മുഖപ്രസംഗം February 11 - 2013
1. നിയമത്തിന്‍െറ വഴി നീതിയുടേതു കൂടിയാവട്ടെ (മാധ്യമം)
2001 ഡിസംബര്‍ 13ന് 14 പേരുടെ മരണത്തിനിടയാക്കിയ, ഇന്ത്യന്‍ പാര്‍ലമെന്‍റിനു നേരെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ജമ്മു-കശ്മീരിലെ ജയ്ശെ മുഹമ്മദ് തീവ്രവാദി മുഹമ്മദ് അഫ്സല്‍ ഗുരുവിന് 2002 ഡിസംബര്‍ 18ന് വിധിച്ച വധശിക്ഷ ശനിയാഴ്ച തിഹാര്‍ ജയിലില്‍ നടപ്പാക്കി. 2005 ആഗസ്റ്റ് നാലിന് അഫ്സല്‍ ഗുരുവിന്‍െറ വധശിക്ഷ ശരിവെച്ച സുപ്രീംകോടതി, ‘വന്‍തോതില്‍ ജീവാപായങ്ങള്‍ക്ക് ഇടയാക്കിയ സംഭവം രാജ്യത്തെ ഉലച്ചുകളഞ്ഞെന്നും ഗൂഢാലോചനക്കാരന്‍ കുറ്റകൃത്യത്തില്‍ പങ്കാളിയല്ലെങ്കില്‍ കൂടി ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് വധശിക്ഷക്ക് അര്‍ഹനാണെന്നും കുറ്റവാളിക്ക് പരമാവധി ശിക്ഷ നല്‍കിയാലേ സമൂഹമനസ്സാക്ഷിക്ക് തൃപ്തിയാവൂ’ എന്നാണ് പ്രസ്താവിച്ചത്
നിയമത്തിന്‍െറ വഴി നീതിയുടേതു കൂടിയാവട്ടെ (മാധ്യമം)
2001 ഡിസംബര്‍ 13ന് 14 പേരുടെ മരണത്തിനിടയാക്കിയ, ഇന്ത്യന്‍ പാര്‍ലമെന്‍റിനു നേരെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ജമ്മു-കശ്മീരിലെ ജയ്ശെ മുഹമ്മദ് തീവ്രവാദി മുഹമ്മദ് അഫ്സല്‍ ഗുരുവിന് 2002 ഡിസംബര്‍ 18ന് വിധിച്ച വധശിക്ഷ ശനിയാഴ്ച തിഹാര്‍ ജയിലില്‍ നടപ്പാക്കി. 2005 ആഗസ്റ്റ് നാലിന് അഫ്സല്‍ ഗുരുവിന്‍െറ വധശിക്ഷ ശരിവെച്ച സുപ്രീംകോടതി, ‘വന്‍തോതില്‍ ജീവാപായങ്ങള്‍ക്ക് ഇടയാക്കിയ സംഭവം രാജ്യത്തെ ഉലച്ചുകളഞ്ഞെന്നും ഗൂഢാലോചനക്കാരന്‍ കുറ്റകൃത്യത്തില്‍ പങ്കാളിയല്ലെങ്കില്‍ കൂടി ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് വധശിക്ഷക്ക് അര്‍ഹനാണെന്നും കുറ്റവാളിക്ക് പരമാവധി ശിക്ഷ നല്‍കിയാലേ സമൂഹമനസ്സാക്ഷിക്ക് തൃപ്തിയാവൂ’ എന്നാണ് പ്രസ്താവിച്ചത്. അതിനെ ശരിവെക്കുന്ന പ്രതികരണങ്ങള്‍ തന്നെയാണ് ഭരണ, പ്രതിപക്ഷപാര്‍ട്ടികളില്‍ നിന്നുണ്ടായത്.
