Saturday, January 5, 2013

മുഖപ്രസംഗം January 05 -2013

  1. പ്രസംഗം പരിധി വിട്ടാല്‍ madhyamam അനുയായികളെ ആവേശഭരിതരാക്കാനും അവരുടെ കൈയടി നേടാനുമുള്ള വെമ്പലില്‍ പല നേതാക്കളും തങ്ങളുടെ യഥാര്‍ഥ കര്‍ത്തവ്യം വിസ്മരിക്കുകയും തികച്ചും വൈകാരിക രീതിയില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ക്ഷമയും സംയമനവും പാലിക്കേണ്ടവരാണ് മുസ്ലിം സംഘടനകളുടെയും പാര്‍ട്ടികളുടെയും വക്താക്കള്‍. വാഴ മുള്ളിന്മേല്‍ വീണാലും മുള്ള് വാഴമേല്‍ വീണാലും കേട് വാഴക്കാണെന്ന സത്യം അവര്‍ എത്ര പ്രകോപനപരമായ സാഹചര്യത്തിലും മറക്കാന്‍ പാടില്ല. ഭരണഘടനാദത്തമായ അവകാശങ്ങള്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യമാണെന്നത് ശരിതന്നെ. പക്ഷേ, യാഥാര്‍ഥ്യങ്ങളുടെ ലോകം ഭരണഘടനയിലെ അക്ഷരങ്ങള്‍ക്കപ്പുറത്താണ്. ഭൂരിപക്ഷ സമുദായത്തിലെ സംഘടനകളോ നേതാക്കളോ ചെയ്യുന്നതും ന്യൂനപക്ഷ സമുദായക്കാര്‍ ചെയ്യുന്നതും ഒരേ തെറ്റാണെങ്കില്‍പോലും വ്യത്യസ്ത മാനദണ്ഡങ്ങളാണ് വിലയിരുത്തലിനാധാരം എന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്നു. വിശ്വഹിന്ദുപരിഷത്തിന്‍െറ വിശ്വനേതാവ് പ്രവീണ്‍ തൊഗാഡിയക്ക് ഇങ്ങിവിടെ കേരളത്തില്‍ വന്ന് മീന്‍പിടിത്തം ഹിന്ദു മുക്കുവരുടെ മാത്രം അവകാശമാണെന്നും മുസ്ലിം മുക്കുവര്‍ കടലില്‍ പോവാനേ പാടില്ലെന്നും പ്രസംഗിക്കാം. ഒരു നിയമനടപടിയും ഭയപ്പെടേണ്ടതില്ല. കാവിപ്പടയുടെ നാവായ ഒരു ടീച്ചര്‍ക്ക് സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് അതിതീവ്രജ്വലന ശക്തിയുള്ള വര്‍ഗീയപ്രസംഗങ്ങളാവാം. ഐ.പി.സിയുടെ ഒരു വകുപ്പിനെയും അതാകര്‍ഷിക്കുകയില്ല. വരുണ്‍ ഗാന്ധി അത്യന്തം പ്രകോപനപരമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍ ചെയ്താലും ഇലക്ഷന്‍ കമീഷനോ പൊലീസോ ഇടപെടുകയില്ല. അതേയവസരത്തില്‍ അബ്ദുന്നാസിര്‍ മഅ്ദനി രണ്ടു പതിറ്റാണ്ടുമുമ്പ് ചെയ്ത തീപ്പൊരി പ്രസംഗങ്ങളാണ്, അദ്ദേഹം പരസ്യമായി ഖേദപ്രകടനം നടത്തിയിട്ടും ഇന്നും അദ്ദേഹത്തിന്‍െറ അനിശ്ചിതമായ കാരാഗൃഹവാസത്തിന് വഴിയൊരുക്കിയത്. പ്രകോപനത്തിന്‍െറ സര്‍വകാല റെക്കോഡ് ആജീവനാന്തം ഭേദിച്ച ബാല്‍ താക്കറെയുടെ നിത്യസ്മാരകം ശിവജി പാര്‍ക്കില്‍തന്നെ വേണമോ എന്നതിലേ തര്‍ക്കമുള്ളൂ. ഇതൊന്നും ഇത്രയും കാലത്തിനിടയില്‍ എം.ഐ.എം നേതാവ് അക്ബറുദ്ദീന് മനസ്സിലായില്ലെങ്കില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നതും മഅ്ദനിയുടെ ഗതിതന്നെയാവും. പ്രസംഗത്തിലൂടെ ‘രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ശ്രമിച്ചാല്‍’ അതല്ലാതെ മറ്റെന്ത് ശിക്ഷ?
  2. തടയലല്ല, വഴിയാണ് വേണ്ടത് manorama -  പല ജനകീയസമരങ്ങള്‍ക്കും പിന്നിലുള്ള സത്യസന്ധമായ പ്രതിബദ്ധത കാണാതിരിക്കാനുമാവില്ല. പക്ഷേ, ഇവര്‍ക്കുപോലും പേരുദോഷമുണ്ടാക്കുന്ന വിധത്തില്‍, നിക്ഷേപകരില്‍ സമ്മര്‍ദംചെലുത്തി പണം പിടുങ്ങാനുള്ള കുത്സിത മാര്‍ഗമായിപ്പോലും സമരങ്ങളെ ഉപയോഗിക്കുന്ന ദുഷ്പ്രവണതയും കണ്ടുവരുന്നുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളല്ല, പ്രാദേശികമായി മുളച്ചുപൊന്തുന്ന ചെറിയ സംഘടനകളോ ഏതാനും വ്യക്തികളോ ഗ്രൂപ്പുകളോ ആണു പലപ്പോഴും എതിര്‍പ്പും സമരവുമായി രംഗത്തുവരുന്നതെന്നതും കാണാതിരുന്നുകൂടാ. പൊതുതാല്‍പര്യ ഹര്‍ജികളും ചിലപ്പോള്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ്. കടലില്‍ നിന്നു മണലെടുക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നെങ്കില്‍ ഇന്നു മണല്‍ മാഫിയ വളര്‍ന്നു ചെറുപ്പക്കാരെ ക്രിമിനല്‍ സംഘങ്ങളിലേക്ക് ആകര്‍ഷിക്കുന്നതും നദികള്‍ നശിക്കുന്നതുമായ ദുരന്തങ്ങള്‍ വരില്ലായിരുന്നു. കേരളത്തിന്റെ ശാപമായി മാറിയ വികസനമുരടിപ്പു മാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ വേണം മുന്‍കയ്യെടുക്കാന്‍. വികസനാവശ്യങ്ങള്‍ക്കു സ്ഥലമേറ്റെടുക്കുന്ന വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കി, സ്ഥലം നല്‍കുന്നവരുടെ പൂര്‍ണ സമ്മതത്തോടെ തന്നെ സ്ഥലം ഏറ്റെടുക്കുകയും അവരെക്കൂടി വികസനത്തില്‍ പങ്കാളികളാക്കുകയുമാണു വേണ്ടത്.
  3. അറിവിന്റെ വെളിച്ചമായി കേന്ദ്രസര്‍വകലാശാല mathrubhumi- മുന്നുവര്‍ഷം മുന്‍പ് പരിമിതമായ സൗകര്യങ്ങളോടെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സര്‍വകലാശാലയ്ക്കാണ് പെരിയയിലെ 361 ഏക്കര്‍ വരുന്ന കാമ്പസില്‍ തറക്കല്ലിടുന്നത്. അറിവിന്റെ പുതിയ ലോകത്തേക്ക് കടക്കാനുള്ള നാട്ടുകാരുടെ, പ്രത്യേകിച്ച് യുവതലമുറയുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ഇവിടെ സഫലമാകുന്നത്. വേണ്ടത്ര ഫണ്ട് ഉറപ്പാക്കിയും സമയബദ്ധമായ നിര്‍മാണപ്രവര്‍ത്തനത്തിലൂടെയും ഇത് എത്രയും വേഗം പൂര്‍ത്തീകരിക്കപ്പെടുന്നുവെന്ന് അധികൃതര്‍ ഉറപ്പാക്കണം. മികച്ച പ്രവര്‍ത്തനത്തിലൂടെ രാജ്യത്തെ തന്നെ മികച്ച സര്‍വകലാശാലകളിലൊന്നാകാന്‍ കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയ്ക്ക് സാധിക്കട്ടെ. സര്‍വകലാശാലയുടെ കാമ്പസില്‍ തന്നെ മെഡിക്കല്‍ കോളേജും ആസ്​പത്രിയും തുടങ്ങാന്‍ പദ്ധതിയുള്ളതാണ്. ചികിത്സാസൗകര്യങ്ങള്‍ തീരെകുറവായ കാസര്‍കോടിന് ഏറെ ഗുണകരമാകുന്ന ഈ പദ്ധതിക്കുള്ള അനുമതി യു.ജി.സി. പിന്‍വലിച്ചതായാണ് അറിയുന്നത്. ഇത് തികച്ചും ഖേദകരമാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശത്തിനടുത്താണ് സര്‍വകലാശാല ആസ്ഥാനം. അവിടെ സര്‍ക്കാറിന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജും ആസ്​പത്രിയും ആരംഭിക്കുകയെന്നത് വലിയ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ പിന്‍വലിക്കല്‍ തീരുമാനം യു.ജി.സി. പുനപ്പരിശോധിക്കേണ്ടതാണ്. കൂടുതല്‍ സര്‍വകലാശാലകളോ കോളേജുകളോ തുടങ്ങിയതുകൊണ്ടുമാത്രം നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാനാവില്ല. അവയുടെ പ്രവര്‍ത്തനനിലവാരം സമുന്നതമാക്കാനും നടപടി വേണം. സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ പഠനനിലവാരം കുറഞ്ഞുവരികയാണെന്ന് നേരത്തേ ഹൈക്കോടതിയുടെ വിലയിരുത്തലുണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസമേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കാനും വ്യക്തമായ ദിശാബോധമേകാനും പുതിയ കേന്ദ്ര സര്‍വകലാശാലയ്ക്ക് സാധിക്കുകയും വേണം.


