Saturday, January 5, 2013

മുഖപ്രസംഗം January 04 -2013


  1. കേരളം ഭ്രാന്താലയം ആവാതിരിക്കാന്‍ Madhyamamma  കേരളം ഭ്രാന്താലയമായി മാറാതിരിക്കാന്‍ ജാഗ്രതപുലര്‍ത്തേണ്ടത് രാഷ്ട്രീയ, സാമൂഹിക, മതനേതൃത്വമല്ലാതെ മറ്റാരുമല്ല. മതേതര ജനാധിപത്യ സംസ്കൃതിയെ പരിപോഷിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാവേണ്ടവര്‍  കുടുസ്സായ ജാതിമത ചിന്തകളുടെ പേരില്‍ ജനത്തെ ഭിന്നധ്രുവങ്ങളില്‍ നിര്‍ത്തി വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വ്യഗ്രത കാട്ടുന്നതാണ് അനര്‍ഥങ്ങളുടെ മുഖ്യകാരണം. സ്വസമാജത്തിന്‍െറ ആത്മീയവും ഭൗതികവുമായ ഔത്യത്തിനുള്ള ഏതു ശ്രമവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നതില്‍ പക്ഷാന്തരമുണ്ടാവില്ല. ആധുനിക കേരളത്തെ കെട്ടിപ്പടുക്കുന്നതില്‍ ഇവിടത്തെ മത-സാംസ്കാരിക കൂട്ടായ്മകള്‍ അര്‍പ്പിച്ച സംഭാവനകള്‍ അനര്‍ഘങ്ങളാണെന്ന് എല്ലാവരും അംഗീകരിച്ച യാഥാര്‍ഥ്യമാണുതാനും. അതിനപ്പുറം, അധികാരരാഷ്ട്രീയത്തിന്‍െറ പങ്കുപറ്റുന്നതിലുള്ള കിടമത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ സമുദായനേതൃത്വം തെറ്റായ സന്ദേശങ്ങള്‍ കൈമാറുകയും നൂറ്റാണ്ടുകളുടെ പരിശ്രമഫലമായി വിപാടനംചെയ്ത നിഷേധാത്കമ വിചാരഗതി പുന$സ്ഥാപിക്കാന്‍ വഴിയൊരുക്കുകയുമാണ്.

