Wednesday, January 30, 2013

മുഖപ്രസംഗം January 30-01-2013

മുഖപ്രസംഗം January 30-01-2013

1. നായര് പിടിപ്പിച്ച പുലിവാല്  (മാധ്യമം )

മുസ്ലിംലീഗിന്‍െറ അഞ്ചാം മന്ത്രിയെച്ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തില്‍ ആരംഭിച്ച സാമുദായിക-രാഷ്ട്രീയ വിവാദം, കോണ്‍ഗ്രസ് ഹൈകമാന്‍ഡുമായി എന്‍.എസ്.എസ് ഉണ്ടാക്കിയ രഹസ്യ ധാരണ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം അട്ടിമറിച്ചുവെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ വെളിപ്പെടുത്തലോടെ സ്ഫോടനാത്മകമായ വഴിത്തിരിവിലാണെത്തിനില്‍ക്കുന്നത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി കളവുപറഞ്ഞതാണെന്ന് ഉത്തരവാദപ്പെട്ടവരാരും ആരോപിച്ചിട്ടില്ലെന്നിരിക്കെ, കോണ്‍ഗ്രസിന്‍െറ സംസ്ഥാന നേതൃത്വം പുറത്തുകടക്കുക പ്രയാസകരമായ വിഷമസന്ധിയിലകപ്പെട്ടിരിക്കുന്നു.

2. ജുവനൈല്‍ഹോമുകളില്‍ വേണ്ടത്‌  (മാത്രുഭൂമി )

കേരളത്തിലെ മിക്ക ജുവനൈല്‍ ഹോമുകളുടെയും സ്ഥിതി ശോചനീയവും ആപത്കരവുമാണെന്ന് ഇതുസംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മനശ്ശാസ്ത്രജ്ഞരടക്കമുള്ള വിദഗ്ധസംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ജുവനൈല്‍ ഹോമുകളെക്കുറിച്ച് സമൂഹത്തിനുള്ള സങ്കല്പം പാടെ തകര്‍ക്കുന്നവയാണ്. ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തവര്‍ മറ്റുള്ളവരുമായി അനുഭവങ്ങള്‍ പങ്കുവെച്ച് കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുന്നസ്ഥിതിയാണ് പലേടത്തുമുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. .

3. പ്രതീക്ഷ നിറവേറ്റിയ റിസര്‍വ് ബാങ്ക് (മനോരമ)
നാണ്യപ്പെരുപ്പത്തിന്റെ പേരില്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ചുപോന്ന കര്‍ക്കശനിലപാടില്‍ ഒന്‍പതു മാസത്തിനു ശേഷം അയവു വരുത്തിയിരിക്കുകയാണ്. പലിശനിരക്കു കുറയാനും പണലഭ്യത ഉയര്‍ത്താനുമുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു ജനുവരി - മാര്‍ച്ച് കാലയളവിലെ വായ്പനയ അവലോകനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നു. വാണിജ്യ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റീപ്പോ നിരക്കു കാല്‍ ശതമാനം കുറച്ച്, 7.75 ശതമാനമാക്കി. തുടര്‍ന്നു ബാങ്കുകള്‍ പലിശനിരക്കുകള്‍ കുറച്ചുതുടങ്ങി.







നായര് പിടിപ്പിച്ച പുലിവാല്   (മാധ്യമം )

