മുഖപ്രസംഗം January 18 -2013
1. കൈയൊഴിയുന്നത് ജനത്തെ (മാധ്യമം)
ഡീസലിന്‍െറ വിലനിയന്ത്രണാധികാരം കൂടി ഭാഗികമായി എണ്ണക്കമ്പനികള്‍ക്ക് കൈയൊഴിഞ്ഞുകൊടുത്ത് യു.പി.എ സര്‍ക്കാര്‍ സ്വന്തം ജോലിഭാരം ഒന്നുകൂടി കുറച്ചിരിക്കുന്നു. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കാണ് സമയാനുസൃതം ഡീസലിന്‍െറ വില വര്‍ധിപ്പിക്കാനുള്ള അധികാരം ഗവണ്‍മെന്‍റ് വിട്ടുകൊടുത്തിരിക്കുന്നത്. ഇത് ആകസ്മികമല്ല. 2010 ജൂണില്‍ പെട്രോളിന്‍െറ വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ പൂര്‍ണമായി കൈയൊഴിഞ്ഞപ്പോള്‍തന്നെ മുഖ്യ ഗതാഗതത്തിന്‍െറ ഇന്ധനവും കമ്പനികള്‍ക്ക് വിട്ടുകൊടുക്കുമെന്ന് തത്ത്വത്തില്‍ ധാരണയായിരുന്നു.
2. പകര്‍ച്ചവ്യാധികള്‍ക്കെതിരെ നിരന്തരജാഗ്രത വേണം (മാതൃഭൂമി)
സംസ്ഥാനത്ത് കുറച്ചുവര്‍ഷങ്ങളായി പല വിധത്തിലുള്ള പകര്‍ച്ചപ്പനികളും ജലജന്യരോഗങ്ങളും വര്‍ധിച്ചുവരികയാണ്. മഴക്കാലമാകുന്നതോടെയാണ് ഇത്തരം രോഗങ്ങള്‍ പിടിമുറുക്കുന്നത്. വേനല്‍ക്കാലത്ത് ശുദ്ധജലലഭ്യത കുറയുമ്പോഴും ഇത്തരം രോഗബാധവ്യാപകമാകാന്‍ സാധ്യതയുണ്ട്. കുടിവെള്ളത്തിലൂടെ പകരുന്ന കോളറ പോലുള്ള രോഗങ്ങള്‍ക്കു പുറമെ കൊതുക്, എലി മുതലായവയിലൂടെ പകരുന്ന ചിക്കുന്‍ഗുനിയ, എലിപ്പനി എന്നിങ്ങനെ കടുത്ത ദുരിതം വിതയ്ക്കുന്ന പനികളും വ്യാപകമാണ്. ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം ഒരു വര്‍ഷം കൊണ്ട് ഇരട്ടിച്ചു എന്നാണ് സംയോജിത രോഗ നിരീക്ഷണ പദ്ധതി പ്രകാരം നടത്തിയ പഠനം വ്യക്തമാക്കുന്നത്. ആരോഗ്യപരിപാലനത്തിലും ചികിത്സാസൗകര്യത്തിലും രാജ്യത്തിന് മാതൃകയായി കണക്കാക്കപ്പെടുന്ന കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണ വിധേയമാകുന്നില്ലെന്നത് തെല്ലും ആശാസ്യമല്ല. കുടിവെള്ളം മലിനമാകുന്നതാണ് ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം. ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്.
