Monday, January 14, 2013

മുഖപ്രസംഗം January 14 -2013

മുഖപ്രസംഗം January 14 -2013

1. ജയിക്കുന്നത് ഇന്ത്യയുടെ വിവേകം  (മാധ്യമം) : 

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ജനുവരി ആറു മുതല്‍ രൂപംകൊണ്ട സംഘര്‍ഷാന്തരീക്ഷത്തിന് അയവുവരുത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. രണ്ട് ഇന്ത്യന്‍ സൈനികരുടെ തലയറുത്ത പാകിസ്താന്‍െറ ക്രൂരതക്കെതിരെ ശക്തമായ പ്രതിഷേധവും ഹിംസാത്മകനയത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടും സ്വീകരിച്ചുകൊണ്ടുതന്നെ കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കണമെന്ന് ഇന്ത്യക്ക് നിര്‍ബന്ധമുണ്ട്. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ശിദും ഇന്ത്യയുടെ സേനാധിപ സമിതി അധ്യക്ഷന്‍ കൂടിയായ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എന്‍.എ.കെ ബ്രൗണും വ്യത്യസ്ത രീതിയില്‍ ഇക്കാര്യം വ്യക്തമാക്കി. 

2. മരുന്നുപരിശോധനയില്‍ അലംഭാവം അരുത്‌ (മാതൃഭൂമി):

പൊതുജനാരോഗ്യ രംഗത്ത് രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ചികിത്സാരംഗത്തെ ശ്രദ്ധേയമായ നേട്ടം തന്നെയാണ് ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ മികവിന് കാരണം. മരുന്നുകളുടെ വില്‍പ്പനയും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൂടുതലാണ്. എന്നാല്‍ വിപണിയിലെത്തുന്ന മരുന്നിന്റെ ഗുണനിലവാരപരിശോധനയ്ക്കുള്ള സംവിധാനം ഇവിടെ പരിമിതമാണ്. ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരും ലാബ് സൗകര്യവും വേണ്ടത്ര ഇല്ലെന്നതാണ് പ്രധാന പ്രശ്‌നം.

3. മെട്രോയ്ക്കു നേരാം, ശുഭയാത്ര (മലയാള മനോരമ)

പ്രതിബന്ധങ്ങളെല്ലാം തരണംചെയ്തു കൊച്ചി മെട്രോ റയില്‍ കുതിപ്പിന്റെ പാളത്തിലേക്കു കയറിയിരിക്കുന്നു. കേരളത്തിന്റെ സ്വപ്നപദ്ധതിക്കായുള്ള കാത്തിരിപ്പു കുറെ നീണ്ടുപോയെന്നതു ശരിതന്നെ. എങ്കിലും, ലോകത്തിലെ ഏറ്റവും മികച്ച മെട്രോ റയിലുകളിലൊന്നാണു കൊച്ചിയില്‍ ഉണ്ടാവുന്നതെങ്കില്‍ ആ കാത്തിരിപ്പിനു ന്യായമാകും. പദ്ധതിക്കു വേണ്ട എല്ലാ അനുമതികളും ലഭിച്ചുകഴിഞ്ഞു.