ആപത്തിലേക്ക് കൈകൊട്ടി വിളിക്കല്ലേ...
മുസ്ലിംലീഗിന്‍െറ അഞ്ചാം മന്ത്രിയെച്ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തില്‍ ആരംഭിച്ച സാമുദായിക-രാഷ്ട്രീയ വിവാദം, കോണ്‍ഗ്രസ് ഹൈകമാന്‍ഡുമായി എന്‍.എസ്.എസ് ഉണ്ടാക്കിയ രഹസ്യ ധാരണ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം അട്ടിമറിച്ചുവെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ വെളിപ്പെടുത്തലോടെ സ്ഫോടനാത്മകമായ വഴിത്തിരിവിലാണെത്തിനില്‍ക്കുന്നത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി കളവുപറഞ്ഞതാണെന്ന് ഉത്തരവാദപ്പെട്ടവരാരും ആരോപിച്ചിട്ടില്ലെന്നിരിക്കെ, കോണ്‍ഗ്രസിന്‍െറ സംസ്ഥാന നേതൃത്വം പുറത്തുകടക്കുക പ്രയാസകരമായ വിഷമസന്ധിയിലകപ്പെട്ടിരിക്കുന്നു. ഭൂരിപക്ഷ സമുദായാംഗത്തെ മന്ത്രിസഭ രൂപവത്കരണവേളയില്‍ താക്കോല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കാമെന്ന് കേന്ദ്രനേതൃത്വം ഉറപ്പുനല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നായര്‍ സര്‍വീസ് സൊസൈറ്റി ഐക്യജനാധിപത്യ മുന്നണിയെ പിന്താങ്ങിയതെന്നാണ് സുകുമാരന്‍ നായരുടെ വെളിപ്പെടുത്തല്‍. കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെ നിയമസഭയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡിനോട് നിര്‍ദേശിച്ചത് എന്‍.എസ്.എസ് ആണെന്നുകൂടി അദ്ദേഹം പറയുമ്പോള്‍ കാര്യം വ്യക്തമാണ്. ചെന്നിത്തലയെ മത്സരിപ്പിക്കുകയും ജയിച്ചുവന്നാല്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുകയും ചെയ്യണമെന്ന് എന്‍.എസ്.എസ് കോണ്‍ഗ്രസില്‍നിന്ന് ഉറപ്പുവാങ്ങിയിരുന്നു. യു.ഡി.എഫ് കഷ്ടിച്ച് ജയിച്ചുകയറിയപ്പോള്‍ നേതൃത്വത്തിന് വാക്കുപാലിക്കാനായില്ല. ആഭ്യന്തരവകുപ്പ് നല്‍കി രമേശിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള എന്‍.എസ്.എസിന്‍െറ ആവശ്യത്തിനുപോലും വഴങ്ങാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനും യു.ഡി.എഫിനും സാധിച്ചില്ല. തന്മൂലം ഇച്ഛാഭംഗം നേരിട്ട എന്‍.എസ്.എസിന്‍െറ രോഷവും പൊട്ടിത്തെറിയുമാണ് തുടര്‍ന്ന് കേരള രാഷ്ട്രീയത്തെ സംഘര്‍ഷഭരിതമാക്കുന്ന അപസ്വരങ്ങള്‍ക്കാധാരം. ഭൂരിപക്ഷ സമുദായത്തെ ചവിട്ടിമെതിച്ച് ന്യൂനപക്ഷ സമുദായങ്ങള്‍ സംസ്ഥാനത്തെ അടക്കിഭരിക്കുകയാണെന്ന വാസ്തവ വിരുദ്ധമായ പ്രചാരണവുമായി എന്‍.എസ്.എസ് നേതൃത്വം ഇറങ്ങിത്തിരിച്ചതിന്‍െറ പിന്നില്‍ അലസിപ്പോയ അവിശുദ്ധ ധാരണയാണെന്നും ഇപ്പോള്‍ കേരളം തിരിച്ചറിയുന്നു. രമേശ് ചെന്നിത്തല സമ്മതിക്കാത്തതുകൊണ്ടാണ് അദ്ദേഹത്തെ മന്ത്രിസഭയിലെടുക്കാത്തത് എന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന അര്‍ധസത്യമാണെന്നും ഇതോടെ വ്യക്തമായി. മുഖ്യമന്ത്രിപദമോ ആഭ്യന്തര വകുപ്പോടുകൂടിയ ഉപമുഖ്യമന്ത്രി സ്ഥാനമോ രമേശ് ചെന്നിത്തലക്ക് ഓഫര്‍ ചെയ്തതായി ഉമ്മന്‍ചാണ്ടി പറയുന്നില്ല. അങ്ങനെ ഒരു ഓഫര്‍ താന്‍ നിരസിച്ചതായി രമേശും പറയുന്നില്ല. വെറും ഒരു സാധാരണ മന്ത്രിയായി താന്‍ മന്ത്രിസഭയിലേക്കില്ല എന്നതാവാം അദ്ദേഹത്തിന്‍െറ ഉള്ളിലിരിപ്പ്. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് സാദാ മന്ത്രിപദം സ്വീകരിച്ചുപോയ മറ്റൊരു നായരുടെ ദുരനുഭവം അദ്ദേഹത്തിന്‍െറ മുമ്പിലുണ്ടല്ലോ.