3. വിലക്കയറ്റത്തിനിടെ ഇന്ധനാഘാതവും (മനോരമ )
സാധാരണക്കാര്‍ക്ക് ഒരു ആശ്വാസത്തോടൊപ്പം വലിയൊരു ആഘാതം കൂടിയാണ് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. സബ്സിഡിയോടെയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം പ്രതിവര്‍ഷം ആറ് എന്നതില്‍നിന്ന് ഒന്‍പതാക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതു രാജ്യത്തെ അടുക്കളകളുടെ ആധി തെല്ലൊന്ന് അകറ്റുമ്പോള്‍ , ഡീസല്‍ വില ഘട്ടംഘട്ടമായി എണ്ണക്കമ്പനികള്‍ക്കു നിശ്ചയിക്കാനുള്ള അനുമതി നല്‍കിയതു വിലക്കയറ്റത്തിനുള്ള ഇന്ധനമാകുന്നു; നിത്യോപയോഗ സാധനങ്ങളുടെ വിലകള്‍ പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലെത്തി നില്‍ക്കുമ്പോള്‍ വിശേഷിച്ചും.
കൈയൊഴിയുന്നത് ജനത്തെ (മാധ്യമം)
ഡീസലിന്‍െറ വിലനിയന്ത്രണാധികാരം കൂടി ഭാഗികമായി എണ്ണക്കമ്പനികള്‍ക്ക് കൈയൊഴിഞ്ഞുകൊടുത്ത് യു.പി.എ സര്‍ക്കാര്‍ സ്വന്തം ജോലിഭാരം ഒന്നുകൂടി കുറച്ചിരിക്കുന്നു. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കാണ് സമയാനുസൃതം ഡീസലിന്‍െറ വില വര്‍ധിപ്പിക്കാനുള്ള അധികാരം ഗവണ്‍മെന്‍റ് വിട്ടുകൊടുത്തിരിക്കുന്നത്. ഇത് ആകസ്മികമല്ല. 2010 ജൂണില്‍ പെട്രോളിന്‍െറ വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ പൂര്‍ണമായി കൈയൊഴിഞ്ഞപ്പോള്‍തന്നെ മുഖ്യ ഗതാഗതത്തിന്‍െറ ഇന്ധനവും കമ്പനികള്‍ക്ക് വിട്ടുകൊടുക്കുമെന്ന് തത്ത്വത്തില്‍ ധാരണയായിരുന്നു. ഡീസലിന്‍െറ വിലനിര്‍ണയാവകാശം തല്‍ക്കാലം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാണെങ്കിലും വൈകാതെ സ്വകാര്യകമ്പനികളെയും ആ വരുതിയില്‍ പെടുത്തില്ലെന്നു കരുതാന്‍ ന്യായമൊന്നുമില്ല. ഈ തീരുമാനത്തോടെ പെട്രോളിനെന്നപോലെ ഡീസലിനും കമ്പനികള്‍ക്ക് അവരുടെ നഷ്ടം നികത്താനെന്ന ന്യായം പറഞ്ഞ് യഥേഷ്ടം വില വര്‍ധിപ്പിക്കാന്‍ സാവകാശമായി. സബ്സിഡി നിരക്കില്‍ വര്‍ഷത്തില്‍ അനുവദിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഏപ്രില്‍ ഒന്നു മുതല്‍ ആറില്‍നിന്ന് ഒമ്പതായി വര്‍ധിപ്പിക്കാനുള്ള തീരുമാനവും ഇതിനൊപ്പമുണ്ട്. ഉപഭോക്താക്കള്‍ക്ക് നേരിയൊരു സമാശ്വാസം കൊടുത്തെന്നുവരുത്താനുള്ള അടവുമാത്രമായേ ഇതു കാണാന്‍ കഴിയൂ.
