മുഖപ്രസംഗം - January 01 -2013
- ‘സേവനത്തിനുപകരം പണം’ പദ്ധതി - madhyamam
തിരിച്ചുവിളിക്കാം, പോയ നന്മകളെ - manorama
- നന്മയുടെ വെളിച്ചം പരക്കട്ടെ - mathrubhumi
‘സേവനത്തിനുപകരം പണം’ പദ്ധതി
പുതുവര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങുന്ന വന്‍പദ്ധതിയെപ്പറ്റി ഗൗരവപ്പെട്ട ആശങ്കകള്‍ ഉയര്‍ന്നിരിക്കുന്നു. പൊതുസേവനങ്ങളും ക്ഷേമപദ്ധതികളും ‘ആധാര്‍’ (യു.ഐ.ഡി) പദ്ധതി മുഖേന ലഭ്യമാക്കുക, സേവനങ്ങള്‍ക്കു പകരമായി ഗുണഭോക്താക്കള്‍ക്ക് പണം നല്‍കുക എന്നിവയാണ് പുതിയ പരിപാടിയുടെ പ്രത്യേകതകള്‍. വാര്‍ധക്യ, വിധവാ പെന്‍ഷനുകള്‍, പ്രസവാനുകൂല്യങ്ങള്‍, സ്കോളര്‍ഷിപ്പുകള്‍ തുടങ്ങി നിലവിലുള്ള 31 ക്ഷേമപദ്ധതികള്‍ പുതുവര്‍ഷത്തോടെ ‘ആധാറു’മായി ബന്ധപ്പെടുത്തും. ഇന്ത്യയിലെ 51 ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ ഇത് നടപ്പാക്കുക. ധനസഹായങ്ങള്‍ കാര്യക്ഷമമായി വിതരണം നടത്തുന്നത് കൊള്ളാം. അതേസമയം, തെരഞ്ഞെടുപ്പ് വര്‍ഷമായ 2014ഓടെ പൊതുവിതരണ സംവിധാനവും (പി.ഡി.എസ്) ഭക്ഷ്യ-ആരോഗ്യ-ശുശ്രൂഷ-ഇന്ധന-വളം സബ്സിഡികളും കൂടി ഇന്ത്യയിലൊട്ടുക്കുമായി ഇപ്രകാരമാക്കുന്നുണ്ട്. പാവങ്ങള്‍ക്ക് കിട്ടേണ്ട സഹായങ്ങള്‍ ആധാര്‍ മുഖേനയുള്ള പണവിതരണത്തിലൂടെ (എ.ഇ.സി.ടി) ക്രമീകരിക്കും. ഇതിനുവേണ്ടി എല്ലാവരും ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങേണ്ടതുണ്ട്. എന്നാല്‍, രാജ്യത്തെ ആറു ലക്ഷത്തിലധികം വരുന്ന ഗ്രാമങ്ങളിലെല്ലാംകൂടി 32,000 ബാങ്കുകളേ ഉള്ളൂ.
ഈ പ്രശ്നം പരിഹരിക്കാന്‍ സ്വകാര്യ ഏജന്‍റുമാരെ (ബാങ്കിങ് കറസ്പോണ്ടന്‍റുമാര്‍ -ബി.സിമാര്‍) നിശ്ചയിക്കും. അവര്‍ പണ്ടത്തെ അഞ്ചല്‍ക്കാരുടെ ഹൈടെക് പതിപ്പുകളായി, കൊണ്ടുനടക്കാവുന്ന കൊച്ചു എ.ടി.എമ്മുകള്‍ കൈയിലേന്തി ഗുണഭോക്താക്കള്‍ക്ക് പണം എത്തിച്ചുകൊടുത്തുകൊണ്ടിരിക്കും. ഈ ബൃഹത്തായ പദ്ധതി മൂന്നു ഘട്ടങ്ങളായി നടപ്പാക്കിക്കഴിയുന്നതോടെ രാജ്യമെങ്ങും സര്‍ക്കാര്‍ സേവനങ്ങളും സബ്സിഡിയും പണമായി ഗുണഭോക്താക്കള്‍ക്ക് കാര്യക്ഷമതയോടെ ലഭ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. അടുത്ത രണ്ട് പൊതുതെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ ഇത് ഉതകുമെന്ന് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് ഭാരവാഹികളോട് പറഞ്ഞതില്‍നിന്ന്, പദ്ധതിക്കു പിന്നിലെ രാഷ്ട്രീയ താല്‍പര്യം വ്യക്തമാണ്.
