Tuesday, January 15, 2013

മുഖപ്രസംഗം January 15 -2013

മുഖപ്രസംഗം January 15 -2013

 1.ആരോഗ്യകരമായ ചുവടുകള്‍ (മാധ്യമം)

മരുന്നുനിര്‍മാണ രംഗത്തെ രണ്ടു സംഭവവികാസങ്ങള്‍ ശുഭസൂചകമാണ്. ചെലവുകുറഞ്ഞ ഔഷധങ്ങളും മറ്റും ഉല്‍പാദിപ്പിക്കുന്നതിലും അവശ്യമേഖലകളില്‍ ഔഷധഗവേഷണം നടത്തുന്നതിലും പരസ്പരം സഹകരിക്കാന്‍ ന്യൂദല്‍ഹിയില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന ‘ബ്രിക്സ്’ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്താഫ്രിക്ക) കൂട്ടായ്മ തീരുമാനിച്ചതാണ് ഒന്ന്. മനുഷ്യരിലുള്ള മരുന്നുപരീക്ഷണം നിയന്ത്രിക്കുന്നതിനുവേണ്ടി ‘ഡ്രഗ്സ് ആന്‍ഡ് കോസ്മറ്റിക്സ് ചട്ടങ്ങള്‍’ (1945) ഭേദഗതി ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചതാണ് രണ്ടാമത്തേത്.

2.  പ്രചോദനമാകട്ടെ ഈ വിജയഗാഥകള്‍ (മാതൃഭൂമി)

സഹകരണ പ്രസ്ഥാനത്തിന് സാധ്യതകളേറെയാണെങ്കിലും അവ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, മെച്ചപ്പെട്ട ഉത്പന്നങ്ങള്‍ നിര്‍മിച്ച് മിതമായ നിരക്കില്‍ വിതരണം ചെയ്യല്‍, വിപണന സംവിധാനങ്ങള്‍ ഒരുക്കി കാര്‍ഷിക, ചെറുകിട വ്യവസായ മേഖലകളെ സംരക്ഷിക്കല്‍ തുടങ്ങിയവ സഹകരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളാണ്. പ്രശ്‌നകലുഷിതമായ ഒട്ടേറെ മേഖലകളുടെ പുനരുജ്ജീവനത്തിന് സഹകരണ പ്രസ്ഥാനം സഹായകമായിട്ടുണ്ട്. 

3. ആദ്യശിലയണിഞ്ഞ ജനകീയ സ്വപ്നം (മനോരമ )

സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനു പാലക്കാട്ട് യാക്കരയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ ശിലാസ്ഥാപനം നിര്‍വഹിച്ചപ്പോള്‍ ഈ പിന്നാക്ക ജില്ലയുടെ ദീര്‍ഘകാല സ്വപ്നമാണു പൂവണിഞ്ഞത്. വിസ്തൃതിയില്‍ സംസ്ഥാനത്ത് ഏറ്റവും വലുതെങ്കിലും ആരോഗ്യസംരക്ഷണ രംഗത്ത് ഇപ്പോഴും പോഷകക്കുറവുള്ള പാലക്കാടിന് ഈ മെഡിക്കല്‍ കോളജ് വലിയൊരു വരദാനം തന്നെയാകും.

