Wednesday, January 23, 2013

മുഖപ്രസംഗം January 23 -2013

മുഖപ്രസംഗം January 23 -2013
1. ഷിന്‍ഡെ പറഞ്ഞ നേര്  (മാധ്യമം)

രാജ്യത്ത് ബി.ജെ.പിയും ആര്‍.എസ്.എസും ഹിന്ദു ഭീകരവാദം വളര്‍ത്തുകയാണെന്നും അതിനായി പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതായി അന്വേഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഷിന്‍ഡെ ചൂണ്ടിക്കാട്ടിയത്. രണ്ടു സംഘടനകളുടെയും ഭീകരപ്രവര്‍ത്തനങ്ങളെപ്പറ്റി സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഝോത എക്സ്പ്രസ്, ഹൈദരാബാദിലെ മക്കാ മസ്ജിദ്, മാലേഗാവ് എന്നിവിടങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തിയശേഷം കുറ്റം ന്യൂനപക്ഷ സമുദായത്തിന്‍െറ പേരില്‍ ചുമത്തുകയായിരുന്നുവെന്ന് തന്‍െറ പ്രസ്താവനക്ക് ഉപോദ്ബലകമായി ആഭ്യന്തരമന്ത്രി എടുത്തുകാട്ടുകയും ചെയ്തു. സാധ്വി പ്രജ്ഞ സിങ് താക്കൂറിന്‍െറ നേതൃത്വത്തിലും കേണല്‍ ശ്രീകാന്ത് പുരോഹിതിന്‍െറ കാര്‍മികത്വത്തിലും നടത്തപ്പെട്ട സൈനിക ക്യാമ്പുകളില്‍ പരിശീലനം നേടിയ ഹിന്ദുത്വ ഭീകരരാണ് മാലേഗാവ് സ്ഫോടനത്തിന് ഉത്തരവാദികളെന്നും അവര്‍ കൃത്യം നിറവേറ്റിയശേഷം നിരപരാധികളായ മുസ്ലിം യുവാക്കളെ പ്രതികളാക്കാന്‍ ചരടുവലിക്കുകയായിരുന്നു എന്നും എ.ടി.എസ് കണ്ടെത്തുകയുണ്ടായി.  രാജ്യത്തെ വിറങ്ങലിപ്പിച്ച വര്‍ഗീയ കലാപങ്ങളെക്കുറിച്ചന്വേഷിച്ച മുഴുവന്‍ കമീഷനുകളും അസന്ദിഗ്ധമായി അനാവരണം ചെയ്ത സത്യം അവയില്‍ സംഘ്പരിവാറിന്‍െറ അനിഷേധ്യ പങ്കാണ്. ഒടുവില്‍ ബാബരി മസ്ജിദ് ധ്വംസനത്തെക്കുറിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍ കമീഷനും അതിന് അടിവരയിട്ടു. ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കുന്നതും ചരിത്രപ്രധാനമായ മസ്ജിദ് നിലംപരിശാക്കുന്നതുമൊന്നും ഭീകരതയല്ലെങ്കില്‍ പിന്നെ എന്താണ് ഭീകരത?   രാജ്യത്ത് തീവ്ര ഹിന്ദുത്വശക്തികള്‍ പിടിമുറുക്കാനുള്ള യഥാര്‍ഥ കാരണം മതേതര കോണ്‍ഗ്രസിന്‍െറ ചാഞ്ചല്യവും ഭീരുത്വവുംതന്നെ.

2. ജനങ്ങളുടെ യാത്ര മുടക്കരുത്‌ (മാതൃഭൂമി)

