Saturday, January 12, 2013

മുഖപ്രസംഗം January 11 -2013

മുഖപ്രസംഗം January 11 -2013

1. പരിഷ്കരണം അഥവാ വയറ്റത്തടി  - മാധ്യമം

 പരിഷ്കരണമെന്നാല്‍ പൗരന്‍െറ വയറ്റത്തടിയാണെന്ന പുത്തന്‍ സാമ്പത്തികനയം അക്ഷരാര്‍ഥത്തില്‍ പുലര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഡോ. മന്‍മോഹന്‍ സിങ്ങിന്‍െറ യു.പി.എ സര്‍ക്കാര്‍ എന്നു വ്യക്തമാക്കുന്നു റെയില്‍വേ യാത്രാനിരക്ക് കുത്തനെ വര്‍ധിപ്പിച്ച നടപടി. 

2. തീവണ്ടിക്കൂലി കൂട്ടുമ്പോള്‍ - മാതൃഭൂമി


തീവണ്ടിയാത്രക്കൂലി കൂട്ടേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്‍പ് പല സന്ദര്‍ഭങ്ങളിലും സൂചന നല്‍കിയിരുന്നു. ആ നിലയ്ക്ക്, എല്ലാ ക്ലാസുകളിലും യാത്രാനിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം അപ്രതീക്ഷിതമെന്ന് പറയാനാവില്ല. 
 
3.
റയില്‍വേ നല്‍കുന്ന പുതുവര്‍ഷ പ്രഹരം  - മലയാള മനോരമ
ഒരു ദശകത്തിലാദ്യമായി റയില്‍വേ യാത്രാനിരക്കുകള്‍ എല്ലാ വിഭാഗത്തിനും ബാധകമായി വര്‍ധിപ്പിക്കുകയാണ്. അല്ലെങ്കില്‍ത്തന്നെ, സര്‍വ മേഖലകളെയും ആക്രമിച്ച വിലക്കയറ്റത്തില്‍ സാധാരണക്കാരന്റെ ജീവിതം അങ്ങേയറ്റം ദുസ്സഹമാകുന്നതിനിടയിലാണ് ഈ ഭാരംകൂടി


