1. രാഹുല്‍ ഗാന്ധിക്ക് ദിശ തിരിച്ചുവിടാനാവുമോ? (മാധ്യമം )
നെഹ്റു കുലത്തിലെ അഞ്ചാം തലമുറക്കാരന്റെ കൈകളിലേക്ക് ലോകത്തിലെ ഏറ്റവും പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗധേയം കൈമാറിയ സംഭവം നിഷ്കൃഷ്ടമായ വിലയിരുത്തല്‍ ആവശ്യപ്പെടുന്നുണ്ട്. കര്‍മകുശലതയും അനുഭവസമ്പത്തുമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഇല്ലാഞ്ഞിട്ടല്ല ; മറിച്ച് കോണ്‍ഗ്രസിന്റെ അമരത്ത് നെഹ്റു താവഴിയില്‍നിന്നുള്ളവര്‍തന്നെ വേണമെന്ന മൂഢവിശ്വാസമാവാം ഇതുവരെ ഏതെങ്കിലും വിധത്തില്‍ കഴിവ് തെളിയിച്ചിട്ടില്ലാത്ത യുവാവായ രാഹുലിനെ ഭാവി ഇന്ത്യയുടെ വിധാതാവായി വാഴിക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചത്.
2. പീഡനക്കേസുകളില്‍ നീതി കിട്ടാന്‍ (മത്രുഭൂമി )
സ്ത്രീപീഡനക്കേസുകളുടെ വിചാരണയും മറ്റും വേഗത്തിലാക്കാന്‍ സംവിധാനം വേണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയരാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇത്തരം കേസുകളില്‍ നീതി ലഭിക്കാനുണ്ടാകുന്ന കാലതാമസം സ്ഥിതി കൂടുതല്‍ മോശമാക്കും. ഇതിനൊരു പരിഹാരമെന്നനിലയ്ക്ക്, സ്ത്രീപീഡനക്കേസുകളുടെ വിചാരണയ്ക്കായി കേരളത്തില്‍ മൂന്നു പ്രത്യേക കോടതികള്‍ രൂപവത്കരിക്കാനുള്ള സംസ്ഥാനസര്‍ക്കാറിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്.
3. അഴിമതിക്കാര്‍ക്ക് ഇതു താക്കീത് (മനോരമ)
അഴിമതി എന്ന മഹാവ്യാധിയെ ചെറുത്തുതോല്‍പിക്കാനുള്ള ഇന്ത്യയുടെ അതിശക്തമായ ഇച്ഛയുടെ പ്രതിഫലനമാണു കഴിഞ്ഞദിവസം അഴിമതിക്കേസില്‍ ഹരിയാനാ മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) നേതാവുമായ ഒാംപ്രകാശ് ചൌട്ടാലയ്ക്കും മകന്‍ അജയ് സിങ് ചൌട്ടാലയ്ക്കും സിബിഐ പ്രത്യേക കോടതി വിധിച്ച മാതൃകാപരമായ ശിക്ഷ.
രാഹുല്‍ ഗാന്ധിക്ക് ദിശ തിരിച്ചുവിടാനാവുമോ? (മാധ്യമം )
എട്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ജയ്പൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ചിന്താശിബിരം ചരിത്രത്തില്‍ ഇടം നേടുക രാഹുല്‍ ഗാന്ധിയുടെ കിരീടധാരണത്തിന്റെ പേരിലായിരിക്കാം. നെഹ്റു കുലത്തിലെ അഞ്ചാം തലമുറക്കാരന്റെ കൈകളിലേക്ക് ലോകത്തിലെ ഏറ്റവും പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗധേയം കൈമാറിയ സംഭവം നിഷ്കൃഷ്ടമായ വിലയിരുത്തല്‍ ആവശ്യപ്പെടുന്നുണ്ട്. കര്‍മകുശലതയും അനുഭവസമ്പത്തുമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഇല്ലാഞ്ഞിട്ടല്ല ; മറിച്ച് കോണ്‍ഗ്രസിന്റെ അമരത്ത് നെഹ്റു താവഴിയില്‍നിന്നുള്ളവര്‍തന്നെ വേണമെന്ന മൂഢവിശ്വാസമാവാം ഇതുവരെ ഏതെങ്കിലും വിധത്തില്‍ കഴിവ് തെളിയിച്ചിട്ടില്ലാത്ത യുവാവായ രാഹുലിനെ ഭാവി ഇന്ത്യയുടെ വിധാതാവായി വാഴിക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചത്. ഇതോടെ, 15 മാസത്തിനു ശേഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാനുളള ഭാരിച്ച ഉത്തരവാദിത്തമാണ് അദ്ദേഹത്തിന്റെ ചുമലില്‍ കെട്ടിവെച്ചത്. തിരക്കഥയനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുനീങ്ങുകയാണെങ്കില്‍ രാഹുല്‍ തന്നെയാവാം ഭാവി പ്രധാനമന്ത്രി.
