മുഖപ്രസംഗം January 06 -2013
- ബലിയാട് madhyamam ശങ്കര്‍ ബിദ്രിയും സംഘവും കൊടുംതീവ്രവാദിയെന്ന് മുദ്രകുത്തിയ കശ്മീരുകാരനായ യുവക്രിക്കറ്റര്‍ പര്‍വേസ് റസൂല്‍ ഇന്ത്യ 'എ' ടീമില്‍ ഇടംനേടുമ്പോള്‍ ഈ തമാശ ഓര്‍മവരും. ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ജമ്മു-കശ്മീരില്‍നിന്നുള്ള ക്രിക്കറ്റര്‍. വയസ്സ് 23. ഓള്‍റൗണ്ടറാണ്. ബാറ്റും ബോളും ഒരുപോലെ വഴങ്ങും. രഞ്ജി ട്രോഫി സീസണില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടു സെഞ്ച്വറി ഉള്‍പ്പെടെ 594 റണ്‍സ്. എട്ടു മാച്ചുകളില്‍നിന്ന് 33 വിക്കറ്റുകള്‍. ബിഷന്‍ സിങ് ബേദിയായിരുന്നു കോച്ച്. മികച്ച ഓഫ് സ്പിന്നറായി മാറാന്‍ സഹായിച്ചത് ബേദിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍. ഈ വിജയവഴിയിലേക്കുള്ള യാത്ര പക്ഷേ എളുപ്പമായിരുന്നില്ല. ഇളംപ്രായത്തില്‍ നേരിട്ടത് കയ്പേറിയ അനുഭവം. കര്‍ണാടക പൊലീസിന്റെ വംശീയ മുന്‍വിധിയില്‍ തകര്‍ത്തെറിയപ്പെടുമായിരുന്ന ജീവിതമാണ് കളിമൈതാനത്ത് വീണ്ടും തളിര്‍ത്തത്. പര്‍വേസിന് ഇത് പുനര്‍ജന്മം. മൂന്നു വര്‍ഷം മുമ്പ് ഒക്ടോബറില്‍ പര്‍വേസിന്റെ പേര് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ഇങ്ങനെയൊന്നുമായിരുന്നില്ല. ആ സംഭവം ഒരു ദുഃസ്വപ്നമായിരുന്നുവെന്ന് ഇന്ന് പര്‍വേസ് പറയും. എവിടെ സ്ഫോടനം നടക്കുമ്പോഴും നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്ന പൊലീസിന്റെ മുന്‍വിധിയുടെ ഇരകളിലൊരാളായി മാറുകയായിരുന്നു ഈ കായികപ്രതിഭ.
- നീതിയുടെ രഥചക്രം വേഗമുരുളട്ടെ - mathrubhumi സംഭവം നടന്ന് 10 മാസത്തിനകം തന്നെ പ്രതിക്ക് പരമാവധി ശിക്ഷ കൊടുത്തുകൊണ്ടുള്ള വിധി വന്നത് പ്രശംസനീയമാണ്. രാജ്യത്തെമ്പാടുമുള്ള ഇത്തരം കേസുകളിലെ നടപടി സമയബദ്ധമായി നടത്തുന്നതിന് ഇത് മാതൃകയാകട്ടെ. അതോടൊപ്പം ശിക്ഷാവിധി എത്രയും വേഗം നടപ്പാക്കുന്ന കാര്യത്തില്‍ക്കൂടി നീതിനിര്‍വഹണവ്യവസ്ഥ കൂടുതല്‍ ശുഷ്‌കാന്തി കാട്ടേണ്ടതുണ്ട്്. വധശിക്ഷയുള്‍പ്പെടെ സ്ത്രീപീഡനക്കേസുകളിലെ അപ്പീല്‍ ഒട്ടും വൈകാതെ കേട്ടു തീര്‍പ്പാക്കാന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രത്യേക ബെഞ്ച് ഉള്‍പ്പെടെ അതിവേഗസംവിധാനം പരിഗണിക്കേണ്ടതാണ്. സ്ത്രീപീഡനക്കേസുകളിലെ അനാവശ്യ കാലതാമസം