ഈ പ്രശ്നം പരിഹരിക്കാന്‍ സ്വകാര്യ ഏജന്‍റുമാരെ (ബാങ്കിങ് കറസ്പോണ്ടന്‍റുമാര്‍ -ബി.സിമാര്‍) നിശ്ചയിക്കും. അവര്‍ പണ്ടത്തെ അഞ്ചല്‍ക്കാരുടെ ഹൈടെക് പതിപ്പുകളായി, കൊണ്ടുനടക്കാവുന്ന കൊച്ചു എ.ടി.എമ്മുകള്‍ കൈയിലേന്തി ഗുണഭോക്താക്കള്‍ക്ക് പണം എത്തിച്ചുകൊടുത്തുകൊണ്ടിരിക്കും. ഈ ബൃഹത്തായ പദ്ധതി മൂന്നു ഘട്ടങ്ങളായി നടപ്പാക്കിക്കഴിയുന്നതോടെ രാജ്യമെങ്ങും സര്‍ക്കാര്‍ സേവനങ്ങളും സബ്സിഡിയും പണമായി ഗുണഭോക്താക്കള്‍ക്ക് കാര്യക്ഷമതയോടെ ലഭ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. അടുത്ത രണ്ട് പൊതുതെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ ഇത് ഉതകുമെന്ന് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് ഭാരവാഹികളോട് പറഞ്ഞതില്‍നിന്ന്, പദ്ധതിക്കു പിന്നിലെ രാഷ്ട്രീയ താല്‍പര്യം വ്യക്തമാണ്.
ജനങ്ങള്‍ക്ക് കാര്യക്ഷമമായ സേവനവും ഭരണവും പ്രദാനം ചെയ്ത് ഭരണം നിലനിര്‍ത്തുകയെന്നത് മോശമൊന്നുമല്ല. എന്നാല്‍, ഭരണം നിലനിര്‍ത്താനോ നഷ്ടപ്പെടുത്താനോ ഏതിനാണ് ഈ പദ്ധതി സഹായിക്കുകയെന്ന് കോണ്‍ഗ്രസ് നേതൃത്വംതന്നെ ആലോചിക്കേണ്ടതുണ്ട്. കാരണം, ചുരുങ്ങിയത് മൂന്നുതരം പ്രശ്നങ്ങളെങ്കിലും ഈ പദ്ധതിക്കുണ്ട്: പ്രായോഗിക തടസ്സങ്ങള്‍, അഴിമതി സാധ്യത, അവകാശനിഷേധ സാധ്യത എന്നിവ. ആധാര്‍ മുഖേന പണം വിതരണം ചെയ്യുന്ന പരിപാടിയിലെ ചതിക്കുഴികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട്, ഗവേഷകരും ആക്ടിവിസ്റ്റുകളും മറ്റുമടക്കം 208 പ്രമുഖര്‍ ചേര്‍ന്ന് കഴിഞ്ഞദിവസം ഇറക്കിയ കുറിപ്പില്‍ കുറേ പ്രശ്നങ്ങള്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. ഇവക്കുപുറമെ, എ.ഇ.സി.