Tuesday, January 8, 2013

മുഖപ്രസംഗം January 08 -2013

  1. നിയമം മാത്രം പോരാ - madhyamam ന്യൂദല്‍ഹിയില്‍ വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും ഡി.ജി.പിമാരുടെയും യോഗം ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ശിക്ഷ വര്‍ധിപ്പിക്കുക, സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങളില്‍ പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുക, നിയമപരമായി ശിക്ഷിക്കാവുന്ന പ്രായം 18ല്‍നിന്ന് 16 ആക്കുക എന്നിവ അവയില്‍ പെടും. കുറ്റകൃത്യങ്ങള്‍ കുറക്കാനും കുറ്റവാളികളെ പിന്തിരിപ്പിക്കാനും ഉതകുന്ന ഏതു നടപടിയും സ്വാഗതാര്‍ഹമാണ്. എന്നാല്‍ , ഇക്കാര്യത്തില്‍ വികാരാവേശത്തെക്കാള്‍ മുന്നിട്ടുനില്‍ക്കേണ്ടത്, നടപടികള്‍ ഫലപ്രാപ്തിയിലെത്തുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രതയാണ്. ഒന്നാമതായി, നിയമങ്ങളുടെ എണ്ണക്കുറവല്ല കുറ്റങ്ങള്‍ പെരുകാന്‍ കാരണം. നിയമം കൂടുതല്‍ കര്‍ക്കശമാവുമ്പോള്‍ അത് നടപ്പാക്കാനുള്ള സാധ്യത കുറയുകയാണുണ്ടാവുക എന്ന് ചില സാമൂഹിക ശാസ്ത്രജ്ഞര്‍ പറയുന്നു. കാരണം, അത്തരം സന്ദര്‍ഭങ്ങളില്‍, കേസില്‍നിന്ന് രക്ഷപ്പെടാന്‍ ഇരകള്‍ക്കുമേല്‍ സമ്മര്‍ദം വര്‍ധിക്കും; കോടതികളും വധശിക്ഷ പോലുള്ളവ നല്‍കുന്നതില്‍ അമാന്തിക്കും. ഫലത്തില്‍ പ്രയോജനമൊന്നുമുണ്ടാകില്ല എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. നിയമത്തിന്‍െറ കടുപ്പത്തെക്കാള്‍ പ്രധാനം, അത് വിവേചനരഹിതമാകുന്നു എന്നതും നടപ്പാവുന്നു എന്നതുമാണ്.സ്ത്രീകളോടുള്ള സമീപനംതന്നെയാണ് അടിസ്ഥാന പ്രശ്നം. സ്ത്രീ വീട്ടിലിരിക്കേണ്ടവളാണെന്ന ആര്‍.എസ്.എസ് തലവന്‍െറ പ്രസ്താവന ഇതിന്‍െറ ഒരു ലക്ഷണം മാത്രം. സ്ത്രീ വ്യക്തിയാണ്, വസ്തുവല്ല എന്നത് അവഗണിച്ച്, നമ്മുടെ മാധ്യമങ്ങളിലും പരസ്യങ്ങളിലുമെല്ലാം സ്ത്രീയെ ആസ്വാദന വസ്തുവാക്കി പ്രദര്‍ശിപ്പിക്കുമ്പോള്‍ അത് കൗമാര മനസ്സുകളെപ്പോലും ദുഷിപ്പിക്കുന്നുണ്ടെന്ന് തിരിച്ചറിയണം.
  2. വന്‍ കേന്ദ്രനിക്ഷേപം കടന്നുവരുമ്പോള്‍ manorama  കേരളത്തിന്റെ അടിസ്ഥാന സൌകര്യ വികസന മേഖലയില്‍ മറ്റൊരു വന്‍ കേന്ദ്രപദ്ധതിക്കു കൂടി തുടക്കംകുറിച്ചിരിക്കുന്നു. ഭാരത് പെട്രോളിയത്തിന്റെ കൊച്ചി റിഫൈനറിയുടെ സംയോജിത വികസന പദ്ധതിക്ക് 20,000 കോടി രൂപയാണു മുതല്‍മുടക്ക്. പദ്ധതി മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാകുമ്പോള്‍ റിഫൈനറിയുടെ സംസ്കരണശേഷി പ്രതിവര്‍ഷം 95 ലക്ഷം ടണ്ണില്‍ നിന്നു 155 ലക്ഷം ടണ്ണായി  ഉയരും. ഇതോടൊപ്പം, പെട്രോളിന്റെയും ഡീസലിന്റെയും ഗുണനിലവാരം ഉയര്‍ന്ന് യൂറോ നാല്, യൂറോ അഞ്ച് തലത്തിലാകുകയും ചെയ്യും. ഈ നേട്ടങ്ങളെല്ലാം സംസ്ഥാനം എത്രമാത്രം ഉപയോഗപ്പെടുത്തുന്നുവെന്നു കൂടി നാം ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. എല്‍എന്‍ജി വിതരണത്തിനു പൈപ്പിടല്‍ പുരോഗമിക്കാത്തതിനാല്‍ ടെര്‍മിനലിനു പൂര്‍ണശേഷിയോടെ തുടക്കത്തില്‍ പ്രവര്‍ത്തിക്കാനാവുകയില്ല. ബാംഗൂരിലേക്കും മംഗലാപുരത്തേക്കുമുള്ള പൈപ്ലൈന്‍ പദ്ധതി സ്ഥലമെടുപ്പു