1. വംശീയത പാകിസ്താന്‍െറ ജനിതക ശാപം (മാധ്യമം)
അതിസങ്കീര്‍ണമായ രാഷ്ട്രീയ, വംശീയ, സുരക്ഷാ പ്രശ്നങ്ങളിലൂടെയാണ് ആ രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അടിവേരന്വേഷിച്ചുപോയാല്‍, വംശീയതയുടെയും തജ്ജന്യമായ വിദ്വേഷ നശീകരണ ചെയ്തികളുടെയും ഹേതു ആ രാജ്യത്തിന്‍െറ ജനിതക സമസ്യയിലാണ് കണ്ടെത്താനാവുക. മുസ്ലിം എന്ന പേരൊഴിച്ചാല്‍ തികച്ചും ഭിന്നമായ വിശ്വാസാചാര സമ്പ്രദായങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒട്ടനവധി ജനവിഭാഗങ്ങളുടെയും ഗോത്രവര്‍ഗങ്ങളുടെയും ഫെഡറേഷനാണ് പാകിസ്താന്‍. ഭൂരിപക്ഷം വരുന്ന സുന്നികള്‍തന്നെ പഞ്ചാബികളും സിന്ധികളും പഠാണികളും ബലൂചികളും മുഹാജിറുകളുമായി വേര്‍തിരിഞ്ഞുനില്‍ക്കുന്നു.
2. പ്രഖ്യാപനങ്ങള്‍ പാഴാകുമ്പോള്‍ (മാതൃഭൂമി)
സമ്പൂര്‍ണ വൈദ്യുതീകരണം എന്ന ലക്ഷ്യത്തിലേക്ക് ഏറെ ദൂരം പോകാനുണ്ടെന്നാണ് ഇതു സംബന്ധിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. സമ്പൂര്‍ണമായി വൈദ്യുതീകരിച്ചതെന്ന് പ്രഖ്യാപിച്ച നാലു ജില്ലകളില്‍പ്പോലും 2.61 ലക്ഷം കുടുംബങ്ങളില്‍ ഇതുവരെ വെളിച്ചമെത്തിയിട്ടില്ലെന്നാണ് ഔദ്യോഗിക കണക്ക്. പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം എന്നിവയാണീ ജില്ലകള്‍ . പ്രഖ്യാപനങ്ങളില്‍ പലതും വര്‍ഷങ്ങള്‍ കഴിഞ്ഞാലും യാഥാര്‍ഥ്യത്തോടടുക്കുന്നില്ലെന്നതിനും തെളിവാണ് ഈ കണക്കുകള്‍ .
3. ഏകദിനവും കടന്ന് കൊച്ചിയുടെ കീര്‍ത്തി (മനോരമ)
ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് മത്സരം സമ്പൂര്‍ണ വിജയത്തിലെത്തിച്ച അഭിമാന മുഹൂര്‍ത്തത്തിലാണു കൊച്ചി. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന എട്ടാമത്തെ ഏകദിനം സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) വിജയഗാഥയാവുകയും ചെയ്തു. കളിയില്‍ ഇന്ത്യ ജയിക്കുക കൂടി ചെയ്തതോടെ ഈ സംഘാടനമികവ് ഇരട്ടിമധുരമുള്ളതായി. ഈ മികവിനൊപ്പം ഗാലറികളെ നിറച്ച കാണികളുടെ സാന്നിധ്യവും മികച്ച കളി കെട്ടഴിച്ച ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യവും പ്രസന്നമായ കാലാവസ്ഥയും കൂടിയായപ്പോള്‍ ക്രിക്കറ്റിന്റെ നഗരമായി കൊച്ചി. കേരളത്തിന്റെയാകെ ക്രിക്കറ്റ് ഭ്രമമാണ് ഇന്നലെ കലൂര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.