മാധ്യമം : പരിഷ്കരണം അഥവാ വയറ്റത്തടി

പരിഷ്കരണം അഥവാ വയറ്റത്തടിപരിഷ്കരണമെന്നാല്‍ പൗരന്‍െറ വയറ്റത്തടിയാണെന്ന പുത്തന്‍ സാമ്പത്തികനയം അക്ഷരാര്‍ഥത്തില്‍ പുലര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഡോ. മന്‍മോഹന്‍ സിങ്ങിന്‍െറ യു.പി.എ സര്‍ക്കാര്‍ എന്നു വ്യക്തമാക്കുന്നു റെയില്‍വേ യാത്രാനിരക്ക് കുത്തനെ വര്‍ധിപ്പിച്ച നടപടി. ജനാധിപത്യ ഭരണക്രമത്തിലെ പാര്‍ലമെന്‍ററി മര്യാദകള്‍ക്കൊന്നും ഇനി മിനക്കെടേണ്ടതില്ല എന്ന പുത്തന്‍ കീഴ്വഴക്കവും ഒരു വാര്‍ത്താസമ്മേളനം വിളിച്ചു പ്രഖ്യാപിച്ച നിരക്കുവര്‍ധനയിലൂടെ കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നു. ഇന്ധനവില യഥേഷ്ടം വര്‍ധിപ്പിക്കാനുള്ള അധികാരം നേരത്തേ സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് തീറെഴുതിക്കൊടുത്തിട്ടുണ്ട് യു.പി.എ ഗവണ്‍മെന്‍റ്. എന്നിരിക്കെ, സ്വന്തം അധികാരപരിധിയിലെ ‘പരിഷ്കരണങ്ങള്‍’ പ്രഖ്യാപിക്കാന്‍ ഇനി പാര്‍ലമെന്‍റ് പടി വരെ പോകേണ്ടതില്ല എന്നു ഭരണകൂടം തീരുമാനമെടുത്തിരിക്കുന്നുവെന്നാണ് മാസപ്പാട് അകലെ നില്‍ക്കുന്ന റെയില്‍വേ ബജറ്റിനു മുമ്പേ ധിറുതി പിടിച്ചുനടത്തിയ നിരക്കുവര്‍ധന തെളിയിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 27ന് അന്നത്തെ റെയില്‍വേമന്ത്രി സി.പി. ജോഷിയും ധനമന്ത്രി പി. ചിദംബരവും കൂടിയിരുന്ന് വെറുമൊരു ഉത്തരവിലൂടെ ഒക്ടോബര്‍ ഒന്നു മുതല്‍ മുഴുവന്‍ എ.സി ക്ളാസ് യാത്രാനിരക്കിലും ചരക്കുകടത്തിനും ട്രെയിനിലെ ഭക്ഷണത്തിനും 3.7 ശതമാനം വര്‍ധന നടപ്പാക്കിയിരുന്നു. മൂന്നുമാസം കഴിയുമ്പോള്‍ വീണ്ടുമൊരു നിരക്കുവര്‍ധനയിലൂടെ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
അന്ന് ചരക്കു കടത്തുകൂലി വര്‍ധിപ്പിച്ച് വിലക്കയറ്റത്തിനുള്ള അവസരം തുറന്ന് മുഴുവന്‍ ജനത്തിനും മേല്‍ ഭാരം കെട്ടിവെച്ചപ്പോള്‍ പുതിയ നിരക്കുവര്‍ധനയില്‍ പാസഞ്ചര്‍ മുതല്‍ ആഡംബര ക്ളാസ് വരെയുള്ള മുഴുവന്‍ യാത്രക്കാരുടെയും കീശ വലിച്ചിരിക്കുന്നു. അടുത്ത സാമ്പത്തികവര്‍ഷം 6600 കോടി രൂപ സമാഹരിക്കാന്‍ പാകത്തില്‍ 33 ശതമാനം വരെയാണ് യാത്രാനിരക്ക് വര്‍ധന പുതിയ റെയില്‍വേ മന്ത്രി പവര്‍കുമാര്‍ ബന്‍സല്‍ പ്രഖ്യാപിച്ചത്. കിലോമീറ്ററിന് രണ്ടു പൈസ മുതല്‍ 10 