സംബന്ധമായ എതിര്‍പ്പുകള്‍ മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുകാരണം കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ ദേശീയ വാതക ഗ്രിഡിനു പുറത്തായേക്കാം. എല്‍എന്‍ജി ഉപയോഗിച്ചുള്ള വ്യവസായങ്ങളുടെ സാധ്യതയാണ് ഇതുകൊണ്ട് ആ ജില്ലകള്‍ക്കു നഷ്ടമാവുക. റോഡ്, റയില്‍ സൌകര്യങ്ങള്‍ പരമാവധി വര്‍ധിപ്പിക്കുകയും വൈദ്യുതി ലഭ്യത ഉയര്‍ത്തുകയും വേണം. അടിസ്ഥാനസൌകര്യ വികസനത്തിനു പ്രാദേശികമായ എതിര്‍പ്പുകള്‍ ഉയരാം. ബന്ധപ്പെട്ടവരെ വിശ്വാസത്തിലെടുത്തും ന്യായമായ നഷ്ടപരിഹാരം നല്‍കിയും വികസനനേട്ടങ്ങളില്‍ അവരെ പങ്കാളികളാക്കിയുമാണ് ഈ തടസ്സങ്ങള്‍ മറികടക്കേണ്ടത്.
  3. മരുന്നുപരീക്ഷണം നിയന്ത്രിക്കാന്‍ mathrubhumi ആഴ്ചയില്‍ പത്തുപേരെങ്കിലും രാജ്യത്ത് മരുന്നുപരീക്ഷണത്തിനിടെ മരിക്കുന്നു. പാര്‍ശ്വഫലങ്ങളാലും ശാരീരികവൈകല്യങ്ങളാലും അവശനിലയില്‍ കഴിയുന്നവരും ഒട്ടേറെയുണ്ട്. മരുന്നുപരീക്ഷണം നിയന്ത്രിക്കുന്നതിന് ശക്തമായ ചട്ടങ്ങള്‍ ഇവിടെ ഇല്ലാത്ത സാഹചര്യത്തില്‍ പല ബഹുരാഷ്ട്രക്കമ്പനികളും അവരുടെ ഹിതമനുസരിച്ച് കാര്യങ്ങള്‍ നടത്തുന്നു. അനധികൃത മരുന്നുപരീക്ഷണം തടയാത്തതിന് സര്‍ക്കാറിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ആരോഗ്യസെക്രട്ടറിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലേ മരുന്നുപരീക്ഷണം നടത്താവൂ എന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ ചട്ടങ്ങള്‍ 'ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക്‌സ് നിയമ'ത്തിനു കീഴില്‍ വിജ്ഞാപനം ചെയ്യാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്. മരുന്നുപരീക്ഷണത്തിന് മനുഷ്യനെ ഗിനിപ്പന്നികളെ പോലെ ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന്, ജൂലായില്‍ ഇതുസംബന്ധിച്ചുള്ള പൊതുതാത്പര്യഹര്‍ജി പരിഗണിക്കെ, പരമോന്നത നീതിപീഠം അഭിപ്രായപ്പെടുകയുണ്ടായി. വൈദ്യശാസ്ത്രത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ് മരുന്നുപരീക്ഷണങ്ങള്‍. അവ നടത്തുന്നത് ചില നിയന്ത്രണങ്ങളും തത്ത്വങ്ങളും പാലിച്ചുകൊണ്ടാവണമെന്ന് വൈദ്യശാസ്ത്രലോകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ദുഷ്ഫലങ്ങള്‍ കഴിയുന്നത്ര കുറയ്ക്കുക എന്നതാണ് അവയുടെ ലക്ഷ്യം. നിയന്ത്രണങ്ങളും ധാര്‍മികതയും ലംഘിച്ചുകൊണ്ടുള്ള പലതും ഈരംഗത്ത് വ്യാപകമായി നടക്കുന്നുവെന്നാണ് അടുത്തകാലത്ത് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അനധികൃതപരീക്ഷണങ്ങള്‍ എവിടെയൊക്കെ നടക്കുന്നു എന്നുകണ്ടുപിടിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. നിരക്ഷരരെയും പാവപ്പെട്ടവരെയും അവരറിയാതെ തന്നെ പരീക്ഷണത്തിന് ഉപയോഗിക്കാറുണ്ടത്രെ. വാക്‌സിന്‍പരീക്ഷണത്തിന് കൊച്ചുകുട്ടികളെ വരെ ഉപയോഗിക്കുന്നു. ചില സ്ഥലങ്ങളില്‍ ഡോക്ടര്‍മാരും ഇതിനുകൂട്ടുനില്‍ക്കുന്നതായും അവര്‍ക്ക് കമ്പനികള്‍ പണം നല്‍കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. ഈ രംഗത്തെ ആപത്കരമായ സ്ഥിതിവിശേഷത്തിന് മാറ്റം ഉണ്ടാക്കിയേ മതിയാകൂ.



