1. യുദ്ധഭ്രാന്ത് പരത്തുന്നവര്‍ വിസ്മരിക്കുന്നത് (മാധ്യമം)
തുറന്ന യുദ്ധത്തിലൂടെ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെന്ന് കരുതുന്നതിനേക്കാള്‍ വലിയ പോഴത്തമുണ്ടോ? നിയന്ത്രണ രേഖയിലെ പിരിമുറുക്കം നയതന്ത്രബന്ധങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നായാലും അത് വിവേകപൂര്‍വമാവില്ല. മറുഭാഗത്തുനിന്നുണ്ടാവുന്ന പ്രകോപനങ്ങളെ കൈയും കെട്ടി നോക്കിനില്‍ക്കണമെന്ന് ആരും വാദിക്കുമെന്ന് തോന്നുന്നില്ല. നിയന്ത്രണരേഖയില്‍ ഇടക്കിടെ ഉണ്ടാവുന്ന ചെറിയ ചെറിയ ഏറ്റുമുട്ടലുകളെ സംഘര്‍ഷമായി വളര്‍ത്താതിരിക്കാനുള്ള വിവേകം ഉണ്ടാവണമെന്നേ സമാധാനകാംക്ഷികള്‍ ഓര്‍മപ്പെടുത്തുന്നുള്ളൂ. കുറേ ജവാന്മാരെ യുദ്ധമുഖത്ത് ബലിയര്‍പ്പിച്ചതുകൊണ്ട് ആരും ജയിക്കാന്‍ പോകുന്നില്ല. ശത്രുത വളരാനേ അത് സഹായിക്കൂ. ഈ സത്യം മുന്നില്‍ കണ്ടാവണം രാഷ്ട്രീയഭരണസൈനിക നേതൃത്വം പെരുമാറേണ്ടത്. യുദ്ധവാതില്‍ തുറക്കുന്നതോടെ ജയിക്കുന്നത് ആയുധ നിര്‍മാതാക്കളും, ഇന്ത്യ ദുര്‍ബലപ്പെട്ടു കാണാനാഗ്രഹിക്കുന്ന ശത്രുക്കളും മാത്രമായിരിക്കും. അയല്‍ രാജ്യങ്ങള്‍ തമ്മില്‍ കുടിപ്പക നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ദേശസ്നേഹികളോ മനുഷ്യസ്നേഹികളോ അല്ലെന്ന് ഓര്‍മപ്പെടുത്തട്ടെ.
2. കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കാന്‍ (മാത്രുഭൂമി)
രോഗാണുമുക്തമായ കുടിവെള്ളം എല്ലാവര്‍ക്കും എത്തിച്ചുകൊടുക്കല്‍ ഭരണാധികാരികളുടെ ചുമതലയാണ്. ദൗര്‍ഭാഗ്യവശാല്‍ , ഇക്കാര്യത്തില്‍ കേരളത്തിലെ സ്ഥിതി പൊതുവേ തൃപ്തികരമല്ല. ജലസമൃദ്ധമെന്ന ഖ്യാതിയുണ്ടായിരുന്ന സംസ്ഥാനത്തിന് ഇന്ന് കുടിവെള്ളത്തിനു പോലും ക്ലേശിക്കേണ്ടിവരുന്നു. പ്രധാന ജലസ്രോതസ്സുകളിലെല്ലാം മാലിന്യം വര്‍ധിക്കുകയാണ്. ആപത്കരമായ ഈ സാഹചര്യം നേരിടാന്‍ വൈകിയാണെങ്കിലും ചില നടപടികള്‍ക്ക് അധികൃതര്‍ തുടക്കം കുറിച്ചത് സ്വാഗതാര്‍ഹമാണ്. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ലോറികള്‍ക്കും വെള്ളം എടുക്കുന്ന സ്രോതസ്സുകള്‍ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കാനാണ് അധികൃതരുടെ തീരുമാനം. പൊതു ജലവിതരണ സംവിധാനം അപര്യാപ്തമായ സ്ഥലങ്ങളില്‍ വീടുകളും ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളും സ്വകാര്യ ടാങ്കറുകള്‍ വഴി എത്തുന്ന കുടിവെള്ളമാണ് ഉപയോഗിക്കുന്നത്. ശുചിത്വ നിബന്ധനകള്‍ പാലിക്കാതെയാണ് പലേടത്തും ടാങ്കറുകള്‍ വഴി വെള്ളം എത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സെപ്റ്റിക് ടാങ്ക് മാലിന്യം നീക്കുന്ന ടാങ്കറുകള്‍ വരെ കുടിവെള്ളം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തുകയുണ്ടായി. ഈ സാഹചര്യത്തില്‍ , പുതിയ നിബന്ധനകള്‍ എല്ലാ നിലയ്ക്കും അനിവാര്യമാണ്. പരിശോധനയ്ക്ക് മതിയായ സംവിധാനങ്ങളും ബന്ധപ്പെട്ട അധികൃതര്‍ക്ക് നിശ്ചയദാര്‍ഢ്യവും ഉണ്ടായാലേ അവ ഫലപ്രദമായി നടപ്പാക്കാനാവൂ. ജലഅതോറിട്ടിയും ഇത്തരം കാര്യങ്ങളില്‍ വീഴ്ചവരുത്തരുത്.
