Sunday, January 13, 2013

മുഖപ്രസംഗം January 13 -2013

മുഖപ്രസംഗം January 13 -2013
  1. സ്‌കൂള്‍ കലോത്സവത്തിന്റെ ദീപം മങ്ങാതിരിക്കട്ടെ - mathrubhumi സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ മലപ്പുറത്ത് തിരിതെളിയുകയാണ്. പതിനായിരത്തിലേറെ കൊച്ചുപ്രതിഭകളാണ് സംസ്ഥാനതലത്തില്‍ വിവിധയിനങ്ങളിലായി തങ്ങളുടെ മികവ് തെളിയിക്കാനെത്തുന്നത്.  സമരത്തിന്റെ ഭാഗമായി ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍പ്പോലും അധ്യാപകരടക്കമുള്ളവര്‍ കലോത്സവനടത്തിപ്പുമായി സഹകരിക്കണം.  1956- 57ലാണ് സംസ്ഥാനയുവജനോത്സവത്തിന്റെ തുടക്കം.ആദ്യകാലത്ത് ഒറ്റദിവസംകൊണ്ട് പൂര്‍ത്തിയായിരുന്ന മത്സരങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ വിപുലമായി. 15-ലധികംവേദികളിലായിഏഴുദിവസം നീളുന്നതാണ് ഇത്തവണത്തെ യുവജനോത്സവത്തിലെ മത്സരങ്ങളും അതോടൊപ്പമുള്ള പരിപാടികളും.
  2. നിഷ്കാസിത - madhyamam (വാര്‍ത്തകളിലെ വ്യക്തി ) മുഴുവന്‍ പേര് ഷിരാനിക്കുപോലും നിശ്ചയമുണ്ടാവില്ല. ഉപതിസ അട്ടപ്പാട്ടു ബണ്ഡാരനായകെ വസാല മുടിയാന്‍സെ റാലഹാമിലേജ് ഷിരാനി അന്‍ഷുമാല ബണ്ഡാരനായകെ എന്നാണ് മുഴുവന്‍ പേര്. 1958 ഏപ്രിലില്‍ കുറുനെഗലയില്‍ ജനനം. വില്‍സണ്‍ ബണ്ഡാരനായകയുടെയും ഫ്ളോറയുടെയും മകള്‍. രണ്ടുപേരും അധ്യാപകരായിരുന്നു. ഒരു സഹോദരിയുണ്ട് -രേണുക. ആസ്ട്രേലിയയില്‍ താമസിക്കുന്ന എന്‍ജിനീയറാണ്. ഷിരാനിയുടെ ചെറുപ്പത്തില്‍ പിതാവിന് ജോലി പലയിടങ്ങളിലായിരുന്നതിനാല്‍ പല സ്ഥലങ്ങളിലെ സ്കൂളുകളിലാണ് പഠിച്ചത്. അനുരാധപുര സെന്‍ട്രല്‍ കോളജില്‍നിന്ന് 1976ല്‍ ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എജുക്കേഷന്‍ പാസായി. 1980ല്‍ കൊളംബോ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം നേടി. 1983 ഒക്ടോബറില്‍ ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും നേടി. 1986ല്‍ ലണ്ടന്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് പൊതുനിയമത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. കൊളംബോ സര്‍വകലാശാലയില്‍ വിസിറ്റിങ് ലെക്ചററായിരുന്നു. 1987ല്‍ നിയമപഠനവകുപ്പിന്‍െറ അധ്യക്ഷയായി. 1992ല്‍ ഡീന്‍ ആയി. 1996ല്‍ സുപ്രീംകോടതിയില്‍ നിയമിച്ചത് പ്രസിഡന്‍റ് ചന്ദ്രിക കുമരതുംഗെ. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ആയത് അങ്ങനെ



നിഷ്കാസിത
നിഷ്കാസിത
പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുത്തുകൂടാ എന്നൊരു ചൊല്ലുണ്ട്. തുനിഞ്ഞിറങ്ങുന്ന പെണ്ണിനെ സൃഷ്ടിച്ചവന്‍ വിചാരിച്ചാലും തടയാനാവില്ല എന്നാണ് ഈ പഴഞ്ചൊല്ലിന്‍െറ ഉപജ്ഞാതാവ് ഉദ്ദേശിച്ചത്.  ചോര ചിന്തിയ ദ്വീപിലെ ആദ്യവനിതാ ചീഫ് ജസ്റ്റിസ് ഷിരാനി ബണ്ഡാരനായകെ ഒരുമ്പെട്ടിറങ്ങിയത് രാജപക്സെ ഭരണകൂടത്തിന് ഒട്ടും ദഹിച്ചില്ല. ബ്രഹ്മാവ് വിചാരിച്ചാല്‍ നടക്കാത്ത കാര്യത്തിന് ശ്രീലങ്കന്‍ പാര്‍ലമെന്‍റ് തുനിഞ്ഞിറങ്ങിയപ്പോള്‍ പുറത്തായത് ദ്വീപ് രാഷ്ട്രത്തിന്‍െറ 33ാമത് ചീഫ് ജസ്റ്റിസ്. ചോദ്യം ചെയ്യപ്പെട്ടത് നീതിന്യായ സംവിധാനത്തിന്‍െറ സ്വാതന്ത്ര്യം.
ഷിരാനി എന്ന 54കാരി എന്തുകൊണ്ട് വിവാദങ്ങളുടെ കേന്ദ്രബിന്ദുവാകുന്നു എന്ന ചോദ്യമുയരുന്നുണ്ട്. ദ്വീപ്രാഷ്ട്രത്തിന്‍െറ തലപ്പത്തിരിക്കുന്നവര്‍ക്ക് തലവേദനയായിരുന്നു അവര്‍. പ്രസിഡന്‍റ് മഹിന്ദ രാജപക്സെയുടെ ഇളയസഹോദരന്‍ ബാസില്‍ സാമ്പത്തിക വികസനമന്ത്രിയാണ്. അയാള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കാതെ ആ നീക്കം പൊളിച്ചതാണ് ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. കുറ്റങ്ങള്‍ പിന്നാലെ വന്നു; കുറ്റവിചാരണയും. ഔദ്യാഗികപദവി ദുരുപയോഗം, സാമ്പത്തികക്രമക്കേട് എന്നിവയാണ് മറ്റു പ്രധാനകുറ്റങ്ങള്‍. അനധികൃത വസ്തുകൈമാറ്റം, ബാങ്ക് അക്കൗണ്ടുകള്‍ രഹസ്യമാക്കിവെക്കല്‍ തുടങ്ങി വേറെയുമുണ്ട് ആരോപണങ്ങള്‍. ആരോപണങ്ങളെല്ലാം ഷിരാനി നിഷേധിച്ചിട്ടുണ്ട്. സിവില്‍ സമൂഹവും അഭിഭാഷകരും പറയുന്നത് നിയമസംവിധാനത്തെ വരുതിയില്‍ നിര്‍ത്താനുള്ള പാര്‍ലമെന്‍റിന്‍െറ നീക്കമാണ് ഇതെന്നാണ്. കുറ്റവിചാരണ നടപടി നിയമവിരുദ്ധമാണെന്ന് രണ്ട് കോടതി ഉത്തരവുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ പ്രതികാരനടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു. ഭരണഘടനാവിരുദ്ധമായ വിദ്വേഷമാണ് ഭരണകൂടം കാട്ടിയത് എന്ന് ഷിരാനിയുടെ അനുയായികള്‍. സര്‍ക്കാര്‍ തുറന്നിടുന്നത് അരാജകത്വത്തിന്‍െറ വഴികളാണ്. ഇപ്പോള്‍തന്നെ സുപ്രീംകോടതിയുടെയും അപ്പീല്‍കോടതിയുടെയും ഉത്തരവുകള്‍ മറികടന്നുകൊണ്ടാണ് ഭരണകൂടം മുന്നോട്ടുപോവുന്നത്. ഷിരാനിയായിരുന്നു ഇത്രയുംനാള്‍ വലിയ പ്രതിബന്ധം. ആ തടസ്സം നീങ്ങിയിരിക്കുന്നു. അപ്പീല്‍കോടതി ബെഞ്ചിലുള്ള രണ്ട് ജഡ്ജിമാര്‍ തങ്ങള്‍ക്ക് വധഭീഷണിയുള്ളതായി വെളിപ്പെടുത്തിയതും ഇതോട് ചേര്‍ത്തുവായിക്കണം. മറ്റൊരു മുതിര്‍ന്ന ജഡ്ജിക്കും സമാനമായ അനുഭവമുണ്ടായി. നിയമസംവിധാനത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് നല്ല