Thursday, January 3, 2013

മുഖപ്രസംഗം January 03 -2013



  1. സി.പി.എമ്മിന്റെ ഭൂസമരം madhyamam -  സമരത്തിന്റെ ഈ പൊലിമക്കപ്പുറത്ത് കേരളത്തിലെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട നിര്‍ണായകമായ പല യാഥാര്‍ഥ്യങ്ങളെയും അഭിമുഖീകരിക്കാന്‍ സി.പി.എമ്മിന് കഴിയുമോ എന്ന ചോദ്യം അവശേഷിക്കുന്നു. ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പുതുതായുണ്ടാകുന്ന ഉണര്‍വുകളെയും ഭൂമിക്കായുള്ള മുറവിളികളെയും പ്രതിരോധിക്കുക എന്ന രാഷ്ട്രീയ തന്ത്രമാണ് പുതിയ ഭൂസമരത്തിന് പിറകിലെന്ന  വിശകലനം പ്രസക്തമാണ്.

  2. എല്‍എന്‍ജി ടെര്‍മിനല്‍ കമ്മിഷനിങ് വൈകരുത്  manorama  സ്വന്തം കഴിവുകേടുകൊണ്ടു പദ്ധതികള്‍ പാഴാകുന്നത് ഇവിടെ തുടര്‍ക്കഥയാണെന്നറിഞ്ഞു പ്രവര്‍ത്തിക്കേണ്ടത് ജനപ്രതിനിധികളാണ്. കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലും അവര്‍ കടമ നിര്‍വഹിക്കണം. പെട്രോനെറ്റ് എല്‍എന്‍ജി, ഗെയ്ല്‍, എന്‍ടിപിസി, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ ഇന്നത്തെ സംയുക്ത യോഗത്തില്‍ ടെര്‍മിനലിന്റെയും വാതകവിതരണത്തിന്റെയും പുരോഗതി വിലയിരുത്തും.
  3. കര്‍ഷകര്‍ക്ക് സഹായംഉറപ്പാക്കണം   mathrubhumi ചെറുതും വലുതുമായ പാടങ്ങള്‍ നികത്തി മറ്റ് കാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന പ്രവണത കേരള ത്തില്‍ വര്‍ധിച്ചുവരികയാണ്. ഇതുമൂലം പലേടത്തും പാടങ്ങളില്‍ വെള്ളം കയറിയിറങ്ങാതായിട്ടുണ്ട്. വേണ്ടത്ര കനാലുകളും തോടുകളും ഉറപ്പാക്കി ജലസേചനസൗകര്യം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ശേഷിക്കുന്ന പാടങ്ങ ളില്‍ കൃഷിയിറക്കാനാവൂ. ഇക്കാര്യങ്ങള്‍ക്ക് കേന്ദ്ര ധനസഹായം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ലഭ്യമാകുന്ന ഫണ്ട്, പാഴ്‌ച്ചെലവും അഴിമതിയും ഇല്ലാതെ ഏറ്റവും ഫലപ്രദമായ ജലപദ്ധതികള്‍ക്കായി വിനിയോഗിക്കുകയും വേണം. മാറുന്ന കാലാവസ്ഥയ്ക്കനുസൃതമായ വിത്തിനങ്ങളും വിളകളും തിരഞ്ഞെടുക്കാന്‍ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും കര്‍ഷകരെ സഹായിക്കണം. കാലാവസ്ഥാപ്രവചനത്തിന്റെ കാര്യത്തില്‍ നാം കൈവരിച്ച നേട്ടങ്ങള്‍ കര്‍ഷകര്‍ക്ക് ഇക്കാര്യത്തില്‍ ആവശ്യമായ മുന്നറിയിപ്പ് നല്‍കാന്‍ ഉതകണം. ലാഭകരമല്ലെന്നുകണ്ട് കര്‍ഷകര്‍ കൃഷിയിറക്കാത്ത പ്രദേശങ്ങള്‍ ഏറേയുണ്ട്. അവിടെയും വരുംവര്‍ഷങ്ങളില്‍ കൃഷിയിറക്കാന്‍ കഴിയുംവിധമുള്ള സഹായപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനായാല്‍ സ്ഥിതി മെച്ചപ്പെടും. ഇതിന് സര്‍ക്കാര്‍ തലത്തില്‍ വിവിധ വകുപ്പുകളുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്.


