Saturday, January 19, 2013

മുഖപ്രസംഗം January 19 -2013

മുഖപ്രസംഗം January 19 -2013

1. കേരളം കുടിവെള്ളത്തിന് കേഴുകയോ? (മാധ്യമം)

ആറു മാസക്കാലം നീളുന്ന മഴക്കാലവും 44 നദികളും അനേകായിരം തോടുകളും കുളങ്ങളും കിണറുകളുംകൊണ്ട് അനുഗൃഹീതമായിരുന്ന ദൈവത്തിന്‍െറ സ്വന്തംനാട് കുടിവെള്ളത്തിനുവേണ്ടി കേഴുന്ന ദുരവസ്ഥയിലേക്ക് എടുത്തെറിയപ്പെടുന്ന സര്‍വലക്ഷണങ്ങളും കാണാനുണ്ട്.   വരള്‍ച്ചബാധിതമായി സംസ്ഥാനത്തെ പ്രഖ്യാപിച്ചുവെന്ന് സമാധാനിച്ചിരിക്കാതെ സര്‍ക്കാറും നഗരസഭകളും പഞ്ചായത്തുകളും യുദ്ധകാലാടിസ്ഥാനത്തില്‍ ജലസ്രോതസ്സുകളുടെ ശുദ്ധീകരണത്തിനും ജലവിതരണശൃംഖലയുടെ ആരോഗ്യകരമായ പുനസ്സംവിധാനത്തിനും നടപടികളെടുത്തേ മതിയാവൂ. കുടിവെള്ള റേഷനിങ്ങിനെപ്പറ്റി സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് വാര്‍ത്ത. പഞ്ചായത്തുതോറും 5000 ലിറ്റര്‍ ശേഷിയുള്ള ജലസംഭരണികള്‍ സ്ഥാപിക്കാനും കുടുംബത്തിന് ഒരു കുടം എന്ന തോതില്‍ വിതരണം ചെയ്യാനുമാണത്രെ ആലോചന. ഗത്യന്തരമില്ലെങ്കില്‍ അവശ്യം വേണ്ടിടത്ത് അത്രയെങ്കിലും ചെയ്യേണ്ടതുതന്നെ. പക്ഷേ, മാലിന്യമുക്തമായ വെള്ളം മുഴുവന്‍ജനങ്ങള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തിനു പകരംനില്‍ക്കാന്‍ അതുകൊണ്ടൊന്നും ആവില്ല. മലിനീകരണത്തിനും ജലദുര്‍വിനിയോഗത്തിനുമെതിരെ ജനങ്ങളെ സാര്‍വത്രികമായി ബോധവത്കരിക്കുകയും മുടങ്ങിക്കിടക്കുന്ന ജലസ്രോതസ്സുകള്‍ പുനരുദ്ധരിക്കുകയും പുതിയ സ്രോതസ്സുകള്‍ കണ്ടെത്തുകയും ചെയ്യുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്.

2. ഇത് കടുത്ത ജനദ്രോഹം (മാതൃഭൂമി)

വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ വലയുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഡീസലിന് വീണ്ടും വില വര്‍ധിപ്പിച്ചത് ക്രൂരമായി. ഇന്ധനവിലയിലുണ്ടാകുന്ന നേരിയ വര്‍ധനപോലും ജനങ്ങളെ പലവിധത്തില്‍ ബാധിക്കും. എന്നിട്ടും അടിക്കടി അതിന്റെ വില ഉയര്‍ത്തുന്നതിനര്‍ഥം, അവരുടെ താത്പര്യങ്ങളും പ്രശ്‌നങ്ങളും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നാണ്. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡി ഇനിയും കുറയ്ക്കാനും ഡീസലിന് വില വര്‍ധിപ്പിക്കാനും നീക്കമുണ്ടെന്നറിഞ്ഞപ്പോള്‍ത്തന്നെ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. പ്രതിപക്ഷം മാത്രമല്ല, ഐക്യപുരോഗമനസഖ്യത്തിലെ പല ഘടകകക്ഷികളും അതില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. ഇവയെല്ലാം അവഗണിച്ച് സര്‍ക്കാര്‍ എണ്ണക്കമ്പനികളുടെ താത്പര്യത്തിന് വഴങ്ങിയിരിക്കുകയാണ്. വില നിശ്ചയിക്കുന്നതിന് കമ്പനികള്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതി വ്യാഴാഴ്ച തീരുമാനിച്ച് മണിക്കൂറുകള്‍ക്കകം ഡീസല്‍വില ഉയര്‍ന്നു. എല്ലാമാസവും ഡീസല്‍വിലയില്‍ 50 പൈസ കൂട്ടാനാണ് കമ്പനികളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

