Saturday, February 23, 2013

മുഖപ്രസംഗം February 23 - 2013


1. വീണ്ടും ഭീകര സ്ഫോടനങ്ങള്‍  (മാധ്യമം)  

നിയമങ്ങളും നടപടികളും കര്‍ക്കശമാക്കുംതോറും രാജ്യത്ത് ഭീകരസ്ഫോടനങ്ങളും തജ്ജന്യ ദുരന്തങ്ങളും വര്‍ധിക്കുകയാണോ? കഴിഞ്ഞദിവസം ഹൈദരാബാദിനെ നടുക്കിയ ബോംബ്സ്ഫോടനം അങ്ങനെ ചിന്തിക്കാനാണ് പ്രേരണയാവുന്നത്. ആന്ധ്രയുടെ തലസ്ഥാനനഗരിയെ വിറങ്ങലിപ്പിച്ചുകൊണ്ട് വ്യാഴാഴ്ച സായാഹ്നത്തില്‍ രണ്ടിടത്ത് നടന്ന സ്ഫോടനങ്ങളില്‍ 16 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഔദ്യാഗിക വിവരം. സംഭവം അരങ്ങേറുന്നതിന് 48 മണിക്കൂര്‍ മുമ്പ് ആന്ധ്ര, തമിഴ്നാട്, ദല്‍ഹി സര്‍ക്കാറുകള്‍ക്ക് ആക്രമണസാധ്യതയെക്കുറിച്ച് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ആഭ്യന്തരമന്ത്രി ഷിന്‍ഡെ പറയുന്നു. എന്നാല്‍, യഥോചിതമായ ജാഗ്രത ആന്ധ്ര സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നോ, കരുതല്‍ നടപടികളെ തോല്‍പിക്കാന്‍ ഭീകരര്‍ക്ക് കഴിഞ്ഞുവെന്നോ ആണ് കരുതേണ്ടത്. 

2.വീണ്ടും ഒരു ഭീകരരാത്രി  (മാത്രുഭൂമി)

ഹൈദരാബാദിലെ ഇരട്ട സ്‌ഫോടനത്തില്‍ മരിച്ച 16 പേരും സാധാരണക്കാരാണ്. മിക്കവരും ചെറുപ്പക്കാര്‍ . എം.ബി.എ. വിദ്യാര്‍ഥികളായ വിജയകുമാര്‍, രാജു, പോളിടെക്‌നിക് വിദ്യാര്‍ഥി ഐജാസ് അഹമ്മദ്, 22-കാരനായ മുഹമ്മദ് റഫീക്ക്, പോലീസ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന രാജശേഖര - ഇവരൊക്കെയാണ് കണ്ണുംകാതുമില്ലാത്ത ഭീകരതയ്ക്ക് ഇരയായത്. 23-കാരന്‍ അബ്ദുള്‍ വാസി മാര്‍സിയെ ഇത്തവണയും ഭാഗ്യം തുണച്ചു. ഹൈദരാബാദിലെ തന്നെ മെക്ക മസ്ജിദ് സ്‌ഫോടനത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ടയാളാണ് ഈ ചെറുപ്പക്കാരന്‍. ഓരോ ഭീകരാക്രമണവും വലിയ ഞെട്ടലാണ് കൊണ്ടുവരുന്നത്. ക്രമേണ രാജ്യവും നഗരപ്രദേശങ്ങളും സാധാരണ നിലയിലേക്ക് മടങ്ങും. എന്നാലും ഉറ്റ ബന്ധുക്കളെ നഷ്ടപ്പെട്ടവര്‍ക്ക് അത് എന്നെന്നും നീറുന്ന സ്മരണയാണ്. .