സി.പി.എമ്മിന്റെ ഭൂസമരം


സി.പി.എമ്മിന്റെ ഭൂസമരം
ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാരംഭിച്ച ഭൂസമരം  അതിന്റെ സംഘാടനമികവുകൊണ്ട് ശ്രദ്ധിക്കപ്പെടും. എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനമുള്ള പാര്‍ട്ടിക്ക് ഇത്തരമൊരു ഇവന്റ് മാനേജ് ചെയ്യുന്നതില്‍ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും കാണില്ല. അതേസമയം, സമരത്തിന്റെ ഈ പൊലിമക്കപ്പുറത്ത് കേരളത്തിലെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട നിര്‍ണായകമായ പല യാഥാര്‍ഥ്യങ്ങളെയും അഭിമുഖീകരിക്കാന്‍ സി.പി.എമ്മിന് കഴിയുമോ എന്ന ചോദ്യം അവശേഷിക്കുന്നു.


2008ല്‍ ചെങ്ങറ സമരത്തിന്റെയും മൂന്നാര്‍ ഓപറേഷന്റെയും  പശ്ചാത്തലത്തിലാണ് ഭൂമിയെക്കുറിച്ച ചര്‍ച്ച കേരളത്തില്‍ അടുത്ത കാലത്ത് ഏറ്റവും സജീവമായത്. 'രണ്ടാം ഭൂപരിഷ്കരണം' എന്നൊരു ആശയം അക്കാലത്ത് പ്രധാന ചര്‍ച്ചയായിരുന്നു. ചെങ്ങറ സമരത്തെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കാനായിരുന്നു, പിണറായി/വി.എസ് പക്ഷ ഭേദമില്ലാതെ പാര്‍ട്ടിയുടെ തീരുമാനം. അക്കാലത്ത് പുറത്തിറക്കിയ സംസ്ഥാന കമ്മിറ്റി  പ്രമേയത്തില്‍ രണ്ടാം ഭൂപരിഷ്കരണ വാദത്തെ തീവ്രവാദികളുടെ ആശയം എന്നാണ് സി.പി.എം വിശേഷിപ്പിച്ചത്. 'ഭൂപരിഷ്കരണം; ഇനിയെന്ത്?' എന്ന പേരില്‍, പാര്‍ട്ടിപ്രമേയത്തെ വിശദീകരിച്ചുകൊണ്ട്, ഡോ. തോമസ് ഐസക് ഒരു പുസ്തകവുമെഴുതുകയുണ്ടായി.