  2. നാം മറക്കരുതാത്ത സൌഹാര്‍ദ മന്ത്രം manorama വ്യത്യസ്ത മതങ്ങളിലും സമുദായങ്ങളിലുംപെട്ടവരെ പരസ്പരം അകറ്റാനല്ല, അരികത്തുനിര്‍ത്താനാണു ശ്രമിക്കേണ്ടതെങ്കിലും അതിനു വേണ്ടിയല്ലാത്ത ചില ശ്രമങ്ങളും നാം ഈയിടെയായി കണ്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രീയത്തിലും അധികാരത്തിലും എന്നുവേണ്ട, നവലോകത്തേക്കു വളരേണ്ട സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ വരെ മത - സാമുദായിക വേലികള്‍ രൂപപ്പെടുന്നത് അങ്ങേയറ്റം ആശങ്കയോടെ കാണുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ചുപോരുന്ന സമുദായ സൌഹര്‍ദത്തിനു നേരെ പ്രകോപനമുണ്ടാകുമ്പോഴെല്ലാം നാം അതിനെ ഒരുമയോടെ ചെറുത്തു വിജയം നേടി. എന്നിട്ടും, ഒളിഞ്ഞും മറഞ്ഞും പ്രവര്‍ത്തിച്ച് മത - സമുദായങ്ങള്‍ക്കിടയിലെ ദൂരംകൂട്ടുന്നവരുടെ എണ്ണം നമുക്കിടയില്‍ കൂടിവരികയാണ്. അവരുടെ കുത്സിതശ്രമങ്ങളെ തിരിച്ചറിഞ്ഞ് ചെറുത്തുതോല്‍പ്പിക്കാന്‍ കേരളത്തിന്റെ ജീവവായുവായ ഒരുമ കൂടുതല്‍ ശോഭയോടെ തിരിച്ചുവരണം. 
  3. വിദ്യാഭ്യാസപുരോഗതി അര്‍ഥവത്താകാന്‍ Mathrubhumi  വിദ്യാഭ്യാസ രംഗത്ത് രാജ്യം വന്‍പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഫലം അര്‍ഹമായ തോതില്‍ സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തുന്നില്ലെന്നത് ഖേദകരമായ വസ്തുതയാണ്. പഠനത്തിന്, വിശേഷിച്ച് ഉന്നത പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നതിന് ചെലവേറിവരുന്ന സാഹചര്യത്തില്‍ ഈ അസന്തുലനവും വര്‍ധിച്ചേക്കാം. വിദ്യാഭ്യാസത്തില്‍ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തി അവിടെ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാലേ ഈ സ്ഥിതിവിശേഷത്തിന് മാറ്റമുണ്ടാകൂ. ഇത്തരം പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ജില്ലകളില്‍ മാതൃകാ ബിരുദകോളേജുകള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത് ഈ ലക്ഷ്യത്തോടെയാണ്. എന്നാല്‍ അത് പ്രയോജനപ്പെടുത്താന്‍ കേരളം തയ്യാറായിട്ടില്ല. രാജ്യത്തെ 374 ജില്ലകളില്‍ കേന്ദ്രസഹായത്തോടെ കോളേജുകള്‍ തുടങ്ങാനായിരുന്നു പരിപാടി. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ കുറവുള്ള ജില്ലകളാണ് ഇതിനായി തിരഞ്ഞെടുത്തത്. മലപ്പുറം, വയനാട്, പാലക്കാട്, കാസര്‍കോട് ജില്ലകളിലും ഈ പോരായ്മയുള്ളതായി 2001-ലെ സെന്‍സസില്‍ കണ്ടെത്തുകയുണ്ടായി. ആ നിലയ്ക്ക്, പദ്ധതി നടപ്പാക്കുന്നതില്‍ കേരളം താത്പര്യം കാണിക്കേണ്ടതായിരുന്നു. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരുടെ ദേശീയ ശരാശരി 12.4 ആണെങ്കില്‍ മലപ്പുറത്ത് അത് 8.4 ഉം പാലക്കാട്ട് 10.6 ഉം കാസര്‍കോട്ട് 10.5 ഉം വയനാട്ടില്‍ 12 ശതമാനവുമാണ്. മാതൃകാ ബിരുദ കോളേജുകള്‍ വന്നാല്‍ ഈ ജില്ലകളുടെ സ്ഥിതി മെച്ചപ്പെടും. എന്നാല്‍, ഇത്തരം കോളേജുകള്‍ക്കായി കേരളത്തില്‍ നിന്ന് ഒരു നിര്‍ദേശംപോലും പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ ജില്ലകളില്‍ പല മേഖലകളിലും ഉന്നതപഠനത്തിന് വേണ്ടത്ര സൗകര്യമില്ല. കോളേജ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. ന്യൂനപക്ഷ, പട്ടികവര്‍ഗവിഭാഗക്കാര്‍ കൂടുതലുള്ള പ്രദേശങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ സൗകര്യങ്ങള്‍ എത്ര വര്‍ധിച്ചാലും അധികമാവില്ല. മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഇക്കാര്യത്തില്‍ കേരളത്തിലെ സ്ഥിതി മെച്ചമാണ്. എന്നാല്‍, ഇവിടത്തെ ചില മേഖലകള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ദേശീയ ശരാശരിക്ക് താഴെയാണെന്നത് അധികൃതര്‍ ഗൗരവമായിത്തന്നെ കാണണം.





കേരളം ഭ്രാന്താലയം ആവാതിരിക്കാന്‍


കേരളം ഭ്രാന്താലയം ആവാതിരിക്കാന്‍കേരളത്തില്‍ സാമുദായിക സൗഹാര്‍ദത്തിന് ഊഷ്മളത കുറഞ്ഞുവരുകയാണെന്നും വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ധ വര്‍ധിച്ചുവരുന്നതിന് തടയിടാനാവാതെ പോയാല്‍ താമസിയാതെ പണ്ട് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച ഭ്രാന്താലയമായി സംസ്ഥാനം മാറുമെന്നുമുള്ള കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയുടെ മുന്നറിയിപ്പ് എല്ലാവര്‍ക്കുമുള്ളതാണ്. തീകൊണ്ടുള്ള കളി അവസാനിപ്പിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ മുന്നോട്ടുവന്നില്ലെങ്കില്‍ വിപത്കരമായ അവസ്ഥാവിശേഷത്തിലേക്കായിരിക്കും സംസ്ഥാനം ചെന്നെത്തുകയെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുകയുണ്ടായി. പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് 136ാം മന്നം ജയന്തി സമ്മേളനവേദി ഇത്തരമൊരു അഭിപ്രായപ്രകടനത്തിന് തെരഞ്ഞെടുത്തത് ആകസ്മികമാവാന്‍ തരമില്ല. സാമുദായിക സൗഹാര്‍ദം തകരുന്നതില്‍ ആശങ്കപ്പെട്ട പ്രതിരോധമന്ത്രിക്ക് ഊന്നിപ്പറയാനുണ്ടായിരുന്നത് സമുദായനീതിയും സാമൂഹികനീതിയും ഉറപ്പാക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണം എന്നാണ്.


