Wednesday, January 9, 2013

മുഖപ്രസംഗം January 09 -2013


മുഖപ്രസംഗം January 09 -2013
  1. ജനങ്ങളെ ദുരിതക്കയത്തില്‍ മുക്കരുത് madhyamam ജനങ്ങളുടെ നികുതിപ്പണംകൊണ്ട് അമ്മാനമാടുന്ന സര്‍ക്കാറും ജീവനക്കാരും കൂടി അതേ ജനങ്ങള്‍ക്കെതിരെ യുദ്ധംപ്രഖ്യാപിച്ച പ്രതീതി. 'നിങ്ങളുടെ ജീവിതംകൊണ്ട് പന്താടുക ഞങ്ങളുടെ മൗലികാവകാശമാണ്, ആരുണ്ട് ചോദിക്കാന്‍?' എന്നാണെല്ലാവരും പറയാതെ പറയുന്നത്. സംസ്ഥാന ഖജനാവിലെ 80 ശതമാനവും ശമ്പളത്തിനും പെന്‍ഷനുമായി ചെലവഴിക്കപ്പെടുന്ന അവസ്ഥ അനിശ്ചിതകാലം തുടരാനാവില്ലെന്നും ഇന്ത്യയിലെ 25 സംസ്ഥാനങ്ങള്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അംഗീകരിച്ചിരിക്കെ കേരളം വിട്ടുനില്‍ക്കാന്‍ ന്യായീകരണമൊന്നുമില്ലെന്നുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ നിലപാട്. ഈ സമരം രാഷ്ട്രീയപ്രേരിതമല്ല എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അഴിമതിയും കൃത്യവിലോപവും നിരുത്തരവാദിത്തവും മുഖമുദ്രയായ ഒരു ബ്യൂറോക്രസിയുടെ ഭാഗമായവര്‍ പ്രത്യക്ഷത്തില്‍ അന്യായമെന്ന് തോന്നാവുന്ന ഒരാവശ്യത്തിനുവേണ്ടി പണിമുടക്കുന്നതിനോട് ജനങ്ങള്‍ക്കേതായാലും അനുഭാവംതോന്നാന്‍ ഒരു സാധ്യതയുമില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ വെള്ളംകുടിപ്പിക്കുക എന്നതാവാം ഇതിന്റെയൊക്കെ ലക്ഷ്യമെങ്കിലും ഫലത്തില്‍ വെള്ളംകുടി എന്നല്ല ശ്വാസോച്ഛ്വാസംപോലും നിലക്കാന്‍ പോവുന്നത് ജനങ്ങളുടേതാണ്. ഒരാളുടെപോലും വോട്ട് ഈ അനവസരത്തിലുള്ള പണിമുടക്കുകൊണ്ട് ആര്‍ക്കും ലഭിക്കാനിടയില്ല.
  2. പ്രവാസികളെ വരവേല്‍ക്കാം manorama സ്വന്തം നാട്ടുകാരുടെ ക്ഷേമത്തിനു കഴിയുന്നത്ര സഹായം ചെയ്യാന്‍ മനസ്സൊരുക്കമുള്ള പ്രവാസികളെ വികസനത്തില്‍ കൂടി പങ്കാളികളാക്കുകയാണു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ലക്ഷ്യം. പ്രവാസി വോട്ടവകാശം, പെന്‍ഷന്‍, ഇന്ത്യന്‍ വംശജര്‍ക്കുള്ള (പിഐഒ) കാര്‍ഡ് തുടങ്ങിയ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത് ഈ സംഗമങ്ങളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. പല കാര്യങ്ങളിലും ദുരിതം തുടരുകയാണെന്ന പരാതി ഇത്തവണയും ഉയരുകയുണ്ടായി. യാത്രാക്ളേശം, ഗള്‍ഫ് ജയിലുകളില്‍ കഴിയുന്നവര്‍ക്കു നിയമസഹായം പോലും കിട്ടാത്ത ദുഃസ്ഥിതി, പാസ്പോര്‍ട്ട് പുതുക്കലിനു വന്‍തുക ഈടാക്കല്‍, തൊഴില്‍മേഖലയിലെ പ്രശ്നങ്ങള്‍, ചില സ്ഥാനപതികാര്യാലയങ്ങളുടെ എങ്കിലും തണുപ്പന്‍ സമീപനം ഇങ്ങനെ ആശങ്കകളുടെ നേര്‍സാക്ഷ്യമാണു സമ്മേളനത്തിന്റെ ആദ്യദിവസം ഉയര്‍ന്നുകേട്ടത്. ചൈനയുടെ സാമ്പത്തികക്കുതിപ്പിന്റെ ഒരു ചാലകശക്തി മറ്റു രാജ്യങ്ങളിലെ ചൈനക്കാരുടെ പണവും സാങ്കേതിക വൈദഗ്ധ്യവുമാണ്. വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ എല്ലാ വഴികളും തുറന്നിടുകയും ചെയ്തു. കേരളത്തിലെ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും നിക്ഷേപസൌഹൃദ സമീപനം സ്വീകരിക്കുമെങ്കില്‍ ഇപ്പോള്‍ തന്നെ ഇവിടെ ബാങ്കുകളിലുള്ള നിക്ഷേപത്തില്‍ ഒരു നല്ലപങ്ക് അടിസ്ഥാനമേഖലയുടെ വികസനത്തിനും വ്യവസായ വളര്‍ച്ചയ്ക്കുമായി പ്രയോജനപ്പെടുമെന്നു തീര്‍ച്ച.
  3. കുതിക്കാനൊരുങ്ങി കൊച്ചി മെട്രോ  mathrubhumi ഡി.എം.ആര്‍.സി.യുടെ മുഖ്യ ഉപദേഷ്ടാവായ ഇ.ശ്രീധരന്‍ കൊച്ചി ആസ്ഥാനമായി ഇതിന്റെ നിര്‍മാണത്തിന്റെ മുഖ്യചുമതല വഹിക്കുമെന്നും കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥ് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രതലസ്ഥാനത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡല്‍ഹി മെട്രോയുടെ അമരക്കാരനായിരുന്നു മലയാളിയായ ശ്രീധരന്‍. അദ്ദേഹത്തിന് കേരളത്തിലെ ഈ പദ്ധതിക്കും നടത്തിപ്പിലെ കൃത്യതയുടെയും പ്രവര്‍ത്തന മികവിന്റെയും കൈയൊപ്പ് ചാര്‍ത്താന്‍ സാധിക്കട്ടെ. ഏറെ നാള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ടു കൊണ്ട് ഇക്കാര്യത്തില്‍ ഉണ്ടായ രാഷ്ട്രീയതീരുമാനം തികച്ചും സ്വാഗതാര്‍ഹമാണ്.  പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കല്‍, ഫണ്ട് ലഭ്യമാക്കല്‍ തുടങ്ങിയവയില്‍ അമാന്തം ഉണ്ടാകരുത്. ഇരു ഏജന്‍സികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും ഇക്കാര്യത്തില്‍ തികഞ്ഞ ഏകോപനത്തോടെ മുന്നോട്ടു പോകണം. ഇതുവരെ നിലനിന്ന ആശയക്കുഴപ്പം നീങ്ങിയ സാഹചര്യത്തില്‍ ഇനിയൊരു പ്രശ്‌നത്തിന് ഇടവരുത്താത്ത പ്രവര്‍ത്തനം ഉറപ്പാക്കിയാല്‍ പദ്ധതി സമയത്തിന് പൂര്‍ത്തിയാക്കാനാവുമെന്നതില്‍ സംശയമില്ല. കൊച്ചിയിലെയും പരിസരപ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് വലിയൊരളവോളം പരിഹാരമാകും കൊച്ചി മെട്രോ എന്നാണ് പ്രതീക്ഷ. അതോടൊപ്പം പ്രധാന കവലകളില്‍ ഫ്‌ളൈ ഓവറുകളും വേണം. ഇക്കാര്യങ്ങള്‍ മുന്നില്‍ക്കണ്ടുള്ളതാവണം പദ്ധതി രൂപരേഖ. 