 ജയിക്കുന്നത് ഇന്ത്യയുടെ വിവേകം

പരിഷ്കരണം അഥവാ വയറ്റത്തടി
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ജനുവരി ആറു മുതല്‍ രൂപംകൊണ്ട സംഘര്‍ഷാന്തരീക്ഷത്തിന് അയവുവരുത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. രണ്ട് ഇന്ത്യന്‍ സൈനികരുടെ തലയറുത്ത പാകിസ്താന്‍െറ ക്രൂരതക്കെതിരെ ശക്തമായ പ്രതിഷേധവും ഹിംസാത്മകനയത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടും സ്വീകരിച്ചുകൊണ്ടുതന്നെ കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കണമെന്ന് ഇന്ത്യക്ക് നിര്‍ബന്ധമുണ്ട്. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ശിദും ഇന്ത്യയുടെ സേനാധിപ സമിതി അധ്യക്ഷന്‍ കൂടിയായ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എന്‍.എ.കെ ബ്രൗണും വ്യത്യസ്ത രീതിയില്‍ ഇക്കാര്യം വ്യക്തമാക്കി. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വിഹ്വലതകളിലും പ്രതികാരത്തിനു വേണ്ടിയുള്ള വന്യമായ മുറവിളികളിലുംപെട്ട് എടുത്തുചാടുകയല്ല, രാജ്യതാല്‍പര്യവും മേഖലയിലെ സമാധാനവും മുന്‍നിര്‍ത്തിയുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് സര്‍ക്കാറെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ശിദ് എന്‍.ഡി.ടി.വി ചാനലിനോടു പറഞ്ഞു. അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടരത്തുടരെ ലംഘിക്കുകയാണെന്നും ഈ മട്ടില്‍ കാര്യങ്ങള്‍ തുടര്‍ന്നാല്‍ മറ്റു വഴികള്‍ തേടേണ്ടിവരുമെന്നും വ്യോമസേനാ മേധാവി ശക്തമായ മുന്നറിയിപ്പു നല്‍കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയുടെ നിലപാട് ജയം കാണുന്നതായാണ് ഒടുവിലെ സൂചനകള്‍.
2003ല്‍ നിലവില്‍വന്ന ഉഭയകക്ഷി വെടിനിര്‍ത്തല്‍ കരാറാണ് ഇന്ത്യ-പാക് ബന്ധത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. അതു വിലമതിച്ചുള്ള നീക്കമാണ് ഇരുഭാഗവും നടത്തിവന്നത്. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നു പോലും ഇതിനു പോറലേല്‍ക്കാതിരിക്കാന്‍ ഇന്ത്യ ബദ്ധശ്രദ്ധ പുലര്‍ത്തി. സേനാമേധാവി ചൂണ്ടിക്കാണിച്ചതു പോലെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിയന്ത്രണരേഖയുണ്ട്; വെടിനിര്‍ത്തല്‍ കരാറുണ്ട്. അതിന്‍െറ പുരോഗതി അടിക്കടി വിലയിരുത്താന്‍ ഇരുഭാഗത്തെയും ഫീല്‍ഡ് കമാന്‍ഡര്‍മാരുടെ പതിവുയോഗങ്ങളുണ്ട്; സൈനിക ഓപറേഷനു ചുക്കാന്‍ പിടിക്കുന്ന ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മില്‍ ഹോട്ട്ലൈന്‍ ബന്ധങ്ങളുണ്ട്. ഈ ഉന്നതതല ബന്ധങ്ങളെല്ലാം നിലനില്‍ക്കെതന്നെ അടുത്തകാലത്തായി നിയന്ത്രണരേഖയില്‍ സംഘര്‍ഷം ഉടലെടുത്തിരിക്കുന്നു. കഴിഞ്ഞ 13 മാസത്തിനിടെ 72 അനിഷ്ടസംഭവങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
നിയന്ത്രണരേഖക്കു സമീപം ഒരു എഴുപതുകാരി തന്‍െറ കുടുംബത്തോടൊപ്പം ചേരാന്‍ നുഴഞ്ഞുകയറിയതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്കു കാരണമെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ ഹിന്ദു’ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യ നിയന്ത്രണരേഖയില്‍ നിരീക്ഷണബങ്കറുകള്‍ നിര്‍മിച്ചെന്നും അതു നിര്‍ത്തിവെക്കാന്‍ പാകിസ്താന്‍ മുന്നറിയിപ്പു നല്‍കുകയും നിയന്ത്രണരേഖയിലെ സൈനികപോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഒരു സ്കൂള്‍ വിദ്യാര്‍ഥിയും 20, 25 വയസ്സുള്ള യുവതിയും യുവാവും