Sunday, January 20, 2013

മുഖപ്രസംഗം January 20 -2013

മുഖപ്രസംഗം January 20 -2013

1. നിരാശപ്പെടുത്തരുത്, ഇവര്‍ നമ്മുടെ അഭിമാനമാണ്‌ (മാതൃഭൂമി)

വോളിബോള്‍ പ്രതിഭകളുടെ വറ്റാത്ത കലവറയാണ് കേരളം. കഴിഞ്ഞ ചൊവ്വാഴ്ച ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നമ്മുടെ പുരുഷ ടീം നേരിട്ടുള്ള സെറ്റുകളില്‍ തമിഴ്‌നാടിനെതിരെ നേടിയ കിരീടവിജയവും വനിതകള്‍ പരിചയസമ്പന്നരായ മലയാളി താരങ്ങള്‍ നിറഞ്ഞ റെയില്‍വേയോട് തോറ്റ് രണ്ടാം സ്ഥാനം നേടിയതും ഈ പ്രതിഭാസമ്പത്തിന്റെ അളവുകോലായി വേണം കാണാന്‍  കേരളത്തിന്റെ അഭിമാനമുയര്‍ത്തുന്ന താരങ്ങളെ, അവരര്‍ഹിക്കുന്ന വിധത്തില്‍ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെയും വോളിബോള്‍ അസോസിയേഷന്റെയും കടമയാണ്; മര്യാദയാണ്. എന്നാല്‍, കിരീടം നേടിയും രണ്ടാം സ്ഥാനം നിലനിര്‍ത്തിയും നാട്ടിലെത്തിയ പുരുഷ, വനിതാ ടീമുകള്‍ക്ക് ഉചിതമായ സ്വീകരണമല്ല ലഭിച്ചത്. പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞതവണ കേരളം ചാമ്പ്യന്മാരായപ്പോള്‍ സമ്മാനത്തുക പ്രഖ്യാപിച്ച് അവരെ സന്തോഷിപ്പിച്ച കായിക മന്ത്രി ഇക്കുറി അവരെ മറന്നു. തുച്ഛമായ ദിനബത്തയാണ് താരങ്ങള്‍ക്ക് നല്കി വരുന്നത്. പ്രതികൂല സാഹചര്യത്തിലും തളരാതെ പോരാടിയ അവര്‍ക്ക് കിരീടവുമായി രണ്ടാം ക്ലാസ്സ് സ്ലീപ്പറില്‍ നാട്ടിലേക്ക് മടങ്ങാനായിരുന്നു വിധി. അധികൃതര്‍ മറന്നെങ്കിലും വോളിപ്രേമികളായ മലയാളികള്‍ അവരെ മറന്നില്ല. യാത്രയ്ക്കിടെയും നാട്ടിലെത്തിയപ്പോഴും ആരാധകര്‍ അവരെ വീരോചിതമായി വരവേറ്റു.

2. ഉടഞ്ഞ വിഗ്രഹം (മാധ്യമം) - വാര്‍ത്തകളിലെ വ്യക്തി -  ലാന്‍സ് ആംസ്ട്രോങ്

കാര്‍ന്നുതിന്ന അര്‍ബുദം വൃഷണവും അപഹരിച്ച് ജീവനും കൊണ്ടേ പോവൂ എന്ന് പ്രഖ്യാപിച്ച ദിനങ്ങള്‍. എന്നാല്‍ , തോല്‍ക്കാന്‍ മനസ്സില്ലാത്ത ആ ശരീരം വെല്ലുവിളികളെ അസാമാന്യമായ ഇച്ഛാശക്തിയിലൂടെ തോല്‍പിച്ച് വിജയം നേടിയപ്പോള്‍ ലോകം അവനെ ചാരത്തില്‍നിന്നുയര്‍ത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയോട് ഉപമിച്ചു. സാഹസികകഥ വെറുമൊരു കടങ്കഥയായി പുറ്റെടുക്കുന്നതിനെ ലാന്‍സ് ആംസ്ട്രോങ് എന്നു വിളിക്കാം. അര്‍ബുദത്തെ തോല്‍പിച്ച മെയ്യുമായി യൂറോപ്പിലെ ആല്‍പ്സ്, പിരണീ പര്‍വതനിരകളിലെ കാടും കിടങ്ങും താണ്ടി 3500ലേറെ കിലോമീറ്റര്‍ താണ്ടിയെടുത്ത ഏഴു കിരീടങ്ങള്‍. ആരോഗ്യവാനായവനു പോലും അപ്രാപ്യമെന്ന് തോന്നിപ്പിക്കുന്ന കഠിന പോരാട്ടത്തില്‍ അമേരിക്കക്കാരന്‍ ആംസ്ട്രോങ് ഏഴുവട്ടം ജേതാവായപ്പോള്‍ ലോകം മുന്‍പിന്‍ നോക്കാതെ വിശ്വസിച്ചു. 