വംശീയത പാകിസ്താന്‍െറ ജനിതക ശാപം (മാധ്യമം)
പാകിസ്താന്‍ ഫെഡറല്‍ സര്‍ക്കാര്‍ ആ രാജ്യത്തെ ബലൂചിസ്താന്‍ പ്രവിശ്യാ സര്‍ക്കാറിനെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതമായ സാഹചര്യം നമ്മുടെ അയല്‍നാട് അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്. പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയുടേതാണ് ഫെഡറല്‍ ഗവണ്‍മെന്‍റ്, ബലൂചിസ്താന്‍ പ്രവിശ്യാ ഗവണ്‍മെന്‍റും പി.പി.പിയുടേതുതന്നെ. വിദേശ സന്ദര്‍ശനം റദ്ദാക്കി തിരിച്ചുവരാനും തന്‍െറ മന്ത്രിസഭയുടെ രാജി സമര്‍പ്പിക്കാനുമുള്ള പാര്‍ട്ടി നേതൃത്വത്തിന്‍െറ ഉത്തരവ് ബലൂചിസ്താന്‍ മുഖ്യമന്ത്രി അസ്ലം റയ്സാനി മാനിക്കാതിരുന്നതിനാലാണ് ഈ അസാധാരണ നടപടി വേണ്ടിവന്നത്. പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍, നിയന്ത്രണം പട്ടാളത്തെ ഏല്‍പിക്കണമെന്ന ഹസാറാ ശിയാ വിഭാഗത്തിന്‍െറ ആവശ്യം പ്രസിഡന്‍റ് സ്വീകരിച്ചിട്ടില്ല. പകരം, അതിര്‍ത്തി സുരക്ഷാസേനയെ പൊലീസിന്‍െറ ചുമതലകള്‍ ഏല്‍പിച്ചിരിക്കുകയാണ്. ഫലത്തില്‍ സൈനിക നിയന്ത്രണംതന്നെ. ഇത്ര കടുത്ത നടപടിക്ക് പി.പി.പി നേതൃത്വവും ഫെഡറല്‍ ഭരണകൂടവും നിര്‍ബന്ധിതമായത്, വ്യാഴാഴ്ച ഹസാറകളെ ലക്ഷ്യമിട്ട് നടന്ന മൂന്ന് സ്ഫോടനങ്ങളിലായി നൂറോളം പേര്‍ കൊല്ലപ്പെട്ടതോടെ ആരംഭിച്ച വന്‍ ജനകീയ പ്രക്ഷോഭത്തെ നേരിടാന്‍ മറ്റൊരു മാര്‍ഗവും കേന്ദ്രസര്‍ക്കാറിന്‍െറ മുന്നിലില്ലാതിരുന്നതുകൊണ്ടാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അടക്കംചെയ്യാതെ മരംകോച്ചുന്ന തണുപ്പില്‍ ഹസാറകള്‍ നടത്തിവന്ന കടുത്ത പ്രതിഷേധപ്രകടനങ്ങള്‍ ഒതുക്കിത്തീര്‍ക്കാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് നടത്തിയ സര്‍വ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രക്ഷോഭകാരികളുടെ ആവശ്യത്തിന്‍െറ മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി.
ഇതോടെ, പ്രതിസന്ധിക്ക് വിരാമമായെന്നോ കേന്ദ്ര-പ്രവിശ്യാ സര്‍ക്കാറുകള്‍ക്ക് സ്വസ്ഥത കൈവന്നുവെന്നോ പാകിസ്താനെ അടുത്തറിയുന്നവരാരും തെറ്റിദ്ധരിക്കാനിടയില്ല. അതിസങ്കീര്‍ണമായ രാഷ്ട്രീയ, വംശീയ, സുരക്ഷാ പ്രശ്നങ്ങളിലൂടെയാണ് ആ രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അടിവേരന്വേഷിച്ചുപോയാല്‍, വംശീയതയുടെയും തജ്ജന്യമായ വിദ്വേഷ നശീകരണ ചെയ്തികളുടെയും ഹേതു ആ രാജ്യത്തിന്‍െറ ജനിതക സമസ്യയിലാണ് കണ്ടെത്താനാവുക. മുസ്ലിം എന്ന പേരൊഴിച്ചാല്‍ തികച്ചും ഭിന്നമായ വിശ്വാസാചാര