പൈസ വരെ 20 ശതമാനം വരെയാണ് വര്‍ധനയെന്നു പറയുന്നു. കണക്കിലെ കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ നിലവിലെ തുകയുടെ മൂന്നിലൊന്നു കൂടി എല്ലാ യാത്രികരും താങ്ങേണ്ട നിലയാണ്. രണ്ടു രൂപ മുതല്‍ 100 രൂപ വരെ ഈടാക്കിയിരുന്ന വികസനനികുതി എടുത്തുകളഞ്ഞത് ഉറക്കെ പറയുന്ന മന്ത്രി, പക്ഷേ, ടിക്കറ്റ് നിരക്ക് അഞ്ചിന്‍െറ ഗുണിതങ്ങളാക്കി മാറ്റി അത് തിരിച്ചുപിടിക്കുന്ന കാര്യം മറച്ചുവെക്കുന്നു. ഫെബ്രുവരി ബജറ്റില്‍ പുതിയ നിരക്കുവര്‍ധനയുണ്ടാകില്ലെന്നാണ് അദ്ദേഹത്തിന്‍െറ ആശ്വാസവാക്കെങ്കിലും പുതിയ ‘പരിഷ്കരണങ്ങള്‍’ എന്തൊക്കെയെന്നു കാത്തിരുന്നു കാണുക തന്നെ വേണം.
‘യാഥാര്‍ഥ്യബോധ’മുള്‍ക്കൊണ്ട മന്ത്രി ബന്‍സാലിന്‍െറ പ്രഖ്യാപനം ഏറെ കൊട്ടിഘോഷിച്ച് അവതരിപ്പിക്കപ്പെടുന്ന ബജറ്റുകളുടെ നിരര്‍ഥകത തുറന്നുകാട്ടുന്നു. ബജറ്റിലെ കണക്കുകള്‍ക്കു വസ്തുതകളുമായി ബന്ധമില്ലെന്നതിന് റെയില്‍വേ ബജറ്റിന്‍െറ നാള്‍വഴി തന്നെ തെളിവ്. ‘ആം ആദ്മി’ എന്ന സാധാരണക്കാരന്‍െറ പേരുപറഞ്ഞ് ബജറ്റിനെ മായാജാലമാക്കി മാറ്റി ലാലുപ്രസാദ് യാദവ് തുടങ്ങിവെച്ച കളി സാക്ഷാല്‍ കണ്‍കെട്ടായിരുന്നുവെന്ന് ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തുന്നു. റെയില്‍വേ ‘ലാഭകരമാക്കിയ’ ലാലുജാലത്തിന്‍െറ സര്‍ക്കാര്‍വാഴ്ത്തും മാധ്യമകീര്‍ത്തിയും ഹാര്‍വാഡ്, വാര്‍ടണ്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്ളാസുമൊക്കെയായി എന്തൊരു പുകിലായിരുന്നു അന്ന്! ഇപ്പോള്‍ സര്‍ക്കാറും സാമ്പത്തികവിദഗ്ധരുമൊക്കെ പറയുന്നു, 2003നുശേഷം നിരക്കുവര്‍ധന ഒഴിവാക്കിയതു വഴി 6,159 കോടി രൂപയില്‍ തുടങ്ങിയ നഷ്ടം നടപ്പുസാമ്പത്തികവര്‍ഷത്തില്‍ 25,000 കോടിയിലെത്തിയെന്ന്! സാധാരണക്കാരനെ രക്ഷിക്കാനെന്ന വ്യാജേന നടത്തിയ, യാത്രാനിരക്കു കൂട്ടാത്ത ബജറ്റിലൂടെ ജനത്തിന്‍െറ നികുതിഭാരം വര്‍ധിപ്പിക്കുകയായിരുന്നുവെന്ന്! ‘ആം ആദ്മി’ നമ്പര്‍ കളിച്ച് ലാലുവും മമതയുമൊക്കെ രാജ്യത്തെ പറ്റിക്കുകയായിരുന്നുവെന്നു ചുരുക്കം. ഈ വര്‍ധന കൊണ്ടും ഭീമനഷ്ടത്തിലേക്ക് കാര്യമായൊന്നും ഈടുവെക്കാനുണ്ടാവില്ലെന്നാണ് വിദഗ്ധമതം. അധികാരരാഷ്ട്രീയത്തിന്‍െറ സമവാക്യങ്ങള്‍ തെറ്റാതെ സൂക്ഷിക്കാന്‍ ഭരണനിര്‍വഹണം എത്ര ലഘുവായാണ് സര്‍ക്കാര്‍ കൈയാളുന്നതെന്നു നോക്കുക.