3. ഭീകരതയ്ക്കെതിരെ ഒന്നിച്ചുനില്‍ക്കണം (മനോരമ)

ചെറിയൊരു ഇടവേളയ്ക്കുശേഷം ഭീകരര്‍ അവരുടെ കരാളദംഷ്ട്രകള്‍ വീണ്ടും ഇന്ത്യയുടെ നേരെ ഉയര്‍ത്തിയിരിക്കുകയാണ്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത അവരുടെ ഉദ്ദേശ്യം ഇത്തവണയും പരമാവധി നാശനഷ്ടങ്ങളുണ്ടാക്കുകയായിരുന്നുവെന്നു വ്യക്തം. ഹൈദരാബാദ് നഗരത്തിലെ ജനത്തിരക്കുള്ള ദില്‍സുക്ക് നഗര്‍ പ്രദേശവും അവിടെ ജനങ്ങള്‍ ഏറ്റവുമധികം തടിച്ചുകൂടുന്ന സന്ധ്യാനേരവുമാണ് അവര്‍ ആക്രമണത്തിനു വേണ്ടി തിരഞ്ഞെടുത്തത്.രണ്ടു സിനിമാശാലകള്‍ക്കു സമീപം സൈക്കിളുകളില്‍ ഘടിപ്പിച്ചിരുന്ന ബോംബുകള്‍ ഏതാനും മിനിറ്റുകള്‍ ഇടവിട്ടു പൊട്ടി 16 പേര്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ മിക്കവരും ചെറുപ്പക്കാര്‍. ആശുപത്രിയിലുള്ള ചിലരുടെ നില ഗുരുതരമാണ്. ഈ സംഖ്യകള്‍ സൂചിപ്പിക്കുന്നതിനെക്കാള്‍ വലിയ ആഘാതമാണു ഭീകരത തിരിച്ചെത്തിയെന്ന തിരിച്ചറിവ് നമ്മിലുണ്ടാക്കുന്നത്.



വീണ്ടും ഭീകര സ്ഫോടനങ്ങള്‍    (മാധ്യമം)