വിപണിയിലെ വിലനിലവാരത്തിനു മാനദണ്ഡമായി സ്വീകരിക്കുന്ന ഇന്ധനവില നിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ കൈയടക്കുന്നതോടെ വിലക്കയറ്റം അടിക്കടി വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമായി മാറാന്‍ പോവുകയാണ്. ഇന്ധന വില കൂട്ടുമെന്ന് പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. ഡീസലിന് നാലര രൂപയുടെയും പാചകവാതകത്തിന് നികുതി കൂടാതെ 130 രൂപയുടെയും വര്‍ധന വേണമെന്ന് പെട്രോളിയം മന്ത്രാലയത്തിന്‍െറ ശിപാര്‍ശയുമുണ്ടായിരുന്നു. അതിന്‍െറ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ തീരുമാനം. അഥവാ പിന്‍വാതിലിലൂടെ ഇന്ധനവില മേലോട്ടു കയറ്റാനുള്ള സര്‍ക്കാര്‍ ഒത്താശയാണ് ഇതുവഴി എണ്ണക്കമ്പനികള്‍ക്കു ലഭിച്ചിരിക്കുന്നത്. ഇതോടെ സെപ്റ്റംബറില്‍ വില വര്‍ധിപ്പിച്ച ഡീസലിന് ഈയാഴ്ചതന്നെ വീണ്ടും വില വര്‍ധിക്കും. ലിറ്ററൊന്നിന് 9.60 രൂപയുടെ നഷ്ടമുണ്ടെന്നു പറയുന്ന കമ്പനികള്‍ക്ക് ആ നഷ്ടം അനുക്രമമായി നികത്താവുന്ന വിധത്തില്‍ സമയബന്ധിതമായി നേരിയ വിലവര്‍ധനയാവാം എന്നാണ് മന്ത്രിസഭാ തീരുമാനമെന്ന് പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി പറയുന്നു. എന്നാല്‍, വിലനിയന്ത്രണാധികാരം കമ്പനികള്‍ക്ക് കൊടുത്തുകഴിഞ്ഞിരിക്കെ, അതു നേരിയതോ കനത്തതോ എന്ന് മന്ത്രി പറയുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ലെന്ന് പെട്രോളിന് അടിക്കടി വര്‍ധിക്കുന്ന വില നോക്കിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. മാത്രമല്ല, വിലക്കയറ്റത്തിന് അന്തര്‍ദേശീയ വിപണിയെ പഴിചാരാറുള്ള കമ്പനികളും ഗവണ്‍മെന്‍റുമൊക്കെ അവിടെ വില ഇടിയുമ്പോഴും പുനര്‍വിചിന്തനത്തിനു തയാറായ അനുഭവം ഇതുവരെ ഇല്ലതാനും.
ഭീമമായ സാമ്പത്തികനഷ്ടത്തില്‍നിന്ന് സര്‍ക്കാറിനു കരകയറണമെങ്കില്‍ സബ്സിഡികള്‍ വെട്ടിക്കുറക്കണമെന്ന വിജയ് കേല്‍ക്കര്‍ കമ്മിറ്റിയുടെ സാമ്പത്തിക പരിഷ്കരണ നിര്‍ദേശങ്ങള്‍ക്കനുസൃതമായ തീരുമാനമാണ് ഇതെന്ന് മന്ത്രി പറയുന്നു. ഭക്ഷണം, വളം, ഇന്ധനം തുടങ്ങിയവക്കുള്ള സബ്സിഡി ഒഴിവാക്കണമെന്നാണ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരിക്കുന്നത്. അതിന്‍െറ ഭാഗമായാണ് ഗതാഗത ഇന്ധന വില കമ്പനികള്‍ക്ക് വിട്ടുകൊടുത്തും പാചകവാതകത്തിനും മണ്ണെണ്ണക്കും സബ്സിഡി ക്രമത്തില്‍ വെട്ടിക്കുറച്ചും ഗവണ്‍മെന്‍റ് സ്വീകരിച്ചുവരുന്ന ‘പരിഷ്കരണം’. 