മാധ്യമം : ആരോഗ്യകരമായ ചുവടുകള്‍

ആരോഗ്യകരമായ ചുവടുകള്‍
മരുന്നുനിര്‍മാണ രംഗത്തെ രണ്ടു സംഭവവികാസങ്ങള്‍ ശുഭസൂചകമാണ്. ചെലവുകുറഞ്ഞ ഔഷധങ്ങളും മറ്റും ഉല്‍പാദിപ്പിക്കുന്നതിലും അവശ്യമേഖലകളില്‍ ഔഷധ
ഗവേഷണം നടത്തുന്നതിലും പരസ്പരം സഹകരിക്കാന്‍ ന്യൂദല്‍ഹിയില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന ‘ബ്രിക്സ്’ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്താഫ്രിക്ക) കൂട്ടായ്മ തീരുമാനിച്ചതാണ് ഒന്ന്. മനുഷ്യരിലുള്ള മരുന്നുപരീക്ഷണം നിയന്ത്രിക്കുന്നതിനുവേണ്ടി ‘ഡ്രഗ്സ് ആന്‍ഡ് കോസ്മറ്റിക്സ് ചട്ടങ്ങള്‍’ (1945) ഭേദഗതി ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചതാണ് രണ്ടാമത്തേത്.
ലോക ജനസംഖ്യയുടെ 43 ശതമാനം അധിവസിക്കുന്ന ‘ബ്രിക്സ്’ രാജ്യങ്ങളുടെ ആരോഗ്യമന്ത്രിമാര്‍ ചേര്‍ന്ന് പുറത്തിറക്കിയ വിളംബരം മരുന്നുല്‍പാദന രംഗത്തെ അമിത വാണിജ്യവത്കരണത്തെ ചെറുക്കാന്‍ സഹായിക്കും. ഈ രാജ്യങ്ങളിലെ സാമാന്യജനങ്ങള്‍ക്ക് താങ്ങാനാവാത്ത വിലയാണ് പല അവശ്യമരുന്നുകള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ ഈടാക്കി വരുന്നത്. സമ്പന്നരാജ്യങ്ങളില്‍ വിപാടനം ചെയ്യപ്പെട്ടതും ‘ബ്രിക്സ്’ രാജ്യങ്ങളില്‍ വ്യാപകവുമായ പല പകര്‍ച്ചരോഗങ്ങള്‍ക്കുമുള്ള ചികിത്സ- മരുന്നും ഗവേഷണങ്ങളും- അത്തരം കമ്പനികളെ ആശ്രയിച്ചാണ് കൂടുതലും നടക്കുന്നത്. അവക്കാകട്ടെ ഈ ജനതകള്‍ വെറും കമ്പോളം മാത്രമാണ്. ഈ രാജ്യങ്ങളുടെ സര്‍ക്കാറുകള്‍ യോജിച്ചുപ്രവര്‍ത്തിക്കുന്നതോടെ ചൂഷക കമ്പനികളുടെ പിടിയില്‍നിന്ന് ഭൂരിപക്ഷം പേരെയും കുറെയൊക്കെ മോചിപ്പിക്കാന്‍ കഴിയും. അര്‍ബുദചികിത്സക്കുള്ള ഏതാനും മരുന്നുകളുടെ വില കുറക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഈയിടെ സ്വീകരിച്ച നടപടികള്‍, അവയുടെ കച്ചവടം വഴി വന്‍തോതില്‍ ലാഭംകൊയ്യുന്ന കമ്പനികള്‍ക്കുള്ള താക്കീതുകൂടിയാണ്. ബ്രാന്‍ഡ് മരുന്നുകള്‍ക്കു പകരം ജനറിക് മരുന്നുകള്‍ ഉല്‍പാദിപ്പിക്കാന്‍ നിഷ്കര്‍ഷിക്കുന്നതിലൂടെ ഇനിയും മരുന്നുവില പിടിച്ചുതാഴ്ത്താന്‍ കഴിയും. ജനങ്ങളുടെ ആവശ്യത്തെക്കാള്‍ കമ്പോളത്തിലെ സാധ്യത നോക്കി മരുന്നുഗവേഷണം നടത്തുന്ന കമ്പനികള്‍ തൊടാന്‍ മടിക്കുന്ന മേഖലകള്‍ ധാരാളമുണ്ട്. അത്തരം മേഖലകളില്‍ ഗവേഷണവും മരുന്നുല്‍പാദനവും നടത്താന്‍ ‘ബ്രിക്സ്’ സര്‍ക്കാറുകള്‍ക്ക് കഴിയും- പരസ്പര സഹകരണത്തിലൂടെ വിശേഷിച്ചും.