ടിയുടെ രണ്ട് പരീക്ഷണ പദ്ധതികള്‍ (പൈലറ്റ് പ്രോജക്ടുകള്‍) ഝാര്‍ഖണ്ഡിലെ രാംഗഢിലും രാജസ്ഥാനിലെ കോട്കാസിമിലും ഒരു വര്‍ഷം മുമ്പ് നടപ്പാക്കിയത് വന്‍ പരാജയങ്ങളായിരുന്നു എന്നത്, പ്രായോഗിക പ്രയാസങ്ങള്‍ക്ക് അടിവരയിടുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള പണം രാംഗഢില്‍ രണ്ടു ശതമാനം ഗുണഭോക്താക്കള്‍ക്കുപോലും എത്തിക്കാനായില്ല. കോട്കാസിമില്‍ മണ്ണെണ്ണ സബ്സിഡി വാങ്ങാന്‍ കഴിഞ്ഞ ഗുണഭോക്താക്കള്‍ 52 ശതമാനം മാത്രം. അവരിപ്പോള്‍ ആവശ്യപ്പെടുന്നത്, പദ്ധതി എല്ലാ ഗ്രാമങ്ങളിലും നടപ്പാക്കണമെന്നാണ് -തങ്ങളുടെ പ്രയാസം മറ്റുള്ളവരും അനുഭവിച്ചാലേ മനസ്സിലാകൂ എന്ന്!
അഴിമതിയുടെ വിശാലമായ വാതിലാണ് ഈ പദ്ധതിവഴി തുറക്കുകയെന്ന് സര്‍ക്കാറിലും പുറത്തുമുള്ള ഒട്ടനേകം പേര്‍ കരുതുന്നു. രാജ്യത്തെ 20 ക്ളസ്റ്ററുകളാക്കിയാണ് പദ്ധതി നടപ്പാക്കുക. ഓരോന്നിലും വിതരണച്ചുമതല ഓരോ കമ്പനിയെ ഏല്‍പിക്കും. ലേലം വിളിച്ചാവും കമ്പനികളെ നിശ്ചയിക്കുക. നിലവിലെ പൊതുവിതരണ സംവിധാനവും മറ്റും തകര്‍ത്ത് ഇത്തരമൊരു സ്വകാര്യ ശൃംഖല സ്ഥാപിക്കുമ്പോള്‍ വന്‍തോതില്‍ പണം ചോരുമെന്നുറപ്പാണ്. ആധാര്‍, എന്‍.പി.ആര്‍ തുടങ്ങിയ പദ്ധതികള്‍ക്കു പിന്നിലും കാര്യക്ഷമതയേക്കാള്‍ മറ്റു ചില താല്‍പര്യങ്ങളാണുള്ളതെന്ന ആക്ഷേപം നിലനില്‍ക്കുന്നു. ഇപ്പോള്‍ ലക്ഷ്യമിടുന്ന 51 ജില്ലകളില്‍, മൂന്നില്‍ രണ്ടു പേര്‍ക്കുപോലും ആധാര്‍ നമ്പര്‍ കിട്ടിയിട്ടില്ല; പദ്ധതി നടപ്പാക്കുന്നത് ഗുണഭോക്താക്കളെ ഉദ്ദേശിച്ചായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലല്ലോ. പണം ഗുണഭോക്താക്കള്‍ക്കുതന്നെ കിട്ടിയാല്‍പോലും ദുരുപയോഗസാധ്യത ഏറെയാണ്. പി.ഡി.എസ് വഴി ഭക്ഷ്യസാധനങ്ങള്‍ നല്‍കിയാല്‍ അത് കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടും; മറിച്ച് ഇപ്പോള്‍ ഉദ്ദേശിക്കുന്നതുപോലെ പണമായോ കൂപ്പണായിപ്പോലുമോ സഹായം നല്‍കുന്നതോടെ ഗുണഭോക്താക്കള്‍ വിപണിയുടെ കളികള്‍ക്കിരയാകും. തന്നെയുമല്ല, പണം കൊടുത്താല്‍ അത് കള്ളുഷാപ്പുകളിലും മറ്റുമായി എത്താനുള്ള സാധ്യതയും ഏറെയാണ്.