പ്രസംഗം പരിധി വിട്ടാല്‍

പ്രസംഗം പരിധി വിട്ടാല്‍
ഹൈദരാബാദിലെ മജ്ലിസെ ഇത്തിഹാദില്‍ മുസ്ലിമീന്‍ എം.എല്‍.എ അക്ബറുദ്ദീന്‍ ഉവൈസിക്കെതിരെ വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗം ചെയ്തുവെന്ന ആരോപണങ്ങളുടെ പേരില്‍ കേസ് ചാര്‍ജ്ചെയ്ത് അന്വേഷണം ആരംഭിച്ചതായി ആന്ധ്ര ഡി.ജി.പി വി. ദിനേശ് റെഡ്ഡി വെളിപ്പെടുത്തുന്നു. പോയവര്‍ഷം ഡിസംബര്‍ എട്ടിനും ഇരുപത്തിരണ്ടിനും നിസാമാബാദ്, നിര്‍മല്‍ എന്നിവിടങ്ങളില്‍ ഉവൈസി ചെയ്ത പ്രസംഗങ്ങള്‍ ഹിന്ദുസമൂഹത്തിനെതിരെ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്നതായിരുന്നു എന്നതാണ് ആരോപണം. രാജ്യത്തിനെതിരെ യുദ്ധം നടത്തുകയോ നടത്താന്‍ ശ്രമിക്കുകയോ ചെയ്തുവെന്ന കുറ്റത്തിന് വകുപ്പ് 121 പ്രകാരവും വിവിധ മത, ഭാഷ, ജാതി വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തി സാമുദായിക സൗഹൃദം അപകടപ്പെടുത്തി എന്ന കുറ്റത്തിന് വകുപ്പ് 153 (എ) പ്രകാരവുമാണ് ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ചികിത്സാര്‍ഥം ലണ്ടനില്‍ കഴിയുന്ന അക്ബറുദ്ദീന്‍ ഉവൈസിയെ കേസില്‍നിന്ന് രക്ഷപ്പെടാന്‍ മനപൂര്‍വം ശ്രമിക്കുകയാണെന്ന് തോന്നിയാല്‍ ഇന്‍റര്‍പോളിന്‍െറ സഹായത്തോടെ പിടികൂടുമെന്നും ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിനെതിരെ സ്വകാര്യ അന്യായം ഇതിനകം കോടതിയിലെത്തിയിട്ടുണ്ട്. ‘തനി വിഷലിപ്തവും അങ്ങേയറ്റം പ്രകോപനപരവും’ ആയ പ്രസംഗമാണ് ഉവൈസി ചെയ്തതെന്ന് ആരോപിച്ച് ഉടനെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടിരിക്കുന്നു. മാത്രമല്ല, അദ്ദേഹത്തിന്‍െറ നിയമസഭാംഗത്വം റദ്ദാക്കണമെന്നും മേലില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന് അയോഗ്യത കല്‍പിക്കണമെന്നുകൂടിയുണ്ട് ബി.ജെ.പിയുടെ ആവശ്യങ്ങളില്‍..