നടപടിയല്ലെന്ന് തുറന്നപറഞ്ഞ ജഡ്ജി കഴിഞ്ഞ ഒക്ടോബറില്‍ ദുരൂഹസാഹര്യത്തില്‍ ക്രൂരമായി മര്‍ദിക്കപ്പെട്ടു. കൊളംബോയുടെ തെരുവുകളില്‍ നിറയെ നാഥനില്ലാത്ത അജ്ഞാത പോസ്റ്ററുകളാണ്. ഷിരാനിയെ വഞ്ചകി എന്ന് വിശേഷിപ്പിക്കുന്നു അവ. തമിഴ്പുലികളുമായി ബന്ധമുള്ളവള്‍ എന്ന ആരോപണവുമുണ്ട് പോസ്റ്ററുകളില്‍. ഭരണപക്ഷകക്ഷിയുടെ അനുയായികളെയും തമിഴ്പുലികളെ എതിര്‍ക്കുന്നവരെയും ഷിരാനിക്ക് എതിരെ തിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ അജ്ഞാതകര്‍ത്തൃകങ്ങളായ പോസ്റ്ററുകള്‍.
പാര്‍ലമെന്‍റ് സെലക്ട് കമ്മിറ്റിയാണ് ഇംപീച്ച്മെന്‍റ് വാദംകേള്‍ക്കല്‍ നടത്തിയത്. അതിലെ ഭരണകക്ഷി അംഗങ്ങള്‍ ഷിരാനിക്ക് എതിരെ അസഭ്യം ചൊരിയുകയായിരുന്നു. ഭ്രാന്തിപ്പെണ്ണ് എന്നാണ് അവര്‍ ഷിരാനിയെ വിളിച്ചത്. നീതിയുക്തമായ വാദം കേള്‍ക്കല്‍ തന്‍െറ കാര്യത്തില്‍ ഉണ്ടായില്ലെന്ന് പരാതിപ്പെട്ട ഷിരാനി വാദംകേള്‍ക്കല്‍ പാതിവഴിയില്‍നിര്‍ത്തി ഇറങ്ങിപ്പോരുകയായിരുന്നു. തനിക്കെതിരെ ഉന്നയിച്ച 14 കുറ്റങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പറഞ്ഞെങ്കിലും അവര്‍ അതിനു തയാറായില്ലെന്ന് ഷിരാനി പറയുന്നു. സാക്ഷികളെ ക്രോസ്വിസ്താരം ചെയ്യാനും പാര്‍ലമെന്‍റ് സെലക്ട് കമ്മിറ്റി തയാറായില്ല. ആയിരംപേജുള്ള കുറ്റാരോപണരേഖകള്‍ നല്‍കി 24 മണിക്കൂറിനകം മറുപടി കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു അവര്‍. നീതിയുക്തമായ വാദംകേള്‍ക്കല്‍ നടത്താന്‍ അവര്‍ക്കു താല്‍പര്യമില്ലായിരുന്നുവെന്ന് വ്യക്തം. ഭരണകക്ഷി എം.പിമാരാണ് പാനലില്‍ ഭൂരിപക്ഷവും. അവരില്‍നിന്ന് അത്രയേ നീതി പ്രതീക്ഷിക്കാന്‍ പറ്റൂ. ഒടുവില്‍ സെലക്ട് കമ്മിറ്റി കണ്ടെത്തിയത്, ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ നാലെണ്ണം ശരിയാണെന്നാണ്. എന്നാല്‍, സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി പറഞ്ഞു. ഇംപീച്ച്മെന്‍റ് നിര്‍ദേശത്തില്‍ പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചയില്‍ ചീഫ് ജസ്റ്റിസിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഭരണഘടനാ വിരുദ്ധമാണെന്ന് ഭരണഘടന ഉദ്ധരിച്ച് പ്രതിപക്ഷം വാദിക്കുകയും ചെയ്തു. എന്നാല്‍, എല്ലാ തടസ്സവാദങ്ങളും തള്ളിക്കളഞ്ഞ് സ്പീക്കര്‍ വോട്ടെടുപ്പിന് അനുമതി നല്‍കി. പാര്‍ലമെന്‍റില്‍ ഭരണപക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്നതിനാല്‍ ഇംപീച്ച്മെന്‍റ് നിര്‍ദേശം പാസാകുമെന്ന് ഉറപ്പായിരുന്നു. അങ്ങനെ ഷിരാനി പുറത്തായി.