 അങ്ങനെയൊരു നിലപാട് സ്വീകരിച്ച പാര്‍ട്ടി ഇപ്പോള്‍ പൊടുന്നനെ പുതിയൊരു ഭൂസമരവുമായി രംഗത്തിറങ്ങിയതിന്റെ പിന്നിലെന്ത് എന്ന അന്വേഷണം കൗതുകമുണര്‍ത്തുന്നതാണ്. ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പുതുതായുണ്ടാകുന്ന ഉണര്‍വുകളെയും ഭൂമിക്കായുള്ള മുറവിളികളെയും പ്രതിരോധിക്കുക എന്ന രാഷ്ട്രീയ തന്ത്രമാണ് പുതിയ ഭൂസമരത്തിന് പിറകിലെന്ന  വിശകലനം പ്രസക്തമാണ്. വെറും കാലാള്‍പ്പടയായി ഉപയോഗിച്ച് ഇടതുപക്ഷം ഇക്കലമത്രയും തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന തിരിച്ചറിവ് ദലിത് വിഭാഗങ്ങള്‍ക്കിടയിലുണ്ടായിട്ടുണ്ട്. ഈ തിരിച്ചറിവിനെ പ്രതിനിധാനംചെയ്യുന്ന പുതിയൊരു ബുദ്ധിജീവിനിര അവര്‍ക്കിടയില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. അവരുടെയെല്ലാം പ്രയത്നങ്ങളുടെ ഫലമായി പുതിയ സംഘടനാരൂപങ്ങളും ദലിതുകളെ കേന്ദ്രീകരിച്ച് ഉയര്‍ന്നുവരുന്നു. തങ്ങള്‍ പ്രതീക്ഷിക്കാത്ത സാമൂഹിക മേഖലകളില്‍നിന്ന് രൂപംകൊണ്ട പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ ഭൂപ്രശ്നത്തെ ഗൗരവത്തില്‍ അഭിമുഖീകരിക്കുന്നതും സി.പി.എമ്മിനെ ചിന്തിപ്പിച്ചിട്ടുണ്ടാവും. ഈ പശ്ചാത്തലത്തിലാണ് പട്ടികജാതി ക്ഷേമസമിതി എന്ന പേരില്‍ പുതിയൊരു ജാതിസംഘടന രൂപവത്കരിക്കാനും ഭൂസമരവുമായി രംഗത്തുവരാനും സി.പി.എം സന്നദ്ധമായത്.
ഭൂരഹിതരായ കുറച്ചുപേര്‍ക്ക് കുടില്‍ കെട്ടാന്‍ ഏതാനും സെന്റ് ഭൂമി നേടിക്കൊടുക്കാന്‍ സാധിക്കുമെങ്കില്‍ പുതിയ സമരം നല്ലതുതന്നെ. പക്ഷേ, കേരളത്തിലെ ഭൂബന്ധങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ ഈ സമരവും പരാജയപ്പെടുന്നുവെന്നതാണ് പ്രശ്നം. വന്‍കിട തോട്ടഭൂമികളെ ഭൂപരിഷ്കരണത്തില്‍നിന്നൊഴിവാക്കിയ പിഴവ് ഒന്നാം ഇ.എം.എസ് മന്ത്രിസഭയുടെ കാലം മുതല്‍ നിലനില്‍ക്കുന്നുണ്ട്. പുതിയ ഭൂസമരത്തിലും കുത്തകക്കാരുടെ കൈയിലുള്ള തോട്ടഭൂമിയെക്കുറിച്ച നിലപാട് പറയാന്‍ സി.പി.എമ്മിന് സാധിച്ചിട്ടില്ല. അന്നത്തെ പിഴവ് ഇന്നും ശക്തമായി തുടരുന്നുവെന്നര്‍ഥം.

ഇനി, കൈവിട്ടുപോകുന്ന ദലിത് ജനവിഭാഗത്തെ പ്രലോഭിപ്പിച്ച് കൂടെ നിര്‍ത്താനാണ് ഈ സമരമെങ്കില്‍ അതും ഉപകാരപ്പെടുമെന്ന് തോന്നുന്നില്ല. കാരണം, കിടപ്പാടത്തിനായി മിച്ചഭൂമി എന്നതല്ല ദലിതന്‍ ഇന്ന് ഉയര്‍ത്തുന്ന മുദ്രാവാക്യം. മറിച്ച്, മണ്ണില്‍ പണിയെടുക്കുന്നവന് കൃഷിഭൂമി എന്നതാണ്. ഈ ആവശ്യത്തെ അഭിമുഖീകരിക്കാന്‍ കഴിയാത്തിടത്തോളം ദലിത് അസ്വസ്ഥതകളെ പരിഹരിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല.

തലചായ്ക്കാനുള്ള കുടിലുകെട്ടാനും പ്രിയപ്പെട്ടവരുടെ മൃതദേഹം അടക്കാനും ഒരു സെന്റ് പോലുമില്ലാത്ത ജനലക്ഷങ്ങളുള്ള സംസ്ഥാനമാണ് നമ്മുടേത്. ഇത്തരക്കാരുടെ പ്രശ്നങ്ങളെ രാഷ്ട്രീയ ചര്‍ച്ചയുടെ കേന്ദ്ര സ്ഥാനത്ത് കൊണ്ടുവരാനും ഭൂബന്ധങ്ങളെക്കുറിച്ച പുതിയ സംവാദങ്ങള്‍ക്ക് തുടക്കംകുറിക്കാനും സാധിക്കുമെങ്കില്‍ സി.പി.എം സമരം നല്ലതുതന്നെ. അതേസമയം, യഥാര്‍ഥ പ്രശ്നത്തെ അഭിമുഖീകരിക്കുന്നതില്‍ സമരം പരാജയപ്പെടുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇതെല്ലാം മനസ്സിലാവുന്ന ഒരു തലമുറ ദലിത് സമൂഹത്തിലും ഭൂരഹിത വിഭാഗങ്ങളിലുമുള്ളതിനാല്‍ വലിയ രാഷ്ട്രീയ നേട്ടമൊന്നും സി.പി.എം പ്രതീക്ഷിക്കുകയും വേണ്ട.

