Monday, January 7, 2013

മുഖപ്രസംഗം January 07 -2013


 മുഖപ്രസംഗം January 07 -2013

 



  1. പ്രയോഗത്തിലെത്താത്ത പ്രഖ്യാപനങ്ങള്‍ - madhyamam 2005 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 15 ഇന ന്യൂനപക്ഷ ശാക്തീകരണ പരിപാടി എടുത്തുപറയാവുന്നതാണ്. ന്യൂനപക്ഷപ്രശ്നങ്ങള്‍ ശ്രദ്ധിക്കാനായി കേന്ദ്രതലത്തില്‍ 2006 ജനുവരി 29ന് ന്യൂനപക്ഷകാര്യ വകുപ്പിനും കേന്ദ്രം രൂപം നല്‍കി. ഭരണകൂട സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് മുഖ്യപ്രശ്നമായി സച്ചാര്‍സമിതി ചൂണ്ടിക്കാണിച്ച അവഗണനയും അലംഭാവവും കെടുകാര്യസ്ഥതയും ഈ സംവിധാനങ്ങളെയും വിടാതെ പിടികൂടുന്നു എന്നതാണ് ദുര്യോഗം.  വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച തുക അടിത്തട്ടിലേക്ക് എത്തിയില്ല. അത് ചെലവഴിക്കാനുള്ള മനോഭാവം പോലും ചില സംസ്ഥാനങ്ങള്‍ കാണിച്ചിട്ടില്ല. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, അസം, ഝാര്‍ഖണ്ഡ്, ഉത്തരഖണ്ഡ്, ജമ്മു-കശ്മീര്‍ സംസ്ഥാനങ്ങള്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കുള്ള 30 ശതമാനം സ്കോളര്‍ഷിപ് അനുവദിക്കുന്ന കാര്യത്തില്‍ പോലും അനങ്ങിയില്ല. 2010 ജനുവരിയില്‍ തുടക്കം കുറിച്ച ന്യൂനപക്ഷസ്ത്രീകളുടെ നേതൃശേഷി വികസന പരിപാടിയും പല സംസ്ഥാനങ്ങളിലും നടപ്പായില്ല.  മുസ്ലിം കേന്ദ്രീകൃത ജില്ലകളായി പ്രഖ്യാപിക്കപ്പെട്ട രാജ്യത്തെ 90 ജില്ലകള്‍ക്ക് അഭൂതപൂര്‍വമായ പദ്ധതികള്‍ അനുവദിച്ചെങ്കിലും സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നു വേണ്ട സഹകരണം ഇക്കാര്യത്തിലുണ്ടായിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്ക് പ്രഖ്യാപനങ്ങള്‍ക്ക് ഒരു കാലത്തും പഞ്ഞമുണ്ടായിട്ടില്ല. എന്നാല്‍ , പ്രയോഗത്തില്‍ അവരെന്നും കബളിപ്പിക്കപ്പെടുകയായിരുന്നു.
  2. തീര്‍ഥാടകക്ഷേമം ഉറപ്പാക്കണം - manorama 14-നാണു മകരവിളക്ക്. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തന്മാര്‍ ദര്‍ശനത്തിന് എത്തുകയും ഏറെ സമയം തങ്ങുകയും ചെയ്യുന്ന ദിനങ്ങളാണു വരുന്നത്. പൊലീസും ദേവസ്വം ബോര്‍ഡും വൈദ്യുതി ബോര്‍ഡും കെഎസ്ആര്‍ടിസിയുമൊക്കെ ഏറ്റവും കരുതലെടുക്കേണ്ട സമയം. ഇപ്പോള്‍ ഒാരോ നാളും വര്‍ധിച്ചുവരുന്ന ഭക്തജനത്തിരക്ക് മകരവിളക്കുദിവസം പാരമ്യത്തിലെത്തും. സന്നിധാനത്തില്‍ തിരക്കു കൂടുമ്പോള്‍ വഴിയില്‍ വാഹനങ്ങള്‍ തടയാനാണു തീരുമാനം. നിലയ്ക്കല്‍, പ്ളാപ്പള്ളി, ളാഹ, വടശേരിക്കര, നാറാണംതോട്, എരുമേലി എന്നിവിടങ്ങളിലാണു തടയുന്നത്. വാഹനങ്ങളിലുള്ളവര്‍ വെള്ളവും ഭക്ഷണവും കിട്ടാതെ മണിക്കൂറുകളോളം വനപ്രദേശത്തു കഴിയേണ്ടിവന്നു. വാഹനങ്ങള്‍ തടഞ്ഞാല്‍,  നിലയ്ക്കലില്‍നിന്നു പമ്പവരെ ദേവസ്വം ബോര്‍ഡ് ഭക്ഷണവും വെള്ളവും നല്‍കണമെന്നാണു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ തീരുമാനം. പതിനെട്ടാം പടി കയറാന്‍ ശബരീപീഠം മുതല്‍ സന്നിധാനംവരെ 10 മണിക്കൂറെങ്കിലും ക്യൂ നില്‍ക്കണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ക്യൂവിലുള്ളവര്‍ക്കു ദേവസ്വം ബോര്‍ഡ് ഭക്ഷണവും വെള്ളവും നല്‍കുമെന്നു പറഞ്ഞെങ്കിലും എല്ലാ ദിവസവും അതു നടക്കുന്നില്ല.  