ഒഴിവാക്കാന്‍ കോടതികള്‍ നിതാന്തജാഗ്രത പുലര്‍ത്തണം. സ്ത്രീപീഡനക്കേസുകളില്‍ നീതി വൈകുന്നുവെന്ന പരാതി വ്യാപകമാണ്. അത് നീതിനിഷേധത്തിന് തുല്യമാണ്. പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷയെന്നതോടൊപ്പം മറ്റുള്ളവര്‍ ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടാതിരിക്കാനുള്ള മുന്നറിയിപ്പുകൂടിയാണ് കോടതിവിധികള്‍. സമയബദ്ധമായി ശിക്ഷാവിധി നടപ്പാക്കപ്പെടുമ്പോള്‍ മാത്രമാണ് അത് പൂര്‍ണമായി ഫലവത്താകുന്നത്. ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താനും ഭരണാധികാരികള്‍ സത്വരനടപടിയെടുക്കണം. ശിക്ഷ കര്‍ക്കശമാക്കുന്നതോടൊപ്പം കേസ് നടത്തിപ്പ് കാര്യക്ഷമമാക്കുകയും വേണം.
ബലിയാട്
ഇന്ത്യന്‍ പൊലീസിനെപ്പറ്റി പ്രചരിക്കുന്ന ഒരു തമാശയുണ്ട്. കടുവയെ പിടിക്കാനുള്ള രാജ്യാന്തരമത്സരം നടക്കുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കാട്ടില്‍നിന്ന് കടുവയെ പിടിച്ചുകൊണ്ടു വരുന്നയാള്‍ക്കാണ് സമ്മാനം. ഇന്ത്യ, ചൈന, അമേരിക്ക, ജപ്പാന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളെല്ലാം കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ കടുവയെ പിടിച്ചുകൊണ്ടുവന്നു. എന്നാല്‍, ഏറെനേരം കഴിഞ്ഞിട്ടും ഇന്ത്യക്കാരനെയും കടുവയെയും കാണാനില്ല. മറ്റു രാജ്യക്കാരെല്ലാരുംകൂടി കാട്ടില്‍ ചെന്ന് തിരഞ്ഞുനോക്കുമ്പോള്‍ ഇന്ത്യക്കാരന്‍ ഒരു പാവം കരടിയെ പിടിച്ച് നെഞ്ചത്ത് ചവിട്ടുന്നു. 'സത്യം പറയെടാ, നീയല്ലേ കടുവ?' എന്ന് കരടിയെ ചോദ്യം ചെയ്യുകയാണ് അയാള്‍. ശങ്കര്‍ ബിദ്രിയെപ്പോലുള്ളവര്‍ അടങ്ങുന്ന ഇന്ത്യന്‍ പൊലീസ് കുറ്റംതെളിയിക്കുന്നത് ഏതാണ്ട് ഇങ്ങനെയൊക്കെയാണ്. ശങ്കര്‍ ബിദ്രിയും സംഘവും കൊടുംതീവ്രവാദിയെന്ന് മുദ്രകുത്തിയ കശ്മീരുകാരനായ യുവക്രിക്കറ്റര്‍ പര്‍വേസ് റസൂല്‍ ഇന്ത്യ 'എ' ടീമില്‍ ഇടംനേടുമ്പോള്‍ ഈ തമാശ ഓര്‍മവരും. ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ജമ്മു-കശ്മീരില്‍നിന്നുള്ള ക്രിക്കറ്റര്‍. വയസ്സ് 23. 1989 ഫെബ്രുവരി 13ന് ജമ്മു-കശ്മീരിലെ ബിജ്ബഹാരയില്‍ ജനനം. മുഴുവന്‍ പേര് പര്‍വേസ് റസൂല്‍ സര്‍ഗവ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ കൊച്ചുപ്രായത്തില്‍തന്നെ വേറിട്ട ഒരു എന്‍ട്രിയാണ് പര്‍വേസിന്റേത്.