ലാഭകരമല്ലാത്ത സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നതിന് സര്‍ക്കാറിന്റെ അംഗീകാരം തേടാന്‍ കെ.എസ്.ആര്‍ .ടി.സി. തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നു. പതിനായിരം രൂപ പ്രതിദിന വരുമാനമില്ലാത്ത 1700 ഓളം സര്‍വീസുകള്‍ ഡീസല്‍ സബ്‌സിഡി പുനഃസ്ഥാപിക്കുന്നതുവരെ നിര്‍ത്തിവെക്കാനാണ് നീക്കം. ഡീസലിന് വില കൂട്ടുകയും വന്‍കിട ഉപഭോക്താക്കള്‍ക്ക് ഡീസല്‍ സബ്‌സിഡി നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തതോടെ കെ.എസ്.ആര്‍.ടി.സി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായെന്നാണ് റിപ്പോര്‍ട്ട്.  ഡീസല്‍ സബ്‌സിഡി ഇല്ലാതാകുന്നത് കോര്‍പ്പറേഷനെ കാര്യമായി ബാധിക്കും. എന്നാല്‍ , അതിന് പരിഹാരം തേടുന്നത് ജനങ്ങളുടെ യാത്രാസൗകര്യം കുറച്ചുകൊണ്ടാവരുത്. ജനസേവനം കൂടി ലക്ഷ്യമാക്കിയിട്ടുള്ള കെ.എസ്.ആര്‍.ടി.സി.ക്ക് ഡീസല്‍ സബ്‌സിഡി പോലുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടരുത്. അത് തുടര്‍ന്നും ലഭ്യമാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണം. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ട സ്ഥിതി ഒഴിവാക്കാന്‍ വേണ്ട സഹായവും കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കണം.

3. സ്മാര്‍ട്ടായി വേഗം മുന്നോട്ടുപോകട്ടെ (മനോരമ) 

ഏക സെസ് (പ്രത്യേക സാമ്പത്തിക മേഖല) പദവിക്കു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചതോടെ സ്മാര്‍ട് സിറ്റി പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള വലിയ കടമ്പകള്‍ വഴിമാറുകയാണ്. ആദ്യ ഐടി മന്ദിരത്തിന്റെ നിര്‍മാണം തുടങ്ങുന്നതിനു സ്മാര്‍ട് സിറ്റി പ്രമോട്ടര്‍മാരായ ടീകോമിനു മുന്നില്‍ ഇനി കാര്യമായ തടസ്സങ്ങളൊന്നുമില്ല.  ഭരണപരമായ സൌകര്യമാണ് ഏക സെസ് ലഭിച്ചതു മൂലമുള്ള പ്രധാന നേട്ടം. സാമൂഹിക അടിസ്ഥാന സൌകര്യങ്ങളുടെ ഭാഗമായുള്ള ഹോട്ടലുകളും അപ്പാര്‍ട്മെന്റുകളും ഷോപ്പിങ് മാളുകളും പല സ്ഥലത്തായി ചിതറിപ്പോകാതെ ഒരേ സ്ഥലത്തു നിര്‍മിക്കാം. നിര്‍മാണച്ചെലവു കുറയ്ക്കാനും കഴിയും. ഒറ്റ സെസായതുകൊണ്ടു ഭാവി വികസനം കൂടുതല്‍ എളുപ്പമാകും. കൂടുതല്‍ നികുതി ഇളവുകളും ലഭിക്കും. 



ഷിന്‍ഡെ പറഞ്ഞ നേര്  (മാധ്യമം)