കേരളത്തിന്‍െറ സാമുദായികാന്തരീക്ഷം മുമ്പത്തെപ്പോലെ ഊഷ്മളമല്ല എന്ന എ.കെ. ആന്‍റണിയുടെ നിരീക്ഷണത്തോട് യോജിക്കുന്നവരായിരിക്കും കൂടുതല്‍. എന്തുകൊണ്ട് അമ്മട്ടിലൊരു സ്ഥിതിവിശേഷം സംജാതമായി എന്ന അന്വേഷണം കൊണ്ടെത്തിക്കുക രാഷ്ട്രീയ-സാമൂഹിക സംഘടനാ നേതൃത്വത്തിന്‍െറ അനവധാനതയിലും കുടുസ്സായ കാഴ്ചപ്പാടുകളിലുമായിരിക്കാം. മതേതര-ജനാധിപത്യക്രമം വേരുറച്ച ഒരു സാമൂഹിക വ്യവസ്ഥയില്‍ സമുദായ കൂട്ടായ്മകളുടെ പ്രസക്തി അതത് സമാജത്തിന്‍െറ സാമൂഹികവും സാംസ്കാരികവുമായ അഭ്യുന്നതിക്കായുള്ള ഭൂമിക ഒരുക്കുക എന്നതാണ്. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും വിവിധ മുസ്ലിം, ക്രൈസ്തവ സംഘടനകളുമെല്ലാം ഒരുവേള കര്‍മപഥം കണ്ടെത്തിയത് ഈ മേഖലകളിലാണെന്നതിന് ചരിത്രം സാക്ഷിയാണ്. എന്നാല്‍, സമീപകാലത്തായി സാമുദായിക മേധാവികള്‍ തങ്ങളുടെ പ്ളാറ്റ്ഫോം സമ്മര്‍ദരാഷ്ട്രീയ തന്ത്രങ്ങള്‍ക്കായി വിനിയോഗിക്കാന്‍ തുടങ്ങിയതാണ് അസ്വാസ്ഥ്യജനകമായ പ്രവണതകള്‍ക്ക് വഴിവെച്ചത് . അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കുമായുള്ള മത്സരത്തില്‍ സമുദായ കാര്‍ഡ് എടുത്തുപയറ്റാന്‍ തുടങ്ങിയപ്പോള്‍ ഇതര സമുദായങ്ങള്‍ക്കെതിരെ വാളോങ്ങുകയും സ്വസമുദായാംഗങ്ങളെ വിഭാഗീയമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയുംചെയ്യുന്ന തീര്‍ത്തും അക്ഷന്തവ്യമായ നീക്കങ്ങള്‍ പല ഭാഗങ്ങളില്‍നിന്നുമുണ്ടായി.
സമുദായനീതിയും സാമൂഹികനീതിയും പുലര്‍ന്നുകാണണമെന്നാഗ്രഹിച്ച മഹാരഥന്മാരുടെ അശ്രാന്ത പരിശ്രമഫലമാണ് നാമിന്ന് കാണുന്ന കേരളമെന്ന് വിസ്മരിച്ചതാണ് അപഭ്രംശത്തിന് കാരണം. അത്യന്തം നിന്ദ്യവും ഭീതിജനകവുമായ ജാതീകൃത ഉച്ചനീചത്വങ്ങള്‍ നിലനിന്ന ഹിന്ദു സമൂഹത്തില്‍ മാനവികതയുടെയും സാംസ്കാരിക സമേകതയുടെയും മൂല്യങ്ങള്‍ സന്നിവേശിപ്പിക്കാന്‍ ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും മറ്റും നടത്തിയ തീവ്രയത്നങ്ങളെ നിരര്‍ഥകമാക്കുന്ന നീക്കങ്ങള്‍ അവരുടെ അനുയായികളുടെ ഭാഗത്തുനിന്നുണ്ടാകുമ്പോള്‍ നമ്മുടെ നാട് പിറകോട്ട് ചലിക്കുക സ്വാഭാവികമാണ്. സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച ഭ്രാന്താലയത്തിലേക്കാണോ കേരളത്തിന്‍െറ തിരിച്ചുപോക്ക് എന്ന് പ്രതിരോധമന്ത്രിയെക്കൊണ്ട് ചോദിപ്പിച്ചത് ബന്ധപ്പെട്ടവരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അവര്‍ണരായ കീഴ്ജാതിക്കാരന്‍െറ ജീവിതം ദുസ്സഹമാക്കുകയും പൊതുനിരത്തും ക്ഷേത്രപരിസരവും അവന് നിഷേധിക്കപ്പെടുകയുംചെയ്ത മനുഷ്യത്വരഹിതമായ കാഴ്ച കണ്ടാണല്ലോ 1889ല്‍ മദിരാശിയില്‍ചെയ്ത ഒരു പ്രസംഗത്തില്‍ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയ സദൃശ്യമാണ് കേരളത്തിന്‍െറ സാമൂഹികാവസ്ഥയെന്ന് വിലപിച്ചത്. പീഡനങ്ങള്‍ പെരുത്ത് ഏറ്റുവാങ്ങിയ പതിതരുമായി സ്നേഹസമ്പര്‍ക്കം പുലര്‍ത്തുകയും സവര്‍ണകുലജാതരുടെ വിലക്കു ലംഘിച്ച് അവരുമായി സൗഹൃദം ഊട്ടിവളര്‍ത്തുകയും ചെയ്ത്,  മനുഷ്യത്വത്തിന്‍െറ അമരസ്പര്‍ശം കാട്ടിക്കൊടുത്ത ചട്ടമ്പിസ്വാമികളുടെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരില്‍നിന്നുപോലും ഇന്ന് ഐക്യത്തിന്‍െറ സ്വരമല്ല, ഭിന്നിപ്പിന്‍െറ അട്ടഹാസങ്ങളാണ് കേള്‍ക്കാന്‍ കഴിയുന്നത്. കേരളീയചരിത്രത്തിലെ ഒരു ദശാസന്ധിയില്‍ ഒരു സമൂഹം എന്ന നിലയില്‍ നായര്‍ വിഭാഗങ്ങള്‍ ഒട്ടനവധി വെല്ലുവിളികളെ അഭിമുഖീകരിച്ചപ്പോള്‍ അതിനെ ഉല്‍പതിഷ്ണുത്വത്തോടെ നേരിടുകയും സമാജത്തിന്‍െറ സാമൂഹികോല്‍ക്കര്‍ഷത്തിനായി ആയുസ്സും വപുസ്സും മാറ്റിവെക്കുകയും ചെയ്ത മന്നത്ത് പത്മനാഭന്‍െറ കാല്‍പാടുകളെയാണോ തങ്ങളിന്ന് അനുധാവനം ചെയ്യുന്നതെന്ന് സത്യസന്ധമായി ആത്മവിചിന്തനം നടത്തേണ്ടത് എന്‍.എസ്.എസിന്‍െറ ഇന്നത്തെ നേതൃത്വം തന്നെയാണ്. ശ്രീനാരായണ ഗുരുവിന്‍െറ സന്ദേശങ്ങളും എസ്.എന്‍.ഡി.പിയുടെ കര്‍മപരിപാടികളും തമ്മില്‍ വൈരുധ്യമുണ്ടാകുമ്പോള്‍ അകംപൊള്ളേണ്ടത് സഹസ്രശോഭിതമായ ആ വ്യക്തിത്വം കൈപിടിച്ചുയര്‍ത്തിയ ജനതതിക്കാവണം.