കൊല്ലപ്പെട്ടു. ഗത്യന്തരമില്ലാതെ ഇന്ത്യ നടത്തിയ പ്രതിരോധാക്രമണത്തില്‍ ജനുവരി ആറിനു പാക് സൈനികന്‍ വധിക്കപ്പെട്ടു. തുടര്‍ന്ന് ജനുവരി എട്ടിന് നടത്തിയ ഏറ്റുമുട്ടലില്‍ ലാന്‍സ് നായിക് സുധാകര്‍ സിങ്ങിനെയും ഹേംരാജിനെയും കൊലപ്പെടുത്തി പാക്സേന മൃതദേഹം പൈശാചികമായ രീതിയില്‍ തലയറുത്തു വികൃതമാക്കി. ഇതോടെ, സംഘര്‍ഷം കൂടുതല്‍ വഷളാകുന്നതാണ് കണ്ടത്. ബസ് സര്‍വീസ് നിര്‍ത്തിയും സൈന്യത്തിനു ജാഗ്രതാ നിര്‍ദേശം നല്‍കിയും ഇരുഭാഗവും അന്യോന്യം നയതന്ത്ര ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചും കലഹാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു.
സംഘര്‍ഷത്തില്‍നിന്നു മുതലെടുക്കാന്‍ തല്‍പരകക്ഷികള്‍ മത്സരിച്ചു രംഗത്തുണ്ട്. അതിര്‍ത്തി സംഘര്‍ഷഭരിതമാകുമ്പോഴെല്ലാം പ്രശ്നം അന്തര്‍ദേശീയവത്കരിക്കാനും മൂന്നാം കക്ഷിയുടെ ഇടപെടലിനും മുറവിളി കൂട്ടുന്ന പാകിസ്താന്‍ ഇത്തവണയും അതുതന്നെ ചെയ്തു. എന്നാല്‍, ഐക്യരാഷ്ട്രസഭതന്നെ ഉഭയകക്ഷി ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നു. ഇരുരാഷ്ട്രങ്ങളിലെയും മാധ്യമങ്ങളില്‍ ചിലതും യുദ്ധാവേശം പൂണ്ട് രംഗത്തുണ്ട്. എന്നാല്‍, ആറു പതിറ്റാണ്ടിലേറെയായി സമാധാനം എന്തെന്നറിഞ്ഞിട്ടില്ലാത്ത, നിയന്ത്രണരേഖക്ക് ഇരുവശത്തെയും ജനതയുണ്ട്. ഇരുരാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുമ്പോള്‍ നിത്യജീവിതത്തിനു പോലും കഷ്ടപ്പെടേണ്ടി വരുന്ന സാധാരണക്കാരുണ്ട്. ഇവരെയോര്‍ത്ത് ഉഭയകക്ഷി സമാധാനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടണമെന്നാണ് ഇരുരാജ്യത്തെയും മാനവികനിലപാടുള്ള മുഴുവന്‍ മനുഷ്യരുടെയും ആവശ്യം. ഇതിനോടുള്ള സക്രിയമായ പ്രതികരണമാണ് വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ശിദില്‍നിന്നുണ്ടായത്. ഹിംസാത്മക നയങ്ങള്‍ക്കെതിരെ വിവേകപൂര്‍വമായിരിക്കും ഇന്ത്യയുടെ ഇടപെടലെന്നും അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും പറഞ്ഞ അദ്ദേഹം സൈനിക മൃതദേഹത്തോടു കാണിച്ച അനാദരവിനു വിശദീകരണം വേണമെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടും വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ ലംഘനം ചര്‍ച്ച ചെയ്യണമെന്ന് നേരത്തേതന്നെ ഇന്ത്യ ആവശ്യമുന്നയിച്ചെങ്കിലും പാകിസ്താന്‍െറ പ്രതികരണം നിഷേധാത്മകമായിരുന്നു. എന്നാല്‍, ഏറ്റവുമൊടുവില്‍ ബ്രിഗേഡിയര്‍തല യോഗത്തിനു പാകിസ്താന്‍ സമ്മതം മൂളിയിരിക്കുന്നു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ചക്കന്‍ ദാ ബാഗ് പോയന്‍റില്‍ ചേരുന്ന യോഗത്തില്‍ ഇരുപക്ഷവും ഒന്നിച്ചിരുന്നു സ്ഥിതിഗതികള്‍ വിലയിരുത്തും. ശനിയാഴ്ചയും തുടര്‍ന്ന ആക്രമണങ്ങള്‍ക്കു ശേഷവും പാകിസ്താനെ ഈ ദിശയിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞത് ഇന്ത്യയുടെ വിജയമാണ്. സൈന്യവും നിക്ഷിപ്തതാല്‍പര്യങ്ങളുള്ള മാധ്യമങ്ങളും തെളിച്ച വഴിക്കു നീങ്ങിയതിന്‍െറ ദുരന്തത്തിന് പാകിസ്താന്‍ തന്നെ തെളിവ്. രാഷ്ട്രീയവും നയതന്ത്രപരവുമായ സമ്മര്‍ദത്തിലൂടെ അയല്‍പക്ക ഭീഷണിയെ ചെറുക്കാന്‍ ജനാധിപത്യ ഇന്ത്യക്ക് കഴിയുമെന്നു നാം പലതവണ തെളിയിച്ചതാണ്. ഇനിയും അതിനു കഴിയുമെന്നാണ് വിദേശമന്ത്രി പറഞ്ഞതും അതിന്‍െറ ശുഭസൂചനയാണ് തുടര്‍ന്നു കണ്ടതും. ഈ ശുഭലക്ഷണങ്ങളെ കൂടുതല്‍ തെളിയിച്ച് അതിര്‍ത്തിസംഘര്‍ഷത്തിന്‍െറ മഞ്ഞുരുക്കാന്‍ കഴിയട്ടെ എന്നാണ് മുഴുവന്‍ സമാധാനപ്രേമികളുടെയും പ്രാര്‍ഥന. 