ജവഹര്‍ലാല്‍ നെഹ്റുവില്‍നിന്ന് രാഹുല്‍ ഗാന്ധിയില്‍ ചെന്നെത്തുമ്പോള്‍ ഇന്ത്യ കടന്നുപോയ രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെയും ചിന്താപരമായ വ്യതിചലനങ്ങളുടെയും ദൂരം തിട്ടപ്പെടുത്താന്‍ കഴിയാത്തതാണ്. ജനായത്ത-മതേതര സ്ഥാപനങ്ങളുടെ പുഷ്കലമായ വളര്‍ച്ചയിലാണ് സ്വതന്ത്ര ഇന്ത്യയുടെ ശോഭന ഭാവി എന്ന് ദൃഢമായി വിശ്വസിച്ച നെഹ്റുവിന്റെ ധൈഷണികമായ ഈടുവെപ്പുകളെ തകര്‍ത്തുകളഞ്ഞത് സ്വന്തം പുത്രി തന്നെയായിരുന്നു. എങ്കിലും ആ കാലഘട്ടത്തിലെ ചില രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് ഒരു പരിധിവരെ തിരുത്തല്‍ ശക്തിയായി വര്‍ത്തിക്കാന്‍ സാധിച്ചു. ഇന്ദിരഗാന്ധിയില്‍നിന്ന് രാജീവിലേക്കും പിന്നീട് സോണിയയിലേക്കും കൈമാറ്റപ്പെട്ട നേതൃകിരീടം എല്ലാറ്റിനുമൊടുവില്‍ രാഹുലിന്റെ ശിരസ്സില്‍ യാന്ത്രികമായി ചാര്‍ത്തപ്പെടുമ്പോള്‍ ഒരു രാജ്യം നടന്നുതീര്‍ത്തത് ജനായത്ത വ്യതിചലനത്തിന്റെ പാത മാത്രമായിരുന്നുവോ എന്ന് വ്യാകുലപ്പെടുന്നവരുണ്ടാവാം. പാര്‍ട്ടി നേതൃത്വത്തിന് പൂര്‍ണമായും പിഴച്ചിട്ടില്ല്ള എന്ന് ഇനി വിധിയെഴുതാന്‍ സന്ദര്‍ഭമൊരുക്കിക്കൊടുക്കേണ്ടത് രാജീവ് പുത്രന്‍ തന്നെയാണ്.
1989ന് ശേഷം നെഹ്റു കുലത്തില്‍നിന്ന് ഒരാളും പ്രധാനമന്ത്രി പദത്തിലിരുന്നിട്ടില്ല. ബി.ജെ.പിയുടെ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്തി കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിച്ച സോണിയ ഗാന്ധിക്ക് 2004ല്‍ അതിനു സൗഭാഗ്യം കൈവന്നിരുന്നുവെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ടാവാം പിന്‍സീറ്റിലേക്ക് പിന്‍വലിയുകയാണ് അവര്‍ ചെയ്തത്. തുടര്‍ന്നിങ്ങോട്ട്, അവര്‍ സ്വീകരിച്ചുപോന്ന ഭരണഘടനാ ബാഹ്യമായ ഇടപെടലുകളുടെ നൈതികതയെക്കുറിച്ചുള്ള ചിന്ത എപ്പോഴെങ്കിലും കോണ്‍ഗ്രസിനെ അലട്ടിയതായി ആര്‍ക്കും അനുഭവപ്പെട്ടിട്ടില്ല. ദ്രുതഗതിയില്‍ മാറുന്ന ഒരു രാജ്യത്തിന് പുതിയ ദിശാബോധം നല്‍കാന്‍ യുവനേതൃത്വത്തിനാണ് സാധിക്കുക എന്ന കാഴ്ചപ്പാടിലാണ് രാഹുലിന്റെ സ്ഥാനാരോഹണം നീട്ടിക്കൊണ്ടുപോവാതിരുന്നതെങ്കില്‍ അതിനനുസൃതമായ കര്‍മപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ പാര്‍ട്ടി സജ്ജമാണോ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. കോണ്‍ഗ്രസ് നേതൃനിരയില്‍ വന്‍ അഴിച്ചുപണി വരാനിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. എണ്‍പതും തൊണ്ണൂറും കഴിഞ്ഞിട്ടും പാര്‍ട്ടി പദവികളിലും അധികാര സ്ഥാനങ്ങളിലും അള്ളിപ്പിടിച്ചിരിക്കുന്ന കടല്‍ കിഴവന്മാരെ വിശ്രമിക്കാന്‍ വിടുകയും കാര്യശേഷിയും നൈപുണിയും തെളിയിച്ച പ്രഗല്ഭമതികളെയും പരിചയ സമ്പന്നരെയും വേണ്ടതുപോലെ പ്രയോജനപ്പെടുത്താന്‍ ആര്‍ജവം കാണിക്കുകയും ചെയ്താല്‍ പാര്‍ട്ടിക്ക് പുതുജീവന്‍ കിട്ടിയേക്കാം. അതുകൊണ്ട് മാത്രമായില്ല. അഴിമതിമുക്തമായ ഒരിന്ത്യയെക്കുറിച്ച് രാഹുല്‍ സ്വപ്നം കാണുന്നുണ്ടോ എന്നതാണ് ഇക്കാലഘട്ടത്തിലെ പ്രസക്തമായ ചോദ്യം. ഇന്ദിരയുടെ ദാരുണ വധത്തിനുശേഷം രാജീവ് ഗാന്ധി നേതൃപദവി ഏറ്റെടുത്ത ഘട്ടത്തില്‍ അന്നത്തെ യുവതലമുറ വലിയ പ്രതീക്ഷകള്‍ അര്‍പ്പിക്കുകയും പുളകം കൊള്ളുകയുമുണ്ടായി. പക്ഷേ, ബോഫോഴ്സ് അഴിമതി വിവാദത്തിനിടയില്‍ പ്രതീക്ഷ നിറവേറ്റാന്‍ അദ്ദേഹത്തിന് സാധിക്കാതെ വന്നപ്പോഴുണ്ടായ നിരാശ യുവാക്കളെ പിന്നീട് കോണ്‍ഗ്രസില്‍നിന്ന് അകറ്റുകയാണ് ചെയ്തത്.
കോണ്‍ഗ്രസിന് പുതിയ ദിശാബോധവും ഓജസ്സും നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു അദ്ദേഹത്തിന്റെ ജയാപചയങ്ങള്‍. ദക്ഷിണാഫ്രിക്കയില്‍നിന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലെത്തിയ മഹാത്മാ ഗാന്ധി ആദ്യമായി ചെയ്തത് ഇന്ത്യയെ പഠിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയും യഥാര്‍ഥ ഇന്ത്യയെ കണ്ടെത്തട്ടെ. അപ്പോള്‍ ബോധ്യപ്പെടും തന്റെ മാതാവ് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസും മന്‍മോഹന്‍ സിങ് സര്‍ക്കാറും ബഹുഭൂരിപക്ഷം വരുന്ന പൗരന്മാരെ വിസ്മരിച്ചാണ് സാമ്പത്തിക പരിഷ്കരണത്തിന്റെ പേരില്‍ നവലിബറലിസത്തിന്റെ നശീകരണ കാറ്റ് തുറന്നുവിട്ടിരിക്കുന്നതെന്ന്. നിരക്ഷരരുടെയും പട്ടിണിപ്പാവങ്ങളുടെയും നാടാണ് ഇന്നും ഇന്ത്യ. തന്റെ മുത്തശ്ശിയുടെ കാലത്ത് കേട്ട 'റോട്ടി, കപ്ഡ, മകാന്‍ '(ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ) എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് രാഹുല്‍ എന്ന് തിരിച്ചറിയുന്നുവോ അപ്പോഴേ കോര്‍പറേറ്റ് ഭീമന്മാര്‍ക്കും ബഹുരാഷ്ട്ര കുത്തകകള്‍ക്കും വേണ്ടിയാണ് ഭരണമെന്ന പിഴച്ച ധാരണക്ക് ഫലപ്രദമായ തിരുത്ത് അദ്ദേഹത്തിന് മുന്നോട്ടുവെക്കാനാവൂ.
