Tuesday, January 22, 2013

മുഖപ്രസംഗം January 22 -2013

മുഖപ്രസംഗം January 22 -2013


1. ചരിത്രംകുറിച്ച മലപ്പുറം മേള (മാധ്യമം)
2. സൗരവൈദ്യുതിക്കായി നല്ല തുടക്കം (മാതൃഭൂമി)
3. യൌവനം തേടുന്ന കോണ്‍ഗ്രസ്  (മനോരമ )


ചരിത്രംകുറിച്ച മലപ്പുറം മേള (മാധ്യമം)

കൗമാര കേരളത്തിന്റെ കലാമേളയെ സമൂഹത്തിന്റെ മൊത്തം ഉത്സവമാക്കി മാറ്റി മലപ്പുറം. ഞായറാഴ്ച അവസാനിച്ച 53ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ജനപങ്കാളിത്തത്തിലും സംഘാടന മികവിലും റെക്കോഡ് സ്ഥാപിച്ചു. ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെയും ഇശല്‍ ചക്രവര്‍ത്തി മോയിന്‍കുട്ടി വൈദ്യരുടെയും മണ്ണില്‍ പാരമ്പര്യ കലകളും സാമൂഹിക വിമര്‍ശവുമെല്ലാം ഏഴ് പകലിരവുകളില്‍ പെയ്തിറങ്ങിയപ്പോള്‍ 10 ലക്ഷത്തോളം ആളുകള്‍ എല്ലാം കണ്ട് ആസ്വദിച്ചു. കേരളത്തനിമയുടെ കിളിപ്പാട്ടും സ്വാതന്ത്രൃവീറിന്റെ പടപ്പാട്ടും കേട്ടുണര്‍ന്നിരുന്ന നാട് പുതുകേരളത്തിന്റെ പ്രതിഭകളെ കണ്ട് ആശീര്‍വദിച്ചു. 17 വേദികളിലായി മാറ്റുരച്ച 232 ഇനങ്ങളില്‍ 14 എണ്ണം പുതുതായി ഉള്‍പ്പെടുത്തിയതാണ്. ഏറെയൊന്നും മുമ്പല്ലാതെ പിന്നാക്കമെന്ന് മുദ്ര കുത്തപ്പെട്ടിരുന്ന മലപ്പുറം മത്സരത്തിലും മത്സര സംഘാടനത്തിലും ജനസജീവതയിലും നവകേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു. കോഴിക്കോട് ഏഴാംതവണയും സ്വര്‍ണക്കപ്പ് നേടി; രണ്ടാംസ്ഥാനക്കാരായ തൃശൂര്‍ തോറ്റില്ല; ആതിഥേയരായ മലപ്പുറത്തിനാണ് മൂന്നാംസ്ഥാനം.
1957 ജനുവരിയില്‍ എറണാകുളത്തുവെച്ച് 12 ഇനങ്ങളില്‍ മാത്രം മത്സരം നടന്ന ആദ്യകലോത്സവത്തില്‍നിന്ന് 2013ലെ മലപ്പുറത്തെത്തുമ്പോള്‍ സ്കൂള്‍ കലോത്സവം ഒരുപാട് വളര്‍ന്നിരിക്കുന്നു. ഒരുപാട് പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഏഷ്യയിലെ ഏറ്റവും വലിയ ഈ കൗമാര കലോത്സവത്തിന് കഴിയുന്നുണ്ട്. മാത്രമല്ല, ജീവിതത്തിന്റെ തിരിച്ചടികളെയും വെല്ലുവിളികളെയും നേരിടാന്‍ അനേകം പേര്‍ക്ക് അത് കരുത്തുനല്‍കുന്നുമുണ്ട്. കുടുംബങ്ങളിലെ താളപ്പിഴകളും പലതരത്തിലുള്ള ദുരന്തങ്ങളും അനാഥരാക്കിയ കൗമാരക്കാര്‍ അരങ്ങുകളില്‍ ഇച്ഛാശക്തിയുടെ അജയ്യരൂപങ്ങളാകുന്നു. പുറമ്പോക്ക് ഭൂമിയില്‍ കഴിയുന്നവരും ഒഴിവുവേളകളില്‍ തൊഴിലെടുക്കുന്നവരും മാതാപിതാക്കളുടെ ചികിത്സക്കുവേണ്ടി പഠനവേളകള്‍ക്കപ്പുറത്ത് അധ്വാനം വില്‍ക്കുന്നവരുമെല്ലാം വരുന്നകാലത്തിന്റെ വന്‍ പ്രതീക്ഷകളാണ്. ഇടുക്കിയിലെ ജിഷ്ണുവിനും മലപ്പുറത്തെ പ്രണവിനും കൊല്ലത്തെ ഫസലിനും തിരുവനന്തപുരത്തെ വി.ജി. അഖിലിനും മറ്റും മത്സരങ്ങള്‍ കലാപ്രതിഭയുടെ മാത്രം പരീക്ഷയായിരുന്നില്ല; തളരാത്ത ഇച്ഛാശക്തിയുടെ പ്രകടനംതന്നെയായിരുന്നു.