മരുന്നുപരിശോധനയില്‍ അലംഭാവം അരുത്‌

Newspaper Edition
പൊതുജനാരോഗ്യ രംഗത്ത് രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ചികിത്സാരംഗത്തെ ശ്രദ്ധേയമായ നേട്ടം തന്നെയാണ് ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ മികവിന് കാരണം. മരുന്നുകളുടെ വില്‍പ്പനയും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൂടുതലാണ്. എന്നാല്‍ വിപണിയിലെത്തുന്ന മരുന്നിന്റെ ഗുണനിലവാരപരിശോധനയ്ക്കുള്ള സംവിധാനം ഇവിടെ പരിമിതമാണ്. ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരും ലാബ് സൗകര്യവും വേണ്ടത്ര ഇല്ലെന്നതാണ് പ്രധാന പ്രശ്‌നം. കൂടുതല്‍ പരിശോധനാസൗകര്യം ഏര്‍പ്പാടാക്കുന്നതിനും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും ഫണ്ടിന്റെ അപര്യാപ്തതയാണ് തടസ്സമെന്നറിയുന്നു. തിരുവനന്തപുരത്തെ ലാബില്‍ സൗകര്യം കുറവായതിനാല്‍ എറണാകുളത്ത് പുതിയ ലാബ് സ്ഥാപിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ നിര്‍മാണപ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കയാണ്. നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശോധനയ്ക്കായി കടകളില്‍ നിന്ന് മരുന്നു ശേഖരിക്കാനും തീരെക്കുറഞ്ഞ തുകയേ വകയിരുത്തുന്നുള്ളൂ. പൊതുജനങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്ന സര്‍ക്കാര്‍ മരുന്നിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ച കാണിക്കരുത്. അക്കാര്യങ്ങള്‍ക്ക് വേണ്ടത്ര തുക ലഭ്യമാക്കാന്‍ സത്വരനടപടി ആവശ്യമാണ്.

