Wednesday, February 20, 2013

മുഖപ്രസംഗം February 20 - 2013

മുഖപ്രസംഗം February 20 - 2013


1. സര്‍ക്കാറിന്‍െറ കണ്ണുതുറപ്പിക്കേണ്ട പണിമുടക്ക്  (മാധ്യമം )

സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായി തൊഴിലാളി യൂനിയനുകള്‍ ഒന്നടങ്കം സംയുക്തമായി ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ചിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങളടക്കം നിരത്തിലിറങ്ങാതെയും കടകളും വ്യാപാര സ്ഥാപനങ്ങളും വ്യവസായശാലകളും നിശ്ചലമാക്കിയും നടക്കുന്ന ഈ പണിമുടക്ക് പരിപൂര്‍ണ ബന്ദായി മാറാനാണ് സാധ്യത. ഇത്രയും നീണ്ട സമയമുണ്ടായിട്ടും തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് ഗൗരവപൂര്‍വം ചര്‍ച്ചചെയ്ത് പരിഹാരം കാണാന്‍ ശ്രമിക്കാതെ സര്‍ക്കാര്‍ ഇനിയും സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടത് അംഗീകരിക്കാന്‍ വയ്യെന്ന നിലപാടിലെത്തുകയായിരുന്നു യൂനിയനുകളുടെ പ്രതിനിധികള്‍.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, തൊഴില്‍ സംരക്ഷിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, തൊഴില്‍ കരാര്‍വത്കരണം അവസാനിപ്പിക്കുക, മിനിമം വേതനം പ്രതിമാസം പതിനായിരം രൂപയായി നിജപ്പെടുത്തുക, ബോണസിനും പ്രോവിഡന്‍റ് ഫണ്ടിനുമുള്ള എല്ലാവിധ പരിധികളും എടുത്തുകളയുക, എല്ലാവര്‍ക്കും പെന്‍ഷന്‍ അനുവദിക്കുക എന്നീ തൊഴില്‍പരമായ ആവശ്യങ്ങളാണ് യൂനിയനുകള്‍ പ്രധാനമായും ഉന്നയിക്കുന്നത്. കൂട്ടത്തില്‍, വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നടപടികളെടുക്കണമെന്ന ആവശ്യവുമുണ്ട്.


2. മലയാളത്തിന്റെ ദുരവസ്ഥ (മാത്രുഭൂമി )

മലയാളഭാഷയ്ക്ക് വ്യാകരണത്തിന്റെ വഴി വെട്ടിത്തെളിയിച്ച കേരള പാണിനി എ.ആര്‍. രാജരാജവര്‍മയുടെ 150-ാം ജന്മവാര്‍ഷികം മാതൃഭാഷയുടെ കരുത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ഊര്‍ജംപകരുന്ന ഒരു സ്മരണയാണ്. മാതൃഭാഷയെന്നത് മുലപ്പാലിനോളം പ്രധാനംതന്നെയാണ്. നമ്മുടെ വംശാവലിയുടെ ജനിതകം തലമുറകളിലേക്ക് പകരുന്നതില്‍ മാതൃഭാഷ വഹിക്കുന്ന പങ്ക് ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുന്നതില്‍ മുലപ്പാലിനുള്ള പങ്കുപോലെത്തന്നെ സുപ്രധാനമാണ്. എന്നാല്‍, മലയാളഭാഷ അതിന്റെ ജന്മനാട്ടില്‍ രണ്ടാംകിടയായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ച തീര്‍ത്തും ഖേദകരമാണ്.

3. രോഗത്തോടൊപ്പം മാഫിയയും (മനോരമ)


ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാനുള്ള ദൌത്യത്തിനു മറ്റേതു പ്രവര്‍ത്തനത്തേക്കാളും മഹനീയമായ സ്ഥാനമാണുള്ളത്. പക്ഷേ അവിടെയും ഇപ്പോള്‍ കൊള്ളലാഭക്കാര്‍ പിടിമുറുക്കുകയാണ്. ഫലം: രോഗികളുടെ കൈകളില്‍ നിന്നു പണം അതിവേഗം ചോര്‍ന്നുപോവുന്നു; രോഗം മാറുന്നതിനു പകരം അവര്‍ പുതിയ രോഗങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നു. കേരളത്തിലെ ചികില്‍സാരംഗത്തെ ഈ അധാര്‍മികപ്രവര്‍ത്തനങ്ങള്‍ എത്രമാത്രം വ്യാപകവും ഭയാനകവുമാണെന്നാണു മലയാള മനോരമ പ്രസിദ്ധീകരിച്ച 'മാഫിയ ഇന്‍ , ഡോക്ടര്‍ ഒൌട്ട് അന്വേഷണ പരമ്പര ചൂണ്ടിക്കാട്ടിയത്. പരമാവധി ചില്ലറവില (എംആര്‍പി) എന്ന പേരില്‍ മരുന്നുകള്‍ക്കു നിര്‍മാണച്ചെലവിന്റെ പല മടങ്ങ് വില ഈടാക്കുന്നതു മുതല്‍ കേരളത്തില്‍ രണ്ടായിരത്തി അഞ്ഞൂറോളം വ്യാജഡോക്ടര്‍മാരുണ്ടെന്നതുവരെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പരമ്പര അനാവരണം ചെയ്തത്.  ആരോഗ്യമേഖലയില്‍ കേരളം ഒരു വര്‍ഷം ചെലവഴിക്കുന്നതു സംസ്ഥാന ബജറ്റിന്റെ പകുതിയോളം വരുന്ന 17,000 കോടി രൂപയാണ്. 25 വര്‍ഷത്തിനിടെ ചികില്‍സാ ചെലവ് 60 മടങ്ങായി. 1987ല്‍ മലയാളിയുടെ പ്രതിവര്‍ഷ ആശുപത്രിച്ചെലവ് ശരാശരി 89 രൂപയായിരുന്നെങ്കില്‍ 2012ല്‍ അത് 5,269 രൂപയായി. ഈ വന്‍വര്‍ധന സൂചിപ്പിക്കുന്നതു രോഗങ്ങളുടെ ആധിക്യം മാത്രമല്ല, ചികില്‍സാ ചെലവിന്റെ കുതിച്ചുകയറ്റവുമാണ്. ഗൂഢതന്ത്രങ്ങളിലൂടെയുള്ള ചികില്‍സാമാഫിയയുടെ കൊള്ളയടി ഈ ചെലവുവര്‍ധനയില്‍ മുഖ്യപങ്കുവഹിക്കുന്നു. മരുന്നുകമ്പനികളില്‍ നിന്നു പണവും കാറും വിദേശയാത്രാച്ചെലവ് തുടങ്ങിയ മറ്റാനുകൂല്യങ്ങളും നേടിയെടുക്കാനായി അനാവശ്യ മരുന്നെഴുതി ജനങ്ങളുടെ പണവും ആരോഗ്യവും കവര്‍ന്നെടുക്കുകയാണു ചില ഡോക്ടര്‍മാര്‍.