ജയ്പൂരില്‍ നടന്ന എ.ഐ.സി.സിയുടെ ചിന്തന്‍ ശിബിരിനെ അഭിസംബോധന ചെയ്യവെ, കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഒരു സത്യം പറഞ്ഞു. രാജ്യത്ത് ബി.ജെ.പിയും ആര്‍.എസ്.എസും ഹിന്ദു ഭീകരവാദം വളര്‍ത്തുകയാണെന്നും അതിനായി പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതായി അന്വേഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഷിന്‍ഡെ ചൂണ്ടിക്കാട്ടിയത്. രണ്ടു സംഘടനകളുടെയും ഭീകരപ്രവര്‍ത്തനങ്ങളെപ്പറ്റി സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഝോത എക്സ്പ്രസ്, ഹൈദരാബാദിലെ മക്കാ മസ്ജിദ്, മാലേഗാവ് എന്നിവിടങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തിയശേഷം കുറ്റം ന്യൂനപക്ഷ സമുദായത്തിന്‍െറ പേരില്‍ ചുമത്തുകയായിരുന്നുവെന്ന് തന്‍െറ പ്രസ്താവനക്ക് ഉപോദ്ബലകമായി ആഭ്യന്തരമന്ത്രി എടുത്തുകാട്ടുകയും ചെയ്തു.
ഇന്ത്യയിലാര്‍ക്കും അറിയാത്ത ഒരുകാര്യം ആഭ്യന്തരമന്ത്രി ഷിന്‍ഡെ പുതുതായി വെളിപ്പെടുത്തിയതല്ല. മുംബൈ സ്ഫോടനത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് സൂക്ഷ്മമായ അന്വേഷണത്തിലൂടെ അനാവരണം ചെയ്ത വസ്തുതകള്‍ തന്നെയാണ് ഷിന്‍ഡെയുടെ പ്രസംഗത്തിന്‍െറ കാതല്‍ . സാധ്വി പ്രജ്ഞ സിങ് താക്കൂറിന്‍െറ നേതൃത്വത്തിലും കേണല്‍ ശ്രീകാന്ത് പുരോഹിതിന്‍െറ കാര്‍മികത്വത്തിലും നടത്തപ്പെട്ട സൈനിക ക്യാമ്പുകളില്‍ പരിശീലനം നേടിയ ഹിന്ദുത്വ ഭീകരരാണ് മാലേഗാവ് സ്ഫോടനത്തിന് ഉത്തരവാദികളെന്നും അവര്‍ കൃത്യം നിറവേറ്റിയശേഷം നിരപരാധികളായ മുസ്ലിം യുവാക്കളെ പ്രതികളാക്കാന്‍ ചരടുവലിക്കുകയായിരുന്നു എന്നും എ.ടി.എസ് കണ്ടെത്തുകയുണ്ടായി. തദ്ഫലമായി പ്രജ്ഞ സിങ് പ്രഭൃതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടതില്‍ പിന്നെയാണ് അജ്മീര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തല്‍ രാജ്യത്തെ ഞെട്ടിച്ചത്. ആര്‍.എസ്.എസ് കേന്ദ്ര പ്രവര്‍ത്തക സമിതി അംഗമായ ഇന്ദ്രേഷ്കുമാറാണ് മിക്ക സ്ഫോടനങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അജ്മീര്‍, മക്കാ മസ്ജിദ് സ്ഫോടനക്കേസുകളില്‍ പങ്കാളികളായ ലോകേഷ് ശര്‍മ, ദേവേന്ദ്ര ഗുപ്ത എന്നിവര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നും അസിമാനന്ദ, തന്നെ ചോദ്യംചെയ്ത സി.ബി.ഐ ഉദ്യോഗസ്ഥരോട് പറഞ്ഞു. മാലേഗാവ് സ്ഫോടനത്തില്‍ പങ്കാളിയായതിന്‍െറ പേരില്‍ അറസ്റ്റിലായ ദയാനന്ദ് പാണ്ഡെ, ആര്‍.എസ്.എസ് നേതാവടക്കമുള്ള ഹിന്ദുത്വ ഭീകരര്‍ക്ക് പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുള്ള കാര്യവും സി.ബി.ഐയോട് തുറന്നുപറഞ്ഞിട്ടുണ്ട്. ഈ യാഥാര്‍ഥ്യങ്ങളെല്ലാം നന്നായറിയാവുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി സംഘ്പരിവാറിന്‍െറ ഭീകരപരിശീലന പരിപാടിയെപ്പറ്റി തുറന്നടിക്കാന്‍ തെരഞ്ഞെടുത്ത വേദിയും സമയവും തീര്‍ച്ചയായും രാഷ്ട്രീയ പ്രചോദിതമാവാം. കോണ്‍ഗ്രസിന്‍െറ മുഖ്യപ്രതിയോഗിയായി ബി.ജെ.