നിരാശപ്പെടുത്തരുത്, ഇവര്‍ നമ്മുടെ അഭിമാനമാണ്‌ (മാതൃഭൂമി)

Newspaper Edition
വോളിബോള്‍ പ്രതിഭകളുടെ വറ്റാത്ത കലവറയാണ് കേരളം. കഴിഞ്ഞ ചൊവ്വാഴ്ച ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നമ്മുടെ പുരുഷ ടീം നേരിട്ടുള്ള സെറ്റുകളില്‍ തമിഴ്‌നാടിനെതിരെ നേടിയ കിരീടവിജയവും വനിതകള്‍ പരിചയസമ്പന്നരായ മലയാളി താരങ്ങള്‍ നിറഞ്ഞ റെയില്‍വേയോട് തോറ്റ് രണ്ടാം സ്ഥാനം നേടിയതും ഈ പ്രതിഭാസമ്പത്തിന്റെ അളവുകോലായി വേണം കാണാന്‍ . കേരളത്തിന്റെ അഭിമാനമുയര്‍ത്തുന്ന താരങ്ങളെ, അവരര്‍ഹിക്കുന്ന വിധത്തില്‍ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെയും വോളിബോള്‍ അസോസിയേഷന്റെയും കടമയാണ്; മര്യാദയാണ്. എന്നാല്‍, കിരീടം നേടിയും രണ്ടാം സ്ഥാനം നിലനിര്‍ത്തിയും നാട്ടിലെത്തിയ പുരുഷ, വനിതാ ടീമുകള്‍ക്ക് ഉചിതമായ സ്വീകരണമല്ല ലഭിച്ചത്. പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞതവണ കേരളം ചാമ്പ്യന്മാരായപ്പോള്‍ സമ്മാനത്തുക പ്രഖ്യാപിച്ച് അവരെ സന്തോഷിപ്പിച്ച കായിക മന്ത്രി ഇക്കുറി അവരെ മറന്നു. തുച്ഛമായ ദിനബത്തയാണ് താരങ്ങള്‍ക്ക് നല്കി വരുന്നത്. പ്രതികൂല സാഹചര്യത്തിലും തളരാതെ പോരാടിയ അവര്‍ക്ക് കിരീടവുമായി രണ്ടാം ക്ലാസ്സ് സ്ലീപ്പറില്‍ നാട്ടിലേക്ക് മടങ്ങാനായിരുന്നു വിധി. അധികൃതര്‍ മറന്നെങ്കിലും വോളിപ്രേമികളായ മലയാളികള്‍ അവരെ മറന്നില്ല. യാത്രയ്ക്കിടെയും നാട്ടിലെത്തിയപ്പോഴും ആരാധകര്‍ അവരെ വീരോചിതമായി വരവേറ്റു. ഒന്നര ദശാബ്ദമായി അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന വേദികളില്‍ പ്രകാശം പരത്തിനില്ക്കുന്ന ടോം ജോസഫാണ് ജയ്പുരിലും കേരളത്തിന്റെ അഭിമാന സ്തംഭം. രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ പലവിജയങ്ങളിലും ഈ മലയാളിയുടെ കൈയൊപ്പുണ്ട്. കളിക്കുവേണ്ടി ഇത്രയേറെ സംഭാവനകള്‍ നല്കിയ താരത്തെ ഫ്രഅര്‍ജുനയ്ത്തയെങ്കിലും നല്കി രാഷ്ട്രം ആദരിക്കാത്തത് വേദനാജനകമാണ്.