സിറിയ നേരിടുന്ന മാനുഷിക ദുരന്തംനിയമങ്ങളും നടപടികളും കര്‍ക്കശമാക്കുംതോറും രാജ്യത്ത് ഭീകരസ്ഫോടനങ്ങളും തജ്ജന്യ ദുരന്തങ്ങളും വര്‍ധിക്കുകയാണോ? കഴിഞ്ഞദിവസം ഹൈദരാബാദിനെ നടുക്കിയ ബോംബ്സ്ഫോടനം അങ്ങനെ ചിന്തിക്കാനാണ് പ്രേരണയാവുന്നത്. ആന്ധ്രയുടെ തലസ്ഥാനനഗരിയെ വിറങ്ങലിപ്പിച്ചുകൊണ്ട് വ്യാഴാഴ്ച സായാഹ്നത്തില്‍ രണ്ടിടത്ത് നടന്ന സ്ഫോടനങ്ങളില്‍ 16 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഔദ്യാഗിക വിവരം. സംഭവം അരങ്ങേറുന്നതിന് 48 മണിക്കൂര്‍ മുമ്പ് ആന്ധ്ര, തമിഴ്നാട്, ദല്‍ഹി സര്‍ക്കാറുകള്‍ക്ക് ആക്രമണസാധ്യതയെക്കുറിച്ച് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ആഭ്യന്തരമന്ത്രി ഷിന്‍ഡെ പറയുന്നു. എന്നാല്‍, യഥോചിതമായ ജാഗ്രത ആന്ധ്ര സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നോ, കരുതല്‍ നടപടികളെ തോല്‍പിക്കാന്‍ ഭീകരര്‍ക്ക് കഴിഞ്ഞുവെന്നോ ആണ് കരുതേണ്ടത്. പതിവുപോലെ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഒരു സിമി ഉല്‍പന്നമായ ഇന്ത്യന്‍ മുജാഹിദീനാണെന്ന സൂചനകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. അങ്ങനെയൊരു ഭീകരക്കൂട്ടം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതായി ജനങ്ങള്‍ക്ക് അറിയില്ലെങ്കിലും നിരോധിത ‘സിമി’ വിദേശ തീവ്രവാദശക്തികളുടെ സഹായസഹകരണങ്ങളോടെ രൂപംനല്‍കിയ സംഘടനയാണതെന്നും രാജ്യത്ത് ഇതിനകം നടന്ന ഒട്ടേറെ സ്ഫോടനങ്ങളില്‍ ആ സംഘടന പങ്കുവഹിച്ചതായും നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പതിവായി ആവര്‍ത്തിക്കുന്നു. എന്നാല്‍, മാലേഗാവ് (2006), മക്കാ മസ്ജിദ് (2007), സംഝോത എക്സ്പ്രസ് (2007) സ്ഫോടനങ്ങളെ തുടര്‍ന്നും നിയമപാലകരുടെ കൈ ആദ്യം നീണ്ടത് ഇന്ത്യന്‍ മുജാഹിദീന്‍െറയും സിമിയുടെയും നേരെത്തന്നെ ആയിരുന്നല്ലോ. ഏറെക്കഴിഞ്ഞാണ് ഹിന്ദുത്വ ഭീകരരുടെ ആസൂത്രിത ചെയ്തികളാണ് പ്രസ്തുത സ്ഫോടനങ്ങളുടെയെല്ലാം പിന്നില്‍ എന്നു തെളിഞ്ഞത്. എന്നിരിക്കെ ഇപ്പോഴത്തെ ഹൈദരാബാദ് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏതെങ്കിലും ഒരു ഗ്രൂപ്പിന്‍െറ പേരില്‍ കെട്ടിയേല്‍പിക്കാവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ ഔദ്യാഗിക പ്രസ്താവനയാണ് യാഥാര്‍ഥ്യബോധം പ്രകടമാക്കുന്നത്.സ്ഫോടനങ്ങളുടെ പിന്നില്‍ പല ശക്തികളെയും സംശയിക്കാവുന്നതാണ് ഹൈദരാബാദില്‍ നിലവിലെ സാഹചര്യം. മക്കാ മസ്ജിദ് സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കാവിഭീകരരുടെ നേരെ രാജ്യത്തിന്‍െറ പൊതുശ്രദ്ധ തിരിഞ്ഞതില്‍ രോഷാകുലരും ചാര്‍മിനാറിനു സമീപം ഉയര്‍ന്ന ക്ഷേത്രത്തിന്‍െറ പേരില്‍ കലാപത്തിന് വഴിമരുന്നിട്ടതുമായ ശക്തികളുടെ പ്രതികാരബുദ്ധിയില്‍ പൊട്ടിമുളച്ചതാവാം ഇതും. അല്ലെങ്കില്‍ അഗ്നിപര്‍വതം കണക്കെ പൊട്ടിത്തെറിക്കാനിരിക്കുന്ന തെലുങ്കാനാ പ്രക്ഷോഭത്തിന്‍െറ ഗതിമാറ്റത്തെക്കുറിച്ച സൂചനയാവാം. അതുമല്ലെങ്കില്‍ നേതാക്കളുടെ പേരിലുള്ള കേസില്‍ കടുത്ത പ്രതിഷേധവുമായി കഴിയുന്ന എം.ഐ.