മരുന്നു പരീക്ഷണരംഗത്ത് ഇന്ത്യക്കാരെ ‘ഗിനിപ്പന്നികളാ’ക്കാന്‍ പഴുതുനല്‍കുന്നതിനെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചതോടെയാണ് കേന്ദ്രം ഇപ്പോള്‍ നിയമഭേദഗതിക്ക് ഒരുങ്ങിയത്. 2008-2011 കാലത്ത് മരുന്നുപരീക്ഷണങ്ങള്‍ക്കു വിധേയരായവരില്‍ 2000 പേരാണ് മരിച്ചത്. മറ്റ് പ്രത്യാഘാതങ്ങളനുഭവിച്ചവര്‍ ഇതിനുപുറമെ. ഇത്തരം വീഴ്ചകള്‍ക്ക് മരുന്നുല്‍പാദക കമ്പനിക്കോ പരീക്ഷണത്തിന്‍െറ സ്പോണ്‍സര്‍ക്കോ ഉത്തരവാദിത്തമില്ലെന്നതാണ് സ്ഥിതി. മരുന്നുപരീക്ഷണം അനധികൃതമായിപ്പോലും നടക്കുന്നുണ്ട്. പാവങ്ങളെ അവരറിയാതെ പരീക്ഷണവിധേയരാക്കുന്നുമുണ്ട്. വാക്സിന്‍ പരീക്ഷണത്തിന് കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നു. ഇതൊക്കെ ചെയ്യുന്നവരോ, കുഴപ്പം സംഭവിച്ചാല്‍ കൈമലര്‍ത്തുന്നു.  നഷ്ടപരിഹാരത്തിന് വ്യവസ്ഥയില്ല. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നിര്‍ബന്ധിതാവസ്ഥയില്‍ പരമാവധി അരലക്ഷം രൂപ നഷ്ടപരിഹാരം കൊടുത്ത് കൈകഴുകുന്നു. നിലവിലെ നിയമം കമ്പനിക്കാര്‍ക്കുവേണ്ടി എട്ടുവര്‍ഷം മുമ്പ് കേന്ദ്രം ഭേദഗതി ചെയ്തതാണ് ഈയവസ്ഥക്ക് കാരണം. മരുന്നുല്‍പാദനത്തിനും ഇതരജീവികള്‍ക്കുമേലുള്ള പരീക്ഷണത്തിനും തൊട്ടുടനെ (കണ്‍കറന്‍റ് ഫേസ്) മനുഷ്യരില്‍ പരീക്ഷിച്ചുനോക്കാന്‍ അനുമതി കൊടുക്കുന്നതായിരുന്നു ആ ഭേദഗതി. ഒരു ചുവട് വിട്ടുകൊടുത്താല്‍ രണ്ടുനാഴിക അളന്നെടുക്കുന്ന കമ്പനികള്‍ ഇത് ശരിക്കും മുതലെടുത്തു. മരുന്നുപരീക്ഷണ റാക്കറ്റിനെപ്പറ്റി കോടതിപോലും രോഷംകൊണ്ടത് ഇതിനാലാണ്. ഈ ഭേദഗതി പിന്‍വലിക്കേണ്ടതുണ്ട്.
ഏതായാലും ഇപ്പോള്‍ നിയമത്തില്‍ പുതിയ ചട്ടങ്ങള്‍ ചേര്‍ക്കാന്‍ സര്‍ക്കാര്‍ തയാറായിരിക്കുന്നു. വീഴ്ച സംഭവിച്ചാല്‍ കമ്പനിക്കെതിരെ നടപടിയുണ്ടാകും; നഷ്ടപരിഹാരത്തിന് വ്യവസ്ഥ ചെയ്യും; പരീക്ഷണവിധേയനാകുന്ന വ്യക്തിക്ക് കൃത്യമായ ധാരണ നല്‍കും; അയാളുടെ എല്ലാ ഉത്തരവാദിത്തവും കമ്പനിക്കും സ്പോണ്‍സര്‍മാര്‍ക്കുമായിരിക്കും. പരീക്ഷണങ്ങള്‍ക്ക് മേല്‍നോട്ടസമിതികളുണ്ടായിരിക്കും. മനുഷ്യനുമേല്‍ പണത്തിന് മുന്‍ഗണന നല്‍കുന്ന മരുന്നു വ്യവസായികളുടെ സമീപനത്തിന് ഒരു തിരുത്താണ് കോടതി ഇടപെടലിലൂടെ വിജ്ഞാപനം ചെയ്യപ്പെടാന്‍ പോകുന്ന നിയമം. എന്നാല്‍, നിയമത്തെക്കാള്‍ അതിന്‍െറ ഫലപ്രാപ്തി ഉറപ്പുവരുത്തുക തുടര്‍ന്ന് സമൂഹം പുലര്‍ത്തുന്ന ജാഗ്രതയായിരിക്കും.