3. നട്ടംതിരിയുന്ന പാക്കിസ്ഥാന്‍ (മനോരമ)
അകത്തുനിന്നും പുറത്തുനിന്നുമുള്ള ഗുരുതരമായ പല പ്രശ്നങ്ങളെയും ഒന്നിച്ചു നേരിടേണ്ടിവരുന്ന ദുരവസ്ഥയിലാണു പാക്കിസ്ഥാന്‍ ഇപ്പോള്‍ . ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ അതിര്‍ത്തിയിലെ ഹീനമായ സൈനികാക്രമണത്തിലൂടെ പാക്കിസ്ഥാന്‍ തന്നെ അട്ടിമറിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ അടിക്കടി മൂര്‍ച്ഛിച്ചുകൊണ്ടിരിക്കേ പാക്ക് ആഭ്യന്തര രാഷ്ട്രീയവും പെട്ടെന്നു വീണ്ടും ഇളകിമറിയാന്‍ തുടങ്ങിയിരിക്കുകയാണ്. ഗവണ്‍മെന്റ് ഉടന്‍ രാജിവയ്ക്കുകയും പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്യണമെന്ന ആവശ്യവുമായി ആയിരക്കണക്കിനാളുകള്‍ ഇസ്ലാമാബാദില്‍ ഭരണസിരാകേന്ദ്രത്തിനു തൊട്ടുമുന്നില്‍ കുത്തിയിരിപ്പു സമരം നടത്തുന്നു. അതിനിടയില്‍ , പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫിനെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെ ഗവണ്‍മെന്റിന്റെ ഭാവി കുറെക്കൂടി സംശയത്തിലാവുകയും ചെയ്തു. ഇത്തവണ ലോങ് മാര്‍ച്ച് നടത്തുകയും ഇസ്ലാമാബാദിലെ കുത്തിയിരിപ്പിനു നേതൃത്വം നല്‍കുകയും ചെയ്യുന്നത് ഒരു രാഷ്ട്രീയ നേതാവേയല്ല; നാട്ടില്‍ ഇതുവരെ അധികമൊന്നും അറിയപ്പെടാതിരുന്ന മതപണ്ഡിതനാണ്. ഇത്രയുംകാലം കാനഡയില്‍ കഴിയുകയായിരുന്ന മുഹമ്മദ് താഹിറുല്‍ ഖാദ്രിയെന്ന ഈ അറുപത്തിരണ്ടുകാരന്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടു തന്നെ അധികനാളായിട്ടുമില്ല. എന്നിട്ടും മുന്‍നിര രാഷ്ട്രീയകക്ഷികളെപ്പോലും അസൂയപ്പെടുത്തുന്ന വിധത്തില്‍ ഇത്രയേറെ ആളുകളെ ഒന്നിച്ചുകൂട്ടാന്‍ അദ്ദേഹത്തിനു കഴിഞ്ഞതെങ്ങനെയെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.