ഇത്തരക്കാരെ ഓര്‍ത്തെങ്കിലും കലോത്സവത്തിലെ പണക്കൊഴുപ്പിന് ഇനിയും നിയന്ത്രണം വേണ്ടതുണ്ട്. ഉപ്പ കിടപ്പിലായതോടെ വീട്ടുചെലവിന് ഡാന്‍സ് കളിച്ച് വക കണ്ടെത്തുന്ന പ്രതിഭാശാലി, കലോത്സവത്തില്‍ ഒന്ന് മത്സരിക്കാന്‍ കൂടുതല്‍ പ്രയാസപ്പെടേണ്ടിവരരുത്. അര്‍ബുദ ചികിത്സക്ക് ഭാരിച്ച ചെലവ് കണ്ടെത്തേണ്ടിവരുന്ന നിര്‍ധനയുടെ മകള്‍ക്ക് മത്സരിക്കാന്‍ വേണ്ടി പശുവിനെ വില്‍ക്കേണ്ടിവരുന്നു. കൂലിപ്പണിക്കാരുടെ മകന് ഉദാരമനസ്കനായ ഗുരു സൗജന്യമായി പരിശീലനം നല്‍കിയിട്ടും മത്സരച്ചെലവ് താങ്ങാനാവുന്നില്ല. നിത്യച്ചെലവിന് കഷ്ടപ്പെടുന്ന മറ്റൊരു കുടുംബവും കലോത്സവത്തിനായി ചെലവിടേണ്ടിവന്നത് ഒരു ലക്ഷം രൂപയത്രേ. വന്‍ പലിശക്ക് കടമെടുക്കേണ്ടി വരുന്നവര്‍ ഏറെ.  ഈ അവസ്ഥ ഇനിയും ഭേദപ്പെടേണ്ടതായിട്ടുണ്ട്.
അപ്പീലുകളുടെ എണ്ണം വര്‍ധിച്ചതും ജില്ലാതലത്തിലടക്കം ഉണ്ടായെന്ന് പറയുന്ന വിധിനിര്‍ണയപ്പിഴവുകളും കലോത്സവത്തിന്റെ തിളക്കത്തെ ബാധിക്കുക മാത്രമല്ല, പങ്കെടുക്കുന്നവരെയും സംഘാടകരെയും പ്രയാസപ്പെടുത്തുകകൂടി ചെയ്യുന്നു. ഇതുമൂലം സമയക്രമം പാലിക്കാനാവാത്തതിനാല്‍ കാണികള്‍ക്കും കഷ്ടപ്പെടേണ്ടിവന്നു. വിധിനിര്‍ണയം പൂര്‍ണമായും വിവാദമുക്തമാവുക സാധ്യമല്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് വിവാദങ്ങള്‍ കുറഞ്ഞിട്ടുണ്ടുതാനും. എങ്കിലും ഇക്കാര്യത്തില്‍ ഇനിയും ചിലതൊക്കെ ചെയ്യാനാവും. കലോത്സവ മാന്വല്‍ പരിഷ്കരിച്ചതിന് ഭാഗികമായേ പ്രയോജനമുണ്ടായിട്ടുള്ളൂ. ഗ്രേസ് മാര്‍ക്ക് വര്‍ധിപ്പിച്ചത് സ്റ്റേജിനുപുറത്തെ അനാരോഗ്യകരമായ മാത്സര്യവും പിരിമുറുക്കവും വര്‍ധിപ്പിക്കുമെന്ന് ഭയക്കണം. ഏതായാലും ഇത്തരം പ്രശ്നങ്ങള്‍ വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ച വിദഗ്ധസമിതി പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുക. സംസ്ഥാനതലത്തില്‍ വിധികര്‍ത്താക്കളുടെ പാനല്‍ തയാറാക്കാനുള്ള മന്ത്രിയുടെ തീരുമാനവും ഗുണം ചെയ്യും. ഇത്തരം നടപടികള്‍ക്കു പുറമെ, പണക്കൊഴുപ്പിന്റെ ദോഷം കുറക്കാനും പാവപ്പെട്ടവര്‍ക്കുകൂടി ഇനിയും അവസരങ്ങള്‍ ലഭ്യമാക്കാനും എന്തുചെയ്യാനാവുമെന്ന് ആലോചിക്കേണ്ടതുണ്ട്. കടുത്ത പരാധീനതകള്‍ അനുഭവിക്കുന്ന കൗമാരപ്രതിഭകള്‍ക്ക് സഹായമെത്തിക്കാന്‍ ക്ഷേമഫണ്ട് സ്വരൂപിക്കുന്ന കാര്യവും ചിന്തിക്കാവുന്നതാണ്. വിദ്യാര്‍ഥികളുടെ സര്‍ഗശേഷി കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി നടത്തപ്പെടുന്ന ഏറ്റവും വ്യാപകവും ജനകീയവുമായ പരിപാടി എന്ന നിലക്ക് സ്കൂള്‍ കലോത്സവത്തിനു കൈവന്നിട്ടുള്ള പ്രാധാന്യം ചെറുതല്ല. വൈകല്യങ്ങള്‍ കുറയുന്നതോടെ അത് സംസ്ഥാനത്തിനും വരുംതലമുറക്കും കൂടുതല്‍ വലിയ മുതല്‍ക്കൂട്ടാവും.
സൗരവൈദ്യുതിക്കായി നല്ല തുടക്കം (മാതൃഭൂമി)