നിയമം മാത്രം പോരാ

നിയമം മാത്രം പോരാ

ദല്‍ഹിയിലെ കൂട്ടമാനഭംഗവും കൊലയും അടിയന്തരമായ തിരുത്തല്‍ നടപടികളെപ്പറ്റി ചിന്തിക്കാന്‍ രാജ്യത്തെ പ്രേരിപ്പിച്ചിരിക്കുന്നു. ദാരുണമായ ഈ സംഭവത്തിനു മുമ്പു മാത്രമല്ല, ശേഷവും ഇത്തരത്തിലുള്ള അധമകൃത്യങ്ങള്‍ നടന്നു എന്നത്, പരിഹാരം സത്വരം മാത്രമല്ല ഫലപ്രദം കൂടിയാകേണ്ടതുണ്ടെന്ന്  ഓര്‍മപ്പെടുത്തുന്നു. ന്യൂദല്‍ഹിയില്‍ വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും ഡി.ജി.പിമാരുടെയും യോഗം ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ശിക്ഷ വര്‍ധിപ്പിക്കുക, സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങളില്‍ പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുക, നിയമപരമായി ശിക്ഷിക്കാവുന്ന പ്രായം 18ല്‍നിന്ന് 16 ആക്കുക എന്നിവ അവയില്‍ പെടും. സി.ആര്‍.പി.സി, ഐ.പി.സി, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ ഇതിനു വേണ്ടി ഭേദഗതി ചെയ്യണം.
കുറ്റകൃത്യങ്ങള്‍ കുറക്കാനും കുറ്റവാളികളെ പിന്തിരിപ്പിക്കാനും ഉതകുന്ന ഏതു നടപടിയും സ്വാഗതാര്‍ഹമാണ്. എന്നാല്‍ , ഇക്കാര്യത്തില്‍ വികാരാവേശത്തെക്കാള്‍ മുന്നിട്ടുനില്‍ക്കേണ്ടത്, നടപടികള്‍ ഫലപ്രാപ്തിയിലെത്തുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രതയാണ്. ഒന്നാമതായി, നിയമങ്ങളുടെ എണ്ണക്കുറവല്ല കുറ്റങ്ങള്‍ പെരുകാന്‍ കാരണം. ഞങ്ങള്‍ കഴിഞ്ഞയാഴ്ച ചൂണ്ടിക്കാട്ടിയതുപോലെ, നിയമം നടപ്പാക്കുന്നതില്‍ രാഷ്ട്രീയ, ഭരണനേതൃത്വങ്ങള്‍ക്ക് വലിയ വീഴ്ച സംഭവിക്കുന്നുണ്ട്. സായുധസേനാ പ്രത്യേകാധികാര നിയമം പട്ടാളക്കാരുടെ ഏതു കുറ്റത്തിനും മുന്‍കൂര്‍ പരിരക്ഷ നല്‍കുന്നു എന്നത് വല്ലാത്ത നാണക്കേടാണ്. നിയമത്തിലെ ഈ വിവേചനം നമുക്കു നല്‍കുന്ന ദുഷ്പേരും ചെറുതല്ല. നിയമം കൂടുതല്‍ കര്‍ക്കശമാവുമ്പോള്‍ അത് നടപ്പാക്കാനുള്ള സാധ്യത കുറയുകയാണുണ്ടാവുക എന്ന് ചില സാമൂഹിക ശാസ്ത്രജ്ഞര്‍ പറയുന്നു. കാരണം, അത്തരം സന്ദര്‍ഭങ്ങളില്‍, കേസില്‍നിന്ന് രക്ഷപ്പെടാന്‍ ഇരകള്‍ക്കുമേല്‍ സമ്മര്‍ദം വര്‍ധിക്കും; കോടതികളും വധശിക്ഷ പോലുള്ളവ നല്‍കുന്നതില്‍ അമാന്തിക്കും. ഫലത്തില്‍ പ്രയോജനമൊന്നുമുണ്ടാകില്ല എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. നിയമത്തിന്‍െറ കടുപ്പത്തെക്കാള്‍ പ്രധാനം, അത് വിവേചനരഹിതമാകുന്നു എന്നതും നടപ്പാവുന്നു എന്നതുമാണ്.