അതേയവസരത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മന$പൂര്‍വം എന്‍.എസ്.എസിനെ വഞ്ചിക്കുകയായിരുന്നുവോ? സംശയം സ്ഥാനത്താണെങ്കിലും മറുപടി അത് സ്ഥിരീകരിക്കുന്നതാവണം എന്നില്ല. പാര്‍ട്ടിയുടെ തീരാശാപമായ ഗ്രൂപ്പിസം ഉല്‍പാദിപ്പിച്ച സങ്കീര്‍ണതകള്‍ മാത്രമല്ല കാരണം. കണക്കുകൂട്ടിയ വന്‍വിജയത്തിന്‍െറ അടുത്തൊന്നുമെത്താന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. സമദൂരസിദ്ധാന്തം കൈവെടിഞ്ഞ് കോണ്‍ഗ്രസിനോടൊപ്പംനിന്ന എന്‍.എസ്.എസിന്‍െറ നായര്‍വോട്ട് വിജയത്തില്‍ നിര്‍ണായകമായി എന്നും തെളിഞ്ഞില്ല. പകരം വി.എസ്. അച്യുതാനന്ദന്‍െറ പ്രചാരണപ്പാച്ചിലില്‍ അടിതെറ്റിയ ഐക്യമുന്നണിയെ മുസ്ലിംലീഗും കേരള കോണ്‍ഗ്രസും എ.കെ. ആന്‍റണിയുടെ കൈമെയ് മറന്നുള്ള ശക്തമായ പ്രതിരോധവുമാണ് രണ്ടെങ്കില്‍ രണ്ട് സീറ്റിന്‍െറ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചത് എന്നാണ് തെളിഞ്ഞത്. തുടര്‍ന്ന് മന്ത്രിസഭ രൂപവത്കരണം നടന്നപ്പോള്‍ നേരത്തെ ഉയര്‍ത്തിക്കാട്ടിയ ഉമ്മന്‍ചാണ്ടി തന്നെ മുഖ്യമന്ത്രിപദത്തില്‍ അവരോധിതനായത് സ്വാഭാവികമായിരുന്നു. മുന്നണിയില്‍ ന്യൂനപക്ഷങ്ങളെ പ്രതിനിധാനംചെയ്യുന്ന രണ്ട് പാര്‍ട്ടികളും കോണ്‍ഗ്രസിലെതന്നെ വലിയ വിഭാഗവും ചാണ്ടിയെ പിന്തുണച്ചപ്പോള്‍ രമേശ് ചെന്നിത്തലക്കുവേണ്ടി വാദിക്കാന്‍ ആരുമുണ്ടായില്ല. അതിനാല്‍ ഹൈകമാന്‍ഡും അദ്ദേഹത്തെ കൈയൊഴിഞ്ഞു. എന്‍.എസ്.എസ് ആവശ്യപ്പെട്ടപോലെ രണ്ടാമത്തെ ഓപ്ഷന്‍ സ്വീകരിച്ച് രമേശിനെ ഉപമുഖ്യമന്ത്രിയാക്കാമെന്നുവെച്ചാല്‍ കുഞ്ഞാലിക്കുട്ടിയെയും മാണിയെയും തഴഞ്ഞുവേണം അത് ചെയ്യാന്‍. അത് എളുപ്പമല്ലെന്ന്, വിശിഷ്യാ കെ.എം. മാണിയെ വഴക്കിയെടുക്കുക അസാധ്യം തന്നെയായിരുന്നെന്ന് ഉമ്മന്‍ചാണ്ടിക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും അറിയാവുന്നതേയുള്ളൂ.
കാര്യത്തിന്‍െറ കിടപ്പ് അങ്ങനെയൊക്കെയാവാമെങ്കിലും പ്രതിസന്ധിയുടെ മര്‍മം രാജ്യത്തിന്‍െറ കടിഞ്ഞാണ്‍ കൈയിലേന്തിയ മതേതര ജനാധിപത്യ പാര്‍ട്ടി തെരഞ്ഞെടുപ്പ് ജയിക്കാന്‍ ജാതി, സമുദായ കൂട്ടായ്മകളെ പരിധിവിട്ട് പ്രീണിപ്പിക്കാന്‍ കുതന്ത്രങ്ങള്‍ മെനഞ്ഞതാണെന്ന് സംശയാതീതമായി വ്യക്തമാവുന്നു. അധികാരം കൈയടക്കാന്‍ ഇമ്മാതിരി ഏടാകൂടങ്ങളില്‍ ചെന്ന് തലയിടുമ്പോള്‍ അധികാരം നിലനിര്‍ത്താന്‍ അതിലേറെ ദുര്‍ഘടമായ പാതകളിലൂടെ സഞ്ചരിക്കേണ്ടിവരുമെന്നും തലവലിക്കുക അനായാസകരമാവില്ലെന്നും കോണ്‍ഗ്രസ് മനസ്സിലാക്കാതെപോയി. ഇനി, എന്‍.എസ്.എസിന്‍െറ നീതീകരണമോ ന്യായീകരണമോ ഇല്ലാത്ത മറ്റാവശ്യങ്ങള്‍ക്ക് വഴിവിട്ട് വഴങ്ങിക്കൊടുക്കുകയാവും പ്രതിസന്ധിയില്‍നിന്ന് തലയൂരാന്‍ കോണ്‍ഗ്രസ് നേതൃത്വം കാണുന്ന പോംവഴി. അതുപക്ഷേ, മറ്റു സാമുദായിക സംഘടനകളുടെ അനര്‍ഹമായ ആവശ്യങ്ങള്‍ക്കും ചെവികൊടുക്കേണ്ട സാഹചര്യമാണ് സൃഷ്ടിക്കുക എന്ന് വ്യക്തം. അങ്ങനെ മതേതരത്വം അവകാശപ്പെടുന്ന പാര്‍ട്ടികളെ നോക്കുകുത്തിയാക്കി ജാതി സമുദായ കൂട്ടായ്മകള്‍ ദൈവത്തിന്‍െറ സ്വന്തം നാട് ഓഹരി വെച്ചെടുക്കുന്ന ദുരന്തത്തിന് വഴിയൊരുങ്ങുന്നു. കേഴുക പ്രിയ നാടേ  എന്ന് കേഴുകയല്ലാതെ എന്തുചെയ്യാന്‍!