3. ജയിച്ച വോളിയെതോല്‍പ്പിക്കുന്നു (മനോരമ)

ജയ്പൂരിലെ സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ കേരള പുരുഷന്മാര്‍ നേടിയ ദേശീയ വോളിബോള്‍ കിരീടത്തിനു തിളക്കമേറെയുണ്ട്. ഉത്തരേന്ത്യയിലെ അതിശൈത്യം മുതല്‍ ഇന്‍ഡോര്‍ കോര്‍ട്ടുകളിലെ പരിചയക്കുറവു വരെ പ്രതിസന്ധികളായി മുന്നിലുണ്ടായിരുന്നിട്ടും എതിര്‍ ടീമിനൊപ്പം പരിമിതികളെയും അവര്‍ കീഴടക്കിയതു പകരംവയ്ക്കാനില്ലാത്ത പോരാട്ടവീര്യം കൊണ്ടാണ്. നമ്മുടെ വനിതാ താരങ്ങള്‍ക്കായിരുന്നു ആ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. കേരളത്തിന്റെ പേര് ഉയരത്തിലെഴുതിയ ഈ താരങ്ങളോടു സംസ്ഥാന സര്‍ക്കാര്‍ കാണിച്ച തണുപ്പന്‍ സമീപനം കേരളത്തിലെ കായിക പ്രേമികളെയെല്ലാം സങ്കടപ്പെടുത്തുന്നതാണ്. അഞ്ചു ഡിഗ്രി തണുപ്പില്‍ കളിച്ചു കിരീടം നേടിയ ടീമിനെ വെറും 150 രൂപയുടെ ദിനബത്ത നല്‍കിയും കിരീടവുമായി തിരിച്ചുവരാന്‍ ട്രെയിനില്‍ സെക്കന്‍ഡ് ക്ളാസ് സ്ളീപ്പര്‍ യാത്ര നല്‍കിയുമൊക്കെ ചെറുതാക്കിയപ്പോള്‍ നാണംകെട്ടതു കേരളം തന്നെയാണ്. 