സാമൂഹിക-വ്യക്തിഗത അവകാശങ്ങള്‍ ഇല്ലാതാക്കാനും ഈ പദ്ധതി ഇടവരുത്തും. ഇന്ത്യയിലെ പി.ഡി.എസ് തകരുമെന്നതാണ് ഒരു ഫലം. അത് തകര്‍ക്കാന്‍ ഡങ്കല്‍ കരാര്‍ മുതല്‍ ഐ.എം.എഫും ലോകബാങ്കും നിരന്തരം ശ്രമിച്ചിട്ടുണ്ട്. ഓരോ തവണയും ജനകീയ ചെറുത്തുനില്‍പാണ് പി.ഡി.എസിനെ ദുര്‍ബലരൂപത്തിലെങ്കിലും നിലനിര്‍ത്തിയത്. ഇപ്പോഴത്തെ ‘കാഷ് ട്രാന്‍സ്ഫര്‍’ പരിപാടി നടപ്പാകുന്നതോടെ റേഷന്‍കടകള്‍ അല്‍പാല്‍പമായി ഇല്ലാതാകും. അവയുടെ സ്ഥാനത്ത് ബി.സിമാര്‍ എന്ന സ്വകാര്യ ഏജന്‍റുകള്‍ ചൂഷകരായി എത്തും. ബി.സിമാരുടെയും സ്വകാര്യ കമ്പനികളുടെയും ദയക്ക് വിധേയരാവും സാധാരണക്കാര്‍; അവരുടെ വിവേചനങ്ങളും പക്ഷപാതിത്വവുമെല്ലാം വലിയ ദുരുപയോഗസാധ്യത സൃഷ്ടിക്കും. ആധാര്‍, എന്‍.പി.ആര്‍ തുടങ്ങിയവയില്‍ ശേഖരിക്കപ്പെടുന്ന വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലഭ്യമാകുമ്പോള്‍ ഉണ്ടാകാവുന്ന മനുഷ്യാവകാശ പ്രശ്നങ്ങളും നിസ്സാരമല്ല. നിയമപരമോ ഭരണഘടനാപരമോ ആയ സാധുത ഇല്ലാതെയാണ് യു.ഐ.ഡി പദ്ധതി തുടങ്ങിയത് എന്നതും ശ്രദ്ധേയമാണ്. ഇതുസംബന്ധിച്ച 2010ലെ ബില്‍ പരിശോധിച്ച പാര്‍ലമെന്‍റ് സ്ഥിരംസമിതി, അതിന് ദിശാബോധമില്ലെന്നും അത് ആശ്രയിക്കാവുന്നതോ സുരക്ഷിതമോ അല്ലെന്നും വിലയിരുത്തിയിരുന്നു. ജനങ്ങള്‍ക്ക് പ്രയാസവും സര്‍ക്കാറിനു തന്നെയും അടുത്തവര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ തലവേദനയുമുണ്ടാക്കാന്‍ പോന്ന ഈ പദ്ധതി നിര്‍ത്തിവെക്കുന്നതാണ് നന്നാവുക.
ഈ മഞ്ഞുകാലത്തിന്റെ ചുണ്ടില്‍ വസന്തത്തിലേക്കുള്ള സ്വാഗതവചനമുണ്ട്. ഇലകൊഴിച്ച് ഉറക്കംതൂങ്ങിനില്‍ക്കുന്ന മരങ്ങള്‍ പൂത്തുലയുമെന്നും അതോടെ വസന്തം നിറങ്ങളാല്‍ ആനന്ദനൃത്തം ചെയ്യുമെന്നും നാം പ്രതീക്ഷിക്കുന്നു. ഇങ്ങനെയുള്ള ശുഭപ്രതീക്ഷകളുടെ പ്രതീകമാണ് ഒാരോ നവവല്‍സരദിനവും. പ്രതീക്ഷകളും പ്രതീകങ്ങളുമാണ് ഒരു സമൂഹത്തെ മുന്നോട്ടു കൈപിടിച്ചുകൊണ്ടുപോകുന്നതെന്നിരിക്കേ, പോയവര്‍ഷം മലയാളമനസ്സിലേല്‍പ്പിച്ച ആഴമുറിവുകളും വിശ്വാസഹത്യകളും പുതുവര്‍ഷത്തെക്കുറിച്ചുള്ള പ്രതീക്ഷകളില്‍ മങ്ങലേല്‍പ്പിക്കുന്നുണ്ടോ?
