Sunday, February 3, 2013

മുഖപ്രസംഗം February 01 - 2013

മുഖപ്രസംഗം February 01 - 2013

1. സൂര്യനെല്ലി: നീതി പിച്ചവെക്കുന്നു  (മാധ്യമം ) 

സൂര്യനെല്ലി എന്നത് ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്ത ഒരു ഗ്രാമത്തിന്‍െറ പേരായിരുന്നു 1996 വരെ. എന്നാല്‍, ’96നു ശേഷം  ഞെട്ടലോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ഒരു അധമകൃത്യത്തിന്‍െറ പര്യായമായി മാറി ആ സ്ഥലനാമം. 1996 ജനുവരി ആറിനാണ്, സൂര്യനെല്ലിപ്പെണ്‍കുട്ടി എന്ന് നാമെല്ലാം പേര്‍ചൊല്ലി വിളിക്കുന്ന, ഹതഭാഗ്യയായ ആ പതിനാറുകാരിയെ കശ്മലനായ ഒരു ബസ് കണ്ടക്ടര്‍ തട്ടിയെടുത്തു കൊണ്ടുപോകുന്നത്. തുടര്‍ന്ന് 40 ദിവസം തുടര്‍ച്ചയായി അവളെ കേരളത്തിന്‍െറ പല ഭാഗങ്ങളില്‍ കൊണ്ടുപോയി പ്രശസ്തരും അപ്രശസ്തരുമായ 42 പുരുഷന്മാരുടെ ലൈംഗിക ആക്രാന്തത്തിന് വിധേയമാക്കി.

2. സാമൂഹികഭദ്രത തകരാതിരിക്കാന്‍  (മാത്രുഭൂമി)

കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന റിപ്പോര്‍ട്ട് അധികൃതരുടെയും സമൂഹത്തിന്റെയും അടിയന്തരശ്രദ്ധ പതിയേണ്ട ഒന്നാണ്. നിയമപാലനവും നീതിനിര്‍വഹണവും ഉറപ്പാക്കാന്‍ വിപുലമായ സംവിധാനം ഉണ്ടായിട്ടും ഈ സ്ഥിതി തുടരുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തണം. കൊലപാതകം, കൂട്ടക്കവര്‍ച്ച, ആരാധനാലയങ്ങളിലെ കവര്‍ച്ച തുടങ്ങിയവ സംബന്ധിച്ചുള്ള കേസുകള്‍ കൂടിയിട്ടുണ്ട്. കഴിഞ്ഞകൊല്ലം ഡിസംബര്‍ വരെ ഏറ്റവും കൂടുതല്‍ വധക്കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം റേഞ്ചിലാണ്-131. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന എറണാകുളം റേഞ്ചാണ് രണ്ടാംസ്ഥാനത്തുള്ളത്. 2012-ല്‍ വാഹനാപകടങ്ങളില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ 3837 ആണ്. 2011-ല്‍ ഇത് 3699 ആയിരുന്നു. സ്ത്രീകള്‍ക്കുനേരേയുള്ള കുറ്റകൃത്യങ്ങളും കേരളത്തില്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്തരം അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റെയില്‍വേ പോലീസും ഒട്ടേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.