ജനങ്ങളെ ദുരിതക്കയത്തില്‍ മുക്കരുത്
ജനങ്ങളെ ദുരിതക്കയത്തില്‍ മുക്കരുത്
ഇടിവെട്ടിയവനെ പാമ്പും കടിച്ചു എന്നു പറയാറുണ്ട്. ആ പ്രയോഗത്തിനുപോലും ഉള്‍ക്കൊള്ളാന്‍ പറ്റാത്തവിധം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കേരളത്തിലെ സാമാന്യ ജനജീവിതം. സാധനങ്ങളുടെ വിലക്കയറ്റവും സേവനമേഖലകളിലെ നിരക്കുവര്‍ധനയും തീര്‍ത്തും അനിയന്ത്രിതമായി കുതിക്കെ, ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച സ്വകാര്യ ബസ് പണിമുടക്ക് സാധാരണ ജനങ്ങളെ മഹാകഷ്ടത്തിലാക്കി. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ദുരിതപര്‍വത്തെ ഇരട്ടിയാക്കുന്നു. പുറമെ, ഒരു ദിവസത്തേക്കാണെങ്കിലും കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി തൊഴിലാളികളുടെ പണിമുടക്കുകൂടി ആയപ്പോള്‍ സാമാന്യജീവിതം അതീവ ദുസ്സഹമായി. നേരെചൊവ്വേ പറഞ്ഞാല്‍ ജനങ്ങളുടെ നികുതിപ്പണംകൊണ്ട് അമ്മാനമാടുന്ന സര്‍ക്കാറും ജീവനക്കാരും കൂടി അതേ ജനങ്ങള്‍ക്കെതിരെ യുദ്ധംപ്രഖ്യാപിച്ച പ്രതീതി. 'നിങ്ങളുടെ ജീവിതംകൊണ്ട് പന്താടുക ഞങ്ങളുടെ മൗലികാവകാശമാണ്, ആരുണ്ട് ചോദിക്കാന്‍?' എന്നാണെല്ലാവരും പറയാതെ പറയുന്നത്. പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് തുല്യമായ വേതനം ആവശ്യപ്പെട്ടാണ് സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കിയത്. 2008 മുതല്‍ ടിക്കറ്റ് നിരക്ക് പലതവണ കൂട്ടിയിട്ടും ജീവനക്കാരുടെ വേതനം മുതലാളിമാര്‍ വര്‍ധിപ്പിച്ചില്ലെന്നാണ് അവരുടെ പരാതി. ആവശ്യപ്പെട്ടത്ര ഇല്ലെങ്കിലും വേതനവര്‍ധനക്ക് ബസുടമകള്‍ വഴങ്ങിയതോടെ സമരം തല്‍ക്കാലം അവസാനിച്ചിരിക്കുന്നു. എന്നാല്‍ , ഇപ്പോള്‍ ഡീസല്‍വില വര്‍ധനയുടെയും മറ്റ് അവശ്യസാധന വിലപ്പെരുപ്പത്തിന്റെയും പേരില്‍ കുത്തനെ കൂട്ടിയ ബസ്നിരക്ക് വീണ്ടും ഉയര്‍ത്താതെ ബസ് മുതലാളിമാര്‍ തൃപ്തിപ്പെടുകയില്ലെന്നതും പരമസത്യം. അങ്ങനെ എന്തും സഹിക്കാന്‍ വിധിക്കപ്പെട്ട പൊതുജനമാകുന്ന കഴുത ഈ അധികഭാരംകൂടി ചുമക്കുകമാത്രമാവും ഗതി.
അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നത് ശമ്പളവര്‍ധനയല്ല. മുമ്പൊരിക്കലും ലഭിക്കാത്ത വേതനമാണ് തങ്ങള്‍ക്കിപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന സത്യം അവരെ തുറിച്ചുനോക്കുന്നതാണ് കാരണം. 2013 ഏപ്രില്‍ മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ സ്കീം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനമാണ്, ആ തീരുമാനം ബാധകമല്ലാത്ത നിലവിലെ ജീവനക്കാരെയും അധ്യാപകരെയും പണിമുടക്ക് സമരത്തിലേക്ക് നയിച്ചിരിക്കുന്നത്. ഇടതു യൂനിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തതെങ്കിലും അവര്‍ക്കാണ് ഭൂരിപക്ഷം എന്നതുകൊണ്ട് പണിമുടക്ക് സര്‍ക്കാര്‍ ഓഫിസുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സാരമായി ബാധിച്ചു. അധ്യാപക യൂനിയനുകളുടെ പണിമുടക്കിന് മറ്റൊരു മാനംകൂടിയുണ്ട്. ജനുവരി 14ന് കോട്ടക്കല്‍ ആരംഭിക്കാനിരിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവം സുഗമമായി നടക്കണമെങ്കില്‍ പണിമുടക്ക് എന്തുവിലകൊടുത്തും അവസാനിപ്പിക്കണമെന്ന് സര്‍ക്കാറിനെക്കൊണ്ട് തീരുമാനിപ്പിക്കാനാവുമെന്ന് അവര്‍ കരുതുന്നു. ലക്ഷക്കണക്കില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മാസങ്ങളായുള്ള അധ്വാനമാണല്ലോ അല്ലെങ്കില്‍ നിഷ്ഫലമാവുക. മറ്റൊരവസരത്തിലേക്ക് മാറ്റിവെക്കാന്‍ ഇനി സമയവുമില്ല. എങ്ങനെയും കലോത്സവം നിശ്ചിത ദിവസങ്ങളില്‍തന്നെ നടക്കും എന്ന് വിദ്യാഭ്യാസമന്ത്രി പറയുന്നതല്ലാതെ അതിന്റെ പ്രായോഗികത ദുരൂഹമാണ്.
സംസ്ഥാന ഖജനാവിലെ 80 ശതമാനവും ശമ്പളത്തിനും പെന്‍ഷനുമായി ചെലവഴിക്കപ്പെടുന്ന അവസ്ഥ അനിശ്ചിതകാലം തുടരാനാവില്ലെന്നും ഇന്ത്യയിലെ 25 സംസ്ഥാനങ്ങള്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അംഗീകരിച്ചിരിക്കെ കേരളം വിട്ടുനില്‍ക്കാന്‍ ന്യായീകരണമൊന്നുമില്ലെന്നുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ നിലപാട്. ഇടതു യൂനിയനുകളാകട്ടെ ഈ കണക്കുകളെ ചോദ്യംചെയ്യുന്നു. 60 ശതമാനമേ ശമ്പളത്തിനും പെന്‍ഷനുമായി ചെലവഴിക്കുന്നുള്ളൂ എന്നാണവരുടെ വാദം. അതപ്പടി ശരിയാണെന്ന് സമ്മതിച്ചുകൊടുത്താലും നിലവിലെ ജീവനക്കാരെ ബാധിക്കാത്ത ഒരു പ്രശ്നത്തിന്മേല്‍ കയറിപ്പിടിച്ച് എന്തിനാണവര്‍ പണിമുടക്കുന്നത് എന്നതാണ് ചോദ്യം. ഭാവിയില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ അതംഗീകരിക്കുന്നവര്‍ മാത്രം സര്‍വീസില്‍ കയറിയാല്‍ മതിയല്ലോ. അതിനാല്‍ , ഈ സമരം രാഷ്ട്രീയപ്രേരിതമല്ല എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അഴിമതിയും കൃത്യവിലോപവും നിരുത്തരവാദിത്തവും മുഖമുദ്രയായ ഒരു ബ്യൂറോക്രസിയുടെ ഭാഗമായവര്‍ പ്രത്യക്ഷത്തില്‍ അന്യായമെന്ന് തോന്നാവുന്ന ഒരാവശ്യത്തിനുവേണ്ടി പണിമുടക്കുന്നതിനോട് ജനങ്ങള്‍ക്കേതായാലും അനുഭാവംതോന്നാന്‍ ഒരു സാധ്യതയുമില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ വെള്ളംകുടിപ്പിക്കുക എന്നതാവാം ഇതിന്റെയൊക്കെ ലക്ഷ്യമെങ്കിലും ഫലത്തില്‍ വെള്ളംകുടി എന്നല്ല ശ്വാസോച്ഛ്വാസംപോലും നിലക്കാന്‍ പോവുന്നത് ജനങ്ങളുടേതാണ്. ഒരാളുടെപോലും വോട്ട് ഈ അനവസരത്തിലുള്ള പണിമുടക്കുകൊണ്ട് ആര്‍ക്കും ലഭിക്കാനിടയില്ല.
വിദ്യാഭ്യാസവര്‍ഷം അവസാനിക്കാന്‍ പോവുന്നു. പാഠ്യഭാഗങ്ങള്‍ തിരുതകൃതിയായി പഠിപ്പിച്ചുതീര്‍ക്കേണ്ട അവസാന സമയം. നടേപറഞ്ഞപോലെ കലോത്സവത്തിന്റെ നൊമ്പരം വേറെയും. ഈ നേരത്ത് സാങ്കല്‍പികമായ എന്തോ അപകടം മുമ്പില്‍ക്കണ്ട് അധ്യാപകര്‍ പണിമുടക്കിനിറങ്ങുന്നത് ഉത്തരവാദിത്തബോധമോ ജോലിയോടുള്ള പ്രതിബദ്ധതയോ ആയി വിലയിരുത്താന്‍ പ്രയാസം. ഏതു പണിമുടക്കിന്റെയും ഒടുവിലത്തെ ഇരകള്‍ ജനങ്ങളാണെന്ന് തിരിച്ചറിഞ്ഞ് അതില്‍നിന്ന് പിന്തിരിയാന്‍ സംഘടനകളും അവരെ രമ്യമായ ചര്‍ച്ചകളിലൂടെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാറും സന്നദ്ധമാവേണ്ടതുണ്ട്. ജനങ്ങള്‍ക്ക് ദുരിതക്കയം തീര്‍ത്തുകൊണ്ട് സമരം അനിശ്ചിതമായി നീളുന്നത് മാറിയ പരിതസ്ഥിതിയില്‍ കടുത്ത ജനകീയ പ്രതികരണം ക്ഷണിച്ചുവരുത്തും.