madhyamam 15-01-13

മാതൃഭൂമി: പ്രചോദനമാകട്ടെ ഈ വിജയഗാഥകള്‍

Newspaper Editionസഹകരണ പ്രസ്ഥാനത്തിന് സാധ്യതകളേറെയാണെങ്കിലും അവ പരമാവധി പ്രയോജനപ്പെ
ടുത്താനുള്ള ശ്രമം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, മെച്ചപ്പെട്ട ഉത്പന്നങ്ങള്‍ നിര്‍മിച്ച് മിതമായ നിരക്കില്‍ വിതരണം ചെയ്യല്‍, വിപണന സംവിധാനങ്ങള്‍ ഒരുക്കി കാര്‍ഷിക, ചെറുകിട വ്യവസായ മേഖലകളെ സംരക്ഷിക്കല്‍ തുടങ്ങിയവ സഹകരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളാണ്. പ്രശ്‌നകലുഷിതമായ ഒട്ടേറെ മേഖലകളുടെ പുനരുജ്ജീവനത്തിന് സഹകരണ പ്രസ്ഥാനം സഹായകമായിട്ടുണ്ട്. കേരളത്തിലാണെങ്കില്‍ നിത്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങള്‍ക്കും ജനങ്ങള്‍ സഹകരണ സംഘങ്ങളെയും അവയുടെ വിവിധ സ്ഥാപനങ്ങളെയും സമീപിക്കുന്നു. സ്വകാര്യ മേഖലയിലേതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്ന ഒട്ടേറെ സഹകരണ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. വെല്ലുവിളികള്‍ നേരിട്ട് മാതൃകാപരമായി നിലനില്‍ക്കാന്‍ അവയ്ക്കു കഴിയുന്നത് ആസൂത്രണവൈദഗ്ധ്യവും നവീകരണവും കൊണ്ടാണ്. മാതൃഭൂമി ഈയിടെ പ്രസിദ്ധീകരിച്ച 'സഹകരണ മേഖലയിലെ കോര്‍പ്പറേറ്റുകള്‍' എന്ന പരമ്പര ആ സ്ഥാപനങ്ങളുടെയെന്നപോലെ സഹകരണപ്രസ്ഥാനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നു.

85 വര്‍ഷം മുന്‍പ് കൂലിവേലക്കാര്‍ ഒത്തു ചേര്‍ന്ന് എളിയ നിലയില്‍ ആരംഭിച്ച കോഴിക്കോട്ടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഇന്ന് വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളെപ്പോലും അത്ഭുതപ്പെടുത്തുന്ന വളര്‍ച്ച നേടിയിരിക്കുന്നു. ബാലാരിഷ്ടതകളെ ആത്മവിശ്വാസത്തോടെ നേരിടുകയും വീഴ്ചകള്‍ തിരുത്തുകയും പുതിയ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്താണ് സൊസൈറ്റി ഈ നിലയില്‍ എത്തിയത്. സംഘത്തിന്റെ സാരഥികളുടെ കര്‍മൗത്സുക്യവും വൈവിധ്യവത്കരണത്തില്‍ അവര്‍ കാണിച്ച താത്പര്യവും പുരോഗതിക്ക് വേഗം കൂട്ടി. വിജയത്തിന്റെ വിസ്മയകരമായ രുചി പതിനായിരക്കണക്കിനാളുകള്‍ക്ക് നിത്യവും വിളമ്പുന്ന ഇന്ത്യന്‍ കോഫി ഹൗസ് ജനങ്ങളെ സംബന്ധിച്ചിടത്തോളം സ്വന്തം ഭക്ഷണശാലയാണ്. പ്രതിസന്ധികളില്‍ തളരാതെയുള്ള പരിശ്രമവും ഭക്ഷണത്തിന്റെയെന്നപോലെ സേവനത്തിന്റെയും ഉന്നതനിലവാരം നിലനിര്‍ത്തുന്നതില്‍ കാണിക്കുന്ന നിഷ്‌കര്‍ഷയുമാണ് ഈ ജനപ്രിയത്തിന് അടിസ്ഥാനം. കുരുമുളകു സംഭരണവുമായി തുടങ്ങിയ പാലാ മാര്‍ക്കറ്റിങ് സഹകരണ സംഘം ഇന്ന് കേരളത്തിലെ ഏറ്റവും വലിയ വിപണന സഹകരണ സംഘമായതിന്റെ പിന്നിലും പ്രവര്‍ത്തനമികവും അര്‍പ്പണബോധവുമാണുള്ളത് 'എക്‌സ്‌പോര്‍ട്ട് ഹൗസ് ' പദവി ലഭിച്ച കേരളത്തിലെ ഏക സഹകരണ സ്ഥാപനമാണിത്. റബ്ബര്‍ സംഭരിച്ച് വില്‍ക്കുന്നതിനു പുറമേ മറ്റനേകം മേഖലകളിലേക്കും സംഘത്തിന് പ്രവര്‍ത്തനം വ്യാപിപ്പിക്കാനായി.