പീഡനക്കേസുകളില്‍ നീതി കിട്ടാന്‍ (മത്രുഭൂമി )
സ്ത്രീപീഡനക്കേസുകളുടെ വിചാരണയും മറ്റും വേഗത്തിലാക്കാന്‍ സംവിധാനം വേണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയരാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇത്തരം കേസുകളില്‍ നീതി ലഭിക്കാനുണ്ടാകുന്ന കാലതാമസം സ്ഥിതി കൂടുതല്‍ മോശമാക്കും. ഇതിനൊരു പരിഹാരമെന്നനിലയ്ക്ക്, സ്ത്രീപീഡനക്കേസുകളുടെ വിചാരണയ്ക്കായി കേരളത്തില്‍ മൂന്നു പ്രത്യേക കോടതികള്‍ രൂപവത്കരിക്കാനുള്ള സംസ്ഥാനസര്‍ക്കാറിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഫാസ്റ്റ്ട്രാക്ക് കോടതികളായി ഇവ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട മറ്റു മന്ത്രിമാരുമായും ഈയിടെ നടത്തിയ കൂടിയാലോചനയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ആദ്യ കോടതി കൊച്ചിയിലായിരിക്കും. ജില്ലാ ജഡ്ജിയായിരിക്കും കോടതിയുടെ അധ്യക്ഷസ്ഥാനം വഹിക്കുക.
സ്ത്രീപീഡനങ്ങളും അവ സംബന്ധിച്ചുള്ള കേസുകളും കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കാനും നിയമനടപടികളെടുക്കാനും ഏറെപ്പേര്‍ മുന്നോട്ടുവരുന്നുണ്ട്. സ്ത്രീപീഡനക്കേസുകളുടെ നടത്തിപ്പിലും വിചാരണയിലും മറ്റും ഉണ്ടാകുന്ന കാലതാമസം പലര്‍ക്കും നീതികിട്ടുന്നത് വൈകാന്‍ കാരണമാകുന്നു. ഇത് നീതി തേടുന്നവരെ നിരാശരാക്കുമെന്ന് പറയേണ്ടതില്ല. നിയമ നടപടികളില്‍ നിന്ന് പിന്തിരിയാനും ഈ സ്ഥിതിവിശേഷം പലര്‍ക്കും പ്രേരകമാകും. പീഡനങ്ങള്‍ക്കെതിരെ നിയമപോരാട്ടം നടത്തുന്നവര്‍ക്ക് സമ്മര്‍ദവും ഭീഷണിയും മറ്റും നേരിടേണ്ടിവരുന്നത് കേരളത്തില്‍ സാധാരണമാണ്. കുറ്റവാളികള്‍ക്ക് വേഗം ശിക്ഷ ഉറപ്പാക്കാനുള്ള സംവിധാനമുണ്ടാക്കലാണ് ഇവയെല്ലാം തടയാനുള്ള പ്രധാനമാര്‍ഗങ്ങളിലൊന്ന്.ദൗര്‍ഭാഗ്യവശാല്‍ ഇക്കാര്യത്തില്‍ കേരളത്തിലെ സ്ഥിതി തൃപ്തികരമല്ല. നീതിനിര്‍വഹണത്തിന് വേണ്ടത്ര സംവിധാനമില്ലെങ്കില്‍ അതൊരുക്കേണ്ട ബാധ്യത അധികൃതര്‍ക്കുണ്ട്. ഈ രംഗത്തെ പോരായ്മകള്‍ പരിഹരിക്കണമെന്ന് നീതിപീഠങ്ങള്‍ തന്നെ ഭരണാധികാരികളെ ഓര്‍മിപ്പിച്ചിട്ടുള്ളതാണ്. സ്ത്രീപീഡനക്കേസുകള്‍ക്കുമാത്രമായി എറണാകുളത്ത് പ്രത്യേക കോടതി രൂപവത്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇങ്ങനെ ഒരു കോടതി വേണമെന്ന് നേരത്തേ ഹൈക്കോടതിയും നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍ കേസുകളുടെ എണ്ണവും സ്ത്രീപീഡനങ്ങള്‍ക്കെതിരെ ഉയരുന്ന ശക്തമായ സാമൂഹികവികാരവും പരിഗണിച്ച് സംസ്ഥാനത്തിന്റെ മൂന്നുമേഖലകളിലും കോടതി വേണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തന്നെ മുന്നോട്ടുവെച്ചു. ചീഫ് ജസ്റ്റിസും ഇതംഗീകരിച്ചതോടെയാണ് ഇക്കാര്യത്തില്‍ തത്ത്വത്തില്‍ തീരുമാനമായത്.