കാലാവധി കഴിഞ്ഞതും നിശ്ചിതഗുണനിലവാരം പുലര്‍ത്താത്തതുമായ മരുന്നുകള്‍ വിപണിയില്‍ മുമ്പെന്നത്തേക്കാളും എത്തുന്നുണ്ട്. കാലാവധി കഴിഞ്ഞ മരുന്നുകള്‍ പുതിയ പാക്കേജോടെ വീണ്ടും വിപണിയില്‍എത്തിക്കുന്ന പ്രവണത വ്യാപകമായിട്ടുണ്ട്. അതോടൊപ്പം വ്യാജമരുന്നുകളും വിപണിയിലുണ്ട്. അപകടസാധ്യതയുള്ള മരുന്നുകള്‍ യഥാസമയം കണ്ടെത്തി തടഞ്ഞില്ലെങ്കില്‍ അത് ആരോഗ്യമേഖലയ്ക്ക് ദോഷം ചെയ്യും. ഈ രംഗത്ത് സംസ്ഥാനം നേടിയെടുത്ത സല്‍പ്പേരിനെ ബാധിക്കുകയും ചെയ്യും. വിപണിയിലെത്തുന്ന മരുന്നുകളില്‍ അഞ്ചുശതമാനത്തില്‍ താഴെ മാത്രമാണ് നിലവില്‍ ഗുണനിലവാരപരിശോധനയ്ക്ക് വിധേയമാകുന്നത്. തിരുവനന്തപുരത്തെ ലാബില്‍ സൗകര്യം കുറവായതാണ് കാരണം. 20 ശതമാനം മരുന്നുകളെങ്കിലും പരിശോധനയ്‌ക്കെടുത്താല്‍ മാത്രമേ സംവിധാനം താരതമ്യേന കാര്യക്ഷമമാണെന്ന് കരുതാനാവൂ. ഈ ലക്ഷ്യം നേടാനാണ് എറണാകുളത്ത് പുതിയ മരുന്നുപരിശോധനാകേന്ദ്രം ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും നവീന പരിശോധനാസൗകര്യം ഏര്‍പ്പെടുത്തുന്നതിനുമായി ഏഴുകോടിയോളം രൂപ വേണമെന്നാണ് അറിയുന്നത്. കടകളില്‍ പരിശോധനയ്ക്കുള്ള ഉദ്യോഗസ്ഥരുടെ എണ്ണവും കുറവാണ്. 20,000-ത്തോളം വരുന്ന മരുന്നുകടകളില്‍ പരിശോധനയ്ക്കായി 70-ഓളം ഉദ്യോഗസ്ഥരേ ഉള്ളൂ.

പരിശോധനയ്ക്കായി മരുന്ന് വിലനല്‍കി വേണം എടുക്കാന്‍. ഇതിന് അനുവദിക്കപ്പെട്ട തുക തീരെ കുറവാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനാല്‍ താരതമ്യേന വിലകുറഞ്ഞ മരുന്നുകള്‍ മാത്രമേ ഉദ്യോഗസ്ഥര്‍ക്ക് പരിശോധനയ്‌ക്കെടുക്കാനാവുകയുള്ളൂ. വിലകൂടുതലുള്ള ജീവന്‍രക്ഷാമരുന്നുകളും മറ്റും പരിശോധിക്കപ്പെടാതെ പോയേക്കാമെന്ന പ്രശ്‌നമാണ് ഇതുയര്‍ത്തുന്നത്. ലാബിലെ സൗകര്യം കുറവായതിനാല്‍ പരിശോധനയ്‌ക്കെടുത്ത മരുന്നുകളുടെ ഫലം കിട്ടാന്‍ മാസങ്ങള്‍ എടുത്തെന്നുവരും. മരുന്ന് ഗുണനിലവാരം കുറഞ്ഞതാണെന്നറിയുമ്പോഴേക്കും ആ ബാച്ചിലെ മരുന്നു മുഴുവന്‍ വിറ്റുപോയിട്ടുണ്ടാകുമെന്നതാണ് ഇതിന്റെ ദോഷം. എറണാകുളത്തിനു പുറമെ കോഴിക്കോട്ടും തൃശ്ശൂരും കോന്നിയിലും പുതിയ ലാബുകള്‍ തുറക്കാന്‍ പദ്ധതിയുണ്ടെങ്കിലും നടപ്പായിട്ടില്ല. അവയുടെ കാര്യത്തില്‍ ശക്തമായ തുടര്‍നടപടികള്‍ ഉണ്ടാകേണ്ടതാണ്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന മരുന്നിന്റെ തോതിലും വര്‍ധന ഉണ്ടായിട്ടുണ്ട്. ജെനറിക് മരുന്നുകളുടെ പേരില്‍ ഗുണനിലവാരം കുറഞ്ഞവ ഇത്തരത്തില്‍ വിപണിയിലെത്താനുള്ള സാധ്യതയും ഏറിയിരിക്കയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാനത്ത് 4000 കോടിയോളം രൂപയുടെ മരുന്നുകള്‍ വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്രയേറെ പ്രാധാന്യവും വ്യാപ്തിയുമുള്ള മരുന്നുവിപണിയില്‍ സര്‍ക്കാറിന്റെ നിരീക്ഷണവും പരിശോധനയും കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. ആരോഗ്യപരിപാലനകാര്യത്തില്‍ കോടിക്കണക്കിന് രൂപ ചെലവിടുന്ന സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