സമ്പ്രദായങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒട്ടനവധി ജനവിഭാഗങ്ങളുടെയും ഗോത്രവര്‍ഗങ്ങളുടെയും ഫെഡറേഷനാണ് പാകിസ്താന്‍. ഭൂരിപക്ഷം വരുന്ന സുന്നികള്‍തന്നെ പഞ്ചാബികളും സിന്ധികളും പഠാണികളും ബലൂചികളും മുഹാജിറുകളുമായി വേര്‍തിരിഞ്ഞുനില്‍ക്കുന്നു. തുടക്കത്തില്‍ പാകിസ്താന്‍െറ ഭാഗമായിരുന്ന ബംഗാളികള്‍ 1971ല്‍ വേറിട്ടുപോയി ബംഗ്ളാദേശ് സ്ഥാപിച്ചു. അവശേഷിക്കുന്നവരെയെങ്കിലും മതം, ദേശം, ഭാഷ, സംസ്കാരം എന്നിവയിലേതെങ്കിലുമൊന്നിന്‍െറ ചരടില്‍ കോര്‍ക്കാന്‍ മാറിമാറിവരുന്ന പട്ടാളഭരണാധികാരികള്‍ക്കോ സിവിലിയന്‍ സര്‍ക്കാറുകള്‍ക്കോ കഴിഞ്ഞില്ല. തന്നെയല്ല, ഓരോ വംശീയതയുടെയും പ്രാദേശികതയുടെയും പുറത്ത് നിലവില്‍വന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് പാക് ജനാധിപത്യ വ്യവസ്ഥയുടെപോലും ചേരുവകള്‍. വിവിധ ഗ്രൂപ്പുകളായി പിരിഞ്ഞ മുസ്ലിംലീഗിന്‍െറ സ്വാധീന മേഖല ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബാണെങ്കില്‍ പി.പി.പിയുടെ കോട്ടയാണ് സിന്ധ്. സിന്ധിന്‍െറ തലസ്ഥാനമായ കറാച്ചിയാകട്ടെ വിഭജനത്തോടെ ഇന്ത്യയില്‍നിന്ന് ചേക്കേറിയ മുഹാജിറുകളുടെ ശക്തികേന്ദ്രമാണ്. അതിര്‍ത്തി സംസ്ഥാനം പഠാണികള്‍ക്ക് മുന്‍തൂക്കമുള്ള അവാമി നാഷനല്‍ പാര്‍ട്ടിയുടെയും ജംഇയ്യത്തു ഉലമായെ ഇസ്ലാമിന്‍െറയും പിടിയിലാണ്. ബലൂചിസ്താനിലുമുണ്ട് ഒന്നിലധികം പ്രാദേശിക വംശീയ പാര്‍ട്ടികള്‍. ഇവര്‍ തമ്മിലുള്ള താല്‍പര്യസംഘട്ടനങ്ങള്‍ മുറക്ക് തുടരവെയാണ് അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശത്തെ ചെറുക്കാനെന്ന പേരില്‍ സായുധഗ്രൂപ്പുകള്‍ ഉടലെടുക്കുന്നതും അവര്‍ക്ക് അമേരിക്കയില്‍നിന്നും മറ്റും ആയുധസഹായം ലഭിക്കുന്നതും. അഫ്ഗാന്‍ ജിഹാദിനെ സഹായിക്കാന്‍ ഉസാമ ബിന്‍ലാദിന്‍െറ അല്‍ഖാഇദ കൂടി രംഗപ്രവേശം ചെയ്തപ്പോള്‍ ചിത്രം പൂര്‍ണമായി. ഇവക്കെല്ലാം ഉപരിയായി മതപുരോഹിതന്മാര്‍ നയിക്കുന്ന വിഭാഗീയ സംഘടനകളും അവയുടെ ഇടപെടലുകളും പാകിസ്താന്‍െറ തീരാശാപമാണ്. അതിര്‍ത്തി പ്രവിശ്യകളിലെ മതവിദ്യാലയ ശൃംഖലയില്‍നിന്ന് പുറത്തുവന്നവരാണല്ലോ പിന്നീട് അഫ്ഗാന്‍ ഭരണം പിടിച്ച താലിബാന്‍. ചുരുക്കത്തില്‍ മതവിശ്വാസാചാരങ്ങളും സാമ്പ്രദായിക ഗോത്രവര്‍ഗ സംസ്കൃതിയും പൗരോഹിത്യവും രാഷ്ട്രീയവുമെല്ലാം മലീമസമായി കൂടിക്കുഴഞ്ഞതാണ് പാകിസ്താന്‍െറ സാമൂഹികജീവിതം. ഏറ്റവുമൊടുവിലത്തെ ബലൂചിസ്താന്‍ കൂട്ടക്കൊലയും വംശീയതയുടെയും ഗോത്രവര്‍ഗ വൈരത്തിന്‍െറയും സന്തതിയാണ്. മധ്യ അഫ്ഗാനിസ്താനിലും