കേരളം കുടിവെള്ളത്തിന് കേഴുകയോ? (മാധ്യമം)
കേരളം കുടിവെള്ളത്തിന് കേഴുകയോ?
ആറു മാസക്കാലം നീളുന്ന മഴക്കാലവും 44 നദികളും അനേകായിരം തോടുകളും കുളങ്ങളും കിണറുകളുംകൊണ്ട് അനുഗൃഹീതമായിരുന്ന ദൈവത്തിന്‍െറ സ്വന്തംനാട് കുടിവെള്ളത്തിനുവേണ്ടി കേഴുന്ന ദുരവസ്ഥയിലേക്ക് എടുത്തെറിയപ്പെടുന്ന സര്‍വലക്ഷണങ്ങളും കാണാനുണ്ട്. തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങളില്‍ കാലവര്‍ഷം കനിയാതിരുന്നതാണ് രൂക്ഷമായ ജലക്ഷാമത്തിലേക്ക് സംസ്ഥാനം നീങ്ങാന്‍ കാരണമെന്നാണ് സാമാന്യ നിരീക്ഷണം. 2012ല്‍ കേരളത്തിലെ മിക്ക ജില്ലകളിലും സാധാരണ ലഭിക്കാറുള്ള മഴയില്‍ 37 ശതമാനംവരെ കുറവുണ്ടായി എന്നാണ് കണക്ക്. തന്മൂലം ജലസംഭരണികള്‍ കടുത്ത ജലദൗര്‍ലഭ്യത്തിലേക്ക് നീങ്ങുകയും വൈദ്യുതി ഉല്‍പാദനം തടസ്സപ്പെടുകയും ചെയ്തതിനാല്‍ ഏര്‍പ്പെടുത്തേണ്ടിവന്ന പവര്‍കട്ടിന്‍െറ സമയം ഗണ്യമായി കൂട്ടേണ്ടിവരുമെന്നാണ് വൈദ്യുതി ബോര്‍ഡിന്‍െറ മുന്നറിയിപ്പ്. ഒപ്പംതന്നെ കൂനിന്മേല്‍ കുരുവെന്നോണം കുടിവെള്ളക്ഷാമവും കഠിനതരമാവുകയാണ്. ശുദ്ധജലമെന്ന പേരില്‍ ലഭ്യമാവുന്നതാകട്ടെ, രോഗസ്രോതസ്സായ മലിനജലവും. തത്ഫലമായി സംസ്ഥാനത്തിന്‍െറ പലഭാഗങ്ങളിലും മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 
ഏതാണ്ട് ഒരുമാസം മുമ്പാണ് കേരളം വരള്‍ച്ചബാധിത സംസ്ഥാനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അങ്ങനെ പ്രഖ്യാപിച്ചതുകൊണ്ടുമാത്രം ഇല്ലാത്ത വെള്ളം ഉണ്ടാവുകയോ കിട്ടുന്ന വെള്ളം മാലിന്യമുക്തമാവുകയോ ഇല്ല. ഫലത്തില്‍ അതിനുള്ള നടപടികള്‍ ജാഗ്രതയോടെ നടക്കുന്നുമില്ല. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ലോറികള്‍ക്കും വെള്ളമെടുക്കുന്ന സ്രോതസ്സുകള്‍ക്കും ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ലൈസന്‍സ് നിര്‍ബന്ധമാക്കാനാണ് ഈ ദിശയില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടി. ലൈസന്‍സ് ലഭിക്കണമെങ്കില്‍ തുരുമ്പെടുത്ത ടാങ്കറുകളുടെ ഉള്‍ഭാഗം കോട്ടിങ് നടത്തിയിരിക്കണം. ടാങ്കറുകള്‍ വെള്ളം സംഭരിക്കുന്ന ജലസ്രോതസ്സുകള്‍ ശുദ്ധമാണെന്ന് ഉറപ്പുവരുത്താന്‍ കണിശവും കൃത്യവുമായ പരിശോധന നടക്കുകയാണ് ഏറ്റവും പ്രധാനം. അതിനുള്ള സംവിധാനം കേരളത്തിലുണ്ടോ? നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ വിപുലമായ ജല പരിശോധനാ സംവിധാനമുണ്ടായെങ്കില്‍ മാത്രമേ സര്‍ക്കാര്‍ തീരുമാനം ഫലപ്രദമാവൂ. അതിലേറെ പ്രധാനമാണ് ശുദ്ധജല ഉറവിടങ്ങള്‍ മലിനീകരിക്കപ്പെടുന്നത് തടയാനുള്ള മെക്കാനിസം. ആദ്യമേ വെള്ളം വറ്റിത്തുടങ്ങിയ പുഴകളിലും കുളങ്ങളിലും പൗരബോധമില്ലാത്ത കേരളീയസമൂഹം മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണെങ്ങും. ഘനാന്ധകാരത്തിന്‍െറ മറവില്‍ വീടുകളിലെയും കടകളിലെയും ചപ്പുചവറുകളും പ്ളാസ്റ്റിക് മാലിന്യങ്ങളും അറവുശാലകളിലെ അവശിഷ്ടങ്ങളും പുഴകളിലും നദികളിലും തള്ളാന്‍ കരാറെടുത്തവര്‍ അധികൃതരുടെയും ജനപ്രതിനിധികളുടെയും കണ്‍വെട്ടത്ത് വിലസുന്നതിന് ഒരു തടസ്സവും ഇതുവരെ ഉണ്ടായിട്ടില്ല. വിലമതിക്കാനാവാത്ത കുടിവെള്ളസ്രോതസ്സ് ഉപയോഗശൂന്യമാക്കിയതിന്‍െറ പേരിലോ പകര്‍ച്ചവ്യാധികള്‍ക്കിടയാകുന്നവിധം മലിനീകരിച്ചതിനോ സംസ്ഥാനത്ത് ഒരാളെങ്കിലും ശിക്ഷ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല. അപ്പോള്‍ ഈ മലിനീകരണത്തിനൊന്നും നാം മനുഷ്യരല്ല ഉത്തരവാദികളെന്നും ഏതോ അന്യഗ്രഹ ജീവികളാണെന്നുമാണോ വിശ്വസിക്കേണ്ടത്? വരള്‍ച്ചബാധിതമായി സംസ്ഥാനത്തെ പ്രഖ്യാപിച്ചുവെന്ന് സമാധാനിച്ചിരിക്കാതെ സര്‍ക്കാറും നഗരസഭകളും പഞ്ചായത്തുകളും യുദ്ധകാലാടിസ്ഥാനത്തില്‍ ജലസ്രോതസ്സുകളുടെ ശുദ്ധീകരണത്തിനും ജലവിതരണശൃംഖലയുടെ ആരോഗ്യകരമായ പുനസ്സംവിധാനത്തിനും നടപടികളെടുത്തേ മതിയാവൂ. കുടിവെള്ള റേഷനിങ്ങിനെപ്പറ്റി സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് വാര്‍ത്ത. പഞ്ചായത്തുതോറും 5000 ലിറ്റര്‍ ശേഷിയുള്ള ജലസംഭരണികള്‍ സ്ഥാപിക്കാനും കുടുംബത്തിന് ഒരു കുടം എന്ന തോതില്‍ വിതരണം ചെയ്യാനുമാണത്രെ ആലോചന. ഗത്യന്തരമില്ലെങ്കില്‍ അവശ്യം വേണ്ടിടത്ത് അത്രയെങ്കിലും ചെയ്യേണ്ടതുതന്നെ. പക്ഷേ, മാലിന്യമുക്തമായ വെള്ളം മുഴുവന്‍ജനങ്ങള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തിനു പകരംനില്‍ക്കാന്‍ അതുകൊണ്ടൊന്നും ആവില്ല. മലിനീകരണത്തിനും ജലദുര്‍വിനിയോഗത്തിനുമെതിരെ ജനങ്ങളെ സാര്‍വത്രികമായി ബോധവത്കരിക്കുകയും മുടങ്ങിക്കിടക്കുന്ന ജലസ്രോതസ്സുകള്‍ പുനരുദ്ധരിക്കുകയും പുതിയ സ്രോതസ്സുകള്‍ കണ്ടെത്തുകയും ചെയ്യുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്. ചില വര്‍ഷങ്ങളില്‍ ഉദ്ദേശിച്ച അളവില്‍ ഇല്ലെങ്കിലും സംസ്ഥാനത്ത് സമൃദ്ധമായി ലഭിക്കാറുള്ള മഴവെള്ളം ഫലപ്രദമായി സംഭരിക്കാന്‍ ശാസ്ത്രീയ സംവിധാനമില്ലാത്തതാണ് പ്രതിസന്ധിയുടെ മൂലഹേതു എന്നും ചൂണ്ടിക്കാട്ടാതെ വയ്യ. അതിനാല്‍, എല്ലാറ്റിനും ആദ്യമായി വേണ്ടത് മാറിയ സാഹചര്യത്തില്‍ സര്‍ക്കാറിനൊരു സമഗ്രമായ ജലനയമാണ്, അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ്.