ചരിത്രത്തിന്റെ ദീര്‍ഘമായ പ്രയാണത്തില്‍ ഒരു വര്‍ഷത്തിന്, ഒരുപക്ഷേ നൂറ്റാണ്ടിനുപോലും വലിയ പ്രസക്തിയില്ല. എണ്ണമറ്റ കലണ്ടര്‍താളുകളിലൂടെയുള്ള ഏകമുഖമായ ചരിത്രയാത്ര അതിന്റെ അനുസ്യൂതിയിലാണു ഗാംഭീര്യം കൈവരിക്കുന്നത്. പക്ഷേ, കടന്നുപോയ വര്‍ഷത്തില്‍ വീണ ചോരപ്പാടുകളും കണ്ണീര്‍ച്ചാലുകളും പുതിയ വര്‍ഷത്തെ പ്രവചനാതീതമാക്കി, ആശങ്കാകുലമാക്കുന്നുവെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ആശംസകള്‍ക്കൊപ്പം, ഈ മണ്ണില്‍ നന്മയും കരുണയും നൂറുമേനി വിളയാനുള്ള പ്രാര്‍ഥനകളോടെയാവണം നാം പുതുവര്‍ഷത്തെ വരവേല്‍ക്കേണ്ടത്.
പോയവര്‍ഷത്തിന്റെ നേട്ടങ്ങള്‍ തീര്‍ച്ചയായും ഒാര്‍ക്കേണ്ടതു തന്നെ. പക്ഷേ, അതോടൊപ്പം, ഇതിനിടെ ഉണ്ടായിപ്പോയ കോട്ടങ്ങളെ ഈ നവവര്‍ഷത്തിലെങ്കിലും മറികടക്കുകയും വേണ്ടേ? ഇക്കാലത്തിനിടെ ഭൌതികസൌകര്യങ്ങള്‍ വര്‍ധിച്ചതും ജീവിതശൈലിയിലുണ്ടായ കാലാനുസൃതമാറ്റവും ലോകത്തോടൊപ്പം തലയുയര്‍ത്തിനില്‍ക്കാന്‍ മലയാളിയെ പ്രാപ്തനാക്കിയെങ്കിലും മനസ്സുകള്‍ ഇടുങ്ങിപ്പോയതും അപരനോടു കാണിക്കേണ്ട സ്നേഹത്തിന്റെയും കരുതലിന്റെയും മഴവില്ലുകള്‍ മാഞ്ഞുപോകുന്നതും കാണാതിരിക്കുന്നതെങ്ങനെ?