കാനന പാതകളില്‍ ഭക്തര്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളില്‍ വെളിച്ചമില്ലാത്തതും ഗൌരവമുള്ള പ്രശ്നമാണ്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന, ശക്തിയേറിയ ലൈറ്റുകള്‍ ഇവിടങ്ങളില്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രിയുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. 50 ലൈറ്റുകള്‍ വാങ്ങിയെങ്കിലും ഇതുവരെ സ്ഥാപിച്ചിട്ടില്ല. ആനശല്യമുള്ള കരിമല, വലിയാനവട്ടം, പുതുശേരി, കരീലാംതോട് റൂട്ടില്‍ രാത്രി അയ്യപ്പന്‍മാര്‍ തങ്ങുന്ന സ്ഥലങ്ങളില്‍ വെളിച്ചമില്ലാത്തതു കഷ്ടമാണ്. 
  3. വൈദ്യുതിനിരക്ക് കൂട്ടരുത്‌ - mathrubhumi ഇപ്പോഴത്തെ നിരക്കുതന്നെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്തതാണ്.  ജൂലായില്‍ വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചിരുന്നു. സബ്‌സിഡി സമ്പ്രദായത്തില്‍ നയപരമായ മാറ്റം വേണമെന്നാണ് കമ്മീഷനോട് ബോര്‍ഡ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. സബ്‌സിഡി നിര്‍ത്തലാക്കുകയും താരിഫ് ഏകീകരിക്കുകയും ചെയ്യുമ്പോള്‍ ഗാര്‍ഹിക ഉപഭോക്താക്കളായിരിക്കും കൂടുതല്‍ വിഷമിക്കേണ്ടിവരിക. വീട്ടുകണക്ഷന് ഏതാണ്ട് 40 ശതമാനം വര്‍ധനയാണ് ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നതത്രെ. വൈദ്യുതി മിതമായ നിരക്കില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കേണ്ട ബാധ്യത ബന്ധപ്പെട്ടവര്‍ക്കുണ്ട്. വൈദ്യുതി ബോര്‍ഡ് കൊണ്ടുവരുന്ന പല ക്രമീകരണങ്ങളും പരിഷ്‌കാരങ്ങളും ഉപഭോക്താക്കളുടെ ഭാരം കൂട്ടുകയാണ് ചെയ്യുന്നത്. വൈദ്യുതിയുടെ ലഭ്യതയും ആവശ്യവും തമ്മിലുള്ള അന്തരവും മറ്റു പ്രശ്‌നങ്ങളും ബോര്‍ഡിനെ പലതരത്തില്‍ ബാധിക്കുന്നുണ്ടാവാം. ദൗര്‍ഭാഗ്യവശാല്‍, ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും ചെന്നെത്തുക നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലായിരിക്കും. പ്രശ്‌നപരിഹാരത്തിന് മറ്റുവഴികള്‍ തേടാനും പ്രവര്‍ത്തനം മെച്ചപ്പെടുത്തി ഉപഭോക്തൃ താത്പര്യം സംരക്ഷിക്കാനും അധികൃതര്‍ മതിയായ താത്പര്യം കാണിക്കുന്നില്ല. നിലവിലുള്ള വൈദ്യുതി പദ്ധതികളുടെ ശേഷി മുഴുവന്‍ പ്രയോജനപ്പെടുത്താനും പുതിയവ ആവിഷ്‌കരിച്ച് സമയബദ്ധമായി നടപ്പാക്കാനും കഴിയണം  വീണ്ടുമൊരു നിരക്കുവര്‍ധന ഒഴിവാക്കണം. ഇത്തരം കാര്യങ്ങളില്‍ സാങ്കേതികതയ്ക്കല്ല, ജനതാത്പര്യത്തിനാണ് കൂടുതല്‍ പരിഗണന കിട്ടേണ്ടത്.