കേരളം ഭ്രാന്താലയമായി മാറാതിരിക്കാന്‍ ജാഗ്രതപുലര്‍ത്തേണ്ടത് രാഷ്ട്രീയ, സാമൂഹിക, മതനേതൃത്വമല്ലാതെ മറ്റാരുമല്ല. മതേതര ജനാധിപത്യ സംസ്കൃതിയെ പരിപോഷിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാവേണ്ടവര്‍  കുടുസ്സായ ജാതിമത ചിന്തകളുടെ പേരില്‍ ജനത്തെ ഭിന്നധ്രുവങ്ങളില്‍ നിര്‍ത്തി വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വ്യഗ്രത കാട്ടുന്നതാണ് അനര്‍ഥങ്ങളുടെ മുഖ്യകാരണം. സ്വസമാജത്തിന്‍െറ ആത്മീയവും ഭൗതികവുമായ ഔത്യത്തിനുള്ള ഏതു ശ്രമവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നതില്‍ പക്ഷാന്തരമുണ്ടാവില്ല. ആധുനിക കേരളത്തെ കെട്ടിപ്പടുക്കുന്നതില്‍ ഇവിടത്തെ മത-സാംസ്കാരിക കൂട്ടായ്മകള്‍ അര്‍പ്പിച്ച സംഭാവനകള്‍ അനര്‍ഘങ്ങളാണെന്ന് എല്ലാവരും അംഗീകരിച്ച യാഥാര്‍ഥ്യമാണുതാനും. അതിനപ്പുറം, അധികാരരാഷ്ട്രീയത്തിന്‍െറ പങ്കുപറ്റുന്നതിലുള്ള കിടമത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ സമുദായനേതൃത്വം തെറ്റായ സന്ദേശങ്ങള്‍ കൈമാറുകയും നൂറ്റാണ്ടുകളുടെ പരിശ്രമഫലമായി വിപാടനംചെയ്ത നിഷേധാത്കമ വിചാരഗതി പുന$സ്ഥാപിക്കാന്‍ വഴിയൊരുക്കുകയുമാണ്. അത് കേരളത്തിന്‍െറ സകല ഈടുവെപ്പുകളെയും നശിപ്പിക്കുകയും നാം ശിരസ്സുയര്‍ത്തി അഭിമാനിക്കുന്ന സ്നേഹസൗഭ്രാത്രത്തിന്‍െറ പാരമ്പര്യത്തെ ഹനിക്കുകയും ചെയ്യുമെന്നാണ് എ.കെ. ആന്‍റണി ഉചിതമായ സമയത്ത് ഉണര്‍ത്തിയിരിക്കുന്നത്. ആ താക്കീതിന്‍െറ ഗൗരവം ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ മനസ്സുതുറക്കുമെന്ന് പ്രതീക്ഷിക്കട്ടെ.