കുറ്റകൃത്യ വിവരങ്ങളുടെ ദേശീയ ബ്യൂറോ നല്‍കുന്ന ഒരു കണക്ക്: 2011ല്‍ ഇന്ത്യയിലൊട്ടാകെ 24,206 ബലാത്സംഗക്കേസുകള്‍ കോടതികളിലെത്തി. ശിക്ഷിക്കപ്പെട്ടവയുടെ എണ്ണം അഞ്ചു ശതമാനം തികച്ചില്ല. ഇതിന് പല കാരണങ്ങളുണ്ട്. കേസ് ചാര്‍ജ് ചെയ്താല്‍ പോലും അന്വേഷണത്തിലും വിചാരണയിലും ഇരകള്‍ കൂടുതല്‍ പീഡിപ്പിക്കപ്പെടുകയാണ് പതിവ്. ഉന്നതങ്ങളിലെ സ്വാധീനം കുറ്റവാളികള്‍ക്ക് സഹായകമാകുന്നു എന്നതാണ് മറ്റൊരു കാരണം. കേസ് നടത്തിപ്പിനെടുക്കുന്ന കാലതാമസവും വലിയൊരു ഘടകമാണ്. കഴിഞ്ഞവര്‍ഷം രാജ്യത്തെ വിവിധ കോടതികളിലായി 1.27 ലക്ഷം ബലാത്സംഗക്കേസുകള്‍ ഉണ്ടായിരുന്നു; തീര്‍പ്പായത് ആറായിരത്തില്‍ മാത്രം; അതില്‍ത്തന്നെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടത് 20 ശതമാനത്തില്‍ താഴെ. ദല്‍ഹി സംഭവത്തില്‍ ഒരു കുറ്റവാളി 18 തികയാത്തവനാണ് എന്നതിനാല്‍ ശിക്ഷിക്കാവുന്ന പ്രായപരിധി 16 ആയി കുറക്കണമെന്ന വാദവും കൂടുതല്‍ പരിശോധിക്കേണ്ടതുണ്ട്. പ്രായപൂര്‍ത്തി 18 എന്നുപറയുന്ന ജുവനൈല്‍ ജസ്റ്റിസ് നിയമവ്യവസ്ഥ ഇന്ത്യ ഒപ്പുവെച്ച യു.എന്‍ അവകാശ പ്രമാണത്തിന്‍െറ തുടര്‍ച്ചയാണ്. അങ്ങനെ നിര്‍ണയിക്കാനുള്ള കാരണമാകട്ടെ, മസ്തിഷ്ക വളര്‍ച്ച പൂര്‍ത്തിയാകുന്നത് 18ഓടെയാണ് എന്നതും. വകതിരിവില്ലാത്ത കുട്ടികളെപ്പോലും കുറ്റവാളികളാക്കുന്ന സാഹചര്യത്തെക്കുറിച്ചാണ് നാം കൂടുതല്‍ വേവലാതിപ്പെടേണ്ടത്. അതാണ് തിരുത്തേണ്ടത്.
സ്ത്രീകളോടുള്ള സമീപനംതന്നെയാണ് അടിസ്ഥാന പ്രശ്നം. സ്ത്രീ വീട്ടിലിരിക്കേണ്ടവളാണെന്ന ആര്‍.എസ്.എസ് തലവന്‍െറ പ്രസ്താവന ഇതിന്‍െറ ഒരു ലക്ഷണം മാത്രം. സ്ത്രീ വ്യക്തിയാണ്, വസ്തുവല്ല എന്നത് അവഗണിച്ച്, നമ്മുടെ മാധ്യമങ്ങളിലും പരസ്യങ്ങളിലുമെല്ലാം സ്ത്രീയെ ആസ്വാദന വസ്തുവാക്കി പ്രദര്‍ശിപ്പിക്കുമ്പോള്‍ അത് കൗമാര മനസ്സുകളെപ്പോലും ദുഷിപ്പിക്കുന്നുണ്ടെന്ന് തിരിച്ചറിയണം. ഏറ്റവും വലിയ ‘ലിബറലു’കള്‍ വരെ സ്ത്രീകളെ കാഴ്ചപ്പണ്ടങ്ങളാക്കുന്ന പരസ്യങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ മടിക്കുന്നു. സ്ത്രീ പീഡനക്കേസുകള്‍ ഇരകള്‍ക്ക് തുടര്‍ പീഡനങ്ങളാകുന്നതിലും മാധ്യമങ്ങള്‍ക്ക് പങ്കുണ്ട്. വര്‍ഗീയ കലാപങ്ങളില്‍ ആസൂത്രിതമായി നടക്കുന്ന മാനഭംഗങ്ങള്‍ക്ക് ജാതിയും വര്‍ഗവും നോക്കി പരിരക്ഷ നല്‍കുന്ന രീതിക്കും അവസാനമുണ്ടാകണം. ഇരകളെ എല്ലാ നിലക്കും പുനരധിവസിപ്പിക്കാനുള്ള നടപടികളും ആവശ്യമാണ്. എല്ലാറ്റിനുമുപരി, സദാചാര നിരപേക്ഷമായ ‘പുരോഗതി’യുടെ ചതിക്കുഴികള്‍ക്കെതിരെ നിതാന്ത ജാഗ്രതയും വേണ്ടതുണ്ട്.