ജയ്പുരിലേത് പുരുഷ ടീമിന്റെ നാലാംകിരീടവിജയമാണ്. ഈ നാല് വിജയങ്ങളും കഴിഞ്ഞ 15 വര്‍ഷത്തിനിടെയാണെന്നോര്‍ക്കുക. 1970-കളും '80-കളുമാണ് കേരള വോളിയുടെ സുവര്‍ണകാലമായി വിശേഷിപ്പിക്കാറ്. ജിമ്മി ജോര്‍ജും ഉദയകുമാറും സിറില്‍ വെള്ളൂരും അബ്ദുള്‍ റസാഖും ജ്യോതിഷും ഗോപിനാഥും ജോണ്‍സണ്‍ ജേക്കബും ഡാനിക്കുട്ടി ഡേവിഡും ഗോപീകൃഷ്ണനും എന്‍.സി. ചാക്കോയുമൊക്കെ കളം നിറഞ്ഞുനിന്ന കാലത്ത് കേരളത്തിന് കിരീടം ഉയര്‍ത്താനുള്ള ഭാഗ്യമുണ്ടായില്ല. 1997-ല്‍ വിശാഖപട്ടണത്ത് പഞ്ചാബിനെ തോല്പിച്ചായിരുന്നു ആദ്യ കിരീടം. മൂന്ന്‌വര്‍ഷത്തിനുശേഷം കോഴിക്കോട്ട് അതാവര്‍ത്തിച്ച കേരളം പത്ത്‌വര്‍ഷത്തെ ഇടവേളയ്ക്കുശേഷം റായ്പുരില്‍ വീണ്ടും കിരീടത്തിലേക്ക് തിരിച്ചുവന്നു. കേരള പോലീസ് താരം മനുവിന്റെ നേതൃത്വത്തിലിറങ്ങിയ കേരള സംഘം ജയ്പുരില്‍ ആ നേട്ടം നിലനിര്‍ത്തുകയായിരുന്നു. ദേശീയ വോളിബോളില്‍ അനിഷേധ്യ ശക്തിയാണ് കേരളം. ചാമ്പ്യന്മാരാകാത്ത വര്‍ഷങ്ങളില്‍ ആദ്യ നാല് സ്ഥാനങ്ങളിലൊന്ന് നമ്മുടെ കുത്തകയാണ്. പത്തുവട്ടം കിരീടം നേടിയ വനിതകള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നത് മലയാളി താരങ്ങളാണെന്നതാണ് യാഥാര്‍ഥ്യം. വനിതാ കിരീടം കുത്തകയാക്കിയിരിക്കുന്ന റെയില്‍വേസിന്റെ മുന്നണിപ്പോരാളികള്‍ മലയാളികളാണ്. 2007-ല്‍ ജയ്പുരില്‍ റെയില്‍വേസിനെ തോല്പിച്ചായിരുന്നു വനിതകളുടെ അവസാന കിരീടനേട്ടം. പിന്നിട് അഞ്ച് വര്‍ഷവും റെയില്‍വേ കിരീടം മറ്റാര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. അവസാന നാല് ഫൈനലുകളിലും അവര്‍ തോല്പിച്ചത് കേരളത്തെ. മികച്ച ജോലി കിട്ടുന്നതിനാല്‍, തെളിഞ്ഞുവരുന്ന താരങ്ങള്‍ സംസ്ഥാനം വിട്ടുപോകുന്നതാണ് വനിതാവിഭാഗത്തിലെ കിരീടവറുതിക്ക് കാരണം. നല്ല ജോലി നാട്ടില്‍ നല്കാന്‍ കഴിഞ്ഞാല്‍ വനിതാതാരങ്ങളും കിരീടവഴിയില്‍ തിരിച്ചെത്തും.