എം പ്രവര്‍ത്തകരുടെ വിവേകശൂന്യ നടപടിയും ആയിക്കൂടെന്നില്ല. സാമ്പ്രദായിക പാക് തീവ്രവാദസംഘടനകളുടെ കരങ്ങളും സംശയിക്കപ്പെടുന്നതില്‍ അസ്വാഭാവികതയില്ല. എന്തായാലും ആരായാലും പഴുതടച്ചതും കുറ്റമറ്റതുമായ അന്വേഷണം തന്നെയാണ് വസ്തുതകള്‍ പുറത്തുകൊണ്ടുവരേണ്ടത്. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍തന്നെ എന്ന പരമ്പരാഗത മുന്‍വിധിയില്‍നിന്ന് മുക്തമായിരിക്കണം അന്വേഷണമെന്നു മാത്രം.ഇന്ത്യാ മഹാരാജ്യത്തിന്‍െറ സ്വാസ്ഥ്യവും സമാധാനവും അപഹരിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ഭീകരാക്രമണങ്ങളെ സര്‍വരും ശക്തിയായി അപലപിക്കുകയും യു.എ.പി.എ പോലുള്ള വജ്രായുധങ്ങള്‍ സര്‍ക്കാറുകള്‍ യഥേഷ്ടം പ്രയോഗിക്കുകയും തീവ്രവാദവും ഭീകരതയും നേരിടാന്‍ അമേരിക്ക, ഇസ്രായേല്‍, ചില യൂറോപ്യന്‍ രാഷ്ട്രങ്ങള്‍, അയല്‍രാജ്യങ്ങള്‍ എന്നിവയുമായി നാം കരാറിലേര്‍പ്പെടുകയുമൊക്കെ ചെയ്തിട്ടും നിരപരാധികളുടെ ചോരപ്പുഴ ഒഴുക്കുന്ന ഈ ഘോരകൃത്യങ്ങളുടെ പരമ്പരക്ക് വിരാമമിടാന്‍ കഴിയാതെപോവുന്നത് എന്തുകൊണ്ടെന്ന് സഗൗരവം ചിന്തിക്കേണ്ട സമയം അതിക്രമിച്ചു. പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളനം ആരംഭിച്ചതേയുള്ളൂ. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ദേശരക്ഷയുടെ കാര്യം ഊന്നിപ്പറഞ്ഞു. പറച്ചിലുകള്‍ക്കപ്പുറത്ത് പ്രായോഗികമായി രാജ്യസുരക്ഷ ഉറപ്പാക്കാന്‍ എന്തു ചെയ്യാനാവുമെന്നാണ് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ചിന്തിക്കേണ്ടതും ചര്‍ച്ചചെയ്യേണ്ടതും. സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങളും തെരഞ്ഞെടുപ്പ് അജണ്ടയും മുന്നില്‍വെച്ച് നടത്തുന്ന വാക്പയറ്റോ ആരോപണപ്രത്യാരോപണങ്ങളോ നിരന്തരമായ സഭാസ്തംഭനമോ ഒരു ഗുണവും ചെയ്യില്ലെന്നു മാത്രമല്ല, രാജ്യത്തെ അശാന്തവും അരക്ഷിതവുമാക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ശക്തികള്‍ക്ക് ഈയവസ്ഥ കരുത്തുപകരുകയും ചെയ്യും. തീവ്രവാദവും ഭീകരതയും വളരാനുള്ള യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കാനുള്ള നേരായ ശ്രമങ്ങളിലല്ല ഭരണാധികാരികളടക്കം പലര്‍ക്കും താല്‍പര്യമെന്ന് കരുതേണ്ടിവരുന്നു. ഏറ്റവുമൊടുവില്‍ ജയ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍, ഭീകരരെ പരിശീലിപ്പിക്കുന്ന ഹിന്ദുത്വ ക്യാമ്പുകളെക്കുറിച്ച് ആഭ്യന്തരമന്ത്രി ഷിന്‍ഡെ മതിയായ തെളിവുകളോടെ ചെയ്ത പ്രസ്താവനയില്‍നിന്ന് അദ്ദേഹം പിറകോട്ടുപോവാന്‍ നിര്‍ബന്ധിതനായി. ഇന്ത്യന്‍ ഫാഷിസത്തിന്‍െറ ധാര്‍ഷ്ട്യം മതേതര സര്‍ക്കാറിനെയും ശക്തികളെയും അത്രത്തോളം ദുര്‍ബലമാക്കി എന്ന നഗ്നയാഥാര്‍ഥ്യമാണ് തന്മൂലം അനാവരണം ചെയ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഭീകരവാദിക്കൂട്ടങ്ങളെ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരാനും നിയമത്തിന്‍െറ പിടിയിലേല്‍പിക്കാനും എങ്ങനെ, എത്രത്തോളം സാധ്യമാവും എന്ന ചോദ്യം തികച്ചും പ്രസക്തമാണ്. ഭീകരതയെ ജാതിയും മതവും നോക്കാതെ നേരിടാന്‍ ത്രാണിയില്ലാതെ സ്വീകരിക്കപ്പെടുന്ന കടുത്ത സുരക്ഷാനടപടികള്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയെന്ന വിപരീതഫലമേ ചെയ്യൂ.