പി 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് നോമിനിയായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ മുന്നില്‍ നിര്‍ത്തി പ്രചാരണത്തിന് വട്ടംകൂട്ടുമ്പോള്‍ മര്‍മത്തിലടിക്കേണ്ട ബാധ്യത പാര്‍ട്ടിക്കുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നുണ്ടാവാം. ഒപ്പം കോണ്‍ഗ്രസിനെ അധികാരത്തിലേറ്റുന്നതില്‍ എന്നും നിര്‍ണായക പങ്കുവഹിച്ചുവന്ന ഏറ്റവും വലിയ ന്യൂനപക്ഷത്തെ പാര്‍ട്ടിയോടടുപ്പിക്കുക എന്ന ലക്ഷ്യവുമുണ്ടാവാം. സത്യം വെളിപ്പെട്ട ശേഷവും കാരാഗൃഹത്തില്‍ അടച്ചിടപ്പെട്ട നിരപരാധികളായ മുസ്ലിം യുവാക്കളെ പുറത്തുവിടുന്നതിലോ യഥാര്‍ഥ ഭീകരരെ നീതിപീഠത്തിന്‍െറ മുന്നില്‍ ഹാജരാക്കുന്നതിലോ ജാഗ്രത പുലര്‍ത്താത്ത മൃദുഹിന്ദുത്വത്തില്‍ അഭിരമിക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ രാഷ്ട്രീയപ്രേരിതം എന്നത് വെറും ഒരാരോപണമല്ല.
എന്നാല്‍ , കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയോടെ സംഘ്പരിവാര്‍ പ്രതിരോധത്തിലാവുകയല്ല, പ്രത്യാക്രമണം മൂര്‍ച്ഛകൂട്ടുന്നതിന് അവര്‍ അവസരം ഉപയോഗപ്പെടുത്തുകയാണെന്നത് ശ്രദ്ധേയമാണ്. ‘ദേശാഭിമാനികളെ ഭീകരരാക്കുന്ന സര്‍ക്കാറിനും പാര്‍ട്ടിക്കുമെതിരെ’ ദേശവ്യാപകമായി കാമ്പയിന്‍ നടത്താനാണ് അവരുടെ തീരുമാനം. പറഞ്ഞ പരമാബദ്ധത്തിന്‍െറ പേരില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സോണിയ ഗാന്ധിയും മാപ്പുചോദിക്കണമെന്ന് ബി.ജെ.പി-ആര്‍ .എസ്.എസ് വന്‍തോക്കുകള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ഭാരതീയ സംസ്കൃതിയെയും പൈതൃകത്തെയും ദ്യോതിപ്പിക്കുന്ന കാവിയെ ഷിന്‍ഡെ അപമാനിച്ചുവത്രെ. ലശ്കറെ ത്വയ്യിബ മേധാവി ഹാഫിസ് മുഹമ്മദ് സഈദ് ഹിന്ദുത്വ സംഘടനകളെ നിരോധിക്കണമെന്നും ഭീകരരെ സംരക്ഷിക്കുന്ന രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടതോടെ കോണ്‍ഗ്രസിനെ ശരിക്കും പ്രതിരോധത്തിലാക്കാനുള്ള തീവ്രയത്നത്തിലാണ് കാവിപ്പട. തങ്ങളുടെ ചെയ്തികളാണ് പാക് ഭീകരര്‍ക്ക് ആയുധമായതെന്ന സത്യം അവര്‍ മറച്ചുപിടിക്കുന്നു. നേരത്തേ പിടിയിലായ ഹിന്ദുത്വ ഭീകരര്‍ക്ക് ഐ.എസ്.ഐ ബന്ധമുണ്ടെന്ന് വെളിപ്പെട്ട കാര്യവും അവര്‍ അവഗണിക്കുന്നു. ദേശാഭിമാനം ആരുടെയും കുത്തകയല്ല. ദേശാഭിമാനികളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ക്കൊക്കെ അതുണ്ടാവണം എന്നുമില്ല. യഥാര്‍ഥ സനാതന ഹിന്ദുവായിരുന്ന മഹാത്മാഗാന്ധിയുടെ നേരെ നിറയൊഴിച്ച ഭീകരരും അവകാശപ്പെട്ടിരുന്നത് ദേശസ്നേഹമാണ്. രാജ്യത്തെ വിറങ്ങലിപ്പിച്ച വര്‍ഗീയ കലാപങ്ങളെക്കുറിച്ചന്വേഷിച്ച മുഴുവന്‍ കമീഷനുകളും അസന്ദിഗ്ധമായി അനാവരണം ചെയ്ത സത്യം അവയില്‍ സംഘ്പരിവാറിന്‍െറ അനിഷേധ്യ പങ്കാണ്. ഒടുവില്‍ ബാബരി മസ്ജിദ് ധ്വംസനത്തെക്കുറിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍ കമീഷനും അതിന് അടിവരയിട്ടു. ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കുന്നതും ചരിത്രപ്രധാനമായ മസ്ജിദ് നിലംപരിശാക്കുന്നതുമൊന്നും ഭീകരതയല്ലെങ്കില്‍ പിന്നെ എന്താണ് ഭീകരത?
ആഭ്യന്തരമന്ത്രിയും കേന്ദ്രസര്‍ക്കാറും യു.പി.എയും വേണ്ടത് തീവ്രഹിന്ദുത്വത്തിനെതിരെ മുട്ടുമടക്കാതെ സുദൃഢമായ നിലപാടെടുക്കുകയാണെങ്കിലും കോണ്‍ഗ്രസ് ചകിതരായി പിന്നോട്ടടിക്കുന്ന ലക്ഷണമാണ് കാണുന്നത്. എ.ഐ.സി.സി വക്താവ് ജനാര്‍ദനന്‍ ദ്വിവേദിയുടെ ‘തിരുത്ത്’ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. രാജ്യത്ത് തീവ്ര ഹിന്ദുത്വശക്തികള്‍ പിടിമുറുക്കാനുള്ള യഥാര്‍ഥ കാരണം മതേതര കോണ്‍ഗ്രസിന്‍െറ ചാഞ്ചല്യവും ഭീരുത്വവുംതന്നെ.  പദ്ധതിപ്രദേശം വിഭജിച്ചൊഴുകുന്ന കടമ്പ്രയാറിനു കുറുകെ പാലം നിര്‍മിക്കാമെന്ന ഉറപ്പിലാണ് ഏക സെസായി അംഗീകരിക്കാന്‍ സെസ് ബോര്‍ഡ് ഒാഫ് അപ്രൂവല്‍ തയാറായത്. 