കേരളം സാമൂഹികവളര്‍ച്ചയുടെ ഒട്ടേറെ പടവുകള്‍ കയറിപ്പോന്നുവെങ്കിലും നീതിഭംഗത്തിന്റെയും പരപീഡനത്തിന്റെയും കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയുടെയും എത്രയെത്രയോ കളങ്കങ്ങള്‍ പോയവര്‍ഷവഴിയില്‍ വീണുകിടക്കുന്നുണ്ട്. സ്വന്തം ചോരയില്‍ പിറന്ന പറക്കമുറ്റാത്ത പെണ്‍കുഞ്ഞിനെ ചെറിയ തുകയുടെ മഞ്ഞളിപ്പില്‍ ലൈംഗികരോഗികളുടെ കയ്യിലേക്കു കൈമാറുന്നവരുടേതുകൂടിയായി ഇന്നു കേരളം. പിതൃഹത്യയും മാതൃഹത്യയുമൊക്കെ മലയാളിക്ക് അപരിചിതമല്ലാത്ത കാര്യങ്ങളായിത്തീര്‍ന്നിരിക്കുന്നു. വീട്ടിലെ ഒരു മുറി ഒഴിഞ്ഞുകിട്ടാന്‍ പെറ്റമ്മയെ വൃദ്ധസദനത്തിലേക്കോ പെരുവഴിയിലേക്കോ തള്ളുന്നവരും ഭാര്യയെയോ ഭര്‍ത്താവിനെയോ എന്നെന്നേക്കുമായി നിശബ്ദമാക്കാന്‍ ക്വട്ടേഷന്‍ സംഘക്കാരോടു കരാര്‍ ഉറപ്പിക്കുന്നവരുമുണ്ട് നമുക്കിടയില്‍. അയലത്തുനിന്നുയരുന്ന ദീനരോദനം കേള്‍ക്കാതിരിക്കാന്‍ ടെലിവിഷന്റെ ശബ്ദം നമ്മില്‍ പലരും കൂട്ടിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ വീട്ടില്‍നിന്നു സഹായവിലാപം ഉയരുമ്പോള്‍ വലിയ ഈ ഒച്ചകള്‍ക്കിടയില്‍ മറ്റാരും അതു കേള്‍ക്കില്ലെന്നു നമ്മളും ഒാര്‍മിക്കുന്നില്ല.
അല്ല, ഈ കേരളമല്ല പുതുവര്‍ഷത്തിലേക്കു കാലൂന്നേണ്ടത്. കളങ്കിതമല്ലാതെ കൈകളോടെ, ഹൃദയത്തെ ഒപ്പംചേര്‍ത്തുനിര്‍ത്തി വേണം ശുഭപ്രതീക്ഷകള്‍ക്കു ഹസ്തദാനം ചെയ്യാന്‍. ഈ നവവല്‍സരമെങ്കിലും സ്നേഹലിപികളാല്‍ കേരളത്തെ അടയാളപ്പെടുത്തട്ടെ. ആര്‍ത്തിയോടെ പടവെട്ടി മുന്നേറുമ്പോള്‍ വഴിയില്‍ ഉപേക്ഷിച്ച മൂല്യങ്ങളും നന്മയുടെ പാഠങ്ങളും ദ്രവിച്ചുപോകുന്നതിനു മുന്‍പെങ്കിലും തിരിച്ചെടുക്കേണ്ടതല്ലേ?
പ്രതീക്ഷയിലേക്ക് ആയിരം കൈകള്‍നീട്ടി വിടരുന്ന ജനുവരിയിലെ ആദ്യ സൂര്യോദയമാണിത്. വസന്തത്തിനുവേണ്ടി ശാഠ്യംപിടിക്കുമ്പോള്‍ ഒരു പൂങ്കുലയെങ്കിലും കയ്യിലെത്താതിരിക്കില്ല എന്നു പ്രതീക്ഷിക്കാം. ആ പ്രത്യാശയുടെ ബലത്തില്‍, തെളിമാനം പോലെയുള്ള മനസ്സോടെ പുതുവല്‍സരത്തിലേക്കു നടക്കാം. പടികടന്നെത്തുന്ന നവവര്‍ഷം മലയാളിക്കു സമൃദ്ധിയും സമാധാനവും സമ്മാനിക്കട്ടെ.