സൗരവൈദ്യുതി ഉത്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വൈദ്യുതി ബോര്‍ഡ്, വൈകിയാണെങ്കിലും തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്. ആദ്യഘട്ടത്തില്‍ 500 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബോര്‍ഡിന്റെ ചെലവില്‍ സൗരവൈദ്യുതി ഉണ്ടാക്കാനുള്ള പ്ലാന്റുകള്‍ സ്ഥാപിക്കും. സര്‍ക്കാര്‍ ആസ്​പത്രികള്‍, ജല അതോറിറ്റി ഓഫീസുകള്‍, പോലീസ്‌സ്റ്റേഷനുകള്‍ എന്നിവയടക്കം 500 ഓഫീസുകള്‍ ഇതിനായി കണ്ടെത്തുകയും പ്രാഥമികപഠനം നടത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വൈദ്യുതിച്ചാര്‍ജില്‍ വന്‍ കുടിശ്ശിക വരുത്തുന്ന സ്ഥാപനങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് സ്വീകരിക്കുകയും അതിന്റെ വില ഈ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ വിലയില്‍ തട്ടിക്കിഴിക്കുന്ന സമ്പ്രദായം ഏര്‍പ്പെടുത്തുകയും ചെയ്യും. പദ്ധതിക്കായി ഫിബ്രവരിയില്‍ താത്പര്യപത്രം ക്ഷണിക്കുമെന്നാണ് ബോര്‍ഡ് അധികൃതര്‍ പറഞ്ഞത്. ഇത്തരം സ്ഥാപനങ്ങളില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ തയ്യാറാവുന്ന ഏജന്‍സികള്‍ക്ക് വാര്‍ഷിക ഗഡുക്കളായാണ് പണം നല്‍കുക. വിദഗ്ധരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് വൈദ്യുതി ബോര്‍ഡ് സൗരവൈദ്യുതി പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