 madhyamam 08-01-13

വന്‍ കേന്ദ്രനിക്ഷേപം കടന്നുവരുമ്പോള്‍
malmanoramalogo

കേരളത്തിന്റെ അടിസ്ഥാന സൌകര്യ വികസന മേഖലയില്‍ മറ്റൊരു വന്‍ കേന്ദ്രപദ്ധതിക്കു കൂടി തുടക്കംകുറിച്ചിരിക്കുന്നു. ഭാരത് പെട്രോളിയത്തിന്റെ കൊച്ചി റിഫൈനറിയുടെ സംയോജിത വികസന പദ്ധതിക്ക് 20,000 കോടി രൂപയാണു മുതല്‍മുടക്ക്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഇന്നലെ തറക്കല്ലിട്ട പദ്ധതി സംസ്ഥാനത്തെ ഏറ്റവും വലിയ മുതല്‍മുടക്കാണെന്നു മാത്രമല്ല, പെട്രോകെമിക്കല്‍ വ്യവസായ രംഗത്തു വന്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുക കൂടിയാണ്. 

പദ്ധതി മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാകുമ്പോള്‍ റിഫൈനറിയുടെ സംസ്കരണശേഷി പ്രതിവര്‍ഷം 95 ലക്ഷം ടണ്ണില്‍ നിന്നു 155 ലക്ഷം ടണ്ണായി  ഉയരും. ഇതോടൊപ്പം, പെട്രോളിന്റെയും ഡീസലിന്റെയും ഗുണനിലവാരം ഉയര്‍ന്ന് യൂറോ നാല്, യൂറോ അഞ്ച് തലത്തിലാകുകയും ചെയ്യും. അന്തരീക്ഷ മലിനീകരണം കുറയുമെന്നതാണ് ഇതിന്റെ നേട്ടം. മറ്റൊരു 7000 കോടി രൂപയുടെ മുതല്‍മുടക്ക് അമ്പലമുകള്‍ മേഖലയിലെ തന്നെ പെട്രോ കെമിക്കല്‍ പാര്‍ക്കില്‍ വിഭാവനം ചെയ്യുന്നു. 