എല്‍എന്‍ജി ടെര്‍മിനല്‍ കമ്മിഷനിങ് വൈകരുത്
  
mmonline_logoഇന്നത്തെ യോഗത്തില്‍ കണ്ണുനട്ട് കേരളം  

പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനല്‍ പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനുശേഷം പ്രവര്‍ത്തനക്ഷമമാകുകയാണ്. കേരളത്തിന്റെ വികസനത്തിന് ഇന്ധനംപകരുന്ന 4200 കോടി രൂപയുടെ പദ്ധതി കമ്മിഷന്‍ ചെയ്യുന്നതു സംബന്ധിച്ചു പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായരുടെ അധ്യക്ഷതയില്‍ ഇന്നു കൊച്ചിയില്‍ ചേരുന്ന ഉന്നതതല യോഗം തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷ. 

കഴിഞ്ഞ വര്‍ഷാന്ത്യത്തോടെ ടെര്‍മിനല്‍ കമ്മിഷന്‍ ചെയ്യാനായിരുന്നു പരിപാടിയെങ്കിലും പിന്നീട് ഈ വര്‍ഷമാദ്യത്തിലേക്കു മാറ്റുകയായിരുന്നു. ടെര്‍മിനലിന്റെ നിര്‍മാണം അവസാന ഘട്ടത്തിലെത്തിയെങ്കിലും വാതക വിതരണത്തിനുള്ള പൈപ്ലൈന്‍ പൂര്‍ത്തിയാകാത്തതാണു കമ്മിഷനിങ് വൈകുന്നതിനു കാരണമായി പെട്രോനെറ്റ് എല്‍എന്‍ജി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. 

വിപണനത്തിന്റെയും വിതരണത്തിന്റെയും ചുമതലയുള്ള പൊതുമേഖലാ സ്ഥാപനമായ ഗെയ്ല്‍, അമ്പലമുകള്‍ വരെയുള്ള ആദ്യഘട്ട പൈപ്ലൈന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍, മംഗലാപുരത്തേക്കും ബാംഗൂരിലേക്കുമുള്ള രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം സ്ഥലമെടുപ്പു സംബന്ധിച്ചും മറ്റുമുള്ള വിവാദങ്ങള്‍ മൂലം അനിശ്ചിതത്വത്തിലായി. യഥാര്‍ഥത്തില്‍ ഭൂമി ഏറ്റെടുക്കുന്നില്ലെന്നും ഉപയോഗിക്കാനുള്ള അവകാശം മാത്രമേ സ്വന്തമാക്കുന്നുള്ളൂവെന്നും കമ്പനി വ്യക്തമാക്കിക്കഴിഞ്ഞു. നഷ്ടപരിഹാരത്തുകയും ഉയര്‍ത്തിയിട്ടുണ്ട്. 

വളരെ വൈകിയാണെങ്കിലും സംസ്ഥാന ഭരണകൂടം പ്രത്യേക താല്‍പര്യമെടുത്തതിനെ തുടര്‍ന്നു തൃശൂര്‍, പാലക്കാട് ജില്ലകളില്‍ പൈപ്പിടല്‍ ഇപ്പോള്‍ പുരോഗമിക്കുന്നു. പുതുവൈപ്പില്‍നിന്നു കായംകുളം എന്‍ടിപിസി താപനിലയത്തിലേക്കു കടലിനടിയില്‍ കൂടി പൈപ്പിടുന്നതു പ്രാദേശിക എതിര്‍പ്പുകള്‍ മൂലം നടപ്പാക്കാനായില്ല. ബദല്‍ സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്നും കടലിനടിയിലൂടെ പൈപ്പിടുന്നതുകൊണ്ടു ദോഷഫലങ്ങളില്ലെന്നും വിദഗ്ധര്‍ വിശദീകരിക്കുന്നു. മാത്രമല്ല, കായംകുളം താപനിലയത്തിന്റെ പ്രവര്‍ത്തനം ആദായകരമാക്കുന്നതിന്, ഇന്ധനമായി നാഫ്തയ്ക്കു പകരം വാതകത്തിന്റെ ഉപയോഗം അനിവാര്യമാണുതാനും. 