നാം മറക്കരുതാത്ത സൌഹാര്‍ദ മന്ത്രം

malmanoramalogo
മനസ്സ് ആകാശത്തോളം വലുതാക്കാനാണ് ഒാരോ മതവും പഠിപ്പിക്കുന്നത്. നല്ലതിനെയെല്ലാം സ്വീകരിക്കാന്‍ സന്നദ്ധമായി മനസ്സിന്റെ എല്ലാ ജാലകങ്ങളും സദാ തുറന്നുവയ്ക്കണമെന്നും അതേ മതങ്ങള്‍ പറഞ്ഞുതരുന്നു. ഇടുങ്ങിയതും ഇരുട്ടുനിറഞ്ഞതുമല്ല, സ്നേഹത്തിന്റെ പാല്‍നിലാവു വീണുകിടക്കുന്നതാണ് ഒാരോ മതത്തിന്റെയും സമുദായത്തിന്റെയും സഞ്ചാരപഥങ്ങള്‍. പക്ഷേ, ഏതു സാഹചര്യത്തിലും സഹിഷ്ണുത വെടിയില്ലെന്നു നാം ഊറ്റംകൊണ്ടിരുന്ന കേരളത്തിനു മതങ്ങളുടെയും സമുദായങ്ങളുടെയും പേരില്‍ അത്രത്തോളം അഭിമാനിക്കാന്‍ ഇപ്പോള്‍ കഴിയുമോ? 