സര്‍ക്കാറിന്‍െറ കണ്ണുതുറപ്പിക്കേണ്ട പണിമുടക്ക്  (മാധ്യമം )
സര്‍ക്കാറിന്‍െറ കണ്ണുതുറപ്പിക്കേണ്ട പണിമുടക്ക്
സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായി തൊഴിലാളി യൂനിയനുകള്‍ ഒന്നടങ്കം സംയുക്തമായി ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ചിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങളടക്കം നിരത്തിലിറങ്ങാതെയും കടകളും വ്യാപാര സ്ഥാപനങ്ങളും വ്യവസായശാലകളും നിശ്ചലമാക്കിയും നടക്കുന്ന ഈ പണിമുടക്ക് പരിപൂര്‍ണ ബന്ദായി മാറാനാണ് സാധ്യത. കേരളത്തില്‍ പണിമുടക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഓഫിസുകള്‍ പൊതുവെ പ്രവര്‍ത്തനരഹിതമാവുമെന്നാണ് കരുതേണ്ടത്. തിങ്കളാഴ്ച തൊഴിലാളി യൂനിയന്‍ നേതാക്കളും പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിയുടെ നേതൃത്വത്തില്‍ നാലംഗ മന്ത്രിസഭ സമിതിയും നടത്തിയ ചര്‍ച്ചകള്‍ വിഫലമായതോടെയാണ് അഞ്ചു മാസം മുമ്പേ പ്രഖ്യാപിക്കപ്പെട്ട പൊതു പണിമുടക്ക് ഒഴിവാക്കാനാവാത്ത പതനത്തിലെത്തിയത്. ഇത്രയും നീണ്ട സമയമുണ്ടായിട്ടും തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് ഗൗരവപൂര്‍വം ചര്‍ച്ചചെയ്ത് പരിഹാരം കാണാന്‍ ശ്രമിക്കാതെ സര്‍ക്കാര്‍ ഇനിയും സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടത് അംഗീകരിക്കാന്‍ വയ്യെന്ന നിലപാടിലെത്തുകയായിരുന്നു യൂനിയനുകളുടെ പ്രതിനിധികള്‍.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, തൊഴില്‍ സംരക്ഷിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, തൊഴില്‍ കരാര്‍വത്കരണം അവസാനിപ്പിക്കുക, മിനിമം വേതനം പ്രതിമാസം പതിനായിരം രൂപയായി നിജപ്പെടുത്തുക, ബോണസിനും പ്രോവിഡന്‍റ് ഫണ്ടിനുമുള്ള എല്ലാവിധ പരിധികളും എടുത്തുകളയുക, എല്ലാവര്‍ക്കും പെന്‍ഷന്‍ അനുവദിക്കുക എന്നീ തൊഴില്‍പരമായ ആവശ്യങ്ങളാണ് യൂനിയനുകള്‍ പ്രധാനമായും ഉന്നയിക്കുന്നത്. കൂട്ടത്തില്‍, വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നടപടികളെടുക്കണമെന്ന ആവശ്യവുമുണ്ട്. ഇവയില്‍, മിനിമം വേതനമുള്‍പ്പെടെ ചിലതെങ്കിലും അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കില്‍ പണിമുടക്ക് ഒഴിവാക്കാന്‍ കഴിയുമായിരുന്നെന്ന് വിശ്വസിക്കാനാണ് ന്യായം. പക്ഷേ, സര്‍ക്കാര്‍ അതിന് സന്നദ്ധമായില്ല. കാരണം, ആലോചിക്കാന്‍ സമയം കിട്ടാത്തത് കൊണ്ടാണെന്ന് കരുതാന്‍ വയ്യ. എത്രയോ മുമ്പേ തൊഴിലാളി യൂനിയനുകള്‍ ഉന്നയിച്ചുകൊണ്ടേവരുന്ന ആവശ്യങ്ങളാണ് അഞ്ചു മാസം മുമ്പ് തീരുമാനിച്ച പൊതു പണിമുടക്കിനാധാരം. സര്‍ക്കാറിന്‍െറ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്‍െറ പ്രേരണ ദുരൂഹമല്ല. തൊണ്ണൂറുകളുടെ തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗാട്ട് കരാറില്‍ ഒപ്പുവെക്കുകയും തുടര്‍ന്ന് നവ മുതലാളിത്ത അജണ്ടകളായ ആഗോളീകരണവും ഉദാരീകരണവും സ്വകാര്യവത്കരണവും നടപ്പാക്കിത്തുടങ്ങുകയും ചെയ്തതോടെ അനിവാര്യമായി വന്നതാണ് രാജ്യത്ത് ജനങ്ങള്‍ക്ക് പൊതുവായും തൊഴിലാളി സമൂഹത്തിന് വിശേഷിച്ചും ദ്രോഹകരമായ നടപടികള്‍. സുദീര്‍ഘവും ത്യാഗപൂര്‍ണവുമായ പോരാട്ടത്തിലൂടെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ നേടിയെടുത്ത അവകാശങ്ങളും സംരക്ഷണ നിയമങ്ങളും ഒന്നൊന്നായി നിഷേധിക്കുകയോ വെള്ളം ചേര്‍ക്കുകയോ നിര്‍വീര്യമാക്കുകയോ ചെയ്യാന്‍ ബഹുരാഷ്ട്ര കുത്തകകളും അവരുടെ പാവകളായ ഭരണകൂടങ്ങളും സര്‍ക്കാറിനെ നിര്‍ബന്ധിച്ചപ്പോള്‍ നട്ടെല്ലോടെ നിവര്‍ന്നുനിന്ന് നീതിനിഷേധപരമായ നയ നിലപാടുകള്‍ സാധ്യമല്ലെന്ന് പ്രഖ്യാപിക്കാന്‍ സാധിച്ചില്ല. പകരം, രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെ നവ മുതലാളിത്ത നയങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ വലതുപക്ഷ സര്‍ക്കാറുകളാണ് ഇന്ദ്രപ്രസ്ഥത്തില്‍ ഒന്നിനു പിറകെ ഒന്നായി അധികാരത്തിലേറിയത്. ആഗോളീകരണ-ഉദാരീകരണ നയങ്ങളുടെ ‘മഹാനേട്ടങ്ങള്‍’ എണ്ണിപ്പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും പണം വാരിയെറിഞ്ഞും ജനവിധി അനുകൂലമാക്കാന്‍ രണ്ട്  വലത് മുന്നണികള്‍ക്ക് കഴിഞ്ഞുവെന്നതാണ് വസ്തുത. യു.