മുഖപ്രസംഗം January 10 -2013
- കൊച്ചി മെട്രോ: തീരുമാനം ജനഹിതത്തിന്റെ വിജയം madhyamam ഡി.എം.ആര്‍.സിയെയും അതുവഴി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെയും പദ്ധതിയുടെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്താനും ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമായി രാഷ്ട്രീയ-ഉദ്യോഗസ്ഥ- മാധ്യമ ലോബി അണിയറയില്‍ നടത്തിയ ആസൂത്രിത നീക്കങ്ങളാണ് ഇതോടെ പരാജയപ്പെട്ടിരിക്കുന്നത്.
- പ്രവാസികള്‍ക്ക് പ്രതീക്ഷ mathrubhumi
- സമാധാനശ്രമത്തിന് തിരിച്ചടി manorama
നീണ്ട അനിശ്ചിതത്വങ്ങള്‍ക്കുശേഷം കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മാണ ചുമതല ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡി.എം.ആര്‍.സി) ഏല്‍പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം ജനഹിതത്തിന്റെ വിജയമായി വേണം വിലയിരുത്താന്‍ . ഡി.എം.ആര്‍.സിയെയും അതുവഴി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെയും പദ്ധതിയുടെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്താനും ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമായി രാഷ്ട്രീയ-ഉദ്യോഗസ്ഥ- മാധ്യമ ലോബി അണിയറയില്‍ നടത്തിയ ആസൂത്രിത നീക്കങ്ങളാണ് ഇതോടെ പരാജയപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ വികാരം മാനിക്കാനും പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് ഡി.എം.ആര്‍.സിയെ തന്നെ നിര്‍മാണ ചുമതല ഏല്‍പിക്കാനും രാഷ്ട്രീയ-ഭരണ തലത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയ കേരളത്തില്‍നിന്നുള്ള ഏതാനും നേതാക്കളെ ഇത്തരുണത്തില്‍ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. ഇനി കാര്യങ്ങള്‍ സുഗമമായി മുന്നോട്ട് നീങ്ങുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്. മൂന്നു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്ന് ഇ. ശ്രീധരന്‍ കൈമാറുന്ന ശുഭാപ്തി അസ്ഥാനത്താവാന്‍ തരമില്ല. ഏറ്റെടുത്ത പദ്ധതികളെല്ലാം സമയത്തിനുമുമ്പ് പൂര്‍ത്തിയാക്കുന്നതില്‍ പല തവണ അദ്ദേഹം നൈപുണി തെളിയിച്ചതാണല്ലോ.
കൊച്ചി നഗരത്തിന്റെ ഗതാഗത വികസനം മനസ്സില്‍ കണ്ട് 2004ല്‍ ഇ. ശ്രീധരന്‍ മെട്രോ റെയില്‍ പദ്ധതി വിഭാവന ചെയ്തപ്പോള്‍ 2000 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. പലവിധ ഊരാക്കുടുക്കുകളില്‍പെട്ട് പദ്ധതി നീണ്ടുപോയതോടെ ചെലവ് 6000 കോടിയായിട്ടുണ്ട്. സ്ഥലമെടുപ്പിന് മാത്രം 1110 കോടി വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. മാസങ്ങള്‍ക്കുമുമ്പ് കൊച്ചി മെട്രോ പദ്ധതിക്ക് പ്രധാനമന്ത്രി ശിലാസ്ഥാപനം നിര്‍വഹിക്കുന്നതുവരെ ചിത്രത്തില്‍ ഡി.എം.ആര്‍.സിയും തലപ്പത്ത് ഇ. ശ്രീധരനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, പദ്ധതി പ്രയോഗവത്കരിക്കാന്‍ പോവുകയാണെന്ന് കണ്ടപ്പോള്‍ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ പിന്‍വാതിലിലൂടെ രംഗപ്രവേശം ചെയ്യുകയായിരുന്നു. ഒരു നഗരത്തിന്റെ വികസനസാധ്യതകള്‍ മുന്നില്‍കണ്ട് അത്തരം ശക്തികളുടെ കുത്സിത നീക്കങ്ങളെ പരാജയപ്പെടുത്തുന്നതിന് പകരം ഭരണ-ഉദ്യോഗസ്ഥ മേലാളന്മാര്‍ അത്തരക്കാരോടൊപ്പം കൈകോര്‍ത്തപ്പോഴാണ് ജനഹിതത്തിനും പൊതുതാല്‍പര്യത്തിനും വിഘാതമായാണ് ഈ നീക്കമെന്ന് പലവട്ടം ഞങ്ങള്‍ക്ക് ഓര്‍മപ്പെടുത്തേണ്ടി വന്നത്. വന്‍കിട പദ്ധതികളോടുള്ള രാഷ്ട്രീയ-ഭരണ മേലാളന്മാരുടെ അഭിനിവേശത്തിന്റെ അടിസ്ഥാന പ്രേരകം സാമ്പത്തിക താല്‍പര്യങ്ങളാണെന്നിരിക്കെ മെട്രോ പദ്ധതിയുടെ വിഷയത്തിലും അമ്മട്ടിലുള്ള ഘടകങ്ങള്‍ വര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനനുവദിച്ചുകൂടാ എന്നതായിരുന്നു പൊതുജനവികാരം.