കൂടുതല്‍ മത്സരം കളിക്കാന്‍ കഴിയുന്നുവെന്നതാണ് കേരള ടീമുകളുടെ കുതിപ്പിന് അടിസ്ഥാനം. മുന്നൂറിലേറെ ടൂര്‍ണമെന്റുകള്‍ ഒരു സീസണില്‍ കേരളത്തില്‍ നടക്കുന്നുണ്ട്. ഇതില്‍ എട്ടെണ്ണം അഖിലേന്ത്യാ തലത്തിലുള്ളതാണ്. മുപ്പതോളം അഖിലകേരള ടൂര്‍ണമെന്റുകളും. ബാക്കിയുള്ളത് പ്രാദേശിക മത്സരങ്ങളും. ഏറ്റവുമധികം ടൂര്‍ണമെന്റുകള്‍ കോഴിക്കോട്ടാണ്- '88. മികച്ച ക്ലബ്ബുകളും നിലവാരമുള്ള ടൂര്‍ണമെന്റുകളുമുള്ളതിനാല്‍ കളിക്കാര്‍ക്ക് ഏറേ അവസരങ്ങള്‍ കിട്ടുന്നു. ബി.പി.സി.എല്‍., കേരള പോലീസ്, കൊച്ചിന്‍ റിഫൈനറി, ഇന്ത്യന്‍ നേവി, പോര്‍ട്ട് ട്രസ്റ്റ്, കെ.എസ്.ഇ.ബി. തുടങ്ങിയ ടീമുകള്‍ക്ക് സീസണ്‍ മുഴുവന്‍ മത്സരങ്ങളുണ്ട്. ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് കളിക്കുന്ന താരം 75 മുതല്‍ 100 വരെ മത്സരങ്ങള്‍ക്കിറങ്ങാറുണ്ട്. നിരന്തരം കളിച്ചുകൊണ്ടിരിക്കുന്നതിനാല്‍ എത്ര വലിയ മത്സരങ്ങള്‍ക്കിറങ്ങാനും പാകപ്പെട്ട നിലയിലായിരിക്കും കളിക്കാര്‍. മറ്റ് സംസ്ഥാനങ്ങളിലെ കളിക്കാരേക്കാള്‍ പലമടങ്ങ് മത്സരങ്ങള്‍ കളിക്കാന്‍ കേരള താരങ്ങള്‍ക്കാവുന്നുണ്ട്. മൂന്നുവര്‍ഷം മുമ്പുവരെ കളിക്കാര്‍ക്ക് പ്രാദേശിക ടൂര്‍ണമെന്റുകള്‍ കളിക്കുന്നതിന് വിലക്കുണ്ടായിരുന്നു. പ്ലേയേഴ്‌സ് അസോസിയേഷന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് വിലക്ക് നീക്കിയത് വഴിത്തിരിവായി. ഡിപ്പാര്‍ട്ടുമെന്റല്‍ ടീമുകളിലെ പ്രമുഖ കളിക്കാര്‍ വിവിധ ക്ലബ്ബുകള്‍ക്ക് ഒരുമിച്ചു കളിക്കാന്‍ തുടങ്ങിയത് ഫലത്തില്‍ കോമ്പിനേഷനുകളുടെ പരീക്ഷണമായി. ഇത് സംസ്ഥാന ടീമിന്റെ ഘടനയെ നിശ്ചയിക്കുന്നതില്‍ സ്വാധീനം ചെലുത്തുകയും ഗുണപരമായ ഫലങ്ങളുണ്ടാവാന്‍ വഴിവെക്കുകയും ചെയ്തു. ഈ അനുകൂല സാഹചര്യം നിലനിര്‍ത്തണം. കൂടാതെ കളിക്കാര്‍ക്ക് മാന്യമായ പരിഗണന നല്കാനും ജേതാക്കളായെത്തുന്നവര്‍ക്ക് ആകര്‍ഷകമായ പാരിതോഷികങ്ങള്‍ നല്കാനും അധികാരികള്‍ക്ക് കഴിയണം.