ജനങ്ങളുടെ യാത്ര മുടക്കരുത്‌ (മാതൃഭൂമി)


ലാഭകരമല്ലാത്ത സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നതിന് സര്‍ക്കാറിന്റെ അംഗീകാരം തേടാന്‍ കെ.എസ്.ആര്‍ .ടി.സി. തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നു. പതിനായിരം രൂപ പ്രതിദിന വരുമാനമില്ലാത്ത 1700 ഓളം സര്‍വീസുകള്‍ ഡീസല്‍ സബ്‌സിഡി പുനഃസ്ഥാപിക്കുന്നതുവരെ നിര്‍ത്തിവെക്കാനാണ് നീക്കം. ഡീസലിന് വില കൂട്ടുകയും വന്‍കിട ഉപഭോക്താക്കള്‍ക്ക് ഡീസല്‍ സബ്‌സിഡി നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തതോടെ കെ.എസ്.ആര്‍.ടി.സി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായെന്നാണ് റിപ്പോര്‍ട്ട്. ഇന്ധനവിലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് അനുകൂലമായ നയം സ്വീകരിച്ചതിന്റെ ദുഷ്ഫലവും ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. കേരളത്തിലെ യാത്രക്കാരില്‍ വലിയൊരു വിഭാഗം കെ.എസ്.ആര്‍.ടി.സി. ബസ്സുകളെയാണ് ആശ്രയിക്കുന്നത്. കോര്‍പ്പറേഷന്റെ എല്ലാ ബസ്സുകളും സര്‍വീസ് നടത്തിയാല്‍ തന്നെ പലേടത്തും കടുത്ത യാത്രാക്ലേശം അനുഭവപ്പെടുന്നുണ്ട്. ആ നിലയ്ക്ക് സര്‍വീസുകള്‍ വെട്ടിക്കുറച്ചാലുള്ള സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ.