സ്വാതന്ത്ര്യം നേടിയപ്പോള്‍ ഇന്ത്യയില്‍ ലയിക്കാന്‍ വിസമ്മതിച്ച നാട്ടുരാജ്യങ്ങളിലൊന്നായ ഹൈദരാബാദ് സൈനിക നടപടിയിലൂടെ ഇന്ത്യയുടെ ഭാഗമായത് മുതല്‍ അവിടെ പ്രവര്‍ത്തിച്ചുവരുന്ന സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയാണ് എം.ഐ.എം. സുല്‍ത്താന്‍ സലാഹുദ്ദീന്‍ ഉവൈസി സ്ഥിരമായി ലോക്സഭയിലേക്കും അദ്ദേഹത്തിന്‍െറ പുത്രന്മാര്‍ ഉള്‍പ്പെടെ മൂന്നോ അതില്‍ കൂടുതലോ എം.എല്‍.എമാര്‍ ആന്ധ്രാ നിയമസഭയിലേക്കും ഈ പാര്‍ട്ടിയുടെ ടിക്കറ്റില്‍ ജയിച്ചുവരാറുണ്ട്. കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികള്‍ അതുമായി സഖ്യമുണ്ടാക്കാറുമുണ്ട്. ജഗന്‍മോഹന്‍െറ ഭീഷണി നേരിടാന്‍ നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൂട്ടുപിടിച്ചവരില്‍ എം.ഐ.എമ്മും ഉള്‍പ്പെടുന്നു. ഒരു ഭാഗത്ത് എം.ഐ.എമ്മും മറുവശത്ത് ഹിന്ദുത്വപാര്‍ട്ടികളും അണിനിരക്കുന്ന വര്‍ഗീയസംഘര്‍ഷങ്ങള്‍ ഹൈദരാബാദ് നഗരത്തിലെ സ്ഥിരമായ തലവേദനയാണ്. എന്നാല്‍, ചരിത്രപ്രസിദ്ധമായ ചാര്‍മിനാറിനോട് മുട്ടിയുരുമ്മി ഒരു ക്ഷേത്രം ഉയര്‍ന്നുവന്നതില്‍പിന്നെ ഉടലെടുത്ത സാമുദായിക സംഘര്‍ഷത്തില്‍ സ്ഥിതിഗതികള്‍ പൂര്‍വാധികം മോശമായി വരുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉവൈസിയുടെ വിവാദ പ്രസംഗം. രാഷ്ട്രീയ, സാമുദായിക നേതാക്കള്‍ പൊതുവെയും ജനപ്രതിനിധികള്‍ വിശേഷിച്ചും പരമാവധി സംയമനം പാലിക്കുകയും വഷളാവുന്ന സാമുദായികാന്തരീക്ഷം സാധാരണഗതിയിലാക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുകയുമാണ് വേണ്ടത് എന്ന് എടുത്തുപറയേണ്ടതായിട്ടില്ല. നിര്‍ഭാഗ്യവശാല്‍, അനുയായികളെ ആവേശഭരിതരാക്കാനും അവരുടെ കൈയടി നേടാനുമുള്ള വെമ്പലില്‍ പല നേതാക്കളും തങ്ങളുടെ യഥാര്‍ഥ കര്‍ത്തവ്യം വിസ്മരിക്കുകയും തികച്ചും വൈകാരിക രീതിയില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ക്ഷമയും സംയമനവും പാലിക്കേണ്ടവരാണ് മുസ്ലിം സംഘടനകളുടെയും പാര്‍ട്ടികളുടെയും വക്താക്കള്‍. വാഴ മുള്ളിന്മേല്‍ വീണാലും മുള്ള് വാഴമേല്‍ വീണാലും കേട് വാഴക്കാണെന്ന സത്യം അവര്‍ എത്ര പ്രകോപനപരമായ സാഹചര്യത്തിലും മറക്കാന്‍ പാടില്ല. ഭരണഘടനാദത്തമായ അവകാശങ്ങള്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യമാണെന്നത് ശരിതന്നെ. പക്ഷേ, യാഥാര്‍ഥ്യങ്ങളുടെ ലോകം ഭരണഘടനയിലെ അക്ഷരങ്ങള്‍ക്കപ്പുറത്താണ്. ഭൂരിപക്ഷ സമുദായത്തിലെ സംഘടനകളോ നേതാക്കളോ ചെയ്യുന്നതും ന്യൂനപക്ഷ സമുദായക്കാര്‍ ചെയ്യുന്നതും ഒരേ തെറ്റാണെങ്കില്‍പോലും വ്യത്യസ്ത മാനദണ്ഡങ്ങളാണ് വിലയിരുത്തലിനാധാരം എന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്നു. വിശ്വഹിന്ദുപരിഷത്തിന്‍െറ വിശ്വനേതാവ് പ്രവീണ്‍ തൊഗാഡിയക്ക് ഇങ്ങിവിടെ കേരളത്തില്‍ വന്ന് മീന്‍പിടിത്തം ഹിന്ദു മുക്കുവരുടെ മാത്രം അവകാശമാണെന്നും മുസ്ലിം മുക്കുവര്‍ കടലില്‍ പോവാനേ പാടില്ലെന്നും പ്രസംഗിക്കാം. ഒരു നിയമനടപടിയും ഭയപ്പെടേണ്ടതില്ല. കാവിപ്പടയുടെ നാവായ ഒരു ടീച്ചര്‍ക്ക് സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് അതിതീവ്രജ്വലന ശക്തിയുള്ള വര്‍ഗീയപ്രസംഗങ്ങളാവാം. ഐ.പി.സിയുടെ ഒരു വകുപ്പിനെയും അതാകര്‍ഷിക്കുകയില്ല. വരുണ്‍ ഗാന്ധി അത്യന്തം പ്രകോപനപരമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍ ചെയ്താലും ഇലക്ഷന്‍ കമീഷനോ പൊലീസോ ഇടപെടുകയില്ല. അതേയവസരത്തില്‍ അബ്ദുന്നാസിര്‍ മഅ്ദനി രണ്ടു പതിറ്റാണ്ടുമുമ്പ് ചെയ്ത തീപ്പൊരി പ്രസംഗങ്ങളാണ്, അദ്ദേഹം പരസ്യമായി ഖേദപ്രകടനം നടത്തിയിട്ടും ഇന്നും അദ്ദേഹത്തിന്‍െറ അനിശ്ചിതമായ കാരാഗൃഹവാസത്തിന് വഴിയൊരുക്കിയത്. പ്രകോപനത്തിന്‍െറ സര്‍വകാല റെക്കോഡ് ആജീവനാന്തം ഭേദിച്ച ബാല്‍ താക്കറെയുടെ നിത്യസ്മാരകം ശിവജി പാര്‍ക്കില്‍തന്നെ വേണമോ എന്നതിലേ തര്‍ക്കമുള്ളൂ. ഇതൊന്നും ഇത്രയും കാലത്തിനിടയില്‍ എം.ഐ.എം നേതാവ് അക്ബറുദ്ദീന് മനസ്സിലായില്ലെങ്കില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നതും മഅ്ദനിയുടെ ഗതിതന്നെയാവും. പ്രസംഗത്തിലൂടെ ‘രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ശ്രമിച്ചാല്‍’ അതല്ലാതെ മറ്റെന്ത് ശിക്ഷ?