ഇത് കടുത്ത ജനദ്രോഹം (മാതൃഭൂമി)
Newspaper Edition
വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ വലയുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഡീസലിന് വീണ്ടും വില വര്‍ധിപ്പിച്ചത് ക്രൂരമായി. ഇന്ധനവിലയിലുണ്ടാകുന്ന നേരിയ വര്‍ധനപോലും ജനങ്ങളെ പലവിധത്തില്‍ ബാധിക്കും. എന്നിട്ടും അടിക്കടി അതിന്റെ വില ഉയര്‍ത്തുന്നതിനര്‍ഥം, അവരുടെ താത്പര്യങ്ങളും പ്രശ്‌നങ്ങളും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നാണ്. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡി ഇനിയും കുറയ്ക്കാനും ഡീസലിന് വില വര്‍ധിപ്പിക്കാനും നീക്കമുണ്ടെന്നറിഞ്ഞപ്പോള്‍ത്തന്നെ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. പ്രതിപക്ഷം മാത്രമല്ല, ഐക്യപുരോഗമനസഖ്യത്തിലെ പല ഘടകകക്ഷികളും അതില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. ഇവയെല്ലാം അവഗണിച്ച് സര്‍ക്കാര്‍ എണ്ണക്കമ്പനികളുടെ താത്പര്യത്തിന് വഴങ്ങിയിരിക്കുകയാണ്. വില നിശ്ചയിക്കുന്നതിന് കമ്പനികള്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതി വ്യാഴാഴ്ച തീരുമാനിച്ച് മണിക്കൂറുകള്‍ക്കകം ഡീസല്‍വില ഉയര്‍ന്നു. എല്ലാമാസവും ഡീസല്‍വിലയില്‍ 50 പൈസ കൂട്ടാനാണ് കമ്പനികളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സബ്‌സിഡി നിരക്കിലുള്ള പാചകവാതകസിലിണ്ടറുകളുടെ എണ്ണം ആറില്‍നിന്ന് ഒമ്പതാക്കിയെങ്കിലും ഡീസല്‍വില മാസംതോറും ഉയരുന്ന സാഹചര്യത്തില്‍ അത് നേരിയ ആശ്വാസമേ ആകൂ. 