12 വര്‍ഷംമുന്‍പ് 1200 കോടിരൂപ മുതല്‍മുടക്കി സ്ഥാപിച്ച 350 മെഗാവാട്ടിന്റെ താപനിലയം ഇതുവരെയും പ്രവര്‍ത്തനശേഷി കാര്യമായി ഉപയോഗപ്പെടുത്തിയിട്ടില്ല. വിലകൂടിയ വൈദ്യുതിയായതിനാല്‍, കേരളം പോലും ഇതു വാങ്ങാതെ കരാറനുസരിച്ചു നഷ്ടപരിഹാരമായി കോടികള്‍ പ്രതിവര്‍ഷം നല്‍കുകയും ചെയ്യുന്നു. കായംകുളം നിലയത്തിന് 1200 മെഗാവാട്ടിന്റെ രണ്ടാംഘട്ട വികസനപദ്ധതിയും നടപ്പാക്കേണ്ടതുണ്ട്. നിലവില്‍ ബിപിസിഎല്‍ കൊച്ചി റിഫൈനറിയും ഹിന്ദുസ്ഥാന്‍ ഒാര്‍ഗാനിക് കെമിക്കല്‍സുമാണു (എച്ച്ഒസി) പുതുവൈപ്പില്‍നിന്ന് എല്‍എന്‍ജി വാങ്ങാന്‍ കരാറുണ്ടാക്കിയിരിക്കുന്നത്. 

വിലയുടെ കാര്യത്തില്‍ ഫാക്ട് ഇനിയും തീരുമാനത്തിലെത്തിയിട്ടില്ല. ഉയര്‍ന്ന വിലയ്ക്കു വാതകം വാങ്ങിയാല്‍ ഫാക്ടിന്റെ പ്രവര്‍ത്തനം ലാഭത്തിലാകില്ലെന്നാണു വാദം. രാസവളനിര്‍മാണ ശാലകള്‍ക്ക് ഏകീകൃത വില വേണമെന്ന ആവശ്യവുമുണ്ട്. ഇതിനോടു പക്ഷേ, പെട്രോനെറ്റ് എല്‍എന്‍ജി അധികൃതര്‍ യോജിക്കുന്നില്ല. സബ്സിഡിയോ മറ്റ് ആനുകൂല്യങ്ങളോ നല്‍കി പരിഹാരം കണ്ടെത്തേണ്ടതു കേന്ദ്രസര്‍ക്കാരാണ്. 

പാചകവാതകം പൈപ്ലൈന്‍ വഴി വിതരണം ചെയ്യുന്നതിനുള്ള സിറ്റി ഗ്യാസ് പദ്ധതിയും അനിശ്ചിതത്വത്തില്‍ തുടരുന്നു. പുതുവൈപ്പ് ടെര്‍മിനലിന്റെ ശേഷി പ്രതിവര്‍ഷം 50 ലക്ഷം ടണ്ണായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും നിലവിലുള്ള വിതരണ സംവിധാനമനുസരിച്ച് ഇതിന്റെ അഞ്ചു ശതമാനം മാത്രമേ ഉപയോഗപ്പെടുത്താനാവുകയുള്ളൂവത്രേ. അതേസമയം, ഊര്‍ജക്ഷാമവും അധികവിലയും മൂലം സംസ്ഥാനം വലയുകയുമാണ്. എല്‍എന്‍ജിക്ക് ആഗോളവിപണിയില്‍ വിലകുറയുന്ന പ്രവണതയാണ്. 