ഊര്‍ജപ്രതിസന്ധി എങ്ങനെ നേരിടുമെന്നറിയാതെ കേരളത്തില്‍ വൈദ്യുതിബോര്‍ഡും വിവിധ മേഖലകളിലെ ഉപഭോക്താക്കളും വിഷമിക്കാന്‍തുടങ്ങിയിട്ട് ഏറെക്കാലമായി. വൈദ്യുതിയുടെ ലഭ്യതയും ഉപയോഗവും തമ്മിലുള്ള അന്തരം നിത്യേനയെന്നോണം വര്‍ധിച്ചുവരുന്നത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. ഊര്‍ജാവശ്യത്തിന് പ്രധാനമായും ജലവൈദ്യുതപദ്ധതികളെയാണ് കേരളം ആശ്രയിച്ചുപോരുന്നത്. എന്നാല്‍, ജലദൗര്‍ലഭ്യവും പരിസ്ഥിതിപ്രശ്‌നങ്ങളും കാരണം ഇനി അതിനുകഴിയില്ല. നിലവിലുള്ള പദ്ധതികളുടെ ഉത്പാദനശേഷിപോലും പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിയാത്തസ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തില്‍, ഊര്‍ജോത്പാദനത്തിന് ബദല്‍മാര്‍ഗങ്ങള്‍ സ്വീകരിച്ചേ മതിയാകൂ. അവയില്‍ ഏറ്റവും പ്രായോഗികവും ചെലവുകുറഞ്ഞതുമാണ് സൗരവൈദ്യുതിയെന്ന് വിദഗ്ധര്‍ പറയുന്നു. സൗരവൈദ്യുതി പ്ലാന്റുകള്‍ സ്ഥാപിച്ച് വിവിധ സ്ഥാപനങ്ങളെ ഊര്‍ജാവശ്യത്തിന്റെ കാര്യത്തില്‍ പരമാവധി സ്വയംപര്യാപ്തമാക്കാന്‍ നിര്‍ദിഷ്ടപദ്ധതി സഹായകമാകും. ഊര്‍ജത്തിന്റെ കാര്യത്തില്‍ മാതൃകാപരമായ വികേന്ദ്രീകൃത ശൈലിക്ക് തുടക്കംകുറിക്കാനും ഇതുവഴി കഴിയും. വീടുകളിലും സ്ഥാപനങ്ങളിലും നടപ്പാക്കുന്ന പദ്ധതികളുടെയും അവയ്ക്ക് ഉപയോഗിക്കുന്ന സാമഗ്രികളുടെയും കാര്യത്തില്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ കഴിയണം. 

സബ്‌സിഡിയും മറ്റാനുകൂല്യങ്ങളും വിദഗ്ധസഹായവും ലഭ്യമാക്കിയാല്‍ ഒട്ടേറെ ഉപഭോക്താക്കള്‍ സൗരോര്‍ജോത്പാദനസംവിധാനം ഏര്‍പ്പെടുത്താന്‍ മുന്നോട്ടുവരും. വൈദ്യുതി ബോര്‍ഡില്‍ സൗരോര്‍ജസെല്‍ ആരംഭിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. വന്‍തോതില്‍ സൗരോര്‍ജോത്പാദനത്തിനുള്ള സാധ്യതകളും കേന്ദ്രം അന്വേഷിക്കുകയുണ്ടായി. കനാലുകള്‍ക്കു മുകളില്‍ സൗരവൈദ്യുതി പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ബോര്‍ഡ് ആലോചിക്കുന്നുണ്ട്. ജലസേചന കനാലുകളും ഈ പദ്ധതിക്ക് പ്രയോജനപ്പെടുത്താനാവും. അണക്കെട്ടുകളിലെ ജലാശയങ്ങള്‍ക്കു മുകളില്‍ സൗരവൈദ്യുതിപാനലുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിക്കാനും വൈദ്യുതി ബോര്‍ഡ് ലക്ഷ്യമിടുന്നു. എന്തായാലും സൗരോര്‍ജോത്പാദനത്തിന് ഗാര്‍ഹിക ഉപഭോക്താക്കളും വിവിധ സ്ഥാപനങ്ങളും താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇതിന് നേതൃത്വം വഹിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും വൈദ്യുതി ബോര്‍ഡ്തന്നെ മുന്നോട്ടുവരണം. കേരളത്തിന്റെ ആകെ സ്ഥലത്തിന്റെ അരശതമാനത്തില്‍ നിന്ന് സംസ്ഥാനത്തിന്റെ മുഴുവന്‍ ആവശ്യവും നിറവേറ്റാനുള്ള സൗരവൈദ്യുതി ഉണ്ടാക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വൈദ്യുതി ബോര്‍ഡും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും ഇക്കാര്യത്തില്‍ ഏകോപനത്തോടെ പ്രവര്‍ത്തിച്ചാല്‍ ഊര്‍ജപ്രശ്‌നങ്ങള്‍ക്ക് അധികം വൈകാതെ തന്നെ പരിഹാരമുണ്ടാക്കാനാവും.