തടയലല്ല, വഴിയാണ് വേണ്ടത്

malmanoramalogoകേരളം വിചിത്ര വിവാദങ്ങളുടെ മാത്രമല്ല, വൈരുധ്യങ്ങളുടെയും നാടായിരിക്കുന്നു. ഒരുവശത്ത്, ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ കണ്ടും അവിടങ്ങളിലെ വികസനമുദ്രകള്‍ നേരിട്ടറിഞ്ഞും പുതിയകാലത്തെ പ്രതീക്ഷയോടെ അഭിമുഖീകരിക്കുന്ന മലയാളി. മറുവശത്ത്, വികസന പദ്ധതികളുടെ നേരെ മുന്‍വിധിയോടെ എതിര്‍പ്പു പ്രകടിപ്പിക്കുന്ന മലയാളി. കൃഷിയിലും വ്യവസായത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ബഹുകാതം പിന്നിലായിപ്പോയ നമ്മള്‍, ചെറുതും വലുതുമായ പദ്ധതികളെ ഇങ്ങനെ എതിര്‍ത്തുകൊണ്ടിരുന്നാല്‍ എവിടെച്ചെന്നെത്തുമെന്ന് ഉത്കണ്ഠപ്പെടേണ്ട സമയം അതിക്രമിച്ചു.