യുദ്ധഭ്രാന്ത് പരത്തുന്നവര്‍ വിസ്മരിക്കുന്നത്
ഇന്ത്യപാക് അതിര്‍ത്തിയില്‍ ഈ മാസം ആറുമുതല്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയും പിരിമുറുക്കവും ഒരു തുറന്ന യുദ്ധത്തിലേക്ക് വഴിമാറണമെന്ന് ആഗ്രഹിക്കുന്ന വികാരജീവികള്‍ ഇരുപക്ഷത്തും സജീവമായിട്ടുണ്ട് എന്നാണ് പുതിയ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ജനുവരി എട്ടിന് ജമ്മുവിലെ പൂഞ്ച് മേഖലയില്‍ രണ്ടു ഇന്ത്യന്‍ ഭടന്മാരെ പാക് സൈനികള്‍ നിഷ്ഠുരമായി കൊന്ന സംഭവത്തോട് ഇതുവരെ തികഞ്ഞ സംയമനത്തോടെ പ്രതികരിച്ച മന്‍മോഹന്‍സിങ് ഭരണകൂടവും സൈനിക നേതൃത്വവും പെട്ടെന്ന് നിലപാട് കര്‍ക്കശമാക്കിയതും അതിനനുസൃതമായി പ്രസ്താവനകള്‍ നടത്തിയതും അതിന്‍െറ സൂചനയായി വേണം വിലയിരുത്താന്‍. ഇന്നത്തെ അവസ്ഥയില്‍ അയല്‍ രാജ്യവുമായുള്ള ബന്ധം സാധാരണ നിലയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധ്യമല്ലെന്നാണ് പ്രധാനമന്ത്രി തുറന്നടിച്ചത്. ക്രൂരതക്കിരയായ ലാന്‍സ് നായിക് ഹേംരാജ് സിങ്ങിന്‍െറ ഛേദിക്കപ്പെട്ട ശിരസ് തിരിച്ചുനല്‍കാന്‍ പാകിസ്താന്‍ പട്ടാളം സന്നദ്ധമായില്ലെങ്കില്‍ പത്തു പാക് സൈനികരുടെ തല നാമെടുക്കണമെന്നാണ് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യം ഭരിക്കുന്നത് ദുര്‍ബലമായ സര്‍ക്കാരല്ല എന്ന് തെളിയിക്കുന്നതിന് ചില കടുത്ത നടപടികളുമായി മുന്നോട്ടുപോയേ പറ്റൂ എന്ന ബി.ജെ.പി നേതാവിന്‍െറ ശാഠ്യത്തിന് മുന്നില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പതറിയിട്ടുണ്ടോ എന്ന് സംശയിക്കണം. പാകിസ്താന്‍െറ വിഷയത്തില്‍ ബി.ജെ.പിയും മാതൃസംഘടനയുമെല്ലാം കാലാകാലമായി വെച്ചുപുലര്‍ത്തുന്ന നിലപാട് എന്താണെന്ന് നന്നായറിയുന്ന കേന്ദ്ര സര്‍ക്കാര്‍ എന്തിന് സംയമനത്തിന്‍െറ പാത കൈവിട്ട് സംഘര്‍ഷത്തിന് വഴിതുറന്നിടണം? തുറന്ന യുദ്ധത്തിലൂടെ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെന്ന് കരുതുന്നതിനേക്കാള്‍ വലിയ പോഴത്തമുണ്ടോ?