പാകിസ്താനിലെ കറാച്ചി, ക്വറ്റ എന്നീ നഗരങ്ങളിലുമായി താമസിക്കുന്ന, പാക് ജനസംഖ്യയില്‍ ഏഴു ലക്ഷത്തോളം വരുന്ന ശിയാ-ഹസാറ ന്യൂനപക്ഷ വിഭാഗത്തെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള ലശ്കറെ ജംഗ്വി എന്ന സുന്നി ഭീകരസംഘത്തിന്‍െറ ചെയ്തിയാണ് നൂറോളം പേരുടെ കൂട്ടക്കൊലയില്‍ കലാശിച്ചതെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കകം 250 ഹസാറുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്. വംശീയതയും തീവ്രവാദവും ഭീകരതയും എങ്ങനെ നേരിടാനും അവസാനിപ്പിക്കാനും കഴിയുമെന്ന കാര്യത്തില്‍ പാക് സര്‍ക്കാറും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാവരുടെയും യജമാനന്‍ ചമയുന്ന അമേരിക്കയും ഇരുട്ടില്‍ തപ്പുകയാണ്. ബിന്‍ലാദിന്‍െറ കഥകഴിച്ചതോടെ ഭീകരതയുടെ അടിവേരറുത്തു എന്ന് ആശ്വസിച്ചവര്‍, പൂര്‍വാധികം ശക്തിപ്പെടുന്ന ഭീകരാക്രമണങ്ങളുടെ മുമ്പാകെ പകച്ചുനില്‍ക്കുന്നു. മാനവികതയും സൗഹൃദവും സഹിഷ്ണുതയും സമാധാനവും ജനാധിപത്യവും ലക്ഷ്യമാക്കിയുള്ള ആത്മാര്‍ഥമായ തീവ്രയത്നത്തിനു പകരംനില്‍ക്കാന്‍ ഒരു സൈനിക നടപടിക്കും ആവില്ല.
പ്രഖ്യാപനങ്ങള്‍ പാഴാകുമ്പോള്‍ (മാതൃഭൂമി)
സമ്പൂര്‍ണ വൈദ്യുതീകരണം എന്ന ലക്ഷ്യത്തിലേക്ക് ഏറെ ദൂരം പോകാനുണ്ടെന്നാണ് ഇതു സംബന്ധിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. സമ്പൂര്‍ണമായി വൈദ്യുതീകരിച്ചതെന്ന് പ്രഖ്യാപിച്ച നാലു ജില്ലകളില്‍പ്പോലും 2.61 ലക്ഷം കുടുംബങ്ങളില്‍ ഇതുവരെ വെളിച്ചമെത്തിയിട്ടില്ലെന്നാണ് ഔദ്യോഗിക കണക്ക്. പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം എന്നിവയാണീ ജില്ലകള്‍. ഇന്ത്യയിലെ ആദ്യത്തെ ഇത്തരം ജില്ലയായി പ്രഖ്യാപിക്കപ്പെട്ട പാലക്കാട്ടു മാത്രം 94,000 ത്തിലേറെ കുടുംബങ്ങളില്‍ വെളിച്ചമെത്താനുണ്ട്. ആലപ്പുഴയില്‍ 61,000 ത്തിലേറെയും തൃശ്ശൂരില്‍ 69,000 ത്തിലേറെയും കുടുംബങ്ങള്‍ വൈദ്യുതീകരിച്ചിട്ടില്ല. കോട്ടയത്തെ ഇത്തരം കുടുംബങ്ങളുടെ എണ്ണം 37,199 ആണ്. പ്രഖ്യാപനങ്ങളില്‍ പലതും വര്‍ഷങ്ങള്‍ കഴിഞ്ഞാലും യാഥാര്‍ഥ്യത്തോടടുക്കുന്നില്ലെന്നതിനും തെളിവാണ് ഈ കണക്കുകള്‍. ആധുനികജീവിതത്തിന്റെ ചാലകശക്തിയായി കണക്കാക്കപ്പെടുന്ന വൈദ്യുതി എല്ലാ വീടുകളിലും എത്തിക്കാനുള്ള പദ്ധതികള്‍ മുന്‍ഗണന അര്‍ഹിക്കുന്നു. നിത്യജീവിതത്തിലെ പല കാര്യങ്ങളും വൈദ്യുതിയുടെ ലഭ്യതയെ ആശ്രയിച്ചിരിക്കുന്നതിനാല്‍ അത് എത്താത്ത വീടുകളിലെ താമസക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ.