മലയാള മനോരമ പ്രസിദ്ധീകരിച്ച 'തടയിടാന്‍ വഴിതേടുന്നവര്‍ എന്ന പരമ്പരയില്‍ ഇത്തരം വൈരുധ്യങ്ങളും വികസന വിരോധവും മറ്റും മറനീക്കി അവതരിപ്പിച്ചിരുന്നു. പ്രകൃതിവാതക പൈപ്ലൈന്‍ ഇടാനും വൈദ്യുത പ്രസാരണ ലൈന്‍ വലിക്കാനും കഴിയാത്ത അവസ്ഥയിലെത്തിയിരിക്കുന്നു നമ്മുടെ വിവാദങ്ങള്‍. കൊച്ചിയില്‍ പെട്രോനെറ്റിന്റെ ദ്രവീകൃത പ്രകൃതിവാതക പ്ളാന്റ് വന്നിട്ടും പൈപ്പ് ഇല്ലാത്തതിനാല്‍ അതുകൊണ്ടുള്ള നേട്ടങ്ങള്‍ ലഭിക്കാത്ത സ്ഥിതിയാണ്. കായംകുളത്തേക്കു തീരദേശത്തു കൂടി പൈപ്പ് ഇട്ടിരുന്നെങ്കില്‍ എന്‍ടിപിസി താപനിലയത്തില്‍ നിന്നുള്ള വൈദ്യുതി കൊണ്ടു കേരളത്തിലെ ലോഡ്ഷെഡിങ്ങും വൈദ്യുതിനിരക്കു വര്‍ധനയും പഴങ്കഥയാക്കി മാറ്റാമായിരുന്നു.

കൊച്ചിയിലെയും ഗുജറാത്തിലെ ദാഹേജിലെയും എല്‍എന്‍ജി പ്ളാന്റുകള്‍ തൊണ്ണൂറുകളുടെ മധ്യത്തില്‍ ഒരുമിച്ചു വിഭാവനം ചെയ്തതാണ്. ദാഹേജില്‍ കാര്യങ്ങള്‍ അതിവേഗം മുന്നോട്ടുപോയി സംസ്ഥാന വളര്‍ച്ചയ്ക്കു തന്നെ പങ്കുവഹിക്കുംമട്ടില്‍ പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങളായിട്ടും കൊച്ചി പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനല്‍ കമ്മിഷന്‍ ചെയ്യാന്‍ ഒരുങ്ങുന്നതേയുള്ളൂ. ഖത്തറിലെ റാസ് ഗ്യാസില്‍ നിന്നു ദാഹേജിനു ലഭിച്ചപോലെ വിലകുറഞ്ഞ പ്രകൃതിവാതകം കൊച്ചിക്കു കിട്ടാനുള്ള അവസരം ഇല്ലാതാവുകയും ചെയ്തു. പദ്ധതികള്‍ വൈകാതെ ആദ്യമുദ്ദേശിച്ച സമയത്തുതന്നെ നടന്നില്ലെങ്കിലുള്ള അപകടങ്ങള്‍ക്കു സ്മാര്‍ട് സിറ്റി പദ്ധതി തന്നെ മുഖ്യസാക്ഷി.

കര്‍ണാടകയിലും തമിഴ്നാട്ടിലും വീതിയേറിയ ടോള്‍ റോഡുകള്‍ കണ്ടു കൊതിക്കുന്ന മലയാളി സ്വന്തം നാട്ടില്‍ മാത്രം ടോളിനെതിരെ പ്രക്ഷോഭം നടത്തുമ്പോള്‍ കാലത്തിനു പിന്നിലേക്കാണു നടക്കാന്‍ ശ്രമിക്കുന്നതെന്നൊരു പക്ഷമുണ്ട്. അതേസമയം, പല ജനകീയസമരങ്ങള്‍ക്കും പിന്നിലുള്ള സത്യസന്ധമായ പ്രതിബദ്ധത കാണാതിരിക്കാനുമാവില്ല. പക്ഷേ, ഇവര്‍ക്കുപോലും പേരുദോഷമുണ്ടാക്കുന്ന വിധത്തില്‍, നിക്ഷേപകരില്‍ സമ്മര്‍ദംചെലുത്തി പണം പിടുങ്ങാനുള്ള കുത്സിത മാര്‍ഗമായിപ്പോലും സമരങ്ങളെ ഉപയോഗിക്കുന്ന ദുഷ്പ്രവണതയും കണ്ടുവരുന്നുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളല്ല, പ്രാദേശികമായി മുളച്ചുപൊന്തുന്ന ചെറിയ സംഘടനകളോ ഏതാനും വ്യക്തികളോ ഗ്രൂപ്പുകളോ ആണു പലപ്പോഴും എതിര്‍പ്പും സമരവുമായി രംഗത്തുവരുന്നതെന്നതും കാണാതിരുന്നുകൂടാ. പൊതുതാല്‍പര്യ ഹര്‍ജികളും ചിലപ്പോള്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ്. കടലില്‍ നിന്നു മണലെടുക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നെങ്കില്‍ ഇന്നു മണല്‍ മാഫിയ വളര്‍ന്നു ചെറുപ്പക്കാരെ ക്രിമിനല്‍ സംഘങ്ങളിലേക്ക് ആകര്‍ഷിക്കുന്നതും നദികള്‍ നശിക്കുന്നതുമായ ദുരന്തങ്ങള്‍ വരില്ലായിരുന്നു.