നിയന്ത്രണ രേഖയിലെ പിരിമുറുക്കം നയതന്ത്രബന്ധങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നായാലും അത് വിവേകപൂര്‍വമാവില്ല. ഈ വിഷയത്തില്‍ നമ്മുടെ സുചിന്തിത നിലപാട് ആയിരിക്കണമെന്നില്ല പാകിസ്താന്‍േറത്. ആഭ്യന്തര പ്രശ്നങ്ങളില്‍പെട്ട് ഉഴലുന്ന ഒരു സര്‍ക്കാറിന് ജനശ്രദ്ധ മറ്റൊരു വഴിക്ക് തിരിച്ചുവിടാനും വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്ന ആത്യന്തിക ചിന്താഗതിക്കാരെ തൃപ്തിപ്പെടുത്താനും അതിര്‍ത്തി സംഘര്‍ഷഭരിതമായി കാത്തുസൂക്ഷിക്കാന്‍ ആഗ്രഹമുണ്ടാവാം. 2007 നവംബറില്‍ അഷ്ഫാഖ് പര്‍വേസ് കയാനി പട്ടാള മേധാവിയായി അവരോധിതനായതു മുതല്‍ അതിര്‍ത്തിയില്‍ അസ്വാസ്ഥ്യങ്ങള്‍ കൂടിയതായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. പിരിമുറുക്കത്തിന് അയവുവരുത്താന്‍ ബ്രിഗേഡിയര്‍മാര്‍ നടത്തിയ ചര്‍ച്ച വിഫലമാവാന്‍ കാരണം കടുംപിടിത്തമാവാം. ഇനി പ്രകോപനമുണ്ടായാല്‍ ഉടന്‍ തിരിച്ചടിക്കാന്‍ സേനാ കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കരസേനാ മേധാവി ജനറല്‍ ബിക്രംസിങ് വാര്‍ത്താസമ്മേളനം നടത്തി രാജ്യത്തെ സമാധാനിപ്പിക്കേണ്ട സാഹചര്യം വരെ ഉണ്ടായി. മറുഭാഗത്തുനിന്നുണ്ടാവുന്ന പ്രകോപനങ്ങളെ കൈയും കെട്ടി നോക്കിനില്‍ക്കണമെന്ന് ആരും വാദിക്കുമെന്ന് തോന്നുന്നില്ല. നിയന്ത്രണരേഖയില്‍ ഇടക്കിടെ ഉണ്ടാവുന്ന ചെറിയ ചെറിയ ഏറ്റുമുട്ടലുകളെ സംഘര്‍ഷമായി വളര്‍ത്താതിരിക്കാനുള്ള വിവേകം ഉണ്ടാവണമെന്നേ സമാധാനകാംക്ഷികള്‍ ഓര്‍മപ്പെടുത്തുന്നുള്ളൂ. ജമ്മുകശ്മീര്‍ മലമടക്കുകളിലൂടെ നീളുന്ന 740 കി.മീറ്റര്‍ വരുന്ന അതിര്‍ത്തിയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 117 പ്രകോപനങ്ങള്‍ ഉണ്ടായതായി കരസേനാ മേധാവിതന്നെ വെളിപ്പെടുത്തിയിരുന്നു. സംഭവങ്ങളില്‍ 91 ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്രെ. അതിര്‍ത്തിയിലെ ദൈനംദിന സംഭവവികാസങ്ങള്‍ പുറംലോകം അറിയാറില്ല. സൈനിക സംവിധാനങ്ങള്‍ അവസരോചിതമായി അത് കൈകാര്യം ചെയ്യുകയാണ് പതിവ്.
മറുഭാഗത്തുനിന്നുള്ള ഏത് വെല്ലുവിളിയെയും അഭിമുഖീകരിക്കാന്‍ ഇന്ത്യക്കു ശേഷിയുണ്ടെന്നിരിക്കെ അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക തന്നെയാണ് കരണീയ മാര്‍ഗം. അതല്ലാതെ, നയതന്ത്ര ബന്ധത്തില്‍ ഉലച്ചില്‍ തട്ടുന്ന നീക്കങ്ങളിലേക്ക് എടുത്തുചാടുന്നത് ആരൊക്കെയോ വിരിച്ച വലയില്‍ നാം സ്വയം അകപ്പെടുന്നതിന് തുല്യമായിരിക്കും. 65 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് അനുവദിക്കുന്ന വിസ ഇളവ് മുന്നറിയിപ്പില്ലാതെ മരവിപ്പിച്ചത് പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ്. ഹോക്കി ഇന്ത്യ ലീഗില്‍ കളിക്കാന്‍ എത്തിയ ഒമ്പത് താരങ്ങളെ തിരിച്ചയച്ചതും ഉഭയകക്ഷിബന്ധം വഷളായതിന്‍െറ സൂചന തന്നെ. ശതാവധാനതയോടെ പ്രശ്നങ്ങളെ സമീപിക്കേണ്ട സന്ദര്‍ഭമാണിത്. കുറേ ജവാന്മാരെ യുദ്ധമുഖത്ത് ബലിയര്‍പ്പിച്ചതുകൊണ്ട് ആരും ജയിക്കാന്‍ പോകുന്നില്ല. ശത്രുത വളരാനേ അത് സഹായിക്കൂ. ഈ സത്യം മുന്നില്‍ കണ്ടാവണം രാഷ്ട്രീയഭരണസൈനിക നേതൃത്വം പെരുമാറേണ്ടത്. യുദ്ധവാതില്‍ തുറക്കുന്നതോടെ ജയിക്കുന്നത് ആയുധ നിര്‍മാതാക്കളും, ഇന്ത്യ ദുര്‍ബലപ്പെട്ടു കാണാനാഗ്രഹിക്കുന്ന ശത്രുക്കളും മാത്രമായിരിക്കും. അയല്‍ രാജ്യങ്ങള്‍ തമ്മില്‍ കുടിപ്പക നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ദേശസ്നേഹികളോ മനുഷ്യസ്നേഹികളോ അല്ലെന്ന് ഓര്‍മപ്പെടുത്തട്ടെ.
കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കാന്‍
രോഗാണുമുക്തമായ കുടിവെള്ളം എല്ലാവര്‍ക്കും എത്തിച്ചുകൊടുക്കല്‍ ഭരണാധികാരികളുടെ ചുമതലയാണ്. ദൗര്‍ഭാഗ്യവശാല്‍ , ഇക്കാര്യത്തില്‍ കേരളത്തിലെ സ്ഥിതി പൊതുവേ തൃപ്തികരമല്ല. ജലസമൃദ്ധമെന്ന ഖ്യാതിയുണ്ടായിരുന്ന സംസ്ഥാനത്തിന് ഇന്ന് കുടിവെള്ളത്തിനു പോലും ക്ലേശിക്കേണ്ടിവരുന്നു. പ്രധാന ജലസ്രോതസ്സുകളിലെല്ലാം മാലിന്യം വര്‍ധിക്കുകയാണ്. പൊതുവിതരണ സംവിധാനങ്ങളിലൂടെയും വെള്ളക്കച്ചവടക്കാരിലൂടെയും ലഭിക്കുന്ന ജലം ശുദ്ധമാണെന്നുറപ്പിക്കാനും ജനങ്ങള്‍ക്ക് കഴിയുന്നില്ല. കുടിവെള്ളത്തില്‍ മാലിന്യങ്ങളും രാസവസ്തുക്കളും മറ്റും കലരുന്നതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അവരുടെ ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ആപത്കരമായ ഈ സാഹചര്യം നേരിടാന്‍ വൈകിയാണെങ്കിലും ചില നടപടികള്‍ക്ക് അധികൃതര്‍ തുടക്കം കുറിച്ചത് സ്വാഗതാര്‍ഹമാണ്. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ലോറികള്‍ക്കും വെള്ളം എടുക്കുന്ന സ്രോതസ്സുകള്‍ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കാനാണ് അധികൃതരുടെ തീരുമാനം.
സ്രോതസ്സുകളിലെ വെള്ളം ആറുമാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ പരിശോധനാശാലകളിലോ സര്‍ക്കാര്‍ അംഗീകൃത ശാലകളിലോ പരിശോധിച്ച് ശുദ്ധി ഉറപ്പു വരുത്തണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളും ജലവിതരണത്തിനായി ടാങ്കറുകള്‍ ഘടിപ്പിച്ച മറ്റു വാഹനങ്ങളും ലൈസന്‍സെടുക്കണം.
ഒന്നിലധികം വാഹനങ്ങളും വാടക വാഹനങ്ങളും മറ്റും ഉപയോഗിക്കുന്നവര്‍ ഓരോ വാഹനത്തിനും പ്രത്യേകം ലൈസന്‍സ് എടുക്കേണ്ടിവരും. ടാങ്കറുകളില്‍ നിന്ന് അഴുക്കും തുരുമ്പും വെള്ളത്തില്‍ കലരാതിരിക്കാന്‍ അവയുടെ ഉള്‍വശത്ത് വ്യവസ്ഥാനുസൃതം കോട്ടിങ് നടത്തിയിരിക്കണം. കുടിവെള്ളം കൊണ്ടുപോകുന്ന ടാങ്കറുകളില്‍ ലൈസന്‍സ്, പരിശോധനാ റിപ്പോര്‍ട്ടുകള്‍ എന്നിവയടക്കമുള്ള രേഖകള്‍ സൂക്ഷിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. കുടിവെള്ളം പുറമേനിന്ന് വാങ്ങുന്ന സ്ഥാപനങ്ങളും മറ്റും ഇതുസംബന്ധിച്ചുള്ള രജിസ്റ്റര്‍ സൂക്ഷിക്കണം. രേഖകളില്ലാത്ത വാഹനം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പിടിച്ചെടുക്കാം. ഈ വ്യവസ്ഥകള്‍ ബന്ധപ്പെട്ടവരെല്ലാം പാലിച്ചാല്‍ കുടിവെള്ളത്തിന്റെ ശുദ്ധി, വലിയൊരു പരിധിവരെയെങ്കിലും ഉറപ്പുവരുത്താനാകും.