ഈയിടെ വ്യക്തിപരമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജലന്ധറിലേക്കുള്ള യാത്രയിലായിരുന്നു. അപ്പോഴാണ് ജമ്മു-കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനില്‍നിന്ന് വിളിവരുന്നത്. നിങ്ങളെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങള്‍ എന്ന് അവര്‍. എന്തിന് എന്ന് ആശ്ചര്യപ്പെട്ടു പര്‍വേസ്. ഇംഗ്ളണ്ടിനെതിരായ ഏകദിനത്തില്‍ എ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന് മറുപടി. ഈ സീസണിലെ മെച്ചപ്പെട്ട പ്രകടനത്തിനുശേഷം ഒരു വിളി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പര്‍വേസ്. പക്ഷേ അത് ഇത്രപെട്ടെന്ന് ഉണ്ടാവുമെന്ന് വിചാരിച്ചില്ല. ഓള്‍റൗണ്ടറാണ്. ബാറ്റും ബോളും ഒരുപോലെ വഴങ്ങും. രഞ്ജി ട്രോഫി സീസണില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടു സെഞ്ച്വറി ഉള്‍പ്പെടെ 594 റണ്‍സ്. എട്ടു മാച്ചുകളില്‍നിന്ന് 33 വിക്കറ്റുകള്‍. ബിഷന്‍ സിങ് ബേദിയായിരുന്നു കോച്ച്. മികച്ച ഓഫ് സ്പിന്നറായി മാറാന്‍ സഹായിച്ചത് ബേദിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍. ഈ വിജയവഴിയിലേക്കുള്ള യാത്ര പക്ഷേ എളുപ്പമായിരുന്നില്ല. ഇളംപ്രായത്തില്‍ നേരിട്ടത് കയ്പേറിയ അനുഭവം. കര്‍ണാടക പൊലീസിന്റെ വംശീയ മുന്‍വിധിയില്‍ തകര്‍ത്തെറിയപ്പെടുമായിരുന്ന ജീവിതമാണ് കളിമൈതാനത്ത് വീണ്ടും തളിര്‍ത്തത്. പര്‍വേസിന് ഇത് പുനര്‍ജന്മം. മൂന്നു വര്‍ഷം മുമ്പ് ഒക്ടോബറില്‍ പര്‍വേസിന്റെ പേര് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ഇങ്ങനെയൊന്നുമായിരുന്നില്ല. ആ സംഭവം ഒരു ദുഃസ്വപ്നമായിരുന്നുവെന്ന് ഇന്ന് പര്‍വേസ് പറയും. എവിടെ സ്ഫോടനം നടക്കുമ്പോഴും നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്ന പൊലീസിന്റെ മുന്‍വിധിയുടെ ഇരകളിലൊരാളായി മാറുകയായിരുന്നു ഈ കായികപ്രതിഭ.