ക്ഷീര കര്‍ഷകരുടെ കൂട്ടായ്മയിലൂടെ ഉണ്ടായ മില്‍മയും അടയ്ക്കാ കര്‍ഷകര്‍ പടുത്തുയര്‍ത്തിയ കാംപ്‌കോയും സഹകരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. രണ്ടു സ്ഥാപനങ്ങളും വികസനത്തിന്റെ പാതയിലാണ്. മിതമായ വിലയ്ക്ക് ഗുണമേന്മയുള്ള സാധനങ്ങള്‍ ലഭ്യമാക്കാന്‍ വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്തി ഉപഭോക്താക്കളെ സഹായിക്കുന്ന കണ്‍സ്യൂമര്‍ ഫെഡിനും വിജയ കഥകളാണ് പറയാനുള്ളത്. മറ്റനേകം സ്ഥാപനങ്ങളും ഇങ്ങനെ നല്ല നിലയില്‍ പ്രവര്‍ത്തിച്ച് സഹകരണ പ്രസ്ഥാനത്തിന്റെ യശസ്സുയര്‍ത്തുന്നുണ്ട്. മികച്ച ഭരണം, കാര്യക്ഷമമായ പ്രവര്‍ത്തനം, ധൂര്‍ത്തും പാഴ്‌ച്ചെലവുകളും ഒഴിവാക്കല്‍ എന്നീ പ്രധാന കാര്യങ്ങളില്‍ ഇവയെല്ലാം അങ്ങയറ്റം ശ്രദ്ധിക്കുന്നു. രാഷ്ട്രീയ താത്പര്യങ്ങള്‍, ധനവിനിയോഗത്തിലെ പിഴവുകള്‍, നവീകരണത്തിലും വൈവിധ്യവത്കരണത്തിലുമുള്ള അനാസ്ഥ തുടങ്ങിയവയാണ് പല സംഘങ്ങളെയും നഷ്ടത്തിലേക്കും നാശത്തിലേക്കും നയിക്കുന്നത്. സഹകരണസംഘം തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയമുണ്ടാവുക സ്വാഭാവികമാണ്. രാഷ്ട്രീയ താത്പര്യങ്ങള്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ നോക്കിയാല്‍ പല കുഴപ്പങ്ങളും ഒഴിവാക്കാം. ഈ വിജയചരിതങ്ങള്‍ സഹകരണപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സര്‍ക്കാറിനും ആത്മപരിശോധനയ്ക്ക് പ്രേരകമാകണം. ഫണ്ടിന്റെ അപര്യാപ്തതയടക്കമുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സര്‍ക്കാറും ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാന്‍ ഈ മേഖലയിലുള്ളവരും തയ്യാറായാല്‍ മാതൃകാസ്ഥാപനങ്ങളുടെ പട്ടിക നീളുമെന്നുറപ്പാണ്.

മനോരമ : ആദ്യശിലയണിഞ്ഞ ജനകീയ സ്വപ്നം

malmanoramalogoസര്‍ക്കാര്‍ മെഡിക്കല്‍ കോളജിനു പാലക്കാട്ട് യാക്കരയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ ശിലാസ്ഥാപനം നിര്‍വഹിച്ചപ്പോള്‍ ഈ പിന്നാക്ക ജില്ലയുടെ ദീര്‍ഘകാല സ്വപ്നമാണു പൂവണിഞ്ഞത്. വിസ്തൃതിയില്‍ സംസ്ഥാനത്ത് ഏറ്റവും വലുതെങ്കിലും ആരോഗ്യസംരക്ഷണ രംഗത്ത് ഇപ്പോഴും പോഷകക്കുറവുള്ള പാലക്കാടിന് ഈ മെഡിക്കല്‍ കോളജ് വലിയൊരു വരദാനം തന്നെയാകും. 