ജുവനൈല്‍ഹോമുകളില്‍ വേണ്ടത്‌ (മാത്രുഭൂമി )

Newspaper Edition
കേരളത്തിലെ മിക്ക ജുവനൈല്‍ ഹോമുകളുടെയും സ്ഥിതി ശോചനീയവും ആപത്കരവുമാണെന്ന് ഇതുസംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മനശ്ശാസ്ത്രജ്ഞരടക്കമുള്ള വിദഗ്ധസംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ജുവനൈല്‍ ഹോമുകളെക്കുറിച്ച് സമൂഹത്തിനുള്ള സങ്കല്പം പാടെ തകര്‍ക്കുന്നവയാണ്. ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തവര്‍ മറ്റുള്ളവരുമായി അനുഭവങ്ങള്‍ പങ്കുവെച്ച് കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുന്നസ്ഥിതിയാണ് പലേടത്തുമുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കുറ്റംചെയ്ത കുട്ടികളെ നേര്‍വഴിക്കു നയിക്കാനുതകുന്ന ഉപദേശങ്ങളും പരിശീലനങ്ങളും മറ്റും നല്‍കലാണ് ജുവനൈല്‍ ഹോമുകളുടെ പ്രധാന ലക്ഷ്യം. അത് സാധിക്കാനുതകുന്ന സാഹചര്യങ്ങള്‍ അവിടെ ഉണ്ടായിരിക്കണം.എന്നാല്‍, കുട്ടികളില്‍ നൈരാശ്യവും അക്രമവാസനയും വളരാനിടയാക്കുന്ന അന്തരീക്ഷമാണ് പലേടത്തും പഠനസംഘം കണ്ടത്. വൃത്തിഹീനമായ കുളിമുറികളും മറ്റും അന്തേവാസികളുടെ ജീവിതം ക്ലേശകരമാക്കുന്നു. പലേടത്തും ബാലവേലയും പതിവാണ്.കുറ്റവാളികളെ മാനസാന്തരപ്പെടുത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സംവിധാനങ്ങള്‍ക്ക് പരിഷ്‌കൃതസമൂഹം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. കുട്ടിക്കുറ്റവാളികളുടെ കാര്യത്തില്‍ കൂടുതല്‍ നിഷ്‌കര്‍ഷ വേണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് ജുവനൈല്‍ ഹോമുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