യൂണിറ്റിനു 16 ഡോളറിനടുത്തുണ്ടായിരുന്നത് 11 ഡോളറിലെത്തി. ആഗോള സാമ്പത്തികമാന്ദ്യവും പുതിയ ഊര്‍ജസ്രോതസ്സുകളുടെ കണ്ടെത്തലും മൂലം വില വീണ്ടും കുറഞ്ഞ് അഞ്ചു ഡോളറിലേക്കുവരെ എത്തിയേക്കുമെന്നാണു കണക്കുകൂട്ടല്‍. പൊതുമേഖലാ കമ്പനികളായ പെട്രോനെറ്റ് എല്‍എന്‍ജിയും ഗെയ്ലും കേരളത്തിന്റെ വികസനത്തിനു വന്‍ മുതല്‍മുടക്കോടെ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതിനൊപ്പം ഉയരാന്‍ സംസ്ഥാനത്തിനു കഴിയാത്തതു ഖേദകരമാണ്. 

സ്വന്തം കഴിവുകേടുകൊണ്ടു പദ്ധതികള്‍ പാഴാകുന്നത് ഇവിടെ തുടര്‍ക്കഥയാണെന്നറിഞ്ഞു പ്രവര്‍ത്തിക്കേണ്ടത് ജനപ്രതിനിധികളാണ്. കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലും അവര്‍ കടമ നിര്‍വഹിക്കണം. പെട്രോനെറ്റ് എല്‍എന്‍ജി, ഗെയ്ല്‍, എന്‍ടിപിസി, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ ഇന്നത്തെ സംയുക്ത യോഗത്തില്‍ ടെര്‍മിനലിന്റെയും വാതകവിതരണത്തിന്റെയും പുരോഗതി വിലയിരുത്തും. ഇതോടൊപ്പം, നടത്തിപ്പിലുള്ള പോരായ്മകളും തടസ്സങ്ങളും മാറ്റാന്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണു കേരളം.


കര്‍ഷകര്‍ക്ക് സഹായംഉറപ്പാക്കണം
Posted on: 03 Jan 2013

Newspaper Edition
ഇടവപ്പാതിയും തുലാവര്‍ഷവും കുറഞ്ഞതോടെ ഈ വര്‍ഷം സംസ്ഥാനം വരള്‍ച്ചയുടെ പിടിയിലായിരിക്കുകയാണ്. സംസ്ഥാനത്ത് 228 കോടി രൂപയുടെ കൃഷി നശിച്ചതായാണ് ഇതിനകം ലഭ്യമായ കണക്കുകള്‍ കാണിക്കുന്നത്. ആറ് ജില്ലകളിലെ കണക്കുകള്‍ കിട്ടിയിട്ടില്ല. ആ പ്രദേശങ്ങളിലും കാര്യമായ കൃഷിനാശം ഉണ്ടായിട്ടുണ്ട്. കൃഷിനാശത്തിന് പരിഹാരമായി സര്‍ക്കാര്‍ നല്‍കുന്ന തുക യഥാര്‍ഥ ചെലവിനേക്കാള്‍ തീരേക്കുറവാണ്. വിള ഇന്‍ഷുറന്‍സ് സൗകര്യവും വ്യാപകമാക്കാനായിട്ടില്ല. ഈ അവസ്ഥ മാറണം. കേന്ദ്രസഹായം പ്രയോജനപ്പെടുത്തിയും മാനദണ്ഡങ്ങളില്‍ പരമാവധി ഇളവു വരുത്തിയും കര്‍ഷകരുടെ നഷ്ടം പരിഹരിക്കണം. ശാസ്ത്രീയാടിസ്ഥാനത്തില്‍ ലാഭകരമായി കൃഷിയിറക്കാന്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കുകയും വേണം. എങ്കിലേ വരുംകൊല്ലങ്ങളില്‍ കൃഷിയിറക്കാന്‍ കര്‍ഷകര്‍ തയ്യാറാവൂ. 