10 മാസംകൊണ്ട് ഓരോ രൂപ വീതം വര്‍ധിപ്പിച്ച് 10 രൂപ വര്‍ധന ഡീസലിന് വരുത്താനും ഇപ്പോള്‍ ലിറ്ററൊന്നിന് കമ്പനി പറയുന്ന 9-10 രൂപയുടെ കമ്മി നികത്താനുമാണ് സര്‍ക്കാറിന്‍െറ തീരുമാനം. എന്നാല്‍, കൃഷിയുടെയും പൊതുഗതാഗതത്തിന്‍െറയും മുഖ്യ ഇന്ധനത്തിന് വില വര്‍ധിക്കുന്നതിന്‍െറ വിപണിയിലെ പ്രത്യക്ഷമായ പ്രത്യാഘാതങ്ങള്‍ കാര്യങ്ങള്‍ പിന്നെയും തലകുത്തനെ നിര്‍ത്തുകയേയുള്ളൂ എന്ന് നിഷ്പക്ഷ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ഒരേസമയം സാധാരണക്കാരന്‍െറ തലക്കടിക്കുകയും എന്നാല്‍ ഉദ്ദേശിച്ച നേട്ടം സമ്പദ്ഘടനക്ക് ഉണ്ടാക്കിക്കൊടുക്കാനാവാതെ വരുകയും ചെയ്യുന്ന നിവൃത്തികേടിലാണ് ഭരണകൂടമുള്ളതെന്നു ചുരുക്കം. നഷ്ടം നികത്താന്‍ സര്‍ക്കാര്‍ കാണുന്ന ഒരേയൊരു മാര്‍ഗം അവശേഷിക്കുന്ന ജനസേവനപ്രവൃത്തികള്‍ കൈയൊഴിയുകയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുകയുമാണ്. ഇതിനപ്പുറം പുതിയ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമം പോകട്ടെ, വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്ന മാനവവിഭവ ശേഷിയടക്കമുള്ള അത്തരം ഉപാധികളെ ഫലപ്രദമായ രീതിയില്‍ വിപണനം ചെയ്യാനുള്ള സംവിധാനംപോലും ഇനിയും ആവിഷ്കരിച്ചിട്ടില്ല. പുതിയ തീരുമാനത്തില്‍ എണ്ണ, വാഹന കമ്പനിയുടമകള്‍ സന്തുഷ്ടരാണ്. ഓഹരിവിപണിയിലെ അവരുടെ താരമൂല്യം വര്‍ധിക്കുന്നു. റേറ്റിങ് ഏജന്‍സികളുടെ പക്കല്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ നിലവാരം കൂടുന്നു. മറുഭാഗത്ത് പക്ഷേ, സാധാരണ ജനത്തിന് ജീവിതപ്പൊറുതി നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ വൈരുധ്യത്തില്‍ ഭരണകൂടം എവിടെ നില്‍ക്കുന്നു എന്ന് അനുദിന ‘പരിഷ്കരണ’ ഉദ്യമങ്ങളില്‍നിന്ന് വ്യക്തമാണ്. ജനത്തിനുവേണ്ടി എന്ന ജനാധിപത്യത്തിന്‍െറ സാമാന്യമര്യാദ അധികബാധ്യതയായി കാണുന്ന ഭരണകൂടത്തില്‍നിന്ന് ഇതിലപ്പുറം ഒന്നും പ്രതീക്ഷിക്കാനില്ല. അങ്ങനെ പ്രതീക്ഷ കൈവിടുമ്പോള്‍ ഭരണകൂടത്തെ ബാധ്യതയായി ചുമക്കാന്‍ ജനവും തയാറാകണമെന്നില്ല എന്ന് തിരിച്ചറിയാന്‍ സാമാന്യ ലോകപരിജ്ഞാനം മതി.