ഇതിനൊപ്പം മറ്റൊരു വര്‍ധനയുടെ വാള്‍ത്തലപ്പു കൂടി തലക്കു മുകളില്‍ തൂങ്ങുന്നുണ്ട്-വീണ്ടും കുത്തനെയുള്ള ഇന്ധന വിലക്കയറ്റം. വില കൂട്ടുമെന്നു പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കെ മുഹൂര്‍ത്തം മാത്രമേ അറിയാനുള്ളൂ. ഡീസലിന് നാലര രൂപയും പാചകവാതകത്തിന് നികുതി കൂടാതെ 130 രൂപയുടെയും വര്‍ധന വേണമെന്നാണ് പെട്രോളിയം മന്ത്രാലയം കേന്ദ്രമന്ത്രിസഭയോട് ശിപാര്‍ശ ചെയ്തിരിക്കുന്നത്. എണ്ണക്കമ്പനികള്‍ക്ക് നഷ്ടക്കണക്കുകള്‍ നിരത്തി തോന്നിയ പോലെ വില വര്‍ധിപ്പിക്കാവുന്ന സാഹചര്യം നിലനില്‍ക്കെയാണ് മന്ത്രാലയത്തിന്‍െറ ഈ അധിക ശിപാര്‍ശ എന്നോര്‍ക്കണം. ഫെബ്രുവരി 28 നുമുമ്പ് കടുത്ത ചില തീരുമാനങ്ങള്‍ ഇനിയും പ്രതീക്ഷിക്കേണ്ടി വരുമത്രെ. ബജറ്റിലെ നിശ്ചിതവിതാനത്തില്‍ നിന്നു സര്‍ക്കാറിന്‍െറ നഷ്ടം 80 ശതമാനം കണ്ടു വര്‍ധിച്ചിരിക്കുന്നുവെന്നും സാമൂഹികസേവന സംരംഭങ്ങള്‍ക്കു വകയിരുത്തുന്ന തുകയേക്കാള്‍ ഇന്ധന സബ്സിഡി തുക-കഴിഞ്ഞ ഒക്ടോബറില്‍ പ്രധാനമന്ത്രിയുടെ കണക്ക് 1.4 ലക്ഷം കോടി രൂപ-വരുന്നുണ്ടെന്നുമാണ് കണക്ക്. ഇതു മറികടക്കാനാണ് പുതിയ വര്‍ധന. അത് ഭീകരമായ വിലക്കയറ്റത്തിലൂടെ സാധാരണക്കാരന്‍െറ അടുപ്പ് കുത്തിക്കെടുത്തിയാലെന്ത്, ഓഹരിവിപണിയില്‍ ഗ്രാഫുയര്‍ത്താമെന്നും വളര്‍ച്ചാനിരക്കു മാപിനിയില്‍ നില മെച്ചപ്പെടുത്താമെന്നുമൊക്കെയാണ് യു.പി.എ ഗവണ്‍മെന്‍റിന്‍െറ സാരഥികള്‍ അടക്കമുള്ള പുത്തന്‍ സാമ്പത്തികവക്താക്കളുടെ വാദം. എന്നാല്‍ ഏട്ടിലെ വളര്‍ച്ചാനിരക്ക് ഫലത്തിലെവിടെ എന്ന ചോദ്യത്തിന് രൂപയുടെ അടിക്കടിയുണ്ടാകുന്ന തകര്‍ച്ച മറുപടി നല്‍കുന്നുമുണ്ട്. പരിഷ്കരണമെന്നത് ഭരണകൂടത്തിനും സ്വദേശി, വിദേശി കുത്തകകള്‍ക്കും മാത്രം ശുഭദായകവും സാധാരണജനത്തിന് അശനിപാതവുമായിത്തീരുന്ന വിരോധാഭാസമാണ് മന്‍മോഹന്‍ സിങ് ഭരണകൂടത്തിന്‍െറ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ നീക്കിബാക്കി. പരിഷ്കരണം, പരിഷ്കരണം എന്നു ഭരണകൂടം പറയുമ്പോഴെല്ലാം ജനം പിന്നെയും പിന്നെയും മുണ്ടു മുറുക്കിയുടുക്കണമെന്നതാണ് നെഹ്റുവിന്‍െറ ഇന്ത്യയില്‍ നിന്നു മന്‍മോഹന്‍െറ ഇന്ത്യയിലേക്കു രാജ്യം വളര്‍ന്നു വികസിച്ചപ്പോഴുണ്ടായ മാറ്റം. വിനാശകാലേ, വിപരീതബുദ്ധി!