സ്ത്രീരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമത്തിലും പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ വ്യവസ്ഥയുണ്ട്. ഡല്‍ഹിയിലും മറ്റു പല സ്ഥലങ്ങളിലും അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ ഇത്തരം സംവിധാനങ്ങളുടെ അനിവാര്യതയെക്കുറിച്ച് വീണ്ടും ഓര്‍മിപ്പിക്കുന്നു. ഫാസ്റ്റ്ട്രാക്ക് കോടതികളുടെ പ്രവര്‍ത്തനത്തിനുവേണ്ട സൗകര്യങ്ങളെല്ലാം കാലതാമസം കൂടാതെ ഏര്‍പ്പെടുത്തണം. ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ പോലീസും മറ്റ് അധികൃതരും വീഴ്ചകള്‍ വരുത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാറിന് കഴിയണം. പോലീസിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണമുണ്ടായില്ലെങ്കില്‍ പരാതിക്കാരില്‍ പലരും നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ മടിക്കും. ചില പോലീസ് ഉദ്യോഗസ്ഥരുടെ സമീപനം ഇത്തരം പല കേസുകളും ദുര്‍ബലമാകാന്‍ ഇടയാക്കുന്നു. ഇതൊഴിവാക്കുകയും പരാതിക്കാര്‍ക്കുണ്ടാകുന്ന മറ്റ് വിഷമതകള്‍ പരിഹരിക്കുകയും ചെയ്യണം. എന്നാല്‍, ഇത്തരം സംവിധാനങ്ങള്‍ കൊണ്ടുമാത്രം സ്ത്രീസുരക്ഷ ഉറപ്പാക്കാനാവുമെന്ന് കരുതാനാവില്ല. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള സാമൂഹിക ഇടപെടലും കൂടുതലായി ഉണ്ടാകണം.
അഴിമതിക്കാര്‍ക്ക് ഇതു താക്കീത് (മനോരമ)
അഴിമതി എന്ന മഹാവ്യാധിയെ ചെറുത്തുതോല്‍പിക്കാനുള്ള ഇന്ത്യയുടെ അതിശക്തമായ ഇച്ഛയുടെ പ്രതിഫലനമാണു കഴിഞ്ഞദിവസം അഴിമതിക്കേസില്‍ ഹരിയാനാ മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) നേതാവുമായ ഒാംപ്രകാശ് ചൌട്ടാലയ്ക്കും മകന്‍ അജയ് സിങ് ചൌട്ടാലയ്ക്കും സിബിഐ പ്രത്യേക കോടതി വിധിച്ച മാതൃകാപരമായ ശിക്ഷ.
ഇരുവര്‍ക്കും പത്തുവര്‍ഷത്തെ തടവുശിക്ഷയാണു വിധിച്ചിരിക്കുന്നത്. ഒാംപ്രകാശ് ചൌട്ടാല ദേശീയ രാഷ്ട്രീയത്തിലെ അതികായനും ഉപപ്രധാനമന്ത്രിയുമായിരുന്ന ദേവിലാലിന്റെ മകനാണ്. ചൌട്ടാലയുടെ മൂത്തമകന്‍ അജയ് സിങ് ആവട്ടെ, മുന്‍ എംപിയും ഇപ്പോള്‍ എംഎല്‍എയുമാണ്. ഹരിയാന നിയമസഭയിലെ മുഖ്യപ്രതിപക്ഷമായ ഐഎന്‍എല്‍ഡിയുടെ ഒന്നാമനും രണ്ടാമനുമാണു ശിക്ഷിക്കപ്പെട്ട് അഴികള്‍ക്കുള്ളിലായത്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ ഇപ്പോഴുണ്ടായ വിധി ഹൈക്കോടതി ശരിവച്ചാല്‍ ഇവര്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല.
ഒാംപ്രകാശ് ചൌട്ടാല മുഖ്യമന്ത്രിയായിരിക്കേ 2000ല്‍ 3206 പ്രൈമറി അധ്യാപകരെ നിയമിച്ചതുമായി ബന്ധപ്പെട്ടാണു കേസ്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ ആദ്യം തയാറാക്കിയ പട്ടിക തിരുത്തി പണംവാങ്ങി പകരം ആളെ നിയമിച്ച കേസില്‍ ഇവര്‍ ഇരുവര്‍ക്കും പുറമേ മറ്റ് 53 പേര്‍ക്കും വിവിധ കാലയളവിലേക്കു ശിക്ഷ വിധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിലെ ഉന്നതര്‍ വരെ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരോടു ചേര്‍ന്നായിരുന്നു ചൌട്ടാലമാര്‍ ഈ അഴിമതി നടത്തിയത്.