ഉടഞ്ഞ വിഗ്രഹം (മാധ്യമം)

ഉടഞ്ഞ വിഗ്രഹം
കാര്‍ന്നുതിന്ന അര്‍ബുദം വൃഷണവും അപഹരിച്ച് ജീവനും കൊണ്ടേ പോവൂ എന്ന് പ്രഖ്യാപിച്ച ദിനങ്ങള്‍. എന്നാല്‍ , തോല്‍ക്കാന്‍ മനസ്സില്ലാത്ത ആ ശരീരം വെല്ലുവിളികളെ അസാമാന്യമായ ഇച്ഛാശക്തിയിലൂടെ തോല്‍പിച്ച് വിജയം നേടിയപ്പോള്‍ ലോകം അവനെ ചാരത്തില്‍നിന്നുയര്‍ത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയോട് ഉപമിച്ചു. മരണക്കിടക്കയില്‍നിന്ന് വീണ്ടെടുത്ത ആരോഗ്യവുമായി ഏറെ കായികാധ്വാനം ആവശ്യമായ സൈക്ളിങ്ങില്‍ ലോകം വെട്ടിപ്പിടിച്ചപ്പോള്‍ അവനെതിരെ ഉയര്‍ന്ന ആരോപണങ്ങളെയും സംശയങ്ങളെയും ലോകവും ആരാധകരും അസൂയക്കാരുടെ കുശുമ്പുകളുടെ മാത്രം വിലകൊടുത്ത് ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ , കാലം പിന്നെയും ഉരുണ്ടു. അസൂയക്കാരുടെ കുശുമ്പത്തരങ്ങള്‍ സത്യമായി അവതരിച്ചിരിക്കുന്നു. വിശ്വസിച്ചവരെയെല്ലാം സമര്‍ഥമായി കബളിപ്പിച്ചവനെ ചരിത്രം ചവറ്റുകൊട്ടയിലേക്കെറിഞ്ഞു. പരവതാനി വിരിച്ച് സ്വീകരിച്ചവര്‍ ലോകംകണ്ട ഏറ്റവും വലിയ വഞ്ചകനെന്ന സ്ഥാനപ്പേര് നല്‍കിക്കഴിഞ്ഞു. ആരാധകര്‍ക്കെല്ലാം വെറുക്കപ്പെട്ടവനായി.
സാഹസികകഥ വെറുമൊരു കടങ്കഥയായി പുറ്റെടുക്കുന്നതിനെ ലാന്‍സ് ആംസ്ട്രോങ് എന്നു വിളിക്കാം. അര്‍ബുദത്തെ തോല്‍പിച്ച മെയ്യുമായി യൂറോപ്പിലെ ആല്‍പ്സ്, പിരണീ പര്‍വതനിരകളിലെ കാടും കിടങ്ങും താണ്ടി 3500ലേറെ കിലോമീറ്റര്‍ താണ്ടിയെടുത്ത ഏഴു കിരീടങ്ങള്‍. ആരോഗ്യവാനായവനു പോലും അപ്രാപ്യമെന്ന് തോന്നിപ്പിക്കുന്ന കഠിന പോരാട്ടത്തില്‍ അമേരിക്കക്കാരന്‍ ആംസ്ട്രോങ് ഏഴുവട്ടം ജേതാവായപ്പോള്‍ ലോകം മുന്‍പിന്‍ നോക്കാതെ വിശ്വസിച്ചു. തന്നെപ്പോലെ വേദന തിന്നുന്നവരെ സഹായിക്കാനായി ലോകചാമ്പ്യന്‍ രംഗത്തിറങ്ങിയപ്പോള്‍ അവിടെയും ആരാധകര്‍ ഒപ്പം നിന്നു. ലാന്‍സ് ആംസ്ട്രോങ് എന്ന പ്രതീകം സൈക്ളിങ് ട്രാക്കിലും ജീവകാരുണ്യ ട്രാക്കിലും മനുഷ്യസ്നേഹികളുടെ കരുത്തായി. അര്‍ബുദ രോഗികള്‍ക്ക് കൈത്താങ്ങായി ടെക്സസ് ആസ്ഥാനമായി 1997ല്‍ രൂപവത്കരിച്ച ‘ലൈവ് സ്ട്രോങ്’ എന്ന സന്നദ്ധ സംഘത്തിന് പണവും അധ്വാനവുമായി കരുത്ത് പാകിയതും ആംസ്ട്രോങ്ങിനെ സ്നേഹിച്ച ആരാധകരായിരുന്നു.