മാതൃഭൂമി : തീവണ്ടിക്കൂലി കൂട്ടുമ്പോള്‍
Newspaper Editionതീവണ്ടിയാത്രക്കൂലി കൂട്ടേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്‍പ് പല സന്ദര്‍ഭങ്ങളിലും സൂചന നല്‍കിയിരുന്നു. ആ നിലയ്ക്ക്, എല്ലാ ക്ലാസുകളിലും യാത്രാനിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം അപ്രതീക്ഷിതമെന്ന് പറയാനാവില്ല. പത്തു വര്‍ഷത്തിനുശേഷം ആദ്യമായാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്നും അത് അനിവാര്യമാണെന്നുമാണ് റെയില്‍വേ മന്ത്രാലയത്തിന്റെ വിശദീകരണം. നിരക്ക് കൂട്ടിയില്ലെങ്കില്‍ ഈ സംവിധാനം പാടേ നശിക്കുമെന്നും റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ വിശദീകരിക്കുന്നു. പത്തുവര്‍ഷമായി യാത്രക്കൂലി ഉയര്‍ത്താതിരുന്നത് റെയില്‍വേയോട് ജനങ്ങള്‍ക്കുള്ള മതിപ്പ് വര്‍ധിക്കാനെന്നപോലെ കൂടുതല്‍ പേര്‍ യാത്രയ്ക്ക് തീവണ്ടിയെ ആശ്രയിക്കാനും കാരണമായിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള യാത്രക്കൂലി റെയില്‍വേയുടെ നിലനില്പിനെത്തന്നെ ബാധിച്ചു തുടങ്ങിയിരിക്കുന്നു എന്ന നിലയ്ക്കാണ് കഴിഞ്ഞ തവണത്തെ ബജറ്റില്‍ അത് വര്‍ധിപ്പിക്കാന്‍ അന്നത്തെ റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി മുതിര്‍ന്നത്. ആ തീരുമാനവും അപ്രതീക്ഷിതമായിരുന്നുവെന്ന് പറഞ്ഞുകൂടാ.
കിലോമീറ്ററിന് രണ്ട് പൈസ തന്നെയായിരുന്നു അന്ന് നിര്‍ദേശിച്ച ഏറ്റവും ചുരുങ്ങിയ വര്‍ധന. എന്നാല്‍, മന്ത്രിയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ വര്‍ധനയെ എതിര്‍ത്ത അസാധാരണ സ്ഥിതിവിശേഷം അന്നുണ്ടായി. പാര്‍ട്ടി നേതാവ് മമതാ ബാനര്‍ജിയുടെ രാഷ്ട്രീയ ഭീഷണിയും സമ്മര്‍ദവും കാരണം ചാര്‍ജ് വര്‍ധന നടപ്പാക്കിയതുമില്ല. ഫസ്റ്റ്ക്ലാസിലും എ.സി. ടൂടയറിലും എ.സി. ഫസ്റ്റ് ക്ലാസിലും മാത്രമാണ് നിരക്കുവര്‍ധന നടപ്പാക്കിയത്. ഇങ്ങനെ രാഷ്ട്രീയ സാഹചര്യത്താല്‍ നീണ്ടുപോയ വര്‍ധന, രാഷ്ട്രീയസാഹചര്യം അനുകൂലമായപ്പോള്‍ നടപ്പാക്കുകയാണ് യു.പി.എ. സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. റെയില്‍വേയുടെ സ്ഥിതിയെക്കുറിച്ച് അന്നത്തെ മന്ത്രി നല്‍കിയതിന് ഏതാണ്ട് സമാനമായ വിശദീകരണം ഇപ്പോഴത്തെ റെയില്‍വേ മന്ത്രിയും നല്‍കിയിരിക്കുന്നു. മോശമായ സാമ്പത്തിക സ്ഥിതിയുമായി റെയില്‍വേക്ക് മുന്നോട്ടുപോകാനാവില്ല. 2004-09 കാലത്ത് ചരക്കുഗതാഗതത്തില്‍ ക്രമമായ വളര്‍ച്ച ഉണ്ടായിരുന്നുവെങ്കിലും പിന്നീടത് കുറഞ്ഞുവെന്ന് പറയുന്നു. ചരക്കുഗതാഗതത്തില്‍ നിന്നുള്ള വരുമാനമാണ് യാത്രക്കാര്‍ക്ക് ഇളവുകള്‍ നല്‍കാന്‍ റെയില്‍വേക്ക് സഹായകമാകുന്നതത്രെ.ഇപ്പോഴത്തെ വര്‍ധനയിലൂടെ 6,600 കോടി രൂപയുടെ അധിക വരുമാനമാണ് ഒരു വര്‍ഷം പ്രതീക്ഷിക്കുന്നത്. കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം ഏറ്റവും ഫലപ്രദമായ രീതിയിലാണോ ചെലവഴിക്കപ്പെടുന്നത്, വരുമാന വര്‍ധനയ്ക്ക് റെയില്‍വേ മറ്റെന്തെല്ലാം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളും അധികൃതര്‍ വ്യക്തമാക്കേണ്ടതുണ്ട്.