2009 ഒക്ടോബര്‍ 17നാണ് സംഭവം. അന്ന് ജമ്മു-കശ്മീരിന്റെ അണ്ടര്‍ -22 ക്രിക്കറ്റ് ടീമംഗമാണ്. വയസ്സ് ഇരുപതേയുള്ളൂ. ചെറുപ്പത്തിന്റെ പ്രസരിപ്പുമായി കളിമൈതാനത്തിലെ ഭാവി സ്വപ്നംകണ്ട് ബംഗളൂരുവിലെത്തിയ ദിനം. ജീവിതത്തിന്റെ ഗതിതന്നെ മാറ്റിമറിച്ച കരിദിനം. സി.കെ. നായുഡു ട്രോഫിയില്‍ മത്സരിക്കാനായി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ അതിഥികളായെത്തിയതാണ് പര്‍വേസും സംഘവും. ചിന്നസ്വാമി സ്റ്റേഡിയത്തിലെ കെ.എസ്.സി.എ കോംപ്ലക്സില്‍ വിശ്രമിച്ച് യാത്രാക്ഷീണം തീര്‍ക്കുകയായിരുന്നു പര്‍വേസ്. അപ്പോഴാണ് കര്‍ണാടക പൊലീസ് പരിശോധനക്കായി അവിടെയെത്തുന്നത്. ചാമ്പ്യന്‍സ് ലീഗ് ട്വന്റി20യില്‍ വിക്ടോറിയ-കേപ് കോബ്രാസ് മത്സരത്തിനുള്ള സുരക്ഷാജോലിയിലായിരുന്ന പൊലീസ് ജമ്മു-കശ്മീര്‍ കളിക്കാരുടെ ബാഗും പരിശോധിച്ചു. പാഡും ബാറ്റും ജഴ്സികളുമടങ്ങിയ ബാഗില്‍ സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങളുണ്ടെന്ന പൊലീസിന്റെ വെളിപ്പെടുത്തല്‍ കളിക്കാരെ ഞെട്ടിച്ചു. ടീമംഗങ്ങളായ പര്‍വേസ് റസൂലിനെയും മെഹ്റാജുദ്ദീനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധിക്കാനും പിടിക്കാനും വന്നത് ശങ്കര്‍ ബിദ്രി എന്ന കുപ്രസിദ്ധന്‍. അന്നത്തെ കര്‍ണാടക ഡി.ജി.ആന്‍ഡ് ഐ.ജി.പി. പണ്ട് വീരപ്പനെ പിടിക്കാന്‍ കാട്ടില്‍ പോയ പ്രത്യേക ദൗത്യസംഘത്തിന്റെ തലവന്‍. ദൗത്യസേന കാട്ടിക്കൂട്ടിയ പേക്കൂത്തുകളത്രയും ശങ്കര്‍ ബിദ്രിയുടെ നേതൃത്വത്തിലായിരുന്നു. സമാനതകളില്ലാത്ത അതിക്രമങ്ങളുടെ പേരില്‍ അന്ന് കര്‍ണാടക ഹൈകോടതി സദ്ദാം ഹുസൈനേക്കാളും മുഅമ്മര്‍ ഖദ്ദാഫിയേക്കാളും വലിയ സ്വേച്ഛാധിപതി എന്നാണ് ഈ പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചത്. നരാധമനെന്നു പേരുകേട്ട ആ പൊലീസുകാരനാണ് പര്‍വേസിന്റെ ഭാവി തകര്‍ക്കാന്‍ മുന്നിലെത്തിയത്. രണ്ട് കൊടുംതീവ്രവാദികളെ പിടികൂടിയെന്നാണ് അയാള്‍ രാജ്യത്തെ അറിയിച്ചത്. വലിയ പരിശോധനകളില്ല. അന്വേഷണമില്ല. കളിക്കാരന്റെ ബാഗും തൂക്കി നേരെ മാധ്യമങ്ങള്‍ക്കു മുന്നില്‍നിന്ന് അയാള്‍ അത് വിളിച്ചുകൂവി. പിന്നെ ഒരു ദിവസം മുഴുവന്‍ നീണ്ട ചോദ്യംചെയ്യല്‍. ഫോറന്‍സിക് പരിശോധന വേറെ. സ്റ്റേഡിയം മുഴുവന്‍ അരിച്ചുപെറുക്കി പരിശോധന നടത്തി രണ്ടു മണിക്കൂറുകള്‍ക്കുശേഷം കളി തുടങ്ങി. ജമ്മുവില്‍നിന്ന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ലയും മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും സമയോചിതമായി ഇടപെട്ടു. കളിക്കാരെ വിട്ടയക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി. ഉമര്‍ അബ്ദുല്ല ബംഗളൂരു പൊലീസിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. പര്‍വേസിനെ പൊലീസ് ബലിയാടാക്കുകയായിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. തൊട്ടുപിന്നാലെ വന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ കളിക്കാര്‍ക്ക് ക്ളീന്‍ചിറ്റ്. പര്‍വേസിന്റെ ബാഗില്‍ സ്ഫോടകവസ്തുക്കളില്ലായിരുന്നുവെന്ന് അതോടെ തെളിഞ്ഞു. മൂന്നു ദിവസമാണ് കൊടുംതീവ്രവാദി എന്ന ചാപ്പ കുത്തപ്പെട്ട് ബംഗളൂരൂവില്‍ കഴിഞ്ഞത്. ശങ്കര്‍ ബിദ്രിയുടെ നായാട്ട് അവസാനിച്ചെങ്കിലും ചെയ്യാത്ത കുറ്റത്തിന് ഒരു ഇരുപതുകാരനെ ദ്രോഹിച്ചതിന്റെ പേരില്‍ പരസ്യമായ ഒരു ക്ഷമാപണം നടത്താന്‍ കര്‍ണാടക പൊലീസ് തയാറായില്ല. കളിക്കളത്തിലൂടെ രാജ്യത്തിന്റെ യശസ്സുയര്‍ത്തി തന്റെ ദേശസ്നേഹത്തിന്റെ ആഴം അനുഭവിപ്പിക്കുകയാണ് ഇപ്പോള്‍ പര്‍വേസ് റസൂല്‍. 'ആ സംഭവത്തിനുശേഷമുള്ള രാത്രിയില്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇത് എന്റെ ജീവിതത്തില്‍ സംഭവിച്ചുവെന്ന് എനിക്ക് വിശ്വസിക്കാനായില്ല. ക്രിക്കറ്റ് കളി മതിയാക്കാന്‍ തന്നെ അന്ന് ഞാന്‍ വിചാരിച്ചിരുന്നു. ദൈവം എന്റെ സ്ഥിരോത്സാഹത്തെ പരീക്ഷിക്കുകയായിരുന്നിരിക്കണം. ആ കഠിനകാലങ്ങളില്‍ ജമ്മു-കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ എന്റെ കൂടെ നിന്നു. അവരോട് എനിക്ക് നന്ദിയുണ്ട്. ഇപ്പോള്‍ എന്റെ ശ്രദ്ധ മുഴുവന്‍ കളിയിലാണ്. ഞാനൊരു ക്രിക്കറ്റര്‍ ആണ്, ടെററിസ്റ്റ് അല്ല. അത് ഞാനെന്റെ ബാറ്റുകൊണ്ട് തെളിയിക്കും' -പര്‍വേസ് പറയുന്നു.
ബംഗളൂരുവില്‍ പൊലീസ് വിട്ടയച്ചശേഷം നാലു ദിവസത്തിനുശേഷം സി.കെ. നായുഡു ട്രോഫിയില്‍ പര്‍വേസ് കളിമൈതാനത്ത് കണക്കുതീര്‍ത്തു. കര്‍ണാടകക്കെതിരെ നടന്ന മത്സരത്തില്‍ 49 പന്തില്‍ 50 റണ്‍സടിച്ചെടുത്ത് പര്‍വേസ് കൊടുങ്കാറ്റായി. പിന്നെയുള്ള ലക്ഷ്യം ദേശീയ ടീമായിരുന്നു. രഞ്ജി ട്രോഫിയിലെ താരത്തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ അതും പര്‍വേസ് കൈപ്പിടിയിലൊതുക്കി. കടുത്ത വംശീയവിദ്വേഷം വെച്ചുപുലര്‍ത്തുന്ന ഒരു വിഭാഗം നിയമപാലകരുടെ കരാളഹസ്തങ്ങളില്‍പെട്ട് തീവ്രവാദികള്‍ക്കൊപ്പം ജയിലറക്കുള്ളിലെ ഇരുട്ടിലൊടുങ്ങുമായിരുന്ന യുവാവ് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനതാരങ്ങളിലൊന്നായി ഉയര്‍ന്നിരിക്കുന്നു. ഇന്ന് കളത്തിലിറങ്ങുമ്പോള്‍ നിശ്ശബ്ദമായ ഒട്ടേറെ പ്രാര്‍ഥനകള്‍ പര്‍വേസിന് ഒപ്പമുണ്ടാവും. ഭരണകൂടം ചവിട്ടിമെതിച്ച എത്രയോ യുവാക്കളുടെ നിശ്ശബ്ദമായ പ്രാര്‍ഥനകള്‍. പര്‍വേസിന്റെ മധുരമായ പ്രതികാരത്തിന് അത് പശ്ചാത്തല സംഗീതമാവും.