വ്യത്യസ്ത മതങ്ങളിലും സമുദായങ്ങളിലുംപെട്ടവരെ പരസ്പരം അകറ്റാനല്ല, അരികത്തുനിര്‍ത്താനാണു ശ്രമിക്കേണ്ടതെങ്കിലും അതിനു വേണ്ടിയല്ലാത്ത ചില ശ്രമങ്ങളും നാം ഈയിടെയായി കണ്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രീയത്തിലും അധികാരത്തിലും എന്നുവേണ്ട, നവലോകത്തേക്കു വളരേണ്ട സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ വരെ മത - സാമുദായിക വേലികള്‍ രൂപപ്പെടുന്നത് അങ്ങേയറ്റം ആശങ്കയോടെ കാണുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കേരളത്തില്‍ സമുദായങ്ങള്‍ തമ്മിലുള്ള ഊഷ്മളത കുറഞ്ഞുവെന്നും സമുദായ സൌഹാര്‍ദവും സാമൂഹിക നീതിയും ഉറപ്പുവരുത്താന്‍ നിര്‍ണായക സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞതിന് അതുകൊണ്ടുതന്നെ സവിശേഷമായൊരു പ്രസക്തി കൈവരുന്നുണ്ട്.

സാമുദായികമായ അവിശ്വാസവും സ്പര്‍ധയുമുണ്ടായാല്‍ കേരളം ഭ്രാന്താലയമായി മാറുമെന്നു പറഞ്ഞ അദ്ദേഹം, അതു തീകൊണ്ടുള്ള കളിയാണെന്നു കൂടി ഒാര്‍മിപ്പിച്ചു. കഴിഞ്ഞദിവസം, ചങ്ങനാശേരിയില്‍ മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് എ.കെ. ആന്റണി നമ്മളില്‍ പലരും മറന്നുകൊണ്ടിരിക്കുന്ന ആ സൌഹാര്‍ദപാഠം കേരളത്തെ വീണ്ടും ഒാര്‍മിപ്പിച്ചത്.

എത്രയോ കാലമായി വിവിധ മതങ്ങളുടെയും സമുദായങ്ങളുടെയും സ്നേഹസുഗന്ധങ്ങള്‍ അണിഞ്ഞുനില്‍ക്കുന്ന നന്ദനോദ്യാനമാണു നമ്മുടെ കേരളം. വേദമന്ത്രങ്ങളും പള്ളിമണികളും ബാങ്കുവിളിയുമൊക്കെ പരസ്പരസ്നേഹത്തോടെ നമ്മുടെ വിശ്വാസ സംഗീതത്തില്‍ ഒന്നായി ലയിച്ചുചേരുന്നു. വിവിധ സമുദായങ്ങളുടെ തനതായ ആഘോഷങ്ങളും ആചാരങ്ങളും നാം ഒരേ ഹൃദയത്തോടെയാണു കണ്ടുപോരുന്നത്. ഒരേ വേളയിലുള്ള ശിവഗിരി തീര്‍ഥാടനവും മന്നം ജയന്തിയും മലയാളിക്കു സമുദായ സൌഹാര്‍ദത്തിന്റെ നിത്യശോഭയുള്ള ഒാര്‍മപ്പെടുത്തലുമാകുന്നു. 

കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ചുപോരുന്ന സമുദായ സൌഹര്‍ദത്തിനു നേരെ പ്രകോപനമുണ്ടാകുമ്പോഴെല്ലാം നാം അതിനെ ഒരുമയോടെ ചെറുത്തു വിജയം നേടി. എന്നിട്ടും, ഒളിഞ്ഞും മറഞ്ഞും പ്രവര്‍ത്തിച്ച് മത - സമുദായങ്ങള്‍ക്കിടയിലെ ദൂരംകൂട്ടുന്നവരുടെ എണ്ണം നമുക്കിടയില്‍ കൂടിവരികയാണ്. അവരുടെ കുത്സിതശ്രമങ്ങളെ തിരിച്ചറിഞ്ഞ് ചെറുത്തുതോല്‍പ്പിക്കാന്‍ കേരളത്തിന്റെ ജീവവായുവായ ഒരുമ കൂടുതല്‍ ശോഭയോടെ തിരിച്ചുവരണം. 