കേരളത്തില്‍ പ്രധാനമായും പ്രകൃതിയെ ആശ്രയിച്ചുള്ള കൃഷിരീതികളാണ് പൊതുവേ പിന്തുടരുന്നത്. ജലസേച നസൗകര്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും അവ ലഭ്യമല്ലാത്ത സ്ഥലങ്ങള്‍ ഒട്ടേറെയുണ്ട്. ഈ സാഹചര്യത്തില്‍, വരള്‍ച്ച രൂക്ഷമായാലുണ്ടാകുന്നസ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. നെല്ലിനു മാത്രമല്ല, വാഴയ്ക്കും കുരുമുളകിനും തെങ്ങിനും ഏലം പോലുള്ള വിളകള്‍ക്കും അതത് സമയത്ത് മഴയും മഞ്ഞും വെയിലുമെല്ലാം കിട്ടണം. പുഴകളുടെയും മണ്‍സൂണ്‍ മഴയുടെയും നാടായ കേരളം പൊതുവേ ജലസമൃദ്ധിക്ക് പേരുകേട്ടതാണ്. മഴയെ ആശ്രയിച്ചുള്ള കൃഷിരീതികള്‍ പണ്ടുകാലം മുതല്‍ ഇവിടെ സ്വീകരിച്ചുപോരികയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ സാഹചര്യങ്ങളില്‍ മാറ്റം വന്നിരിക്കുന്നു. മഴ പലപ്പോഴും ഒളിച്ചുകളിക്കുന്നു. നിലം നികത്തലും കാടുവെട്ടലും മണ്ണൊലിപ്പും മറ്റും വ്യാപകമായതോടെ കിട്ടുന്ന മഴ പോലും മണ്ണിലേക്കിറങ്ങുന്നില്ല. ഹരിയാണ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ വന്‍തോതില്‍ ജലസേചനസൗകര്യം ഒരുക്കിയാണ് കൃഷിയിറക്കുന്നത്. കേരളവും കൃഷിയുടെ കാര്യത്തില്‍ ഇത്തരത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 


ചെറുതും വലുതുമായ പാടങ്ങള്‍ നികത്തി മറ്റ് കാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന പ്രവണത കേരള ത്തില്‍ വര്‍ധിച്ചുവരികയാണ്. ഇതുമൂലം പലേടത്തും പാടങ്ങളില്‍ വെള്ളം കയറിയിറങ്ങാതായിട്ടുണ്ട്. വേണ്ടത്ര കനാലുകളും തോടുകളും ഉറപ്പാക്കി ജലസേചനസൗകര്യം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ശേഷിക്കുന്ന പാടങ്ങ ളില്‍ കൃഷിയിറക്കാനാവൂ. ഇക്കാര്യങ്ങള്‍ക്ക് കേന്ദ്ര ധനസഹായം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ലഭ്യമാകുന്ന ഫണ്ട്, പാഴ്‌ച്ചെലവും അഴിമതിയും ഇല്ലാതെ ഏറ്റവും ഫലപ്രദമായ ജലപദ്ധതികള്‍ക്കായി വിനിയോഗിക്കുകയും വേണം. മാറുന്ന കാലാവസ്ഥയ്ക്കനുസൃതമായ വിത്തിനങ്ങളും വിളകളും തിരഞ്ഞെടുക്കാന്‍ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും കര്‍ഷകരെ സഹായിക്കണം. കാലാവസ്ഥാപ്രവചനത്തിന്റെ കാര്യത്തില്‍ നാം കൈവരിച്ച നേട്ടങ്ങള്‍ കര്‍ഷകര്‍ക്ക് ഇക്കാര്യത്തില്‍ ആവശ്യമായ മുന്നറിയിപ്പ് നല്‍കാന്‍ ഉതകണം. ലാഭകരമല്ലെന്നുകണ്ട് കര്‍ഷകര്‍ കൃഷിയിറക്കാത്ത പ്രദേശങ്ങള്‍ ഏറേയുണ്ട്. അവിടെയും വരുംവര്‍ഷങ്ങളില്‍ കൃഷിയിറക്കാന്‍ കഴിയുംവിധമുള്ള സഹായപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനായാല്‍ സ്ഥിതി മെച്ചപ്പെടും. ഇതിന് സര്‍ക്കാര്‍ തലത്തില്‍ വിവിധ വകുപ്പുകളുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്.



No comments:

Post a Comment