പരമോന്നത നീതിപീഠം 2006 സെപ്റ്റംബറില്‍ അഫ്സല്‍ ഗുരുവിന്‍െറ റിവ്യൂ ഹരജി തള്ളിയതിനെ തുടര്‍ന്ന് തൊട്ടടുത്ത മാസം അഫ്സലിന്‍െറ ഭാര്യ രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിച്ചു. അന്നുതൊട്ട് അഫ്സലിനെ തൂക്കിലേറ്റുന്നതിന് അനുകൂലവും പ്രതികൂലവുമായ വാദകോലാഹലങ്ങള്‍ നടന്നുവരുകയായിരുന്നു. 2001ല്‍ ബി.ജെ.പി നയിച്ച എന്‍.ഡി.എ സര്‍ക്കാറിന്‍െറ പ്രതിച്ഛായ ശവപ്പെട്ടി കുംഭകോണത്തില്‍ തകര്‍ന്നടിഞ്ഞ സന്ദര്‍ഭത്തില്‍ നടന്ന പാര്‍ലമെന്‍റ് ഭീകരാക്രമണത്തിന്‍െറ ഉത്തരവാദികളെ മുഴുവന്‍ നിയമത്തിനു മുന്നിലെത്തിക്കുന്നതിനു പകരം ഗൂഢാലോചനയില്‍ പങ്കാളിത്തം വഹിച്ചതിന് വധശിക്ഷ വിധിക്കപ്പെട്ട അഫ്സലിനെ തൂക്കിക്കൊല്ലുന്നതിലായിരുന്നു സംഘ്പരിവാറിന് തിടുക്കം. സൈന്യത്തിനു കീഴടങ്ങിയ തീവ്രവാദിയായി സ്പെഷല്‍ ടാസ്ക് ഫോഴ്സിന്‍െറ വരുതിയില്‍ കഴിഞ്ഞ അഫ്സല്‍ എസ്.ടി.എഫ് ക്യാമ്പില്‍ വെച്ചാണ് പാര്‍ലമെന്‍റ് ആക്രമണത്തില്‍ പങ്കാളികളായ മുഹമ്മദ്, താരിഖ് എന്നിവരെ പരിചയപ്പെട്ടതെന്ന് വിചാരണകോടതിയില്‍ രേഖപ്പെട്ടതാണ്. 2001 ഡിസംബര്‍ 19ന് താണെ പൊലീസ് കമീഷണര്‍ എസ്.എം. ശങ്കരി, പാര്‍ലമെന്‍റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ലശ്കറെ ത്വയ്യിബ തീവ്രവാദി മുഹമ്മദ് യാസിന്‍ ഫതഹ് മുഹമ്മദ് എന്ന അബൂഹംസയാണെന്നും 2000 നവംബറില്‍ മുംബൈയില്‍ പിടികൂടിയ ഇയാളെ ജമ്മു-കശ്മീര്‍ പൊലീസിന് കൈമാറിയതാണെന്നും വ്യക്തമാക്കിയിരുന്നു. ഈ മുഹമ്മദിനെ എസ്.ടി.എഫ് ക്യാമ്പില്‍ അഫ്സല്‍ ഗുരു പരിചയപ്പെട്ടത്, അയാള്‍ പിന്നീട് ദല്‍ഹിയിലെത്തിയതും പാര്‍ലമെന്‍റ് ആക്രമണത്തില്‍ വധിക്കപ്പെട്ടതും എങ്ങനെ എന്നു തുടങ്ങി ആക്രമണത്തിന്‍െറ ശരിയായ രേഖയായ സി.സി.ടി.വി ദൃശ്യങ്ങള്‍ കേസ് ഡയറിയുടെ ഭാഗമാകാതെ പോയത് തുടങ്ങി പ്രസക്തമായ ഒട്ടേറെ സംശയങ്ങള്‍ പൗരാവകാശ, സാമൂഹികപ്രവര്‍ത്തകരും കേസ് വിശകലനം ചെയ്ത നിയമവിശാരദരുമൊക്കെ ഉന്നയിച്ചുകൊണ്ടിരുന്നതാണ്. ഈ ചോദ്യങ്ങളൊക്കെയും സംഭവത്തിലെ ഏകസാക്ഷി കൂടിയായ അഫ്സലിനൊപ്പം മറമാടിക്കഴിഞ്ഞു. ഭീകരാക്രമണത്തിന്‍െറ പ്രണേതാക്കളും പ്രചോദകങ്ങളും എന്തെന്ന ചോദ്യങ്ങളുടെ വേട്ടയില്‍നിന്ന് രാഷ്ട്രം ഇപ്പോഴും സുരക്ഷിതമായിട്ടില്ല. ഭീകരതയെ വേരോടെ പിഴുതു കളയുന്നതിനു പകരം ചില പ്രതീകങ്ങളെ പടച്ചുകൊല്ലുന്ന രീതിയാണ് അഫ്സലിന്‍െറ വധശിക്ഷ നടപ്പാക്കിയതില്‍ സംഭവിച്ചത്.