യൌവനം തേടുന്ന കോണ്‍ഗ്രസ്  (മനോരമ )
പുതിയ തലമുറയിലേക്കുള്ള അധികാരക്കൈമാറ്റത്തിന്റെ പ്രഖ്യാപനമായി ജയ്പൂരിnnല്‍ നടന്ന കോണ്‍ഗ്രസ് നേതൃസമ്മേളനമായ ചിന്തന്‍ ശിബിരം. രാഹുല്‍ ഗാന്ധി ഉപാധ്യക്ഷനായി സ്ഥാനമേറ്റതോടെ, രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാവി സാരഥിയെക്കുറിച്ചാണു തീര്‍പ്പുണ്ടായത്. 

പതിനഞ്ചു മാസം കഴിഞ്ഞു നടക്കാനിരിക്കുന്ന അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു കോണ്‍ഗ്രസ് ഒരുങ്ങിക്കഴിഞ്ഞു എന്നതിന്റെ പ്രഖ്യാപനവും സമ്മേളനത്തില്‍ മുഴങ്ങിക്കേട്ടു. ഒന്‍പതു വര്‍ഷമായി സംഘടനയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുകയും അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ വിസമ്മതിക്കുകയും ചെയ്ത രാഹുല്‍ ഗാന്ധി ഉപാധ്യക്ഷസ്ഥാനം ഏറ്റെടുത്തത് കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കുന്ന സുപ്രധാന സന്ദേശമായി. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാരനായതോടെ പ്രായോഗികതലത്തില്‍ ഇനി സംഘടനയ്ക്കു നേതൃത്വംനല്‍കുന്നതു രാഹുലായിരിക്കും. 

യുവജനങ്ങളുടെ രാജ്യമാണ് ഇന്ന് ഇന്ത്യ. ഉദാരവല്‍ക്കരണത്തിന്റെയും സാമ്പത്തിക പരിഷ്കാരങ്ങളുടെയും ഗുണഭോക്താക്കളായ നവ മധ്യവര്‍ഗവും യുവാക്കളും ഗുണപരമായ മാറ്റം ആഗ്രഹിക്കുന്നു. അവരുടെ വികാരവിചാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന യുവനേതൃത്വത്തില്‍ കോണ്‍ഗ്രസ് വിശ്വാസമര്‍പ്പിക്കുകയാണ്. അഴിമതിയും കെടുകാര്യസ്ഥതയും യുവജനങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. നീതിക്കു വേണ്ടി അനന്തമായി കാത്തിരിക്കാന്‍ അവര്‍ക്കു ക്ഷമയില്ല. കാര്യശേഷിയും മികവുമുള്ള നേതാക്കളെ അംഗീകരിക്കുക എന്നതായിരിക്കുന്നു ജനങ്ങളുടെ രാഷ്ട്രീയ മന്ത്രം. ഉപാധ്യക്ഷപദവി ഏറ്റെടുത്തുകൊണ്ട് എഐസിസി സമ്മേളനത്തില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തില്‍ ഈ തിരിച്ചറിവു തെളിയുന്നുണ്ട്. 