എന്നാല്‍, ഒപ്റ വിന്‍ഫ്രോയുടെ ടെലിവിഷന്‍ ചാറ്റ് ഷോയില്‍ കുമ്പസരിച്ച് എല്ലാം ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ചപ്പോള്‍ പരിശുദ്ധമെന്ന് കരുതിയ ഒരു പാഠപുസ്തകം ചിതലരിച്ചതിനൊപ്പം തകര്‍ന്നടിഞ്ഞത് ലോകം മാറോട് ചേര്‍ത്ത കായിക സ്പിരിറ്റ് കൂടി. നിരന്തരമായ ഉത്തേജക ഉപയോഗത്തിന്‍െറ പിന്‍ബലത്തിലായിരുന്നു താന്‍ കെട്ടിപ്പടുത്ത നേട്ടങ്ങളോരോന്നുമെന്ന് ഏറ്റുപറഞ്ഞപ്പോള്‍ വിശ്വസിച്ചവരെല്ലാം വിഡ്ഢികളായി. സ്പോര്‍ട്സിനെ അളവറ്റ് പ്രണയിക്കുന്ന അമേരിക്കയിലെ ഡള്ളസിലെ ഒരു സാധാരണ കുടുംബത്തില്‍ 1971 സെപ്റ്റംബര്‍ 18നായിരുന്നു ലാന്‍സിന്‍െറ ജനനം. നീന്തല്‍ പഠിച്ച് നാട്ടിലെ വലിയ നീന്തലുകാരനായി പേരെടുക്കുന്നതിനിടെയാണ് ഒന്നിലേറെ ഇനങ്ങള്‍ അടങ്ങുന്ന ട്രയാത്ലണിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. അണ്ടര്‍ 19 വിഭാഗത്തില്‍ രാജ്യത്തെ ഒന്നാം നമ്പര്‍ ട്രയാത്ലണ്‍ താരവുമായി. 1992ല്‍ മോട്ടൊറോള സൈക്ളിങ് ടീമിലെത്തിയതോടെയാണ് പ്രഫഷനല്‍ കായികതാരമായുള്ള വളര്‍ച്ചയുടെ തുടക്കം. ടൂര്‍ ഡു പോന്‍റ്, ലാ ഫ്ളെഷ് വാലന്‍ കിരീട നേട്ടങ്ങളും 1996ലെ അറ്റ്ലാന്‍റ ഒളിമ്പിക്സിലെ പങ്കാളിത്തവുമെല്ലാമായി അമേരിക്കയുടെ പുത്തന്‍ താരോദയമായി വളരുന്നതിനിടെയാണ് അര്‍ബുദത്തിന്‍െറ പിടിയിലമരുന്നത്. കായിക ലോകം ഞെട്ടിയ വാര്‍ത്തക്കൊപ്പം ആരാധകമനസ്സില്‍ 25കാരനായ ആംസ്ട്രോങ് നൊമ്പരവുമായി. അത്യന്തം അപകടകാരിയായ എംബ്രിയോണല്‍ കാര്‍ഡിനോമ എന്ന അര്‍ബുദം വൃഷണത്തെ കടന്നാക്രമിച്ചിരിക്കുന്നു. മൂന്നാം ഘട്ടത്തിലെത്തിയ രോഗം ശ്വാസകോശവും തലച്ചോറും വരെ ബാധിച്ചുവെന്ന് കണ്ടെത്തിയതോടെ ആംസ്ട്രോങ്ങിന്‍െറ ലോകം അവസാനിച്ചതായി വൈദ്യശാസ്ത്ര ലോകവും വിധിയെഴുതി കഴിഞ്ഞിരുന്നു. 