പ്രയോഗത്തിലെത്താത്ത പ്രഖ്യാപനങ്ങള്‍


പ്രയോഗത്തിലെത്താത്ത പ്രഖ്യാപനങ്ങള്‍ഇന്ത്യന്‍ മുസ്ലിംകളുടെ സാമൂഹിക പിന്നാക്കാവസ്ഥ വരച്ചുകാട്ടുന്നതായിരുന്നു ഒന്നാം യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ സമിതിയുടെ റിപ്പോര്‍ട്ട്. പിന്നാക്കാവസ്ഥക്കുള്ള പരിഹാരനിര്‍ദേശത്തിനു തുനിഞ്ഞില്ലെങ്കിലും എവിടെയൊക്കെയാണ് പന്തികേടുകളുള്ളത് എന്ന് കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളെ തെര്യപ്പെടുത്തുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. അത് മുഖവിലക്കെടുത്ത് ശ്രദ്ധേയമായ ചില ചുവടുവെപ്പ് ഡോ. മന്‍മോഹന്‍ സിങ്ങിന്‍െറ നേതൃത്വത്തില്‍ യു.പി.എ സര്‍ക്കാര്‍ നടത്തുകയും ചെയ്തു. മുമ്പുതന്നെ ന്യൂനപക്ഷക്ഷേമം ഉന്നമിട്ട നീക്കങ്ങള്‍ കേന്ദ്രഗവണ്‍മെന്‍റ് കൈക്കൊണ്ടു. 2005 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 15 ഇന ന്യൂനപക്ഷ ശാക്തീകരണ പരിപാടി എടുത്തുപറയാവുന്നതാണ്. ന്യൂനപക്ഷപ്രശ്നങ്ങള്‍ ശ്രദ്ധിക്കാനായി കേന്ദ്രതലത്തില്‍ 2006 ജനുവരി 29ന് ന്യൂനപക്ഷകാര്യ വകുപ്പിനും കേന്ദ്രം രൂപം നല്‍കി. ന്യൂനപക്ഷസമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള പ്രായോഗികനടപടികള്‍ കൈക്കൊള്ളുകയാണ് മന്ത്രാലയത്തിന്‍െറ പ്രഖ്യാപിത നിലപാട്. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളും ഗവേഷണസഹായങ്ങളും തുടങ്ങി ന്യൂനപക്ഷ സ്ത്രീകളുടെ നേതൃശേഷി വികസിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ വരെ അതിന്‍െറ വരുതിയിലുണ്ട്. 15 ഇന പരിപാടിയുടെ നിര്‍വഹണത്തിന് വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിക്കുന്ന നോഡല്‍ ഏജന്‍സിയായും ന്യൂനപക്ഷമന്ത്രാലയം പ്രവര്‍ത്തിക്കുന്നു.