സൂര്യനെല്ലി: നീതി പിച്ചവെക്കുന്നു  (മാധ്യമം ) 
സൂര്യനെല്ലി: നീതി പിച്ചവെക്കുന്നു
സൂര്യനെല്ലി എന്നത് ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്ത ഒരു ഗ്രാമത്തിന്‍െറ പേരായിരുന്നു 1996 വരെ. എന്നാല്‍, ’96നു ശേഷം  ഞെട്ടലോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ഒരു അധമകൃത്യത്തിന്‍െറ പര്യായമായി മാറി ആ സ്ഥലനാമം. 1996 ജനുവരി ആറിനാണ്, സൂര്യനെല്ലിപ്പെണ്‍കുട്ടി എന്ന് നാമെല്ലാം പേര്‍ചൊല്ലി വിളിക്കുന്ന, ഹതഭാഗ്യയായ ആ പതിനാറുകാരിയെ കശ്മലനായ ഒരു ബസ് കണ്ടക്ടര്‍ തട്ടിയെടുത്തു കൊണ്ടുപോകുന്നത്. തുടര്‍ന്ന് 40 ദിവസം തുടര്‍ച്ചയായി അവളെ കേരളത്തിന്‍െറ പല ഭാഗങ്ങളില്‍ കൊണ്ടുപോയി പ്രശസ്തരും അപ്രശസ്തരുമായ 42 പുരുഷന്മാരുടെ ലൈംഗിക ആക്രാന്തത്തിന് വിധേയമാക്കി. ജീവച്ഛവമായ പെണ്‍കുട്ടിയെ ഇനി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാവാം ആ തെമ്മാടിസംഘം, വണ്ടിക്കാശ് കൊടുത്ത് വീട്ടിലേക്ക് പോവാന്‍ അനുവദിച്ചു. സംഭവിച്ച കാര്യങ്ങള്‍ ആരോടെങ്കിലും പറഞ്ഞുപോയാല്‍ ജീവന്‍ കാണില്ലെന്ന ഭീഷണിയും മുഴക്കി.
ദുരന്തത്തിന്‍െറയും ദു$ഖത്തിന്‍െറയും കടലാഴങ്ങളില്‍പെട്ടുപോയ ആ കുടുംബം പതുക്കെയാണെങ്കിലും തങ്ങളുടെ ദുരന്തം സമൂഹവുമായും നിയമപാലകരുമായും പങ്കുവെച്ചു. കുഴഞ്ഞുവീണ ആ പെണ്‍കുഞ്ഞിന്‍െറ ജീവിതം മലയാളി മനസ്സാക്ഷിയുടെ വിങ്ങലും രോഷവുമായി മാറി. ഉയര്‍ന്നുപൊങ്ങിയ ജനകീയ ആവശ്യത്തിന് വഴങ്ങി സംസ്ഥാന സര്‍ക്കാര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ സിബി മാത്യുവിന്‍െറ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു (1999). ലൈംഗിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കാന്‍ മാത്രമായി സംസ്ഥാനത്താദ്യമായി പ്രത്യേക കോടതി സ്ഥാപിക്കുകയും ചെയ്തു. 2000 സെപ്റ്റംബര്‍ ആറിന് പ്രത്യേക കോടതി 35 പ്രതികള്‍ക്ക് കഠിനതടവ് വിധിച്ചുകൊണ്ട് കേസില്‍ വിധി പറഞ്ഞു. പിന്നീട്, പ്രതികളുടെ അപ്പീല്‍ പരിഗണിച്ച ഹൈകോടതി, 2005 ജനുവരി 20ന് 35 പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി പ്രസ്താവിച്ചു. പെണ്‍കുട്ടി സ്വമേധയാ ലൈംഗികവേഴ്ചക്ക് വഴങ്ങുകയായിരുന്നുവെന്ന വിചിത്രമായൊരു തീര്‍പ്പില്‍ കോടതി എത്തുകയും ചെയ്തു. തുടക്കത്തില്‍ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നവര്‍ നേരത്തേതന്നെ കേസില്‍നിന്ന് പുറത്തുപോയിരുന്നു. കേരള രാഷ്ട്രീയത്തിലെ ചില വമ്പന്‍സ്രാവുകള്‍ക്ക് കേസിലുള്ള പങ്ക് കാരണം തുടക്കം മുതല്‍തന്നെ വമ്പിച്ച രാഷ്ട്രീയ സമ്മര്‍ദം ഈ കേസിലുണ്ടായിരുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ സര്‍ക്കാര്‍ജോലി നല്‍കിയിരുന്നു. എന്നാല്‍, 2012 ഫെബ്രുവരി ആറിന്, നിലവിലെ സര്‍ക്കാറിന്‍െറ  കാലത്ത്, സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പേരില്‍ അവരെ ചങ്ങനാശ്ശേരിയിലെ വില്‍പനനികുതി ഓഫിസിലെ ഉദ്യോഗത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പിന്നീട്, ജനകീയ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയും ‘പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍’ എന്ന അര്‍ഥത്തില്‍ കോട്ടയത്തേക്ക് സ്ഥലംമാറ്റുകയും ചെയ്തു. തന്നെ പീഡിപ്പിച്ചവരെ വെറുതെവിട്ട ഹൈകോടതി വിധിക്കെതിരെ പെണ്‍കുട്ടി സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. അതില്‍ അസ്വസ്ഥരായവര്‍ നടത്തിയ ഗൂഢാലോചന മാത്രമായിരുന്നു ഈ സാമ്പത്തിക തട്ടിപ്പ് പരാതി എന്നു വിശ്വസിക്കുന്നവരാണ് ഏറെയും.
ഹൈകോടതി വിധിക്കെതിരെയുള്ള അപ്പീല്‍ 2005ല്‍ തന്നെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും പലവിധ ഞൊടുന്യായങ്ങള്‍ പറഞ്ഞ് നിരന്തരം മാറ്റിവെക്കുകയായിരുന്നു. ഓര്‍ക്കുക, ഇപ്പോള്‍ എട്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് സുപ്രീംകോടതി അപ്പീല്‍ പരിഗണിക്കുന്നത്. 2013 ജനുവരി 21ന് അപ്പീല്‍ പരിഗണനക്കെടുത്തപ്പോള്‍  കേസ് നീട്ടിവെക്കണമെന്നായിരുന്നു പ്രതികള്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്; പ്രതികളോടൊപ്പം സംസ്ഥാന സര്‍ക്കാറും ‘മഹത്തായ’ ഈ ആവശ്യമുന്നയിച്ചു! എന്നാല്‍, കേസ് പരിഗണിച്ച  ചീഫ് ജസ്റ്റിസ് അല്‍തമസ് കബീറിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച്, കേസ് ഇത്രയും നീണ്ടുപോയതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. പ്രതികളെ വെറുതെവിട്ട ഹൈകോടതി വിധി സമ്പൂര്‍ണമായി റദ്ദാക്കിയ പരമോന്നത കോടതി പ്രതികളോട് മൂന്നാഴ്ചക്കകം കീഴടങ്ങാനാവശ്യപ്പെട്ടിരിക്കുകയാണ്. കേരള ഹൈകോടതി തന്നെ കേസ് രണ്ടാമത് പരിഗണിക്കാനും ആറു മാസത്തിനകം തീര്‍പ്പുകല്‍പിക്കാനും നിഷ്കര്‍ഷിച്ചിരിക്കുകയാണ്. നീതിയില്‍ പ്രതീക്ഷയുള്ള  മുഴുവന്‍ മനുഷ്യരെയും അങ്ങേയറ്റം ആഹ്ളാദിപ്പിക്കുന്നതാണ് ഈ വിധി.