40 ശതമാനം മാത്രമാണ് ഡോക്ടര്‍മാര്‍ സാധ്യത കല്‍പിച്ചത്. നിരന്തര കീമോ തെറപ്പിയും ശസ്ത്രക്രിയയും കഴിഞ്ഞ് വര്‍ഷം നീണ്ട പോരാട്ടത്തില്‍ അര്‍ബുദത്തെ കീഴടക്കി വിജയം വരിക്കുമ്പോഴേക്കും വൃഷണവും നീക്കം ചെയ്യപ്പെട്ടിരുന്നു. മത്സരരംഗത്തിറങ്ങാമെന്ന് ഡോക്ടര്‍മാര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുമായി മത്സര ട്രാക്കിലേക്ക് തിരിച്ചെത്തിയ ലാന്‍സിനെ കാത്തിരുന്നത് കരാര്‍ ഉപേക്ഷിക്കാനുള്ള സ്പോണ്‍സര്‍മാരുടെ തീരുമാനം. എന്നാല്‍, അധികം കാത്തിരിക്കാതെ യു.എസ് പോസ്റ്റല്‍ ടീമിന്‍െറ സ്പോണ്‍സര്‍ഷിപ് തേടിയെത്തി. പിന്നെ വലിയൊരു അദ്ഭുതക്കാഴ്ചക്കായിരുന്നു ലോകം സാക്ഷ്യംവഹിച്ചത്.  ഒളിമ്പിക്സിനും ലോകകപ്പ് ഫുട്ബാളിനും ശേഷം ലോകമെങ്ങും ഏറെ ആരാധകരുള്ള ടൂര്‍ ഡി ഫ്രാന്‍സില്‍ തുടരത്തുടരെ ഏഴ് തവണ ചാമ്പ്യന്‍ പട്ടം.  സൈക്ളിങ് പോരാട്ടത്തില്‍ തുല്യതയില്ലാത്ത വിധം കിരീടങ്ങള്‍ വാരിക്കൂട്ടിയ ആംസ്ട്രോങ് ലോകമെങ്ങുമുള്ളവരുടെ അതിമാനുഷന്‍ കൂടിയായി. 1999ലെ ടൂര്‍ ഡി ഫ്രാന്‍സ് കിരീടം കായിക ചരിത്രം കണ്ട എക്കാലത്തെയും ഗംഭീരമായ തിരിച്ചുവരവായി വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍, അപകടം മണത്ത ഫ്രാന്‍സിലെ സ്പോര്‍ട്സ് പ്രസിദ്ധീകരണം ‘ല എക്വീപ്’ രേഖകള്‍ സഹിതമാണ് ആംസ്ട്രോങ്ങിന്‍െറ ഉത്തേജക  ഉപയോഗം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തുന്നത്. ഡോപ്പിങ് പരിശോധനയില്‍ ഇതുവരെ വേര്‍തിരിച്ചെടുക്കാനാവാത്ത വിധമുള്ള ഒരു വസ്തു ആംസ്ട്രോങ്ങിന്‍െറ രക്ത സാമ്പിളില്‍ കണ്ടെത്തിയിരിക്കുന്നുവെന്നായിരുന്നു വാര്‍ത്ത. ഒപ്പം വലിയ അളവില്‍ കോര്‍ട്ടിസോണും.
 ഉത്തേജക ഉപയോഗത്തിന് താന്‍ എതിരാണെന്നും മരണത്തിന്‍െറ മുനമ്പില്‍നിന്ന് തിരിച്ചെത്തിയയാള്‍ക്ക് ജീവിതവഴിയില്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടി ഹോര്‍മോണ്‍ കുത്തിവെക്കേണ്ടി വരുന്നത് പാപമല്ലെന്നും ചൂണ്ടിക്കാട്ടി ആംസ്ട്രോങ് രംഗത്തെത്തിയതോടെ മാസികയുടെ അവകാശവാദത്തിന് പ്രസക്തിയുണ്ടായില്ല. ആരാധകരും അമേരിക്കന്‍ ആന്‍റി ഡോപിങ്ങ് ഏജന്‍സിയും ആംസ്ട്രോങ്ങിന് പിന്നില്‍ ഉറച്ചുനിന്നതോടെ ആരോപകരും പിന്‍വാങ്ങി. 