വീണ്ടും ഒരു ഭീകരരാത്രി ( മാത്രുഭൂമി )

Newspaper Edition
ഹൈദരാബാദിലെ ഇരട്ട സ്‌ഫോടനത്തില്‍ മരിച്ച 16 പേരും സാധാരണക്കാരാണ്. മിക്കവരും ചെറുപ്പക്കാര്‍ . എം.ബി.എ. വിദ്യാര്‍ഥികളായ വിജയകുമാര്‍, രാജു, പോളിടെക്‌നിക് വിദ്യാര്‍ഥി ഐജാസ് അഹമ്മദ്, 22-കാരനായ മുഹമ്മദ് റഫീക്ക്, പോലീസ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന രാജശേഖര - ഇവരൊക്കെയാണ് കണ്ണുംകാതുമില്ലാത്ത ഭീകരതയ്ക്ക് ഇരയായത്. 23-കാരന്‍ അബ്ദുള്‍ വാസി മാര്‍സിയെ ഇത്തവണയും ഭാഗ്യം തുണച്ചു. ഹൈദരാബാദിലെ തന്നെ മെക്ക മസ്ജിദ് സ്‌ഫോടനത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ടയാളാണ് ഈ ചെറുപ്പക്കാരന്‍. ഓരോ ഭീകരാക്രമണവും വലിയ ഞെട്ടലാണ് കൊണ്ടുവരുന്നത്. ക്രമേണ രാജ്യവും നഗരപ്രദേശങ്ങളും സാധാരണ നിലയിലേക്ക് മടങ്ങും. എന്നാലും ഉറ്റ ബന്ധുക്കളെ നഷ്ടപ്പെട്ടവര്‍ക്ക് അത് എന്നെന്നും നീറുന്ന സ്മരണയാണ്. അവര്‍ക്ക് എല്ലാ സഹായവും എത്തിക്കുകയെന്നതാണ് അടിയന്തരമായ കര്‍ത്തവ്യം. ഭീകരാക്രമണം തടയാന്‍ എല്ലാ പഴുതുകളും അടയ്ക്കുകയെന്നത് ഒരുപക്ഷേ, സാധ്യമല്ലായിരിക്കാം. സുരക്ഷാവിഭാഗങ്ങളുടെ ജാഗ്രത കൊണ്ട് ഇത്തരത്തിലുള്ള പല നീക്കങ്ങളും തടയപ്പെടുന്നുമുണ്ടാവണം. മുളയിലേതന്നെ അത്തരം ഭീകരമായ ആലോചനകള്‍ കരിഞ്ഞു പോകുന്നുമുണ്ടാവണം. അതുപക്ഷേ, പൊതുജനങ്ങള്‍ അറിയുന്നില്ലെന്നു മാത്രം. എങ്കിലും ഓരോ സംഭവത്തിനുംശേഷം വിവിധതലങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങള്‍ സുരക്ഷാ സംവിധാനത്തിലെ ചില പാളിച്ചകള്‍ പുറത്തുകൊണ്ടു വരാറുണ്ട്. ദില്‍സുഖ് നഗറിലെ സ്‌ഫോടനത്തിന്റെ പിറകിലും ഇത്തരത്തിലുള്ള ചില പഴുതുകള്‍ കാണാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് എന്തുകൊണ്ട് തുടരെ സംഭവിക്കുന്നു?