മുഴുവന്‍ പേര് ഷിരാനിക്കുപോലും നിശ്ചയമുണ്ടാവില്ല. ഉപതിസ അട്ടപ്പാട്ടു ബണ്ഡാരനായകെ വസാല മുടിയാന്‍സെ റാലഹാമിലേജ് ഷിരാനി അന്‍ഷുമാല ബണ്ഡാരനായകെ എന്നാണ് മുഴുവന്‍ പേര്. 1958 ഏപ്രിലില്‍ കുറുനെഗലയില്‍ ജനനം. വില്‍സണ്‍ ബണ്ഡാരനായകയുടെയും ഫ്ളോറയുടെയും മകള്‍. രണ്ടുപേരും അധ്യാപകരായിരുന്നു. ഒരു സഹോദരിയുണ്ട് -രേണുക. ആസ്ട്രേലിയയില്‍ താമസിക്കുന്ന എന്‍ജിനീയറാണ്. ഷിരാനിയുടെ ചെറുപ്പത്തില്‍ പിതാവിന് ജോലി പലയിടങ്ങളിലായിരുന്നതിനാല്‍ പല സ്ഥലങ്ങളിലെ സ്കൂളുകളിലാണ് പഠിച്ചത്. അനുരാധപുര സെന്‍ട്രല്‍ കോളജില്‍നിന്ന് 1976ല്‍ ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എജുക്കേഷന്‍ പാസായി. 1980ല്‍ കൊളംബോ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം നേടി. 1983 ഒക്ടോബറില്‍ ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും നേടി. 1986ല്‍ ലണ്ടന്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് പൊതുനിയമത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. കൊളംബോ സര്‍വകലാശാലയില്‍ വിസിറ്റിങ് ലെക്ചററായിരുന്നു. 1987ല്‍ നിയമപഠനവകുപ്പിന്‍െറ അധ്യക്ഷയായി. 1992ല്‍ ഡീന്‍ ആയി. 1996ല്‍ സുപ്രീംകോടതിയില്‍ നിയമിച്ചത് പ്രസിഡന്‍റ് ചന്ദ്രിക കുമരതുംഗെ. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ആയത് അങ്ങനെ. ഒരിക്കലും ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടില്ല. ഒരിക്കലും നിയമം പ്രാക്ടീസ് ചെയ്തിട്ടുമില്ല. സുപ്രീംകോടതിയിലെ നിയമനം അതുകൊണ്ടുതന്നെ അഭിഭാഷകലോകത്ത് എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. പലസമയങ്ങളിലും ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി. 2011ല്‍ ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെട്ടു.