പ്രവാസികളെ വരവേല്‍ക്കാം

ചൈനയുടെ പ്രവാസിക്കുതിപ്പു തന്നെ കേരളത്തിനും പാഠം   
malmanoramalogoപ്രവാസി ഭാരതീയരുടെ വാര്‍ഷികസംഗമങ്ങളുടെ സംഘാടനത്തിലും പ്രാതിനിധ്യത്തിലും എന്നും നിറഞ്ഞുനില്‍ക്കുന്ന കേരളത്തിന് അതിന്റെ വേദിയാകാന്‍ കഴിഞ്ഞത് ഇപ്പോള്‍ പതിനൊന്നാം സമ്മേളനത്തിലാണ്. പ്രശ്നങ്ങളും ആവശ്യങ്ങളും ചര്‍ച്ചചെയ്യുന്നതിനാണ് ആദ്യത്തെ അഞ്ചുവര്‍ഷ സമ്മേളനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കില്‍ പിന്നീടതൊരു സാമ്പത്തിക ചര്‍ച്ചാവേദി കൂടിയായി മാറി. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്രവാസി മുതല്‍മുടക്കിനായി ഈ സമ്മേളനങ്ങളില്‍ ആകര്‍ഷകമായ പദ്ധതികള്‍ വാഗ്ദാനം ചെയ്തു നിക്ഷേപകരെ ആകര്‍ഷിക്കുകയും ചെയ്തുപോന്നു. 

സ്വന്തം നാട്ടുകാരുടെ ക്ഷേമത്തിനു കഴിയുന്നത്ര സഹായം ചെയ്യാന്‍ മനസ്സൊരുക്കമുള്ള പ്രവാസികളെ വികസനത്തില്‍ കൂടി പങ്കാളികളാക്കുകയാണു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ലക്ഷ്യം. പ്രവാസി വോട്ടവകാശം, പെന്‍ഷന്‍, ഇന്ത്യന്‍ വംശജര്‍ക്കുള്ള (പിഐഒ) കാര്‍ഡ് തുടങ്ങിയ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത് ഈ സംഗമങ്ങളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. പെന്‍ഷന്‍, ക്ഷേമനിധി എന്നിവ നിലവില്‍ വന്നതോടെ ഈ വിഭാഗത്തിലെ സാധാരണക്കാര്‍ ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതരാണെന്നതില്‍ ദീര്‍ഘകാലമായി പ്രവാസി വകുപ്പിന്റെ സാരഥ്യം വഹിക്കുന്ന മന്ത്രി വയലാര്‍ രവിക്ക് അഭിമാനിക്കാം. 