കടമ്പകള്‍ നീങ്ങിയ സ്ഥിതിക്ക്, സ്ഥലമേറ്റെടുക്കല്‍ പ്രക്രിയ എത്രയും വേഗം പൂര്‍ത്തിയാക്കി നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന്് പ്രതീക്ഷിക്കാം. ദല്‍ഹിക്ക് പുറത്ത് ഡി.എം.ആര്‍.സി ഒരു പദ്ധതി പൂര്‍ണമായും ഏറ്റെടുക്കുന്നത് ഇതാദ്യമാണെന്നിരിക്കെ അതിന്റേതായ വെല്ലുവിളികള്‍ നേരിടേണ്ടിവരുക സ്വാഭാവികം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി നിര്‍മാണ കരാറുകളില്‍ താമസിയാതെ ഒപ്പുവെക്കുമ്പോള്‍ എല്ലാ വശങ്ങളും സുവ്യക്തമായി പ്രതിപാദിക്കുകയാണെങ്കില്‍ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനും പൂര്‍ണ സഹകരണം ഉറപ്പാക്കാനും സാധിക്കാതിരിക്കില്ല. വിശദമായ രൂപ രേഖ തയാറാക്കലും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കലും സാങ്കേതിക വിദഗ്ധോപദേശം നല്‍കലും ഡി.എം.ആര്‍.സിയുടെ ചുമതലയാണെന്നതിനാല്‍ മുഖ്യ ഉപദേഷ്ടാവായ ഇ. ശ്രീധരനായിരിക്കും സ്വാഭാവികമായും എല്ലാറ്റിന്റെയും അന്തിമവാക്ക്. സാമ്പത്തിക പരിമിതികള്‍ക്കുള്ളിലും അത്യാധുനികമായ മെട്രോ സംവിധാനം കൊച്ചിക്ക് സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നുറപ്പാണ്. പദ്ധതിയുമായി ബന്ധപ്പെട്ട വന്‍ ടെന്‍ഡറുകളെല്ലാം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ അനുമതിയോടെ മാത്രമേ നല്‍കാവൂ എന്ന വ്യവസ്ഥ സാമ്പത്തിക സുതാര്യത ഉറപ്പാക്കാന്‍ സഹായിക്കും. അതേസമയം, പദ്ധതിക്കാവശ്യമായ പണം എവിടെനിന്ന് കണ്ടെത്തും എന്ന കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല എന്നത് ആശങ്ക ബാക്കിയാക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍നിന്ന് 15 ശതമാനം മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ. ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോഓപറേഷന്‍ ഏജന്‍സി 1.14 ശതമാനം പലിശക്ക് ദീര്‍ഘകാല വായ്പ നല്‍കാമെന്ന് ഏറ്റതാണ് ഏക പ്രതീക്ഷ. ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഹഡ്കോ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് പെട്ടെന്ന് കടം കിട്ടിയാലേ സ്ഥലം ഏറ്റെടുക്കാനും മറ്റു പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാനും സാധിക്കൂ. സംസ്ഥാന സര്‍ക്കാറിന്റെ ആത്മാര്‍ഥ ശ്രമം ഉണ്ടെങ്കിലേ ഈ ദിശയില്‍ വിചാരിച്ചതുപോലെ കാര്യങ്ങള്‍ മുന്നോട്ടുനീങ്ങൂ.