രാജ്യത്തെ ഭരണനിര്‍വഹണ സംവിധാനത്തെയും കോണ്‍ഗ്രസിന്റെ സംഘടനാപരമായ പോരായ്മകളെയും കുറിച്ചു രാഹുലിനു വ്യക്തമായ ധാരണയുണ്ടെന്നു വെളിപ്പെടുന്ന തുറന്നുപറച്ചില്‍ കൂടിയായി അത്. കോണ്‍ഗ്രസിന്റെ ജയ്പൂര്‍ പ്രഖ്യാപനം സംഘടനയില്‍ അടിമുടി മാറ്റങ്ങളാണു നിര്‍ദേശിക്കുന്നത്. സ്ത്രീകള്‍ക്കു പാര്‍ട്ടിയില്‍ 30% സംവരണം, പിസിസി - ഡിസിസി അധ്യക്ഷര്‍ക്കു രണ്ട് ഊഴം മാത്രം, പാര്‍ട്ടിക്കു പഞ്ചായത്തുതല സമിതികള്‍, ദലിത് - ന്യൂനപക്ഷ - ദുര്‍ബല വിഭാഗങ്ങള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം തുടങ്ങി പുരോഗമനപരമായ നിര്‍ദേശങ്ങള്‍ പലതുണ്ട്. 

സ്ത്രീകളുടെ സംരക്ഷണത്തിനുള്ള അടിയന്തര നടപടികളിലേക്കും പ്രഖ്യാപനം വിരല്‍ചൂണ്ടുന്നു. മാറ്റത്തെക്കുറിച്ചു നല്‍കുന്ന ഈ പ്രതീക്ഷകള്‍ സഫലീകരിക്കുക എന്ന ദൌത്യമാണ് ഇനി കോണ്‍ഗ്രസിനു മുന്നിലുള്ളത്. കോണ്‍ഗ്രസ് നേതൃസമ്മേളനങ്ങളില്‍ സാധാരണ ഉയര്‍ന്നുകേള്‍ക്കുന്ന ഉദ്ഘോഷങ്ങളിലും സ്തുതിവചനങ്ങളിലും നിന്നു കുറെയെങ്കിലും വിട്ടുമാറി, പാര്‍ട്ടി നേരിടുന്ന അപചയങ്ങളും വെല്ലുവിളികളും വിവരിക്കുന്നതായി അധ്യക്ഷ സോണിയ ഗാന്ധിയുടെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും രാഹുല്‍ ഗാന്ധിയുടെയും പ്രസംഗങ്ങള്‍. 

അഴിമതിക്കെതിരെയും സ്ത്രീകളോടുള്ള അതിക്രമത്തിനെതിരെയും ഉയര്‍ന്ന ജനവികാരം കണക്കിലെടുക്കേണ്ടതുണ്ടെന്ന് ഈ നേതാക്കള്‍ സൂചിപ്പിച്ചതും യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടു തന്നെ. പാര്‍ട്ടിയുടെ പൊളിച്ചെഴുത്തു സംബന്ധിച്ചു വ്യക്തമായ സന്ദേശം സോണിയയും രാഹുലും ജയ്പൂരില്‍ നല്‍കിയ സ്ഥിതിക്ക് അതനുസരിച്ചു ചടുലമായ സംഘടനാശൈലിയും കര്‍മശേഷിയും കോണ്‍ഗ്രസ് കൈവരിക്കുമോ എന്നതാണു ജനങ്ങള്‍ ഇനി ഉറ്റുനോക്കുക. പാര്‍ട്ടിക്കുള്ളില്‍ പഴയ തലമുറയുടെ അനുഭവസമ്പന്നതയെയും യുവതലമുറയുടെ പ്രവര്‍ത്തനവീര്യത്തെയും സമന്വയിപ്പിക്കുന്ന പാതയാവും രാഹുല്‍ അനുവര്‍ത്തിക്കുക എന്നു വ്യക്തമായിക്കഴിഞ്ഞു. 

ആം ആദ്മിക്കൊപ്പം മധ്യവര്‍ഗത്തെക്കൂടി ചേര്‍ത്തുനിര്‍ത്തിയുള്ള ഒരു സാമൂഹിക - സാമ്പത്തികക്രമമാണു കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്നത്. പുതിയ കാലത്തിന്റെ വികാരം ഉള്‍ക്കൊണ്ട്, പാര്‍ട്ടിയെ മാറ്റിയെഴുതി മുന്നോട്ടുനയിക്കുക എന്നതു തന്നെയാണു രാഹുല്‍ ഗാന്ധിയുടെ മുന്‍പാകെയുള്ള വെല്ലുവിളി.

No comments:

Post a Comment