എന്നാല്‍, ഭരണകൂട സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് മുഖ്യപ്രശ്നമായി സച്ചാര്‍സമിതി ചൂണ്ടിക്കാണിച്ച അവഗണനയും അലംഭാവവും കെടുകാര്യസ്ഥതയും ഈ സംവിധാനങ്ങളെയും വിടാതെ പിടികൂടുന്നു എന്നതാണ് ദുര്യോഗം. പദ്ധതികള്‍ പലതും ഇപ്പോഴും കടലാസില്‍ ഒതുങ്ങുകയോ വെറും സര്‍ക്കാര്‍ കാര്യം പോലെ ആയിത്തീരുകയോ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ 15 ഇന പരിപാടിയുടെയും സച്ചാര്‍സമിതി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളുടെയും പുരോഗതി വിലയിരുത്തുന്നതും പദ്ധതി നിര്‍വഹണത്തിന് മേല്‍നോട്ടം വഹിക്കുന്നതും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയമാണ്. കഴിഞ്ഞ മന്ത്രിസഭാ അഴിച്ചുപണിക്കുശേഷം വകുപ്പ് ഏറ്റെടുത്ത കെ. റഹ്മാന്‍ ഖാന്‍ ഒക്ടോബറില്‍ മന്ത്രിപദമേല്‍ക്കുമ്പോള്‍ പറഞ്ഞത്, പദ്ധതികളും പരിഷ്കരണപ്രവര്‍ത്തനങ്ങളും ഗുണഭോക്താക്കള്‍ക്ക് എത്തുന്നുണ്ടോ എന്നു പരിശോധിക്കും എന്നാണ്. സച്ചാര്‍ ശിപാര്‍ശകള്‍ അക്ഷരത്തിലും അര്‍ഥത്തിലും നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും. ഒരു മാസം കഴിഞ്ഞ് അദ്ദേഹം തന്നെ ഏറ്റുപറഞ്ഞു, പദ്ധതികളുടെ വിലയിരുത്തല്‍ അത്ര അനായാസകരമല്ലെന്ന്. ഗുണഭോക്താക്കള്‍ക്ക് പദ്ധതിഫലങ്ങള്‍ അനുഭവവേദ്യമായിട്ടില്ല എന്ന പരാതി ഉള്‍ക്കൊണ്ടായിരുന്നു മന്ത്രിയുടെ അഭിപ്രായപ്രകടനം.
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളുടെ കാര്യത്തില്‍ വളരെ മികച്ച പ്രകടനം കേന്ദ്രമന്ത്രാലയം കാഴ്ചവെച്ചു. എന്നാല്‍ 2010-11 സാമ്പത്തിക വര്‍ഷത്തില്‍ ന്യൂനപക്ഷക്ഷേമത്തിനായി വകയിരുത്തിയ  2,866 കോടി രൂപയില്‍ 559.28 കോടി വിനിയോഗിച്ചില്ലെന്ന് കോണ്‍ഗ്രസ് എം.പി ഹേമാനന്ദ് ബിസ്വാള്‍ അധ്യക്ഷനായ പാര്‍ലമെന്‍റിന്‍െറ സാമൂഹികനീതി ശാക്തീകരണത്തിനായുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി ഡിസംബറില്‍ പാര്‍ലമെന്‍റിന്‍െറ മേശപ്പുറത്തുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ബജറ്റില്‍ 313 കോടി രൂപ കൂടി ഈയിനത്തില്‍ അധികം വകയിരുത്തിയിരിക്കെ, ഈ തുക 100 ശതമാനവും ന്യൂനപക്ഷ ക്ഷേമത്തിനായി വിനിയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് കമ്മിറ്റി നേരത്തേ നിര്‍ദേശിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച തുക അടിത്തട്ടിലേക്ക് എത്തിയില്ല. അത് ചെലവഴിക്കാനുള്ള മനോഭാവം പോലും ചില സംസ്ഥാനങ്ങള്‍ കാണിച്ചിട്ടില്ല. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, അസം, ഝാര്‍ഖണ്ഡ്, ഉത്തരഖണ്ഡ്, ജമ്മു-കശ്മീര്‍ സംസ്ഥാനങ്ങള്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കുള്ള 30 ശതമാനം സ്കോളര്‍ഷിപ് അനുവദിക്കുന്ന കാര്യത്തില്‍ പോലും അനങ്ങിയില്ല. 2010 ജനുവരിയില്‍ തുടക്കം കുറിച്ച ന്യൂനപക്ഷസ്ത്രീകളുടെ നേതൃശേഷി വികസന പരിപാടിയും പല സംസ്ഥാനങ്ങളിലും നടപ്പായില്ല. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രാലയം ശുഷ്കാന്തി പ്രകടിപ്പിക്കണമെന്ന് പാര്‍ലമെന്‍ററി സമിതി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇനിയും എന്തു ചെയ്യാനാകുമെന്ന് കേന്ദ്ര മന്ത്രാലയത്തിനു നിശ്ചയമൊന്നുമില്ല്ള. സ്കോളര്‍ഷിപ്പുകളുടെ കാര്യത്തില്‍ പോലും പല സംസ്ഥാനങ്ങളും അനുവദിക്കപ്പെട്ട ഫണ്ടിന്‍െറ ഫലപ്രദമായ വിനിയോഗത്തിനായി പരമാവധി ഗുണഭോക്താക്കളെ സ്വീകരിക്കുന്നതിനു പകരം സാങ്കേതിക കുരുക്കുകള്‍ തീര്‍ക്കുകയായിരുന്നുവെന്ന് അനുഭവസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. മുസ്ലിം കേന്ദ്രീകൃത ജില്ലകളായി പ്രഖ്യാപിക്കപ്പെട്ട രാജ്യത്തെ 90 ജില്ലകള്‍ക്ക് അഭൂതപൂര്‍വമായ പദ്ധതികള്‍ അനുവദിച്ചെങ്കിലും സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നു വേണ്ട സഹകരണം ഇക്കാര്യത്തിലുണ്ടായിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന് ഈ ജില്ലകളില്‍ ബാങ്കുശാഖകള്‍ ആരംഭിക്കുകയും മറ്റു സാമ്പത്തിക സഹായസംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യണമെന്നും നിര്‍ദേശമുണ്ടായിരുന്നു. സര്‍ക്കാര്‍കണക്കില്‍ ഇതിന്‍െറ പെരുത്ത എണ്ണങ്ങളുണ്ടെന്നല്ലാതെ ഗുണഭോക്താക്കള്‍ക്ക് ഇതൊന്നും ലഭ്യമായിട്ടില്ല. സംയോജിത ശിശു വികസനസേവന പദ്ധതികളിലൂടെ രോഗപ്രതിരോധപരിപാടി, അടിസ്ഥാന ആരോഗ്യ സേവന സംവിധാനങ്ങള്‍, അങ്കണവാടികള്‍ തുടങ്ങിയ ഗ്രാമകേന്ദ്രിത പരിപാടികള്‍ പോലും ഗുണഭോക്താക്കള്‍ക്ക് അനുഭവിക്കാനാവുന്നില്ലെന്നാണ് പരാതി. സച്ചാര്‍ ചൂണ്ടിക്കാട്ടിയ ന്യൂനപക്ഷങ്ങള്‍ക്ക് വായ്പ നല്‍കാനുള്ള വൈമുഖ്യം സംബന്ധിച്ച പരാതികള്‍ ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നുവെന്ന് മന്ത്രി റഹ്മാന്‍ ഖാനും പറയുന്നു. ന്യൂനപക്ഷമന്ത്രാലയത്തിന്‍െറ പരിധിയിലുള്ള വഖഫ് ഭേദഗതി ബില്ലും അവസരസമത്വ കമീഷനും സംവരണത്തിനുള്ളിലെ ഉപസംവരണവുമൊക്കെ തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയാണ്.
ന്യൂനപക്ഷങ്ങള്‍ക്ക് പ്രഖ്യാപനങ്ങള്‍ക്ക് ഒരു കാലത്തും പഞ്ഞമുണ്ടായിട്ടില്ല. എന്നാല്‍, പ്രയോഗത്തില്‍ അവരെന്നും കബളിപ്പിക്കപ്പെടുകയായിരുന്നു. അതില്‍നിന്നു കരകയറ്റാനാണ് പുതിയ പദ്ധതികള്‍ക്കും സംവിധാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. എന്നാല്‍ ഭരണ, ഉദ്യോഗസ്ഥ തലങ്ങളിലെ തളര്‍വാതവും പക്ഷപാതവും മാറ്റിയെടുക്കാതെ അതൊന്നും വിജയിപ്പിച്ചെടുക്കാനാവില്ലെന്നിരിക്കെ, അതിനുള്ള മറുവഴി കൂടി കേന്ദ്രതലത്തില്‍തന്നെ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു.