തൃശൂരില്‍ കോളജ് തുടങ്ങി മൂന്നു ദശാബ്ദത്തിനുശേഷമാണു സംസ്ഥാനത്തു മറ്റൊരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സ്ഥാപിതമാകുന്നത്. പട്ടികജാതി വിഭാഗങ്ങള്‍ ഏറെയുള്ള പാലക്കാട്ട്, പട്ടികജാതി വികസന വകുപ്പിനു കീഴിലാണു മെഡിക്കല്‍ കോളജ് എന്നതും ഒറ്റ മന്ത്രി പോലുമില്ലാത്ത ജില്ലയിലേക്കാണ് ഈ വലിയ സ്ഥാപനത്തിന്റെ വരവെന്നതും മറ്റു സവിശേഷതകള്‍. സ്ഥലം ലഭ്യമാക്കുന്നതു സംബന്ധിച്ച സാങ്കേതിക, നിയമ തടസ്സങ്ങള്‍ മറികടന്ന് നടപടികള്‍ പെട്ടെന്നു പൂര്‍ത്തീകരിക്കാന്‍ റവന്യു വകുപ്പും ജില്ലാ ഭരണകൂടവും നടത്തിയ ഇടപെടലുകള്‍ കാര്യങ്ങള്‍ വേഗത്തിലാക്കുകയും ചെയ്തു. 

ഡോക്ടര്‍മാരുടെ കുറവുമൂലം പാലക്കാട്ട് വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി 'മലയാള മനോരമ പരമ്പര പ്രസിദ്ധീകരിച്ചത് ഒരുവര്‍ഷം മുന്‍പാണ്. ജീവരക്ഷയ്ക്കുള്ള വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിനെയും തൃശൂരിനെയും ആശ്രയിക്കുന്ന പാലക്കാടിന് വാളയാര്‍ അതിര്‍ത്തിയും കുതിരാനും ഉണ്ടാക്കുന്ന മാര്‍ഗതടസ്സങ്ങളും ആ പരമ്പരയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്നു വിഷയത്തിന്റെ വിവിധ വശങ്ങള്‍ ചൂണ്ടിക്കാട്ടി തുടര്‍ച്ചയായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ജനപ്രതിനിധികളെയും ഡോക്ടര്‍മാരെയും മറ്റും പങ്കെടുപ്പിച്ചു നടത്തിയ സെമിനാറിലെ വിലയിരുത്തലുകളടങ്ങിയ റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി, ധനമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ക്കു നല്‍കുകയും ചെയ്തു. ജനപ്രതിനിധികള്‍ ഇൌ ജനകീയാവശ്യത്തിനായി ഒന്നിക്കുക കൂടി ചെയ്തപ്പോള്‍ നാടുണര്‍ത്തലിന്റെ അലയൊലികള്‍ അതു കേള്‍ക്കേണ്ടവരില്‍ ചെന്നെത്തുക തന്നെ ചെയ്തു. 

ഇതേത്തുടര്‍ന്നാണു പാലക്കാട്ടു മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്നു കഴിഞ്ഞ ഏപ്രില്‍ 30നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അങ്ങനെ, ജനക്ഷേമത്തിനായുള്ള ഒരു വലിയ പദ്ധതിക്ക് ഒരുവര്‍ഷത്തിനകം തറക്കല്ലിടാനായി; അതും സംസ്ഥാനത്തു പ്രഖ്യാപിച്ച മറ്റു മെഡിക്കല്‍ കോളജുകളെക്കാള്‍ മുന്‍പേ. കോളജിനായി സ്പെഷല്‍ ഓഫിസറെ നിയമിക്കുകയും 55 കോടിരൂപ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍ നിന്നു കൂടുതല്‍ ഫണ്ട് നേടിയെടുക്കാനും സംസ്ഥാനം ശ്രമം തുടങ്ങിക്കഴിഞ്ഞു. നിര്‍മാണത്തിനായുള്ള കണ്‍സല്‍റ്റന്‍സിയെയും നിശ്ചയിച്ചു. ഇൌ ജനകീയാവശ്യത്തോടു സംസ്ഥാന സര്‍ക്കാര്‍ അതിവേഗം പ്രതികരിച്ചതു മാതൃകാപരം തന്നെ. വിവിധ ചികില്‍സാവിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന, ആധുനിക സൌകര്യങ്ങളുള്ള മെഡിക്കല്‍ കോളജ് ആകും സ്ഥാപിക്കുക എന്ന് അധികൃതര്‍ വ്യക്തമാക്കിക്കഴിഞ്ഞു.