ഏതു വിഷയവും വര്‍ഗീയവത്കരിച്ച് നേട്ടംകൊയ്യാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ അഫ്സലിന്‍െറ ശിക്ഷയെ ദേശക്കൂറിന്‍െറയും ഭീകരതക്കെതിരായ പോരാട്ടവീര്യത്തിന്‍െറയും മാനദണ്ഡമാക്കി വളര്‍ത്തുന്നതിലും കോണ്‍ഗ്രസ് മുന്നണി ഗവണ്‍മെന്‍റിനെ പ്രതിരോധത്തിലാക്കുന്നതിലും വിജയിച്ചപ്പോള്‍ അതിനെ തകിടംമറിക്കാനാണ് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിന്‍െറ വധശിക്ഷക്കു പിന്നാലെ അതീവ രഹസ്യമായി അഫ്സലിനെ കൂടി തൂക്കിലേറ്റിയത്. കൊട്ടിഘോഷിക്കപ്പെട്ട ഭീകരതയുടെ രണ്ടു പ്രതിരൂപങ്ങളെ ഇല്ലായ്മ ചെയ്തതിലൂടെ ഭീകരവിരുദ്ധ പോരാട്ടത്തിന്‍െറ ചാമ്പ്യന്‍ പട്ടം ബി.ജെ.പിയില്‍നിന്ന് കോണ്‍ഗ്രസ് പിടിച്ചുവാങ്ങി. അതിന്‍െറ സന്തോഷം കോണ്‍ഗ്രസിന്‍െറയും നിരാശ ബി.ജെ.പിയുടെയും പ്രതികരണത്തില്‍ പ്രകടമാണ്. എട്ടുവര്‍ഷമായി തട്ടിക്കളിച്ച ഒരു പ്രശ്നത്തില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പും അതില്‍ വലതുപക്ഷ രാഷ്ട്രീയ അജണ്ട ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ബി.ജെ.പിയുടെ കൊണ്ടുപിടിച്ച ശ്രമവും മറികടക്കാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയ എളുപ്പവഴിയാണിത്. ജനുവരി 20നു ജയ്പൂരില്‍ സമാപിച്ച കോണ്‍ഗ്രസ് ചിന്തന്‍ ശിബിരില്‍ ഹിന്ദുത്വഭീകരതക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ നടത്തിയ രൂക്ഷമായ ആക്രമണം പോലും ഇതിനുവേണ്ടിയുള്ള രംഗമൊരുക്കലായിരുന്നു എന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. കാവിഭീകരതക്കെതിരായ പ്രസ്താവനയിലൂടെ ന്യൂനപക്ഷത്തെ കൈയിലെടുക്കാന്‍ നോക്കിയതിന്‍െറ പിറ്റേന്നാളാണ് അഫ്സല്‍ ഗുരുവിന്‍െറ ദയാഹരജി തള്ളാന്‍ രാഷ്ട്രപതിക്ക് ആഭ്യന്തരമന്ത്രാലയം ശിപാര്‍ശ ചെയ്യുന്നത്. അതനുസരിച്ച് ഫെബ്രുവരി മൂന്നിന് ഹരജി തള്ളി. ഒമ്പതിന് ശിക്ഷ നടപ്പാക്കി. സംഘ്പരിവാറിനെതിരെ കാടിളക്കിയ ആഭ്യന്തര മന്ത്രിക്കെതിരെ വരാനിരിക്കുന്ന ബജറ്റ്സമ്മേളനത്തില്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്ത ബി.ജെ.പിയുടെ മുനയൊടിച്ചു കളഞ്ഞ്, അവരേക്കാള്‍ ഒരുമുഴം മുമ്പിലെറിഞ്ഞൂ കോണ്‍ഗ്രസ്. സമാനശിക്ഷ വിധിക്കപ്പെട്ട ഇതിനേക്കാള്‍ പഴയ രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളടക്കം രാഷ്ട്രപതി ദയാഹരജി തള്ളിയിട്ട് ഒന്നരവര്‍ഷം പിന്നിട്ടശേഷവും ജയിലില്‍ തുടരുമ്പോഴാണ് ഗുരുവിനെ തൂക്കിലേറ്റിയത്. രാഷ്ട്രസുരക്ഷയേക്കാള്‍ രാഷ്ട്രീയ നില്‍ക്കക്കള്ളിക്കാണ് മുന്‍ഗണനയെന്നതിന്‍െറ തെളിവാണിതെന്ന കുറ്റപ്പെടുത്തല്‍ തള്ളിക്കളയാനാവില്ല. കശ്മീരില്‍നിന്നുയരുന്ന വികാരപ്രകടനങ്ങള്‍ വാര്‍ത്താവിനിമയ മാധ്യമങ്ങള്‍ക്കു താഴിട്ടുകൊണ്ടുള്ള അടിയന്തരാവസ്ഥയിലൂടെ തല്‍ക്കാലം ഗവണ്‍മെന്‍റ് അടിച്ചമര്‍ത്തുന്നുണ്ടെങ്കിലും മഖ്ബൂല്‍ ഭട്ടിന്‍െറ പഴങ്കഥ മറന്ന പുതുതലമുറയെ രാഷ്ട്രത്തിനെതിരെ തിരിക്കാനുള്ള വടിയായി അഫ്സല്‍ വധം മാറുമോ എന്ന ആശങ്കയും അസ്ഥാനത്തല്ല. അതിനാല്‍, നിയമത്തെ നിയമത്തിന്‍െറ വഴിക്കു നടത്തുന്നതോടൊപ്പം അത് നീതിയുടെയും ന്യായത്തിന്‍െറയും വഴി തന്നെയാണെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യതയും വരുംനാളുകളില്‍ ഭരണകൂടത്തിനുണ്ട്.