ഈ രംഗത്ത് കേരളത്തില്‍ പലേടത്തും കുത്തഴിഞ്ഞ സ്ഥിതിയാണുള്ളത്. പൊതു ജലവിതരണ സംവിധാനം അപര്യാപ്തമായ സ്ഥലങ്ങളില്‍ വീടുകളും ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളും സ്വകാര്യ ടാങ്കറുകള്‍ വഴി എത്തുന്ന കുടിവെള്ളമാണ് ഉപയോഗിക്കുന്നത്. ശുചിത്വ നിബന്ധനകള്‍ പാലിക്കാതെയാണ് പലേടത്തും ടാങ്കറുകള്‍ വഴി വെള്ളം എത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സെപ്റ്റിക് ടാങ്ക് മാലിന്യം നീക്കുന്ന ടാങ്കറുകള്‍ വരെ കുടിവെള്ളം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തുകയുണ്ടായി. ഈ സാഹചര്യത്തില്‍ , പുതിയ നിബന്ധനകള്‍ എല്ലാ നിലയ്ക്കും അനിവാര്യമാണ്. പരിശോധനയ്ക്ക് മതിയായ സംവിധാനങ്ങളും ബന്ധപ്പെട്ട അധികൃതര്‍ക്ക് നിശ്ചയദാര്‍ഢ്യവും ഉണ്ടായാലേ അവ ഫലപ്രദമായി നടപ്പാക്കാനാവൂ. ജലഅതോറിട്ടിയും ഇത്തരം കാര്യങ്ങളില്‍ വീഴ്ചവരുത്തരുത്. ഏതു മേഖലയിലായാലും വ്യവസ്ഥകളുടെ ലംഘനം കേരളത്തില്‍ സാധാരണമാണ്. അക്കാര്യത്തില്‍ അധികൃതര്‍ പുലര്‍ത്തുന്ന അലസസമീപനം സ്ഥിതി കൂടുതല്‍ മോശമാക്കുന്നു.
അതുകൊണ്ടുതന്നെ കുടിവെള്ളശുദ്ധിയുടെ കാര്യത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ അവരുടെ ചുമതല നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കാനും സര്‍ക്കാറിന് കഴിയണം. അഴിമതിക്ക് സാധ്യതയുള്ള മേഖലയായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. മാലിന്യം കലര്‍ന്ന വെള്ളമാണ് കേരളത്തില്‍ പല പകര്‍ച്ചവ്യാധികളും പടരാനുള്ള പ്രധാനകാരണം. ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യാനായാലേ പൊതുജനാരോഗ്യസംരക്ഷണ പരിപാടികള്‍ക്കും ഫലമുണ്ടാകൂ.
നട്ടംതിരിയുന്ന പാക്കിസ്ഥാന്‍
അകത്തുനിന്നും പുറത്തുനിന്നുമുള്ള ഗുരുതരമായ പല പ്രശ്നങ്ങളെയും ഒന്നിച്ചു നേരിടേണ്ടിവരുന്ന ദുരവസ്ഥയിലാണു പാക്കിസ്ഥാന്‍ ഇപ്പോള്‍ . ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ അതിര്‍ത്തിയിലെ ഹീനമായ സൈനികാക്രമണത്തിലൂടെ പാക്കിസ്ഥാന്‍ തന്നെ അട്ടിമറിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ അടിക്കടി മൂര്‍ച്ഛിച്ചുകൊണ്ടിരിക്കേ പാക്ക് ആഭ്യന്തര രാഷ്ട്രീയവും പെട്ടെന്നു വീണ്ടും ഇളകിമറിയാന്‍ തുടങ്ങിയിരിക്കുകയാണ്. ഗവണ്‍മെന്റ് ഉടന്‍ രാജിവയ്ക്കുകയും പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്യണമെന്ന ആവശ്യവുമായി ആയിരക്കണക്കിനാളുകള്‍ ഇസ്ലാമാബാദില്‍ ഭരണസിരാകേന്ദ്രത്തിനു തൊട്ടുമുന്നില്‍ കുത്തിയിരിപ്പു സമരം നടത്തുന്നു. അതിനിടയില്‍ , പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫിനെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെ ഗവണ്‍മെന്റിന്റെ ഭാവി കുറെക്കൂടി സംശയത്തിലാവുകയും ചെയ്തു.