നീതിയുടെ രഥചക്രം വേഗമുരുളട്ടെ
തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയായ ആര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിന് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരിക്കയാണ്. സംഭവം നടന്ന് 10 മാസത്തിനകം തന്നെ പ്രതിക്ക് പരമാവധി ശിക്ഷ കൊടുത്തുകൊണ്ടുള്ള വിധി വന്നത് പ്രശംസനീയമാണ്. രാജ്യത്തെമ്പാടുമുള്ള ഇത്തരം കേസുകളിലെ നടപടി സമയബദ്ധമായി നടത്തുന്നതിന് ഇത് മാതൃകയാകട്ടെ. അതോടൊപ്പം ശിക്ഷാവിധി എത്രയും വേഗം നടപ്പാക്കുന്ന കാര്യത്തില്‍ക്കൂടി നീതിനിര്‍വഹണവ്യവസ്ഥ കൂടുതല്‍ ശുഷ്‌കാന്തി കാട്ടേണ്ടതുണ്ട്്. വധശിക്ഷയുള്‍പ്പെടെ സ്ത്രീപീഡനക്കേസുകളിലെ അപ്പീല്‍ ഒട്ടും വൈകാതെ കേട്ടു തീര്‍പ്പാക്കാന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രത്യേക ബെഞ്ച് ഉള്‍പ്പെടെ അതിവേഗസംവിധാനം പരിഗണിക്കേണ്ടതാണ്. തീവണ്ടിയാത്രയ്ക്കിടെ പീഡനത്തിനിരയായി സൗമ്യ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ നടപ്പാക്കുന്നത് മേല്‍ക്കോടതിയിലെ തുടര്‍നടപടികള്‍ മൂലം വൈകുകയാണ്. സൂര്യനെല്ലി കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷയ്‌ക്കെതിരായ അപ്പീല്‍ സുപ്രീം കോടതിയില്‍ അഞ്ചു കൊല്ലത്തോളമായി അനക്കമറ്റ് കിടക്കുകയായിരുന്നു. ഈയിടെ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സുപ്രീംകോടതി ഇത് ഖേദകരമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. ഈ കേസില്‍ അപ്പീലിലെ വാദം ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ പ്രതിഭാഗത്തെ അനുവദിക്കില്ലെന്ന് ശക്തമായ താക്കീത് നല്‍കിയത് ആശ്വാസകരമാണ്. സ്ത്രീപീഡനക്കേസുകളിലെ അനാവശ്യ കാലതാമസം ഒഴിവാക്കാന്‍ കോടതികള്‍ നിതാന്തജാഗ്രത പുലര്‍ത്തണം.