പകര്‍ച്ചവ്യാധികള്‍ക്കെതിരെ നിരന്തരജാഗ്രത വേണം (മാതൃഭൂമി)
സംസ്ഥാനത്ത് കുറച്ചുവര്‍ഷങ്ങളായി പല വിധത്തിലുള്ള പകര്‍ച്ചപ്പനികളും ജലജന്യരോഗങ്ങളും വര്‍ധിച്ചുവരികയാണ്. മഴക്കാലമാകുന്നതോടെയാണ് ഇത്തരം രോഗങ്ങള്‍ പിടിമുറുക്കുന്നത്. വേനല്‍ക്കാലത്ത് ശുദ്ധജലലഭ്യത കുറയുമ്പോഴും ഇത്തരം രോഗബാധവ്യാപകമാകാന്‍ സാധ്യതയുണ്ട്. കുടിവെള്ളത്തിലൂടെ പകരുന്ന കോളറ പോലുള്ള രോഗങ്ങള്‍ക്കു പുറമെ കൊതുക്, എലി മുതലായവയിലൂടെ പകരുന്ന ചിക്കുന്‍ഗുനിയ, എലിപ്പനി എന്നിങ്ങനെ കടുത്ത ദുരിതം വിതയ്ക്കുന്ന പനികളും വ്യാപകമാണ്. ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം ഒരു വര്‍ഷം കൊണ്ട് ഇരട്ടിച്ചു എന്നാണ് സംയോജിത രോഗ നിരീക്ഷണ പദ്ധതി പ്രകാരം നടത്തിയ പഠനം വ്യക്തമാക്കുന്നത്. ആരോഗ്യപരിപാലനത്തിലും ചികിത്സാസൗകര്യത്തിലും രാജ്യത്തിന് മാതൃകയായി കണക്കാക്കപ്പെടുന്ന കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണ വിധേയമാകുന്നില്ലെന്നത് തെല്ലും ആശാസ്യമല്ല. കുടിവെള്ളം മലിനമാകുന്നതാണ് ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം. ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്.
കൊതുക്, എലി തുടങ്ങിയവയും രോഗാണുവാഹകരാണ്. ഇവ പെരുകുന്നത് തടയലാണ് രോഗബാധനിയന്ത്രിക്കുന്നതിനുള്ള മറ്റൊരു പ്രധാനമാര്‍ഗം. രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനെക്കാള്‍ നല്ലത് രോഗബാധ തടയുന്നതാണെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ മലിനീകരണനിയന്ത്രണം, ശുദ്ധജലം ലഭ്യമാക്കല്‍, കൊതുകിന്റെയും എലിയുടെയും നിയന്ത്രണം എന്നിവയിലാണ് സര്‍ക്കാര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തിലെ വര്‍ധന ഏറ്റവുമധികം കണ്ടത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരം ജില്ലയിലെ മലിനീകരണ നിര്‍മാര്‍ജനസംവിധാനം താറുമാറായിക്കിടക്കുകയായിരുന്നതാണ് രോഗബാധ കൂടാന്‍ കാരണമെന്ന് സംശയമുയര്‍ന്നാല്‍ തെറ്റു പറയാനാവില്ല. മാലിന്യം കുന്നുകൂടുമ്പോള്‍ എലിയും കൊതുകും പോലുള്ള ക്ഷുദ്രജീവികള്‍ പെരുകും. പരിസരത്തെ ജലാശയങ്ങള്‍ മലിനമാകാനും സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ ജനവാസപ്രദേശങ്ങളിലെ മാലിന്യ സംസ്‌കരണ പദ്ധതികള്‍ കാര്യക്ഷമമാണെന്നുറപ്പാക്കുന്നതില്‍ സര്‍ക്കാറും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൊതുകിന്റെയും എലിയുടെയും നശീകരണത്തിന് സര്‍ക്കാര്‍ വന്‍തുക മുടക്കുന്നുണ്ടെങ്കിലും അതൊന്നും വേണ്ടത്ര വിജയം കാണുന്നില്ലെന്നാണ് രോഗവ്യാപനത്തിലെ വര്‍ധന വ്യക്തമാക്കുന്നത്. കൊതുകു നശീകരണത്തിന് ജനപങ്കാളിത്തത്തോടെ കുറ്റമറ്റ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണം. സംസ്ഥാനത്ത് ശുദ്ധജല പദ്ധതികള്‍ക്ക് വെള്ളമെടുക്കുന്നത് പ്രധാനമായും പുഴകളില്‍ നിന്നാണ്. പുഴകളിലെ ജലവിതാനം താഴുന്നതും ഉള്ള വെള്ളം തന്നെ മലിനമാകുന്നതും വലിയ പ്രശ്‌നമാണ്.