കുട്ടികളിലും യുവാക്കളിലും കുറ്റവാസനയും മറ്റ് ദുഷ്പ്രവണതകളും ഏറിവരുന്ന സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങളുടെ പ്രസക്തി വര്‍ധിച്ചിട്ടുണ്ട്. ദൗര്‍ഭാഗ്യവശാല്‍, കുഴപ്പക്കാരായ കുട്ടികളെ സമൂഹത്തില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കാനുള്ള ഇടം മാത്രമായി അവയില്‍ പലതും മാറിയിരിക്കുന്നു. പല ഹോമുകളിലും കുട്ടികളെ നോക്കാന്‍ വേണ്ടത്ര 'കെയര്‍ ടേക്കേഴ്‌സ്' ഇല്ല. ഉള്ളവരില്‍ പലരും പരിശീലനം നേടാത്തവരാണ്. ആയമാരോ തൂപ്പുകാരോ ഇല്ലാത്തതിനാല്‍ ചില സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് തനിച്ച് തുണികളും മറ്റും വൃത്തിയാക്കേണ്ടിവരുന്നു. അഞ്ചിനും 13നുമിടയ്ക്ക് വയസ്സുള്ള കുട്ടികളെ പഠിപ്പിക്കാന്‍ റെസിഡന്റ് അധ്യാപകരും പലേടത്തും ഇല്ല.ജുവനൈല്‍ ഹോമുകളില്‍ വേണ്ടത്ര അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുകയും സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യണം. അതോടൊപ്പം ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ലക്ഷ്യത്തിനനുസൃതമായാണോ നടക്കുന്നതെന്ന് പരിശോധിക്കാനും ഫലപ്രദമായ സംവിധാനം ഉണ്ടാകണം. കുട്ടികളുടെ മനശ്ശാസ്ത്രത്തില്‍ പരിജ്ഞാനമുള്ളവരെ കെയര്‍ടേക്കര്‍മാരായി നിയമിക്കണമെന്ന റിപ്പോര്‍ട്ടിലെ നിര്‍ദേശം എത്രയും വേഗം പരിഗണിക്കേണ്ടതാണ്. മനശ്ശാസ്ത്രപരിജ്ഞാനമുള്ളവര്‍ക്കേ കുട്ടികളുടെ സ്വഭാവം മനസ്സിലാക്കി അവരെ നിയന്ത്രിക്കാനും നേര്‍വഴിക്കു കൊണ്ടുവരാനും കഴിയൂ.

റെസിഡന്റ് അധ്യാപകര്‍ക്ക് കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിവുണ്ടായിരിക്കണമെന്ന് പഠനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിയമനത്തിന് സാങ്കേതികയോഗ്യതകള്‍ക്കൊപ്പം സേവനസന്നദ്ധതകൂടി പരിഗണിച്ചാലേ ഇത്തരം അധ്യാപകരെ ലഭിക്കൂ. ജുവനൈല്‍ ഹോമുകള്‍ ശരിയായ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ശിശുക്ഷേമസമിതി ഉറപ്പാക്കണമെന്ന് പഠനസംഘം പറയുന്നു. ജയിലുകളിലെ പോരായ്മകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ജയിലുകളില്‍ വയസ്സിന്റെയും കുറ്റകൃത്യങ്ങളുടെയും അടിസ്ഥാനത്തില്‍ അന്തേവാസികളെ തരംതിരിക്കണം, ബോധവത്കരണപരിപാടികള്‍ നടത്തണം. വെല്‍ഫെയര്‍ ഓഫീസര്‍മാരെ നിയമിക്കണം, ലൈബ്രറി സൗകര്യം മെച്ചപ്പെടുത്തണം എന്നിവയാണ് ഇതുസംബന്ധിച്ച് ഉന്നയിച്ചിട്ടുള്ള പ്രധാന നിര്‍ദേശങ്ങള്‍. 51ജയിലുകളും 25 ജുവനൈല്‍ ഹോമുകളിലുമായി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഈയിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയാണ് പ്രകാശിപ്പിച്ചത്. വൃദ്ധസദനങ്ങള്‍, അഗതിമന്ദിരങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ കാര്യത്തിലും കേരളത്തിലെ സ്ഥിതി പൊതുവെ തൃപ്തികരമല്ല. ചില സവിശേഷസാഹചര്യങ്ങളില്‍ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തേണ്ടിവരുന്നവരെ പാടെ തള്ളിക്കളയുകയും അവഗണിക്കുകയും ചെയ്യുന്ന പ്രവണത വളര്‍ന്നുവരുന്നുണ്ട്. അധികൃതരുടെയും സമൂഹത്തിന്റെയും സഹകരണമുണ്ടായാലേ അതവസാനിപ്പിക്കാന്‍ കഴിയൂ.