പദ്ധതികള്‍ക്ക് ഏകജാലക സംവിധാനം ഇപ്പോള്‍ സങ്കല്‍പം മാത്രമാണ്. അതിനു പകരം, അനുമതികള്‍ വേഗം നല്‍കുന്നതിനു നിയമപരമായ സംവിധാനം ഏര്‍പെടുത്തണം. നൂറുകണക്കിനു പദ്ധതികളെക്കുറിച്ചു പറഞ്ഞിട്ട് ഒന്നും നടക്കാതിരിക്കുന്നതിനു പകരം അവയ്ക്കു വേണ്ട ചെലവും പൊതുതാല്‍പര്യവും സംബന്ധിച്ചു വിശകലനം നടത്തി മുന്‍ഗണനാപട്ടിക തയാറാക്കണം. മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ ഫാസ്റ്റ് ട്രാക്കില്‍പ്പെടുത്തി നടപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വേണം.

കേരളത്തിന്റെ ശാപമായി മാറിയ വികസനമുരടിപ്പു മാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ വേണം മുന്‍കയ്യെടുക്കാന്‍. വികസനാവശ്യങ്ങള്‍ക്കു സ്ഥലമേറ്റെടുക്കുന്ന വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കി, സ്ഥലം നല്‍കുന്നവരുടെ പൂര്‍ണ സമ്മതത്തോടെ തന്നെ സ്ഥലം ഏറ്റെടുക്കുകയും അവരെക്കൂടി വികസനത്തില്‍ പങ്കാളികളാക്കുകയുമാണു വേണ്ടത്.
അറിവിന്റെ വെളിച്ചമായി കേന്ദ്രസര്‍വകലാശാല

Newspaper Edition
കാസര്‍കോട്ട് കേന്ദ്രസര്‍വകലാശാലയുടെ ആസ്ഥാനമന്ദിരത്തിന് ഇന്ന് തറക്കല്ലിടുകയാണ്. പഠനസൗകര്യങ്ങളുടെ കാര്യത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഉത്തരകേരളത്തില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ വെളിച്ചം നിറയ്ക്കാന്‍ പുതിയ സര്‍വകലാശാലയ്ക്ക് സാധിക്കുമെന്നുറപ്പാണ്. മുന്നുവര്‍ഷം മുന്‍പ് പരിമിതമായ സൗകര്യങ്ങളോടെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സര്‍വകലാശാലയ്ക്കാണ് പെരിയയിലെ 361 ഏക്കര്‍ വരുന്ന കാമ്പസില്‍ തറക്കല്ലിടുന്നത്. അറിവിന്റെ പുതിയ ലോകത്തേക്ക് കടക്കാനുള്ള നാട്ടുകാരുടെ, പ്രത്യേകിച്ച് യുവതലമുറയുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ഇവിടെ സഫലമാകുന്നത്. വേണ്ടത്ര ഫണ്ട് ഉറപ്പാക്കിയും സമയബദ്ധമായ നിര്‍മാണപ്രവര്‍ത്തനത്തിലൂടെയും ഇത് എത്രയും വേഗം പൂര്‍ത്തീകരിക്കപ്പെടുന്നുവെന്ന് അധികൃതര്‍ ഉറപ്പാക്കണം. മികച്ച പ്രവര്‍ത്തനത്തിലൂടെ രാജ്യത്തെ തന്നെ മികച്ച സര്‍വകലാശാലകളിലൊന്നാകാന്‍ കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയ്ക്ക് സാധിക്കട്ടെ. ആകെ 500 ഏക്കര്‍ സ്ഥലമാണ് കാസര്‍കോട്ട് കേന്ദ്ര സര്‍വകലാശാലയ്ക്ക് ആവശ്യം. ഇതില്‍ 139 ഏക്കര്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ വൈകാതെ നടപടിയെടുക്കണം. 