ഇതിനു തെക്കന്‍ കൊറിയന്‍ കമ്പനിയായ എല്‍ജി കെമ്മുമായി ധാരണയായിക്കഴിഞ്ഞു. റിഫൈനറിയുടെ വികസനത്തോടൊപ്പം ഇതും പ്രവര്‍ത്തനക്ഷമമാകും. ഈ സംയുക്ത സംരംഭം ഉല്‍പാദിപ്പിക്കുന്ന പ്രൊപ്ളിന്‍ എന്ന രാസവസ്തു പെട്രോ കെമിക്കല്‍ വ്യവസായ രംഗത്ത് ഒട്ടേറെ സംരംഭങ്ങള്‍ക്കു സാധ്യത കുറിക്കുന്നു. വ്യവസായങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ആവശ്യമായ ഇന്ധനങ്ങള്‍ക്കു പുറമേ കൂടുതല്‍ പാചകവാതകവും റിഫൈനറിയുടെ വികസനത്തോടെ ലഭ്യമാകുമെന്നതാണു സംസ്ഥാനത്തിനു കിട്ടുന്ന മറ്റൊരു പ്രയോജനം. ഉപോല്‍പന്നമായ പെറ്റ്കോക്ക് ഉപയോഗിച്ചു വൈദ്യുതിനിലയം സ്ഥാപിക്കാനും ആലോചനയുണ്ട്. 

വ്യവസായങ്ങള്‍ക്ക് ആവശ്യമായ ഇന്ധനങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും ലഭ്യതക്കുറവാണു കേരളത്തിന്റെ വികസനത്തിന് ഒരു തടസ്സമായി ചൂണ്ടിക്കാട്ടാറുള്ളത്. ഒരു കാലഘട്ടത്തില്‍ വൈദ്യുതി ലഭ്യതയില്‍ ആകൃഷ്ടരായി സംസ്ഥാനത്തെത്തിയ കമ്പനികള്‍ ഇപ്പോള്‍ വൈദ്യുതിക്കമ്മി മൂലം വിഷമത്തിലാണ്. ഇതിനെല്ലാം വലിയൊരളവോളം പരിഹാരമാകുന്നുണ്ട് സമീപകാലത്തെ കേന്ദ്രനിക്ഷേപങ്ങള്. പുതുവൈപ്പിലെ എല്‍എന്‍ജി ടെര്‍മിനല്‍ മാര്‍ച്ചോടെ പ്രവര്‍ത്തനക്ഷമമാകും. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലും റോഡ്, റയില്‍ ബന്ധവും ചരക്കുനീക്കത്തില്‍ വന്‍മുന്നേറ്റത്തിനു തുടക്കംകുറിച്ചിട്ടുണ്ട്. 

എന്നാല്‍ , ഈ നേട്ടങ്ങളെല്ലാം സംസ്ഥാനം എത്രമാത്രം ഉപയോഗപ്പെടുത്തുന്നുവെന്നു കൂടി നാം ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. എല്‍എന്‍ജി വിതരണത്തിനു പൈപ്പിടല്‍ പുരോഗമിക്കാത്തതിനാല്‍ ടെര്‍മിനലിനു പൂര്‍ണശേഷിയോടെ തുടക്കത്തില്‍ പ്രവര്‍ത്തിക്കാനാവുകയില്ല. ബാംഗൂരിലേക്കും മംഗലാപുരത്തേക്കുമുള്ള പൈപ്ലൈന്‍ പദ്ധതി സ്ഥലമെടുപ്പു സംബന്ധമായ എതിര്‍പ്പുകള്‍ മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുകാരണം കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ ദേശീയ വാതക ഗ്രിഡിനു പുറത്തായേക്കാം. എല്‍എന്‍ജി ഉപയോഗിച്ചുള്ള വ്യവസായങ്ങളുടെ സാധ്യതയാണ് ഇതുകൊണ്ട് ആ ജില്ലകള്‍ക്കു നഷ്ടമാവുക. ഏറ്റവും ലാഭകരവും മലിനീകരണം കുറഞ്ഞതുമായ ഇന്ധനമെന്ന നിലയില്‍ പ്രകൃതിവാതകത്തിനു ലോകമെമ്പാടും പ്രിയം കൂടിക്കൊണ്ടിരിക്കേയാണ് ഈ തിരസ്കാരമെന്ന് ഓര്‍ക്കണം. 
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലും അനുബന്ധ സൌകര്യങ്ങളും പൂര്‍ണമായും പ്രയോജനപ്പെടുത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല. മാറിമാറിവന്ന സര്‍ക്കാരുകളുടെ പിടിപ്പുകേടും നിക്ഷിപ്ത താല്‍പര്യക്കാര്‍ ഉയര്‍ത്തുന്ന വിവാദങ്ങളും തടസ്സങ്ങളുമൊക്കെയാണ് ഇതിനു കാരണം. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു പഠിച്ചിറങ്ങുന്ന ആയിരക്കണക്കിനു യുവാക്കള്‍ ജോലിതേടി മറുനാട്ടില്‍ അലയുമ്പോഴാണ്, സംസ്ഥാനം സ്വന്തം സാധ്യതകള്‍ പാഴാക്കുന്നതും തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതും. നിക്ഷേപങ്ങള്‍ക്ക് അടിത്തറ ഒരുക്കേണ്ട പ്രാഥമിക ഉത്തരവാദിത്തത്തില്‍ നിന്നു കേരളത്തിന് ഒഴിഞ്ഞുമാറാനാവില്ല.