ചെറുതും വലുതുമായ ഏതു പ്രശ്നവും രാഷ്ട്രീയവും വര്‍ഗീയവുമാക്കാന്‍ ശ്രമമുണ്ടാകുന്നതു പ്രബുദ്ധവും സംസ്കാര സമ്പന്നവുമെന്ന് അഭിമാനിക്കുന്ന കേരള സമൂഹത്തിനു നാണക്കേടു തന്നെയല്ലേ? സമുദായ സൌഹാര്‍ദത്തിനു ഭംഗമുണ്ടാക്കുന്ന ഒന്നും ഈ മണ്ണിലുണ്ടാവില്ലെന്ന് ഉറപ്പുവരുത്തിയേ തീരൂ. സമത്വബോധവും സാഹോദര്യമനോഭാവവുമാണു കേരളത്തിന്റെ മുദ്രാമുഖം. പുരോഗമനാശയങ്ങളാണു നമ്മുടെ സമുദായ - സാമൂഹിക നേതാക്കള്‍ ജനങ്ങളില്‍ വളര്‍ത്തിയതും. ഈ പൈതൃകം പോറലേല്‍പ്പിക്കാതെ കാത്തുസൂക്ഷിക്കുക എന്നതാണ് ഒാരോ മലയാളിയും ജീവിതംകൊണ്ടു സ്വീകരിക്കേണ്ട മഹാദൌത്യം. അതിനുവേണ്ടിയാവണം നമ്മുടെ നാവുണര്‍ത്തലും നാടുണര്‍ത്തലും. എ.കെ. ആന്റണി പറഞ്ഞതില്‍ നിന്നു നാം കണ്ടെടുക്കേണ്ടതും ഇതുതന്നെ. 
അസമത്വവും അനാചാരവും വേരാഴ്ത്തിക്കിടന്ന കേരളത്തെ നോക്കി ഒരിക്കല്‍ ഭ്രാന്താലയമെന്നു വിളിച്ചത് സ്വാമി വിവേകാനന്ദനാണെങ്കില്‍ അദ്ദേഹത്തിന്റെ നൂറ്റിയന്‍പതാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലെങ്കിലും ആ പേരുദോഷത്തില്‍ നിന്നു നമുക്കു പൂര്‍ണമായും മോചനം നേടണം. അതുതന്നെയാവും ആ ആധ്യാത്മിക തേജസ്സിനുള്ള ഏറ്റവും ഉചിതമായ സ്മരണാഞ്ജലി.
വിദ്യാഭ്യാസപുരോഗതി അര്‍ഥവത്താകാന്‍

വിദ്യാഭ്യാസ രംഗത്ത് രാജ്യം വന്‍പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഫലം അര്‍ഹമായ തോതില്‍ സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തുന്നില്ലെന്നത് ഖേദകരമായ വസ്തുതയാണ്. പഠനത്തിന്, വിശേഷിച്ച് ഉന്നത പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നതിന് ചെലവേറിവരുന്ന സാഹചര്യത്തില്‍ ഈ അസന്തുലനവും വര്‍ധിച്ചേക്കാം. വിദ്യാഭ്യാസത്തില്‍ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തി അവിടെ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാലേ ഈ സ്ഥിതിവിശേഷത്തിന് മാറ്റമുണ്ടാകൂ. ഇത്തരം പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ജില്ലകളില്‍ മാതൃകാ ബിരുദകോളേജുകള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത് ഈ ലക്ഷ്യത്തോടെയാണ്. എന്നാല്‍ അത് പ്രയോജനപ്പെടുത്താന്‍ കേരളം തയ്യാറായിട്ടില്ല. രാജ്യത്തെ 374 ജില്ലകളില്‍ കേന്ദ്രസഹായത്തോടെ കോളേജുകള്‍ തുടങ്ങാനായിരുന്നു പരിപാടി. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ കുറവുള്ള ജില്ലകളാണ് ഇതിനായി തിരഞ്ഞെടുത്തത്. മലപ്പുറം, വയനാട്, പാലക്കാട്, കാസര്‍കോട് ജില്ലകളിലും ഈ പോരായ്മയുള്ളതായി 2001-ലെ സെന്‍സസില്‍ കണ്ടെത്തുകയുണ്ടായി. ആ നിലയ്ക്ക്, പദ്ധതി നടപ്പാക്കുന്നതില്‍ കേരളം താത്പര്യം കാണിക്കേണ്ടതായിരുന്നു.

ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരുടെ ദേശീയ ശരാശരി 12.4 ആണെങ്കില്‍ മലപ്പുറത്ത് അത് 8.4 ഉം പാലക്കാട്ട് 10.6 ഉം കാസര്‍കോട്ട് 10.5 ഉം വയനാട്ടില്‍ 12 ശതമാനവുമാണ്. മാതൃകാ ബിരുദ കോളേജുകള്‍ വന്നാല്‍ ഈ ജില്ലകളുടെ സ്ഥിതി മെച്ചപ്പെടും. എന്നാല്‍, ഇത്തരം കോളേജുകള്‍ക്കായി കേരളത്തില്‍ നിന്ന് ഒരു നിര്‍ദേശംപോലും പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ ജില്ലകളില്‍ പല മേഖലകളിലും ഉന്നതപഠനത്തിന് വേണ്ടത്ര സൗകര്യമില്ല. കോളേജ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. ന്യൂനപക്ഷ, പട്ടികവര്‍ഗവിഭാഗക്കാര്‍ കൂടുതലുള്ള പ്രദേശങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ സൗകര്യങ്ങള്‍ എത്ര വര്‍ധിച്ചാലും അധികമാവില്ല. മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഇക്കാര്യത്തില്‍ കേരളത്തിലെ സ്ഥിതി മെച്ചമാണ്. എന്നാല്‍, ഇവിടത്തെ ചില മേഖലകള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ദേശീയ ശരാശരിക്ക് താഴെയാണെന്നത് അധികൃതര്‍ ഗൗരവമായിത്തന്നെ കാണണം. വിദ്യാഭ്യാസത്തില്‍ സ്വകാര്യ മേഖലയുടെ പങ്ക് വര്‍ധിച്ചുവരികയാണ്. സ്വാശ്രയസ്ഥാപനങ്ങളുടെ കാര്യത്തില്‍ ഉദാരമായ സമീപനമാണ് സര്‍ക്കാറിനുള്ളത്. ഇത് പഠനത്തില്‍ പണത്തിനുള്ള പ്രാധാന്യം വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. സ്വാശ്രയ സ്ഥാപനങ്ങളുടെയും മറ്റും എണ്ണം വര്‍ധിച്ചത് വിദ്യാഭ്യാസ രംഗത്ത് ചില ദുഷ്പ്രവണതകള്‍ വളര്‍ന്നുവരാനും കാരണമായി.

ഇവയെല്ലാം നിയന്ത്രിക്കണമെങ്കില്‍ ഈ മേഖലയില്‍ മികച്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൂടുതലായി ഉണ്ടാകണം. ഇതിന് സര്‍ക്കാര്‍ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ല. സാമ്പത്തിക ഞെരുക്കമാണ് കാരണമായി പറയാറുള്ളത്. ആ നിലയ്ക്ക്, കേന്ദ്ര സഹായത്തോടെയുള്ള വിദ്യാഭ്യാസ പദ്ധതികള്‍ ലക്ഷ്യം നേടാന്‍കഴിയും വിധം നടപ്പാക്കണം. വിദ്യാഭ്യാസ പുരോഗതിക്ക് മാത്രമല്ല, ഈ രംഗത്ത് മൂല്യങ്ങള്‍ നിലനില്‍ക്കാനും ഇത്തരം സ്ഥാപനങ്ങള്‍ ആവശ്യമാണ്. കേന്ദ്ര പദ്ധതികളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തുന്നതില്‍ കേരളം വീഴ്ച വരുത്തുന്നു എന്ന പരാതി പലപ്പോഴും ഉണ്ടാകുന്നു. ആദിവാസി, ഗോത്രവര്‍ഗ വികസനത്തിന് മുന്‍വര്‍ഷങ്ങളില്‍ കേന്ദ്രം അനുവദിച്ച തുകയുടെ പത്തിലൊന്ന് മാത്രമാണ് കേരളം വിനിയോഗിച്ചതെന്ന് ഈയിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നാക്ക വിഭാഗവികസനത്തിന് അനുവദിച്ച കേന്ദ്ര ഫണ്ടിന്റെ അഞ്ചിലൊന്ന് മാത്രമേ ഉപയോഗിച്ചുള്ളൂവെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. വീഴ്ചകള്‍ പാഠമാകുന്നില്ലെന്നാണ് ഇതിനര്‍ഥം. ആസൂത്രണക്കമ്മീഷനും മുന്‍പ് കേരളത്തിന്റെ ഇത്തരം വീഴ്ചകളെ വിമര്‍ശിച്ചിരുന്നു. സഹായം, ഏത് മേഖലയിലേക്കുള്ളതായാലും വേണ്ടപോലെ പ്രയോജനപ്പെടുത്തിയാലേ കൂടുതല്‍ സഹായങ്ങള്‍ക്കായി കേരളത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താനാവൂ.



No comments:

Post a Comment