കടകളും സിനിമാതിയേറ്ററുകളും റസ്റ്റോറന്റുകളും ഒരു അമ്പലവും നിലകൊള്ളുന്ന, ആളുകള്‍ തിക്കിത്തിരക്കുന്ന, നഗരപ്രാന്തമാണ് ദില്‍സുഖ്‌നഗര്‍. ഇവിടം സ്‌ഫോടനം നടക്കാന്‍ സാധ്യതയുള്ള ഇടമാണെന്ന് ഡല്‍ഹി പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഈ പ്രദേശത്ത് ബോംബ് സ്‌ഫോടനം നടത്താനുള്ള ഉദ്ദേശ്യത്തോടെ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയുടെ ഒരു പ്രവര്‍ത്തകന്‍ നിരീക്ഷണം നടത്തിയതായി, കഴിഞ്ഞവര്‍ഷം ആ പ്രവര്‍ത്തകനെ പിടികൂടിയപ്പോള്‍ ഡല്‍ഹി പോലീസ് മനസ്സിലാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി പോലീസ് ഈ വിവരം കൈമാറുകയും ചെയ്തിരുന്നു. മൂന്നുദിവസം മുമ്പ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ ഹൈദരാബാദ്, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ സ്‌ഫോടനം നടക്കാനുള്ള സാധ്യതയെക്കുറിച്ച് സൂചനയും നല്‍കിയിരുന്നുവത്രെ. എന്നാല്‍, ഇതുസംബന്ധിച്ച് സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുംവിധം, ലഭിച്ച വിവരം കൃത്യമായിരുന്നില്ലെന്നാണ് ഇതേക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ പറഞ്ഞത്. ഇതു ശരിയായിരിക്കാം. അതേസമയം, ചില ആപത് സൂചനകള്‍ കണ്ടിരുന്നു. സ്‌ഫോടനം നടന്ന സ്ഥലത്തിനുസമീപം സ്ഥാപിച്ചിരുന്ന ഒരു സുരക്ഷാക്യാമറയുടെ വയറുകള്‍ അറുത്തുമാറ്റിയത് അധികാരികളുടെ കണ്ണില്‍ പ്പെട്ടിരുന്നതായി പറയുന്നു. എന്നാല്‍, ഇത് ശരിയാക്കാനുള്ള നടപടിയുണ്ടായില്ല. ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച സത്യാവസ്ഥ കൂടുതല്‍ അന്വേഷണത്തില്‍നിന്നേ വെളിപ്പെടൂ. എന്നാല്‍, കാര്യങ്ങളെ അയഞ്ഞമട്ടില്‍ കാണാനുള്ള ഒരു പ്രവണത പൊതുവേയുണ്ട്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സാധാരണ ഇത്തരം നീചകൃത്യങ്ങള്‍, രക്തത്തില്‍ കൈമുക്കി, കൊട്ടിഗ്‌ഘോഷിക്കുകയാണല്ലോ അത് ചെയ്യുന്നവരുടെ പതിവ്. എന്നാല്‍, വിവരങ്ങള്‍ മുഴുവന്‍ ലഭിക്കും മുന്‍പേ, ധൃതിപിടിച്ച് ഒരു നിഗമനത്തില്‍ എത്താതിരിക്കുന്നതാണ് നല്ലത്. ഹൈദരാബാദിലെ പഴയ നഗരപ്രദേശത്ത്, മെക്ക മസ്ജിദില്‍ 2007-ല്‍ നടന്ന സ്‌ഫോടനത്തിനുപിന്നില്‍ ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്‌ലാമി എന്ന സംഘടനയാണെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. ചിലരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. എന്നാല്‍, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ.) പിന്നീട് വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകളില്‍ പെട്ട ആറുപേരെ അറസ്റ്റ്‌ചെയ്തു. പലതവണ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടുള്ള സ്ഥലമാണ് ഹൈദരാബാദ്.

അമേരിക്കയില്‍ ഭീകരാക്രമണം നടന്നതിനുശേഷം, അവിടെ അതുപോലുള്ള ഒരാക്രമണം പിന്നീട് ഉണ്ടായിട്ടില്ലെന്ന് - ഉണ്ടാവാതിരിക്കട്ടെ - സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരും ചൂണ്ടിക്കാട്ടാറുള്ളതാണ്. സുരക്ഷാ കാര്യത്തില്‍ ആ നിലവാരത്തിലേക്ക് ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് എത്താനാവുമോ എന്നാലോചിക്കുമ്പോള്‍ നിരവധി ഘടകങ്ങളും കണക്കിലെടുക്കണം. സാമൂഹികമായ അസന്തുലിതാവസ്ഥ, വിഘടനവാദങ്ങള്‍, അശാന്തമായ അയല്‍പ്പക്കം, സായുധരായ തീവ്ര ഇടതുപക്ഷം ഇതൊക്കെ ഇന്ത്യ നേരിടുന്ന വെല്ലുവിളികളാണ്. സുരക്ഷാ സംവിധാനങ്ങളും രഹസ്യാന്വേഷണവും ശക്തിപ്പെടുത്തണം എന്ന കാര്യത്തില്‍ സംശയമില്ല. പലതരം തീവ്രവാദങ്ങള്‍ക്ക് തഴച്ചുവളരാനുള്ള സാമൂഹികമായ സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയെന്നതും പ്രധാനമാണ്.