എട്ടു വര്‍ഷം മുമ്പ് മെട്രോ റെയില്‍ പദ്ധതി എന്ന ആശയം ഇ. ശ്രീധരന്‍ കേരളീയരുടെ മുന്നില്‍ വെച്ചപ്പോള്‍ അത് ഒരു ആര്‍ഭാട പദ്ധതിയായി പലര്‍ക്കും തോന്നിയിട്ടുണ്ടായിരിക്കാം. മെട്രോ ലാഭകരമാവാന്‍ വേണ്ടത്ര ജനസാന്ദ്രത കുറവാണ് എന്ന തടസ്സവാദം ഉയര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാറും പദ്ധതിയോട് മുഖംതിരിച്ചുനിന്നത്. എന്നാല്‍, ഇന്ന് കൊച്ചി നഗരം സന്ദര്‍ശിക്കുന്നവരാരും ബദല്‍ ഗതാഗത സംവിധാനം അനിവാര്യമാണെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ അത് പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അംഗീകരിക്കാതിരിക്കില്ല. കാരണം, അത്രക്കും രൂക്ഷമായിട്ടുണ്ട് ഗതാഗത തടസ്സവും തജ്ജന്യമായ അപകടങ്ങളും. വാഹനങ്ങള്‍ ദിനേന പെരുകുന്നുണ്ടെങ്കിലും റോഡ് അശേഷം വികസിക്കുന്നില്ല. അതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും സംസ്ഥാന സര്‍ക്കാറിനോ നഗരസഭക്കോ ശേഷിയില്ല എന്നതാണ് ദുഃഖ സത്യം. അനുഭവിക്കുന്നത് മുഴുവന്‍ ജനങ്ങളാണ്. കേരളത്തിന്റെ ബിസിനസ്-വ്യവസായ ആസ്ഥാനം എന്ന നിലയില്‍ ത്വരിതഗതിയിലുള്ള വികസനമാണ് നഗരത്തിന് ആവശ്യം. അതിലേക്കുള്ള വലിയ കാല്‍വെപ്പായ കൊച്ചി മെട്രോ നിശ്ചിത സമയത്തുതന്നെ സാക്ഷാത്കരിക്കപ്പെടുമെന്ന് പ്രത്യാശിക്കാം.
പ്രവാസികള്‍ക്ക് പ്രതീക്ഷ
രാജ്യം ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയ്ക്കായി യത്‌നിക്കുന്ന ഘട്ടത്തിലാണ് നാടിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വിദേശ ഇന്ത്യക്കാരുടെ സംഗമമായ പ്രവാസി ഭാരതീയ ദിവസ് കൊച്ചിയില്‍ നടന്നത്. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരുള്‍പ്പെടെയുള്ള ഉന്നതരുടെ പങ്കാളിത്തം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി. നമ്മുടെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താന്‍ പ്രവാസികള്‍ ഇവിടെ കൂടുതല്‍ നിക്ഷേപം നടത്തണമെന്നാണ്, സമാപനച്ചടങ്ങില്‍ പങ്കെടുത്ത രാഷ്ട്രപതി ആവശ്യപ്പെട്ടത്. രാജ്യപുരോഗതിയില്‍ വിദേശഇന്ത്യക്കാരുടെ പങ്ക് പ്രധാനമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി. പ്രവാസികളുടെ സംരംഭങ്ങള്‍ക്ക് നാട്ടില്‍ എല്ലാവിധ സഹകരണവും സഹായവും പ്രധാനമന്ത്രി ഉറപ്പുനല്‍കുകയും ചെയ്തിട്ടണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവരുടെ വിമാനയാത്രാപ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുമെന്നതാണ് അധികൃതര്‍ നല്‍കിയ മറ്റൊരു വാഗ്ദാനം. അന്യരാജ്യങ്ങളില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് നിയമസഹായം നല്‍കുമെന്നും അവരെ തിരികെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും വാഗ്ദാനമുണ്ട്. ഇവയെല്ലാംകൊണ്ട് പ്രവാസിഭാരതീയ ദിവസ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതായി. സമ്മേളനത്തിലെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കൂടി ബന്ധപ്പെട്ട അധികൃതര്‍ ശ്രദ്ധ ചെലുത്തണം.