തീര്‍ഥാടകക്ഷേമം ഉറപ്പാക്കണം 



malmanoramalogo

മകരജ്യോതിയുടെ ധന്യനിമിഷങ്ങള്‍ ഏറ്റുവാങ്ങാന്‍ പൊന്നമ്പലവാസന്റെ മണ്ണും വിണ്ണും ഒരുങ്ങുകയാണ്. 14-നാണു മകരവിളക്ക്. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തന്മാര്‍ ദര്‍ശനത്തിന് എത്തുകയും ഏറെ സമയം തങ്ങുകയും ചെയ്യുന്ന ദിനങ്ങളാണു വരുന്നത്. പൊലീസും ദേവസ്വം ബോര്‍ഡും വൈദ്യുതി ബോര്‍ഡും കെഎസ്ആര്‍ടിസിയുമൊക്കെ ഏറ്റവും കരുതലെടുക്കേണ്ട സമയം. ഇപ്പോള്‍ ഒാരോ നാളും വര്‍ധിച്ചുവരുന്ന ഭക്തജനത്തിരക്ക് മകരവിളക്കുദിവസം പാരമ്യത്തിലെത്തും. 

ആന്ധ്രപ്രദേശില്‍നിന്ന് 10 ലക്ഷം പേരും കര്‍ണാടകയില്‍നിന്ന് എട്ടു ലക്ഷം പേരും എത്തുമെന്നാണ് അവിടത്തെ അധികൃതരുടെ കണക്ക്. ഇതിനുപുറമേയാണു മലയാളികളും മറ്റു സംസ്ഥാനക്കാരും. അയ്യപ്പഭക്തന്മാര്‍ പത്താം തീയതിയോടെ ശബരിമലയില്‍ തങ്ങിത്തുടങ്ങും. മിക്കവരുടെയും മടക്കം 15ന് ആയിരിക്കും. ശബരിമലയില്‍ ഏറ്റവും തിക്കും തിരക്കുമുണ്ടാകുന്ന ഈ സമയത്താണ് അധികൃതരുടെ ജാഗ്രതയും കരുതലും ഏറ്റവും കൂടുതലുണ്ടാവേണ്ടത്. തിരക്കു നിയന്ത്രിക്കാന്‍ എട്ടുമുതല്‍ കൂടുതല്‍ പൊലീസ് എത്തുമെന്നാണ് അറിയിപ്പ്. 