ഡീസലിന്റെ വിലനിയന്ത്രണാധികാരം പൂര്‍ണമായും തങ്ങള്‍ക്കു കിട്ടണമെന്ന് എണ്ണക്കമ്പനികള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഭാഗികമായ അധികാരമേ ഇപ്പോള്‍ കമ്പനികള്‍ക്കു നല്‍കിയിട്ടുള്ളൂവെന്ന് പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി വിശദീകരിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാവണം. പൂര്‍ണാധികാരം തന്നെ അവര്‍ക്കു ലഭിക്കാന്‍ അധികകാലം വേണ്ടിവരില്ലെന്നാണ് സൂചനകള്‍ . പെട്രോളിന്റെ വിലനിയന്ത്രണാധികാരം കമ്പനികള്‍ക്കു തന്നെ നല്‍കിയപ്പോള്‍ എന്താണു സംഭവിച്ചതെന്നു ജനങ്ങള്‍ക്കറിയാം. അതിനുശേഷം പലതവണ പെട്രോള്‍വില ഉയര്‍ന്നു. നിത്യോപയോഗവസ്തുക്കളുടെ വിലയിലും യാത്രക്കൂലിയിലും വന്‍വര്‍ധനയുണ്ടായി. ഡീസല്‍വില വര്‍ധനയുടെ ഫലവും വ്യത്യസ്തമാവില്ലെന്നുറപ്പാണ്. എണ്ണക്കമ്പനികളുടെ നഷ്ടം, അന്താരാഷ്ട്രവിലയിലെ വ്യതിയാനങ്ങള്‍ തുടങ്ങിയവയാണ് ഇത്തവണയും വര്‍ധനയ്ക്കു കാരണങ്ങളായി അധികൃതര്‍ പറയുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണത്തിനായി നല്‍കേണ്ടിവരുന്ന വന്‍സബ്‌സിഡി രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയെത്തന്നെ ബാധിക്കുന്നുവെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍ . അവശ്യവസ്തുക്കള്‍ ജനങ്ങള്‍ക്ക് മിതമായ വിലയ്ക്ക് നല്‍കുന്നതിനുവേണ്ടിയാണ് സബ്‌സിഡികള്‍ അനുവദിക്കുന്നത്. എന്നാല്‍, ഭക്ഷ്യസബ്‌സിഡിയുടെ കാര്യത്തില്‍പ്പോലും ഉദാരമായ സമീപനമല്ല കേന്ദ്രസര്‍ക്കാറിനുള്ളത്. സംഭരണസംവിധാനത്തിലെ പാളിച്ചകളും സൂക്ഷിപ്പുകേന്ദ്രങ്ങളിലെ ശോചനീയസ്ഥിതിയും കാരണം കോടിക്കണക്കിനു രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ നശിക്കുന്നതുകൊണ്ടുണ്ടാകുന്ന നഷ്ടം ഭരണാധികാരികള്‍ പലപ്പോഴും വിലയിരുത്താറില്ലെന്നതും ശ്രദ്ധേയമാണ്. 