ഭീകരതയ്ക്കെതിരെ ഒന്നിച്ചുനില്‍ക്കണം  (മനോരമ)


malmanoramalogoചെറിയൊരു ഇടവേളയ്ക്കുശേഷം ഭീകരര്‍ അവരുടെ കരാളദംഷ്ട്രകള്‍ വീണ്ടും ഇന്ത്യയുടെ നേരെ ഉയര്‍ത്തിയിരിക്കുകയാണ്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത അവരുടെ ഉദ്ദേശ്യം ഇത്തവണയും പരമാവധി നാശനഷ്ടങ്ങളുണ്ടാക്കുകയായിരുന്നുവെന്നു വ്യക്തം. ഹൈദരാബാദ് നഗരത്തിലെ ജനത്തിരക്കുള്ള ദില്‍സുക്ക് നഗര്‍ പ്രദേശവും അവിടെ ജനങ്ങള്‍ ഏറ്റവുമധികം തടിച്ചുകൂടുന്ന സന്ധ്യാനേരവുമാണ് അവര്‍ ആക്രമണത്തിനു വേണ്ടി തിരഞ്ഞെടുത്തത്. രണ്ടു സിനിമാശാലകള്‍ക്കു സമീപം സൈക്കിളുകളില്‍ ഘടിപ്പിച്ചിരുന്ന ബോംബുകള്‍ ഏതാനും മിനിറ്റുകള്‍ ഇടവിട്ടു പൊട്ടി 16 പേര്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ മിക്കവരും ചെറുപ്പക്കാര്‍. ആശുപത്രിയിലുള്ള ചിലരുടെ നില ഗുരുതരമാണ്. ഈ സംഖ്യകള്‍ സൂചിപ്പിക്കുന്നതിനെക്കാള്‍ വലിയ ആഘാതമാണു ഭീകരത തിരിച്ചെത്തിയെന്ന തിരിച്ചറിവ് നമ്മിലുണ്ടാക്കുന്നത്.

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഒന്‍പതു തവണ ആക്രമണം നടന്ന നഗരമാണു ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ജനവാസ കേന്ദ്രങ്ങളിലൊന്നായ ഹൈദരാബാദ്. 2007ലെ ഇരട്ട സ്ഫോടനത്തില്‍ നാല്‍പതിലേറെ പേരാണു മരിച്ചത്. എന്നാല്‍, അതിനുശേഷം ഹൈദരാബാദ് അത്തരം സംഭവങ്ങളില്‍ നിന്നു വിമുക്തമായിരുന്നു. ഭീകരര്‍ അടങ്ങിയിരിക്കുകയായിരുന്നുവെന്ന് ഇതിനര്‍ഥമില്ല. ശക്തമായ ഇന്റലിജന്‍സ്, സുരക്ഷാ സംവിധാനങ്ങള്‍ അവരുടെ കുത്സിതശ്രമങ്ങള്‍ക്കു തടയിടുകയായിരുന്നുവെന്നു വേണം കരുതാന്‍. അതിനാണ് ഇപ്പോള്‍ ഭംഗം സംഭവിച്ചിരിക്കുന്നത്. ഇതിനു മുന്‍പ് ഇന്ത്യയില്‍ നടന്ന ഏറ്റവും ഒടുവിലത്തെ ഭീകരാക്രമണം 2011 സെപ്റ്റംബറില്‍ ഡല്‍ഹി ഹൈക്കോടതിയുടെ കവാടത്തിലുണ്ടായ ബോംബ് സ്ഫോടനമായിരുന്നു. 13 പേര്‍ മരിച്ചു. അതിനുശേഷം ഒന്നരവര്‍ഷം കഴിയുന്നതിനു മുന്‍പാണു ഹൈദരാബാദിലെ ഇരട്ടസ്ഫോടനത്തിലൂടെ ഭീകരര്‍ നമ്മുടെ നാടിനു മുന്നില്‍ വീണ്ടും വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.

മുംബൈ ആക്രമണക്കേസിലെ പാക്കിസ്ഥാന്‍കാരനായ പ്രതി അജ്മല്‍ കസബിനെ കഴിഞ്ഞ നവംബറില്‍ തൂക്കിക്കൊന്നതിനെ തുടര്‍ന്നു ലഷ്കറെ തയിബ പോലുള്ള പാക്ക് ഭീകരസംഘടനകള്‍ ഇന്ത്യയ്ക്കെതിരെ ആക്രമണഭീഷണി മുഴക്കിയിരുന്നു. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിനെ ഈമാസം ഒന്‍പതിനു തൂക്കിക്കൊന്നതോടെ അവര്‍ ഭീഷണി ആവര്‍ത്തിക്കുകയും ചെയ്തു. അഫ്സല്‍ ഗുരുവിന്റെ മരണത്തിനു പകവീട്ടുമെന്ന് ഇന്ത്യന്‍ മുജാഹിദീന്‍ പോലുള്ള ഭീകര സംഘടനകളും ഭീഷണിപ്പെടുത്തുകയുണ്ടായി. അതിനെ തുടര്‍ന്നു വന്‍നഗരങ്ങളിലെല്ലാം അതീവ ജാഗ്രത പുലര്‍ത്തണമെന്നു കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഏതെങ്കിലും പ്രത്യേക നഗരത്തില്‍ ആക്രമണമുണ്ടാകുമെന്നു സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കിയിരിക്കുന്നത്.