മാധ്യമങ്ങള്‍ ധാര്‍മികത കൈവിടരുത് (മാതൃഭൂമി )
ന്യൂഡല്‍ഹിയില്‍ യുവതിയെ ബസ്സില്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാജ്യത്താകമാനം കടുത്ത ജനരോഷം ഉയര്‍ത്തിയിരുന്നു. ആ സംഭവം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതോടെ സ്ത്രീകള്‍ക്കെതിരായ മറ്റ് അതിക്രമങ്ങളും കേസുകളും അവയുടെ നടത്തിപ്പിലെ കാലതാമസവും ശ്രദ്ധിക്കപ്പെട്ടു. സൂര്യനെല്ലി പീഡനക്കേസില്‍ കൊല്ലങ്ങളായി പരിഗണിക്കപ്പെടാതിരുന്ന അപ്പീലിനും അതോടെ പൊടുന്നനെ ജീവന്‍വച്ചു. അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി കേസ് അന്നുതന്നെ ഹൈക്കോടതിയില്‍ വീണ്ടും വാദം കേള്‍ക്കാന്‍ തിരിച്ചയച്ചു. അതോടെ ആ കേസില്‍ ഇരയ്ക്ക് നീതി ലഭിക്കാനുള്ള അവസരമാണ് തുറന്നിട്ടുള്ളത്. സൂര്യനെല്ലി കേസില്‍ ധര്‍മരാജന്‍ ഒഴികെയുള്ള പ്രതികളെ വിട്ടയച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ മുന്‍ ഉത്തരവും ഈ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പ്രസ്തുത വിധിയെഴുതിയ ഡിവിഷന്‍ ബെഞ്ചിലെ സീനിയര്‍ ജഡ്ജി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. രണ്ടാമത്തെ ജഡ്ജിയായ ജസ്റ്റിസ് ആര്‍.ബസന്ത് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ശേഷം സുപ്രീം കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്.
സൂര്യനെല്ലി കേസിലെ വിധിന്യായത്തെക്കുറിച്ച് സ്വകാര്യസംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞ വിവരങ്ങള്‍ ഒരു ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടത് ഏറെ വിവാദമായിരിക്കയാണ്. സ്വകാര്യസംഭാഷണമെന്ന് വ്യക്തമാക്കിയിട്ടും അത് പാലിക്കപ്പെട്ടില്ലെന്നാണ് ജസ്റ്റിസ് ആര്‍.ബസന്തിന്റെ ആക്ഷേപം. സംഭാഷണം രഹസ്യമായി ക്യാമറയില്‍ പകര്‍ത്തി പുറത്തുവിടുകയായിരുന്നുവെന്നാണ് കരുതേണ്ടത്. താന്‍ മുന്‍പ് പുറപ്പെടുവിച്ച വിധിന്യായത്തെപ്പറ്റി അഭിപ്രായം പറയാന്‍ താത്പര്യമില്ലെന്ന് ആദ്യം തന്നെ മാധ്യമപ്രവര്‍ത്തകയോട് വ്യക്തമാക്കിയിരുന്നതായി ജസ്റ്റിസ് ബസന്ത് പറയുന്നു. മാധ്യമങ്ങളിലൂടെ പുറത്തുവിടാനുള്ളതല്ലെന്ന വ്യവസ്ഥയോടെ സ്വകാര്യസംഭാഷണത്തില്‍ പറയുന്ന കാര്യങ്ങള്‍ ചാനല്‍ സംപ്രേഷണം ചെയ്യുന്നത് ധാര്‍മികതയ്ക്ക് നിരക്കാത്ത നടപടിയാണ്. ജനങ്ങള്‍ക്ക് വിവരം അറിയാന്‍ അവകാശമുണ്ട്. വിവരങ്ങള്‍ ശേഖരിക്കലാണ് മാധ്യമപ്രവര്‍ത്തകരുടെ ധര്‍മം. എന്നാല്‍ വ്യക്തികള്‍ക്ക് അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും തുറന്നുപറയാതിരിക്കാനും അവകാശമുണ്ട്. ഇവിടെ സ്വകാര്യതയ്ക്കുള്ള ജസ്റ്റിസ് ബസന്തിന്റെ അവകാശത്തിന്റെ ലംഘനമാണ് നടന്നത്. അത് മാധ്യമധര്‍മത്തിന് എതിരായ നടപടിയായി. 