ലോകത്തിലെ തന്നെ വന്‍ സ്ഥാപനങ്ങളില്‍ പ്രമുഖമാണ് ഇന്ത്യന്‍ റെയില്‍വേ. ഇപ്പോഴും അതിന്റെ വികസന സാധ്യതകള്‍ അനന്തമാണ്. ഈ സാഹചര്യത്തില്‍, റെയില്‍വേയുടെ വരുമാന വിനിയോഗം, മറ്റു പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യവും വിശദമായി വിലയിരുത്തപ്പെടണം. അങ്ങനെ നിരക്കു വര്‍ധനയുടെ അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയും അധികൃതര്‍ക്കുണ്ട്. എന്തായാലും, തീവണ്ടികളിലെ സൗകര്യത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തില്‍ റെയില്‍വേക്ക് കൂടുതല്‍ ശ്രദ്ധിച്ചേ മതിയാകൂ. ബജറ്റിന് ഒരു മാസം ബാക്കിനില്‍ക്കെ നിരക്കുയര്‍ത്തിയത്, ബജറ്റില്‍ ജനപ്രിയ നടപടികള്‍ക്കു മാത്രം ഊന്നല്‍ കൊടുക്കാന്‍ വേണ്ടിയാവാം. എന്നാല്‍ ചരക്കുകൂലി ഉയര്‍ത്തു മോ എന്നകാര്യത്തില്‍ മന്ത്രി വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ പാചകവാതകത്തിന്റെയും ഡീസലിന്റെയും മണ്ണെണ്ണയുടെയും വില കൂട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നു. സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന് മാര്‍ച്ചോടെ 130 രൂപ വര്‍ധിപ്പിക്കാനാണ് നീക്കം. ഡീസല്‍ വില മാസംതോറും ഒരു രൂപ കൂട്ടാനുള്ള നിര്‍ദേശം നടപ്പായാല്‍ നിത്യോപയോഗ വസ്തുക്കളുടെ വില വീണ്ടും ഉയരും. മണ്ണെണ്ണ വിലവര്‍ധന കൃഷി, മത്സ്യബന്ധന മേഖലകളെയും ബാധിക്കും. ഇന്ധന വിലവര്‍ധന ജനജീവിതം കൂടുതല്‍ ക്ലേശകരമാകാനിടയാക്കുമെന്നതിനാല്‍ ആ നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്തിരിയണം.
 മലയാള മനോരമ  : റയില്‍വേ നല്‍കുന്ന പുതുവര്‍ഷ പ്രഹരം
malmanoramalogoഒരു ദശകത്തിലാദ്യമായി റയില്‍വേ യാത്രാനിരക്കുകള്‍ എല്ലാ വിഭാഗത്തിനും ബാധകമായി വര്‍ധിപ്പിക്കുകയാണ്. അല്ലെങ്കില്‍ത്തന്നെ, സര്‍വ മേഖലകളെയും ആക്രമിച്ച വിലക്കയറ്റത്തില്‍ സാധാരണക്കാരന്റെ ജീവിതം അങ്ങേയറ്റം ദുസ്സഹമാകുന്നതിനിടയിലാണ് ഈ ഭാരംകൂടി. ഇക്കഴിഞ്ഞ റയില്‍ ബജറ്റില്‍ നിരക്കുവര്‍ധന അന്നത്തെ മന്ത്രി ദിനേശ് ത്രിവേദി നിര്‍ദേശിച്ചുവെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാവ് മമത ബാനര്‍ജി അതംഗീകരിച്ചിരുന്നില്ല. തുടര്‍ന്നു ത്രിവേദിക്കു പകരം മന്ത്രിസ്ഥാനം ഏറ്റെടുത്ത മുകുള്‍ റോയി ഉയര്‍ന്ന ക്ളാസിലെ നേരിയ നിരക്കുവര്‍ധന മാത്രം നിലനിര്‍ത്തി മറ്റെല്ലാ നിര്‍ദേശങ്ങളും പിന്‍വലിkക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ സഖ്യം വിട്ടപ്പോള്‍ റയില്‍വേ വകുപ്പ് ഏറ്റെടുത്ത കോണ്‍ഗ്രസിന്റെ പവന്‍കുമാര്‍ ബന്‍സല്‍ നിരക്കുകള്‍ യുക്തിസഹമായി ഉയര്‍ത്തേണ്ടിവരുമെന്ന സൂചന നല്‍കിപ്പോന്നു.