എല്ലാ മേഖലകളിലും ഉത്പാദനവും വരുമാനവും പരമാവധി കൂട്ടുകയും പാഴ്‌ച്ചെലവുകള്‍ ഒഴിവാക്കുകയും ചെയ്താല്‍ ഇത്തരം സബ്‌സിഡികള്‍ സര്‍ക്കാറിനു വലിയ ഭാരമാവില്ല. എണ്ണക്കമ്പനികളുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്നും നഷ്ടം സംബന്ധിച്ചുള്ള കണക്കുകള്‍ ശരിയല്ലെന്നും ആക്ഷേപമുണ്ട്. പലേടത്തും ധൂര്‍ത്ത് നടക്കുന്നതായും പറയപ്പെടുന്നു. ആഭ്യന്തരോത്പാദനം വര്‍ധിപ്പിക്കാനുള്ള ഊര്‍ജിതശ്രമങ്ങള്‍ ഉണ്ടാകുന്നില്ല. പെട്രോളിയംഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത്, സര്‍ക്കാറായാലും കമ്പനികളായാലും, ജനതാത്പര്യം മാനിച്ചാവണം. പരിഷ്‌കരണനടപടികളുടെ പേരില്‍, വിലനിയന്ത്രണങ്ങളും വിപണിയിലെ ഇടപെടലുകളും പടിപടിയായി ഒഴിവാക്കിയാല്‍ ജനങ്ങള്‍ കൂടുതല്‍ കഷ്ടപ്പെടും. ഇത് ക്ഷേമരാഷ്ട്രസങ്കല്പത്തിനു നിരക്കുന്നതല്ല. പരിഷ്‌കരണനടപടികള്‍ക്ക് മാനുഷികമുഖം നല്‍കുമെന്ന വാഗ്ദാനം പൊള്ളയല്ലെങ്കില്‍ യു.പി.എ. സര്‍ക്കാര്‍ , ഈ ഇന്ധനവിലവര്‍ധന ഒഴിവാക്കുകയാണു വേണ്ടത്. തീരുവകള്‍ കേന്ദ്ര, സംസ്ഥാനസര്‍ക്കാറുകള്‍ കുറച്ചാല്‍ത്തന്നെ, വിലവര്‍ധനയുടെ ഭാരം ജനങ്ങളുടെ ചുമലിലാക്കാതെ നോക്കാം. അവരുടെ ക്ഷമയ്ക്ക് അതിരുണ്ടെന്ന് സര്‍ക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

ജയിച്ച വോളിയെതോല്‍പ്പിക്കുന്നു (മനോരമ) 

150 രൂപയുടെ ദിനബത്ത നാണക്കേട്
malmanoramalogo
ജയ്പൂരിലെ സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ കേരള പുരുഷന്മാര്‍ നേടിയ ദേശീയ വോളിബോള്‍ കിരീടത്തിനു തിളക്കമേറെയുണ്ട്. ഉത്തരേന്ത്യയിലെ അതിശൈത്യം മുതല്‍ ഇന്‍ഡോര്‍ കോര്‍ട്ടുകളിലെ പരിചയക്കുറവു വരെ പ്രതിസന്ധികളായി മുന്നിലുണ്ടായിരുന്നിട്ടും എതിര്‍ ടീമിനൊപ്പം പരിമിതികളെയും അവര്‍ കീഴടക്കിയതു പകരംവയ്ക്കാനില്ലാത്ത പോരാട്ടവീര്യം കൊണ്ടാണ്. നമ്മുടെ വനിതാ താരങ്ങള്‍ക്കായിരുന്നു ആ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. 