പി.എക്ക് ഒന്നാമൂഴത്തില്‍ പുറത്തുനിന്ന് പിന്തുണ നല്‍കിയ ഇടതുപക്ഷത്തിന് ഒരു പരിധിവരെ മന്‍മോഹന്‍ സര്‍ക്കാറിന്‍െറ പിന്തിരിപ്പന്‍ നയങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിഞ്ഞെങ്കിലും കാലാവധി അവസാനിപ്പിക്കാനിരിക്കെ, അധികാര ദല്ലാളുമാരുടെ ഒത്താശയില്‍ ആ പിന്തുണ കൂടാതെ തന്നെ പിടിച്ചു നില്‍ക്കാന്‍ അവസരമൊരുങ്ങി. പിന്നീടിങ്ങോട്ട് നടപ്പാക്കിയതത്രയും മുഖ്യപ്രതിപക്ഷമായ എന്‍.ഡി.എയുടെ പ്രത്യക്ഷവും പരോക്ഷവുമായ സഹകരണത്തോടെ സമ്പൂര്‍ണ സാമ്രാജ്യത്വ ദാസ്യവും നവ ഉദാരീകരണ പരിപാടികളുമാണ്. മന്‍മോഹന്‍ സിങ് - ചിദംബരം - അഹ്ലുവാലിയ ടീം അതീവ ഗൃഹാതുരത്വത്തോടെ നടപ്പാക്കുന്ന ‘സാമ്പത്തിക പരിഷ്കരണം’ എന്ന ഓമനപ്പേരിട്ട കടുത്ത ജനവിരുദ്ധ അജണ്ടയുടെ ഇരകളാണിന്ന് തൊഴിലാളികളും മഹാഭൂരിഭാഗം വരുന്ന സാമാന്യ ജനവും. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുമെന്ന് ഉറപ്പു നല്‍കാനോ നിലവിലെ നിയമങ്ങള്‍ പാലിക്കണമെന്ന് തൊഴിലുടമകളോട് പറയാനോ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ആര്‍ജ്ജവമില്ല. സ്വയം നീതി നിഷേധത്തിന്‍െറ ഗുണഭോക്താക്കളാണ് സര്‍ക്കാറുകള്‍. പണിമുടക്ക് രണ്ടുനാള്‍ കൊണ്ട് അവസാനിക്കുമെന്നും ജനങ്ങളുടെ ബുദ്ധിമുട്ടുകളും തൊഴില്‍ ദിനങ്ങളുടെ നഷ്ടവും ചൂണ്ടിക്കാട്ടി ജനാഭിപ്രായം അനുകൂലമാക്കാമെന്നുമാവാം സര്‍ക്കാറിന്‍െറ ഉള്ളിലിരിപ്പ്. പക്ഷേ, കാലവും ലോകവും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന കഥ ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിച്ചാല്‍, മറ്റു രാജ്യങ്ങളില്‍ സംഭവിച്ചത് ഇന്ത്യയിലും ആവര്‍ത്തിക്കുകയില്ലെന്ന ശുഭാപ്തി അതിരുകടന്നതാവും.
കോണ്‍ഗ്രസിനോടാഭിമുഖ്യം പുലര്‍ത്തുന്ന ഐ.എന്‍.ടി.യു.സിയും ബി.ജെ.പിയുടെ ബി.എം.എസുമുണ്ട് പണിമുടക്കുന്ന യൂനിയനുകളില്‍. യജമാനന്മാര്‍ തൊഴിലാളികളുടെ ശവമഞ്ചം തീര്‍ക്കുമ്പോള്‍ ഇവരെവിടെയായിരുന്നു എന്ന് ചോദിക്കാതെ വയ്യ. അതോടൊപ്പം, അതിശക്തമായ പോരാട്ടങ്ങള്‍ കഴിഞ്ഞ കാലത്ത് കാഴ്ചവെച്ച ഇടത് യൂനിയനുകളെയും ഇടക്കാലത്ത് ആലസ്യവും മുതലാളിത്തജന്യ ജീര്‍ണതയും ബാധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടേണ്ടതുണ്ട്. വിട്ടുവീഴ്ചകള്‍ രണ്ടു ഭാഗത്തും വേണ്ടിവരും. എങ്കിലും, യൂനിയനുകള്‍ മുന്നോട്ടു വെച്ച പ്രധാനാവശ്യങ്ങളോട് അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാവാനാണ് എല്ലാ സാധ്യതയും.
മലയാളത്തിന്റെ ദുരവസ്ഥ (മാത്രുഭൂമി )
Newspaper Edition
മലയാളഭാഷയ്ക്ക് വ്യാകരണത്തിന്റെ വഴി വെട്ടിത്തെളിയിച്ച കേരള പാണിനി എ.ആര്‍. രാജരാജവര്‍മയുടെ 150-ാം ജന്മവാര്‍ഷികം മാതൃഭാഷയുടെ കരുത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ഊര്‍ജംപകരുന്ന ഒരു സ്മരണയാണ്. മാതൃഭാഷയെന്നത് മുലപ്പാലിനോളം പ്രധാനംതന്നെയാണ്. നമ്മുടെ വംശാവലിയുടെ ജനിതകം തലമുറകളിലേക്ക് പകരുന്നതില്‍ മാതൃഭാഷ വഹിക്കുന്ന പങ്ക് ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുന്നതില്‍ മുലപ്പാലിനുള്ള പങ്കുപോലെത്തന്നെ സുപ്രധാനമാണ്. എന്നാല്‍, മലയാളഭാഷ അതിന്റെ ജന്മനാട്ടില്‍ രണ്ടാംകിടയായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ച തീര്‍ത്തും ഖേദകരമാണ്.