എറണാകുളം ജില്ലയില്‍ ലക്ഷക്കണക്കിനാളുകള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ആലുവപ്പുഴയിലേക്കാണ് പല വ്യവസായശാലകളില്‍ നിന്നും ആസ്പത്രികളില്‍ നിന്നും മറ്റും മലിനജലം തുറന്നുവിടുന്നത്. സംസ്‌കരിക്കാത്ത മലിനജലവും കക്കൂസ് മാലിന്യവുമൊക്കെ പുഴയില്‍ തള്ളുന്നത് കടുത്തപ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. മറ്റു ജില്ലകളിലും സമാനപ്രശ്‌നം നിലനില്‍ക്കുന്നു. കുടിവെള്ളപദ്ധതികളില്‍ ജലവിതരണത്തിനു മുന്‍പ് ശരിയായ രീതിയില്‍ ശുദ്ധീകരണം നടക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. മിക്കയിടത്തും ജലവിതരണക്കുഴലുകള്‍ കാനകളോടു ചേര്‍ന്നും മറ്റുമാണ് സ്ഥാപിച്ചിട്ടുള്ളത്. കാലപ്പഴക്കം മൂലം ഇവ പൊട്ടുന്നതിനാല്‍ പലപ്പോഴും മാലിന്യം കലര്‍ന്ന ജലമാവും വീടുകളിലെത്തുന്നത്. ഇത്തരത്തില്‍ ജല അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തില്‍ കൃമി, കീടങ്ങളുടെ സാന്നിധ്യമുള്ളതായി പലേടത്തുനിന്നും പരാതി ഉയരാറുണ്ട്. ഈ സാഹചര്യത്തില്‍ ജലപദ്ധതികള്‍ നവീകരിക്കാനും അത്തരം പ്രശ്‌നങ്ങളൊക്കെ സമയബദ്ധമായി പരിഹരിക്കാനും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടി വേണം. പകര്‍ച്ചവ്യാധികളുടെ സൂചന കാണുമ്പോള്‍ത്തന്നെ ആസ്പത്രികളില്‍ വേണ്ടത്ര ചികിത്സാസൗകര്യവും മരുന്നും ഉറപ്പാക്കണം. രോഗബാധയുടെ ആദ്യഘട്ടത്തില്‍ത്തന്നെ നിയന്ത്രണം സാധ്യമായാല്‍ അത് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നത് തടയാനാവും. ഓരോ പ്രദേശത്തും രോഗബാധയ്ക്ക് കാരണമെന്തെന്ന് കണ്ടെത്താനുള്ള പഠനവും അതോടൊപ്പം വേണം. വെള്ളം കെട്ടിക്കിടക്കുന്നതുമൂലം കൊതുകുപെരുകുന്നതാണ് കാരണമെങ്കില്‍ കൊതുകുനശീകരണത്തിനുള്ള നടപടി ശക്തമാക്കണം. കുടിവെള്ളത്തിന്റെ മലിനീകരണമാണ് പ്രശ്‌നമെങ്കില്‍ അത് പരിഹരിക്കണം. ഇത്തരത്തില്‍ രോഗവ്യാപനം തടയാന്‍ ജനങ്ങളുടെ കൂടി സഹകരണത്തോടെ സര്‍ക്കാര്‍തലത്തില്‍ കാര്യക്ഷമമായ നടപടിയുണ്ടാവണം.
വിലക്കയറ്റത്തിനിടെ ഇന്ധനാഘാതവും (മനോരമ )
സിലിണ്ടര്‍ എണ്ണം കൂടുന്നു; ഡീസല്‍വില ഭാരമാകുന്നു
സാധാരണക്കാര്‍ക്ക് ഒരു ആശ്വാസത്തോടൊപ്പം വലിയൊരു ആഘാതം കൂടിയാണ് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. സബ്സിഡിയോടെയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം പ്രതിവര്‍ഷം ആറ് എന്നതില്‍നിന്ന് ഒന്‍പതാക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതു രാജ്യത്തെ അടുക്കളകളുടെ ആധി തെല്ലൊന്ന് അകറ്റുമ്പോള്‍ , ഡീസല്‍ വില ഘട്ടംഘട്ടമായി എണ്ണക്കമ്പനികള്‍ക്കു നിശ്ചയിക്കാനുള്ള അനുമതി നല്‍കിയതു വിലക്കയറ്റത്തിനുള്ള ഇന്ധനമാകുന്നു; നിത്യോപയോഗ സാധനങ്ങളുടെ വിലകള്‍ പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലെത്തി നില്‍ക്കുമ്പോള്‍ വിശേഷിച്ചും.