എന്നാല്‍, റയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ ഏതാണ്ട് ഒന്നരമാസം മാത്രം ബാക്കിനില്‍ക്കേ അസാധാരണ നടപടിയിലൂടെ നിരക്കുവര്‍ധന പ്രഖ്യാപിച്ചതു ജനാധിപത്യവിരുദ്ധമാണെന്നു പ്രതിപക്ഷങ്ങള്‍ കുറ്റപ്പെടുത്തുന്നു. ജനങ്ങളുടെ പ്രതിഷേധം ബജറ്റിനു മുന്‍പു കെട്ടടങ്ങുമെന്ന രാഷ്ട്രീയ ബുദ്ധിയായിരിക്കും ഈ തീരുമാനത്തിനു പിന്നിലെന്നും ആരോപണമുണ്ട്. കഴിഞ്ഞവര്‍ഷം റയില്‍ ബജറ്റിനു മുന്‍പുതന്നെ ചരക്കുകൂലി 25% വര്‍ധിപ്പിച്ചിരുന്നു. യാത്രാനിരക്കില്‍ നിന്നുള്ള വരുമാനക്കുറവു നികത്താന്‍ ചരക്കുകൂലി തുടര്‍ച്ചയായി ഉയര്‍ത്തിയതുമൂലം റയില്‍വേയുടെ ചരക്കുഗതാഗതത്തിലെ പങ്കു കുറഞ്ഞുവരികയാണ്. വൈകാതെ ചരക്കുകൂലിയും കൂട്ടിയേക്കുമെന്നു പറഞ്ഞ ബന്‍സല്‍, അടുത്ത റയില്‍ ബജറ്റില്‍ യാത്രാനിരക്കു വര്‍ധന ഉണ്ടാവില്ലെന്ന ഉറപ്പുതന്നിട്ടുണ്ട്. ഈമാസം 21നു നിലവില്‍വരുന്ന പുതുക്കിയ നിരക്കുപ്രകാരം എല്ലാ ക്ളാസുകളിലും 20 മുതല്‍ 30% വരെയാണു വര്‍ധിക്കുന്നത്.