കേരളത്തിന്റെ പാഠ്യപദ്ധതികളില്‍ ഇന്നും മലയാളഭാഷയ്ക്ക് ഒന്നാംഭാഷയായി സ്ഥാനംപിടിക്കാനായിട്ടില്ലെന്നത് മലയാളികളെയാകെ ലജ്ജിപ്പിക്കേണ്ടതാണ്. കൊളോണിയല്‍കാലം നാമിനിയും പിന്നിട്ടിട്ടില്ലെന്നതിനെയാണ് ഇത് കാട്ടുന്നത്. 2011 മെയ് ആറിനാണ് മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഭാഷാപ്രേമികളുടെ പതിറ്റാണ്ടുകള്‍നീണ്ട ശ്രമഫലമായിട്ടാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍, ആ ഉത്തരവ് ഇതുവരെയും നടപ്പാക്കാന്‍ ഒരു ശ്രമവും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്.

മലയാളഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി വേണമെന്ന വാദമുഖങ്ങള്‍ ഇതിനിടയില്‍ എങ്ങുമെത്താത്ത വനരോദനങ്ങളായി മാറുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. നമുക്ക് നമ്മെക്കുറിച്ചുതന്നെ വിശ്വാസമില്ലെങ്കില്‍ മറ്റുള്ളവരാല്‍ നാം അംഗീകരിക്കപ്പെടണമെന്ന വാദത്തിന് നിലനില്‍ക്കാനാവില്ല. ഭാഷാപ്രേമം തമിഴരില്‍നിന്ന് നാം പഠിക്കേണ്ടതുണ്ട്. തമിഴ്ഭാഷ ഒന്നാംഭാഷയാക്കിമാറ്റാന്‍ തമിഴ്‌നാട് ചെയ്തത് അത് കോടതിയില്‍ ചോദ്യം ചെയ്യാന്‍പോലുമാകാത്ത ഒരു ബില്ലായി നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ടാണ്. എന്നാല്‍, മലയാളം നിര്‍ബന്ധമായും പഠിച്ചിരിക്കണം എന്ന വകുപ്പിന്റെ പ്രാധാന്യം ഇംഗ്ലീഷിന് ഏകപക്ഷീയ പ്രാധാന്യം നല്‍കിവരുന്ന സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ചോദ്യംചെയ്തപ്പോള്‍ മാതൃഭാഷാ പഠനത്തിന്റെ പ്രസക്തി തെളിയിക്കുന്ന വാദമുഖങ്ങള്‍ മുന്നോട്ടുവെക്കാന്‍പോലും നമ്മുടെ സര്‍ക്കാറിന് കഴിഞ്ഞില്ല. ഇതോടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ മലയാളം പഠിച്ചിരിക്കണമെന്ന നിയമപരമായ ബാധ്യതകളില്‍നിന്ന് മാനേജ്‌മെന്റുകള്‍ സ്വതന്ത്രരാവുകയാണുണ്ടായത്. മലയാളത്തെ മലയാളികള്‍ തന്നെ കൊല്ലുന്നതിന് കൂട്ടുനില്‍ക്കുന്ന സാഹചര്യമാണ് സര്‍ക്കാര്‍ നടപടികളിലൂടെ സംജാതമായത്. ക്ലാസിക്കല്‍ പദവിക്കുള്ള അര്‍ഹത പിന്നെ എങ്ങനെ നേടിയെടുക്കാനാണ്?