മെട്രോയ്ക്കു നേരാം, ശുഭയാത്ര

malmanoramalogoപ്രതിബന്ധങ്ങളെല്ലാം തരണം ചെയ്തു കൊച്ചി മെട്രോ റയില്‍ കുതിപ്പിന്റെ പാളത്തിലേക്കു കയറിയിരിക്കുന്നു. കേരളത്തിന്റെ സ്വപ്നപദ്ധതിക്കായുള്ള കാത്തിരിപ്പു കുറെ നീണ്ടുപോയെന്നതു ശരിതന്നെ. എങ്കിലും, ലോകത്തിലെ ഏറ്റവും മികച്ച മെട്രോ റയിലുകളിലൊന്നാണു കൊച്ചിയില്‍ ഉണ്ടാവുന്നതെങ്കില്‍ ആ കാത്തിരിപ്പിനു ന്യായമാകും. പദ്ധതിക്കു വേണ്ട എല്ലാ അനുമതികളും ലഭിച്ചുകഴിഞ്ഞു.
മെട്രോ നിര്‍മാണത്തിന്റെ പൂര്‍ണചുമതല ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന് (ഡിഎംആര്‍സി) ആയിരിക്കുമെന്നതില്‍ തീര്‍പ്പായി. പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ മേല്‍നോട്ടം കൊച്ചി മെട്രോ റയില്‍ ലിമിറ്റഡിന് (കെഎംആര്‍എല്‍) ആയിരിക്കും. ഡല്‍ഹി, ജയ്പൂര്‍ മെട്രോകള്‍ നിര്‍മിച്ച ഡിഎംആര്‍സിയുടെ അനുഭവസമ്പത്തില്‍ പങ്കുചേര്‍ന്ന് ലോകനിലവാരത്തിലുള്ള സ്ഥാപനമായി വളരാന്‍ കെഎംആര്‍എല്ലിനെ ഡിഎംആര്‍സി സഹായിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഇതോടെ, കൊച്ചി മെട്രോയുടെ ഭാവി വികസനം സ്വന്തം നിലയില്‍ നടത്താന്‍ കെഎംആര്‍എല്ലിനു ശേഷി കൈവരും. ഇനി വേണ്ടതു വിശ്രമമില്ലാത്ത കഠിനാധ്വാനത്തിന്റെ ദിനങ്ങളാണ്. എങ്കില്‍ മാത്രമേ, മൂന്നു വര്‍ഷംകൊണ്ടു കേരളത്തിന്റെ അഭിമാനമായി കൊച്ചിയില്‍ മെട്രോ റയില്‍ ഒാടിത്തുടങ്ങൂ. ഭാരതത്തിന്റെ 'മെട്രോ മാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള ടീമിനെ കഠിനാധ്വാനത്തിന്റെ രീതികള്‍ പഠിപ്പിക്കേണ്ട ആവശ്യമില്ല. നിര്‍മാണച്ചുമതല ലഭിച്ചു രണ്ടാം ദിവസംതന്നെ കൊച്ചി പദ്ധതിയുടെ രണ്ടു പ്രധാന ടെന്‍ഡറുകള്‍ ക്ഷണിച്ചതു നല്ല തുടക്കവുമായി. സാങ്കേതികവിദ്യയാണു കൊച്ചി മെട്രോ റയിലിനെ ആധുനികമാക്കുന്നത്.
കോച്ചുകളുടെ വീതി ലോകത്തെ മറ്റു മെട്രോകളുടേതുപോലെ 2.9 മീറ്ററായി വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. പാളത്തിനു സമാന്തരമായി പോകുന്ന ലൈനില്‍നിന്നു വൈദ്യുതിയെടുക്കുന്ന തേഡ് ലൈന്‍ ട്രാക്ഷന്‍ സംവിധാനമായിരിക്കും കൊച്ചി മെട്രോയില്‍ ഉപയോഗിക്കുക. സിഗ്നലിങ്ങിന്റെയും കമ്യൂണിക്കേഷന്റെയും കാര്യങ്ങളിലാണു മെട്രോ കൂടുതലായി ആധുനികമാക്കാനുള്ളത്. പദ്ധതിക്കുള്ള സ്ഥലമെടുപ്പ് അഞ്ചു ഘട്ടങ്ങളിലായി നടത്താനാണു തീരുമാനം. മെട്രോ റയിലിനു മാത്രമായി 40 ഹെക്ടര്‍ സ്ഥലം ഏറ്റെടുത്താല്‍ മതി.