ഇപ്പോള്‍ സന്നിധാനത്ത് 2,500 പൊലീസുകാരും പമ്പയില്‍ 2,000 പേരും ജോലി ചെയ്യുന്നു. മകരവിളക്ക് പ്രമാണിച്ച് സന്നിധാനത്ത് 3,000 പേരും പമ്പയില്‍ 2,500 പേരും ഉണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. സന്നിധാനത്തില്‍ ഒരു എഡിജിപിയും ഒരു ഐജിയും മേല്‍നോട്ടത്തിന് ഉണ്ടാവും. പമ്പയില്‍ ഐജിയും നിലയ്ക്കലില്‍ എസ്പിയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും. പുല്ലുമേട്ടില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘവുമുണ്ടാകും. സന്നിധാനത്തില്‍ തിരക്കു കൂടുമ്പോള്‍ വഴിയില്‍ വാഹനങ്ങള്‍ തടയാനാണു തീരുമാനം. നിലയ്ക്കല്‍, പ്ളാപ്പള്ളി, ളാഹ, വടശേരിക്കര, നാറാണംതോട്, എരുമേലി എന്നിവിടങ്ങളിലാണു തടയുന്നത്. മണ്ഡലകാലത്ത് ഈ ഭാഗങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞതു വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നു. 

വാഹനങ്ങളിലുള്ളവര്‍ വെള്ളവും ഭക്ഷണവും കിട്ടാതെ മണിക്കൂറുകളോളം വനപ്രദേശത്തു കഴിയേണ്ടിവന്നു. വാഹനങ്ങള്‍ തടഞ്ഞാല്‍,  നിലയ്ക്കലില്‍നിന്നു പമ്പവരെ ദേവസ്വം ബോര്‍ഡ് ഭക്ഷണവും വെള്ളവും നല്‍കണമെന്നാണു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ തീരുമാനം. എന്നാല്‍, ഈ ഭാഗത്ത് മണ്ഡലകാലത്തു വാഹനങ്ങള്‍ തടഞ്ഞിരുന്നില്ല. ഈ ഭാഗത്തു തടഞ്ഞിട്ടാല്‍ അതു കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസുകളെ ബാധിക്കും. അയ്യപ്പ ഭക്തന്മാരുടെ മടക്കയാത്ര പ്രയാസമാകുകയും ചെയ്യും. വാഹനങ്ങള്‍ തടഞ്ഞിടുന്ന സ്ഥലങ്ങളില്‍ ഭക്ഷണവും വെള്ളവും നല്‍കുന്ന കാര്യത്തില്‍ ഇതുവരെ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടില്ലെന്നാണ് അറിയുന്നത്. 

പതിനെട്ടാം പടി കയറാന്‍ ശബരീപീഠം മുതല്‍ സന്നിധാനംവരെ 10 മണിക്കൂറെങ്കിലും ക്യൂ നില്‍ക്കണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ക്യൂവിലുള്ളവര്‍ക്കു ദേവസ്വം ബോര്‍ഡ് ഭക്ഷണവും വെള്ളവും നല്‍കുമെന്നു പറഞ്ഞെങ്കിലും എല്ലാ ദിവസവും അതു നടക്കുന്നില്ല.  കാനന പാതകളില്‍ ഭക്തര്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളില്‍ വെളിച്ചമില്ലാത്തതും ഗൌരവമുള്ള പ്രശ്നമാണ്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന, ശക്തിയേറിയ ലൈറ്റുകള്‍ ഇവിടങ്ങളില്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രിയുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. 50 ലൈറ്റുകള്‍ വാങ്ങിയെങ്കിലും ഇതുവരെ സ്ഥാപിച്ചിട്ടില്ല. ആനശല്യമുള്ള കരിമല, വലിയാനവട്ടം, പുതുശേരി, കരീലാംതോട് റൂട്ടില്‍ രാത്രി അയ്യപ്പന്‍മാര്‍ തങ്ങുന്ന സ്ഥലങ്ങളില്‍ വെളിച്ചമില്ലാത്തതു കഷ്ടമാണ്. 