സമ്പൂര്‍ണ വൈദ്യുതീകരണനടപടികള്‍ ലക്ഷ്യത്തിലെത്താതിരുന്നത് നിര്‍വഹണത്തിലെ അനാസ്ഥയും മറ്റു പാളിച്ചകളും കൊണ്ടുതന്നെയാവണം. പുതുതായി അപേക്ഷിക്കുന്ന കുടുംബങ്ങള്‍ക്ക്, വൈദ്യുതിക്ഷാമം കാരണം, ഉടന്‍ കണക്ഷന്‍ നല്‍കാനാവുന്നില്ലെന്നും ഇതാണ് പ്രശ്‌നമെന്നും പറയുന്നു. വൈദ്യുതി ക്ഷാമം സംസ്ഥാനത്ത് പെട്ടെന്ന് ഉണ്ടായതല്ല. അതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഉപഭോക്താക്കളെല്ലാം വര്‍ഷങ്ങളായി അനുഭവിക്കുന്നുമുണ്ട്. ആ നിലയ്ക്ക്, പുതിയ കണക്ഷന്‍ നല്‍കുന്നതിന് അതൊരു തടസ്സമായി കരുതാനാവില്ല. പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതില്‍ ശുഷ്‌കാന്തി കാണിക്കാത്തതു തന്നെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് പ്രധാന തടസ്സമാകുന്നത്. മലപ്പുറം ജില്ലയിലെ 1,23,000 ത്തിലേറെ കുടുംബങ്ങളില്‍ വൈദ്യുതി എത്താനുണ്ട്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് 1.10 ലക്ഷം കുടുംബങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടും. മറ്റു പല ജില്ലകളിലെയും സ്ഥിതി ഏറെ വ്യത്യസ്തമല്ല. ഇങ്ങനെ, വൈദ്യുതികൊണ്ട് ലഭ്യമാവുന്ന ജീവിത സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്ന വലിയൊരു ജനവിഭാഗം സംസ്ഥാനത്തുണ്ട്. ഇതര മേഖലകളില്‍ കേരളം കൈവരിച്ചിട്ടുള്ള പുരോഗതിക്ക് മങ്ങലുണ്ടാക്കുന്നതാണ് ഈ സ്ഥിതി വിശേഷം. വൈദ്യുതി ക്ഷാമത്തിന്റെ പേരില്‍ അവരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടരുത്.