രാജ്യത്തു വിദ്യാഭ്യാസ കാര്യത്തില്‍ പിന്നാക്കാവസ്ഥയിലുള്ള സംസ്ഥാനമാണു ഹരിയാന. ഇൌയിടെ പ്രസിദ്ധീകരിച്ച, വിദ്യാഭ്യാസനിലവാരം സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ട് (എഎസ്ഇആര്‍) പ്രകാരം, ഹരിയാനയിലെ ഗ്രാമപ്രദേശങ്ങളിലുള്ള സ്കൂളുകളില്‍ പഠനനിലവാരം കുറഞ്ഞുവരികയാണെന്നു കണ്ടെത്തുകയുണ്ടായി. 575 ഗ്രാമങ്ങളിലുള്ള 22,000 വിദ്യാര്‍ഥികളില്‍ നടത്തിയ എഎസ്ഇആര്‍ സര്‍വേപ്രകാരം, അഞ്ചാം ക്ളാസിലുള്ള 40% പേരും രണ്ടാം ക്ളാസിലെ പാഠപുസ്തകങ്ങള്‍ പോലും വായിക്കാന്‍ കഴിവില്ലാത്തവരാണ്. അതിനു കാരണമായി പറയുന്നതാകട്ടെ, വേണ്ടത്ര പരിശീലനം ലഭിക്കാത്ത അധ്യാപകരുടെ കഴിവുകേടും. ചൌട്ടാല ചെയ്തതുപോലെ അധ്യാപക ഒഴിവുകള്‍ പണംവാങ്ങി നികത്തുമ്പോള്‍ സംഭവിക്കുന്ന ദുരന്തം തന്നെയാണിത്. പൊറുക്കാനാവാത്ത തെറ്റാണു ചൌട്ടാലയെപ്പോലുള്ളവര്‍ പുതിയ തലമുറയോടു ചെയ്യുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, റോഡ് തുടങ്ങിയ മേഖലകളില്‍ നിക്ഷേപിക്കേണ്ട പൊതുപ്പണം രാഷ്ട്രീയക്കാരും അഴിമതിക്കാരും കൂടി കൊള്ളയടിക്കുന്നത് ഇവിടെ പുതുമയല്ലാതായിക്കഴിഞ്ഞു. ഇന്ത്യയില്‍ നടമാടുന്ന കൊടിയ അഴിമതിയുടെ ഒരു ചെറുകണം മാത്രമാണു ചൌട്ടാലമാര്‍ ഉള്‍പ്പെട്ട കേസിലൂടെ വെളിവായതെങ്കിലും അതിനു ലഭിച്ച ശിക്ഷയുടെ പ്രതിധ്വനി രാജ്യം മുഴുവന്‍ കേള്‍ക്കാനുള്ളതാണ്; പല സംസ്ഥാനങ്ങളിലും ഇത്തരക്കാര്‍ അഴിമതിമഴയില്‍ ആവോളം കുളിക്കുകയാണ് എന്നതിനാല്‍ വിശേഷിച്ചും. അധികാരം പകരുന്ന ആത്മവിശ്വാസത്തില്‍ തോന്നിയപടി വിളയാടുന്ന ഈ രാഷ്ട്രീയക്കാരെയെല്ലാം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു തുറുങ്കിലാക്കുമ്പോഴാവും ഈ മഹാരാജ്യം തുല്യനീതിയുടെ ശുദ്ധവായു ശ്വസിക്കുക. അതിനായി ഏറ്റവും മുന്നില്‍ നില്‍ക്കേണ്ടതു ജനജാഗ്രതയാണെങ്കിലും ഒപ്പംതന്നെ പ്രധാനപ്പെട്ടതാണ് ഒാരോ രാഷ്ട്രീയ കക്ഷിയും പുലര്‍ത്തേണ്ട മൂല്യബോധം. അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ലെന്ന ഉറച്ച തീരുമാനമാണ് എല്ലാ പാര്‍ട്ടികളില്‍നിന്നും ജനം പ്രതീക്ഷിക്കുന്നത്.
No comments:
Post a Comment