'ഓഫ് ദ റെക്കോഡ്' എന്ന രീതിയില്‍ പറയുന്ന വിവരങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ പറഞ്ഞതാരെന്ന് വെളിപ്പെടുത്താതെ പുറത്തുവിടാറുണ്ട്. എന്നാല്‍ ഇവിടെ സംസാരത്തിന്റെ ദൃശ്യങ്ങള്‍തന്നെയാണ് പുറത്തുവിട്ടത്. പറയുന്ന വിവരങ്ങള്‍ സ്വകാര്യമായിരിക്കണമെന്ന് പറയുന്നവരോട് വിശ്വസ്തത പുലര്‍ത്തുകയെന്നതാണ് മാധ്യമധര്‍മവും തൊഴിനോട് ചെയ്യാവു ന്ന നീതിയും അത് ലംഘിക്കപ്പെടുന്നത് ഉചിതമല്ല. അത്തരം നടപടികള്‍ മറ്റു മാധ്യമപ്രവര്‍ത്തകരെക്കൂടി വിഷമത്തിലാക്കുകയും ചെയ്യും.
സൂര്യനെല്ലി കേസിനെക്കുറിച്ച് ജസ്റ്റിസ് ബസന്ത് പറഞ്ഞത് സ്വകാര്യത നിലനിര്‍ത്തിക്കൊണ്ടാണെന്നതിനാല്‍ അതേപ്പറ്റി അഭിപ്രായം പറയുന്നത് ശരിയല്ല. അതിനാല്‍ സംഭാഷണത്തിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ മുതിരുന്നില്ല. അതേസമയം, ഇത്തരമൊരു വിവാദത്തിന്റെ പേരില്‍ സൂര്യനെല്ലി കേസിന് പ്രാധാന്യം നഷ്ടമാകുന്ന അവസ്ഥ ഉണ്ടാകരുത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ്സേ ആയിരുന്നുള്ളൂ. ആ കുട്ടിയെ ബസ് കണ്ടക്ടറായ യുവാവ് പ്രേമം നടിച്ച് കൂടെക്കൂട്ടുകയും മറ്റു ചിലര്‍ക്ക് കൈമാറുകയുമായിരുന്നു. ഭീഷണിപ്പെടുത്തിയും മയക്കുഗുളിക നല്‍കിയുമാണ് പലരും ബലാത്സംഗം ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഒന്നരമാസത്തോളം നീണ്ട പീഡനത്തിനുശേഷം വീട്ടുകാര്‍ക്കടുത്തെത്തിക്കപ്പെടുമ്പോള്‍ പെണ്‍കുട്ടി തീര്‍ത്തും അവശയായിരുന്നു. ദേഹത്തേറ്റ മുറിവുകള്‍ കടുത്തതായിരുന്നു എന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തിയിരുന്നു.സ്വയം തീരുമാനമെടുക്കാനും ലോക വ്യവഹാരങ്ങളെ വിവേചിച്ചറിയാനുമുള്ള പ്രായമാകാത്ത കാലത്ത് അവള്‍ക്ക് കടുത്ത പീഡനമാണ് മുതിര്‍ന്നവരുടെയും സ്വാധീനശക്തിയുള്ളവരുടെയും ചൂഷണത്തിലൂടെ അനുഭവിക്കേണ്ടിവന്നത്. നിയമപ്രകാരം എന്തുപേരിട്ട് വിളിച്ചാലും ആ പെണ്‍കുട്ടിക്ക് അത് താങ്ങാനാവാത്തതായിരുന്നു. സംഭവം നടന്നിട്ട് കാലമേറെ കടന്നുപോയി. അതേപ്പറ്റി മറന്ന് പെണ്‍കുട്ടി സ്വതന്ത്രമായൊരു ജീവിതം നയിക്കേണ്ട സമയത്താണ് എല്ലാം വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്. ഈ മാനസികവ്യഥ ഇനിയും നീണ്ടുകൂടാ. ആ പെണ്‍കുട്ടിക്ക് എത്രയും വേഗം നീതി ലഭിച്ചേ തീരൂ.
No comments:
Post a Comment