1999 മുതല്‍ 2005 വരെ ആംസ്ട്രോങ്ങിന്‍െറ ചാമ്പ്യന്‍ കുതിപ്പ് ആവര്‍ത്തിച്ചപ്പോള്‍ ആരും ചോദ്യം ചെയ്തില്ല. എന്നാല്‍, ഇതിനിടയിലെല്ലാം തന്‍െറ രോഗാവസ്ഥയുടെ ആനുകൂല്യം മുതലെടുത്ത് ആംസ്ട്രോങ് സര്‍വവിധ പരീക്ഷണങ്ങളും ഉത്തേജന ഉപയോഗത്തില്‍ നടത്തുകയായിരുന്നു. വലിയ അളവില്‍ അനബോളിക് സ്റ്റിറോയ്ഡുകള്‍ മുതല്‍ സ്വന്തം രക്തം ഊറ്റിയെടുത്ത് ശീതീകരിച്ച് ഉപയോഗിക്കുന്നതില്‍ വരെ ആംസ്ട്രോങ്ങും സംഘവും ഉത്തേജനം കണ്ടെത്തി. ഇതിനിടയില്‍ പലകോണില്‍നിന്നും ഇതുസംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നു. 2001ല്‍ ടൂര്‍ ഡി ഫ്രാന്‍സില്‍ സഹായി ആയിരുന്ന ലെവി ലാംപനീയറും മൂന്നു വര്‍ഷത്തിനുശേഷം മുന്‍ ടൂര്‍ ഡി ഫ്രാന്‍സ് ജേതാവ് ഗ്രെഗ് ലെമോയും ആരോപണം ഉന്നയിച്ചപ്പോള്‍ അമേരിക്കന്‍ ആന്‍റി ഡോപിങ് ഏജന്‍സി (ഉസാഡ) അവരെ കൊഞ്ഞനം കുത്തി. പിന്നീടാണ് ജോര്‍ജ് ഹിന്‍കോപും  ഡേവിഡ് സബോര്‍സ്കിയും അടക്കമുള്ള വിശ്വസ്തര്‍ ആംസ്ട്രോങ്ങിനെതിരെ തിരിഞ്ഞ് പരാതി നല്‍കിയത്. അതുവരെ ലാന്‍സിനെ കണ്ണടച്ച് വിശ്വസിച്ച ‘ഉസാഡ’ അന്വേഷണത്തിന് ഉത്തരവിട്ടതോടെ തേടിയെത്തിയത് കായികലോകത്തെ നാണിപ്പിക്കുന്ന കണ്ടെത്തലുകള്‍. ചികിത്സയുടെ മറവില്‍ വലിയൊരളവില്‍ ഉത്തേജക മരുന്ന് കുത്തിവെച്ചായിരുന്നു ആംസ്ട്രോങ്ങിന്‍െറ അദ്ഭുത പ്രകടനങ്ങളെന്ന് തിരിച്ചറിഞ്ഞതോടെ ഏഴ് ടൂര്‍ ഡി ഫ്രാന്‍സ് കിരീടങ്ങളും ലക്ഷക്കണക്കിന് ഡോളര്‍ സമ്മാനത്തുകയും, 2000 സിഡ്നി ഒളിമ്പിക്സിലെ വെങ്കല മെഡലുമടക്കം നേട്ടങ്ങളെല്ലാം ഈ 41കാരനില്‍നിന്ന് തിരിച്ചെടുക്കപ്പെട്ടു. ഉടഞ്ഞ വിഗ്രഹമായി ലോകത്തിനു മുമ്പാകെ പരിഹാസ്യനായി നില്‍ക്കേയാണ് ടെലിവിഷനു മുന്നിലെ കുറ്റസമ്മതം. ഒരുപാട് കുറവുകളുള്ള വ്യക്തിത്വമാണ് തന്‍േറതെന്ന് ഏറ്റുപറഞ്ഞ ലാന്‍സിന് മാപ്പുകൊടുക്കാന്‍ അദ്ദേഹത്തിന്‍െറ ആരാധകരടങ്ങിയ ലോകം ഇന്ന് തയാറല്ല. ഒരു തുള്ളിപോലും കണ്ണുനീര്‍ പൊഴിക്കാതെ കുറ്റമേറ്റുപറഞ്ഞ ‘വീരപുരുഷനി’ല്‍ ഇന്ന് ആരാധകരും അധികൃതരും ലോകത്തെ വഞ്ചിച്ച ചതിയനെന്ന മുദ്ര നല്‍കിയിരിക്കുന്നു.

No comments:

Post a Comment