ഡീസല്‍ സബ്‌സിഡി ഇല്ലാതായാല്‍ കെ.എസ്.ആര്‍.ടി.സി.യുടെ നഷ്ടം പ്രതിമാസം 80 കോടിയാകുമെന്ന് പറയുന്നു. ഈ സാഹചര്യത്തില്‍ പലേടത്തും സര്‍വീസുകള്‍ കുറച്ചതായാണ് റിപ്പോര്‍ട്ട്. ഇതും കോര്‍പ്പറേഷന്റെ വരുമാനം കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. ഇന്ധനവില അടിക്കടി വര്‍ധിച്ചതിനെത്തുടര്‍ന്ന് പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവരുടെ എണ്ണവും അടുത്തകാലത്ത് ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. സൗകര്യം, സുരക്ഷിതത്വം തുടങ്ങിയവ കണക്കിലെടുത്ത് കഴിയുന്നതും കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ മാത്രം യാത്രചെയ്യുന്നവരും ഒട്ടേറെയാണ്. പതിനായിരക്കണക്കിന് ജോലിക്കാരും വിദ്യാര്‍ഥികളും മറ്റും അവരിലുള്‍പ്പെടുന്നു. യാത്രക്കാരുടെ തിരക്കും ആവശ്യവും പരിഗണിച്ച് ഒട്ടേറെ റൂട്ടുകളില്‍ പലതരത്തിലുള്ള സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി. നടത്തിവരുന്നു. അടുത്തകാലത്തായി കെ.എസ്.ആര്‍.ടി.സി. ആരംഭിച്ച ലോ ഫ്‌ളോര്‍, എ.സി. സര്‍വീസുകളും അതിവേഗം പ്രചാരം നേടി. ഇങ്ങനെ നോക്കുമ്പോള്‍ പൊതുഗതാഗത രംഗത്ത് ഏറേ വികസന സാധ്യതകളുള്ള സ്ഥാപനമാണ് കെ.എസ്.ആര്‍ .ടി.സി. അവ പരമാവധി പ്രയോജനപ്പെടുത്തി കോര്‍പ്പറേഷനെ ലാഭകരമാക്കാനുള്ള പരിശ്രമങ്ങള്‍ വിജയം കണ്ടിട്ടില്ല.

എന്തായാലും ഡീസല്‍ സബ്‌സിഡി ഇല്ലാതാകുന്നത് കോര്‍പ്പറേഷനെ കാര്യമായി ബാധിക്കും. എന്നാല്‍ , അതിന് പരിഹാരം തേടുന്നത് ജനങ്ങളുടെ യാത്രാസൗകര്യം കുറച്ചുകൊണ്ടാവരുത്. ജനസേവനം കൂടി ലക്ഷ്യമാക്കിയിട്ടുള്ള കെ.എസ്.ആര്‍.ടി.സി.ക്ക് ഡീസല്‍ സബ്‌സിഡി പോലുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടരുത്. അത് തുടര്‍ന്നും ലഭ്യമാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണം. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ട സ്ഥിതി ഒഴിവാക്കാന്‍ വേണ്ട സഹായവും കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കണം. പതിനായിരം രൂപ വരെ പ്രതിദിന വരുമാനമില്ലാത്ത സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് കോര്‍പ്പറേഷന്‍ ആലോചിക്കുന്നതെന്നറിയുന്നു. ഇത് നടപ്പായാല്‍ പലേടത്തും യാത്രാപ്രശ്‌നം രൂക്ഷമാകും. കെ.എസ്.ആര്‍.ടി.സി.യുടെ പ്രവര്‍ത്തനം സേവനത്തിലും അധിഷ്ഠിതമാവണമെന്ന് അതിന്റെ ആദ്യകാല സാരഥികള്‍ തന്നെ നിഷ്‌കര്‍ഷിച്ചിരുന്നു. താരതമ്യേന വരുമാനം കുറഞ്ഞ ചില റൂട്ടുകളിലും കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തിപ്പോരുന്നത് അതുകൊണ്ടാണ്. ലാഭകരമായ റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുകയും വരുമാന വര്‍ധനയ്ക്ക് മറ്റു പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്ത് ഇത്തരം സേവനങ്ങള്‍ തുടരാന്‍ കഴിയണം. ജനങ്ങളുടെ വിഷമതകള്‍ കണക്കിലെടുത്ത്, കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് ഉണ്ടായേ മതിയാകൂ. വിലക്കയറ്റം കൊണ്ട് വീര്‍പ്പുമുട്ടുന്ന ജനങ്ങളുടെ യാത്രയും മുടക്കരുത്.