ഹൈദരാബാദ് സ്ഫോടനത്തിന് ഉത്തരവാദിയായി സംശയിക്കപ്പെടുന്നതു നിരോധിക്കപ്പെട്ട ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദീനാണ്. സ്ഫോടനത്തിന് ഉപയോഗിച്ച രീതിയാണ് ഈ സംശയത്തിനു കാരണം. ഇന്ത്യയിലെ മറ്റുചില നഗരങ്ങളില്‍ നടന്ന സ്ഫോടനങ്ങളിലും അവര്‍ സൈക്കിള്‍ ബോംബുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, ഹൈദരാബാദ് സ്ഫോടനവുമായി ബന്ധപ്പെട്ടു പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍  മന്ത്രി ഷിന്‍ഡെ ഒരു സംഘടനയുടെയും പേരു പറഞ്ഞിട്ടില്ല.

കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുന്‍പിലെത്തിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണു കേന്ദ്ര ഗവണ്‍മെന്റിനുള്ളത്. അത്രതന്നെ ഭാരിച്ചതും സങ്കീര്‍ണവുമാണ് ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടുന്നതു തടയുക എന്നതും. ഇന്റലിജന്‍സ് - സുരക്ഷാസംവിധാനങ്ങളില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടോ എന്നു കണ്ടുപിടിക്കുകയും ആവശ്യമായ പ്രതിവിധികള്‍ ഉടന്‍ കൈക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്. ന്യൂയോര്‍ക്കിലും വാഷിങ്ടണിലും 2001 സെപ്റ്റംബറിലുണ്ടായ ഭീകരാക്രമണം അമേരിക്കയുടെ ഇന്റലിജന്‍സ് - സുരക്ഷാ സംവിധാനങ്ങള്‍ ഉടച്ചുവാര്‍ക്കുന്നതിനു വഴിയൊരുക്കിയിരുന്നു. അതിനുശേഷവും രാജ്യാന്തരഭീകരര്‍ അമേരിക്കയ്ക്കെതിരെ പല തവണ ആക്രമണഭീഷണി മുഴക്കിയെങ്കിലും ഒരിക്കലും അവര്‍ക്ക് അമേരിക്കയെ സ്പര്‍ശിക്കാനായില്ല. ഭീകരതയെ നേരിടുന്ന ഇന്ത്യയെപ്പോലുള്ള എല്ലാ രാജ്യങ്ങള്‍ക്കും അതില്‍ വ്യക്തമായ പാഠമുണ്ട്.

മികച്ച ഇന്റലിജന്‍സ് സംവിധാനത്തിനു ഭീകരാക്രമണങ്ങള്‍ തടയാനാകുമെന്നാണു മറ്റു ചില രാജ്യങ്ങളിലും പൊലീസിന്റെ തക്കസമയത്തുള്ള ഇടപെടല്‍മൂലം അലസിപ്പോയ പല ഭീകരാക്രമണ പരിപാടികളും സാക്ഷ്യപ്പെടുത്തുന്നത്. ഭീകരസംഘടനകള്‍ ലക്ഷ്യപ്രാപ്തിക്കായി ഉന്നത സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന ഇക്കാലത്ത് അവരെ മറികടക്കുന്ന വിദ്യകളും തന്ത്രങ്ങളും സ്വായത്തമാക്കാനും അധികൃതര്‍ക്കു കഴിയണം. ഇതുപോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരെ ജനങ്ങളെല്ലാം ഒന്നിച്ചുനില്‍ക്കുകയും വേണം.

No comments:

Post a Comment