കവി കുഞ്ഞുണ്ണിമാസ്റ്റര്‍ പണ്ട് പരിഹസിച്ചതുപോലെ ജനിക്കുന്നതിനുമുമ്പുതന്നെ മക്കള്‍ ഇംഗ്ലീഷ് പഠിക്കാന്‍ ഭാര്യയുടെ പ്രസവം തന്നെ ഇംഗ്ലണ്ടിലാക്കുന്ന കാലമാണ് വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നത്. മാതൃഭാഷയെ വെട്ടിനിരത്തുന്ന പ്രവണതയാണ് പുതിയ കമ്പോള സമ്പ്രദായത്തിന്റെ ഭാഗമായി ഉയര്‍ന്നുവരുന്ന വിദ്യാലയങ്ങള്‍ കാഴ്ചവെക്കുന്നത്. അവിടെ ഇംഗ്ലീഷാണ് അധികാരി. ഇംഗ്ലീഷ് എന്നത് ഒരു വികാരചിഹ്നവും മാതൃഭാഷയെത്തന്നെ നിരാകരിക്കാന്‍ സാധാരണ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഒരു സംസ്‌കാരവുമായാണ് ഇന്ന് മാറിക്കൊണ്ടിരിക്കുന്നത്. ആഗോളീകരണ പ്രവണതയ്ക്ക് ഇത് ആക്കം കൂട്ടുന്നതുമാണ്.
ഇംഗ്ലീഷും പ്രധാനംതന്നെയാണ്. ലോകം മുഴുവന്‍ പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന മലയാളിസമൂഹത്തിന് പരസ്​പരം സംവദിക്കാനും തൊഴില്‍കമ്പോളങ്ങളിലെ ഇടങ്ങള്‍ എത്തിപ്പിടിക്കാനും ഇംഗ്ലീഷ് അനിവാര്യംതന്നെ. എന്നാല്‍, അത് മാതൃഭാഷയെ നിരാകരിക്കുന്നതിന്റെ ചെലവിലായിക്കൂടാ. മലയാളത്തെ മറന്നുള്ള വികസനം സ്വന്തം മണ്ണിനെയും സംസ്‌കാരത്തെയും ചരിത്രത്തെയും വിസ്മരിക്കുന്നതിലേക്കുമാത്രമാണ് നയിക്കുക. അത് തലമറന്ന് എണ്ണതേയ്ക്കുന്നത് പോലെയാണ്. ഓര്‍മകളില്ലാത്ത തലമുറകളെയാവും അത് ഭാവിയില്‍ ഇവിടെ സൃഷ്ടിക്കുക. ഭാഷയെന്നാല്‍ നമ്മുടെ പരിസ്ഥിതി കൂടിയാണ്; വേരുകളാണ്. വേരുകളില്ലാത്ത മനുഷ്യര്‍ ഭാഷയെയും അതുവഴി പരിസ്ഥിതിയെയും നശിപ്പിക്കും. സ്വന്തം വംശനാശത്തിലേക്കുള്ള പാതയാണത്. മലയാളത്തെ നിലനിര്‍ത്തുകയെന്നത് സ്വന്തം വംശത്തിന്റെ അതിജീവനംപോലെത്തന്നെ സുപ്രധാനമാണ് മലയാളിക്ക്. മലയാളത്തെ ഒന്നാംഭാഷയായി തിരിച്ചുപിടിക്കുകയെന്നത് ആ നിലയ്ക്ക് ഈ ഭാഷയില്‍ പിറന്നുവീഴുന്ന ഓരോ മലയാളിയുടെയും ഉത്തരവാദിത്വം തന്നെയാണ്. അതിനോട് നീതിപുലര്‍ത്താന്‍ മലയാളമണ്ണില്‍ പുലരുന്ന ഏതൊരു സര്‍ക്കാറിനും ബാധ്യതയുണ്ട്.