കേന്ദ്രസര്‍വകലാശാലയ്ക്ക് കാസര്‍കോട്ട് അനുമതി കിട്ടിയത് 2009-ലാണ്. രാജ്യത്താകെ അനുവദിക്കപ്പെട്ട 15 കേന്ദ്രസര്‍വകലാശാലകളിലൊന്നാണിത്. സ്ഥലത്തിന്റെ ലഭ്യത സംബന്ധിച്ച അനിശ്ചിതത്വം മൂലവും മറ്റുമാണ് ആസ്ഥാനമന്ദിര നിര്‍മാണം വൈകിയത്. ഇപ്പോള്‍ സ്ഥലപ്രശ്‌നം ഏറെക്കുറെ പരിഹരിക്കപ്പെട്ടിരിക്കയാണ്. സര്‍വകലാശാലയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇനി കാലതാമസം കൂടാതെ മുന്നോട്ടുകൊണ്ടുപോകേണ്ട കടമ അധികൃതര്‍ക്കുണ്ട്. സ്വന്തം കെട്ടിടമല്ലാത്തതിനാല്‍ ഇതുവരെ വേണ്ടത്ര ലാബ് സൗകര്യവും മറ്റും കേന്ദ്രസര്‍വകലാശാലയ്ക്ക് ഉണ്ടായിരുന്നില്ല. അതിനാല്‍ എം.എ, എം. എസ്.ഡബ്ലിയു, എം.ഫില്‍. എം. എസ് സി. തുടങ്ങി ചില കോഴ്‌സുകള്‍ മാത്രമേ തുടങ്ങാനായിരുന്നുള്ളു. പുതിയ കെട്ടിടം വരുന്നതോടെ സര്‍വകലാശാലയ്ക്ക് പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കും. സര്‍വകലാശാലയുടെ കാമ്പസില്‍ തന്നെ മെഡിക്കല്‍ കോളേജും ആസ്​പത്രിയും തുടങ്ങാന്‍ പദ്ധതിയുള്ളതാണ്. ചികിത്സാസൗകര്യങ്ങള്‍ തീരെകുറവായ കാസര്‍കോടിന് ഏറെ ഗുണകരമാകുന്ന ഈ പദ്ധതിക്കുള്ള അനുമതി യു.ജി.സി. പിന്‍വലിച്ചതായാണ് അറിയുന്നത്. ഇത് തികച്ചും ഖേദകരമാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശത്തിനടുത്താണ് സര്‍വകലാശാല ആസ്ഥാനം. അവിടെ സര്‍ക്കാറിന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജും ആസ്​പത്രിയും ആരംഭിക്കുകയെന്നത് വലിയ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ പിന്‍വലിക്കല്‍ തീരുമാനം യു.ജി.സി. പുനപ്പരിശോധിക്കേണ്ടതാണ്.

മെഡിക്കല്‍ കോളേജിന്റെയും ആസ്​പത്രിയുടെയും മതിപ്പുചെലവ് 222 കോടി രൂപയാണ്. കേന്ദ്രസര്‍വകലാശാലയോടൊപ്പം കാസര്‍കോട്ട് മെഡിക്കല്‍ കോളേജിനുകൂടി അനുമതി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇതിന് കേന്ദ്രസര്‍ക്കാറിന്റെ ഫണ്ട് ലഭ്യമാകുമെന്നതിനാല്‍ സംസ്ഥാനസര്‍ക്കാറിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാവുകയുമില്ല. ഇതിനകം അനുവദിച്ച സ്ഥലത്ത് മെഡിക്കല്‍ കോളേജിനുള്ള സ്ഥലം നീക്കിവെച്ചാണ് ആസ്ഥാനമന്ദിരത്തിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ ഇക്കാര്യത്തിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരികയുമില്ല. അടുത്ത കാലത്തായി സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പുതിയ സര്‍വകലാശാലകള്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സര്‍വകലാശാലകളോ കോളേജുകളോ തുടങ്ങിയതുകൊണ്ടുമാത്രം നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാനാവില്ല. അവയുടെ പ്രവര്‍ത്തനനിലവാരം സമുന്നതമാക്കാനും നടപടി വേണം. സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ പഠനനിലവാരം കുറഞ്ഞുവരികയാണെന്ന് നേരത്തേ ഹൈക്കോടതിയുടെ വിലയിരുത്തലുണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസമേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കാനും വ്യക്തമായ ദിശാബോധമേകാനും പുതിയ കേന്ദ്ര സര്‍വകലാശാലയ്ക്ക് സാധിക്കുകയും വേണം.

No comments:

Post a Comment