പുല്ലുമേട് വഴിയിലും വെളിച്ചമില്ല. പമ്പാസ്നാനത്തിനു വെള്ളം തികയുമോ എന്നും സംശയം. വൈദ്യുതി ബോര്‍ഡ് കുന്നാര്‍ അണക്കെട്ട് തുറന്നു വെള്ളം ഒഴുക്കുന്നുണ്ടെങ്കിലും ആയിരക്കണക്കിനാളുകള്‍ ദിവസവും കുളിക്കുന്നതിനാല്‍ വെള്ളം പെട്ടെന്നു മലിനമാകുകയാണ്. പമ്പയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് ഏറെ കൂടുകയും ചെയ്തു. മകരവിളക്കു സമയത്ത് ജലക്ഷാമത്തിനുള്ള സാധ്യതയും ആശങ്ക സൃഷ്ടിക്കുന്നു. കുന്നാര്‍ അണക്കെട്ടിലും പമ്പാനദിയിലും വെള്ളം കുറയുകയാണ്. ഇക്കാര്യത്തില്‍ അടിയന്തര പ്രാധാന്യത്തോടെ മുന്‍കരുതലെടുക്കണം. 

മകരജ്യോതി കാണാന്‍ ഭക്തജനങ്ങള്‍ കൂടുന്ന പരുത്തുംപാറ, പാഞ്ചാലിമേട്, പുല്ലുമേട്, അട്ടത്തോട്, പഞ്ഞിപ്പാറ എന്നിവിടങ്ങളില്‍ പൊലീസ് സുരക്ഷയും ശുദ്ധജലവും ഉണ്ടാവണം. ഡ്രിപ്പിങ് കാരണമുള്ള വൈദ്യുതി മുടക്കം ഒഴിവാക്കുകയും വേണം. മകരജ്യോതി കണ്ടു മടങ്ങാന്‍ കെഎസ്ആര്‍ടിസി സംവിധാനം കാര്യക്ഷമമാക്കേണ്ടിയിരിക്കുന്നു. മുന്‍വര്‍ഷങ്ങളിലെ അനുഭവങ്ങളില്‍നിന്നും പാഠമുള്‍ക്കൊണ്ട് തിരക്കു നിയന്ത്രണവും സുരക്ഷാക്രമീകരണങ്ങളും കുറ്റമറ്റതാക്കാന്‍ അധികൃതര്‍ സജീവശ്രദ്ധ പുലര്‍ത്തിയേ തീരൂ.

വൈദ്യുതിനിരക്ക് കൂട്ടരുത്‌



Newspaper Edition
വൈദ്യുതിസബ്‌സിഡി നിര്‍ത്തലാക്കാന്‍ അധികൃതര്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നു. ഇതുസംബന്ധിച്ചുള്ള വൈദ്യുതി ബോര്‍ഡിന്റെ അപേക്ഷ റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചാല്‍ നിരക്ക് വന്‍തോതില്‍ ഉയരും. ഇപ്പോഴത്തെ നിരക്കുതന്നെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്തതാണ്. അതിനിയും വര്‍ധിച്ചാലുണ്ടാകുന്ന സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. ജൂലായില്‍ വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചിരുന്നു. സബ്‌സിഡി സമ്പ്രദായത്തില്‍ നയപരമായ മാറ്റം വേണമെന്നാണ് കമ്മീഷനോട് ബോര്‍ഡ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. സബ്‌സിഡി നിര്‍ത്തലാക്കുകയും താരിഫ് ഏകീകരിക്കുകയും ചെയ്യുമ്പോള്‍ ഗാര്‍ഹിക ഉപഭോക്താക്കളായിരിക്കും കൂടുതല്‍ വിഷമിക്കേണ്ടിവരിക. വീട്ടുകണക്ഷന് ഏതാണ്ട് 40 ശതമാനം വര്‍ധനയാണ് ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നതത്രെ. ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ വ്യവസായങ്ങള്‍ക്ക് ഡിമാന്‍ഡ് ചാര്‍ജില്‍ 60 രൂപയും വൈദ്യുതിക്ക് യൂണിറ്റിന് 75 പൈസയുമാണ് ബോര്‍ഡ് ആവശ്യപ്പെടുന്ന വര്‍ധന. ലോ ടെന്‍ഷന്‍ വിഭാഗത്തിലുള്ള വാണിജ്യകേന്ദ്രങ്ങള്‍ക്ക് യൂണിറ്റിന് 25 പൈസ മുതല്‍ 70 പൈസ വരെ കൂട്ടണമെന്നും ആവശ്യപ്പെടുന്നു.