മുന്‍ കോര്‍പറേറ്റ് എക്സിക്യൂട്ടിവ് പ്രദീപ് കാര്യാവാസമാണ് ഭര്‍ത്താവ്. ഷവീന്‍ ഏകമകന്‍. ഭര്‍ത്താവും ഒരു വിവാദപുരുഷനാണ്. 2009ല്‍ ശ്രീലങ്കന്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന പേര്. ശ്രീലങ്ക ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ബോര്‍ഡ് ചെയര്‍മാനായിരുന്നു. ഒരു സ്വകാര്യ കമ്പനിക്ക് 72 ലക്ഷത്തിന്‍െറ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചതിന്‍െറ പേരില്‍ തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്യപ്പെട്ടു. പിന്നീട് നാഷനല്‍ സേവിങ്സ് ബാങ്ക് ചെയര്‍മാനായി. പെരുപ്പിച്ച വിലക്ക് ധനകാര്യ കമ്പനിയില്‍ ഓഹരിയെടുത്തതും മറ്റുക്രമക്കേടുകളും വിവാദത്തിനു വഴിവെച്ചു. പ്രദീപിന്‍െറ രാജിക്കായി മുറവിളി മുഴങ്ങി. കഴിഞ്ഞ വര്‍ഷം മേയില്‍ പ്രദീപ് രാജിവെച്ച് ഒഴിഞ്ഞു. ഷിരാനിയുടെ പക്ഷം ആരും കേട്ടിട്ടില്ല. പൗരാവകാശപ്രവര്‍ത്തകരും അഭിഭാഷകരും ചില സ്വതന്ത്ര ചിന്തകരും മാത്രമാണ് അവര്‍ക്കുവേണ്ടി ശബ്ദിച്ചത്. ഷിരാനിയുടെ ഭാഗമാണ് ശരിയെങ്കില്‍ ദ്വീപ്രാഷ്ട്രത്തില്‍ മുഴങ്ങുന്നത് ജനാധിപത്യത്തിന്‍െറ മരണമണിയാണ്.

സ്‌കൂള്‍ കലോത്സവത്തിന്റെ ദീപം മങ്ങാതിരിക്കട്ടെ

Newspaper Edition
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ മലപ്പുറത്ത് തിരിതെളിയുകയാണ്. പതിനായിരത്തിലേറെ കൊച്ചുപ്രതിഭകളാണ് സംസ്ഥാനതലത്തില്‍ വിവിധയിനങ്ങളിലായി തങ്ങളുടെ മികവ് തെളിയിക്കാനെത്തുന്നത്. എന്നാല്‍ സ്‌കൂള്‍ അധ്യാപകരുള്‍പ്പെടെ ഒരു വിഭാഗം സര്‍ക്കാര്‍ജീവനക്കാര്‍ സമരത്തിലാണെന്നത് കലോത്സവത്തിന്റെ നടത്തിപ്പിന്റെ കാര്യത്തില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്. സമരംമൂലം പല സ്‌കൂളുകളിലും പഠനത്തിന് തടസ്സം നേരിട്ടിട്ടുണ്ട്. അതിനുപുറമേ കലോത്സവനടത്തിപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സമരം ചെയ്യുന്ന ചില അധ്യാപകസംഘടനകളുടെ നിലപാട് എന്നറിയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒട്ടേറെ കുട്ടികളാണ് മാസങ്ങള്‍ നീണ്ട പരിശീലനത്തിലൂടെ ഉത്സാഹത്തോടെ ഇതിനായി ഒരുങ്ങുന്നത്. കലോത്സവത്തിന്റെ നടത്തിപ്പില്‍ എന്തെങ്കിലും പാകപ്പിഴകള്‍ വന്നാല്‍ അത് ഈ കുട്ടികളെ നിരാശരാക്കും. അതിനുകാരണമാകുന്ന നടപടി ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. സമരത്തിന്റെ ഭാഗമായി ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍പ്പോലും അധ്യാപകരടക്കമുള്ളവര്‍ കലോത്സവനടത്തിപ്പുമായി സഹകരിക്കണം. 