സ്മാര്‍ട്ടായി വേഗം മുന്നോട്ടുപോകട്ടെ (മനോരമ) 
ഏക സെസ് (പ്രത്യേക സാമ്പത്തിക മേഖല) പദവിക്കു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചതോടെ സ്മാര്‍ട് സിറ്റി പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള വലിയ കടമ്പകള്‍ വഴിമാറുകയാണ്. ആദ്യ ഐടി മന്ദിരത്തിന്റെ നിര്‍മാണം തുടങ്ങുന്നതിനു സ്മാര്‍ട് സിറ്റി പ്രമോട്ടര്‍മാരായ ടീകോമിനു മുന്നില്‍ ഇനി കാര്യമായ തടസ്സങ്ങളൊന്നുമില്ല. സ്മാര്‍ട് സിറ്റി പദ്ധതിപ്രദേശത്തിന് ഏക സെസ് പദവി ലഭിക്കാത്തതാണു നിര്‍മാണം ആരംഭിക്കാന്‍ വൈകുന്നതിനുള്ള കാരണമെന്ന നിലപാടിലായിരുന്നു ഇതുവരെ ടീകോം.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ഏക സെസ് പദവി ആവശ്യമാണെന്നു ടീകോം പലവട്ടം വ്യക്തമാക്കിയിരുന്നു. രണ്ടു സെസ് ആയാലും പ്രശ്നമില്ലെന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാരിന്റേത്. പദ്ധതി വൈകരുതെന്ന ഉറച്ച നിലപാടിലേക്കും സര്‍ക്കാര്‍ നീങ്ങിയിരുന്നു. അതിന്റെ തുടര്‍ച്ചപോലെ ഏക സെസ് പദവിയും അനുവദിക്കപ്പെട്ടതോടെ ഇനിയും മെല്ലെപ്പോക്കു തുടരാന്‍ ടീകോമിനു കഴിയില്ല. പദ്ധതിയുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത മിക്ക കാര്യങ്ങളും ഏറക്കുറെ നിറവേറ്റിക്കഴിഞ്ഞു.

ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കേണ്ടതു ടീകോമാണ്. ഭരണപരമായ സൌകര്യമാണ് ഏക സെസ് ലഭിച്ചതു മൂലമുള്ള പ്രധാന നേട്ടം. സാമൂഹിക അടിസ്ഥാന സൌകര്യങ്ങളുടെ ഭാഗമായുള്ള ഹോട്ടലുകളും അപ്പാര്‍ട്മെന്റുകളും ഷോപ്പിങ് മാളുകളും പല സ്ഥലത്തായി ചിതറിപ്പോകാതെ ഒരേ സ്ഥലത്തു നിര്‍മിക്കാം. നിര്‍മാണച്ചെലവു കുറയ്ക്കാനും കഴിയും. ഒറ്റ സെസായതുകൊണ്ടു ഭാവി വികസനം കൂടുതല്‍ എളുപ്പമാകും. കൂടുതല്‍ നികുതി ഇളവുകളും ലഭിക്കും.

പദ്ധതിയുടെ മാസ്റ്റര്‍ പ്ളാന്‍ നേരത്തേ തന്നെ ഏറക്കുറെ പൂര്‍ത്തിയായിരുന്നു. ഏക സെസ് അനുമതി ലഭിച്ചതോടെ അവസാനഘട്ട മിനുക്കുപണികള്‍ വേണ്ടിവരും. ഈ മാസം ദുബായിലും കൊച്ചിയിലുമായി ചേരുന്ന യോഗങ്ങളില്‍ മാസ്റ്റര്‍ പ്ളാന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. ഫെബ്രുവരിയില്‍ തന്നെ മാസ്റ്റര്‍ പ്ളാന്‍ പൂര്‍ത്തിയാകുമെന്നും സെസ് വിജ്ഞാപനം വരുമെന്നുമാണു പ്രതീക്ഷ. കെട്ടിടനിര്‍മാണം സംബന്ധിച്ച പരിസ്ഥിതി അനുമതികള്‍ക്കും കാലതാമസം ഉണ്ടാകില്ല. ഫലത്തില്‍ , രണ്ടോ മൂന്നോ മാസത്തിനകം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകും. സ്മാര്‍ട് സിറ്റി കമ്പനിയെ സംബന്ധിച്ചിടത്തോളം ഇപ്പോഴും കൊച്ചിയില്‍ സജീവമായ ഒാഫിസ് - ഭരണ സംവിധാനമില്ല.