കേരളത്തില്‍ വൈദ്യുതി ഉപയോഗത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വന്‍വര്‍ധന ഉണ്ടായി. വൈദ്യുതിയുടെ ലഭ്യതയും ഉപയോഗവും തമ്മിലുള്ള അന്തരം അധികൃതരെ അലട്ടുന്നു. ഈ സാഹചര്യം നേരിടാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ഉദ്ദേശിച്ച ഫലം ഉണ്ടായിട്ടില്ല. വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുകയും ഉപയോഗത്തില്‍ മിതത്വം പാലിക്കുകയും ചെയ്താലേ പ്രതിസന്ധി തരണം ചെയ്യാനാവൂ. സമ്പൂര്‍ണ വൈദ്യുതീകരണം എന്ന ലക്ഷ്യം കൂടി കണക്കിലെടുത്ത് ഈ രംഗത്ത് പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതായിരുന്നു. ജലവൈദ്യുതപദ്ധതികള്‍ക്ക് സാധ്യത കുറവായ സാഹചര്യത്തില്‍ മറ്റു മാര്‍ഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. സൗരവൈദ്യുതി ഉത്പാദിപ്പിച്ച് ആവശ്യങ്ങള്‍ മുഴുവന്‍ നിറവേറ്റാനാകുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയ സ്ഥിതിക്ക് അതിനായി വിപുലമായ പദ്ധതികള്‍ തുടങ്ങാന്‍ വൈകിക്കൂടാ. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത മറ്റു പദ്ധതികള്‍ക്ക് ഇതോടൊപ്പം പ്രോത്സാഹനം നല്‍കണം. പ്രസരണനഷ്ടവും വൈദ്യുതി മോഷണവും ദുരുപയോഗവും മറ്റും ഒഴിവാക്കുന്നതിലും അനാസ്ഥ ഉണ്ടാകരുത്. വൈദ്യുതിക്ഷാമത്തിനുള്ള പരിഹാരം ഇങ്ങനെ പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. എന്തായാലും സമ്പൂര്‍ണമായി വൈദ്യുതീകരിച്ചതെന്ന് പ്രഖ്യാപിക്കപ്പെട്ട ജില്ലകള്‍ക്ക് ആ വിശേഷണം മാത്രമേയുള്ളൂ എന്ന സ്ഥിതി ഉടന്‍ ഒഴിവാക്കുക തന്നെ വേണം.
ഏകദിനവും കടന്ന് കൊച്ചിയുടെ കീര്‍ത്തി (മനോരമ)
മികവു പുലര്‍ത്തിയ സംഘാടനം ആവേശം വാനോളമുയര്‍ത്തി
ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് മത്സരം സമ്പൂര്‍ണ വിജയത്തിലെത്തിച്ച അഭിമാന മുഹൂര്‍ത്തത്തിലാണു കൊച്ചി. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന എട്ടാമത്തെ ഏകദിനം സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) വിജയഗാഥയാവുകയും ചെയ്തു. കളിയില്‍ ഇന്ത്യ ജയിക്കുക കൂടി ചെയ്തതോടെ ഈ സംഘാടനമികവ് ഇരട്ടിമധുരമുള്ളതായി. ഈ മികവിനൊപ്പം ഗാലറികളെ നിറച്ച കാണികളുടെ സാന്നിധ്യവും മികച്ച കളി കെട്ടഴിച്ച ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യവും പ്രസന്നമായ കാലാവസ്ഥയും കൂടിയായപ്പോള്‍ ക്രിക്കറ്റിന്റെ നഗരമായി കൊച്ചി.
കേരളത്തിന്റെയാകെ ക്രിക്കറ്റ് ഭ്രമമാണ് ഇന്നലെ കലൂര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. അന്‍പതിനായിരത്തിലേറെ കാണികളുടെ ആഹ്ലാദം നമ്മുടെ നാടിന്റെ മഹത്തായ കായിക സംസ്കാരത്തിന്റെ പ്രതിഫലനമായി; മാസങ്ങളോളമായുള്ള രാപ്പകലില്ലാത്ത അധ്വാനത്തിന്റെ അവിസ്മരണീയമായ വിജയാനുഭവവും. 'ഇന്ത്യയില്‍ ഇരിപ്പിടങ്ങളുടെ എണ്ണത്തില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനു മാത്രം പിന്നിലുള്ള ഈ സ്റ്റേഡിയം കാണികള്‍ നല്‍കുന്ന പ്രോത്സാഹനത്തിന്റെ കാര്യത്തില്‍ ലോകത്ത് ഒന്നാമതാണ്.
ഇവിടത്തെ അത്രയും ആരവം ഒരിടത്തും കേള്‍ക്കാനാവില്ല, മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ രവിശാസ്ത്രിയുടെ വാക്കുകളില്‍ എല്ലാം അടങ്ങിയിരിക്കുന്നു. മുന്‍ ഇന്ത്യന്‍ താരങ്ങളായ നവ്ജ്യോത് സിങ് സിദ്ദുവും സഞ്ജയ് മഞ്ജരേക്കറും ഇതേ അഭിപ്രായക്കാരായിരുന്നു. പാക്ക്, ശ്രീലങ്കന്‍ ഇതിഹാസ താരങ്ങളായ വസീം അക്രമിനും റമീസ് രാജയ്ക്കും സനത് ജയസൂര്യയ്ക്കും കൊച്ചിയുടെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനെയും മത്സര സംഘാടനത്തെയും പറ്റി നല്ലതേ പറയാനുള്ളൂ.