യാത്രാദുരിതമാണ് വിദേശമലയാളികള്‍ നേരിടുന്ന വലിയൊരു പ്രശ്‌നം. താരതമ്യേന അടുത്തായിട്ടുകൂടി ഗള്‍ഫ് മേഖലയിലേക്ക് വിമാനസര്‍വീസുകള്‍ ഉയര്‍ന്നനിരക്ക് ഈടാക്കുന്നുവെന്ന പരാതി വ്യാപകമാണ്. അവധിക്കാലത്തും മറ്റും നാട്ടിലേക്ക് യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുമ്പോള്‍ നിരക്ക് പിന്നെയും വര്‍ധിപ്പിക്കുന്ന പ്രവണതയുമുണ്ട്. സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിക്കൊണ്ടും എയര്‍ ഇന്ത്യ പലപ്പോഴും യാത്രക്കാരെ വട്ടംകറക്കുന്നു. വൈമാനികരുടെ കുറവാണ് എയര്‍ ഇന്ത്യയുടെ പരാധീനതയെന്നാണ് അധികൃതരുടെ വിശദീകരണം. ഇത് പരിഹരിക്കാനായി കൂടുതല്‍ വൈമാനികരെ നിയമിക്കാന്‍ നടപടിയാരംഭിച്ചുവെന്നും പറയുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് എയര്‍ ഇന്ത്യ ചെലവു കുറഞ്ഞ വിമാന സര്‍വീസ് ഏര്‍പ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ ഏറ്റവുമധികം പ്രവാസികളുള്ള സംസ്ഥാനം കേരളമാണ്. ഗള്‍ഫ് മലയാളികളുടെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ എയര്‍ ഇന്ത്യയുടെ മാതൃകയില്‍ എയര്‍ കേരള എന്ന പേരില്‍ പുതിയ വിമാന സര്‍വീസ് ആരംഭിക്കാന്‍ കേരള സര്‍ക്കാറിന് അനുമതി നല്‍കണമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്. വിദേശവിമാന സര്‍വീസ് നടത്താന്‍ നിലവിലുള്ള വ്യവസ്ഥകളനുസരിച്ച് എയര്‍ കേരളയ്ക്ക് സാധിക്കില്ല. അതിനാല്‍ വ്യവസ്ഥകളില്‍ ഇളവു വേണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അനുകൂലസമീപനം ഉണ്ടാകണം.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാരില്‍ വലിയൊരുവിഭാഗം ദിവസക്കൂലിക്ക് കെട്ടിടനിര്‍മാണത്തിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്നവരാണ്. നിയമത്തെയും വ്യവസ്ഥകളെയും കുറിച്ചുള്ള അജ്ഞതമൂലം ഇത്തരക്കാരെ സ്‌പോണ്‍സര്‍മാര്‍ കബളിപ്പിക്കുന്നതായി പരാതി ഉയരാറുണ്ട്. ചട്ടലംഘനത്തിന്റെ പേരില്‍ ചിലരെല്ലാം ജയിലിലാകുകയും ചെയ്യുന്നു. അവര്‍ക്ക് നിയമസഹായവും ജയിലില്‍നിന്ന് മോചിതരായാല്‍ നാട്ടിലെത്താനുള്ള ചെലവും നല്‍കാനുള്ള സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. വിദേശത്തുനിന്ന് തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതി നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ട്. പ്രവാസികളുടെ നിക്ഷേപവും കര്‍മ്മോന്മുഖതയും രാജ്യത്തിന് പ്രയോജനപ്രദമാക്കാനുള്ള ശ്രമം ഉണ്ടാകുമെന്നും അധികൃതര്‍ ഉറപ്പു നല്‍കി. അടുത്ത കാലത്ത് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കിയതുള്‍പ്പെടെയുള്ള പല നല്ല കാര്യങ്ങളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായി. പ്രവാസി ഭാരതീയ ദിവസിലെ ഉറപ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കും അനുസൃതമായി തുടര്‍നടപടികളെടുത്താല്‍ അതുവഴി പ്രവാസികള്‍ക്കുമാത്രമല്ല, രാജ്യത്തിനും വന്‍നേട്ടം ഉണ്ടാകും.