എന്നാല്‍, സ്ഥലവിലയായി നല്‍കേണ്ടത് 1110 കോടി രൂപയാണെന്ന് അറിയുമ്പോഴാണ് സ്ഥലമെടുപ്പിന്റെ പ്രതിസന്ധി എത്രത്തോളമുണ്ടെന്നു മനസ്സിലാവുക. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസവും പ്രധാനമാണ്. സ്ഥലമെടുപ്പിന്റെ വേഗം ആശ്രയിച്ചായിരിക്കും കൊച്ചി മെട്രോ എപ്പോള്‍ പൂര്‍ത്തിയാവും എന്നു പറയാന്‍ കഴിയുക. സമയത്തു കോച്ചുകള്‍ ലഭ്യമാക്കുക എന്നതും പ്രധാനമാണ്. കൊച്ചിയില്‍ തൂണുകളും പാളങ്ങളും നിര്‍മിക്കുന്ന അതേ സമയംതന്നെ ഫാക്ടറിയില്‍ കൊച്ചി പദ്ധതിക്കുള്ള കോച്ചുകളും നിര്‍മിക്കണം.
5181 കോടി രൂപ എസ്റ്റിമേറ്റ് തയാറാക്കിയ പദ്ധതി ഇപ്പോള്‍ 6000 കോടി കടന്നു. ഇതില്‍ 2170 കോടി രൂപ വിദേശവായ്പയാണ്. 1.4% പലിശയ്ക്കു വായ്പ നല്‍കാമെന്നു ജപ്പാന്‍ രാജ്യാന്തര സഹകരണ ഏജന്‍സി (ജൈക്ക) സന്നദ്ധത അറിയിച്ചുകഴിഞ്ഞു. അതേസമയം, മറ്റ് ഏജന്‍സികളില്‍നിന്നുള്ള വായ്പാസാധ്യത തേടാനും കെഎംആര്‍എല്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. വിദേശ വായ്പ ഒരുവര്‍ഷത്തിനുശേഷം മതിയെങ്കിലും ഇപ്പോള്‍ത്തന്നെ ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കണം.
സ്ഥലമെടുപ്പിനും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2000 കോടി രൂപയുടെ ഹ്രസ്വകാല വായ്പയ്ക്കും കെഎംആര്‍എല്‍ ശ്രമിക്കുന്നുണ്ട്. അക്കാര്യത്തിലും കെഎംആര്‍എല്‍ ബോര്‍ഡ് ഉടന്‍ തീരുമാനമെടുക്കണം. മെട്രോ റയില്‍ നിര്‍മാണവേളയിലുണ്ടാകാന്‍ സാധ്യതയുള്ള ഗതാഗതക്കുരുക്കു പരിഹരിക്കാന്‍ ഇപ്പോഴേ ആലോചന തുടങ്ങുകയും വേണം. മെട്രോ നിര്‍മിക്കുന്ന സ്ഥലത്തു റോഡിനടിയിലൂടെ പോകുന്ന കുഴലുകളും കേബിളുകളും മാറ്റുക എന്നതും ശ്രമകരമാണ്. ഒരു തടസ്സവും കൊച്ചി മെട്രോയുടെ വഴിയില്‍ പ്രതിബന്ധമായി കിടക്കാതെ എളുപ്പം പരിഹരിക്കുന്നതിലാണു കെഎംആര്‍എല്ലിന്റെയും ഡിഎംആര്‍സിയുടെയും സഹകരണം അത്യാവശ്യമായുള്ളത്.
manorama -14-01-13``

 

No comments:

Post a Comment