പ്രവാസികളുടെ പ്രശ്നങ്ങളില്‍ വിവിധ രാജ്യങ്ങളിലെ നമ്മുടെ സ്ഥാനപതികാര്യാലയങ്ങള്‍ കൂടുതല്‍ ക്രിയാത്മകമായി ഇടപെടുന്നുണ്ടെന്നതും ആശ്വാസം പകരുന്നു. പ്രവാസികളുടെ യാത്രാക്ളേശങ്ങള്‍, സാമ്പത്തിക - സാമൂഹിക പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനു സര്‍ക്കാര്‍ തുടര്‍ന്നും ഉൌന്നല്‍നല്‍കുമെന്നു പതിനൊന്നാമതു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍ , പല കാര്യങ്ങളിലും ദുരിതം തുടരുകയാണെന്ന പരാതി ഇത്തവണയും ഉയരുകയുണ്ടായി. യാത്രാക്ളേശം, ഗള്‍ഫ് ജയിലുകളില്‍ കഴിയുന്നവര്‍ക്കു നിയമസഹായം പോലും കിട്ടാത്ത ദുഃസ്ഥിതി, പാസ്പോര്‍ട്ട് പുതുക്കലിനു വന്‍തുക ഈടാക്കല്‍, തൊഴില്‍മേഖലയിലെ പ്രശ്നങ്ങള്‍, ചില സ്ഥാനപതികാര്യാലയങ്ങളുടെ എങ്കിലും തണുപ്പന്‍ സമീപനം ഇങ്ങനെ ആശങ്കകളുടെ നേര്‍സാക്ഷ്യമാണു സമ്മേളനത്തിന്റെ ആദ്യദിവസം ഉയര്‍ന്നുകേട്ടത്. 

ചില പരാതികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു പരിഹരിക്കാനാകുമെന്നു തീര്‍ച്ച. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്‍ആര്‍ഐ ക്വോട്ടയില്‍ വന്‍ ഫീസ് ഈടാക്കുന്നതായി പ്രതിനിധികള്‍ പരാതിപ്പെട്ടു. മുന്‍പു കുടിയേറ്റക്കാരില്‍ ഭൂരിപക്ഷവും അവിദഗ്ധരായിരുന്നുവെങ്കില്‍ ഇന്നു സാങ്കേതിക പരിചയമുള്ളവര്‍ക്കായിരിക്കുന്നു മുന്‍തൂക്കം. സാങ്കേതികവിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ കേരളം വര്‍ധിപ്പിക്കണമെന്നു തന്നെയാണ് ഇതിലെ സന്ദേശം. രണ്ടുവര്‍ഷം മുന്‍പത്തെ പ്രവാസി സമ്മേളനം കേരളത്തിന്റെ വ്യവസായവികസനത്തിനു ചില പ്രതീക്ഷകള്‍ പകര്‍ന്നിരുന്നു. 

സര്‍ക്കാരിന്റെ സഹായമില്ലാതെ തന്നെ വ്യവസായ കേരളത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളാകാനുള്ള സന്നദ്ധത അന്നു പലരും പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഈ സംരംഭകരെ വരവേല്‍ക്കാന്‍ നമുക്കു കഴിഞ്ഞുവോ? സംസ്ഥാനം പൂര്‍ണമായും നിക്ഷേപസൌഹൃദമാക്കിക്കൊണ്ടുവേണം ഇവിടെയും അവരെ ക്ഷണിക്കേണ്ടത്. വന്‍കിട സംരംഭകരെ മാത്രമല്ല, ചെറിയ നിക്ഷേപകരെക്കൂടി ഇതില്‍ പങ്കാളികളാക്കണം. അവരുടെ സാങ്കേതിക വൈദഗ്ധ്യവും മുതല്‍മുടക്കും ലോകപരിചയവും വ്യവസായകേരളത്തിനു മുതല്‍ക്കൂട്ടാകുമെന്നു തീര്‍ച്ച. 