പക്ഷേ, കേരളത്തിന്റെ പേര് ഉയരത്തിലെഴുതിയ ഈ താരങ്ങളോടു സംസ്ഥാന സര്‍ക്കാര്‍ കാണിച്ച തണുപ്പന്‍ സമീപനം കേരളത്തിലെ കായിക പ്രേമികളെയെല്ലാം സങ്കടപ്പെടുത്തുന്നതാണ്. അഞ്ചു ഡിഗ്രി തണുപ്പില്‍ കളിച്ചു കിരീടം നേടിയ ടീമിനെ വെറും 150 രൂപയുടെ ദിനബത്ത നല്‍കിയും കിരീടവുമായി തിരിച്ചുവരാന്‍ ട്രെയിനില്‍ സെക്കന്‍ഡ് ക്ളാസ് സ്ളീപ്പര്‍ യാത്ര നല്‍കിയുമൊക്കെ ചെറുതാക്കിയപ്പോള്‍ നാണംകെട്ടതു കേരളം തന്നെയാണ്. 

ഫുട്ബോളിനൊപ്പം മലയാളികളുടെ മനസ്സില്‍ സ്ഥാനമുള്ള കായിക ഇനമാണു വോളിബോള്‍. എന്നിട്ടും, ദേശീയ വോളിയുടെ 61 വര്‍ഷത്തെ ചരിത്രത്തില്‍ കേരളത്തിന്റെ അക്കൌണ്ടിലുള്ളതു പുരുഷവിഭാഗത്തില്‍ നാലു കിരീടങ്ങള്‍ മാത്രമാണ്. എഴുപതുകളുടെ അവസാനവും എണ്‍പതുകളിലും വോളിയില്‍ കേരളത്തിന്റെ സുവര്‍ണ കാലമായിരുന്നിട്ടു പോലും ആദ്യ പുരുഷ കിരീടത്തിന് 1997 വരെ കാത്തിരിക്കേണ്ടി വന്നു. ഇതുകൂടി ചേര്‍ത്തു വായിക്കുമ്പോഴാണു ജയ്പൂരില്‍ കിരീടം നിലനിര്‍ത്തിയ ടീമിന്റെ നേട്ടത്തിനു പൊന്‍പ്രഭയേറുന്നത്. 

വോളിബോളിനെ ഒരു വികാരമായി സിരയിലേറ്റുന്ന ഗ്രാമങ്ങള്‍ കേരളത്തിലെമ്പാടുമുണ്ട്. വര്‍ഷത്തില്‍ മുന്നൂറ്റന്‍പതിലധികം വോളി ടൂര്‍ണമെന്റുകളാണു സംസ്ഥാനത്തു നടക്കുന്നത്. ഇതില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കു ശരാശരി ഒരു കളിക്കു 3000 രൂപ ലഭിക്കുമ്പോഴാണ്, കൊടുംതണുപ്പില്‍ കളിച്ചു ദേശീയ കിരീടം നേടിയ ടീമിനെ 150 രൂപയുടെ ദിനബത്ത കൊണ്ടു നാണംകെടുത്തിയത്. സംഘാടകര്‍ ഒരുക്കിയ ഭക്ഷണം മോശമായതിനാല്‍ ആദ്യ ദിനംതൊട്ടു കളിക്കാര്‍ പുറത്തുനിന്നാണു കഴിച്ചത്. കിട്ടിയ ദിനബത്തയാകട്ടെ, ഒരു നേരത്തെ ആഹാരത്തിനേ തികയുമായിരുന്നുള്ളൂ. കേരളത്തിനായി കളിച്ച മൂന്നുപേര്‍ ഇന്ത്യന്‍ താരങ്ങളാണെന്നോര്‍ക്കണം. ടോം ജോസഫ് നിലവില്‍ ഇന്ത്യയിലെ മികച്ച താരവും. കേരളം സെമിയില്‍ പരാജയപ്പെടുത്തിയ ഹരിയാന, അവരുടെ കളിക്കാര്‍ക്കു നല്‍കുന്ന ദിനബത്ത 800 രൂപയാണ്. ഇതിനടുത്ത തുക തമിഴ്നാടും നല്‍കുന്നു. 