രാജ്യത്തിന്റെ തെക്കേയറ്റത്തുള്ള മലയാളികള്‍ക്കായിരിക്കും നിരക്കുവര്‍ധന കടുത്ത ആഘാതമാവുക. റയില്‍വേയുടെ യാത്രാ, ചരക്കു നിരക്കുകള്‍ രാഷ്ട്രീയ പരിഗണനകള്‍ക്കു വിധേയമായി നിശ്ചയിക്കുന്നതിനു പകരം ഒരു സ്വതന്ത്ര താരിഫ് അതോറിറ്റിയെ നിയമിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. അങ്ങനെയൊരു സംവിധാനം സുതാര്യമായ രീതിയില്‍ നിരക്കുകള്‍ നിര്‍ണയിക്കുന്നതാണ് ഏറ്റവും അഭികാമ്യമെന്നതില്‍ സംശയമില്ല. നിരക്കുവര്‍ധന പുതിയ സാമ്പത്തിക വര്‍ഷത്തിനു മുന്‍പുതന്നെ നടപ്പാക്കുന്നതിനു റയില്‍വേ ചില ന്യായങ്ങള്‍ നിരത്തുന്നുണ്ട്. യാത്രക്കൂലി ഇനത്തില്‍ റയില്‍വേ നേരിടുന്ന നഷ്ടം 2012-13ല്‍ 25,000 കോടി രൂപയായി ഉയരുകയാണ്; 2004-05നെക്കാള്‍  നാലിരട്ടി വര്‍ധന. നിരക്കു വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ പറ്റാത്ത അവസ്ഥയാണെന്നാണു റയില്‍വേയുടെ വിശദീകരണം. ഉയര്‍ന്ന ക്ളാസ്സുകളില്‍ വരുത്തിയ വര്‍ധന കാര്യമായ വരുമാനം നേടിത്തരില്ലെന്നും മൊത്തം യാത്രക്കാരില്‍ തീരെ ചെറിയ വിഭാഗം മാത്രമാണ് ഈ ക്ളാസ്സുകളില്‍ യാത്രചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. 2012-13ല്‍ റയില്‍വേയുടെ പദ്ധതിച്ചെലവ് 60,000 കോടി രൂപയില്‍ നിന്ന് 50,000 കോടി രൂപയായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. പദ്ധതി വെട്ടിച്ചുരുക്കല്‍ പ്രധാനമായും അടിസ്ഥാനസൌകര്യ വികസനത്തെയാണു ബാധിക്കുക. ദീര്‍ഘവര്‍ഷങ്ങളായി റയില്‍വകുപ്പു കൈകാര്യം ചെയ്ത പ്രാദേശികകക്ഷി നേതാക്കള്‍ സമഗ്രവികസനത്തെക്കാള്‍ പ്രാദേശികമായ ആവശ്യങ്ങള്‍ക്കാണു മുന്‍തൂക്കം നല്‍കിയത്. വന്‍ നിക്ഷേപത്തിനും വികസനത്തിനും നിര്‍ദേശിക്കുന്ന മാര്‍ഗരേഖകള്‍ സൌകര്യപൂര്‍വം വിസ്മരിക്കപ്പെടുകയായിരുന്നു. അതിനാല്‍ ഇന്നും ട്രെയിനുകള്‍ക്കു വേഗത ആര്‍ജിക്കാനാവുന്നില്ല. ചരക്കുവണ്ടികളാവട്ടെ, ഒച്ചിഴയുന്നതു പോലെയാണു നീങ്ങുന്നത്.

അടിയന്തരാവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ക്കു പോലും വേണ്ടത്ര പണം കണ്ടെത്താനാവുന്നില്ല. റയില്‍വേ നല്‍കുന്ന യാത്രാസൌകര്യങ്ങളുടെ കാര്യം പറയാതിരിക്കുകയാണു ഭേദം. വൃത്തിഹീനമായ കോച്ചുകളില്‍, വെള്ളവും നിലവാരമുള്ള ഭക്ഷണവുമില്ലാതെ ദുരിതയാത്ര ചെയ്യേണ്ട ഗതികേടിലാണു കാലങ്ങളായി യാത്രക്കാര്‍. ഒരു ആധുനിക റയില്‍ സംവിധാനത്തിന് യാത്ര, ചരക്കുകടത്ത് സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ മാത്രമല്ല, ത്വരിത സാമ്പത്തിക വളര്‍ച്ചയില്‍ ചാലകശക്തിയാകാനും കഴിയുമെന്നത് റയില്‍വേ മറന്നുകൂടാ.


 

No comments:

Post a Comment