെട്ടിക്കുറക്കാന്‍ അനുവദിക്കില്ലെന്ന് യു.ഡി.എഫ് നേതൃയോഗത്തിനുശേഷം കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ നടത്തിയ പ്രസ്താവനയില്‍നിന്നുതന്നെ സംസ്ഥാന സര്‍ക്കാറും മുന്നണി നേതൃത്വവും ഈ വിഷയത്തെ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതിനകം 1400 ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുകയും ദിനേന ഓരോ ജില്ലയിലും നിരവധി ബസുകള്‍ പുതുതായി കട്ടപ്പുറത്ത് കയറ്റുകയും ചെയ്യുന്നതിനിടയിലാണ് മുന്നണി കണ്‍വീനറുടെ ഈ വാചാടോപം. കെ.എസ്.ആര്‍.ടി.സി എന്ന പൊതുമേഖലാ സ്ഥാപനം എന്നെന്നേക്കുമായി അടച്ചുപൂട്ടണോ വേണ്ടേ എന്ന ഗൗരവമാര്‍ന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
കടുത്ത സാമ്പത്തികഭാരം താങ്ങാനാവാതെ മുട്ടിട്ടിഴയുന്നതിനിടയിലാണ് ഡീസല്‍ ഇരട്ടവിലയുടെ അധികബാധ്യത കൂടി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ മുതുകില്‍ കയറ്റിവെക്കപ്പെട്ടത്. ഈ പ്രതിസന്ധി മറികടക്കാന്‍ രണ്ടു മാസത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ 28 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും അതൊന്നുംതന്നെ ഈ താപ്പാനയെ മുന്നോട്ടു നടത്താന്‍ പര്യാപ്തമല്ല.  ഡീസലിന് വര്‍ധിപ്പിച്ച അധിക നിരക്ക് ഒഴിവാക്കിക്കിട്ടാന്‍ മുന്നണി നേതാക്കള്‍ ഉടന്‍ ദല്‍ഹിയിലേക്ക് വിമാനം കയറുമത്രെ. നല്ലത്. എന്നാല്‍, കേന്ദ്ര സര്‍ക്കാറിന്‍െറ മുന്നില്‍ കേരളത്തിന്‍െറ വിലപേശല്‍ ശേഷി അങ്ങേയറ്റം ക്ഷയിച്ചിട്ടുണ്ട് എന്നാണ് സമീപകാല അനുഭവങ്ങളെല്ലാം സമര്‍ഥിക്കുന്നത്. ‘എയര്‍ കേരള’യുടെ കാര്യത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രദര്‍ശിപ്പിച്ച ആരംഭശൂരത്വം ദല്‍ഹിയിലെത്തിയപ്പോള്‍ ബാഷ്പീകരിച്ചുപോയത് നാം കണ്ടതാണ്. എണ്ണക്കമ്പനികള്‍ക്ക് ലാഭംകൊയ്യാനുള്ള സകല മാര്‍ഗങ്ങളും തുറന്നുകൊടുക്കുന്നതില്‍ പ്രതിജ്ഞാബദ്ധരായ മന്‍മോഹന്‍ സിങ് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് കേരളത്തിനു മാത്രമായി ഒരിളവ് പ്രതീക്ഷിക്കുന്നതുതന്നെ പോഴത്തമായിരിക്കാം. ഈ വിഷയത്തില്‍ നമ്മുടെ അയല്‍സംസ്ഥാനങ്ങളിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ സ്വീകരിച്ച പ്രായോഗിക മാര്‍ഗം എന്തുകൊണ്ട് നമുക്ക് പരീക്ഷിച്ചുകൂടാ? സ്വകാര്യ പമ്പുകളില്‍നിന്ന് ഡീസല്‍ അടിക്കുന്നത് മൂലം തമിഴ്നാട് സര്‍ക്കാറിന് പ്രതിദിനം 1.56 കോടി രൂപ ലാഭിക്കാന്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഡീസല്‍ വിലവര്‍ധന മാത്രമല്ല നമ്മുടെ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനെ ഈ പ്രതിസന്ധിയിലെത്തിച്ചത്. പൊതുവെ ദുര്‍ബലമായ ഒരു സ്ഥാപനം അധികഭാരത്തിന്‍െറ ഗര്‍ഭംകൂടി ധരിച്ചതോടെ മരണശയ്യയിലെത്തി എന്നതാണ് നേര്. ചൊട്ടുവിദ്യകള്‍കൊണ്ട് കെ.