ചൈനയുടെ സാമ്പത്തികക്കുതിപ്പിന്റെ ഒരു ചാലകശക്തി മറ്റു രാജ്യങ്ങളിലെ ചൈനക്കാരുടെ പണവും സാങ്കേതിക വൈദഗ്ധ്യവുമാണ്. വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ എല്ലാ വഴികളും തുറന്നിടുകയും ചെയ്തു. കേരളത്തിലെ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും നിക്ഷേപസൌഹൃദ സമീപനം സ്വീകരിക്കുമെങ്കില്‍ ഇപ്പോള്‍ തന്നെ ഇവിടെ ബാങ്കുകളിലുള്ള നിക്ഷേപത്തില്‍ ഒരു നല്ലപങ്ക് അടിസ്ഥാനമേഖലയുടെ വികസനത്തിനും വ്യവസായ വളര്‍ച്ചയ്ക്കുമായി പ്രയോജനപ്പെടുമെന്നു തീര്‍ച്ച. കേരളം ആതിഥ്യമരുളിയ ഈ പ്രവാസി സമ്മേളനമെങ്കിലും അങ്ങനെയൊരു വഴിത്തിരിവിനു തുടക്കമാകട്ടെ.


കുതിക്കാനൊരുങ്ങി കൊച്ചി മെട്രോ 
Newspaper Edition
കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണം നടത്തുന്നത് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി.) തന്നെയാകുമെന്ന് തീരുമാനമായിരിക്കുകയാണ്. ഡി.എം.ആര്‍.സി.യുടെ മുഖ്യ ഉപദേഷ്ടാവായ ഇ.ശ്രീധരന്‍ കൊച്ചി ആസ്ഥാനമായി ഇതിന്റെ നിര്‍മാണത്തിന്റെ മുഖ്യചുമതല വഹിക്കുമെന്നും കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥ് വ്യക്തമാക്കിയിട്ടുണ്ട്. 
രാഷ്ട്രതലസ്ഥാനത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡല്‍ഹി മെട്രോയുടെ അമരക്കാരനായിരുന്നു മലയാളിയായ ശ്രീധരന്‍. അദ്ദേഹത്തിന് കേരളത്തിലെ ഈ പദ്ധതിക്കും നടത്തിപ്പിലെ കൃത്യതയുടെയും പ്രവര്‍ത്തന മികവിന്റെയും കൈയൊപ്പ് ചാര്‍ത്താന്‍ സാധിക്കട്ടെ. ഏറെ നാള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ടു കൊണ്ട് ഇക്കാര്യത്തില്‍ ഉണ്ടായ രാഷ്ട്രീയതീരുമാനം തികച്ചും സ്വാഗതാര്‍ഹമാണ്. കൊച്ചി മെട്രോയ്ക്ക് ഡി.എം.ആര്‍.സി.യുടെയും ശ്രീധരന്റെയും സേവനം പ്രയോജപ്പെടുത്തണമെന്ന് 'മാതൃഭൂമി' പലവട്ടം ആവശ്യപ്പെട്ടിരുന്നതാണ്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് പദ്ധതിക്ക് ഏതുതരം സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തേണ്ടതെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുടെ ചുമതല. ഡി.എം.ആര്‍. സി.യുടെയും ഇ.ശ്രീധരന്റെയും വൈദഗ്ധ്യവും പരിചയവും പ്രയോജനപ്പെടുത്തി പദ്ധതി എത്രയും വേഗം നടപ്പാക്കാന്‍ കൂട്ടായ പരിശ്രമമാണ് ഇനി വേണ്ടത്. 

പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കുന്നതിന്റെയും ടെന്‍ഡര്‍ നടപടികളുടെയും നിര്‍മാണജോലി വിവിധ ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന്റെയും ചുമതല അന്തിമ ധാരണപ്രകാരം ഡി.എം.ആര്‍.സി.ക്കാണ്. പ്രധാന നാല് ടെന്‍ഡറുകളില്‍ രണ്ടെണ്ണം ഒരാഴ്ചയ്ക്കകവും രണ്ടെണ്ണം മൂന്നാഴ്ചയ്ക്കകവും ഉണ്ടാകുമെന്നാണ് അറിയുന്നത്. മറ്റു കാര്യങ്ങളും കാലതാമസം കൂടാതെ മുന്നോട്ടു നീങ്ങണം. പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കല്‍, ഫണ്ട് ലഭ്യമാക്കല്‍ തുടങ്ങിയവയില്‍ അമാന്തം ഉണ്ടാകരുത്. ഇരു ഏജന്‍സികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും ഇക്കാര്യത്തില്‍ തികഞ്ഞ ഏകോപനത്തോടെ മുന്നോട്ടു പോകണം. ഇതുവരെ നിലനിന്ന ആശയക്കുഴപ്പം നീങ്ങിയ സാഹചര്യത്തില്‍ ഇനിയൊരു പ്രശ്‌നത്തിന് ഇടവരുത്താത്ത പ്രവര്‍ത്തനം ഉറപ്പാക്കിയാല്‍ പദ്ധതി സമയത്തിന് പൂര്‍ത്തിയാക്കാനാവുമെന്നതില്‍ സംശയമില്ല. നിര്‍മാണപ്രവര്‍ത്തനത്തിന്റെ സമയക്രമം വൈകാതെ തയ്യാറാകുമെന്നാണ് കരുതുന്നത്. അക്കാര്യങ്ങളില്‍ വ്യക്തത വരുത്തിക്കൊണ്ടാവും കെ.എം.ആര്‍.എല്ലും ഡി.എം. ആര്‍.സി.യും ഒരു മാസത്തിനകം ധാരണാപത്രം ഒപ്പുവെക്കുന്നത്. മെട്രോ തീവണ്ടിക്ക് ഉപയോഗിക്കുന്ന കോച്ചിന്റെ വീതിയെന്തായിരിക്കണമെന്നതുള്‍പ്പെടെയുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് കെ.എം.ആര്‍.എല്‍. തയ്യാറാക്കുകമെന്നാണറിയുന്നത്. അക്കാര്യങ്ങളില്‍ പരിചയസമ്പത്തുള്ള ഡി.എം.ആര്‍.സിയുടെ സാങ്കേതിക ഉപദേശം കൂടി പരിഗണിക്കേണ്ടതാണ്. 

കൊച്ചിയിലെയും പരിസരപ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് വലിയൊരളവോളം പരിഹാരമാകും കൊച്ചി മെട്രോ എന്നാണ് പ്രതീക്ഷ. അതോടൊപ്പം പ്രധാന കവലകളില്‍ ഫ്‌ളൈ ഓവറുകളും വേണം. ഇക്കാര്യങ്ങള്‍ മുന്നില്‍ക്കണ്ടുള്ളതാവണം പദ്ധതി രൂപരേഖ. കൊച്ചി മെട്രോ പദ്ധതിയെന്ന ആശയം രൂപപ്പെട്ടിട്ട് പത്തു കൊല്ലത്തോളമായി. അന്തിമ രൂപരേഖ തയ്യാറാവുകയും ആദ്യപടിയെന്നോണം നോര്‍ത്ത് മേല്‍പ്പാലത്തിന്റെ വശങ്ങളിലെ പാലങ്ങള്‍ ഡി.എം.ആര്‍. സി.യുടെ മേല്‍നോട്ടത്തില്‍ പുതുക്കിപ്പണിയുകയും ചെയ്‌തെങ്കിലും പദ്ധതി നടത്തിപ്പ് ഡി.എം.ആര്‍.സി.ക്ക് തന്നെ നല്‍കാനാവുമോ എന്ന കാര്യത്തില്‍ തീരുമാനം വൈകുകയായിരുന്നു. നിലവില്‍ പേട്ടയില്‍ നിന്ന് തുടങ്ങി ആലുവ വരെയാണ് മെട്രോപദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. ആലുവയില്‍നിന്ന് നെടുമ്പാശ്ശേരിയിലെ അന്താരാഷ്ട്രവിമാനത്താവളം വരെ ഇത് നീട്ടുന്ന കാര്യം അടിയന്തരമായി പരിഗണിക്കണം. പേട്ടയ്ക്കു പകരം തൃപ്പൂണിത്തുറവരെ നീട്ടുക, കാക്കനാട്, അങ്കമാലി എന്നിവിടങ്ങളെക്കൂടി ഉള്‍പ്പെടുത്തുക എന്നിവയും ഏറെ പ്രയോജനപ്രദമാകും. ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്ക് ഐ.ടി.വ്യവസായമേഖലയെന്ന നിലയിലും കൂടുതല്‍ ഗതാഗതസൗകര്യം ആവശ്യമാണ്. രണ്ടാംഘട്ടത്തിലെങ്കിലും ഇത്തരം കാര്യങ്ങളില്‍ അധികൃതര്‍ ശ്രദ്ധയൂന്നണം.


No comments:

Post a Comment