സൂര്യനെല്ലി കേസ് കേരള ഹൈകോടതിയില്‍ എത്തിയപ്പോഴും പിന്നീട് പെണ്‍കുട്ടി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതിനു ശേഷവും ബാഹ്യമായ പലവിധ ഇടപെടലുകള്‍ നടന്നതായി വ്യാപകമായി ആരോപണമുയര്‍ന്നിരുന്നു. ഈ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് ഇപ്പോഴുണ്ടായ സുപ്രീംകോടതി വിധി. കാമപ്പിശാചുക്കളായ അധമര്‍ക്ക് ഇനി അധികകാലം മനസ്സമാധാനത്തോടെ കഴിയാനൊക്കില്ല. നീതിന്യായ നിര്‍വഹണത്തെ സ്വാധീനിക്കാന്‍ അവരിനിയും ശ്രമിക്കായ്കയില്ല. നിലവിലുള്ള ഭരണകൂടം അവരോട് മൃദുസമീപനം സ്വീകരിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല. പക്ഷേ, നിതാന്തമായ ജനകീയ ജാഗ്രത അത്തരം ഗൂഢതന്ത്രങ്ങളെ തോല്‍പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
സാമൂഹികഭദ്രത തകരാതിരിക്കാന്‍  (മാത്രുഭൂമി)
Newspaper Edition
കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന റിപ്പോര്‍ട്ട് അധികൃതരുടെയും സമൂഹത്തിന്റെയും അടിയന്തരശ്രദ്ധ പതിയേണ്ട ഒന്നാണ്. നിയമപാലനവും നീതിനിര്‍വഹണവും ഉറപ്പാക്കാന്‍ വിപുലമായ സംവിധാനം ഉണ്ടായിട്ടും ഈ സ്ഥിതി തുടരുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തണം. കൊലപാതകം, കൂട്ടക്കവര്‍ച്ച, ആരാധനാലയങ്ങളിലെ കവര്‍ച്ച തുടങ്ങിയവ സംബന്ധിച്ചുള്ള കേസുകള്‍ കൂടിയിട്ടുണ്ട്. കഴിഞ്ഞകൊല്ലം ഡിസംബര്‍ വരെ ഏറ്റവും കൂടുതല്‍ വധക്കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം റേഞ്ചിലാണ്-131. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന എറണാകുളം റേഞ്ചാണ് രണ്ടാംസ്ഥാനത്തുള്ളത്. 2012-ല്‍ വാഹനാപകടങ്ങളില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ 3837 ആണ്. 2011-ല്‍ ഇത് 3699 ആയിരുന്നു. സ്ത്രീകള്‍ക്കുനേരേയുള്ള കുറ്റകൃത്യങ്ങളും കേരളത്തില്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്തരം അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റെയില്‍വേ പോലീസും ഒട്ടേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തീരെ ചെറിയ നിയമലംഘനങ്ങള്‍ വരെ റിപ്പോര്‍ട്ടു ചെയ്യുന്നതാണ് ഇവിടെ കേസുകളുടെ എണ്ണം കൂടാന്‍ കാരണമെന്ന് അധികൃതര്‍ പറയാറുണ്ട്. പരാതികള്‍ സ്വീകരിക്കല്‍, കേസെടുക്കല്‍ എന്നിവയുടെ നിരക്ക് മറ്റു പല സംസ്ഥാനങ്ങളിലും പൊതുവെ കുറവാണ്. നിയമനടപടികളെപ്പറ്റി മലയാളികള്‍ക്ക് അവബോധം കൂടുതലുള്ളതും കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായി പറയുന്നു. ഈ വാദങ്ങള്‍ ഒരു പരിധിവരെ ശരിയാണെങ്കിലും അവ കേരളത്തിലെ സ്ഥിതിവിശേഷത്തിന്റെ ഗൗരവം ഒട്ടും കുറയ്ക്കുന്നില്ല. കുറ്റവാളികളെ അതിവേഗം പിടികൂടുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്താലേ കൂടുതല്‍ പേര്‍ കുറ്റകൃത്യങ്ങള്‍ക്ക് മുതിരുന്നത് തടയാനും സാമൂഹികഭദ്രത നിലനിര്‍ത്താനും കഴിയൂ. ജനങ്ങള്‍ക്ക് നിയമപരിപാലന, നീതി നിര്‍വഹണ സംവിധാനങ്ങളില്‍ വിശ്വാസമുണ്ടാകാനും ഇതാവശ്യമാണ്. കുറ്റക്കാരില്‍നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ സംസ്ഥാനത്ത് പോലീസും വിവിധ അന്വേഷണ ഏജന്‍സികളും ഉള്‍പ്പെട്ട വിപുലമായ സംവിധാനം ഉണ്ട്. അതിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് കഴിയണം. കുറ്റാന്വേഷണത്തിന് ശാസ്ത്രീയ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന കാര്യത്തിലും അമാന്തം ഉണ്ടാകരുത്. ശാസ്ത്രീയമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് കൂടുതല്‍ ഫലം ചെയ്യുമെന്ന് പല കേസന്വേഷണങ്ങളിലും വ്യക്തമായിട്ടുള്ളതാണ്.