സ്ത്രീപീഡനക്കേസുകളില്‍ നീതി വൈകുന്നുവെന്ന പരാതി വ്യാപകമാണ്. അത് നീതിനിഷേധത്തിന് തുല്യമാണ്. പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷയെന്നതോടൊപ്പം മറ്റുള്ളവര്‍ ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടാതിരിക്കാനുള്ള മുന്നറിയിപ്പുകൂടിയാണ് കോടതിവിധികള്‍. സമയബദ്ധമായി ശിക്ഷാവിധി നടപ്പാക്കപ്പെടുമ്പോള്‍ മാത്രമാണ് അത് പൂര്‍ണമായി ഫലവത്താകുന്നത്. ആര്യവധക്കേസില്‍ അന്വേഷണം കുറ്റമറ്റ രീതിയില്‍ തെല്ലും കാലതാമസമില്ലാതെ പൂര്‍ത്തിയാക്കിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.ബിജുവിന്റെ സേവനത്തെപ്പറ്റി കോടതി വിധിപ്രസ്താവത്തിനിടെ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ഈ കേസില്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കി വിചാരണ വൈകാതെ പൂര്‍ത്തിയാക്കുകയും പരമാവധി ശിക്ഷ ഉറപ്പാക്കുകയും ചെയ്ത പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. കെ. അശോക് കുമാറും അഭിനന്ദനം അര്‍ഹിക്കുന്നു. മറ്റ് കേസുകളുടെ തിരക്കുകള്‍ക്കിടയിലും കുറ്റകൃത്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ഈ കേസില്‍ എത്രയും വേഗം തീര്‍പ്പുകല്‍പ്പിച്ച സെഷന്‍സ് ജഡ്ജി ബി. സുധീന്ദ്രകുമാറിന്റെ നടപടിയും ശ്ലാഘനീയമാണ്.
ബലാത്സംഗക്കുറ്റത്തിനുള്ള ശിക്ഷ വര്‍ധിപ്പിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. സുപ്രീംകോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് ജെ.എസ്.വര്‍മയുടെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയാണ് ഇക്കാര്യം പഠിക്കുന്നത്. നിലവില്‍ ജീവപര്യന്തം തടവാണ് പരമാവധി ശിക്ഷ. ഇത് വധശിക്ഷയാക്കി ഉയര്‍ത്തുക, പ്രതിക്ക് രാസഷണ്ഡീകരണം ഉള്‍പ്പെടെ കടുത്ത ശിക്ഷ നല്‍കുക എന്നിങ്ങനെ കേന്ദ്രനിയമത്തില്‍ ഭേദഗതി വേണമെന്ന ശുപാര്‍ശ തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ഇത്തരം കേസുകളില്‍ വിചാരണ തീരും വരെ പ്രതിക്ക് ജാമ്യം നിഷേധിക്കണമെന്ന നിയമഭേദഗതി ശുപാര്‍ശയും ഉണ്ട്. ഗുണ്ടാനിയമപ്രകാരമുള്ള കരുതല്‍ തടങ്കല്‍ ഈ കുറ്റത്തിന് ബാധകമാക്കണമെന്നാണ് മറ്റൊരു ശുപാര്‍ശ. ജില്ലതോറും അതിവേഗ മഹിളാ കോടതി, എല്ലാ ദിവസവും വാദം കേട്ട് വിചാരണ വേഗം പൂര്‍ത്തിയാക്കല്‍ തുടങ്ങി കേസ് നടപടികള്‍ വേഗത്തിലാക്കാനുള്ള നിര്‍ദേശങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. കര്‍ണാടക സര്‍ക്കാറും ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുത്ത് കേന്ദ്രത്തെ നിലപാട് അറിയിക്കുന്നതില്‍ കേരളസര്‍ക്കാറും തെല്ലും അമാന്തം കാട്ടരുത്. അതോടൊപ്പം ജില്ലതോറും അതിവേഗ വിചാരണക്കോടതികള്‍ ഉറപ്പാക്കാവുന്നതാണ്. ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താനും ഭരണാധികാരികള്‍ സത്വരനടപടിയെടുക്കണം. ശിക്ഷ കര്‍ക്കശമാക്കുന്നതോടൊപ്പം കേസ് നടത്തിപ്പ് കാര്യക്ഷമമാക്കുകയും വേണം.
No comments:
Post a Comment