സമാധാനശ്രമത്തിന് തിരിച്ചടി
വീണുകിടന്നിടത്തുനിന്ന് എഴുന്നേറ്റുനടക്കാന്‍ തുടങ്ങിയ ഇന്ത്യ - പാക്കിസ്ഥാന്‍ സമാധാനദൌത്യം വീണ്ടും ക്രൂരമായി ഇടിച്ചുവീഴ്ത്തപ്പെട്ടിരിക്കുകയാണ്. ഇത്തവണയും പാക്കിസ്ഥാന്‍ തന്നെയാണ് ഇതിന് ഉത്തരവാദി. ജമ്മു-കശ്മീരില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നിയന്ത്രണരേഖ മുറിച്ചുകടന്ന പാക്ക് പട്ടാളം നമ്മുടെ രണ്ടു ജവാന്മാരെ വധിക്കുക മാത്രമല്ല, അവരിലൊരാളുടെ തലവെട്ടുകയും ചെയ്തു. ഈ താലിബാന്‍ രീതി രാജ്യത്തെ നടുക്കുകയും രോഷംകൊള്ളിക്കുകയും ചെയ്യുന്നു. അത്യന്തം പ്രകോപനപരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ നടപടിക്ക് ഉചിതമായ തിരിച്ചടി നല്‍കണമെന്ന ആവശ്യത്തെപ്പോലെ തന്നെ സമാധാനപ്രക്രിയ ഉടന്‍ അവസാനിപ്പിക്കണമെന്ന മുറവിളിയും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
പാക്ക് പട്ടാളം നിയന്ത്രണരേഖ ലംഘിക്കുകയും നുഴഞ്ഞുകയറി ആക്രമണം നടത്തുകയും ചെയ്യുന്നത് ഇതാദ്യമല്ല. 2003ലെ വെടിനിര്‍ത്തല്‍ ഒത്തുതീര്‍പ്പിനു ശേഷം സ്ഥിതി മെച്ചപ്പെട്ടിരുന്നുവെങ്കിലും ഈയടുത്തകാലത്തായി ചെറിയതോതിലുള്ള സംഘട്ടനങ്ങള്‍ പലതവണ നടക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം 75 ഏറ്റുമുട്ടലുകളിലായി എട്ട് ഇന്ത്യന്‍ സൈനികര്‍ മരിക്കുകയും ചെയ്തു. എന്നാല്‍, കൊല്ലപ്പെട്ട സൈനികന്റെ തലയറുക്കുന്നതുപോലുള്ള ഭീകര സംഭവങ്ങള്‍ അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ല. സൈനിക പെരുമാറ്റച്ചട്ടങ്ങള്‍ക്കു തന്നെ വിരുദ്ധമാണിത്.
1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റന്‍ സൌരഭ് കാലിയയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലാണു പാക്ക് അധികൃതര്‍ ഇന്ത്യയ്ക്കു കൈമാറിയിരുന്നത്. അതിനു കാരണം അതിര്‍ത്തിയിലെ കഠിനമായ കാലാവസ്ഥയാണെന്നു പാക്ക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് ഇക്കഴിഞ്ഞ മാസം ഇന്ത്യാ സന്ദര്‍ശനവേളയില്‍ പറഞ്ഞത് അപലപിക്കപ്പെടുകയും ചെയ്തിരുന്നു. റഹ്മാന്‍ മാലിക് തിരിച്ചുപോയി ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോഴേക്കും മറ്റൊരു ഇന്ത്യന്‍ സൈനികന്‍കൂടി പാക്കിസ്ഥാന്റെ പൈശാചികതയ്ക്ക് ഇരയായിരിക്കുകയാണ്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ അര കിലോമീറ്റര്‍ അകത്തുവച്ചു നടന്ന ഈ ആക്രമണം ഒറ്റപ്പെട്ട യാദൃച്ഛിക സംഭവമല്ലെന്നും ആസൂത്രിതമാണെന്നും കരുതുന്നവരുമുണ്ട്.
ഈ സംഭവം മറച്ചുപിടിക്കാനെന്നോണം, ഇന്ത്യയാണ് ആദ്യം ആക്രമിച്ചതെന്ന ആരോപണം പാക്കിസ്ഥാന്‍ ഉന്നയിച്ചിരിക്കുകയാണ്. അതിന്റെ പേരില്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി അവര്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇന്ത്യ പ്രതിഷേധിക്കുന്നതിനു മുന്‍പുതന്നെ ഇന്ത്യയോടു പ്രതിഷേധിച്ച് ലോകത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള പാഴ്ശ്രമമാണു പാക്ക് ഗവണ്‍മെന്റ് നടത്തിയിരിക്കുന്നത്.