1956- 57ലാണ് സംസ്ഥാനയുവജനോത്സവത്തിന്റെ തുടക്കം.ആദ്യകാലത്ത് ഒറ്റദിവസംകൊണ്ട് പൂര്‍ത്തിയായിരുന്ന മത്സരങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ വിപുലമായി. 15-ലധികംവേദികളിലായിഏഴുദിവസം നീളുന്നതാണ് ഇത്തവണത്തെ യുവജനോത്സവത്തിലെ മത്സരങ്ങളും അതോടൊപ്പമുള്ള പരിപാടികളും. വിവിധ വേദികളിലായി മത്സരയിനങ്ങള്‍ സമയക്രമം തെറ്റാതെ നടത്തുകയെന്നത് എളുപ്പമല്ല. പതിനായിരത്തിലധികം പേര്‍ക്ക് ഒരാഴ്ച ഭക്ഷണവും താമസസൗകര്യവും ഒരുക്കുകയെന്നത് അതിനേക്കാള്‍ ശ്രമകരമാണ്. അധ്യാപകരും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരുമുള്‍പ്പെടെ ഒട്ടേറെപ്പേരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇത് സുഗമമായി നടത്താന്‍ സാധിക്കൂ. കലോത്സവമത്സരങ്ങളുടെ നടത്തിപ്പില്‍ മാത്രമല്ല അധ്യാപകര്‍ക്ക് പങ്കാളിത്തമുള്ളത്. നൃത്തമായാലും സംഗീതമായാലും നാടകമായാലും പരിശീലനഘട്ടം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സഹായ, സഹകരണങ്ങള്‍ നല്‍കുന്നത് അധ്യാപകരാണ്. സ്‌കൂള്‍ തലം മുതല്‍ റവന്യൂ ജില്ലാതലം വരെയുള്ള മത്സരം കഴിഞ്ഞാണ് മികവുതെളിയിച്ചവര്‍ സംസ്ഥാനതലത്തിലെത്തുന്നത്. 

സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളെ സംസ്ഥാനമത്സരവേദിയില്‍ എത്തിക്കുന്ന ചുമതലയും പലേടത്തും അധ്യാപകര്‍ക്കാണ്. സാമ്പത്തികപരാധീനതകളില്ലാത്ത കുട്ടികളെ അവരുടെ രക്ഷിതാക്കള്‍ സര്‍വസന്നാഹങ്ങളുമായി മത്സരവേദിയിലെത്തിച്ചെന്നുവരും. കലോത്സവവുമായി സഹകരിക്കുന്നതില്‍ നിന്ന് അധ്യാപകര്‍ വിട്ടുനില്‍ക്കുകയാണെങ്കില്‍ കഷ്ടത്തിലാകുന്നത് പാവപ്പെട്ടവരുടെ മക്കളാവും. പല കുട്ടികളും നാട്ടുകാരുടെ സാമ്പത്തികസഹായത്തോടെയാണ് കലോത്സവത്തിന് തയ്യാറെടുക്കുന്നത്. ഇവര്‍ വേദിയിലെത്തുന്നത് അതത് സ്‌കൂളിലെ അധ്യാപകരുടെ കൂടെയാണ്. സമരം ഇത്തരം കാര്യങ്ങള്‍ക്കും തടസ്സമാകാതെ നോക്കണം. കുട്ടികള്‍ മാസങ്ങളായി നടത്തുന്ന പരിശീലനവും പരിശ്രമവും പാഴായിപ്പോകരുത്. സ്‌കൂള്‍ യുവജനോത്സവത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ, സംഘടനാ ഭേദമില്ലാതെ എല്ലാവരും ഒത്തൊരുമിച്ചു 
പ്രവര്‍ത്തിച്ച ചരിത്രമാണ് ഇതുവരെയുള്ളത്. ഇത്തവണയും ആ സഹകരണം ഉണ്ടാകണം. മത്സരത്തിന്റെ വൈപുല്യംകൊണ്ടും വൈവിധ്യംകൊണ്ടും പങ്കെടുക്കുന്നവരുടെ എണ്ണംകൊണ്ടും ഏഷ്യയിലെ തന്നെ ഏറ്റവും 
വലിയ കലോത്സവമെന്ന പേര് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിനുണ്ട്. ഇതിന്റെ പൊലിമയും പ്രശസ്തിയും നിലനിര്‍ത്തുക തന്നെ വേണം.

No comments:

Post a Comment