റോഡ്, റയില്‍ സൌകര്യങ്ങള്‍ പരമാവധി വര്‍ധിപ്പിക്കുകയും വൈദ്യുതി ലഭ്യത ഉയര്‍ത്തുകയും വേണം. അടിസ്ഥാനസൌകര്യ വികസനത്തിനു പ്രാദേശികമായ എതിര്‍പ്പുകള്‍ ഉയരാം. ബന്ധപ്പെട്ടവരെ വിശ്വാസത്തിലെടുത്തും ന്യായമായ നഷ്ടപരിഹാരം നല്‍കിയും വികസനനേട്ടങ്ങളില്‍ അവരെ പങ്കാളികളാക്കിയുമാണ് ഈ തടസ്സങ്ങള്‍ മറികടക്കേണ്ടത്.

മരുന്നുപരീക്ഷണം നിയന്ത്രിക്കാന്‍
Newspaper Edition
അനധികൃത മരുന്നുപരീക്ഷണവും ഈ രംഗത്തെ മറ്റ് ദുഷ്പ്രവണതകളും തടയുന്നതിന് നിയമം ഭേദഗതി ചെയ്യാന്‍ , വൈകിയാണെങ്കിലും, സര്‍ക്കാര്‍ തീരുമാനിച്ചത് ആശ്വാസകരമാണ്. പരീക്ഷണം നിയന്ത്രിക്കാനുള്ള പുതിയ ചട്ടങ്ങള്‍ ഒരുമാസത്തിനകം വിജ്ഞാപനം ചെയ്യാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. പരീക്ഷണത്തിനിടെ വീഴ്ചകള്‍ സംഭവിച്ചാല്‍ ബന്ധപ്പെട്ട കമ്പനികള്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കും. ഇന്ത്യയില്‍ ഈ രംഗത്ത് , പൊതുവെ കുത്തഴിഞ്ഞ സ്ഥിതിയാണുള്ളത്. ആഴ്ചയില്‍ പത്തുപേരെങ്കിലും രാജ്യത്ത് മരുന്നുപരീക്ഷണത്തിനിടെ മരിക്കുന്നു. പാര്‍ശ്വഫലങ്ങളാലും ശാരീരികവൈകല്യങ്ങളാലും അവശനിലയില്‍ കഴിയുന്നവരും ഒട്ടേറെയുണ്ട്. മരുന്നുപരീക്ഷണം നിയന്ത്രിക്കുന്നതിന് ശക്തമായ ചട്ടങ്ങള്‍ ഇവിടെ ഇല്ലാത്ത സാഹചര്യത്തില്‍ പല ബഹുരാഷ്ട്രക്കമ്പനികളും അവരുടെ ഹിതമനുസരിച്ച് കാര്യങ്ങള്‍ നടത്തുന്നു. അനധികൃത മരുന്നുപരീക്ഷണം തടയാത്തതിന് സര്‍ക്കാറിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ആരോഗ്യസെക്രട്ടറിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലേ മരുന്നുപരീക്ഷണം നടത്താവൂ എന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ ചട്ടങ്ങള്‍ 'ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക്‌സ് നിയമ'ത്തിനു കീഴില്‍ വിജ്ഞാപനം ചെയ്യാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്.