ഇരുപത്തിനാലു മണിക്കൂറിനകം പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും ഇന്നു സുപ്രീം കോടതി മുന്‍പാകെ ഹാജരാക്കണമെന്നുമാണു ചീഫ് ജസ്റ്റിസ് ഇഫ്തിഖാര്‍ മുഹമ്മദ് ചൌധരി ഉള്‍പ്പെടുന്ന മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച നിര്‍ദേശിച്ചത്. എന്നാല്‍ , അറസ്റ്റിനു നിശ്ചയിച്ചിരുന്ന സമയപരിധി പാലിക്കപ്പെടുകയുണ്ടായില്ല. ഇന്നു പ്രധാനമന്ത്രി കോടതി മുന്‍പാകെ ഹാജരാക്കപ്പെടുമോ, എങ്കില്‍ എന്തുസംഭവിക്കും, ഇങ്ങനെയുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
പാക്കിസ്ഥാനിലെ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ അയല്‍രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്കു സ്വാഭാവികമായും ഉത്കണ്ഠയുണ്ട്. എന്നാല്‍ , നമ്മെ സംബന്ധിച്ചിടത്തോളം അടിയന്തരശ്രദ്ധ പതിയുന്നതു ജമ്മു-കശ്മീരിലെ നിയന്ത്രണരേഖയില്‍ ഇപ്പോഴും തുടര്‍ന്നുവരുന്ന പാക്ക് അതിക്രമങ്ങളിലാണ്. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ അവര്‍ കുഴിബോംബുകള്‍ വിതറുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നുകഴിഞ്ഞു. കഴിഞ്ഞ ആഴ്ച നമ്മുടെ രണ്ടു ജവാന്മാരെ പാക്ക് സൈന്യം വധിക്കുകയും അവരിലൊരാളുടെ തല അറുത്തുകൊണ്ടുപോവുകയും ചെയ്തത് ഇന്ത്യക്കാരെ മുഴുവന്‍ നടുക്കുകയും രോഷംകൊള്ളിക്കുകയും ചെയ്തു. ഇത്തരം പ്രകോപനങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഇന്ത്യന്‍ വ്യോമസേനയുടെയും കരസേനയുടെയും മേധാവികള്‍ വ്യക്തമായ മുന്നറിയിപ്പു നല്‍കിയത്. പാക്കിസ്ഥാനുമായി ഇനി പഴയതുപോലെ ഇടപെടാനാവില്ലെന്നു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും വ്യക്തമാക്കിക്കഴിഞ്ഞു. 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നു സ്തംഭനത്തിലായ ഇന്ത്യ-പാക്ക് സമാധാനപ്രക്രിയ പുനരാരംഭിച്ചിട്ട് അധികകാലമായില്ല. ഇപ്പോള്‍ അതു വീണ്ടും അവതാളത്തിലായി. അതിര്‍ത്തിയിലെ അക്രമങ്ങളും സൈനികന്റെ മൃതദേഹം വികൃതമാക്കുന്നതു പോലുള്ള ഹീനകൃത്യങ്ങളും ആവര്‍ത്തിക്കില്ലെന്നു പാക്കിസ്ഥാന്‍ ഉറപ്പുനല്‍കാത്തിടത്തോളം കാലം ഈ അനിശ്ചിതാവസ്ഥ നീണ്ടുപോയേക്കാം.