മൂന്നു വര്‍ഷത്തിലേറെ മുടങ്ങിക്കിടന്ന സമാധാനശ്രമങ്ങള്‍ പുനരാരംഭിച്ച് അധികനാള്‍ കഴിയുന്നതിനു മുന്‍പു തിരിച്ചടിയേറ്റതു സമാധാനപ്രേമികളെയെല്ലാം അമ്പരപ്പിച്ചിരിക്കുകയാണ്. പാക്ക് സഹായത്തോടെ കശ്മീരി ഭീകരര്‍ 2001 ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു. എന്നിട്ടും മൂന്നുവര്‍ഷത്തിനു ശേഷം സമാധാനപ്രക്രിയ പുനരാരംഭിക്കാനായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പലതലങ്ങളിലും മെച്ചപ്പെട്ടത് അതിന്റെ ഫലമായിട്ടായിരുന്നു.
എന്നാല്‍, 2008 നവംബറിലെ മുംബൈ ആക്രമണത്തോടെ ബന്ധം വീണ്ടും ഉലഞ്ഞുവെന്നു മാത്രമല്ല, സ്ഥിതിഗതികള്‍ പൂര്‍വാധികം മോശമാവുകയും ചെയ്തു. അതിനുശേഷം 2011 ഫെബ്രുവരിയിലാണ് ആദ്യം വിദേശ സെക്രട്ടറിമാര്‍ തമ്മിലും പിന്നീടു വിദേശമന്ത്രിമാരുടെ തലത്തിലും ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. ഇന്ത്യ - പാക്ക് ലോകകപ്പ് ക്രിക്കറ്റ് മല്‍സരം കാണാന്‍ പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി മൊഹാലിയിലും, അജ്മേറിലേക്കുള്ള തീര്‍ഥയാത്രാ മധ്യേ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഡല്‍ഹിയിലുമെത്തി നമ്മുടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങുമായി ചര്‍ച്ചനടത്തി. പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം മന്‍മോഹന്‍ സിങ് സ്വീകരിക്കുകയും ചെയ്തു. ഇതെല്ലാം പ്രതീക്ഷയുടെ പുതുനാമ്പുകള്‍ ഉയര്‍ത്തുകയായിരുന്നു.
ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് അന്യോന്യമുള്ള സന്ദര്‍ശനം എളുപ്പമാക്കാനായി വീസാ ചട്ടങ്ങളില്‍ ഗണ്യമായ ഇളവുവരുത്തിയത് ഈയിടെയാണ്. മുംബൈ ആക്രമണം സംബന്ധിച്ചു റാവല്‍പിണ്ടി ഭീകരവിരുദ്ധ കോടതിയിലുള്ള കേസില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പാക്കിസ്ഥാന്‍ സമ്മതിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന അതിര്‍ത്തിത്തര്‍ക്കങ്ങളിലൊന്നായ സിര്‍ ക്രീക്ക് പ്രശ്നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുവെന്നായിരുന്നു സൂചനകള്‍. അതിനിടയില്‍ തന്നെയാണു പാക്ക് ക്രിക്കറ്റ് ടീം ഇന്ത്യയില്‍ പര്യടനം നടത്തുകയും വിവിധ സ്ഥലങ്ങളിലായി അഞ്ചു മല്‍സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തത്. അഞ്ചുവര്‍ഷത്തിനു ശേഷം ആദ്യമായി നടന്ന ഈ സന്ദര്‍ശനത്തെ ഇന്ത്യയിലെ സ്പോര്‍ട്സ് പ്രേമികള്‍ ഹാര്‍ദമായി സ്വാഗതം ചെയ്തു.
ഈ വിധത്തില്‍ പുരോഗമിച്ചുകൊണ്ടിരുന്ന സമാധാന പ്രക്രിയയെയാണു പാക്കിസ്ഥാന്‍ ഇപ്പോള്‍ വീണ്ടും അപകടത്തിലാക്കിയിരിക്കുന്നത്. ഇതിനു പാക്കിസ്ഥാന്‍ മറുപടി പറയേണ്ടതുണ്ട്.
No comments:
Post a Comment