രോഗത്തോടൊപ്പം മാഫിയയും (മനോരമ)
ചികില്‍സാരംഗത്ത് കടുത്ത അധാര്‍മികത   
malmanoramalogo
ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാനുള്ള ദൌത്യത്തിനു മറ്റേതു പ്രവര്‍ത്തനത്തേക്കാളും മഹനീയമായ സ്ഥാനമാണുള്ളത്. പക്ഷേ അവിടെയും ഇപ്പോള്‍ കൊള്ളലാഭക്കാര്‍ പിടിമുറുക്കുകയാണ്. ഫലം: രോഗികളുടെ കൈകളില്‍ നിന്നു പണം അതിവേഗം ചോര്‍ന്നുപോവുന്നു; രോഗം മാറുന്നതിനു പകരം അവര്‍ പുതിയ രോഗങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നു.

കേരളത്തിലെ ചികില്‍സാരംഗത്തെ ഈ അധാര്‍മികപ്രവര്‍ത്തനങ്ങള്‍ എത്രമാത്രം വ്യാപകവും ഭയാനകവുമാണെന്നാണു മലയാള മനോരമ പ്രസിദ്ധീകരിച്ച 'മാഫിയ ഇന്‍, ഡോക്ടര്‍ ഒൌട്ട് അന്വേഷണ പരമ്പര ചൂണ്ടിക്കാട്ടിയത്. പരമാവധി ചില്ലറവില (എംആര്‍പി) എന്ന പേരില്‍ മരുന്നുകള്‍ക്കു നിര്‍മാണച്ചെലവിന്റെ പല മടങ്ങ് വില ഈടാക്കുന്നതു മുതല്‍ കേരളത്തില്‍ രണ്ടായിരത്തി അഞ്ഞൂറോളം വ്യാജഡോക്ടര്‍മാരുണ്ടെന്നതുവരെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പരമ്പര അനാവരണം ചെയ്തത്.

ആരോഗ്യമേഖലയില്‍ കേരളം ഒരു വര്‍ഷം ചെലവഴിക്കുന്നതു സംസ്ഥാന ബജറ്റിന്റെ പകുതിയോളം വരുന്ന 17,000 കോടി രൂപയാണ്. 25 വര്‍ഷത്തിനിടെ ചികില്‍സാ ചെലവ് 60 മടങ്ങായി. 1987ല്‍ മലയാളിയുടെ പ്രതിവര്‍ഷ ആശുപത്രിച്ചെലവ് ശരാശരി 89 രൂപയായിരുന്നെങ്കില്‍ 2012ല്‍ അത് 5,269 രൂപയായി. ഈ വന്‍വര്‍ധന സൂചിപ്പിക്കുന്നതു രോഗങ്ങളുടെ ആധിക്യം മാത്രമല്ല, ചികില്‍സാ ചെലവിന്റെ കുതിച്ചുകയറ്റവുമാണ്. ഗൂഢതന്ത്രങ്ങളിലൂടെയുള്ള ചികില്‍സാമാഫിയയുടെ കൊള്ളയടി ഈ ചെലവുവര്‍ധനയില്‍ മുഖ്യപങ്കുവഹിക്കുന്നു. മരുന്നുകമ്പനികളില്‍ നിന്നു പണവും കാറും വിദേശയാത്രാച്ചെലവ് തുടങ്ങിയ മറ്റാനുകൂല്യങ്ങളും നേടിയെടുക്കാനായി അനാവശ്യ മരുന്നെഴുതി ജനങ്ങളുടെ പണവും ആരോഗ്യവും കവര്‍ന്നെടുക്കുകയാണു ചില ഡോക്ടര്‍മാര്‍.

ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്ത ഓള്‍ കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷന്‍ ഈ രംഗത്ത് എത്രമാത്രം അധാര്‍മികമായ പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്നു നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വില കുറച്ചു വില്‍പന നടത്തുന്ന മെഡിക്കല്‍ ഷോപ്പുകാരെ ഈ സംഘടന ഒറ്റപ്പെടുത്തുകയും അവര്‍ക്കെതിരെ പിഴയടക്കമുള്ള ശിക്ഷാനടപടികള്‍ പ്രയോഗിക്കുകയും ചെയ്യുന്നു. 'മാഫിയാ പ്രവര്‍ത്തനം എന്നാണ് അസോസിയേഷന്റെ പല നടപടികളെയും നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ന്യായവിലയ്ക്കു മരുന്നു വില്‍ക്കാന്‍ 2008ല്‍ സര്‍ക്കാര്‍ രൂപംനല്‍കിയ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനു ലക്ഷ്യത്തിനടുത്തുപോലും എത്താനായില്ല.

അതിനും കാരണം മരുന്നുമാഫിയതന്നെ. കോര്‍പറേഷന്റെ കാരുണ്യ കമ്യൂണിറ്റി മെഡിക്കല്‍ സ്റ്റോര്‍ പദ്ധതി അവര്‍ അട്ടിമറിക്കുകയാണ്. പരമ്പരയിലെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ആരോഗ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടുകയും ഒരു മാസത്തിനുള്ളില്‍ 35 കാരുണ്യ ഫാര്‍മസികള്‍ ആരംഭിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളത് സ്വാഗതാര്‍ഹമാണ്. തമിഴ്നാട്ടില്‍ ഡിസ്പെന്‍സറികള്‍ മുതല്‍ 25 മെഡിക്കല്‍ കോളജുകള്‍ക്കുവരെ മരുന്നു വിതരണം ചെയ്യുന്നത് അവിടത്തെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനാണ്. ഒന്നര ശതമാനം സര്‍ചാര്‍ജ് മാത്രമാണ് അവര്‍ ഈടാക്കുന്നത്.

സ്കാനിങ്, എക്സ്റേ തുടങ്ങിയവ പോലും കൈകാര്യം ചെയ്യുന്ന കോര്‍പറേഷന്റെ സുതാര്യപ്രവര്‍ത്തനം ലോകബാങ്കിന്റെ അംഗീകാരംവരെ നേടിയിട്ടുമുണ്ട്. ഇതിന്റെ മറുവശമാണു കേരളത്തില്‍. അംഗീകാരമില്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് ഇവിടെ പല ലാബുകളും സ്കാനിങ് സെന്ററുകളും പ്രവര്‍ത്തിക്കുന്നത്. യോഗ്യതയില്ലാത്ത ടെക്നീഷ്യന്‍മാരും സുരക്ഷയും ശുചിത്വവും പാലിക്കാതെയുള്ള പരിശോധനകളും നിലവാരമില്ലാത്ത ഉപകരണങ്ങളും എല്ലാം കൂടി ഈ മേഖലയിലെ പല സ്ഥാപനങ്ങളെയും ഒരു തരത്തിലും വിശ്വസിക്കാന്‍ പറ്റാത്ത തരത്തിലാക്കിയിട്ടുണ്ട്.

കേരളത്തിലെ മരുന്നുമാഫിയയെ നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പു കര്‍ശനമായി ഇടപെടുകതന്നെ വേണം. മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് എല്ലാ ജില്ലയിലും ലാബുകള്‍ സ്ഥാപിക്കണം. രാജ്യാന്തരനിലവാരമുള്ള കമ്പനികളുടെ മരുന്നുകള്‍ മാത്രം വിപണിയില്‍ എത്തിക്കാനും ആരോഗ്യവകുപ്പിന്റെ ഇടപെടലുകള്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കും ചെറുകിട മരുന്നുവിതരണക്കാര്‍ക്കും ബോധവല്‍ക്കരണം നല്‍കുകയും വേണം.

വ്യാജഡോക്ടര്‍മാരെ നിയന്ത്രിക്കാനുള്ള നിയമനടപടികള്‍ എടുക്കുന്നതിലും ലാബുകളും സ്കാനിങ് സെന്ററുകളും ആശുപത്രികളും മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ ഒട്ടും അമാന്തം കാണിക്കരുത്. ഇക്കാര്യത്തില്‍ നടപടി വൈകുന്ന ഓരോ ദിവസവും നിരപരാധികളായ ഒട്ടേറെപ്പേരുടെ പണവും ആരോഗ്യവും മുതല്‍ ജീവന്‍ വരെയാകും നഷ്ടപ്പെടുന്നത്.
മനോരമ 20-02-13

No comments:

Post a Comment