ഏതാണ്ട് അഞ്ചുവര്‍ഷം മുന്‍പു ജനാധിപത്യം പുനഃസ്ഥാപിതമായതോടെ ഇന്ത്യയുമായുള്ള പാക്കിസ്ഥാന്റെ സമീപനത്തില്‍ മാറ്റമുണ്ടാകുമെന്നു ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു. കാരണം, പട്ടാളം ഭരിക്കുമ്പോഴാണു പാക്കിസ്ഥാന്‍ ഇന്ത്യയുടെ നേരെ കൂടുതല്‍ ആക്രമണവാസന പ്രകടിപ്പിച്ചിരുന്നത്. നേരിട്ടും അല്ലാതെയുമുള്ള ഒന്‍പതുവര്‍ഷത്തെ പട്ടാളഭരണത്തിനു ശേഷം നിലവില്‍ വന്ന സിവിലിയന്‍ ഗവണ്‍മെന്റില്‍ നിന്നു പാക്കിസ്ഥാനിലെ ജനങ്ങളും വളരെയേറെ പ്രതീക്ഷിച്ചു. എല്ലാവരും നിരാശരാവുകയാണു ചെയ്തത്. ആ നിരാശയില്‍ നിന്നുടലെടുത്ത രോഷമാണ് ഇപ്പോള്‍ ഇസ്ലാമാബാദില്‍ നടന്നുവരുന്നതു പോലുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ പ്രതിഫലിക്കുന്നത്.
ഇതിനു മുന്‍പ് ഇതുപോലെ ജനങ്ങള്‍ വന്‍തോതില്‍ അണിനിരന്നതു മുന്‍ ക്രിക്കറ്റ് താരവും പാക്കിസ്ഥാന്‍ തെഹ്രീഖെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍ കഴിഞ്ഞവര്‍ഷം പ്രമുഖ നഗരങ്ങളില്‍ നടത്തിയ ലോങ് മാര്‍ച്ചുകളിലായിരുന്നു. ഇത്തവണ ലോങ് മാര്‍ച്ച് നടത്തുകയും ഇസ്ലാമാബാദിലെ കുത്തിയിരിപ്പിനു നേതൃത്വം നല്‍കുകയും ചെയ്യുന്നത് ഒരു രാഷ്ട്രീയ നേതാവേയല്ല; നാട്ടില്‍ ഇതുവരെ അധികമൊന്നും അറിയപ്പെടാതിരുന്ന മതപണ്ഡിതനാണ്. ഇത്രയുംകാലം കാനഡയില്‍ കഴിയുകയായിരുന്ന മുഹമ്മദ് താഹിറുല്‍ ഖാദ്രിയെന്ന ഈ അറുപത്തിരണ്ടുകാരന്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടു തന്നെ അധികനാളായിട്ടുമില്ല. എന്നിട്ടും മുന്‍നിര രാഷ്ട്രീയകക്ഷികളെപ്പോലും അസൂയപ്പെടുത്തുന്ന വിധത്തില്‍ ഇത്രയേറെ ആളുകളെ ഒന്നിച്ചുകൂട്ടാന്‍ അദ്ദേഹത്തിനു കഴിഞ്ഞതെങ്ങനെയെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.
പട്ടാളമാണു ഖാദ്രിയുടെ പിന്നിലെന്നും പിന്‍വാതിലിലൂടെ വീണ്ടും അധികാരത്തില്‍ കയറിക്കൂടാനുള്ള അവരുടെ ഗൂഢാലോചനയാണ് ഇതിലൂടെ തെളിയുന്നതെന്നും പലരും സംശയിക്കുന്നു. പട്ടാളത്തിലും സുപ്രീം കോടതിയിലും മാത്രമേ ജനങ്ങള്‍ക്കു വിശ്വാസമുള്ളൂ എന്ന് ആയിരങ്ങളെ അഭിസംബോധന ചെയ്ത് ഖാദ്രി പറഞ്ഞതിനെയും ഇതിനോടു ചേര്‍ത്തുവായിക്കുന്നവരുണ്ട്. ഖാദ്രി പ്രസംഗിച്ചുകൊണ്ടിരിക്കേ തന്നെ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവു പുറപ്പെടുവിച്ചതും യാദൃച്ഛികമല്ലെന്നു പലരും കരുതുന്നു. ഇത്തരം സംഭവങ്ങള്‍ പാക്കിസ്ഥാന്റെ വര്‍ത്തമാനത്തെയും ഭാവിയെയും പറ്റി സംശയം ജനിപ്പിക്കുന്നു.
No comments:
Post a Comment