കൊച്ചിയിലെ പിച്ചിനെ സ്വന്തമായി കണ്ടിരുന്ന സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ അപ്രതീക്ഷിത വിരമിക്കലും ടീം ഇന്ത്യയുടെ സമീപകാല പ്രകടനങ്ങളിലെ നിരാശയും കാണികളുടെ ആവേശത്തെ തെല്ലും ബാധിച്ചതുമില്ല. ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറച്ചത് അഭിനന്ദനാര്‍ഹമായ നടപടി തന്നെ. ഏറ്റവും ഉയര്‍ന്ന നിരക്ക് 5000 രൂപയില്‍ നിന്നു 3000 രൂപയാക്കിയിരുന്നു. കസേരയുടെ നിരക്കും കഴിഞ്ഞ തവണത്തേതിന്റെ നേര്‍പകുതിയായ 500 രൂപയായി നിശ്ചയിച്ചു.
ടിക്കറ്റ് വില്‍പനയിലൂടെയുള്ള വരുമാനം കുറഞ്ഞുവെങ്കിലും അതു നഷ്ടമായി കരുതേണ്ടതില്ല. കളി കാണാനുള്ള ചെലവ് കീശയില്‍ ഒതുങ്ങുമെന്നായപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ മത്സരത്തെ തങ്ങളുടെ ഉത്സവമാക്കി മാറ്റുകയായിരുന്നു. സംസ്ഥാനത്തെ ആദ്യ പകല്‍ - രാത്രി രാജ്യാന്തര ഏകദിനം കേരളത്തിന്റെ വാണിജ്യ തലസ്ഥാനത്തിനു നല്‍കിയതു വലിയ നേട്ടങ്ങളാണ്. നികുതിയിനത്തില്‍ 51 ലക്ഷം രൂപയാണു കൊച്ചി നഗരസഭയുടെ ഖജനാവില്‍ എത്തിയത്.
ഹോട്ടല്‍, ഗതാഗത, വ്യാപാര, ടൂറിസം മേഖലകള്‍ക്കു ഗണ്യമായ നേട്ടം ഉണ്ടാവുകയും ചെയ്തു. മത്സര നടത്തിപ്പിന്റെ എല്ലാ മേഖലകളിലും മാനേജ്മെന്റ് വൈഭവം പ്രകടിപ്പിച്ച കേരള ക്രിക്കറ്റ് അസോസിയേഷന്‍ ക്രിക്കറ്റിന്റെ വികസനത്തിനും പ്രചാരണത്തിനും നടത്തിവരുന്ന ശ്രമങ്ങള്‍ കൂടി ഈ അവസരത്തില്‍ സ്മരിക്കേണ്ടതുണ്ട്. മുന്‍പ് ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നതിനു കലൂര്‍ സ്റ്റേഡിയം പാട്ടത്തിനെടുത്ത കെസിഎ, പത്തരക്കോടി രൂപയോളം മുടക്കി ഡ്രെയ്നേജ്, ഫീല്‍ഡ്, ഫ്ലഡ്ലൈറ്റ് സംവിധാനങ്ങള്‍ നവീകരിച്ചാണു രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയത്.
സ്കൂള്‍തലം മുതല്‍ കഴിവുറ്റ കളിക്കാരെ കണ്ടെത്തി മികച്ച പരിശീലനത്തിലൂടെ നാളെയുടെ താരങ്ങളെ വാര്‍ത്തെടുക്കാനും സംസ്ഥാനത്താകെ മികച്ച കളിസ്ഥലങ്ങള്‍ സ്ഥാപിക്കാനും നടത്തുന്ന ശ്രമങ്ങള്‍ മാതൃകാപരമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അഭിനന്ദിച്ചിട്ടുമുണ്ട്.
No comments:
Post a Comment