കേരളത്തിന്റെ രഞ്ജി ട്രോഫി ക്രിക്കറ്റ് താരങ്ങള്‍ക്കെല്ലാം 500 രൂപ വീതമുള്ള കെസിഎയുടെ പ്രതിദിന ബാറ്റയ്ക്കു പുറമേ, ഒാരോ താരത്തിനും നാലുദിവസം നീളുന്ന ഓരോ മാച്ചിനും 40,000 രൂപയാണു (ദിനംപ്രതി 10,000 രൂപവീതം) പ്രതിഫലം. ഒരു സീസണില്‍ ലീഗ് റൌണ്ടില്‍ മാത്രം കളിച്ചാല്‍ തന്നെ എട്ടു മല്‍സരമുണ്ടാവും. അതായത,് 3.20 ലക്ഷം രൂപ. പ്ളേയിങ് ഇലവനില്‍ ഇല്ലാത്ത ടീം അംഗങ്ങള്‍ക്ക് ഒരു മാച്ചിന് 20,000 രൂപ വീതവും ലഭിക്കും. ഇതിനു പുറമേ ബിസിസിഐ വരുമാനത്തിന്റെ ഒരുപങ്കും സീസണൊടുവില്‍ കളിക്കാര്‍ക്കു ലഭിക്കും. ഇത് ഓരോ കളിക്കാരനും മൂന്നുലക്ഷം മുതല്‍ നാലുലക്ഷം രൂപ വരെയാണ്. അതായത് ഒരു രഞ്ജി സീസണ്‍ കളിക്കുന്ന താരത്തിനു ശരാശരി ആറുലക്ഷം മുതല്‍ ഏഴരലക്ഷം രൂപ വരെ കുറഞ്ഞതു ലഭിക്കും. 
ആഭ്യന്തര ഏകദിന ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കു 10,000 രൂപയാണു കളിക്കാരന്റെ പ്രതിഫലം. ഏറെ വരുമാനസാധ്യതയുള്ള ക്രിക്കറ്റിനോളമില്ലെങ്കിലും മറ്റു കായിക ഇനങ്ങളുടെ സംഘാടകരും കഴിയാവുന്ന രീതിയില്‍ ഉയര്‍ന്ന പ്രതിഫലം നല്‍കേണ്ടതല്ലേ? വോളിയുടെ കാര്യത്തിലെന്ന പോലെ, ഫുട്ബോളിലും കാര്യങ്ങള്‍ അത്ര പന്തിയല്ല. സന്തോഷ് ട്രോഫിയില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന താരങ്ങള്‍ക്കു തന്നെ നാമമാത്രമായ പ്രതിഫലമാണു ലഭിക്കുന്നത്. 

കായിക വികസന മാതൃകയായി കേരളത്തിനു മുന്നില്‍ ഹരിയാനയുണ്ട്. സംസ്ഥാനത്തെ ജനപ്രിയ കായിക ഇനങ്ങളായ ഗുസ്തി, ബോക്സിങ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് അവരുടെ കായിക നയം. അതിനൊപ്പം, മറ്റു കായിക ഇനങ്ങളെ അടിസ്ഥാന തലത്തില്‍ പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട്. അതിന്റെ ഫലം ഒളിംപിക് മെഡലുകളായി കായ്ച്ചുതുടങ്ങിയിരിക്കുന്നു. ലണ്ടന്‍ ഒളിംപിക്സില്‍ ഒരു വെള്ളിയും മൂന്നു വെങ്കലവുമുള്‍പ്പെടെ നാലു മെഡലുകളാണു ഹരിയാനയില്‍ നിന്നുള്ള താരങ്ങള്‍ നേടിയത്. 

കളിയെ വികാരമായി കൊണ്ടുനടക്കുന്ന കുറച്ചു താരങ്ങളും പരിശീലകരും സംഘാടകരുമുള്ളതു കൊണ്ടാവണം കേരളത്തില്‍ വോളിബോളും ഫുട്ബോളുമൊക്കെ നിലനിന്നുപോവുന്നത്. ഇതിനിടയ്ക്കു നൈസര്‍ഗിക പ്രതിഭയുടെ തിളക്കത്തില്‍ നാം ചില കിരീടങ്ങള്‍ നേടുന്നുവെന്നു മാത്രം. ഈ താരങ്ങള്‍ കളിക്കുന്നത് അവര്‍ക്കു വേണ്ടിയല്ല, ഒരു സംസ്ഥാനത്തിന്റെ മുഴുവന്‍ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനാണെന്നതു മറക്കാതിരിക്കാം.


No comments:

Post a Comment