ഏതാണ്ട് 85 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ കേരളത്തിലുണ്ട്. സബ്‌സിഡി നല്‍കിവരുന്നത് വൈദ്യുതിനിരക്കിന്റെ കാര്യത്തില്‍ അവര്‍ക്ക് കുറച്ചെങ്കിലും ആശ്വാസം ലഭിക്കാന്‍ വേണ്ടിയാണ്. വൈദ്യുതി മിതമായ നിരക്കില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കേണ്ട ബാധ്യത ബന്ധപ്പെട്ടവര്‍ക്കുണ്ട്. വൈദ്യുതി ബോര്‍ഡ് കൊണ്ടുവരുന്ന പല ക്രമീകരണങ്ങളും പരിഷ്‌കാരങ്ങളും ഉപഭോക്താക്കളുടെ ഭാരം കൂട്ടുകയാണ് ചെയ്യുന്നത്. വൈദ്യുതിയുടെ ലഭ്യതയും ആവശ്യവും തമ്മിലുള്ള അന്തരവും മറ്റു പ്രശ്‌നങ്ങളും ബോര്‍ഡിനെ പലതരത്തില്‍ ബാധിക്കുന്നുണ്ടാവാം. ദൗര്‍ഭാഗ്യവശാല്‍, ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും ചെന്നെത്തുക നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലായിരിക്കും. പ്രശ്‌നപരിഹാരത്തിന് മറ്റുവഴികള്‍ തേടാനും പ്രവര്‍ത്തനം മെച്ചപ്പെടുത്തി ഉപഭോക്തൃ താത്പര്യം സംരക്ഷിക്കാനും അധികൃതര്‍ മതിയായ താത്പര്യം കാണിക്കുന്നില്ല. നിലവിലുള്ള വൈദ്യുതി പദ്ധതികളുടെ ശേഷി മുഴുവന്‍ പ്രയോജനപ്പെടുത്താനും പുതിയവ ആവിഷ്‌കരിച്ച് സമയബദ്ധമായി നടപ്പാക്കാനും കഴിയണം. പ്രസരണവേളയില്‍ മുന്‍പ് 20 ശതമാനം വരെ വൈദ്യുതി നഷ്ടപ്പെട്ടിരുന്നു. അത് കാര്യമായി കുറയ്ക്കാനായെങ്കിലും ലക്ഷ്യത്തിലെത്തിയിട്ടില്ല. വൈദ്യുതി മോഷണവും ദുരുപയോഗവും പല സ്ഥലങ്ങളിലും തുടരുന്നുണ്ട്. ഇവയെല്ലാം ബോര്‍ഡിന് വലിയ നഷ്ടം വരുത്തുന്നു. 

ജലവൈദ്യുതി പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം മൂന്നു ദശാബ്ദത്തിനുള്ളില്‍ കാര്യമായി വര്‍ധിപ്പിക്കാനായിട്ടില്ല. ജലദൗര്‍ലഭ്യവും പരിസ്ഥിതി പ്രശ്‌നങ്ങളും കാരണം പുതിയ ജലവൈദ്യുത പദ്ധതികള്‍ക്ക് സാധ്യത കുറവാണ്. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത പദ്ധതികള്‍ക്കാണ് ഇനി പ്രാധാന്യം നല്‍കേണ്ടത്. ബദല്‍മാര്‍ഗങ്ങളില്‍ ഏറെ പ്രായോഗികമായത് സൗരവൈദ്യുതി ഉത്പാദനമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. വേഗം ഉത്പാദനം തുടങ്ങാമെന്നതും ചെലവ് കുറവാണെന്നതും ഇതിന്റെ നേട്ടങ്ങളാണ്. പല അയല്‍സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ വന്‍പുരോഗതി നേടിക്കഴിഞ്ഞു. സൂര്യതാപത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിച്ചാല്‍ വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഉപയോഗം കുറയ്ക്കാം. വൈദ്യുതി ബോര്‍ഡ് നല്‍കുന്ന വൈദ്യുതിയും സൗരവൈദ്യുതിയും ഉള്‍പ്പെടുത്തിയുള്ള വിനിയോഗരീതിയും സംവിധാനവും വീടുകളില്‍ ഏര്‍പ്പെടുത്താനാവും. ഇങ്ങനെ വിവിധ ബദല്‍മാര്‍ഗങ്ങള്‍ തേടുന്നതിനൊപ്പം ഭരണച്ചെലവ് കുറയ്ക്കാനും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളും ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാകണം. ഉപയോഗം ചുരുക്കുന്നത് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് തുല്യമാണെന്ന സന്ദേശം ബോര്‍ഡ് പ്രചരിപ്പിക്കുന്നുണ്ട്. അതിനോട് ഉപഭോക്താക്കള്‍ പൊതുവെ സഹകരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍, വീണ്ടുമൊരു നിരക്കുവര്‍ധന ഒഴിവാക്കണം. ഇത്തരം കാര്യങ്ങളില്‍ സാങ്കേതികതയ്ക്കല്ല, ജനതാത്പര്യത്തിനാണ് കൂടുതല്‍ പരിഗണന കിട്ടേണ്ടത്.

No comments:

Post a Comment