manorama 1-1-13
mathrubhum 1-1-13
നന്മയുടെ വെളിച്ചം പരക്കട്ടെ
Posted on: 01 Jan 2013
സന്തോഷം നിറയുന്ന നാളെകള്‍ക്കായി പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ് നാടും നഗരവും. പിന്നിട്ട വേദനകളുടെയും വിഷമങ്ങളുടെയും ചുമടിറക്കാനും പുത്തന്‍ പ്രതീക്ഷകള്‍ക്ക് തിരി തെളിക്കാനുമുള്ളതാണ് പുതുവത്സരാഘോഷം. ശാന്തിയും സമാധാനവും പുലരുന്ന ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാണ് പുതുവത്സരാഘോഷങ്ങളെ പൊലിമയുള്ളതാക്കുന്നത്. സംഭവിച്ച വീഴ്ചകള്‍ തിരുത്തി നന്മയുടെ പുതിയ അധ്യായം തുറക്കാനുള്ള നേരമാണിത്. അതേസമയം, സമൂഹത്തില്‍ പൊതുവേ വര്‍ധിച്ചുവരുന്ന മൂല്യച്യുതിയുടെയും അധാര്‍മികതയുടെയും പരിച്ഛേദമായിത്തീര്‍ന്ന ഡല്‍ഹിസംഭവം പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ മനുഷ്യമനഃസാക്ഷിയെ നീറ്റുന്ന കനലായി എരിയുകകയാണ്. ഇന്നത്തെ സാമൂഹിക അവസ്ഥയില്‍ കാതലായ മാറ്റം വേണമെന്ന് ഏവരും ആഗ്രഹിക്കുന്നുണ്ട്. ആ ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ ഓരോരുത്തരും മനസ്സില്‍ തെളിക്കുന്ന നന്മയുടെ ദീപനാളങ്ങള്‍ ഒന്നു ചേര്‍ന്നാല്‍ അത് നാടിനെ ശരിയായ ദിശയിലേക്കു നയിക്കുന്ന പ്രകാശഗോപുരമാകും. അതിനായി ആത്മവിശ്വാസത്തോടെയുള്ള പ്രവര്‍ത്തനം ഓരോരുത്തരില്‍ നിന്നുമുണ്ടാകട്ടെ. നഷ്ടമാവുന്ന ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനൊപ്പം സമൂഹത്തിനാകെ കരുത്തേകാനുള്ള കൂട്ടായ ശ്രമത്തിനു കൂടിയുള്ളതാകട്ടെ ഈ പുതുവര്‍ഷം.
രാജ്യാന്തരതലത്തില്‍ത്തന്നെ ഏറേ കഷ്ടതകളും വൈഷമ്യങ്ങളും നേരിട്ട വര്‍ഷമാണ് കടന്നുപോയത്. രാഷ്ട്രങ്ങള്‍ക്കിടയിലെ അധികാരത്തര്‍ക്കങ്ങളും സ്പര്‍ധകളും ജനജീവിതം ദുസ്സഹമാക്കി. യുദ്ധവും സംഘര്‍ഷവും പലേടത്തും നാശം വിതയ്ക്കുന്നു. ഇതില്‍ നിന്നുടലെടുക്കുന്ന വിദ്വേഷം വരും നാളുകളില്‍ അക്രമത്തിന്റെ കരിമ്പുകയുയര്‍ത്തിയേക്കാം. നീതിയും സമാധാനവും നിലനില്‍ക്കുന്ന ആഗോള സാമൂഹികക്രമമെന്ന ലക്ഷ്യം സാധ്യമായിട്ടില്ല. അവികസിത, വികസ്വര രാജ്യങ്ങളില്‍ പലേടത്തും ദാരിദ്ര്യവും പട്ടിണിയും നിലനില്‍ക്കുന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പൗരസ്ത്യരാഷ്ട്രങ്ങളുമെല്ലാം ഇപ്പോഴും സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാണ്. ഇത് ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തടസ്സമാകുന്നുവെന്ന് സാമ്പത്തികവിദഗ്ധര്‍ പറയുന്നു. വിലക്കയറ്റം സാധാരണക്കാരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുകകയാണ്. എങ്കിലും