സ്മാര്‍ട് സിറ്റി പവിലിയന്‍ എന്ന പേരില്‍ ഒരു കെട്ടിടം കഴിഞ്ഞ ജൂണില്‍ ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും പ്രധാന ചുമതലക്കാര്‍ ആരും അവിടെയില്ല. എത്രയുംപെട്ടെന്നു സിഇഒ ഉള്‍പ്പെടെയുള്ള സുപ്രധാന തസ്തികകളില്‍ നിയമനം നടത്തേണ്ടതുണ്ട്. രണ്ടു മാസത്തിനുള്ളില്‍ സിഇഒ നിയമനം നടത്താനാണു തീരുമാനം. പദ്ധതിപ്രദേശം വിഭജിച്ചൊഴുകുന്ന കടമ്പ്രയാറിനു കുറുകെ പാലം നിര്‍മിക്കാമെന്ന ഉറപ്പിലാണ് ഏക സെസായി അംഗീകരിക്കാന്‍ സെസ് ബോര്‍ഡ് ഒാഫ് അപ്രൂവല്‍ തയാറായത്.

18 മാസത്തിനുള്ളില്‍ പാലം നിര്‍മിക്കാമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം. ആകെ 246 ഏക്കര്‍ പദ്ധതിപ്രദേശത്തില്‍ 232 ഏക്കറിനാണ് ഏക സെസ് അനുമതി ലഭിച്ചത്. ശേഷിച്ച 14 ഏക്കറിന്റെ സെസ് പദവി സംബന്ധിച്ച തീരുമാനവും വൈകില്ലെന്നാണു പ്രതീക്ഷ. പദ്ധതിക്കായി കിന്‍ഫ്ര കൈമാറിയ ഈ സ്ഥലം കടമ്പ്രയാറിന്റെ ഒരുവശത്ത് ഒറ്റപ്പെട്ടു കിടക്കുകയാണ്. ഈ സ്ഥലവും മറ്റുള്ള ഭാഗങ്ങളുമായി ബന്ധിപ്പിക്കേണ്ടി വരും. കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനെക്കാളേറെ, പേരും പെരുമയുമുള്ള ഐടി, ഐടി അനുബന്ധ കമ്പനികളെ സ്മാര്‍ട് സിറ്റിയിലേക്ക് ആകര്‍ഷിക്കുക എന്ന വെല്ലുവിളിയാണു ടീകോമിനു മുന്നിലുള്ളത്.

ദുബായ് ആസ്ഥാനമായ ടീകോമും മാതൃസ്ഥാപനമായ ദുബായ് ഹോള്‍ഡിങ്സും രാജ്യാന്തര രംഗത്തുള്ള ബന്ധങ്ങളും സ്വാധീനവും ഉപയോഗിച്ചാല്‍ കൊച്ചിയിലേക്കു കൂടുതല്‍ ബഹുരാഷ്ട്ര ഐടി കമ്പനികളെത്തും. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന പരമപ്രധാന ലക്ഷ്യം നേടണമെങ്കില്‍ മികച്ച ഐടി കമ്പനികള്‍ സ്മാര്‍ട് സിറ്റിയില്‍ എത്തിയേ തീരൂ. 90,000 തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയില്‍ കേരളത്തിലെ യുവജനങ്ങള്‍ക്കു വന്‍ പ്രതീക്ഷയാണുള്ളത്. വിവാദങ്ങളും ആശയക്കുഴപ്പങ്ങളും മൂലം വര്‍ഷങ്ങള്‍ നഷ്ടമായ പദ്ധതിയെ സംബന്ധിച്ചിടത്തോളം ഇനിയൊരു വൈകല്‍ താങ്ങാന്‍ കഴിയില്ല. പദ്ധതി യഥാസമയം പൂര്‍ത്തിയാകുമെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം. എങ്കില്‍ മാത്രമേ, രണ്ടു വര്‍ഷത്തിനുള്ളില്‍ ആദ്യ ഐടി മന്ദിരമെങ്കിലും യാഥാര്‍ഥ്യമാക്കാന്‍ കഴിയൂ.
manorama 23-01-13

No comments:

Post a Comment