പുതിയ മരുന്നുകള്‍ പരീക്ഷിക്കുന്നതിനിടെ ഉണ്ടാകുന്ന മരണമടക്കമുള്ള വീഴ്ചകളുടെ ഉത്തരവാദിത്വം ബന്ധപ്പെട്ട ബഹുരാഷ്ട്ര മരുന്നുകമ്പനികള്‍ക്കായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷണത്തിന് തിരഞ്ഞെടുക്കുന്ന വ്യക്തിയുടെ എല്ലാ ഉത്തരവാദിത്വവും പരീക്ഷണം നടത്തുന്നവര്‍ക്കും അത് സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്കുമാവും. മരുന്നു പരീക്ഷണത്തിനിടെ മരിച്ചാലും ഇപ്പോള്‍ 50,000 രൂപ വരെനല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയാണ് പതിവ്. മരണം സംഭവിച്ചാല്‍ നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതിനുള്ള ഫോര്‍മുല സര്‍ക്കാര്‍ തയ്യാറാക്കും. പരീക്ഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്കു കീഴില്‍ 'സ്വതന്ത്ര സദാചാര സമിതി'കള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം സമിതികള്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥകൊണ്ടുവരികയും പരീക്ഷണത്തിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയും ചെയ്യും. ഈ രംഗത്തെ ഇടപാടുകളും നടപടികളും കുറച്ചെങ്കിലും സുതാര്യമാക്കാന്‍ ഇവയെല്ലാം സഹായകമാകും.

മരുന്നുപരീക്ഷണത്തിന് മനുഷ്യനെ ഗിനിപ്പന്നികളെ പോലെ ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന്, ജൂലായില്‍ ഇതുസംബന്ധിച്ചുള്ള പൊതുതാത്പര്യഹര്‍ജി പരിഗണിക്കെ, പരമോന്നത നീതിപീഠം അഭിപ്രായപ്പെടുകയുണ്ടായി. വൈദ്യശാസ്ത്രത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ് മരുന്നുപരീക്ഷണങ്ങള്‍. അവ നടത്തുന്നത് ചില നിയന്ത്രണങ്ങളും തത്ത്വങ്ങളും പാലിച്ചുകൊണ്ടാവണമെന്ന് വൈദ്യശാസ്ത്രലോകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ദുഷ്ഫലങ്ങള്‍ കഴിയുന്നത്ര കുറയ്ക്കുക എന്നതാണ് അവയുടെ ലക്ഷ്യം. നിയന്ത്രണങ്ങളും ധാര്‍മികതയും ലംഘിച്ചുകൊണ്ടുള്ള പലതും ഈരംഗത്ത് വ്യാപകമായി നടക്കുന്നുവെന്നാണ് അടുത്തകാലത്ത് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അനധികൃതപരീക്ഷണങ്ങള്‍ എവിടെയൊക്കെ നടക്കുന്നു എന്നുകണ്ടുപിടിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. നിരക്ഷരരെയും പാവപ്പെട്ടവരെയും അവരറിയാതെ തന്നെ പരീക്ഷണത്തിന് ഉപയോഗിക്കാറുണ്ടത്രെ. വാക്‌സിന്‍പരീക്ഷണത്തിന് കൊച്ചുകുട്ടികളെ വരെ ഉപയോഗിക്കുന്നു. ചില സ്ഥലങ്ങളില്‍ ഡോക്ടര്‍മാരും ഇതിനുകൂട്ടുനില്‍ക്കുന്നതായും അവര്‍ക്ക് കമ്പനികള്‍ പണം നല്‍കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. ഈ രംഗത്തെ ആപത്കരമായ സ്ഥിതിവിശേഷത്തിന് മാറ്റം ഉണ്ടാക്കിയേ മതിയാകൂ. നഷ്ടപരിഹാരം നല്‍കല്‍ പല മരുന്നുകമ്പനികളെയും സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാവില്ല. അതിനാല്‍ , മരുന്നുപരീക്ഷണത്തിലെ നിയന്ത്രണങ്ങളും ധാര്‍മികതയും എല്ലാതലങ്ങളിലും ഉറപ്പാക്കാനാവുംവിധം നിയമം നടപ്പാക്കണം.

No comments:

Post a Comment