രാജ്യത്തെ മാനവികശേഷിയും വിഭവശേഷിയും കാര്യക്ഷമമായി വിനിയോഗിക്കുകയാണെങ്കില്‍ നമുക്ക് ഈ പ്രതിസന്ധിയെ അതിജീവിക്കാനാകുമെന്നുറപ്പാണ്. പാരിസ്ഥിതികപ്രശ്‌നങ്ങളും ജലദൗര്‍ലഭ്യവുമാണ് അടിയന്തരശ്രദ്ധ ആവശ്യമായ മറ്റൊരു പ്രതിസന്ധി. ചിലര്‍ ദീര്‍ഘവീക്ഷണമേതുമില്ലാതെ താത്കാലിക ലാഭത്തിനുവേണ്ടി വ്യാപകമായി കാട് വെട്ടിത്തെളിക്കുന്നു. കുന്നുകള്‍ ഇടിച്ചു നിരത്തുന്നു. നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നു. ഒരു നാടിന്റെ ആവാസവ്യവസ്ഥയെത്തന്നെ തകിടം മറിക്കുന്ന മനുഷ്യന്റെ ഈ ആര്‍ത്തി മഴക്കാലത്ത് വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുന്നു. മഴനില്‍ക്കുന്നതോടെ വരള്‍ച്ചയും ഭക്ഷ്യക്ഷാമവും പിടിമുറുക്കുകയായി. അക്കാര്യത്തില്‍ കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. വ്യവസായമേഖലയുടെ പുരോഗതി നാടിന് ആവശ്യമാണ്. എന്നാല്‍, അതോടൊപ്പം ഇവിടത്തെ പ്രകൃതി സമ്പത്ത് പരിരക്ഷിക്കുന്നതിലും അതിജാഗ്രത വേണമെന്നുമാത്രം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി നാട്ടുകാരും ഭരണകൂടവും ഒത്തൊരുമിച്ചു മുന്നോട്ടു നീങ്ങുമെന്ന് പ്രതീക്ഷിക്കാം.
പോയവര്‍ഷം ഒടുങ്ങിയത് നാടിനെയാകെ ദുഃഖിപ്പിച്ച ഡല്‍ഹി സംഭവത്തോടെയാണ്. അക്രമിസംഘം പെണ്‍കുട്ടിയെ ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയാക്കുകയും കൊടിയ ശാരീരികപീഡനമേല്‍പ്പിക്കുകയും ചെയ്ത് തെരുവോരത്ത് തള്ളുകയായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ച ആ പെണ്‍കുട്ടി 13 ദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങി. സമൂഹം സ്ത്രീത്വത്തോട് കാണിക്കുന്ന ക്രൂരതയുടെ നേര്‍സാക്ഷ്യമായിരുന്നു ആ സംഭവം. നാട്ടിലെമ്പാടും അരങ്ങേറുന്ന മറ്റു സമാന സംഭവങ്ങള്‍ പോലെ ഡല്‍ഹി സംഭവം ഒതുങ്ങിപ്പോകാതിരുന്നത് യുവജനതയുടെ ഇടപെടല്‍ കൊണ്ടായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്ന മുന്നറിയിപ്പുമായി നാട്ടുകാരുടെയും ഭരണകൂടത്തിന്റെയും കണ്ണുതുറപ്പിക്കാന്‍ യുവതീയുവാക്കള്‍ തലസ്ഥാനഗരിയില്‍ കൂട്ടംകൂട്ടമായെത്തി. ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തവും കാര്യക്ഷമവുമായ നടപടിയാവശ്യപ്പെട്ട് രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുവന്നിരിക്കയാണ്. സ്ത്രീകള്‍ക്ക് അപമാനഭീതി കൂടാതെ സുരക്ഷിതജീവിതം ഉറപ്പാക്കുംവരെ ഈ ജാഗ്രത തുടരുമെന്നതാവട്ടെ പുതുവര്‍ഷപ്പുലരിയിലെ പ്രതിജ്ഞ.
mathrubhum 1-1-13
No comments:
Post a Comment