സ്വാധീനങ്ങള്‍ക്ക് വഴങ്ങി പോലീസ് വരുത്തുന്ന വീഴ്ചകള്‍, ചില പോലീസുദ്യോഗസ്ഥരും കുറ്റവാളികളും തമ്മിലുള്ള ബന്ധം തുടങ്ങിയവ അന്വേഷണം വിഫലമാകാനും കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനും കാരണമാകുന്നുണ്ട്. ഇത്തരക്കാരെ പോലീസ്‌സേനയില്‍നിന്ന് ഒഴിവാക്കണം. പോലീസില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടെന്നും അവരെ ഒഴിവാക്കണമെന്നും അടുത്തകാലത്ത് ഹൈക്കോടതി പറയുകയുണ്ടായി. ചുമതലാബോധത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സംരക്ഷണവും പ്രോത്സാഹനവും നല്‍കാന്‍ സര്‍ക്കാര്‍ മടിക്കരുത്. പോലീസിന്റെയും നീതിപീഠത്തിന്റെയും മികച്ച പ്രവര്‍ത്തനത്തിനൊപ്പം ഈ രംഗത്ത് സാമൂഹിക ഇടപെടലും ഉണ്ടാകണം. ബോധവത്കരണം, വിദഗ്ധര്‍ നടത്തുന്നപഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിഹാരനടപടികള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാകണം. മദ്യപിച്ച് വാഹനമോടിച്ചതും മോശമായി പെരുമാറിയതും സംബന്ധിച്ചുള്ള കേസുകളിലെ വന്‍വര്‍ധന ശ്രദ്ധേയമാണ്. കേരളത്തില്‍ മദ്യാസക്തി ആപത്കരമാംവിധം വര്‍ധിക്കുന്നുവെന്നതിനും തെളിവാണിത്. മയക്കുമരുന്നുപയോഗവും ഒട്ടേറെപ്പേരെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള പ്രചാരണം ശക്തമാക്കേണ്ടത് സാമൂഹികാരോഗ്യത്തിനെന്നപോലെ സുരക്ഷയ്ക്കും ആവശ്യമാണ്. ഇങ്ങനെ വിവിധതലങ്ങളില്‍നിന്ന് കൂട്ടായപരിശ്രമം ഉണ്ടായാലേ ഇക്കാര്യത്തില്‍ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്താനാകൂ.


No comments:

Post a Comment