പ്രതീക്ഷ നിറവേറ്റിയ റിസര്‍വ് ബാങ്ക് (മനോരമ )

malmanoramalogo
 നാണ്യപ്പെരുപ്പത്തിന്റെ പേരില്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ചുപോന്ന കര്‍ക്കശനിലപാടില്‍ ഒന്‍പതു മാസത്തിനു ശേഷം അയവു വരുത്തിയിരിക്കുകയാണ്. പലിശനിരക്കു കുറയാനും പണലഭ്യത ഉയര്‍ത്താനുമുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു ജനുവരി - മാര്‍ച്ച് കാലയളവിലെ വായ്പനയ അവലോകനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നു. വാണിജ്യ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റീപ്പോ നിരക്കു കാല്‍ ശതമാനം കുറച്ച്, 7.75 ശതമാനമാക്കി. തുടര്‍ന്നു ബാങ്കുകള്‍ പലിശനിരക്കുകള്‍ കുറച്ചുതുടങ്ങി. വാണിജ്യ ബാങ്കുകളുടെ പലിശരഹിത കരുതല്‍ധന അനുപാതത്തില്‍ (കാഷ് റിസര്‍വ് റേഷ്യോ - സിആര്‍ആര്‍) കാല്‍ ശതമാനം കുറച്ചു നാലു ശതമാനമാക്കിയതോടെ 18,000 കോടി രൂപ അധികമായി ബാങ്കുകളുടെ കൈകളിലെത്തി. നിരക്കുകളില്‍ ഇളവുവരുത്താന്‍ റിസര്‍വ് ബാങ്കിന്റെ മേല്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദമുണ്ടായിരുന്നുവെന്നതു നിഷേധിക്കാനാവില്ല. ഉയര്‍ന്ന പലിശനിരക്ക് വ്യവസായമേഖലയുടെ മുതല്‍മുടക്കിനെയും സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുന്നുവെന്ന അഭിപ്രായമായിരുന്നു കേന്ദ്ര സര്‍ക്കാരിന്.

എന്നാല്‍, ഇളവുകള്‍ വൈകാതെ വരുത്തിയേക്കുമെന്ന സൂചന ഡിസംബറിലെ നയപ്രഖ്യാപനത്തില്‍ തന്നെ ഗവര്‍ണര്‍ നല്‍കിയിരുന്നു. നാണ്യപ്പെരുപ്പനിരക്കു കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഇനി സാമ്പത്തിക വളര്‍ച്ചയുടെ ഉത്തേജനത്തിന് ഉൌന്നല്‍നല്‍കേണ്ടിയിരിക്കുന്നുവെന്നാണ് അദ്ദേഹം അന്നു സൂചിപ്പിച്ചത്. വിലക്കയറ്റമാണു സാധാരണക്കാരെ ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നു ചൂണ്ടിക്കാട്ടി വളരെ കരുതലോടെയുള്ള സമീപനമാണു റിസര്‍വ് ബാങ്ക് സ്വീകരിച്ചുപോന്നത്. എന്നാല്‍, ഈ നിലപാടിന്റെ അടിത്തറയില്‍ സാമ്പത്തിക വളര്‍ച്ച ബലികഴിക്കുന്നതു ശരിയല്ലെന്നാണു നിരക്കുകളുടെ ഇളവിനായി വാദിക്കുന്നവരുടെ നിലപാട്.