ആദ്യഘട്ടം കഴിഞ്ഞെങ്കിലും കെട്ടിടനിര്‍മാണം ഉള്‍പ്പെടെ മറ്റ് അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കല്‍, മെഡിക്കല്‍ കൌണ്‍സിലിന്റെയും ആരോഗ്യ സര്‍വകലാശാലയുടെയും മറ്റും അംഗീകാരം, ആവശ്യത്തിന് അധ്യാപകര്‍ തുടങ്ങി വിവിധ കടമ്പകള്‍ ഇനിയും ബാക്കിയുണ്ട്. പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ഇത്തരമൊരു മെഡിക്കല്‍ കോളജ് രാജ്യത്തു തന്നെ ആദ്യമാണ്. അതുകൊണ്ടുതന്നെ, ഇക്കാര്യത്തില്‍ ഒരു ദേശീയ മാതൃക നമുക്കു സ്വന്തമാക്കാമെന്നതിനാല്‍ സമയബന്ധിതമായുള്ള നടപടികളിലൂടെ ലക്ഷ്യപ്രാപ്തിയിലേക്കു മുന്നേറേണ്ടിയിരിക്കുന്നു. 

അടുത്ത അധ്യയനവര്‍ഷം ക്ളാസുകള്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം താല്‍ക്കാലികമായി ജില്ലാ ആശുപത്രിയില്‍ തുടങ്ങണമെന്നുണ്ടെങ്കില്‍ അതിന് അനുവാദം നല്‍കാമെന്ന് ആരോഗ്യവകുപ്പും ജില്ലാ പഞ്ചായത്തും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ജില്ലാ ആശുപത്രിയില്‍ കൂടുതല്‍ സൌകര്യങ്ങളൊരുക്കേണ്ടിയിരിക്കുന്നു. ആദ്യവര്‍ഷം നോണ്‍ ക്ളിനിക്കല്‍ ക്ളാസുകള്‍ ആയതിനാല്‍ യാക്കരയിലെ സ്ഥലത്തു തന്നെ സൌകര്യം ഒരുക്കാമെന്ന അഭിപ്രായം ആരോഗ്യ സര്‍വകലാശാലയിലെ വിദഗ്ധ സംഘം മുന്നോട്ടുവച്ചിട്ടുണ്ട്. മുന്‍ഗണനാ ക്രമത്തില്‍ ഇത്തരം കാര്യങ്ങളില്‍ തീര്‍പ്പുണ്ടാകണം.

തൃശൂരും ആലപ്പുഴയിലും ജില്ലാ ആശുപത്രിയുടെ സൌകര്യങ്ങള്‍ ഉപയോഗിച്ച് ആരംഭിച്ച മെഡിക്കല്‍ കോളജുകള്‍ പൂര്‍ണസംവിധാനത്തിലേക്കു മാറാന്‍ ഏറെ വര്‍ഷങ്ങളെടുത്തതിനാല്‍ വിഷമിച്ചതു രോഗികളും നാട്ടുകാരും മാത്രമല്ല, മെഡിക്കല്‍ വിദ്യാര്‍ഥികളുമായിരുന്നു. ഇത്തരത്തിലുള്ള അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ട്, സമയബന്ധിതമായി പാലക്കാട്ട് മെഡിക്കല്‍ കോളജ് ഉയരാന്‍ എല്ലാവരുടെയും നിരന്തര പരിശ്രമം ഉണ്ടായേതീരൂ.
manorama-15-01-13

No comments:

Post a Comment