എസ്.ആര്‍.ടി.സിയെ  രക്ഷിച്ചെടുക്കാന്‍ കഴിയില്ല എന്ന് സമ്മതിച്ചാവണം ഇനിയുള്ള നീക്കങ്ങള്‍. അനിവാര്യമായി വന്നിരിക്കുന്നത് കായചികിത്സയാണ്. അതിനു വേണ്ടത് അങ്ങേയറ്റത്തെ രാഷ്ട്രീയ ഇച്ഛാശക്തിയും ഭാവനയുമാണ്. അത് രണ്ടുകൊണ്ടും അനുഗൃഹീതമല്ലാത്ത കൈകളിലാണ് സ്ഥാപനം ഇന്ന് എത്തപ്പെട്ടിരിക്കുന്നത്. കത്തുന്ന മേല്‍ക്കൂരയില്‍നിന്ന് കഴുക്കോല്‍ ഊരിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷത്തിന്‍െറ മാത്രം ആരോപണമല്ല ഇത്. കെ.എസ്.ആര്‍.ടി.സിയുടെ ഷെഡ്യൂളുകള്‍ റദ്ദാക്കുന്ന മുറക്ക് ആ റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലികം എന്ന് പറഞ്ഞ് പെര്‍മിറ്റ് നല്‍കുന്ന കുതൂഹലമാണെങ്ങും. യാത്രാപ്രശ്നം പരിഹരിക്കുന്നതിലപ്പുറം മറ്റു താല്‍പര്യങ്ങളാണ് അതിന് പ്രചോദനമാകുന്നത് എന്ന് ആരെങ്കിലും ആരോപിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ മേലാളന്മാരുടെയും ഒത്താശയോടെ ദേശസാല്‍കൃത റൂട്ടുകളില്‍പോലും സ്വകാര്യ ബസുകള്‍ ലാഭംകൊയ്യുമ്പോള്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ മാത്രം എന്തുകൊണ്ട് കുത്തുപാള എടുക്കുന്നു എന്ന ചോദ്യത്തിന് ഉത്തരവാദപ്പെട്ടവര്‍ മറുപടി തരില്ല.
 ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ പ്രതിമാസം 90 കോടിയുടെ നഷ്ടത്തിലാണത്രെ കുതിക്കുന്നത്. 35 കോടി രൂപ പെന്‍ഷന്‍ ഇനത്തില്‍ മാത്രം നല്‍കണം. പലിശ ഇനത്തില്‍ 25 കോടിയും. അതിനിടയിലാണ് ഡീസല്‍ അധികവിലയുടെ പേരില്‍ 16 കോടിയുടെ ബാധ്യതകൂടി ഏറ്റെടുക്കേണ്ടിവന്നത്. എന്നും നഷ്ടത്തിലോടുന്ന ഒരു സ്ഥാപനം തൊഴിലാളികളുടെ പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കുമ്പോള്‍ മുന്‍പിന്‍ ചിന്തിക്കാത്തതിന്‍െറ ദുരന്തഫലമാണ് ശ്വാസംമുട്ടി മരിക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. ഷെഡ്യൂളുകള്‍ മുടങ്ങിയതോടെ വരുമാനം ഗണ്യമായി കുറയുകയും നഷ്ടം കുന്നുകൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വേറെ മാര്‍ഗം കണ്ടെത്തണം. തൊഴിലാളി യൂനിയനുകളും ഉദ്യോഗസ്ഥരും ഭരണനേതൃത്വവും പരസ്പരം പഴിചാരിയും ആരോപണങ്ങള്‍ ഉന്നയിച്ചും സമയം പാഴാക്കുന്ന ഇന്നത്തെ അവസ്ഥ തുടര്‍ന്നാല്‍ കെ.എസ്.ആര്‍.ടി.സി എന്ന സ്ഥാപനം ചരിത്രത്തിലേക്ക് താനേ വിലയം പ്രാപിക്കും. അതോടെ, സ്വകാര്യ ബസുകള്‍ കേരളത്തിലെ റോഡുകളില്‍ ആധിപത്യം സ്ഥാപിക്കുന്നതുകൊണ്ട് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെങ്കിലും ആയിരക്കണക്കിന് തൊഴിലാളികളുടെ കുടുംബങ്ങളാവും വഴിയാധാരമാകാന്‍ പോകുന്നത്. അചിന്തനീയമാണീ സ്ഥിതിവിശേഷം.

No comments:

Post a Comment