പലിശനിരക്കുകളില്‍ ഇളവു പ്രഖ്യാപിക്കാനുള്ള സാഹചര്യം കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നടപടികള്‍ ഒരുക്കിയതിനോടു റിസര്‍വ് ബാങ്കും ക്രിയാത്മകമായി പ്രതികരിച്ചുവെന്നു തന്നെ പറയാം. ഡിസംബറിലെ കണക്കനുസരിച്ചു നാണ്യപ്പെരുപ്പ നിരക്ക് 7.18 ശതമാനമായി. 2009 ഡിസംബറിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ധനക്കമ്മി പെരുകാന്‍ ഇടയാക്കുന്ന സബ്സിഡി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ പ്രതിഫലനം മെല്ലെ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുമെന്നാണു മറ്റൊരു കണക്കുകൂട്ടല്‍. പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തിയതും ഡീസലിന്റെ വില നിശ്ചയിക്കാനുള്ള സ്വാതന്ത്യ്രം പെട്രോളിയം കമ്പനികള്‍ക്കു നല്‍കിയതും സര്‍ക്കാരിന്റെ സബ്സിഡി കുറയ്ക്കുന്നു. പാചകവാതകത്തിലെ നിയന്ത്രണവും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ക്ഷേമപദ്ധതികളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഗുണഭോക്താവിന്റെ ബാങ്ക് അക്കൌണ്ടിലേക്കു നേരിട്ട് എത്തിക്കുന്നതിലൂടെയും സാമ്പത്തിക ചോര്‍ച്ച ഒരു നല്ല പരിധിവരെ അടയ്ക്കുകയാണ്. പദ്ധതിത്തുക അനുവദിക്കുന്നതില്‍ കേന്ദ്ര ധനമന്ത്രാലയം കര്‍ശന നടപടികള്‍ സ്വീകരിച്ചതും സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ രണ്ടു ശതമാനം ഉയര്‍ത്തിയതും വിദേശമൂലധന നിക്ഷേപത്തിനു കൂടുതല്‍ ചാലുകള്‍ തുറന്നതുമെല്ലാം ധനക്കമ്മി നിയന്ത്രിക്കുന്ന നടപടികള്‍ തന്നെ.

ഇതിന്റെയെല്ലാം പിന്‍ബലത്തിലായിരിക്കണം ധനക്കമ്മി ഈ സാമ്പത്തികവര്‍ഷം 5.3% ആയി കുറച്ചുകൊണ്ടുവരാനാകുമെന്നു ധനമന്ത്രി പി. ചിദംബരം പ്രഖ്യാപിച്ചത്. എന്നാല്‍ റവന്യു വരുമാനം പ്രതീക്ഷിച്ചതുപോലെ ലഭിച്ചില്ലെങ്കില്‍ കണക്കുകള്‍ പിഴയ്ക്കും. ഡീസല്‍ വിലക്കയറ്റം പണപ്പെരുപ്പത്തിന്റെ തോത് ആദ്യനാളുകളില്‍ വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ സബ്സിഡിയില്‍ കൈവരിക്കുന്ന കുറവിലൂടെ ഈ ഭീഷണി നേരിടാനായേക്കും. വ്യാപാര അടവുശിഷ്ടം (കറണ്ട് അക്കൌണ്ട് ഡെഫിസിറ്റ്) അപകടകരമായ നിലയില്‍ തുടരുന്നതില്‍ അടുത്തകാലത്തെങ്ങും അയവു വരുമെന്നു തോന്നുന്നില്ല. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്കിലാണു കുറവു വന്നിരിക്കുന്നത്. ഉപഭോക്തൃസൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്കു 10.65 ശതമാനമാണ്.

സര്‍ക്കാരിന്റെ സാമ്പത്തിക മേഖലയുടെ ഉത്തേജനത്തിനു സഹായകമായ നയം ബാങ്ക് സ്വീകരിച്ചുകഴിഞ്ഞു. സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്താനും നാണ്യപ്പെരുപ്പനിരക്കു നിയന്ത്രണാധീനമാക്കാനുമുള്ള തുടര്‍നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കാം.

No comments:

Post a Comment