ഡീസല്‍ വില നിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ കുറച്ചുകാലമായി ആലോചിച്ചുവരികയായിരുന്നു. കേന്ദ്ര ബജറ്റിലെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 5.3ല്‍ നിര്‍ത്താമെന്നായിരുന്നു ധനമന്ത്രി പ്രതീക്ഷിച്ചിരുന്നെങ്കിലും അതു കവിയുന്നുവെന്നു കണ്ടപ്പോഴാണു കേന്ദ്രം ഈ വഴിക്ക് ആലോചന തുടങ്ങിയത്. ഡീസല്‍വിലയില്‍ ഒരുരൂപ വര്‍ധനയുണ്ടായാല്‍ സബ്സിഡി ഇനത്തില്‍ 8000 കോടി രൂപ ലാഭിക്കാം എന്നാണു കണക്കുകൂട്ടല്‍. അങ്ങനെ നോക്കുമ്പോള്‍ ലീറ്ററിന് അഞ്ചുരൂപയുടെ വര്‍ധന ഉണ്ടായാല്‍ അതു നാല്‍പതിനായിരം കോടി രൂപയുടെ സബ്സിഡി ലാഭമുണ്ടാക്കും.
അതേസമയം, ഡീസല്‍ വിലയുടെ നിയന്ത്രണം പൂര്‍ണമായും നീക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. പെട്രോളിന്റെ കാര്യത്തിലും 2010ല്‍ ഇതുപോലെ ഭാഗികമായി നിയന്ത്രണം നീക്കിയിരുന്നു. എണ്ണക്കമ്പനികളുടെ പരാതി ഡീസല്‍ ലീറ്ററൊന്നിന് ഒന്‍പതു രൂപ 60 പൈസ നഷ്ടത്തിലാണ് ഇപ്പോള്‍ വില്‍ക്കുന്നതെന്നായിരുന്നു. ഇന്ധനവിലകളുടെ നിയന്ത്രണം നീക്കുന്നതിനെക്കുറിച്ചു പഠിച്ച കേല്‍ക്കര്‍ കമ്മിറ്റി 2010 സെപ്റ്റംബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡീസല്‍ വില വര്‍ധിപ്പിക്കണമെന്നും നിയന്ത്രണം എടുത്തുകളയണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.
ഡീസല്‍ വില കൂടിയാല്‍ എല്ലാ സാധനങ്ങളുടെയും വില കൂടുമെന്നതു പരിഗണിച്ചു കേന്ദ്രസര്‍ക്കാര്‍ തീരുമാനം നീട്ടിക്കൊണ്ടു പോവുകയായിരുന്നു. നല്ല സാമ്പത്തിക ശാസ്ത്രം പലപ്പോഴും നല്ല രാഷ്ട്രീയമാകാത്തതു പോലെ ഇക്കാര്യത്തിലും കേന്ദ്രസര്‍ക്കാരിനെ പിന്തിരിപ്പിച്ചു നിര്‍ത്തിയതു മറ്റു പല കാരണങ്ങളുമാണ്. എന്നാല്‍, ഡീസല്‍ വില വര്‍ധിപ്പിക്കാതെ ഇനിയും മുന്നോട്ടുപോയാല്‍ സബ്സിഡി ഗണ്യമായി പെരുകുകയും ധനക്കമ്മി കൂടുകയും അടുത്ത ബജറ്റ് തന്നെ ആകെ അവതാളത്തിലാവുകയും ചെയ്യുമെന്നാണു സര്‍ക്കാര്‍ കരുതുന്നത്.
പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ തുടങ്ങിയവയുടെ മൊത്തം സബ്സിഡിക്കായി ഈ സാമ്പത്തിക വര്‍ഷം 1.4 ലക്ഷം കോടി രൂപയിലധികം ചെലവഴിക്കേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. അതായത്, യുപിഎ സര്‍ക്കാരിന്റെ സാമൂഹികക്ഷേമ പരിപാടികള്‍ക്കു ചെലവഴിക്കുന്ന തുകയുടെ പലമടങ്ങ്. ഈ അധികച്ചെലവ് പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയില്‍ സാമൂഹികക്ഷേമ പദ്ധതികള്‍ക്കു കൂടുതല്‍ തുക കണ്ടെത്താനുള്ള വഴിമുട്ടിക്കും. സര്‍ക്കാരിന്റെ ആം ആദ്മി പ്രതിച്ഛായ തന്നെ തകര്‍ന്നേക്കുമെന്ന ആശങ്ക വേറെ. വിലയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ മാത്രമാണ് എണ്ണക്കമ്പനികളെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
എന്നാല്‍, ഇതിലൂടെ ഒന്‍പതോ പത്തോ രൂപയുടെ വര്‍ധന അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ വരുത്താന്‍ അവര്‍ക്ക് അവസരം ലഭിക്കുമെന്നുവേണം കരുതാന്‍. കേല്‍ക്കര്‍ കമ്മിറ്റി ഡീസലിന്റെ വില ലീറ്ററിനു പ്രതിമാസം ഒാരോ രൂപ കണ്ടു വര്‍ധിപ്പിച്ച് വിദേശ വിപണിവിലയില്‍ എത്തിക്കാമെന്നു ശുപാര്‍ശ ചെയ്തത് കേന്ദ്രസര്‍ക്കാര്‍ ഏതാണ്ട് അംഗീകരിച്ചിരിക്കുകയാണ്; പ്രതിമാസം ലീറ്ററിന് അന്‍പതു പൈസ തോതില്‍ കൂട്ടാനാണു കമ്പനികളെ ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 40 ശതമാനവും ഡീസലാണ്.
നമ്മുടെ ഉപഭോഗത്തിനു വേണ്ട ഇന്ധനത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയുമാണ്. ഡീസല്‍ വിലവര്‍ധന നാണ്യപ്പെരുപ്പത്തിന് ഇടയാക്കുമെങ്കിലും അതു പിന്നീടു കുറഞ്ഞുവരുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ വാദം. യാത്ര - ചരക്കുകൂലി, കാര്‍ഷികോല്‍പാദനത്തിന്റെ ചെലവ് (പമ്പിങ്ങിനും മറ്റുമുള്ള ഡീസല്‍ ഉപയോഗം) തുടങ്ങിയവയെ ചെറിയതോതില്‍ ബാധിക്കുമെങ്കിലും ഇപ്പോഴത്തെ വിലനിയന്ത്രണങ്ങളുമായി തുടര്‍ന്നാലുള്ള സ്ഥിതിയെക്കാള്‍ അപകടം കുറവായിരിക്കുമെന്നാണ് അവര്‍ പറയുന്നത്. അതായത്, പെരുകുന്ന ധനക്കമ്മിയാണു കൂടുതല്‍ അപകടകാരി. സാധാരണക്കാരുടെ താല്‍പര്യംകൂടി പരിഗണിച്ച്, ഡീസല്‍ വിലവര്‍ധനയിലൂടെ നികുതിയിനത്തില്‍ സര്‍ക്കാരിനു ലഭിക്കുന്ന അധികവരുമാനത്തിന്റെ കാര്യത്തില്‍ എന്ത് ഇളവുചെയ്യാമെന്നാണു കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ആലോചിക്കേണ്ടത്.
No comments:
Post a Comment